നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദി - സ്റ്റാസ്റ്റസ് കൊ. (ഒരു ഗോളാന്തര വാർത്ത)


'വയനാം പറമ്പിൽ ബംഗ്ലാവിലെ'... നിലവിലെ താമസക്കാരാണ് പുത്തൻ പണക്കാരൻ കുരുവിളയും, ഭാര്യ സൂസമ്മയും. പ്രായം ഹാഫ് സെഞ്ച്വറിയും കടന്ന് നിൽക്കുന്ന ഇവർ രണ്ട് പേരെ കൂടാതെ.. ആക്ടീവാ സ്കൂട്ടറിൽ വരുന്ന, അടുക്കള ജോലിക്കാരി കൊച്ച്റാണിയും, കൂട്ടിൽ കിടക്കുന്ന കടിയൻ റോട്ട് വീലറുമാണ് ആ വീട്ടിലെ മറ്റംഗങ്ങൾ.
കുരുവിളാ - സൂസൻ ദമ്പതിമാരുടെ മക്കളായ... ബെറ്റിയും, ബിൻസിയും ഫിലാൽ ഡാൽഫിയായിൽ നഴ്സ്മാരാണ്. വിദേശത്ത് പോയ ശേഷം അവരയച്ച് കൊടുത്ത അമേരിക്കൻ ഡോളറിന്റെ പിൻബലം കൊണ്ടാണ് … കുരുവിള ഈ ബംഗ്ളാവ് വാങ്ങിയതും, ബംഗ്ലാവിൽ കുരുവിളയായ് മാറിയതും.
കുരുവിളയുടെ ഭാഷയിൽ പറഞ്ഞാൽ... "ഇമ്മാതിരി കൊട്ടാരം പോലുള്ള വീട്ടിലൊക്കെ താമസിക്കുമ്പോ നുമ്മക്ക് അതിനൊത്ത "സ്റ്റാറ്റസ്കോ " ഒക്കെ വേണം. അത് കൊണ്ട് ഉടുത്ത് കെട്ടിലൊക്കെ നമ്മള് കുറെ നോക്കണം...!" ഇതും പറഞ്ഞ്... അതുവരെ ചട്ടയും, മുണ്ടും ഉടുത്ത് നടന്നിരുന്ന സൂസമ്മയെ ചുരിദാറിടീപ്പിക്കുകയും, വെള്ളമുണ്ടും, വള്ളിച്ചെരുപ്പും ഇട്ട് നടന്ന കുരുവിള സ്വയം പാന്റിലേക്കും ഷർട്ടിലേക്ക് മാറുകയും ചെയ്തു. പിന്നെ കുറെക്കൂടി "സ്റ്റാറ്റസ്കൊ"ക്ക് വേണ്ടി ... ആ ഷർട്ട് പാൻറിനുള്ളിലേക്ക് കയറ്റി ഇൻഷർട്ട് ചെയ്ത് നടന്നെങ്കിലും, കാലിൽക്കിടന്ന വള്ളിച്ചെരുപ്പ് മാറ്റാത്ത കാരണം കാഴ്ചക്കാർക്ക് മുന്നിൽ അതൊരു "ഇൻസൾട്ടായി " മാറുകയാണ് ഉണ്ടായത്.
ഇതും പോരാഞ്ഞ് " സ്റ്റാറ്റസ്കൊ" പിന്നെയും കൂടുമെന്ന ധാരണയിൽ കുരുവിള ഇടക്കൊക്കെ തന്റെ വരയൻ വള്ളിക്കളസം മാത്രമിട്ട് ബംഗ്ലാവിന്റെ മുറ്റത്ത് കൂടി തേരാ പാരാ ഉലാത്തുമായിരുന്നു.. കുരുവിളയുടെ ഈ കോപ്രായം കാണുമ്പോൾ വഴിയേ പോകുന്നവർ ചിരി അടക്കാൻ പാട് പെടും... ഈ ചിരി കാണുമ്പോൾ കുരുവിള ഭാര്യയോട് പറയുന്നൊരു ഡയലോഗുണ്ട് :-
"ഇവന്മാർക്ക് എന്നാ മാങ്ങാ അറിയാവായിട്ടാ?! നാടോടുമ്പം നടുവേ ഓടണം... ഫിലോഡാൽഫിയേലെ കാശൊള്ള സായിപ്പന്മാരൊക്കെ ഇപ്പം ഇതല്യോ പുറത്തെറങ്ങുമ്പം ഇടണത് ... അത് വല്ലോം ഈ മണക്കൊണാഞ്ചന്മാർക്ക് അറിയാമോ…?"
നാടിനൊപ്പം നടുവെ ഓടാനായി പുതുതായ് വാങ്ങിയ ഹൈഹീൽഡ് ചെരുപ്പിട്ട് നടുവ് ലംബ-സ്‌ഥിതിയിൽ നിന്നും ആരം കണക്കാക്കേണ്ട അവസ്ഥയിലേക്ക് വന്ന സൂസമ്മക്ക് കെട്ട്യോന്റെ കോപ്രായങ്ങൾ അത്ര സുഖിക്കാറില്ല... എങ്കിലും ഇതൊക്കെ ''സ്റ്റാറ്റസ്കൊ" കൂടണ പരിപാടി ആണല്ലോ എന്നോർത്ത് അവരങ്ങ് ക്ഷമിക്കും.
അച്ചായൻ വീട്ടിൽ പട്ടിയെ വാങ്ങിയതും, കിച്ചണിൽ ഡ്യൂട്ടിക്ക് കുട്ടിയെ വച്ചതുമൊക്കെ... ഈ ''സ്റ്റാറ്റസ്കോ"ക്ക് വേണ്ടിത്തന്നെ ആയിരുന്നു...! പോരാത്തതിന് കുരുവിള തന്റെ "എനിമിയായി " കണക്കാക്കുന്ന പുത്തൻ വീട്ടിൽ ചാക്കോച്ചനും ഉണ്ട് ഇമ്മാതിരി ഒരു പട്ടിയും, വേലക്കാരി കുട്ടിയും. അവന് ആകാമെങ്കിൽ എനിക്കും ആകാം ... അതായിരുന്നു കുരുവിളയുടെ മനോഭാവം!. അടുത്തിടെ ചാക്കോച്ചൻ തന്റെ വീടിന്റെ മുൻ വാതിലിനരികിൽ പള്ളി മണി പോലിരിക്കുന്ന ഒരു മണി വാങ്ങിത്തൂക്കി... ഒട്ടും മടിച്ചില്ല കുരുവിളയും തൂക്കി അതിലും മുഴുത്ത ഒന്ന്..!
കാര്യം കാശുകാരനൊക്കെ ആയെങ്കിലും മൂന്നാല് കുരുവിളമാരുള്ള ആ നാട്ടിൽ നമ്മുടെ കുരുവിള അറിയപ്പെട്ടിരുന്നത്... "കുരു ഉള്ള കുരുവിള" എന്ന പേരിലായിരുന്നു!. അതിന് കാരണം മൂപ്പർക്ക് മൂക്കിന്റെ ഇടത് ഭാഗത്തായ് ഉണ്ടായിരുന്ന ഗോലിയുടെ വലുപ്പത്തിലുള്ള ഒരു പാലുണ്ണിയായിരുന്നു…! പണ്ട് അതൊരു പ്രശ്നം ആയിരുന്നില്ലെങ്കിലും, മേൽപ്പറഞ്ഞ "കൊ" കൂടിയ, ഈ സമയത്ത് ...കുരുവിളക്ക് അതൊരു നാണക്കേടാണ്!. എങ്ങനെയും ഇതിനൊരു പരിഹാരം കാണണം..കുരുവിള കൂലങ്കഷമായി ചിന്തിച്ചു.
അതിന്റെ ഭാഗമായി ഭാര്യയുമായ് ചർച്ച നടത്തിയ ടിയാൻ... നഗരത്തിലെ ആശുപത്രിയിൽ പോയ് തന്റെ സ്റ്റാറ്റസ് കോക്ക് ഭംഗമായ് നിൽക്കുന്ന... ആ "ഉണ്ട" നീക്കം ചെയ്യാനായ് തീരുമാനമെടുത്തു. അപ്പോഴാണ് ജോലിക്കാരി കൊച്ചുറാണി..
ഈ ആ"ഗോള"... പ്രശ്നത്തിൽ ഇടപെടുന്നത്. കാര്യം വീട്ടുജോലിക്കാരി ഒക്കെ ആണെങ്കിലും...അവൾ ടെക്നിക്കലി അഡ്വാൻസ്ഡും, അഞ്ചാറ് എഫ് .ബി അക്കൗണ്ടിന്റെ ഉടമയും, നാലഞ്ച് വാട്സ് ആപ് ഗ്രൂപ്പിന്റെ അഡ്മിനും, സ്വന്തമായ് 'യു ട്യൂബ്' ചാനൽ ഒന്നുള്ളവളുമായിരുന്നു.
കാര്യമറിഞ്ഞപ്പോൾ കൊച്ച് റാണിയിലെ ' യു ട്യൂബർ' സടകുടഞ്ഞെഴുന്നേറ്റു... ഉടൻ തന്നെ മൊബൈലെടുത്ത അവൾ … യുട്യൂബിൽ പാലുണ്ണി മാറ്റാനുള്ള ചികിത്സാ ടിപ്സിന് വേണ്ടി തിരഞ്ഞു. താമസിയാതെ ഒരു യുടൂബ് വൈദ്യന്റെ പ്രൊഫൈലിൽ കയറിയ അവൾ ഒരു വീഡിയോയും തിരഞ്ഞെടുത്തു... എന്നിട്ടത് മിഷ്ടർ ആൻഡ് മിസ്സിസ്സ് കുരുവിളക്ക് മുന്നിൽ പ്രദർശനത്തിന് വെച്ചു.
വീഡിയോ കണ്ടപ്പോൾ കുരുവിളക്ക് ചില സംശയങ്ങളൊക്കെ തോന്നി...പക്ഷെ പിന്നീട് കേട്ട വൈദ്യന്റെ വിവരണം കക്ഷിയെ അങ്ങ് ഫ്ലാറ്റാക്കികളഞ്ഞു. അവസാനം വൈദ്യൻ പറഞ്ഞ് നിർത്തിയ :- ''നിങ്ങളിതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉടൻ ചെയ്യാനും, പുതിയ വീഡിയോകൾ ആദ്യം തന്നെ കാണുന്നതിന് വേണ്ടി ബെൽ ഐക്കൺ അമർത്താനും ഉള്ള നിർദേശം കൂടി കേട്ടപ്പോൾ, എത്ര മണി വേണേലും ഒറ്റയിരുപ്പിന് ഞെക്കാം എന്ന പരുവത്തിലേക്കെത്തിയിരുന്നു കുരുവിള !.
ഇതും പോരാഞ്ഞ് ...കൂടുതൽ വിശ്വസ്തതക്ക് വേണ്ടി കൊച്ചുറാണി... ഷുഗറിന് പാഷൻ ഫ്രൂട്ടിന്റെ ഇലയും, പ്രഷറിന് ആടലോടകവും, മൂത്രത്തിൽ കല്ലിന് മുക്കുറ്റിയും... യുട്യൂബ് ചികിത്സാപ്രകാരം തിന്ന് ജീവിക്കുന്ന അവളുടെ അമ്മച്ചിയുടെ ജീവ ചരിത്രവും മുതലാളിക്ക് ചുരുക്കി പറഞ്ഞു കൊടുത്തു!. അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ... " പുല്ലും, പള്ളേം തിന്ന് ജീവിക്കാൻ എവടെ തള്ള വല്ല ആടോ, പശുവോ ആണോ...?" എന്നൊരു ചിന്ത കുരുവിളയുടെ മനസ്സിൽ തെളിഞ്ഞ് വന്നെങ്കിലും കാശ് മുടക്കില്ലാതെ "സ്റ്റാറ്റസ്കൊ " കൂട്ടാമെന്നുള്ള സന്തോഷത്തിൽ കുരുവിള ട്യൂബ് ചികിത്സക്ക് വിധേയനാകാൻ തന്നെ തീരുമാനിച്ചു...!
അങ്ങനെ വീഡിയോയിൽ പറഞ്ഞതിൻ പ്രകാരം.. റബ്ബർ പാലിൽ ഒഴിക്കുന്ന ആസിഡും, മറ്റ് അനുസാരികകളും പാത്രത്തിൽ കലക്കി എടുത്ത ... യു ട്യൂബർ കൊച്ച്റാണി നൊടിയിടയിൽ മേജർ സർജ്ജനായ് മാറി. എന്നിട്ട് വൈദ്യൻ നിർദ്ദേശിച്ച പ്രകാരം കുരുവിള മുതലാളിയുടെ "ഗോളം " ആ ആസിഡാദിലേപത്താൽ മൂടിയ ശേഷം അരമണിക്കൂർ കിടന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് അവൾ, തന്റെ പതിവ് കർമ്മമായ ചാറ്റിംഗിൽ വ്യാപൃതയായി.
ഏകദേശം അരമണിക്കൂറോളം സഹിച്ച... പൊള്ളലിനും, നീറ്റലിനും ശേഷം... ലേപം മാറ്റി മുഖക്കണ്ണാടിയിൽ നോക്കിയ കുരുവിള ഞെട്ടിത്തരിച്ച് പോയി …! മുഖത്ത് കുരു ഉണ്ടായിരുന്ന ഭാഗം മുഴുവൻ പൊള്ളിക്കരുവാളിച്ചത് കൂടാതെ, യു ട്യൂബ് ചികിത്സ കൊണ്ട്... ഗോളം നെടുകെപ്പിളർന്ന്,. " രണ്ട് ആഗോളാന്തര പ്രശ്നമായി തിരു മോന്തയിൽ അതാ തിളങ്ങിയങ്ങനെ നിൽക്കുന്നു!.അതോടെ വൈദ്യനും, വൈദ്യന്റെ പിതാമഹ വൈദ്യന്മാർക്കും സ്തുതി ചൊല്ലാനാരംഭിച്ച കുരുവിള... അത് നിർത്തിയത് '' ഈ മറുതായെ ഇപ്പത്തന്നെ ഈ വീട്ടിന്ന് പറഞ്ഞ് വിട്ടേക്കണം... " എന്ന് കൊച്ചുറാണിയെ ചൂണ്ടി നടത്തിയ ആക്രോശത്തോടെ ആയിരുന്നു.
അന്ന് വൈകിട്ട് ആ മോന്തായവും വെച്ച് കവലക്കിറങ്ങിയ കുരുവിളയെ വിരുതന്മാരാരോ... "കുരു പൊട്ടിയ കുരുവിള " എന്ന് വിളിച്ചു തന്റെ "സ്റ്റാറ്റസ്കൊക്ക് " ഭംഗമായി...പുതിയൊരു വിളിപ്പേര് കൂടി വന്ന കലിപ്പിൽ... ശരിക്കും "കുരു പൊട്ടി" വീട്ടിലേക്ക് വന്ന ടിയാൻ ആദ്യം ചെയ്തത്, മുറ്റത്ത് കിടന്ന ഒരു മുട്ടൻ വടിയെടുത്ത് വാതിലിന് മുന്നിൽ തൂക്കിയിരുന്ന മണി തല്ലിപ്പൊട്ടിക്കുക എന്ന കർമ്മമായിരുന്നു!
കാരണം ആ മണി-കണ്ടപ്പോൾ കുരുവിളയുടെ മനസ്സിലേക്കോടി വന്നത് ... "കൂടുതൽ വീഡിയോകൾക്ക് വേണ്ടി ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ അമർത്തുക " എന്ന വൈദ്യന്റെ വാചകവും, ഇതുപോലത്തെ ഒരു മണിയുടെ ചിത്രവും ആയിരുന്നു.
ഗുണപാഠം:- സ്വയം ചികിത്സേന മാർഗ്ഗാനി രോഗം ദൈന്യ കാരകം ... ജഗതിച്ചേട്ടൻ Jpg.
Arun V Sajeev
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot