Slider

ഫ്രീക്കനും ഭാര്യയും

0

•••••••••••••
"സെലീ ...ഡീ സെലീന...."
ഒന്നിരിക്കെന്റെ ചേടത്തി ...കുർബാന തീർന്നില്ല , എന്റെ കൈമുട്ടിൽ നിർത്താതെ തോണ്ടിക്കൊണ്ടിരിക്കുന്ന റോസിചേടത്തിയോട് ഞാൻ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കാര്യം പറഞ്ഞു ...
അല്ല പിന്നെ!!! അച്ചനൊന്ന് അവസാന ആശീർവാദം കൊടുക്കാനായി കയ്യൊന്നു പൊക്കുന്ന വരെയെങ്കിലും ഇരുന്നൂടെ ഇവർക്ക് ....
ഓ ..പറഞ്ഞു തീർന്നില്ല അച്ചൻ കൈ പൊക്കി ..
"വിശുദ്ധീകരണത്തിന്റെ ബ....."
അത്രേ കേട്ടുള്ളൂ ...ബാക്കി ചെവിയിൽ വീഴും മുൻപേ ചേടത്തിയെന്നേം കൊണ്ട് പുറത്തെത്തി ...
നോക്കിയപ്പോൾ ഞങ്ങൾ മാത്രമല്ല , സ്കൂൾ വിടാൻ നേരത്തു ദേശീയഗാനം ചൊല്ലിക്കഴിയാൻ ബാഗും പിടിച്ചു അക്ഷമരായി നിൽക്കുന്ന കുട്ടികളെ പോലെ മുക്കാൽപേരുമുണ്ട് കൂടെ ...
പള്ളിയിൽ നിന്നും പുറത്തു റോഡിലെത്തും മുൻപേ ചേടത്തി , പള്ളിയകത്തു ഇടത്തും വലത്തുമിരുന്ന ഷീലാമ്മയുടെയും അവരുടെ മരുമകളുടെയും ശീട്ട് വലിച്ചു കീറി കാറ്റിൽ പറത്തി....വാക്കുകളിലൂടെ ..
ഞാനെല്ലാം തലയാട്ടി കേൾക്കും ...ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായാൽ മതി പിന്നെ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും .
വീട്ടിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ നടന്നാ പള്ളിയായി , എന്നാലും ഒരു കൂട്ടില്ലെങ്കിൽ പറ്റില്ല അത് കൊണ്ട് ചേടത്തി പറയുന്നതെല്ലാം കേട്ട് മിണ്ടാതെ നടക്കും... മനഃപൂർവം മിണ്ടാത്തതല്ല !! ഒരു ഇടവേള ഉണ്ടായാലല്ലേ മിണ്ടാൻ പറ്റൂ .
കുട്ടികളെ പോലെ വഴിയിൽ കാണുന്ന ഞാവല്പഴവും കശുമാങ്ങയുമൊക്കെ അവർ പെറുക്കി തിന്നുന്നത് കണ്ട് ഞാൻ അതിശയം കൊള്ളും ....
പ്രായം ചെന്നാൽ മനുഷ്യർ കുട്ടികളെപ്പോലെ പെരുമാറും എന്നു പറയുന്നത് വെറുതെയല്ല ..
വീട്ടിലെത്തി ഉച്ചത്തേക്കുള്ള അരിയടുപ്പത്തിട്ട് ഞാൻ പോത്തിറച്ചിയിൽ കുറച്ചു ഉപ്പും മുളകും തിരുമ്മി വച്ച് അതിലേക്കുള്ള ഉള്ളിയും തക്കാളിയുമൊക്കെ അരിയാനെടുക്കുമ്പോളേക്കും കേട്ടു ..മുറ്റത്തൂന്ന് കുട്ട്യോൾടെ അപ്പച്ചന്റെ വിളി ...
സാരി എളിയിൽ തിരുകി വേഗം ഒരു ഗ്ലാസ് ചായയുണ്ടാക്കി കൊണ്ട് കൊടുത്തു...
മോന്റെ മുറി ഇനിയും തുറന്നിട്ടില്ല ...ഇന്നലെ രാത്രി അവൻ വന്നതേ വൈകിയിട്ടാണ് ...വാതിലിൽ തട്ടി ഞാൻ അടുക്കളയിലേക്ക് പോന്നു .
മോള് ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കാണ് , മോൻ BBA കഴിഞ്ഞു ജോലി തെണ്ടുന്നു ..കെട്ട്യോന് KSEB യിലാണ് ജോലി ഇതാണെന്റെ കുഞ്ഞുകുടുംബം.
"അമ്മച്ചി ...."
ഉറക്കത്തീന്ന് ഇപ്പൊ എഴുന്നേറ്റ് വരുന്ന വരവാണ് എന്നാലും ജീവവായു പോലെ ഫോൺ കയ്യിലുണ്ട് ..
"നീ പല്ല് പോലും തേക്കാതെ ചായ ചോദിച്ചു വന്നൂലെ ....
ഒന്നു പോയി കുളിച്ചു പള്ളിയിൽ പോവാൻ നോക്കെന്റെ മോനേ "
"അതേ ....എനിക്ക് കല്യാണം കഴിക്കണം ...."
ചീനച്ചട്ടി അടുപ്പത്തു വച്ചു ഞാനവനെ ഒന്നാകെ നോക്കി...
നത്തല് പോലെ ശരീരവും വച്ച് അവനും , കൊയ്ത്തു കഴിഞ്ഞ പാടത്തെ കുറ്റി പോലെയുള്ള അവന്റെ മുടിയും ...
"ഞാൻ ഈ പോത്തിറച്ചി ഒന്നു വരട്ടിയിട്ട് മതിയോ മോനേ... എന്നിട്ട് നേരെ നമുക്ക് കെട്ടു കുർബാനക്ക് പോകാം ...ഒരിത്തിരി നേരം ഒന്നു ക്ഷമിക്ക് "
പറഞ്ഞു കഴിഞ്ഞു അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ ചെക്കൻ ഗൗരവത്തിലാണ് ...
ന്റെ മാതാവേ !!!
ഇരുപത്തൊന്നു വയസ്സായതെയുള്ളൂ ചെക്കന് , വല്ല പ്രാന്തും പിടിച്ചോ.
"ആട്ടെ ആരെയാണ് മോൻ കെട്ടുന്നത് ...ഇന്നാള് പറഞ്ഞ സൂസനോ അതോ നിന്റെ കൂടെ പഠിക്കുന്ന ബിൻസിയോ.."
"അതൊക്കെ ഞാൻ വിട്ടു ...ഇതു നീനുവാ അമ്മച്ചി , ആ പള്ളിമുക്കിലെ വർക്കിച്ചേട്ടന്റെ മോള് "
"ന്ത് ????"
ചോദ്യത്തിൽ എന്റെ പുരികം വളഞ്ഞു വില്ലുപോലെ ആയോന്നൊരു സംശയം ...ഇവർക്കൊക്കെ തുണി മാറാനാണല്ലോ ഇതിലും ബുദ്ധിമുട്ട് ...
എന്റെ മൂക്കത്തു വിരലും വച്ചുള്ള നിൽപ് കണ്ടിട്ടാവണം അവനൊന്നു കൂടി ഗൗരവമണിഞ്ഞു ...
"എനിക്കവളില്ലാതെ ജീവിക്കാൻ പറ്റില്ല ...അവൾക്കും ...
ഇത് അമ്മച്ചി അപ്പച്ചനോട് പറഞ്ഞു എങ്ങനെയെങ്കിലും നടത്തിത്തരണം ...അല്ലെങ്കി ഞങ്ങളെങ്ങോട്ടെങ്കിലും ഇറങ്ങി പോവും "
ന്റെ അന്തോണീസ് പുണ്ണ്യാളാ ...
ഇവനിതെന്തു ഭാവിച്ചാണ് ഒരു ജോലി പോലും ആയിട്ടില്ല...പെങ്ങളൊന്നിനെ ഇറക്കി വിടാനുണ്ട് ..വല്ല ചിന്തയുമുണ്ടോന്നു നോക്ക് ...
കയറി വന്ന കലി ഞാൻ കടിച്ചു പിടിച്ചു...
"നീയൊരു കാര്യം ചെയ്യ് കുർബാന കഴിഞ്ഞു വരുമ്പോ അവളെയും വിളിച്ചു വാ , ഞാനൊന്നു ചോദിക്കട്ടെ .."
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ അവൻ കയറി വന്നപ്പോൾ അവളുമുണ്ട് ...കൂടെ എടുത്താൽ പൊങ്ങാത്ത വലിയൊരു ബാഗും ....
തലയിൽ കൈവച്ചു ഞാനവരെ നോക്കി നിൽക്കുമ്പോളേ എന്റെ കാൽമുട്ട് പനി പിടിച്ച പോലെ വിറച്ചിട്ട് വയ്യ ...
കൂളിംഗ് ഗ്ലാസും വച്ച് പരിഷ്കാരിയായി നിൽക്കുന്ന അവളോട് സോഫയിലിരിക്കാൻ പറഞ്ഞ് ഞാനവന്റെ ഷർട്ടിൽ വലിച്ചു അകത്തേക്ക് കൂട്ടി ...
"നീയിതെന്തു ഭാവിച്ചാ ഷൈനു ...അവൾടെ അപ്പനും ആങ്ങളമാരും എത്തണെന്നും മുന്നേ അവളോട് കുടുമ്മത്തേക്ക് പോകാൻ പറയ് "
"ഏയ് അതൊന്നും ശരിയാവില്ല ..എന്നെ വിശ്വസിച്ചാ അവൾ വന്നേക്കുന്നെ ..."
"അല്ല മോനേ നീ എന്തു ഉണ്ടയെടുത്തു അവളെ പോറ്റും ...
നീയിപ്പോഴും അപ്പച്ചന്റെ തണലിൽ ആണ് ...അത് മറക്കണ്ട "
ഇനിയെന്ത് വേണം ന്നു ആലോചിച്ചു എരിപൊരി സഞ്ചാരം എടുത്തു നിൽക്കുമ്പോൾ കേൾക്കാം മുറ്റത്തെ സംസാരം ...
"ജോണ്യേ ..നീ ഷൈനുനോട് ഒന്നു വരാൻ പറഞ്ഞേ ഇങ്ങട്.."
എന്താണ് കാര്യമെന്നറിയാതെ ഇറങ്ങി ചെല്ലുന്ന കെട്ട്യോൻ അല്പം കഴിഞ്ഞതും മിസൈൽ വിട്ട പോലെ അകത്തേക്ക് കയറി വന്നു ...
വന്നതും നീനുവിനെ നോക്കി ...
"ദേ പുറത്തു നിന്റപ്പൻ വന്നിട്ടുണ്ട് ...ബാഗുമെടുത്തു മോള് ചെല്ല് ...പഠിപ്പൊക്കെ കഴിയട്ടെ എന്നിട്ട് നമുക്ക് നടത്താം ...
ഇപ്പൊ നാട്ടുകാരെ കൂടി അറിയിക്കണ്ട "
എന്റടുത്തു നിന്ന അവൻ , അപ്പച്ചന്റെ അടുത്തേക്ക് പാഞ്ഞു പോകുന്നതും അതൊന്നും പറ്റില്ല എന്നു ഉറക്കെ പറഞ്ഞു തീരും മുൻപേ ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടതും ഞാനുറപ്പിച്ചു ...കളി തുടങ്ങി .
പതിനെട്ടു വയസായ പുത്രിയെ മര്യാദ പഠിപ്പിക്കാൻ വർക്കിച്ചേട്ടൻ പതിനെട്ടടവും എടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലാ ...
താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പെന്ന വാശിയിൽ രണ്ടും നിന്നു .....ഒടുക്കം നിവൃത്തിയില്ലാതെ ഈ മാസം തന്നെ കെട്ട് നടത്താമെന്നു ഉറപ്പിച്ചു അവർ പെണ്ണിനേയും കൊണ്ട് മടങ്ങി .
താനിവിടെ കെട്ടുപ്രായമെത്താറായി നിൽക്കുമ്പോൾ ചേട്ടൻ കെട്ടുന്നതിന്റെ അതൃപ്തി മുഴുവൻ ഷീന മുറിക്കകത്തു തന്നെയിരുന്നു കാണിച്ചു തന്നു ..കഥക്ക് എരിവ് കൂട്ടാൻ നീനു അവൾടെ ക്ലാസ്സ്‌മേറ്റും ....
ഫോൺ വിളിച്ചു വേണ്ടപ്പെട്ടവരെ കല്യാണം അറിയിക്കുമ്പോൾ ഒരു ജോലി പോലും ആവാതെ എന്താ ഇത്രേ തിടുക്കം എന്ന ചോദ്യം ഭയന്ന് കല്യാണം കൂടാൻ ആരും വരല്ലേ എന്ന പ്രാർത്ഥന മുട്ടിപ്പായി ..
സ്വന്തം ഇഷ്ടത്തിന് കണ്ടുപിടിച്ച ചെറുക്കനാണെങ്കിലും വർക്കിച്ചേട്ടൻ മോളെ വെറും കയ്യോടെ ഇറക്കിവിട്ടില്ല..കുടുംബക്കാരുടെ മുന്നിൽ തലയുയർത്തി നിൽക്കും വിധം കെങ്കേമമായി നടത്തി കല്യാണം..
എന്തായാലും ജോലിയും കൂലിയും ഒന്നുമില്ലാത്ത പയ്യനല്ലേ ഇതു വിറ്റു തിന്നെങ്കിലും കുറച്ചു കാലം ജീവിക്കട്ടെ എന്ന് കരുതികാണണം ..
പക്ഷേ പിന്നെ മനസിലായി ഇനി ഒരു കാര്യത്തിനും ഇങ്ങോട്ട് വന്നേക്കരുതെന്ന അന്ത്യശാസനയിലാണ് മകളെ ഇറക്കി വിട്ടത് .
മിന്നുകെട്ടിന്റെ സമയത്തു തലയിലെ നെറ്റ് പൊക്കികൊടുത്ത അപ്പൻപെങ്ങളോട് ചൂടായികൊണ്ട് ശരിക്ക് ചെയ്യാൻ പറയുന്ന അവളെ ഞാൻ നോക്കുമ്പോൾ വികാരിയച്ചന്റെ കണ്ണുകളിൽ എന്നോട് സഹതാപം ആണോ....ഹേയ്
കല്യാണം കഴിഞ്ഞന്നു രാത്രി പുതുപെണ്ണിനെ പരിചയപ്പെടാനും സ്വർണം അളന്നു നോക്കാനും കാത്തിരുന്ന ബന്ധുക്കളോടു ഒന്നും മിണ്ടാതെ അവൾ റൂമിൽ കയറി വാതിലടച്ചപ്പോള് സന്തോഷായി ....
നേരം വെളുത്തപ്പോ മോൻ വന്ന് അവനുള്ള ചായയും അവൾക്കുള്ള ചായയും എടുത്ത് മുറിയിലേക്ക് പോകുമ്പോൾ എന്നോടായി പറഞ്ഞു അവൾക്കിതൊന്നും ശീലമില്ല ..... ഇരുന്നുണ്ണുന്ന അമ്മായിഅമ്മയ്ക്ക് കിടന്നുണ്ണുന്ന മരുമകൾ !!!
ഒരു കാര്യത്തിലും ഒരു ബോധവുമില്ലാത്ത , പക്വതയില്ലാത്ത രണ്ടുപേരുടെയും പെരുമാറ്റം കാണുമ്പോഴേ ഞാൻ ആധി പിടിക്കാൻ തുടങ്ങി .
മാസമൊന്നു കഴിയും മുൻപേ അപ്പനും മോനും ഗംഭീര വഴക്ക് ...മധുവിധു യാത്ര പോകാൻ അപ്പച്ചനോട് പൈസ ചോദിക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും ...
എവിടെ നിന്നും പഠിപ്പിച്ചു തുടങ്ങണം കാര്യങ്ങൾ എന്നോർത്തു ഞാനാകെ ധർമ്മസങ്കടത്തിലായി...
കല്യാണം കഴിഞ്ഞന്നു തൊട്ടു റോസിച്ചേടത്തിയെ ഒളിച്ചും പാത്തും നടന്നിരുന്ന എന്നെ , കയ്യോടെ പൊക്കാനായി ഒരുദിവസം ചേടത്തി വീട്ടിലേക്ക് കയറി വന്നു ....
അകത്തെ സോഫയിൽ അവന്റെ മടിയിൽ തലവച്ചു കിടന്നു ടീവി കാണുന്ന നീനുവിനെ നോക്കി അവർ അടുക്കളയിലേക്ക് കയറി വന്നു ....
വീട്ടിലൊരാൾ കയറി വരുമ്പോൾ ഒരു മര്യദക്കെങ്കിലും ഒന്നെഴുന്നേറ്റ് കാണിക്കണ്ടേ എന്നവർ ചോദിച്ചപ്പോൾ ഒരു മറുപടിയും ഇല്ലാതെ ഞാൻ അടുക്കളജോലിയിലേക്ക് തിരിഞ്ഞു ...
ചെറിയ ചെറിയ പൊട്ടലും ചീറ്റലും തുടങ്ങിയോ എന്ന് സംശയിച്ചു തുടങ്ങും മുൻപേ ഒരുദിവസം ഞാൻ ഷൈനുവിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു ...
അവൾ വന്നു കയറിയതിന്റെ ഐശ്വര്യം കൊണ്ട് അവനൊരു ചെറിയ ജോലി ശരിയായിട്ടുണ്ട് എന്നു കേട്ടപ്പോൾ വിയർപ്പൊഴുക്കി പഠിപ്പിച്ച ഞങ്ങളന്ന്യരായി ...
അടുക്കളകാര്യങ്ങളും അങ്ങനെയുള്ള അല്ലറചില്ലറ കാര്യങ്ങളും അവൾ കൂടി ശ്രെദ്ധിക്കണമെന്നു ഞാൻ പറഞ്ഞു നാക്ക് ഉള്ളിലേക്കിട്ടില്ല അവൻ പൊട്ടിത്തെറിച്ചു ..
"അമ്മച്ചി ഒരുമാതിരി സാധാരണ അമ്മായിഅമ്മമാരെ പോലെ ചീപ്പായി ചിന്തിക്കരുത് അവൾക്ക് അല്ലെങ്കിലേ ഒരു സമാധാനവുമില്ല "
തലയിൽ തേങ്ങ വീണ ഷോക്കോടെ ഞാനവനെ നോക്കി,
പറഞ്ഞു തീർന്നില്ലവൻ ....
"അമ്മച്ചിയൊന്നു പറ അപ്പച്ചനോട്.. എന്റെ ഷെയർ ഇങ്ങു തരാൻ ഞങ്ങളെവിടെങ്കിലും പോയി സമാധാനമായി ജീവിച്ചോളാം ...അവളോട് പോരെടുക്കാൻ ഞാൻ സമ്മതിക്കില്ല ..."
അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് അവളും വന്നു
"നോക്കൂ മമ്മി ...എല്ലാവർക്കും വച്ചു വിളമ്പാനൊന്നും എനിക്ക് വയ്യ എനിക്കും മോനുവിനും ഉള്ളത് വേണമെങ്കിൽ ഞാൻ വച്ചോളാം ഞങ്ങൾ പുറത്തെ അടുക്കള ഉപയോഗിച്ചോളാം ...."
ആരപ്പാ ഈ മോനു ....ഞാനതാണ് ചിന്തിച്ചത് ...ഞാൻ തന്നെ മോനു എന്ന ഷൈനുവിന്റെ മുഖം കണ്ടപ്പോ ആ വഴക്കിനിടയിലും എനിക്ക് ഉള്ളിലൊരു ചിരി പൊട്ടി..
മതിയായി ഇനിയെന്ത് പറയാൻ ....കരഞ്ഞു കണ്ണീർ വാർക്കാനൊന്നും ഞാൻ പോയില്ല അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ...
"രണ്ടടുക്കള വെപ്പ് എന്തായാലും വേണ്ട , പറഞ്ഞ സ്ഥിതിക്ക് നിങ്ങൾ നിങ്ങൾക്കുള്ളത് വച്ചോ ഈ അടുക്കളയിൽ തന്നെ "
ഞാനകത്തേക്ക് കയറി പോന്നു ....
കണ്ടോ പറയേണ്ട പോലെ പറഞ്ഞാൽ അമ്മച്ചിയല്ല ദൈവം തമ്പുരാൻ വരെ കേൾക്കുമെന്ന ഭാവം അവൾടെ മുഖത്തും...
ഒരു പത്തുദിവസത്തോളം രണ്ടാളും കൂടി അടുക്കളയിൽ കയറി എന്തൊക്കെയോ ഉണ്ടാക്കി മുറിയിലേക്ക് കൊണ്ട് പോകുന്ന കാണാം ....ബാക്കിപത്രമെന്നോണം അടുക്കള ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയുണ്ടാവും ...
പലപ്പോഴും ഒച്ചയുയർത്താനൊരുങ്ങിയ കെട്ട്യോനെ ഞാൻ തടഞ്ഞു ...എന്തായാലും അനുഭവിക്കണം എന്തിന് നാട്ടുകാരെ കൂടി അറിയിക്കണം .
അവൻ ജോലിക്ക് പോയിത്തുടങ്ങി ...ഞാനടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഒന്നും ചെയ്യാനില്ലെങ്കിലും അവൾ അടുക്കളയിൽ കയറി തിരിയുന്നത് ഞാൻ ശ്രദ്ധിച്ചു ...
ഒന്നുമല്ല ...ഞാൻ ചെയ്യുന്നത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്,എത്രെയെന്നു വച്ചാ ഹോട്ടൽ ഭക്ഷണവും മാഗി നൂഡിൽസും തിന്നുകാല്ലേ ...
എനിക്ക് ശരിക്കും അതിനോട് പാവം തോന്നി , ലാളിച്ചു വളർത്തിയത് കൊണ്ടാവാം ഈ കാണിച്ചു കൂട്ടുന്നതൊക്കെ ...അവൾക്ക് കൂടി മനസ്സിലാവാൻ ഞാൻ എല്ലാം ഉണ്ടാക്കുന്നത് പതിയെ ചെയ്യാൻ തുടങ്ങി ...
സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ടാണോ ഷൈനു കൃത്യമായി ജോലിക്ക് പോകാൻ തുടങ്ങി ...അൽപസ്വാൽപമായി ഞാനും നീനുവും മിണ്ടാനും തുടങ്ങി ...
വീടിനകം എന്റെ കൈ ചെല്ലാതെ തന്നെ വൃത്തിയിൽ കിടക്കുന്നത് കണ്ടപ്പോളേ മനസിലായി നല്ല മാറ്റമുണ്ട് കുട്ടിക്കെന്ന് ..
ഞാനടുക്കളയിലേക്ക് വരുമ്പോളേക്കും അവളും ഓടിയെത്തും എന്തെങ്കിലും ചെയ്തു തരും ,മിണ്ടാട്ടം വല്ല്യേ കാര്യമായി ഇല്ലെങ്കിലും ...
ഒരുദിവസം കറിയിൽ ഉപ്പു കൂടിയോ ഒന്നു നോക്കിക്കേ എന്നു പറഞ്ഞു ഞാൻ സ്പൂൺ അവൾക്ക് നേരെ നീട്ടിയപ്പോൾ കണ്ടു ...കണ്ണിലെ മഴത്തുള്ളികൾ ..
പിന്നെപ്പിന്നെ രണ്ടു വെപ്പ് പഴയപോലെ ഒരു വെപ്പായി അടുക്കളയിൽ അവളും കൂടും ...
മാസം രണ്ട് തികഞ്ഞില്ല അതിനു മുൻപേ അവള് പുളി തപ്പിയെടുത്തു തിന്നുന്ന കണ്ടപ്പോഴേ ഞാൻ കാര്യം ഉറപ്പിച്ചു ...
മെഡിക്കൽ ഷോപ്പിൽ പോയി കാർഡ് വാങ്ങിക്കൊടുത്തു നോക്കിയപ്പോൾ ശരിയാണ് ...
സന്തോഷമാണോ ഇനിയും എങ്ങുമെത്താത്ത അവരുടെ ജീവിതത്തെക്കുറിച്ചുള്ള വേവലാതിയാണോ ഒന്നും മനസ്സിലായില്ലാ എന്റെ കണ്ണിലും നിറഞ്ഞു മഴത്തുള്ളികൾ , അവളെ കെട്ടിപ്പിടിച്ചപ്പോൾ ...
വൈകീട്ട് ഷൈനു വന്നു, സന്തോഷത്തോടെയുള്ള അവന്റെ വരവ് പ്രതീക്ഷിച്ചു ഞാൻ മുറിക്ക് പുറത്തു നിന്നു..
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരടിയുടെ ഒച്ചയും അതിനു പിന്നാലെ കൈ കവിളിനോട് ചേർത്ത് വച്ചു കലങ്ങിയ കണ്ണുകളുമായി അവൻ ഇറങ്ങി വന്നു ..
എന്നോടൊന്നും മിണ്ടാതെ അവൻ പോയി സോഫയിലിരുന്നു ...
ഇപ്പോഴേ കുഞ്ഞു വേണ്ട കുഞ്ഞിനെ കളയാം എന്ന് പറഞ്ഞ അവന്റെ കരണം പുകച്ചതിൽ എനിക്കൊരു തെറ്റും തോന്നിയില്ല...
അവളൊന്നു കൊടുത്തത് കൊണ്ട് ഇനി ഞാനായിട്ട് കൊടുക്കുന്നില്ല.
ഓരോ മാസങ്ങളും കടന്നു പോകുമ്പോൾ കാണാമായിരുന്നു രണ്ടുപേരും യഥാർത്ഥജീവിതം എന്താണെന്നുള്ള തിരിച്ചറിവുകൾ നേടുന്നത് ...
വള്ളിയിൽ കിടക്കുന്ന മത്തങ്ങ പോലെ ഇത്തിരിപ്പോന്ന അവൾ , ആ വലിയ വയറും വച്ച് റോസിച്ചേടത്തി വന്നപ്പോൾ എഴുന്നേറ്റതും പിന്നെയും എന്റെ കണ്ണിലൊരു നീറ്റൽ ...
പിണക്കം മറന്ന് നീനുവിന്റെ വീട്ടുകാർ വന്നിട്ട് പോലും അവൾ പോകാതിരുന്നപ്പോൾ എനിക്ക് മനസിലായി ഞാനവളുടെ അമ്മയായെന്ന് ....
പ്രസവവേദന കൊണ്ട് പുളയുന്ന അവളെയും കൊണ്ട് ആസ്പത്രിയിലേക്ക് ഞാനും അവനും കൂടി പായുമ്പോൾ എന്റെ കയ്യായിരുന്നു അവൾ മുറുക്കെ പിടിച്ചത് ..
ഇടക്കെപ്പോഴോ തുണി മാറ്റിക്കാനായി നേഴ്സ് എന്നെ പേര് ചൊല്ലി തുണക്ക് വിളിച്ചപ്പോൾ അവൾടെ അമ്മയുടെ മുഖത്തും അദ്ഭുതമായിരുന്നു ...
അകത്തു ചെന്ന എന്നെ നോക്കി വേദന കടിച്ചു പിടിച്ചു അവൾ ചിരിച്ചപ്പോൾ കാണാമായിരുന്നു മണിക്കൂറുകൾക്ക് ശേഷം എന്നെ കണ്ട ആശ്വാസം ...
ഇരിപ്പുറപ്പിക്കാതെ നഖം കടിച്ചും തലചൊറിഞ്ഞും ഷൈനു ലേബർ റൂമിനു പുറത്തു നടക്കുമ്പോൾ ഞാനിരുന്നു കൊന്ത ചൊല്ലി ...തങ്കക്കുടം പോലൊരു മോനെയും കൊണ്ട് നേഴ്സ് പുറത്തു വന്നു വിളിക്കും വരെയും ..
മുറിയിലേക്ക് മാറ്റുമ്പോൾ കൂടെയുണ്ടായിരുന്ന നേഴ്സ് പറഞ്ഞറിഞ്ഞു ..പ്രായം തീരെ കുറവാണെങ്കിലും വല്ല്യേ ഒച്ചയും ബഹളവുമൊന്നും നീനു കാണിച്ചില്ല ..വേദന സഹിച്ചു കിടന്നു എന്ന് ...
"ന്റെ സിസ്റ്ററേ ..ചരട് പൊട്ടിപോകുന്ന പട്ടം പോലെ പറന്നു പോയേരുന്നു എന്റെ ജീവിതം അത് ദേ ഈ അമ്മയാണ് ചേർത്ത് പിടിച്ചു തന്നത് .....ആ അമ്മയാ എന്റെ മനസ്സ് മുഴുവൻ.. അതായിരുന്നു ന്റെ ധൈര്യം"
അവൾ പറഞ്ഞ വാക്കുകൾ കേട്ട് കുട്ടിയെ പിടിച്ചു നിന്ന എന്റെയും കണ്ടുനിന്ന കെട്ട്യോന്റെയും ഷൈനുവിന്റേയും കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു ....
എന്ത് മനസിലായിട്ടാണാവോ കയ്യിൽ കിടന്നുറങ്ങുന്ന കുഞ്ഞനും ചിരിച്ചു ഉറക്കത്തിൽ ...
••••••••••••
ലിസ് ലോന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo