
ചിലർ ഇതിനെ "ഷെർലക്ക് ഹോംസ് ഡിസീസ്" എന്നും, ചില കച്ചറ മലയാളികൾ " അസൂയ കലർന്ന കുശുമ്പ് "എന്നും പറയുന്ന ഒരു രോഗം.
ഹല്ല പിന്നെ, സ്വന്തം പെണ്ണും പിള്ള ,അവളുടെ തോളിൽ ചാരി കഴുത്തിൽ കൈയ്യിട്ട് നിൽക്കുന്ന ഒരു നരച്ച് കൊരച്ച കിളവനെ കെട്ടിപ്പിടിച്ച് നിക്കണ ഫോട്ടോ കണ്ടാ ഏത് ഭർത്താവിനാ മേൽപ്പറഞ്ഞ "ലത് " തോന്നാത്തത്?
ഇനി അത് അവളുടെ അച്ഛനാകുമോ... ഏയ്..
അച്ഛനോട് അവക്ക് അത്രക്ക് സ്നേഹം ഇല്ല , (അച്ഛൻ സദയം ക്ഷമിക്കുക ,ഞാൻ "ഇപ്പോൾ" സത്യം മാത്രമേ പറയാറുള്ളൂ ! ) ഇനി വകയില് വല്ല അമ്മാവൻമാരും വേച്ച് വീഴാതിരിക്കാൻ പിടിച്ചതാകുമോ... എന്നാലും തോളത്ത് പെടന്ന് കിടന്ന് ഫോട്ടം പിടിക്കാൻ പാകത്തിന് ഏതവനാണ് പോലും...
മനസ് കച്ചറ പിച്ചറ ചിന്തകൾ കൊണ്ട് നിറഞ്ഞപ്പോൾ ആ തെണ്ടിത്തരം കാട്ടാൻ തന്നെ തീരുമാനിച്ചു.
ലവള് മാറിയ തക്കത്തിന് അവളുടെ മൊബൈൽ അടിച്ചുമാറ്റി ഒരു "ഓപ്പറേഷൻ മൊസാദ് " . പക്ഷേ , പാസ് വേഡ് ശരിയാകുന്നില്ല , ലവൾ മാറ്റിയിരിക്കുന്നു.
ചതി , കൊടും ചതി, തങ്കപ്പെട്ട ഭർത്താവിനെ (ഈ എന്നെ) ലവള് നൈസായിട്ട് ചതിച്ചിരിക്കുന്നു. ഞാൻ, എന്റെ രണ്ട് കുട്ടികൾ , അതിനിടക്ക് വന്നു കയറിയ ഇന്ത കിളവൻ യാർ?
മനസ് നാഗവല്ലിയെ ഞോണ്ടിയ കാർന്നോരുടെ തായി മാറ്റി ഞാൻ കാത്തിരുന്നു.
തോം തോം തോം.....
ലവൾ വരുന്നു. മൊബൈൽ എടുക്കുന്നു. ഗ്യാലറിയിൽ ഫോട്ടോ തപ്പുന്നു ... ദേണ്ടെ അതിൽ മിന്നായം പോലെ വേറൊരു കിഴവൻ അവളുടെ കൂടെ ... ദേ ,വേറൊരുത്തൻ, ദേ....
എന്നിട്ട് മൊബൈൽ നീട്ടി നാഗവല്ലി വിളിച്ചു "ചേട്ടാ, ഒരു മുറൈ വന്ത് പത്തായാ "
സ്വന്തം ഭാര്യ കുറെ കിളവൻമാരുടെ കൂടെ നിക്കണ പടം കണ്ട് ആസ്വദിക്കാൻ സ്വന്തം ഭർത്താവിനെ വിളിക്കുകയാണ്.
ആളെ മനസ്സിലാക്കിയാൽ രണ്ടിനെയും കാച്ചി കളയാം എന്നുറപ്പിച്ച് ലവളുടെ മൊബൈലിലെ പടങ്ങൾ നോക്കി...
എവിടെയോ കണ്ട് മറന്ന അപ്പാപ്പൻമാർ , മിക്കവർക്കും എന്റെ സ്വന്തം ഷർട്ടും ബനിയനും ...
കല്യാണ ഫോട്ടോയിൽ അവളെ മാലയിട്ട് നിക്കണ അപ്പാപ്പനെ കാട്ടിതന്ന് നാഗവല്ലി ഒറ്റച്ചിരി...
"ഗംഗേ..." എന്ന എന്റെ അലർച്ചയോടെ നാഗവല്ലിയെ വിട്ട് ഭാര്യയിലെക്ക് ഇറങ്ങി വന്നിട്ട് അവള് പറയുവാ... ഇത് ചേട്ടനാ... ചേട്ടനെ ഫേസ് ആപ്പിലിട്ട് അപ്പാപ്പൻ ആക്കിയതാ ന്ന്...
കൂടാതെ ഫേസ് ആപ്പിന്റെ കുറെ വിശേഷവും...
കാര്യം മനസ്സിലായപ്പോ ചമ്മി ചപ്ലാച്ചി ആയ ഞാൻ എല്ലാ നല്ല ഭർത്താക്കൻ മാരും പറയുന്ന ആ ഡയലോഗ് എടുത്ത് അലക്കി ...
"എനിക്കെല്ലാം അറിയാമായിരുന്നു , ഞാൻ അഭിനയിച്ചതല്ലേ... , ഇനി നമുക്ക് നിന്നെ കിളവി ആക്കി നോക്കാം... "
ലവൾ നാഗവല്ലിയേപ്പോലെ കൈ ചൂണ്ടിയതും "ഇന്നേക്ക് ദുർഗാഷ്ടമി ... " ഡയലോഗ് തുടങ്ങിയതും ഞാൻ കാർന്നോരെയും കൊണ്ട് രക്ഷപ്പെട്ടു. അവളായി ... അവളുടെ പാടായി , വെറുതെ എന്തിനാ നമ്മളായിട്ട് ഒരു രക്ത ചൊരിച്ചിൽ ഉണ്ടാക്കുന്നത് ...
By: ArunKumar Venugopal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക