നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുമ്പളങ്ങിരാത്രിയിലെ ഒരു മീശപ്പ്രണയം.


കുമ്പളങ്ങിയിലെ ഒരു രാത്രി. ചന്നംപിന്നമല്ല ഇച്ചിരി ശക്തമായി പെയ്യുന്ന മഴ. മാക്രികൾ പോക്രാം പോക്രോം കരയുന്നു. ചീവീടുകളുടെ കീ കീ ശബ്ദവും മഴയ്ക്ക് സംഗീതമേറ്റുന്നു. കുറഞ്ഞ വോൾട്ടേജിന്റെ കാരണത്താൽ മങ്ങിയ വെള്ളി വെളിച്ചം പരത്തുന്ന ബൾബിനുച്ചുറ്റും ഈയലുകളുന്മാദനൃത്തം ചവിട്ടുന്നു.
കുമ്പളങ്ങിയിലെ ഒരു ചെറിയവീടിന്റെ മുൻഭാഗത്തെ അരപ്ലേയ്സിൽ കാലും നീട്ടിയിരുന്ന് കായലിൽ പെയ്യുന്ന മഴ നോക്കിയിരുന്ന്, വീടിന്റെ മുകളിലെ ഓടിൽ നിന്ന് വീഴുന്ന മഴവെള്ളത്തിൽ കാലുകൾ നീട്ടിപ്പിടിച്ച് കൈയ്യിലെ കുപ്പിഗ്ലാസ്സിൽ നിന്നും കട്ടൻച്ചായയും മോന്തിക്കുടിച്ചിരിക്കുന്ന നന്ദനും,അജിയും. അവർ കളിക്കൂട്ടുകാരാണ്. പണ്ടേ തുടങ്ങിയ ചങ്ങാത്തം ഒന്നു മുതൽ പത്തു വരേ ഒരേ ക്ലാസ്സിൽ പഠിച്ച് ജയിച്ച് പ്ലസ്സ് ടൂ വരേ ഒന്നിച്ചു പോയി. പിന്നീട് നന്ദൻ പ്ലസ്സ് ടൂ പാസ്സായി കോളേജിൽ പോകാനും, പ്ലസ്സ് ടൂ തോറ്റ അജി പെയിന്റ് പണിക്കും പോയിത്തുടങ്ങി. ഒഴിവു ദിവസങ്ങളിലും ചില ദിവസങ്ങളിൽ രാത്രിയിലും അജിയുടെ കൂടെ പണിക്ക് പോയി കിട്ടുന്ന പൈസ കൊണ്ടാണ് നന്ദൻ കോളേജിൽ പഠിയ്ക്കുന്നത്.
അജിയ്ക്ക് പകൽ പെയിന്റു പണിയും, വൈകിട്ട് കളിക്കൂട്ടുകാരനായ നന്ദനുമായി കളിതമാശ പറഞ്ഞിരിക്കലും, അത്യാവശ്യമാണെങ്കിൽ ചില രാത്രികളിലുള്ള പെയിന്റിംഗും അല്ലാത്ത ദിവസം അതിനു ശേഷം പാതിരാത്രി വരേ FB യിൽ കഥയെഴുത്തുമാണ് . ഇതെല്ലാമാണ് അജിയുടെ തുടർച്ചയായുള്ള ദിനചര്യകൾ.
അജീ ഇന്ന് രാത്രി പെയിന്റിംഗ് ഉണ്ടോ?
ഇല്ലെടാ ഒന്നാമതെ മഴയും തണുപ്പും എല്ലാമല്ലേ, ഇനി മഴയെല്ലാം കഴിഞ്ഞാകാം രാത്രി ജോലിയെല്ലാം.
അപ്പോൾ ഇനി ഇന്ന് രാത്രി കുത്തിയിരുന്നു കഥയെഴുത്താണല്ലേ നിന്റെ ഹോബി, എന്താണ് ഇന്നത്തെ തീം.
എന്തെങ്കിലും എഴുതണം തീരുമാനിച്ചില്ല, മിക്കവാറും ബാലസാഹിത്യത്തിൽ നിന്ന് മൃഗങ്ങൾ കഥാപാത്രങ്ങളായ എതെങ്കിലും കഥയെടുത്ത് കഥാപാത്രങ്ങളെ മനുഷ്യരാക്കി സാമൂഹ്യപ്രതിബദ്ധതയുള്ള തീമാക്കി മാറ്റി എഴുതാൻ പറ്റിയ ഒരു കഥ തെളിഞ്ഞു വരുന്നുണ്ട്.
അതേതു കഥയാണെടാ ഞാനും കൂടെ ഒന്നറിയട്ടെ, അപ്പോൾ പിന്നെ നാളെ കഥ വായിക്കുമ്പോൾ പെട്ടെന്ന് അതിന്റെ അന്തരാർത്ഥം മനസ്സിലാക്കാമല്ലോ?
നന്ദാ, രണ്ടു മൂന്നു കഥകൾ ഓർക്കുന്നുണ്ട്. ഒരെണ്ണം വിശന്നുവലഞ്ഞ രണ്ടു പൂച്ചകൾക്ക് ഇളംചൂടുള്ള ഒരു നെയ്യപ്പം കിട്ടുകയും, നെയ്യപ്പം വീതിയ്ക്കുന്നതിനെ ചൊല്ലി വഴക്ക് തുടങ്ങുകയും അത് മൂത്ത് കൈയ്യാങ്കളിയിൽ എത്തുന്ന സമയത്ത് പ്രശ്നം തീർക്കാൻ കുരങ്ങച്ചന്റെ രംഗപ്രവേശവും, അതിനുശേഷം നെയ്യപ്പം രണ്ടായി മുറിച്ചിട്ട്, അളവ് കൃത്യമാക്കാൻ കള്ളക്കഥ പറഞ്ഞ് മൊത്തം നെയ്യപ്പവും ഉള്ളിലാക്കിയ കഥ അടിച്ചു മാറ്റി പരത്തി വേറെ ഒരു ലവലാക്കിയെടുക്കണം.
അപ്പോൾ മൊത്തം മോഷണമാണല്ലേ?
അല്ലേയല്ല ഇത് ഒരു റീ ക്രിയേഷൻ മാത്രമല്ലേ. ഒഥല്ലോയിൽ നിന്ന് ഇതുപോലെ ഊർജ്ജം ഉൾക്കൊണ്ട് ജയരാജ് കളിയാട്ടം എഴുതിയില്ലേ, അതുപോലെ പല മഹാന്മാരും ചെയ്യുന്നതിന് കുഴപ്പമില്ല, ഞാനിപ്പോൾ ഒരു ബാലസാഹിത്യകൃതിയിൽ നിന്ന് ഒരു തീം എടുക്കാൻ പോകുന്നതാണോ നിന്റെ പ്രശ്നം. ഇവിടെ ഒന്നും പഠിക്കാതെ നടക്കുന്ന ചിലരെല്ലാം ജോലിക്കുള്ള പരീക്ഷയിൽ ഉന്നതറാങ്ക് വാങ്ങുന്നതിനേയെല്ലാം ന്യായീകരിക്കാൻ നിനക്കെന്ത് മിടുക്കാണ്. പാവം എന്നെ വിമർശിക്കാനും.
എന്നാൽ നീ ചുളുവിൽ മഹാനാകാൻ എന്താണെന്നു വച്ചാൽ ചിന്തിച്ചു ചെയ്യ്, എനിക്കിത്തിരി പണിയുണ്ട്.
അതെന്തു പണി സേട്ടൻ പഠിക്കാൻ പോകുകയാണോ?
അതൊന്നുമല്ലടാ ഇച്ചിരി താടിയെല്ലാം വളർന്നത് ഷേവ് ചെയ്യണം , മീശയൊന്ന് വെട്ടിയൊരുക്കി സുന്ദരമാക്കണം.
അത് രാവിലെ ആകാൻ പാടില്ലേ,പാതിരാത്രിയിലാണോ താടിയിലും മീശയിലും താജ്മഹാൽ പണിയുന്നത്.
രാവിലെ എഴുനേറ്റ ഉടനെ റെഡിയായലേ ആദ്യം കാണുന്ന വണ്ടിയിൽ തൂങ്ങിപ്പിടിച്ച് നേരത്തെ കോളേജിൽ എത്താനാവൂ.
പഠിത്തത്തോട് എന്തൊരാത്മാർത്ഥത. ഇത്ര കഷ്ടപ്പെട്ട് രാവിലെ ഓടി കോളേജിൽ എത്തുന്നത് ക്ലാസ്സിൽ കയറിയിരുന്ന് പത്തക്ഷരം പഠിക്കാനല്ലല്ലോ?
ആ മീനുവിന്റെ പ്രേമപുസ്തകത്തിന്റെ നാൾവഴികളിൽ കൈയൊപ്പു ചാർത്താനല്ലേ .
എടാ അജീ ഇതിനാടാ പറയുന്നത് അസൂയയെന്ന്. ചരിത്ര വിദ്യാർത്ഥികൾ ക്ലാസ്സിൽ ഇരുന്നല്ല ചരിത്രം പഠിയ്ക്കണ്ടത് അവർ ചരിത്രത്തിലേയ്ക്ക് തന്നത്താൻ ഊളിയിട്ടിറങ്ങിയാണ് പലതും പഠിച്ചെടുക്കുന്നത്. പിന്നെ നിനക്കെന്താ ഞങളുടെ പ്രേമത്തോട് ഒരു പുച്ഛം . ഞങ്ങളുടേത് നിലാവും നക്ഷത്രവും പോലെയുള്ള പരിശുദ്ധപ്രേമമാണ്. നിഷ്കളങ്കവും, നിഷ്കാമവും , നിസ്തൂലസുന്ദരമായ അനശ്വര പ്രണയമാണ്. ഒരു ശക്തിയ്ക്കും ഞങ്ങളുടെ പ്രേമത്തെ പൊളിച്ചടുക്കാനാവില്ല. മുംതാസും ഷാജഹാനും പോലെ ഞങ്ങളീ പ്രേമമുന്തിരിചഷകം ആവോളം പാനം ചെയ്യും. നീയിതിലിങ്ങനെ ദോഷൈകദൃക്കാവല്ലേ.
അതെല്ലാം കൊള്ളാം പക്ഷെ അവസാനം രമണനും ചന്ദ്രികയും ആയി പ്രേമം പൊളിഞ്ഞ് അവൾ തേച്ചിട്ട് പോയി എന്നു പറഞ്ഞ് പ്രേമമുന്തിരിചഷകത്തിനു പകരം ഓസിയാറിന്റെ ചഷകവും ആയി വരുമ്പോൾ
മദനനായി ഞാനേ കാണൂ എന്ന് മറക്കണ്ട.
അത് പിന്നത്തെ കാര്യമല്ലേ എന്താണെന്ന് വച്ചാൽ അത് അപ്പോൾ ചെയ്യാം. ഇപ്പോൾ നീ ഒന്നു നോക്കിയേ മീശ കട്ടു ചെയ്തതിൽ വലതു വശത്തിനാണോ ഇടതു വശത്തിനാണോ നീളം കൂടുതൽ.
നന്ദാ ഇപ്പോൾ ഇടതു വശത്തിനാണ് ഇത്തിരി നീളം കൂടുതൽ ഇവിടെ ഇത്തിരി കട്ട് ചെയ്ത് ലവലാക്കിയാൽ മതി.
ഇപ്പോൾ ശരിയാക്കിത്തരാം.
ദാ ഇപ്പോൾ ശരിയായില്ലേ.
എടാ മണ്ടാ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പെട്ടെന്ന് ഇത്ര ശരിയാക്കും എന്നോർത്തില്ല, നീ ഇടതു വശത്തെ മീശ ഇപ്പോൾ കൂടുതൽ മുറിച്ച് നശിപ്പിച്ചു.
ഇനി എന്തു ചെയ്യും?
ഷൂവിനനുസരിച്ച്‌ കാലു മുറിയ്ക്കുക എന്ന് കേട്ടിട്ടില്ലേ നീ ശ്രദ്ധയോടെ ചൂണ്ടുവിരൽ കൊണ്ട് ഇടതു വശത്തെ മീശയുടെ അളവെടുത്ത് ആ അടയാളം വച്ച് വലതു വശത്തെ മീശയുടെ അത്രയും നീളം കുറച്ചാലേ ഇനി ശരിയാകുകയുള്ളു.
അജീ നീ പറഞ്ഞ പോലെ കൃത്യനിഷ്ടമായി അളവെടുത്ത് വലതു വശത്തെ മീശ കട്ടു ചെയ്തിട്ടും ആകെ ഏറിയും കുറഞ്ഞും പോയി, ഞാൻ ഒന്നും കൂടെ ലെവലുചെയ്യട്ടേ.
ഇനി ഒന്ന് നോക്കിയേ, ഇപ്പോൾ ലെവൽ എല്ലാം കൃത്യമായില്ലേ, നല്ല വൃത്തി ആയില്ലേ.
നല്ല വൃത്തിയായി , നന്ദാ നീ കണ്ണാടി നോക്കിയിട്ടല്ലേ ഇതൊന്നും ചെയ്യുന്നത്. ഇപ്പോൾ പഴയ സിനിമകളിലെ
മണവാളൻ ജോസഫിന്റെ പതിനൊന്ന് പോലിരിക്കുന്ന മീശയാണ് ഓർമ്മ വരുന്നത്. ഇനി മിക്കവാറും ക്ലീൻഷേവ് ചെയ്യുന്നതായിരിക്കും നല്ലത്.
ഇതിപ്പോൾ ഞാൻ നേരത്തെ പറഞ്ഞ കഥയിൽ കുരങ്ങച്ഛൻ നെയ്യപ്പം കടിച്ചു കടിച്ചു അളവു ശരിയാക്കിയപോലെ നീ കത്രിച്ചുക്കത്രിച്ച് മീശയുടെ കട്ടേംപടോം തീർത്തു കളഞ്ഞല്ലോ, ഇനി മീശ മൊത്തം എടുക്കാതെ എങ്ങിനെ പുറത്തിറങ്ങി നടക്കും.
അതല്ലാതെ വേറെ വഴിയൊന്നുമില്ലേ. അപ്പോൾ എല്ലാം തകർന്നല്ലോ ഈശ്വരന്മാരേ.
ഒരു മീശ പോയതിന് ഇത്രയും ഡെസ്പാകരുത് മച്ചാനേ, പോയതു പോട്ടെ ബ്രോ, പോയ മീശ ഒരു മാസം കൊണ്ട് ഇതിനേക്കാൾ കട്ടിയും കനത്തിലും തിരിച്ചു വരില്ലേ.
പോയ മീശ ഇനി തിരിച്ചു വന്നിട്ടെന്തിനാ, പോയപ്പോൾ എല്ലാം കൈവിട്ടു പോയില്ലേ.
മീശയും,ആശയും, പരിശുദ്ധ പ്രണയവും, ആദ്യ പ്രണയം പോലെ പകരം വയ്ക്കാനാവാത്ത ആദ്യ ചുംബനവും എല്ലാമീ മീശപ്രളയത്തിൽ തകർന്നു പോയില്ലേ.
എടാ നന്ദാ നീയുമിപ്പോൾ ഞാൻ എഫ്ബിയിൽ എഴുതുന്നതു പോലെ പരസ്പരബന്ധമില്ലാത്ത ദുർഗ്രാഹ്യമായ പറച്ചിലാണല്ലോ പറയുന്നത്. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ ഒന്നു പറഞ്ഞു താടാ .
ഇതിൽ ഇത്ര ദുർഗ്രാഹൃതയൊന്നുമില്ല ഇന്നലത്തെ ഞാനും മീനുവും തമ്മിലുള്ള ഒരു രഹസ്യ സംഭാഷണം നിന്റെ മുന്നിൽ പരസ്യം ആക്കിത്തരാം പിന്നെ നീ തന്നേ പറയൂ എന്റെ വിഷമം ന്യായമല്ലേ എന്ന് .
..….... .............
ഒരുമ്മ തരുമോ?
കുമ്പളങ്ങിയിലെ രാത്രികൾ കണ്ടിറങ്ങിയ കുളിരിൽ നന്ദൻ മീനുവിനോട് ചോദിച്ചു.
അതിനെന്താ തരാല്ലോ?
അപ്പോൾ വിറയൽ.
എന്തു വിറയൽ
അല്ല ഇതിലെ നായിക നായകനോട് പറയണില്ലേ എനിക്കും ആഗ്രഹമൊക്കെയുണ്ട്, പക്ഷെ നടക്കണില്ലെടോ എന്ന് .
എന്റെ നന്ദാ അത് സിനിമയിൽ അല്ലെ, ഇതിപ്പോൾ റിയൽ അല്ലെ എനിക്കിപ്പോൾ തനിക്കൊരുമ്മ തരാൻ എന്തു വിറ.
എന്നാൽ ചൂടാറുന്നതിന് മുമ്പ് തന്നേക്ക് .
അത്ര പെട്ടെന്നൊന്നും തരില്ല , ഇത് ഞങ്ങളുടെ ഒരായുധം ആണ്. തീവണ്ടി പോലെ പുകച്ചു തള്ളുന്നത് നിർത്തിക്കാനും. പാറ്റൺ ടാങ്ക് പോലെ കുടിച്ചു വറ്റിക്കുന്നതിന് തടയിടാനും കണ്ട പെണ്ണുങ്ങളയെല്ലാം വായ്നോക്കുന്നത് അവസാനിപ്പിക്കാനും കാമുകിമാരുടെ കൈയ്യിലുള്ള വരുണാസ്ത്രം.
എനിക്കാണെങ്കിൽ ഇത്തരം ദുശ്ശീലങ്ങൾ ഒന്നുമില്ലല്ലോ അപ്പോൾ പിന്നെ എന്തു തടസ്സം.
അതൊന്നുമല്ല വേറെ ഒരു കാര്യം വേണം:
അതെന്താ ചൂരിദാറോ, സ്വർണ്ണ മോതിരമോ എന്താണ് വേണ്ടത്.
എന്റെ പൊന്നു നന്ദാ, അതെല്ലാം ആവശ്യത്തിലും അതിലധികവും എന്റെ അച്ഛൻ വാങ്ങിത്തന്നിട്ടുണ്ട്.
അങ്ങിനെയെന്തെങ്കിലും ഞാൻ ഇതുവരേ ചോദിച്ചിട്ടുണ്ടോ?
അതൊന്നുമില്ല, പിന്നെന്താ വേണമെന്ന് പറഞ്ഞത്.
അതേ നന്ദന്റെ മീശക്ക് ഒരു എടുപ്പില്ല, അതിനാൽ ഒരെടുപ്പ് വേണം.
മീശ എടുക്കാനാണോ ?
മീശ എടുത്താൽ കൊന്നുകളയും. മീശ എങ്ങാനും എടുത്താൽ നമ്മൾ തമ്മിലുള്ള ബന്ധം അന്ന് ബ്രേക്ക്അപ്പ് ആകും.
പിന്നെ എന്നെ കാണാൻ എന്റെ പരിസരത്ത് വരരുത്, എനിക്ക് മീശ ഇല്ലാത്തവരേ കാണുന്നതേ വെറുപ്പാണ്.
പിന്നെങ്ങിനെയാണ് മീശക്ക് എടുപ്പു വേണം, മീശ എടുക്കണം എന്നെല്ലാം പറഞ്ഞാൽ എനിക്കെങ്ങിനെ മനസ്സിലാകും. മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞാലല്ലേ മനസ്സിലാകൂ.
അതിത്ര പറയാനൊന്നുമില്ല, നമ്മൾ ഇന്ന് കണ്ട സിനിമയിലെ ഷമ്മിയുടെ മീശ കണ്ടോ, നല്ല കട്ടിയിൽ വെട്ടിയൊതുക്കി, സൈഡെല്ലാം നല്ല ഫിനിഷിംഗിൽ സ്റ്റൈൽ ആക്കി വച്ചിരിക്കുന്നതു കണ്ടോ, അതുപോലെ മീശയെല്ലാം ശരിയാക്കിയിട്ട് വാ അപ്പോൾ നമുക്ക് ആലോചിക്കാം നേരത്തെ പറഞ്ഞത് തന്നോ വേണ്ടയോ എന്ന്.
അജി ഇനി നീ പറ ഇപ്പോൾ എല്ലാത്തിനും ഒരു തീരുമാനമായില്ലേ.
BY PS Anilkumar 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot