നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിറഭേദങ്ങള്‍ :ഒരു മഴവില്ലിന്റെ കഥ


Anish Francis
********************************
നഗരത്തില്‍ വന്നയുടനെ ബാറിലേക്ക് പോയി.അമ്പാടി ബാര്‍.മൂന്നു റോമാനോവ് വോഡ്‌ക ഒന്നിന് പിറകെ ഒന്നായി കഴിച്ചു.നെടുകെ പിളര്‍ന്ന പച്ചമുളക് കടിച്ചു.തലയില്‍ നിലാവ് തെളിഞ്ഞു.സ്വാതന്ത്രത്തിന്റെ നിലാവ്.
“സര്‍ കഴിക്കാന്‍ എന്തെങ്കിലും ?” വെയിറ്റര്‍ ചോദിക്കുന്നു.
“ഒന്നും വേണ്ട. ഒരു ഫുള്‍ തലശ്ശേരി ദം ബിരിയാണി കഴിക്കുന്നത്‌ ആശിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഓരോ രാത്രിയിലും ഉറങ്ങിയത്.ഒരു രണ്ടു പെഗ് കൂടി കൊണ്ട് വരൂ.അതിനുശേഷം ഞാന്‍ എന്റെ സ്വപ്നം നേടുവാന്‍ അടുത്ത വളവിലെ ബിരിയാണി ഹട്ടിലേക്ക് പോകുന്നതാണ്.”
അയാളോട് പറഞ്ഞു.
അയാള്‍ ഒരു നിമിഷം അമ്പരന്നു നോക്കി.പിന്നെ മദ്യം കൊണ്ടുവരാന്‍ പാഞ്ഞുപോയി.
തൊട്ടടുത്ത മേശകളില്‍ ചിലര്‍ പാട്ട് പാടുന്നു.ചിലര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു ആക്രോശിക്കുന്നു.എല്ലാവരും ആഘോഷിക്കട്ടെ.നിങ്ങള്‍ക്കറിയാമോ ,സ്വാതന്ത്രത്തിന്റെ വില?മുന്പു മദ്യപിക്കുന്നതിനിടയില്‍ ,സിനിമ കാണുന്നതിനിടയില്‍ ,ഒക്കെ ആരെങ്കിലും ബഹളം വയ്ക്കുകയോ കൂവുകയോ ചെയ്യുന്ന ശബ്ദം കേട്ടാല്‍ എനിക്ക് വല്ലാതെ ദേഷ്യം വരുമായിരുന്നു.എന്നാല്‍ ഇപ്പോള്‍,ഈ നിമിഷം എനിക്കൊരു ദേഷ്യവുമില്ല.
രണ്ടു പെഗ് കൂടി കഴിച്ചു.ഒരു ഫുള്ളും ഒരു പൈന്റും പൊതിഞ്ഞു വാങ്ങി.പിന്നെ മൂന്നു ലിറ്റര്‍ വെള്ളക്കുപ്പികളും.വെള്ളക്കുപ്പികളിലേക്ക് മദ്യക്കുപ്പികളില്‍നിന്ന് മദ്യം മിക്സ് ചെയ്തു.ദാ,ഇപ്പോള്‍ ഞാന്‍ ഒരു സഞ്ചരിക്കുന്ന ബാര്‍ ആയി മാറിയിരിക്കുന്നു.
നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍,നിങ്ങള്‍ സ്വപ്നം കാണണം.അത് നടക്കും.ഇതൊക്കെ ചില രാത്രികളിലെ എന്റെ സ്വപ്നങ്ങളായിരുന്നു.
നേരെ ബിരിയാണി ഹട്ടിലേക്ക്.ശരീരം ഒരു പക്ഷിത്തൂവല്‍പോലെ ഭാരമില്ലാതായായിരിക്കുന്നു.നഗരം എണ്‍പതുകളിലെ മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനരംഗം പോലെ സുന്ദരമാവുന്നു.ദൈവം നിര്‍ലോഭം നിറങ്ങള്‍ വാരിവിതറിയ ഒരു പെയിന്റിങ്ങാണ് ഈ നഗരം.മദ്യപിക്കാത്തത് കൊണ്ട് നിങ്ങള്‍ക്കിത് ഉച്ചവെയിലാണ്.എനിക്ക് ,നിറനിലാവും.ഞാന്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നില്ല.ആകാശത്തിലെ രണ്ടു ചെറുമേഘങ്ങളും ,തെക്കന്‍കാറ്റും ,പിന്നെ ഞാനും.ഞങള്‍ മാത്രം അലസരായി ഈ പകല്‍ ആസ്വദിക്കുന്നു.
മസാല മണക്കുന്ന ,ആവി പറക്കുന്ന ബിരിയാണി.വര്‍ഷങ്ങള്‍ ഉറങ്ങിക്കിടന്ന നാവിലെ രസമുകുളങ്ങള്‍ ഉണരുന്നു.അവ അവിശ്വസനീയതോടെയോ ബിരിയാണിരുചിയെ പുല്‍കുന്നു.ഹാ!ഈ ദിവസം !ഈ ഒരു ദിവസം ലോകം അവസാനിച്ചാലും ഞാന്‍ തൃപ്തനാണ് ദൈവമേ!
വയര്‍ നിറഞ്ഞു.പതുക്കെ അവിടം വിട്ടു ബസ് സ്റ്റാന്‍ഡിലേക്ക് പോയി.ഇനി അടുത്ത നഗരത്തിലേക്കാണ് എന്റെ യാത്ര.ഈ അവധിക്കാലം ,എങ്ങനെ ചിലവഴിക്കണം എന്ന് തീരുമാനിക്കുന്നത് ആ നഗരമാണ്.നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ഒരു ദേശാടനക്കിളിയാണ് ഞാന്‍.എന്റെ കയ്യിലെ പണം ഏകദേശം തീര്‍ന്നിരിക്കുന്നു.പക്ഷെ എനിക്ക് ഭയമില്ല.ആകാശത്തിലെ പക്ഷികള്‍,എക്സ്സ്പെഷ്യലി ദേശാടനക്കിളികള്‍ ഒന്നും കരുതി വയ്ക്കുന്നില്ല.
ബസ്സില്‍ കയറി .നല്ല തിരക്കുണ്ട്.വിന്‍ഡോ സീറ്റ് തരപ്പെട്ടു.കുപ്പില്‍ കരുതിയ ‘വെള്ളം’ കുടിച്ചു ക്ഷീണം മാറ്റാന്‍ തുടങ്ങി.അടുത്ത് വെളുത്ത ഖദര്‍ അണിഞ്ഞ ഒരു കിളവന്‍ വന്നിരുന്നു.
“എവിടുന്നാ.?” അയാള്‍.
“കുറച്ചു അകലേന്നാ.”ഞാന്‍.
“എങ്ങോട്ടാ ?” അയാള്‍.
“കുറച്ചു ദൂരോട്ടാ.”ഞാന്‍.
ഇല്ല.ഈ സ്വാതന്ത്രം ഊള വര്‍ത്തമാനം പറഞ്ഞു നശിപ്പിക്കാന്‍ എനിക്ക് കഴിയില്ല.അതാ,കായല്‍ക്കാറ്റ് എന്റെ മുഖം തടവുന്നു.അതിന്റെ തണുപ്പ് ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നു.പച്ചപ്പാടശേഖരങ്ങള്‍.അവയില്‍ നീന്തിക്കളിക്കുന്ന താറാക്കൂട്ടം.വഴിയരുകില്‍ അലസമായി പുല്ലു തിന്നുന്ന ആടുകള്‍.കൊയ്ത്തു കഴിഞ്ഞ പാടത്തില്‍ ക്രിക്കറ്റ് കളിക്കുന കുട്ടികള്‍.ഓരോ നിമിഷവും കാഴ്ചകള്‍ മായുന്നു.കണ്ണടയുവാന്‍ തുടങ്ങുന്നു.
വീണ്ടും കുപ്പി തുറന്നു ദ്രാവകം അകത്താക്കി.ഒരു അപ്പൂപ്പന്‍ താടി ,പൊന്തകള്‍ക്കിടയിലൂടെ പറന്നുപോകുന്നത് മിന്നായംപോലെ കണ്ടു..അത് എങ്ങോട്ടാണ് പോകുന്നത് ?
അടുത്ത സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അരികിലിരുന്ന വൃദ്ധന്‍ എഴുന്നേറ്റു പോയി.അയാളുടെ ഊള രാഷ്ട്രീയം ഞാന്‍ കേള്‍ക്കാന്‍ വിസമ്മതിച്ചതിലുള്ള ഈര്‍ഷ്യ ആ മുഖത്തുണ്ട്‌.
ബസ്സിലിരുന്നു മദ്യപിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഏറ്റവും ബുദ്ധിമുട്ട് ,ടച്ചിങ്ങ്സ് ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്നാണു.ഈ ചിന്ത അത്യാര്‍ത്തിയാണ്.സ്വാതന്ത്രം ദുരുപയോഗിക്കാന്‍ എനിക്ക് കഴിയില്ല.ബസ് സ്റ്റോപ്പില്‍ ,ഒരു മുറുക്കാന്‍ കടയുടെ മുന്‍പില്‍ തൂക്കിയിട്ടിരിക്കുന്ന ,അച്ചാര്‍ പാക്കറ്റുകള്‍ ,കപ്പ വറുത്തതു ഒക്കെ കണ്‍കുളിര്‍ക്കെ കണ്ടു മനസ്സില്‍ അവയുടെ രുചി വരുത്തി ,വീണ്ടും രണ്ടു കവിള്‍ മോന്തി.അപ്പോള്‍ ആ സ്റ്റോപ്പില്‍നിന്ന് ഒരു സുന്ദരി പെണ്‍കുട്ടി ബസ്സില്‍ കയറി.
അവള്‍ക്ക് സീറ്റില്ല.അവള്‍ക്ക് മാത്രം സീറ്റില്ല.അതാ ,അവളുടെ കണ്ണുകള്‍ എന്റെ സീറ്റിലെ ഒഴിവ് കണ്ടുപിടിക്കുന്നു.ഇത്ര ധൈര്യമോ കുട്ടി നിനക്ക്?ഇതാ ,അവള്‍ എന്റെ അടുത്ത് വന്നിരിക്കുന്നു.അവളുടെ കയ്യില്‍ ഒരു കവറുണ്ട്.അത് മടിയില്‍ വച്ച് അവള്‍ നിവര്‍ന്നിരുന്നു.ഇടതൂര്‍ന്ന കറുത്ത മുടി അവള്‍ നെഞ്ചിലേക്ക് വിരിച്ചിട്ടു. കായാമ്പൂ ഗന്ധമുള്ള കാറ്റ് ,അവളുടെ മുടിയിഴകളില്‍നിന്ന് എന്നെ ആലിംഗനം ചെയ്തു.അപ്പോള്‍ ഞാന്‍ വോഡ്‌കയെ വെറുത്തു.
അവളുടെ മൃദുലമായ മേനി എന്റെ ദേഹത്തു തൊട്ടപ്പോള്‍ ഒരു വിറ എന്റെ ദേഹത്തു കൂടെ കടന്നു പോയി.എത്രയോ നാളുകള്‍ക്ക് ശേഷമാണ് ഒരു യുവതി ഇത്ര അടുത്ത് വന്നിരിക്കുന്നത്?അതും മുന്തിരിക്കുലപോലെ സുന്ദരി.അവളുടെ ചുണ്ടുകളില്‍ അസ്തമനത്തിന്റെ അരുണിമ.പുറത്തു പച്ചപ്പാടശേഖരങ്ങള്‍ ഉമ്മ വയ്ക്കുന്ന നീലാകാശം അവളുടെ കണ്ണുകളില്‍ ഒരു നീലക്കടലായി പ്രതിഫലിക്കുന്നു.അവള്‍ എന്റെ മദ്യഗന്ധം അറിയുമോ?രൂക്ഷമായി എന്നെ നോക്കുമോ?നാറ്റം സഹിക്കാനാവാതെ അവള്‍ എഴുന്നേറ്റു പോകുമോ ?
ഞാന്‍ വാ അടച്ചു.ശ്വാസം വിടാന്‍ ഞാന്‍ ഭയന്നു.,ക്ലാസില്‍ ഒന്നാം ബെഞ്ചില്‍ ഇരിക്കുന്ന പഠിത്തക്കാരന്‍ കുട്ടിയെപോലെ ,വളരെ ഗൗരവമുള്ള മുഖഭാവത്തോടെ ഞാന്‍ അന്തരീക്ഷത്തിലേക്ക് നോക്കിയിരുന്നു.
“നിങ്ങള്‍ എങ്ങോട്ടാണ് ?”പെട്ടെന്ന് അവള്‍ എന്റെ ചെവിയോടു മുഖം ചേര്‍ത്ത് ചോദിച്ചു.ഒരു കുടന്ന മുല്ലപ്പൂ ആത്മാവില്‍ പൊഴിയുന്നു.കിഴവന്‍ ചോദിച്ചതും അതേ ചോദ്യമാണെങ്കിലും എനിക്ക് ഈ പെണ്‍കുട്ടിയോട് വെറുപ്പ്‌ തോന്നുന്നില്ല.പക്ഷേ ഉത്തരം പറയാന്‍ ഒരു മടി തോന്നി.ഞാന്‍ അവളെ നോക്കി.സ്വരം പുറത്തു വരുന്നില്ല.എത്ര നാളായി ഞാന്‍ ഒരു പെണ്‍കുട്ടിയോട് മിണ്ടിയിട്ട്.
“നിങ്ങളെ എനിക്ക് മനസ്സിലായി.നിങ്ങളെ വിട്ടയച്ച വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു.”അവള്‍ വീണ്ടും പറയുന്നു.
ഇപ്രാവശ്യം ഞാന്‍ ശരിക്കും ഞെട്ടി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ ജയിലിലായിരുന്നു.ഒരു കൊലക്കുറ്റത്തിന്.തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ രക്ഷപെട്ടതാണ്.അതിനു മുന്‍പും ചെറിയ ഇടവേളകളില്‍ ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്.എങ്കിലും ഇത്ര നീണ്ട കാലം ആദ്യമായിട്ടാണ്.എന്റെ തൊഴിലുടമകള്‍ നല്ല തുക മുടക്കിയാണ് എന്നെ മോചിപ്പിച്ചത്.ഇന്നാണ് ഞാന്‍ പുറത്തു വരുന്നത്.
എന്റെ ഭാവം മാറി.എന്റെ മുഖത്തെ നിറം മാറിയത് അവള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു.
“തിരിച്ചറിയപ്പെടുമ്പോഴാണ് മനുഷ്യന്റെ യഥാര്‍ത്ഥ നിറം പുറത്തു വരുന്നത്.അത് വരെയുള്ളത് നിറഭേദങ്ങളാണ്.”അവള്‍ പറയുന്നു.
“മനസ്സിലായില്ല.” ഞാന്‍ പറഞ്ഞു.
“എന്താ ഞാന്‍ പറഞ്ഞതില്‍ ഇത്ര മനസ്സിലാക്കാന്‍ഉള്ളത് ? അവള്‍ ചോദിക്കുന്നു.
“നിറഭേദങ്ങള്‍ ?”
“അതോ ,നിറങ്ങളുടെ മാറ്റം.വെളുപ്പ് മെല്ലെ കറുപ്പായി മാറാം.ചുവപ്പ് മെല്ലെ ഓറഞ്ചു പോലെയാവാം..ഒരു നിറത്തിന്റെ തീവ്രത മാറി മാറി വേറെ നിറമാകാം.”അവള്‍ വിശദീകരിച്ചു.
ഞാന്‍ തലയാട്ടി.എനിക്ക് നന്നായി മനസ്സിലാകുന്നു.അവളുടെ മുഖത്തെ വെളുപ്പ്‌ ഇപ്പോള്‍ പഴുത്ത ചാമ്പക്കയുടെ ചുവപ്പായി മാറുന്നു.ഞാന്‍ ചിരിച്ചു.അല്ല എന്റെ ഉള്ളില്‍ വോഡ്‌ക കൂടുതല്‍ ചിരിച്ചു.
“പറയൂ ,ഇപ്പോള്‍ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് ?”അവള്‍ വീണ്ടും ആരാഞ്ഞു.അവളുടെ ധൈര്യത്തെ ഞാന്‍ സമ്മതിച്ചു.ജയിലില്‍ നിന്നിറങ്ങി ,അടുത്ത കേസിന് മുന്‍പത്തെ ഇടവേള ആസ്വദിക്കാന്‍ പോകുന്ന ഒരാളുമായി ,ഒരു പെണ്‍കുട്ടി ഇത്ര സംസാരിക്കുമോ ?
“ഞാന്‍ അടുത്ത നഗരത്തിലേക്ക് പോകുന്നു.മെട്രോ സിറ്റിയിലേക്ക്.നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ദേശാടനക്കിളിയാണ് ഞാന്‍.”
“നിങ്ങള്‍ മദ്യം കഴിച്ചിട്ടുണ്ടോ ?” അവള്‍ ചോദിച്ചു.
ഇനി എനിക്ക് ഒന്നും ഒളിക്കാനില്ല.ആ പെണ്‍കുട്ടിയുമായി ഒരു ജീവിതം വരെ ഞാന്‍ മൂന്നര സെക്കന്‍ഡ് കൊണ്ട് സ്വപ്നം കണ്ടതാണ്.ആ സ്വപ്നം ഇതാ ഒരു ചീട്ടുകൊട്ടാരം പോലെ താഴെ വീഴുന്നു.ഞാന്‍ വീണ്ടും ചിരിച്ചു.
“ഉണ്ട്.ഈ കൂടില്‍ നിറയെ മദ്യമാണ്.വെള്ളത്തില്‍ മിക്സ് ചെയ്താണ് ഞാന്‍ കഴിക്കുന്നത്‌.”ഞാന്‍ സത്യം തുറന്നു പറഞ്ഞു.
“സ്മെല്‍ അടിച്ചപ്പോഴേ തോന്നി.നിങ്ങളെ കൊലക്കുറ്റത്തെക്കാള്‍ മദ്യപിച്ചു യാത്ര ചെയ്തതിനാണ് കൂടുതല്‍ ശിക്ഷിക്കേണ്ടത്.”അവള്‍ പറഞ്ഞു.
“കുട്ടിക്ക് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിച്ചാലും.”ഞാന്‍ പറഞ്ഞു.
“കളിയാക്കുവാണോ ?”
“അല്ല.സീരിയസ്സായി പറഞ്ഞതാണ്.ഞാന്‍ നാളുകള്‍ക്ക് ശേഷമാണ് സ്വാതന്ത്രം അനുഭവിക്കുന്നത്.ഉടനെ പോലീസില്‍ പൊയി ചാടാന്‍ കഴിയില്ല.ഞാന്‍ മാറിയിരുന്നുകൊള്ളാം.”ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി.
“അരുത് .നിങ്ങള്‍ എഴുന്നേല്‍ക്കണ്ട.എനിക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയും.”അവള്‍ പറഞു.
“എങ്ങിനെ ?അതിനു കുട്ടി ജയിലില്‍ കഴിഞ്ഞിട്ടുണ്ടോ ?” ഞാന്‍ ചോദിച്ചു.
ഇതാ അവളുടെ മുഖത്തെ നിറം വീണ്ടും മാറുന്നു.തുടുത്ത ചുവപ്പില്‍ നിന്ന് അത് വിളറി വെളുക്കുന്നു.കണ്ണില്‍ ആകാശനീല മാഞ്ഞു പകരം ഭീതിയുടെ കറുപ്പ് പടരുന്നു.
“ഞാന്‍ ഇതുവരെ ജയിലില്‍ കഴിഞ്ഞിട്ടില്ല.പക്ഷേ ഇനി ജയിലില്‍ കഴിയേണ്ടി വന്നേക്കും..”അവള്‍ തലകുനിച്ചു മെല്ലെ പറഞു.
ഞാന്‍ പെട്ടെന്ന് കുപ്പി തുറന്നു നന്നായി കുടിച്ചു.ഒരു പൊട്ടന്‍ഷ്യല്‍ ക്രിമിനലാണ് അവളെന്ന് എന്റെ ബുദ്ധി ചില സിഗ്നലുകള്‍ തന്നത് എത്ര ശരിയാണ് ! ഇനി എനിക്ക് ഒന്നും ഭയക്കാനില്ല.ധൈര്യമായി മദ്യപിക്കാം.
വരിവരിയായി വാകപൂത്തു ചുവന്നു നില്‍ക്കുന്ന വഴിയിലൂടെയാണ് ബസ് പോകുന്നത്.റോഡില്‍ വാകപൂക്കള്‍ ചുവന്നു കിടക്കുന്നു.എങ്കിലും അവളുടെ മുഖത്തെ ചുവപ്പ് നിറം തിരികെ വന്നിട്ടില്ല.
“എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും ജയിലില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കും.എന്നെ പോലെ ചിലര്‍ അത് പ്രാവര്‍ത്തികമാക്കും.”ഞാന്‍ തമാശ പറയാന്‍ ശ്രമിച്ചു.പക്ഷേ ഞാന്‍ പണ്ടേ തമാശ പറയുന്നതില്‍ ഒരു തോല്‍വിയാണ്.ഇതാ അവളുടെ കണ്ണുകള്‍ വീണ്ടും നിറംമാറിയിരിക്കുന്നു.ഭീതിയുടെ കറുപ്പിന്‍മേല്‍ നിരാശയുടെ അവ്യക്തമായ വെളുത്ത മൂടല്‍.ആ മൂടല്‍മഞ്ഞില്‍ കണ്ണ് നീര്‍ തുള്ളികള്‍ രൂപംകൊള്ളുന്നു.
“കുട്ടി എങ്ങോട്ടാണ് പോകുന്നത് ?”ഞാന്‍ ചോദിച്ചു.
“ഞാന്‍ ഒരാളെ കൊല്ലാന്‍ പോവുകയാണ്.ഞാന്‍ അത് തീരുമാനിച്ചു കഴിഞ്ഞു.ഈ കവറില്‍ അതിനുള്ള ആയുധം ഞാന്‍ തയ്യാറാക്കി വച്ചിരിക്കുന്നു.”അവള്‍ പറഞ്ഞു.
അവളുടെ കണ്ണുകളില്‍ വീണ്ടും നിറഭേദം.കണ്ണ്നീര്‍ തുള്ളിയുടെ മങ്ങിയ വെളുപ്പ്‌ വറ്റി അവിടെ രോഷത്തിന്റെ കനല്‍ ചുവപ്പ് തെളിയുന്നു.
“എന്താണ് ആയുധം ?”ഞാന്‍ ചോദിച്ചു.
ചോദിച്ചു കഴിഞ്ഞപ്പോള്‍ അങ്ങിനെ ചോദിച്ചത് ശരിയായില്ല എന്നെനിക്ക് തോന്നി.ഒരു പ്രഫഷണല്‍ ക്രിമിനല്‍ എപ്പോഴും അയാളുടെ സ്വഭാവം കാണിക്കും.ഞാനും അത് അറിയാതെ പുറത്തെടുത്തു.അല്ലെങ്കില്‍ എന്ത് ആയുധമാണ് അവള്‍ കൊണ്ട് നടക്കുന്നതെന്നു ചോദിക്കുമോ?അവള്‍ എന്തിനാണ് കൊല ചെയ്യാന്‍ ഒരുങ്ങി പോകുന്നെതെന്ന് ,ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.പക്ഷേ ജയില്‍ ജീവിതം നാവിലെ രസമുകുളങ്ങള്‍ക്കൊപ്പം മനസ്സിലെ രസമുകുളങ്ങളും ഇല്ലാതാക്കിയെന്നു ഞാന്‍ തിരിച്ചറിയുന്നു.
“തോക്ക്.വളരെ അടുത്ത് നിന്ന് വെടിവക്കാവുന്ന ,മാഗ്നം മുപ്പത്തിയെട്ടു റിവോള്‍വര്‍.”അവള്‍ പറഞ്ഞു.
അവള്‍ കരുതിക്കൂട്ടിയാണ് പോകുന്നത്.ഞാന്‍ ഭയന്നില്ല എന്ന് പറയുന്നത് വെറുതെയാകും.ആയുധം കയ്യിലുള്ള ഒരാളെ ,അത് കൂട്ടുകാരായാലും ,ശത്രുവായാലും ഭയക്കണം.ഡോക്ടര്‍ മാത്യു വര്‍ഗീസ്‌ എന്ന് പേരുള്ള ഒരു ക്ളൈന്റ് പണ്ടെനിക്ക് ഉണ്ടായിരുന്നു.ഡോക്ടര്‍ ,ഒരു ദിവസം എവിടെനിന്നോ സമ്മാനം കിട്ടിയ ജര്‍മന്‍ റിവോള്‍വര്‍ തുടച്ചു മിനുക്കുകയായിരുന്നു.സ്വീകരണമുറിയില്‍ ,ഡോക്ടറുടെ ഭാര്യ സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നു.ഏതോ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച സമയമാണ്.അതിനെപറ്റിയുള്ള വിവരമറിയാന്‍ ന്യൂസ് ചാനല്‍ വയ്ക്കാന്‍ ഡോക്ടര്‍ ഏറെ നേരം പറഞ്ഞു.കെട്ടിയോള്‍ കേട്ടില്ല.വെടി പൊട്ടി.കെട്ടിയോള്‍ ശുഭം!.തോക്ക് മിനുക്കുന്നത്തിനിടയില്‍ അറിയാതെ വെടി പൊട്ടിയതാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞത്.ചെലപ്പോ ആയിരിക്കും.ചെലപ്പോ അല്ലായിരിക്കും.കേസൊക്കെ ഒതുക്കി തീര്‍ത്തു.ഈ പെണ്‍കുട്ടി പറഞ്ഞ നിറഭേദം പോലെ ,ഡോക്ടറുടെ യഥാര്‍ത്ഥ നിറം ,ആ ആയുധം വെളിയില്‍ കൊണ്ടുവന്നതാവാം.അത് കൊണ്ട് നിങ്ങളുടെ കെട്ടിയോന്‍ ഊച്ചാളിയായിരിക്കാം.നിങ്ങള്‍ പേടിക്കേണ്ടതില്ല.എന്നാല്‍ അയാളുടെ കയ്യില്‍ ആയുധം ഉണ്ടെങ്കില്‍,അയാളെ നിങ്ങള്‍ ബഹുമാനിക്കുന്നതാവും നല്ലത്.
“ആരെയാണ് ,കൊല്ലാന്‍ പോകുന്നത്?എന്തിനാണ് കൊല്ലാന്‍ പോകുന്നത് ?” ഞാന്‍ വളരെ ബഹുമാനത്തോടെ അവളോട്‌ ചോദിച്ചു.
“അത് പറയാം.എനിക്ക് അല്പം മദ്യം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട് ?”
“ധൈര്യം കിട്ടാനാണോ ?”
“എനിക്ക് ധൈര്യം ഇല്ല.എന്ന് തോന്നുന്നുണ്ടോ?” അവളുടെ കണ്ണുകള്‍ വീണ്ടും നിറം മാറിയിരിക്കുന്നു.ഇപ്പോള്‍ അത് ദേഷ്യത്തിന്റെ കറുപ്പ് കലര്‍ന്ന ചുവപ്പ് കൈക്കൊണ്ടു.ഞാന്‍ സൂക്ഷിക്കണം.
“ഹേയ്,അങ്ങിനെയല്ല ,സാധാരണ ഇങ്ങനെയുള്ള അവസരങ്ങളില്‍ മദ്യം കഴിക്കുന്നത് ധൈര്യം കിട്ടാനാണ്‌ .അത് കൊണ്ട് ചോദിച്ചതാണ്.”
“ഇങ്ങനെയുള്ള അവസരങ്ങള്‍ മീന്‍സ് ?”
“അതായത് ,കൊലപാതകം, മോഷണം,ഇവയൊക്കെ ചെയ്യുന്നതിന് മുന്‍പ് .”
ഞാന്‍ മദ്യം മിക്സ് ചെയ്ത കുപ്പി അവള്‍ക്ക് കൊടുത്തു.അവള്‍ അത് തുറന്നു വായിലേക്ക് ഒഴിച്ചു.ഇല്ല .അവള്‍ നിര്‍ത്തുന്നില്ല.ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു.
“മതി.ഇത്രയും മതി.തീര്‍ക്കരുത്‌.പിന്നെ തരാം.” ഞാന്‍ ആശങ്കയോടെ പറഞ്ഞു.
അവള്‍ ഒരു ചിരിയോടെ കുപ്പി എന്റെ കയ്യില്‍ തിരികെത്തന്നു.പിന്നെ ചുണ്ട് തുടച്ചു.അതിനുശേഷം അവള്‍ കൊല്ലാന്‍ പോകുന്നതിന്റെ കഥ പറഞ്ഞു. പറയുന്നതിനിടെ അവളുടെ മുഖത്തെ ഭാവവും നിറവും മാറുന്നുണ്ടായിരുന്നു.കുടമാറ്റം പോലെ ,മഴക്കാറു പോലെ,ഓരോ വാചകങ്ങളും ആ മുഖത്ത് നിറഭേദദങ്ങള്‍ സൃഷിക്കുന്നത് ഞാന്‍ കണ്ടിരുന്നു.
“എനിക്കൊരു കാമുകന്‍ ഉണ്ടായിരുന്നു.സജിത്ത്.ഇവിടെ സിറ്റിയില്‍ ഒരു പ്രൈവറ്റ് ബാങ്കിലാണ് ജോലി ചെയ്യുന്നത്.വീട്ടുകാര്‍ ഞങ്ങളുടെ വിവാഹത്തിന് ഒരു വിധം സമ്മതിക്കുന്നിടം വരെയെത്തിയതാണ്.ആയിടക്കാണ് ,ഞാന്‍ രാഹുല്‍ എന്നയാളെ പരിചയപ്പെടുന്നത്.എന്റെ കേടായ ലാപ്ടോപ്പ് നന്നാക്കാന്‍ കൊടുത്ത കംബ്യൂട്ടര്‍ ഷോപ്പിന്റെ ഉടമ.നല്ല സ്മാര്‍ട്ട് പേഴ്സന്‍.വെബ്സൈറ്റ് ഹാക്ക് ചെയ്യാനും ഒക്കെ അയാള്‍ക്ക് അറിയാം.ലാപ്ടോപ്പിന്റെ സര്‍വീസിംഗ് കാര്യങ്ങള്‍ക്ക് വിളിക്കാന്‍ അയാള്‍ എന്റെ നമ്പര്‍ വാങ്ങിയിരുന്നു.ഇടയ്ക്കിടെ അയാള്‍ വിളിക്കും.ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.ഒരിക്കല്‍ സംസാരിക്കുന്നതിനിടയ്ക്ക് അയാള്‍ പറഞ്ഞു,അയാള്‍ക്ക് ഫെയ്സ് ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യാന്‍ പറ്റുമെന്ന്..ചില ആളുകള്‍ മറ്റുള്ളവരുടെ രഹസ്യങ്ങള്‍ അറിയുന്നതിന് ,ഇയാള്‍ക്ക് പൈസ കൊടുത്തു അവര്‍ക്ക് ആവശ്യമുള്ളവരുടെ അക്കൌണ്ട് ഹാക്ക് ചെയ്യും.അവര്‍ അയച്ച മെസേജുകള്‍ ഒക്കെ പരിശോധിക്കും.എന്നോട് തമാശയായി ചോദിച്ചു.ആരുടെയെങ്കിലും അക്കൌണ്ട് പരിശോധിക്കണോ എന്ന് ?ഞാന്‍ പറഞ്ഞു.എനിക്ക് പൈസ ഇല്ലല്ലോ.അപ്പോള്‍ അയാള്‍ പറഞ്ഞു ,ഫ്രണ്ട്സിന്റെ അടുത്തുനിന്ന് പൈസ വാങ്ങിക്കില്ല.സാധാരണ ബോയ്‌ ഫ്രണ്ട്സിന്റെ ഒക്കെ അക്കൌണ്ട് പെണ്‍കുട്ടികള്‍ ഇങ്ങനെ ചെക്ക് ചെയ്യുമത്രേ.വേറെ ബന്ധങ്ങള്‍ ഉണ്ടോ എന്നറിയാന്‍.കൂടുതല്‍ ഒന്നും പറയണ്ട.സജിത്തിന്റെ അക്കൌണ്ട് ചെക്ക് ചെയ്യാൻ ഞാന്‍ അയാളോട് പറഞ്ഞു.അയാള്‍ എനിക്ക് കുറച്ചു സ്ക്രീന്‍ ഷോട്ട് അയച്ചു തന്നു.സജിത്ത് ,രമ്യ എന്ന പെണ്‍കുട്ടിയുമായി നടത്തിയ സെക്സ്ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട്.ഒന്ന് കൂടി വെരിഫൈ ചെയ്യാന്‍ വളരെ തന്ത്രപൂര്‍വ്വം ഒരു ദിവസം സജിത്തിന്റെ ഫോണ്‍,അയാള്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ എടുത്തു തുറന്നു നോക്കി.അതില്‍ ആ മെസേജുകള്‍ ഉണ്ടായിരുന്നു.അങ്ങിനെ സജിത്തും ഞാനുമായി ഉള്ള ബന്ധം അവസാനിച്ചു..രാഹുലും ഞാനും കൂടുതലടുത്തു.എന്നെ സത്യം അറിയിച്ചത് അയാള്‍ ആണല്ലോ.പരിധിയില്‍ കൂടുതല്‍ ഞങ്ങള്‍ അടുത്തു.എന്റെ ഒരു പാര്‍ഷ്യലി ന്യൂഡ്‌ ഫോട്ടോ അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ അയച്ചു കൊടുത്തു.പിന്നെയാണ് അയാളുടെ തനി നിറം ഞാന്‍ മനസ്സിലാക്കിയത്.ഇപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു.അയാള്‍ക്ക് വഴങ്ങികൊടുക്കാന്‍.വേറെയൊരു സത്യം കൂടി അയാള്‍ പറഞ്ഞു.സജിത്തുമായി രമ്യ എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൌണ്ട് വഴി ചാറ്റ് ചെയ്തത് അയാള്‍ തന്നെയാണ്.ഇത് അയാളുടെ സ്ഥിര തന്ത്രമാണ്.ഇന്ന് രാത്രി അയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ എത്തണം.അതാണ്‌ അയാളുടെ ആവശ്യം ഇല്ലെങ്കില്‍ എന്റെ ഫോട്ടോയും ചാറ്റും അയാള്‍ പരസ്യപ്പെടുത്തും.എന്റെ മാനം പോകും.ഭാവി നശിക്കും.സിറ്റിയിലെ മാളില്‍ അയാള്‍ക്ക് കടയുണ്ട്.ഞാന്‍ ഇപ്പോള്‍ അങ്ങോട്ടാണ് പോകുന്നത്.അയാളെ അവസാനിപ്പിക്കാന്‍.എല്ലാം അവസാനിപ്പിക്കാന്‍.”
ഒരു മഴ പെയ്തു തോരുന്നപോലെ അവള്‍ പറഞ്ഞുനിര്‍ത്തി.അതിനുശേഷം അവള്‍ വീണ്ടും കുപ്പിക്ക് കൈനീട്ടി.യാന്ത്രികമായി ഞാന്‍ കുപ്പി അവള്‍ക്ക് നല്‍കി.അവള്‍ വീണ്ടും ഒറ്റവലിക്ക് കുടിച്ചതിനുശേഷം കുപ്പി ഞാന്‍ പറയാതെ തിരികെ തന്നു .പിന്നെ ഒന്നും മിണ്ടാതെ മുന്‍പോട്ടു നോക്കിയിരുന്നു.ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു.കാറ്റാടി മരങ്ങള്‍ തണല്‍ വിരിച്ച വഴിയോരങ്ങള്‍ .അതിനപ്പുറം ,വെയിലില്‍ ഉറക്കം തൂങ്ങിനില്‍ക്കുന്ന കമുകിന്‍ തോട്ടങ്ങള്‍.
“ഒരു കാര്യം ചോദിക്കട്ടെ.സത്യം പറയുമോ .നിങ്ങള്‍ അകത്തായ കേസില്‍,യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കുറ്റം ചെയ്തതല്ലേ?ശരിക്കും നിങ്ങള്‍ കൊലപാതകം ചെയ്തതല്ലേ.?” അവള്‍ പൊടുന്നനെ എന്നോട് ചോദിച്ചു.
ഞാന്‍ ഒരു നിമിഷം നിശബ്ദനായി.പിന്നെ പറഞ്ഞു.
“അതേ.തെളിവുകള്‍ എനിക്ക് അനുകൂലമായിരുന്നു.പിന്നെ എന്റെ വക്കീലിന്റെ മിടുക്ക്.”
“നിങ്ങള്‍ പറയൂ,ഞാന്‍ അയാളെ കൊല്ലേണ്ടതല്ലേ?”അവള്‍ വീണ്ടും ചോദിച്ചു.
“തീര്‍ച്ചയായും.”ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ എന്റെ കൂടെ വരണം.ധൈര്യത്തിനല്ല.വെറുതെ .ഒരു കൂട്ടിനു.എനിക്ക് തെറ്റി പോകാതിരിക്കാന്‍.”അവള്‍ പറഞ്ഞു.
വണ്ടി നഗരത്തിലെത്തി.
ഒരു ഓട്ടോ പിടിച്ചു ഞങ്ങള്‍ മെട്രോ മാളില്‍ എത്തി.അവള്‍ക്ക് ഇപ്പോള്‍ മുഖത്തിന്‌ ഒരു കരിങ്കല്ലിന്റെ ഭാവമാണ്.അവള്‍ തീരുമാനം മാറ്റില്ല എന്നെനിക്ക് തോന്നി.
“നമ്മുക്ക് ഒരു കാപ്പി കുടിച്ചാലോ ?മദ്യം കഴിച്ചത് കൊണ്ട് ,കൈ വിറയ്ക്കാന്‍ ഇടയുണ്ട്.വോഡ്‌കക്ക് ശേഷം ഒരു കപ്പു കാപ്പി കുടിച്ചാല്‍ നല്ല ഉണര്‍വാണ്.”ഞാന്‍ സജസ്റ്റ് ചെയ്തു.അവള്‍ അതിനു സമ്മതിച്ചു.
ഞങ്ങള്‍ മാളിന്റെ മുകള്‍ നിലയിലേക്ക് പോയി.ഈ നില ഭക്ഷണശാലകള്‍ക്ക് വേണ്ടി മാത്രമാണ്.അവിടെ ധാരാളം കോഫിഷോപ്പുകളും പല തരത്തിലുള്ള ഭക്ഷണശാലകളുമുണ്ട്.നല്ല തിരക്ക്.കടകളില്‍നിന്ന് ഭക്ഷണം വാങ്ങി ,നടുത്തളത്തിലും മറ്റും ക്രമീകരിച്ചിരികുന്ന കസേരകളില്‍ പോയിരുന്നു ആളുകള്‍ ഭക്ഷണം കഴിക്കുന്നു.
അവള്‍ പെട്ടെന്ന് നിന്നു.
“നമ്മുക്ക് അങ്ങോട്ട്‌ പോകണ്ടാ.ഇവടെ ഇരിക്കാം.”അവള്‍ പറഞ്ഞു.
അവള്‍ ചൂണ്ടിക്കാട്ടിയിടത്തേക്ക് ഞാന്‍ നോക്കി.അല്പം അകലെ താടിയുള്ള ഒരു ചെറുപ്പകാരന്‍ ,ഒരു യുവതിയുമായി കാപ്പി കുടിക്കുന്നു.
“അതാണ്‌ രാഹുല്‍.ഞാന്‍ കൊല്ലാന്‍ പോകുന്നവന്‍.കൂടെയുള്ളത് അവന്റെ അടുത്ത ഇരയാണ്.അവനു ഇത് വരെ നാല്പതു പെണ്കുട്ടികളുമായി ബന്ധമുണ്ട്.ഉടന്‍ അമ്പതു തികയ്ക്കുകയാണ് അവന്റെ ടാര്‍ഗറ്റ്.” അവള്‍ പറഞ്ഞു.
“ഹേയ്,നീയെന്താ ഇവിടെ ?” ഒരു യുവാവിന്റെ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി.
ജീന്‍സും നീല ഷര്‍ട്ടും അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍.കൂടെ ഒരു യുവതിയുമുണ്ട്.
“സജിത്ത്...”അവളുടെ സ്വരം ചെറുതായി വിറച്ചു.
“ഇതെന്റെ ഭാര്യയാണ്.മായ.ആ സംഭവത്തിനു ശേഷം ,ഇപ്പോഴാണ് നാം കണ്ടുമുട്ടുന്നത്.മായക്ക് എല്ലാം അറിയാം.” സജിത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു.മായയും ഞങ്ങള്‍ക്ക് നേരെ നോക്കി ചിരിച്ചു.
“ഇതാരാ..”സജിത്ത് എന്നെ നോക്കി ചോദിച്ചു.
“ഒരു ഫ്രണ്ട്...”അവള്‍ പറഞ്ഞു.
ഞാന്‍ ഉപചാരം പൂര്‍വ്വം പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
“ഞങ്ങള്‍ പോവുകയാണ്.കുറച്ചു ഷോപ്പിംഗ്‌ ഉണ്ടായിരുന്നു.”ഞങ്ങളോട് യാത്ര പറഞ്ഞു അവര്‍ നടന്നു.അവള്‍ സജിത്തും ഭാര്യയും പോകുന്നത് നോക്കിയിരുന്നു.അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്.ഭാര്യാഭര്‍ത്താക്കന്‍മാരെക്കാള്‍ രണ്ടു കൂട്ടുകാരെ പോലെയാണ് അവര്‍ ഒന്നിച്ചു നടക്കുന്നത്.
ഇപ്പോള്‍ അവളുടെ മുഖം വാടിയിരിക്കുന്നു.ഒരു മഴക്കാലത്ത് തെളിയുന്ന മങ്ങിയ വെയിലിന്റെ നിറം.
“അയാളെ കൊല്ലുന്നില്ലേ ?” ഞാന്‍ ചോദിച്ചു.
അവളുടെ മുഖം താഴ്ന്നു.
“കഴിയുന്നില്ല അല്ലെ ?കഴിയില്ല.കാരണം ,സജിത്തിനെയും അയാളുടെ ഭാര്യയേയും കണ്ടപ്പോള്‍ ,എന്താണ് തോന്നിയത് .നിങ്ങള്‍ക്ക് ലഭിക്കെണ്ടിയിരുന്ന ഒരു നല്ല ഭാവി ഇല്ലാതായി പോയതിന്റെ കുറ്റബോധം അല്ലെ..” ഞാന്‍ ചോദിച്ചു.
അവളുടെ കണ്ണ് നിറഞ്ഞു.
“എനിക്ക് ഭാഗ്യമില്ല.ഭാഗ്യമില്ലാത്ത ഒരു മണ്ടിയാണ് ഞാന്‍.” അവള്‍ മുറിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“രണ്ടുമല്ല.നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്.മനുഷ്യരുടെ യഥാര്‍ത്ഥ നിറം അറിയാന്‍ കഴിയുക എന്നത് ഭാഗ്യമാണ്.വ്യാജമായിട്ടെങ്കിലും നിങ്ങളുടെ കാമുകന്‍ മറ്റൊരു പെണ്ണുമായി ചാറ്റ് ചെയ്തു എന്നുള്ളത് സത്യം തന്നെയല്ലേ?പുറത്തു കാണുന്ന ഒന്നും വിശ്വസിക്കരുത്.പിന്നെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്.രാഹുല്‍ എന്ന ക്രിമിനലിനെ കൊല്ലാന്‍ തോന്നന്നത് വികാരമാണ്.വിവേകമല്ല.സജിത്തിന് ലഭിച്ചത് പോലെ ലഭിക്കാന്‍ സാധ്യതയുള്ള ഒരു നല്ല ഭാവി നശിപ്പിക്കുന്ന മണ്ടത്തരമാണ് അത്.” ഞാന്‍ പറഞ്ഞു.
അവള്‍ കുറെ നേരം എന്റെ മുഖത്തു നിശബ്ദയായി നോക്കിയിരുന്നു.പിന്നെ തലയാട്ടി.
ഞങ്ങള്‍ പുറത്തേക്കിറങ്ങി.പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു.
“രാഹുല്‍,അയാളുടെ കയ്യിലുള്ള എന്റെ ഫോട്ടോസ്..തെളിവുകള്‍..അതെന്തു ചെയ്യും.”അവള്‍ ചോദിച്ചു.
“അത്തരം കാര്യങ്ങള്‍ ,ഭദ്രമായി കൈകാര്യം ചെയ്യുന്ന പ്രഫഷനല്‍സ് ഈ നഗരത്തില്‍ ഇപ്പോഴുണ്ട്.”ഒരു ചിരിയോടെ ഞാന്‍ അവളോട്‌ പറഞ്ഞു.
ഇപ്പോള്‍ അവളുടെ മുഖത്ത് ഒരു ആശ്വാസമുണ്ട്.ഇതാണ് അവളുടെ യഥാര്‍ത്ഥ നിറമെന്നെനിക്ക് തോന്നി.മഴവില്ലിന്റെ നിറം.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot