Slider

കാലയവനികയ്ക്കപ്പുറം - 1

0
'എങ്കിലും ചില രാത്രികളിൽ ഞാറപ്പഴം തിന്നു നീലിച്ച ചുണ്ടുമായി വത്സല വന്നു ചിരിക്കാറുണ്ട്. അമരക്കിളി പറയും പോലെ ഒരു യക്ഷിയെപ്പോലെ സുന്ദരിയായി...'
ഇതിപ്പോൾ ഏഴാമത്തെ തവണയാണ് ഈ കഥ വായിക്കുന്നത് . മുനിഞ്ഞുപെയ്യുന്ന മഴത്തുള്ളികൾ ട്രെയിനിന്റെ വിൻഡോ ഗ്ലാസിൽ തീർക്കുന്ന അവ്യക്തചിത്രങ്ങളിൽ ഞാൻ കോട്ടവീട് തേടുകയായിരുന്നു. ഒരു കഥ വായിച്ച് കഥാകൃത്തിനെത്തേടിയുള്ള യാത്ര ഒരു പക്ഷെ ആദ്യ സംഭവമായിരിക്കില്ല .പക്ഷെ കഥയേക്കാളുപരി അതിലെ കോട്ടവീട് എന്തോ എന്നെ വല്ലാതെ സ്വാധീക്കുന്നപോലെ .
ചിത്ര ..., അതാണവരുടെ പേര്.
അവരുടെ കഥയാണ് അമരക്കിളിയും വത്സലയും കോട്ടവീടും ഒക്കെച്ചേർന്ന 'കാലയവനിക പിന്നിലേക്ക് നോക്കുമ്പോൾ' .
ഏറെ പണിപ്പെട്ടാണ് അവരെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ സാധിച്ചത് . കോതമംഗലത്ത് ചെന്നാൽ നേരിട്ട് കാണാം എന്ന് പറഞ്ഞു .ഇന്റർ സിറ്റിയ്ക്ക് ആലുവയ്ക്കുള്ള ടിക്കറ്റെടുക്കുമ്പോഴും ഈ യാത്ര അനിവാര്യമാണോ എന്നു ചിന്തിക്കാതിരുന്നില്ല.
ആലുവയിറങ്ങി ഒരു ചായ കുടിച്ചിട്ടാവാം യാത്ര എന്ന് നേരത്തെ തീരുമാനിച്ചതാണ് .ചായയേക്കാളുപരി സിഗരറ്റാണ് പ്രധാനം .ചായ കുടിക്കുന്നതിനിടെ മെസഞ്ചറിൽ ചിത്രയെ ഒന്നു കൂടി ശ്രമിച്ചു .നേരത്തെ അയച്ച മെസേജിന് മറുപടി വന്നിട്ടില്ല .അത്രേടം പോയിട്ട് കാണാൻ പറ്റിയിലെങ്കിൽ എന്ന ചിന്ത ഒരു വശത്ത് വളരുന്നുണ്ടായിരുന്നു .ചായക്കടയുടെ മറവിൽ സിഗരറ്റിന് തീ കൊളുത്തുമ്പോൾ മൊബൈൽ ഒന്നു വിറച്ചു .ആദ്യ പുകയെടുത്ത് മെസഞ്ചർ തുറന്നു .ഭാഗ്യം ചിത്രയാണ് ..
"ഞാൻ ആലുവ "
"ഓക്കെ ഒന്നര മണിക്കൂർ കഴിഞ്ഞ് ഞാൻ കോതമംഗലം സ്റ്റാൻഡിൽ നിൽക്കാം ."
"അല്ലാ ... അതേ ...ഞാൻ എങ്ങിനെ തിരിച്ചറിയും ..?"
"ഹേ മിസ്റ്റർ ..നിങ്ങളെ ഞാൻ കണ്ടു പിടിച്ചോളാം. "
ചോദ്യവും ഉത്തരവും പെട്ടന്ന് കഴിയും .ഒരു പ്രത്യേക തരക്കാരി തന്നെ .. നേരിൽ കാണുമ്പോഴും ഇങ്ങിനെത്തന്നെ ആവുമോ ..
ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് പുറം കാഴ്ചകൾ ആവാഹിക്കുമ്പോൾ കോട്ട വീടിന്റെ അകത്തളങ്ങളിൽ എന്നെ വരവേൽക്കാനുള്ള ഒരുക്കങ്ങൾതുടങ്ങിയിട്ടുണ്ടാവും എന്ന് വെറുതേ ചിന്തിച്ചു .അവിടെ ആരാണോ താമസം എന്നു തന്നെയറിയില്ല .വാഴക്കുളവും പെരുമ്പാവൂരും പിന്നിട്ട് ഓടക്കാലിയുടെ പുൽത്തൈല ഗന്ധം എന്നെ ചിന്തകളിൽ നിന്നുണർത്തി .
കോതമംഗലം സ്റ്റാൻഡിലേക്ക് ബസ്സ് കയറുമ്പോൾ മനസ്സ് നൂലുപൊട്ടിയ പട്ടം കണക്കെ സ്വതന്ത്രമായിരുന്നു.
ഹൈറേഞ്ചിന്റെ കവാടം...
ബസ്സിറങ്ങി ചുറ്റുപാടും ഒന്നും വീക്ഷിച്ചു .. സ്ത്രീരത്നങ്ങൾ ആരും തന്നെ എന്നെ ശ്രദ്ധിക്കുന്നില്ല , അവര് എവിടെയാവും ഉണ്ടാവുക ... എന്റെ സൂക്ഷിച്ചുള്ള നോട്ടം കാരണമാവാം പലരും രൂക്ഷമായി നോക്കുന്നുമുണ്ട് ...
എതിർവശത്ത് എന്നെ ശ്രദ്ധിക്കുന്ന ഒരു ചുരിദാറുകാരിയെ കണ്ടു. പക്ഷെ അതൊരു പെൺകുട്ടിയാണ് , വെളുത്ത് മെലിഞ്ഞ് , ഇനി അതായിരിക്കുമോ .. അവൾ എനിക്ക് നേരെ കൈ വീശുന്നുണ്ട് ... ചിത്ര തന്നെ .. ഈശ്വരാ ... ഈ കുട്ടിയാണോ ഇങ്ങനൊക്കെ എഴുതി കൂട്ടുന്നത് ...
എന്റെ നേരെ നടന്നടുക്കുന്ന അവളുടെ മുടിയിഴകൾ അലസമായി കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. പണ്ട് സ്ക്കൂളിൽ ഇംഗ്ലീഷ് ടീച്ചർ പറഞ്ഞത് ഓർമ്മ വന്നു
കെയർലസ്സ് കെയർഫുൾ .... എഴുത്തു പോലെത്തന്നെ എഴുത്തുകാരിയും .
"ചിത്ര" . കൈകൾ നീട്ടി ...
"ഞാൻ അനൂപ് " ഞാനെന്തോ കൈകൾ നീട്ടുന്നതിന് പകരം തൊഴുതു.
മുഖം ഒരു വശം കോട്ടി ഒന്നു ചിരിച്ചിട്ടവർ കൈ പിൻവലിച്ചു .
നിങ്ങൾക്കെന്താണറിയേണ്ടത് ..? എനിക്കീ ചാറ്റിങ്ങിലൊന്നും അധികം താൽപര്യമില്ല .. പരിചയം സൗഹൃദമാണെന്നാണ് എല്ലാവരുടേയും ധാരണ .. അറിയാനുള്ള നിങ്ങളുടെ ആഗ്രഹം ജനുവിൻ ആണെന്ന് തോന്നിയതുകൊണ്ടാ നേരിട്ടു വരാൻ പറഞ്ഞത് . വരൂ...നമുക്കൊന്ന് മാറി നിൽക്കാം ..
നിങ്ങൾ വല്ലതും കഴിച്ചോ ..?"
"നമുക്കവിടെ ചെന്നിട്ട് കഴിച്ചാൽ പോരെ ..?"
ഞാൻ പതിവിലും കൂടുതൽ വിനയം കാണിച്ചു
"എവിടെച്ചെന്നിട്ട് ...? "
"കോട്ടവീട്ടിൽ .. "
അവർ ചിരിച്ചു ... നല്ലോണം പൊട്ടിച്ചിരിച്ചു .ചുണ്ടുകൾ നീലിച്ചു വന്നു .. ഞാറപ്പഴം ...?
ഇല്ല ...!
ഇനി അങ്ങിനൊരു വീടില്ലേ ..? എഴുത്തുകാരെ വിശ്വസിച്ച എന്റെ മണ്ടത്തര മോർത്ത് ഞാനും പുഞ്ചിരിച്ചു.
"മിസ്റ്റർ ... അവിടെ ഇപ്പോൾ ആരുമില്ല .. കഥകൾ ഞാൻ പറയാം വാ .."
ശരവണഭവന്റെ ടേബിളിന് ഇരുവശത്തായിരിക്കുമ്പോഴും എന്റെ മനസ്സ് വിഹ്വലമായിരുന്നു ...
"ആരുമില്ലേ .. അപ്പോൾ അടച്ചിട്ടതാണോ ..?"
"ഉം "
കുറഞ്ഞ സംസാരം വലിയ നിരീക്ഷണം .ഒരു മെന്റലിസ്റ്റിന്റെ
മാനറസിങ്ങൾ അവരിൽ മിന്നി മറയുന്ന പോലെ ... എന്തൊക്കയോ ദുരൂഹതകൾ ..!
വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് ഉയർന്ന് പൊന്തിയ പൂരിയിൽ ഞാൻ അതിവിദഗ്ധമായി ഒരോട്ടയുണ്ടാക്കി അതിന്റെ അഹങ്കാരം തീർത്തു .
കട്ടൻ ചായ മൊത്തിക്കുടിക്കുന്നതിനിടെ അവരെന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു ..
"നിങ്ങൾ സംശയിക്കേണ്ട .കോട്ടവീട് ശരിക്കും ഉണ്ട് , നരസിംഹ കർത്താ പണികഴിപ്പിച്ച , അന്നോളം നാട്ടുകാർ കാണാത്ത തരത്തിലുള്ള ഒരു വീട് .പുള്ളിയ്ക്ക് സിലോണിൽ എന്തോ ബിസിനസ്സായിരുന്നു ,അവിടുന്ന് കൊണ്ടുവന്ന മര ഉരുപ്പടികൾ ആ വീടിന്റെ ആഡംബരത്തിന് മാറ്റുകൂട്ടിയിരുന്നു .വീടിന്റെ മുന്നിലുള്ള മാതിരിക്കുന്ന് ഒരു കോട്ട പോലെ വീടിന് സംരക്ഷണവും നൽകി
കർത്തയും ഫാര്യയുമാണവിടെ താമസിച്ചിരുന്നത് .ഒറ്റ മോനുള്ളതങ്ങ് സിലോണിലായിരുന്നു.
ആഹ്,... പിന്നെ ഒരു സ്ത്രീയും അവരുടെ ഒരു കുട്ടിയും കൂടി അവിടെ ഉണ്ടായിരുന്നു കേട്ടോ ."
ഫാര്യ എന്ന് കേട്ടപ്പോൾ ചിരിയാണോ സംശയമാണോ അതോ സങ്കടമാണോ എന്റെ മുഖത്ത് വന്നതെന്ന് ഞാനൊരുവേള ചിന്തിച്ചു .
"ആയിടയ്ക്കാണ് മലബാറിൽ നിന്ന് ഒരു അബൂബേക്കർ വന്നത് ,പുള്ളിയ്ക് കോയമ്പത്തൂരിൽ പ്രസ്സോ ഏതാണ്ടെന്തോ ബിസിനസ്സായിരുന്നു .. നാട്ടിൽ കുറേ സ്ഥലങ്ങൾ അയാൾ സ്വന്തമാക്കിയിരുന്നു. കർത്ത വീടുംസ്ഥലവും അയാൾക്ക് വിറ്റ് സിലോണിലേക്ക് പോയി . പുള്ളിയുടെ പോക്ക് ആ നാട്ടിൽ ഒരത്ഭുതമായിരുന്നു .അബൂബേക്കറിന് കള്ളനോട്ടിന്റെ ഇടപാടുണ്ടെന്ന
കരക്കമ്പി മൂലം കർത്ത മുഴുവൻ തുകയും നാണയമായിട്ടായിരുന്നു വാങ്ങിയത് .പത്തിരുപത്തഞ്ച് ചാക്ക് നിറയെ പണവുമായി അഞ്ച് കാളവണ്ടിയിലാണ് കർത്തയും ഫാര്യയും കൊച്ചിയ്ക്ക് പോയത് ."
കൈ കഴുകാനായി എഴുന്നേൽക്കുമ്പോൾ ഞാൻ ഫഹദ് ഫാസിലിനെ മനസ്സിൽ ധ്യാനിച്ചു .
"അതേയ് ... ഫാര്യ അല്ല കേട്ടോ ,...ഭാര്യ ... ഭാരതത്തിന്റെ 'ഭ' ."
രൂക്ഷമായനോട്ടം പ്രതീക്ഷിച്ച എനിക്ക് പക്ഷെ ആ മുഖത്തെ ഭാവമാറ്റം കണ്ടിട്ട് വിഷമം തോന്നി ..
കൈകഴുകി പൈസ കൊടുത്ത് ഇനിയെന്താ പ്ലാൻ എന്ന ശങ്കയോടെ ഞാൻ അവരെ നോക്കി .
"നമുക്ക് നടക്കാം "
"ചില കാര്യങ്ങൾ തെറ്റാണെന്നറിഞ്ഞാലും നമ്മൾ തിരുത്തില്ല .. " നടക്കുന്നതിനിടെ ഞാൻ കുറച്ച് ഫിലോസഫിക്കൽ ടച്ചോടെ പറഞ്ഞു , "പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ, എനിക്ക് ഒരു സിഗരറ്റ് വലിക്കണം , പെട്ടന്ന് വരും . പിന്നെ 'ഫ' മാറ്റണ്ട കേട്ടോ .. നമ്മളൊന്നും പൂർണ്ണരല്ലല്ലോ ..."
ആദ്യമായി അവരൊന്നു പുഞ്ചിരിച്ചു .
മുൻസിപ്പൽ പാർക്കിലെ ഒരൊഴിഞ്ഞ ബഞ്ചിൽ അവരിരുന്നു..കുറച്ചൊരു അകലം പാലിച്ചു ഞാനും ..
''അബൂബേക്കർ കോട്ടവീട് വാങ്ങിയെങ്കിലും കർത്തയുടെ കൂടെയുണ്ടായിരുന്ന ആ സ്ത്രീയും കൊച്ചും അവിടം വിട്ട് പോയിരുന്നില്ല .. പുള്ളി പല അടവുകളും പയറ്റി ..ഒടുവിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ആ സ്ത്രീ കൊച്ചിനേയുമെടുത്ത് മാതിരിക്കുന്ന് കയറി .. അതിന് ശേഷം അവരെ ആരും കണ്ടിട്ടില്ല.
ശരിക്കും എന്റെ കഥയിലെ വത്സല അവരാണ് ."
എന്റെ നെടുവീർപ്പ് അൽപ്പം ഉയർന്നു പോയതുപോലെ ..
"ഇവിടുന്ന് എത്ര ദൂരം കാണും, ഇത്രേടം വന്നിട്ട് ആ വീട് ഒന്നു കാണാൻ ഒരു മോഹം ."
" ഒരു ഓട്ടോ പിടിച്ച് പഴയ കോട്ടവീട് എന്ന് പറഞ്ഞാൽ മതി ."
"അബൂബേക്കറിന് പിന്നെന്തു സംഭവിച്ചു...?"
എന്നിലെ ആകാക്ഷ തിളച്ചു മറയാൻ തുടങ്ങി.
എന്തോ ചിന്തിയിലാണ്ട അവരുടെ മിഴികൾ പെട്ടന്ന് കുറുകി....
തുടരും....
അടുത്ത ഫാഗം പിന്നീട്....!
Part 2 - Final Part: - https://www.nallezhuth.com/2019/07/2_19.html
✍️ശ്രീധർ.ആർ.എൻ
Full credits....Chitra Chitra
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo