നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മസ്ക്കറ്റീന്ന് സ്നേഹപൂർവ്വം മുത്ത്

.
ഞാൻ മുത്ത് എനിക്ക് യാത്രകൾ വളരെ ഇഷ്ടമാണ്.
ആറാം മാസത്തിൽ ആദ്യമായി വിമാനത്തിൽ കയറിയതു കൊണ്ടാണ് അന്നുമുതൽ വിമാനയാത്ര ഇഷ്ടമായത് എന്നാണ് അച്ഛൻ പറയുന്നത്. വിമാനയാത്ര മാത്രമല്ല ട്രയിൻ യാത്രയും ഇഷ്ടമാണ്.
ട്രയിൻയാത്രയുടെ ഇഷ്ടം തുടങ്ങിയത് ചിലപ്പോൾ ജനിച്ച അന്നു തുടങ്ങിയതായിരിക്കും. ജനിച്ച ദിവസത്തെ എന്തൊരു ഓർമ്മ എന്നു പറഞ്ഞ് പുച്ഛിച്ചു ചിരിക്കുകയായിരിക്കും നിങ്ങളിപ്പോൾ അല്ലേ? എന്നാൽ ഞാനൊരു സത്യം പറയട്ടെ, ജനിച്ച നാൾ മുതൽ ഇന്നീ അഞ്ചു വയസ്സു വരെ ഞാനൊരു ട്രയിനിലും കയറിയിട്ടില്ല പക്ഷെ ഇന്നാൾ സോഹാറിൽ ഒരു ഫെസ്റ്റിവലിന് പോയപ്പോൾ ഒരു ടോയ്ട്രയിനിൽ കയറി എന്നത് സത്യമാണ് പക്ഷെ അത് ഒറിജിനൽ ട്രയിൻ അല്ലല്ലോല്ലേ. അപ്പോൾ പിന്നെ ജനിച്ച ദിവസത്തെ ട്രയിൻ യാത്രയുടെ കാര്യം നുണ പറഞ്ഞതല്ലേ എന്നൊരു എളിയ ചിന്ത എല്ലാവരിലും വന്നല്ലേ. കേട്ടറിഞ്ഞ പരിചയം വച്ച് പറയാം , ജനിച്ചു വീണ എന്നെ കൊണ്ടുചെന്നു കാണിച്ചപ്പോൾ നല്ല സ്വർണ്ണത്തിന്റെ നിറമായിരുന്നല്ലോ എന്നോർത്ത് പാവം അച്ഛൻ സന്തോഷം കൊണ്ട് മതിമറന്നു. പക്ഷെ ആ സന്തോഷത്തിന് ഇച്ചിരിനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ലേബർ റൂമിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് അത് സ്വർണ്ണവർണ്ണമല്ല കുട്ടിയായിരുന്ന എനിക്ക് മഞ്ഞപ്പിത്തത്തിന്റെ ലാഞ്ചനയാണെന്ന് പറഞ്ഞതെന്ന് പിന്നീട് നേഴ്സിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വല്ല്യമ്മ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് അച്ഛനെ കളിയാക്കാറുണ്ട്. ബിൽറുബീന്റെ അളവ് കൂടുതൽ ഉള്ളതിനാൽ ഇൻക്യുബേറ്ററിൽ കിടത്തി ഫോട്ടോത്തെറാപ്പി ചെയ്യണം എന്നു ഡോക്ടർ പറഞ്ഞു.
എന്നേ ഇൻക്യുബേറ്ററിലും കിടത്തി അമ്മയെ അങ്ങേയറ്റത്തുള്ള റൂമിലേയ്ക്കും മാറ്റി. പിന്നെയാണ് അച്ഛന്റെ ഷട്ടിൽ സർവീസും എന്റെ ട്രയിൻ യാത്രയും തുടങ്ങുന്നത്. ഞാൻ ഉണർന്നു കഴിഞ്ഞാൽ ഉടനെ പാലു കുടിയ്ക്കാൻ കരച്ചിൽ തുടങ്ങും. വല്യമ്മ മിസ്കാൾ കൊടുക്കുമ്പോൾ അച്ഛൻ അങ്ങേയറ്റത്തെ റൂമിൽ നിന്ന് ച്ഛുകു ച്ഛുകു, ച്ഛുകു ച്ഛുകു എന്ന് സൂപ്പർസോണിക്ക് ട്രയിനിന്റെ വേഗത്തിൽ പാഞ്ഞെത്തുകയും തിരിച്ച് എന്നെയെടുത്ത് നെഞ്ചിൽ ചേർത്ത് വച്ച് യാത്ര തുടങ്ങും. അച്ഛന്റെ നെഞ്ചിൽ പൂച്ചക്കുഞ്ഞിനെ പോലെ ചേർന്നിരുന്ന് അമ്മയുടെ അടുത്തേയ്ക്കുള്ള പോക്കും. പോണ പോക്കിൽ എന്റെ വിശന്നിട്ടുള്ള കരച്ചിലിന്റെ ചൂളം വിളിയും അച്ഛന്റെ ചെരിപ്പിന്റെ കടകട ശബ്ദവും കൂടെ ആകുമ്പോൾ പാതിരാത്രിയ്ക്കും വെളുപ്പിനുമെല്ലാം ഞങ്ങളുടെ ട്രയിൻയാത്ര ഗുഡ്സ്ട്രയിൻ പോലെ അനുസ്യൂതം തുടരുകയും കോറിഡോറിന്റെ ഇരുവശത്തെ റൂമുകളിൽ താമസിച്ചിരുന്നവരെല്ലാം ഉറക്കം നഷ്ടപ്പെട്ട് ഞെട്ടിയെഴുന്നേറ്റിരുന്ന കദനകഥകൾ അതിനടുത്ത ദിവസങ്ങളിൽ ഇത്തിരി ദേഷ്യത്തോടെ അവരുടെ വായിൽ നിന്ന് അച്ഛന്റെ ചെവിയിൽ എത്തിയിരുന്നതെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് , അതാണ് ആദ്യത്തെ എന്റെ ട്രയിൻയാത്രയെന്ന് കേട്ട് കേട്ട് പഴകിയ ഒരു കഥയുണ്ട് എന്നു പറഞ്ഞതാണ്.
പിന്നീട് ബേബിവാക്കറിൽ ക്യാറ്റ് വാക്കല്ല കൊടുങ്കാറ്റ് പോലെയാണ് പറന്നു നടന്നിരുന്നത് എന്നും കേട്ടിട്ടുണ്ട്. അതിനു ശേഷം വാങ്ങിത്തന്ന മുച്ചക്രസൈക്കിളിൽ നിന്ന് മൂക്കും കുത്തി വീണ് മൂക്കിന്റെ പാലം പൊട്ടിപ്പൊളിഞ്ഞതിനാൽ കുറച്ചു നാൾ കംപ്ലീറ്റ് ബെഡ് റെസ്റ്റ്, അതെല്ലാം കഴിഞ്ഞപ്പോൾ വീട്ടിലെ ശല്യം തീർക്കാൻ എൽക്കേജീൽ കൊണ്ടുചെന്നാക്കി. പിന്നീട് വാങ്ങിത്തന്ന സൈക്കിളിന് രണ്ടു സൈഡിലും രണ്ടു ബാലൻസ് വീലുകൾ ഉണ്ടായിരുന്നത് ഇത്തിരി ബാലൻസ് ആയപ്പോൾ തന്നത്താൻ ഊരി ബൽദിയാ ഡ്രമ്മിൽ കൊണ്ടെക്കളഞ്ഞിട്ട്
പിന്നീട് ആ സൈക്കിളിൽ ആയിരുന്നു ബാക്കിയുള്ള യാത്രകൾ . ഇനി ബൈക്കോടിക്കണം , കാർ ഓടിക്കണം , വിമാനം പറത്തണം എന്നെല്ലാമാണ് ആഗ്രഹം. അതിനൊന്നു വളരണ്ടേ, എത്ര വർഷങ്ങൾ കഴിയണം.
യാത്രകൾപോലെ തന്നെ എനിക്ക് ബിസ്ക്കറ്റും ഒത്തിരി ഇഷ്ടമാണ്, മധുരമുള്ളതും, ഉപ്പുള്ളതും എന്തിന് എരിവുള്ള ബിസ്ക്കറ്റ് വരേ എല്ലാത്തരത്തിലുള്ള ബിസ്ക്കറ്റിനോടും എനിക്കൊത്തിരിയിഷ്ടമാണ്. മൃഗങ്ങളുടെ രൂപത്തിലുള്ള ബിസ്ക്കറ്റുകൾ കൊണ്ട് യുദ്ധം ചെയ്യിക്കുകയും തോറ്റ ബിസ്ക്കറ്റിനെ ഒരു ദയയുമില്ലാതെ കടിച്ചു മുറിച്ചു തിന്നുകയും ചെയ്യാറുണ്ട്. അങ്ങിനെ ബിസ്ക്കറ്റ് തിന്നുകൊണ്ടിരുന്ന ഒരു വൈകുന്നേരമാണ് അച്ഛനോട് ചോദിച്ചത് നമ്മളീ പെരുന്നാളിന് എവിടെയാണ് യാത്രപോകുന്നത്. സലാലയിലേക്കാണോ എന്ന്.
ഇപ്രാവശ്യമല്ല നമ്മൾ സലായിലേയ്ക്ക് പോകുന്നത് , അവിടെ നമുക്ക് പിന്നൊരിയ്ക്കൽ പോകാം. ഇപ്രാവശ്യം നമ്മൾ വലിയൊരു ബസ്സിൽ കുറെ ഫാമിലികളും ആയി മസ്ക്കറ്റിൽ കറങ്ങാൻ ആണ്
പോകുന്നത്.
അതു കൊള്ളാം. അതേതായാലും രസകരമായിരിക്കും, എങ്ങിനെയെങ്കിലും പെരുന്നാൾ പെട്ടെന്ന് എത്തിയാൽ മതിയായിരുന്നു.
പെരുന്നാൾ ദിവസം രാവിലെ തന്നേ എല്ലാവരും ഒത്തുകൂടി. ഞാനെന്നും സ്കൂളിൽ പോകുന്ന ബസ്സ് തന്നേയാണ് എല്ലാർക്കും പോകാനായി റെഡിയാക്കിയിരിക്കുന്നത്. ഡ്രൈവർ മാത്രം വേറെ ഒരു ഒമാനിയാണ്. അച്ചന്റെ കൂട്ടുകാരുടെ മക്കളായ കുറെ തക്കിടുമുണ്ടന്മാരായ ചേട്ടന്മാരും ഗുണ്ടുമണികളായ അവരുടെ അമ്മമാരും പിന്നെ അവരുടെയെല്ലാം അച്ഛന്മാരുടെ കാര്യം പറയുകയേ വേണ്ട എല്ലാവരും നല്ല ഘടാഘടിയന്മാരായ ഹിഡുംബന്മാർ. എല്ലാവരും കൃത്യസമയത്ത് വന്നു. എട്ടു മണിയായപ്പോൾ യാത്ര തുടർന്നു.
നമുക്ക് ആദ്യം കോറം പാർക്കിലേക്ക് പോകാം എന്നു എല്ലാരും കൂടെ പറയുന്നതു കേട്ടപ്പോൾ അതേത് പാർക്കാണ് എന്ന് അച്ചനോട് ചോദിച്ചു. അതിനു കിട്ടിയ മറുപടി മുത്തേ കോറം പാർക്കല്ല.അത് ഖുറം നാച്ചുറൽ പാർക്കാണ്. കുട്ടികൾക്ക് കളിക്കാനുള്ള ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതിനുള്ളിൽ ലേക്കും, ഫൗണ്ടനും എല്ലാം ഉണ്ട് അതെല്ലാം കാണാൻ രാത്രിയിലാണ് ഏറ്റവും ഭംഗി.
മോൾ ഇത്തിരി നേരം ഇരുന്നുറങ്ങിക്കോ അവിടെ ചെന്നിട്ട് കളിക്കേണ്ടതല്ലേ.
കുറെ നേരം വഴിക്കാഴ്ചകൾ കണ്ടിരുന്നു. എന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴിയാണല്ലോ. സ്കൂൾ കണ്ടു പിന്നെ ഇത്തിരി നേരം ഉറങ്ങിപ്പോയി എന്നു തോന്നുന്നു. പിന്നീട് അച്ചൻ വിളിച്ചപ്പോൾ ആണ് എഴുനേറ്റത്. പിള്ളേരായ ഞങ്ങളാണ് ആദ്യം ഓടി ഇറങ്ങിയത്. പാർക്കിന്
അകത്തേക്ക് കടന്നപ്പോൾ നിറച്ച് പച്ചപ്പുള്ള അതിവിശാലമായ പാർക്ക് . ഒത്തിരി ഈന്തപ്പനകളും, പേരറിയാത്ത ഒത്തിരി മരങ്ങളും , മരത്തിൽ നിറച്ച് കിളികളും. കടലാസ് പൂച്ചെടികളും ബുഷ് ചെടികളും ഭംഗിയായി വെട്ടിയൊരുക്കി മതിലുകൾ തീർത്തിരിക്കുന്നതു കാണാൻ എന്തു ഭംഗി . ചെരുപ്പെല്ലാം ഊരിയിട്ട് പച്ചപ്പട്ടുപോലുള്ള പുൽമൈതാനത്ത് ഓടിക്കളിക്കാനും ചേട്ടൻ മാരുടെ കൂടെ പന്തുകളിക്കാനും എന്തു രസം.
പത്തു മിനിട്ട് കളിച്ചില്ല , അതാ തൊട്ടു മുന്നിലൂടെയുള്ള ടാറിട്ട റോഡിലൂടെ ടക് ടക് എന്ന ശബ്ദത്തോടെ നടന്നടുക്കുന്ന കറുത്ത കുതിര, അതിന്റെ മുകളിൽ പേടിയ്ക്കാതിരിക്കുന്ന നല്ലൊരു വെളുത്ത പെൺകുട്ടി, കുതിരയുടെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് കൂടെ വേഗം നടക്കുന്ന പാക്കിസ്ഥാനി, തൊട്ടു പുറകെ മറ്റൊരു കുതിരവണ്ടി പുറകിൽ അഞ്ചാറു പേർക്ക് ഇരിയ്ക്കാവുന്ന സീറ്റെല്ലാം ഉണ്ട് . പുറകിലെ സീറ്റിൽ ഇരിയ്ക്കുന്നത് ആ കുട്ടിയുടെ വീട്ടുകാർ ആണെന്ന് തോന്നുന്നു. എനിക്കും കുതിരപ്പുറത്ത് കേറി യാത്ര ചെയ്യാൻ കൊതി ആയി. ഇത്തിരി നേരം അതു തന്നേ നോക്കി നിന്നു പോയി.
ബസ്സിൽ നിന്നിറങ്ങിയ വലിയവർ എല്ലാം ആദ്യം കണ്ട മരത്തിന്റെ ചുവട്ടിൽ രണ്ടു മൂന്ന് മടക്കുള്ള പ്ലാസ്റ്റിക്ക് പുല്ലു പായ വിടർത്തിയിട്ട് ഭക്ഷണ സാധനങ്ങൾ നിരത്തി തുടങ്ങി. എന്തെല്ലാം ഭക്ഷണ സാധനങ്ങൾ ആണ് ഇവരെല്ലാം കൂടി ഉണ്ടാക്കി കൊണ്ടുവന്നിരിക്കുന്നത് , ചപ്പാത്തി, ഇടിയപ്പം, ഇഡ്ഡലി, ചിക്കൻക്കറി, സാമ്പാർ, ചമ്മന്തി, ബീഫ് വരട്ടിയത് , മുന്തിരി, ഓറഞ്ച്, ആപ്പിൾ, പഴം, പിന്നെ പിള്ളേർക്കായി കേക്കും, ബിസ്ക്കറ്റും, പെപ്സിയും, മിരന്റയും കൂടാതെ നിരത്തിവച്ചിരിക്കുന്ന മിനറൽ വാട്ടറിന്റെ കുപ്പികളും കൂടെ കണ്ടപ്പോൾ പാർക്കിലല്ല ഏതോ ഫുഡ്കോർട്ടിൽ ആണ് എത്തിയതെന്ന് തോന്നി. ദൈവമേ ഇവർ അവധി ആഘോഷിക്കാൻ വന്നതാണോ അതോ ആഹാരം കഴിക്കാനാണോ ഇത്രയും ദൂരം വന്നത്. അവരെ എന്തിനു പറയുന്നു രാവിലെ പുട്ടും പഴവും തട്ടി വിട്ട അമ്മ ചെയ്യുന്നത് നോക്ക്, ഇടിയപ്പത്തിന്റെ മുകളിലേയ്ക്ക് ചിക്കൻ കറി കോരി കൊഴിച്ച് ചുറ്റും കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് കൊട്ടാരം പണിയുന്നു. അച്ചനോ ചപ്പാത്തിയുടെ ഉള്ളിൽ ബീഫ് വരട്ടിയത് വച്ചിട്ട് ചുരുട്ടിയെടുത്ത് സാന്റ്വിച്ചാക്കി തട്ടോട് തട്ട്. എന്റെ കൂടെ പന്തുകളിച്ചിരുന്ന ചേട്ടന്മാരും ഓരോ പാത്രത്തിന്റെ മുകളിലേയ്ക്കും കമിഴ്ന്നു വീണു കിടപ്പുണ്ട്. ഞാനാണെങ്കിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റ് മാത്രമേ കഴിച്ചുള്ളു , പിന്നെ ഇച്ചിരി മിരന്റയും കുടിച്ചു.
കൂടെ കളിയ്ക്കാൻ വന്ന ചേട്ടന്മാരുടെ അച്ഛനമ്മമാരേ കണ്ടാൽ തന്നെ അറിയാം അധികം ഒന്നും കഴിയ്ക്കാത്തവർ ആണെന്ന്.
ഏതായാലും മലപോലെ കൂട്ടി വച്ച ഇഡ്ഡലിയും, ഇടിയപ്പവും എല്ലാം എലി പോലെ ചുരുങ്ങിയപ്പോൾ അവരുടെ എല്ലാം വയർ ഫുട്ബോൾ പോലെ ഉരുണ്ടു വീർത്തു. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കളിക്കാൻ വേറെ പന്തു വാങ്ങണ്ടായിരുന്നു, ഭക്ഷണത്തിനു ശേഷം അവരെല്ലാം നടുവുനിവർക്കാൻ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞും ചരിഞ്ഞും കിടന്നതും പോരാഞ്ഞ് മക്കളായ ഞങ്ങളോട് ഒരുപദേശവും ദൂരെ എങ്ങും പോകല്ലേ , ഇവിടെ ചുറ്റുവട്ടത്തു തന്നേ നിന്നു കളിച്ചോളണേ എന്ന്. ഇങ്ങിനെ ഉത്തരവാദിത്വമില്ലാത്ത അച്ചനമ്മമാരെ കൊണ്ടുവന്നാൽ ടൂറു കുളമാകാൻ വേറൊന്നും വേണ്ട, ഇവരെല്ലാം ഇനി എന്നാണ് നന്നാകുന്നത്.
ഞങ്ങൾ പിള്ളേർ അടുത്തു നിന്ന് കളിച്ച് കളിച്ച് പിന്നീട് കുറച്ച് ദൂരെയെല്ലാം കറങ്ങി നടന്നു, നടന്നാലും നടന്നാലും തീരാത്ത ദൂരം അങ്ങേയറ്റത്തുള്ള റോസ് ഗാർഡൻ വരേ നടന്നെത്തി.
എന്തോരം പൂവ്വുകളാണ്. അകത്തേക്ക് കടന്നില്ല , അച്ഛനമ്മമാർ കൂടെ ഇല്ലാത്തതിനാൽ സെക്യൂരിറ്റിക്കാർ ഓടിച്ചു വിട്ടു.
കുറച്ചു മാറി വലിയ ലേക്ക്, ബോട്ടിംഗ് എല്ലാമുണ്ട്. പക്ഷെ അതിനും കൂടെ മുതിർന്നവർ വേണം. ഞങ്ങളുടെ മുതിർന്നവർ ഇപ്പോഴും ഭക്ഷണം കഴിച്ചതിന്റെ ക്ഷീണത്തിൽ പകുതി ഉറക്കത്തിലാണ്.
ഊഞ്ഞാലും, സീസോയും എല്ലാം പെട്ടെന്ന് മടുത്തു. കളിക്കൊട്ടാരത്തിലെ പടികൾ കയറി ഏതെല്ലാമോ വഴികളിലൂടെ തെന്നിനീങ്ങി അവസാനം പുറത്തേക്ക് തെറിച്ചു വീഴുകയും പിന്നീടും പടികൾ കയറി മുകളിൽ എത്തുകയും തുരങ്കത്തിലൂടെ താഴോട്ട് തെന്നി പോരുകയും ചെയ്തെങ്കിലും കൂടെയുള്ള രണ്ട് തക്കിടി മുണ്ടന്മാരായ ചേട്ടൻമാർക്ക് ഒരു പേടി എങ്ങാനും തുരങ്കത്തിൽ കൂടുങ്ങിയാലോ എന്നോർത്ത് അവർ ആ വഴി വന്നില്ല.
ആകാശത്തോളം ഉയരമുള്ള ജയന്റ് വീൽ , യന്ത്ര ഊഞ്ഞാലുകൾ, അവയെല്ലാം വൈകിട്ടോടെ മാത്രമേ പിള്ളേരേ കേറ്റുകയുള്ളു.
അവിടെയും ഇവിടെയും കറങ്ങിതിരിഞ്ഞ് ഓടിച്ചാടിത്തുള്ളി തിരിച്ചെത്തിയപ്പോഴേയ്ക്കും അച്ചനമ്മമാർ നടുവുനിവർക്കലെല്ലാം കഴിഞ്ഞ് പായും പാത്രങ്ങളുമെല്ലാം അടുക്കിക്കെട്ടി പിള്ളേരായ ഞങ്ങളേയും നോക്കി നിൽപ്പാണ്.
അച്ഛാ കുതിര സവാരി, ബോട്ടുയാത്ര എന്ന് ഞങ്ങൾ കോറസ്സായി പറഞ്ഞതിന് അതെല്ലാം പിന്നെ എന്ന് എല്ലാ അച്ഛന്മാരും കോറസ്സായി മറുപടി പറഞ്ഞതിനെ എല്ലാ അമ്മമാരും കൈയ്യടിച്ച് പിന്താങ്ങി, എന്തൊരൊത്തൊരുമ.
ഇത്തിരി നേരത്തെ യാത്ര ചെന്നു നിന്നത് ഏതോ ഒരു തുറമുഖത്താണ്, നിറച്ച് കപ്പലുകൾ, തിരയിളക്കങ്ങൾ ഇല്ലാത്ത കടൽ, കടൽ നിറയെ പ്രാവു പോലുള്ള ഏതോ കുറെ കിളികൾ. നീണ്ടുകിടക്കുന്ന ഇന്റർലോക്ക് പാകിയ നടപ്പാതകളും, നടപ്പാതയിൽ കടലും കപ്പലുകളും നോക്കി നിൽക്കുന്ന ധാരാളം ജനങ്ങളും. ഇതെവിടെയാണ് എന്ന് ചോദിച്ചപ്പോൾ അച്ഛനാണ് പറഞ്ഞു തന്നത് ഇതാണ് മത്ര. കടൽ നിറയെ അനേകം ദേശാടന പക്ഷികളും, ദേശാടന കപ്പലുകളും കാണാനെന്തു രസം . അഞ്ചാറു നിലയുള്ള ആഡംബര കപ്പലുകളും , ആയുധ കപ്പലുകളും അങ്ങിങ്ങായി നിറച്ചു കിടക്കുന്നതും കണ്ട് കുറെ നേരം നിന്നു . റോഡു മുറിച്ചു കടന്നാൽ മത്ര സൂക്കാണ് പക്ഷെ ഇന്ന് അവിടെ മൊത്തം പെരുന്നാൾ നിരക്കാണ് വേറെയൊരു ദിവസം പോകാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ അങ്ങോട്ട് നോക്കി ശരിയാണ് ഒരു ഉത്സവത്തിനുള്ള ആളുണ്ടവിടെ മൊത്തം, ജനസമുദ്രം .
അങ്ങ് ദൂരെ കുന്നിന്റെ മുകളിൽ കാണുന്ന വെളുത്ത മകുടം കണ്ടോ, അതിൽ കയറിയാൽ കടലും ഈ പരിസരവും എല്ലാം നന്നായി കാണാം, അത് കുന്നിന്റെ മുകളിൽ ഉള്ള റിയാം പാർക്കിൽ ആണ് .
ഇനി നമ്മൾ അങ്ങോട്ടാണ് പോകുന്നത്.
അച്ചാ ഈ മകുടമെന്താണെന്ന് ചോദിച്ചപ്പോഴാണ് അത് മുത്തിന് മനസ്സിലാകാൻ പറഞ്ഞതല്ലേ, ശരിക്കും റിയാം പാർക്ക് ടവ്വർ എന്നാണ് പേര് എന്ന് പറഞ്ഞു തന്നു . താഴെ ഭാഗത്തു പിള്ളേർക്കുള്ള കളിസ്ഥലവും പാർക്കും മുകളിൽ ഭീമാകാരമായ സുഗന്ധധൂപം പൊഴിക്കുന്ന മകുടമാതൃകയാണ്. അതിൽ കയറി നോക്കിയാൽ മത്ര സൂക്കും, നമ്മൾ ഇപ്പോൾ നിൽക്കുന്ന കോർണീഷും, കടലും കപ്പലും എല്ലാം നന്നായി കാണാം. ഒമാന്റെ ഇരുപതാമത്തെ ദേശീയ ദിനത്തിനോട് ചേർന്ന് പണിതതാണ് എന്നും അച്ഛൻ പറഞ്ഞു തന്നു.
അങ്ങിനെ ഞങ്ങൾ റിയാം പാർക്കിൽ എത്തി. മത്രയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ അവിടെ വെളുത്തമാർബിളിൽ ഉണ്ടാക്കിയിട്ടിരിക്കുന്ന ചാരുബെഞ്ചിൽ ഒന്നിരുന്നതും ചന്തിപൊള്ളിയ കാര്യം ഞാൻ ആരോടും പറഞ്ഞില്ലായിരുന്നു , നിങ്ങളും ആരോടും പറയണ്ട. ഇവിടെ ഒരു വെയിലുമില്ല, ചൂടുമില്ല വലിയ മരങ്ങളും മരങ്ങളുടെ തണലും മാത്രം.
അച്ഛാ മോളിൽ മകുടത്തിൽ കയറി കപ്പലും കടലും കാണണ്ടേ എന്നു ചോദിച്ചപ്പോൾ അച്ഛൻ പറയുകയാണ് ഇപ്പോൾ മത്രയിൽ നിന്ന് കണ്ടതല്ലേയുള്ളു, മുകളിൽ വെയിലാണ് ഇത്തിരി വെയിലു കുറഞ്ഞിട്ട് കേറാം എന്ന്.
ഖുറം പാർക്കിലെ പോലെ തന്നേ ഞങ്ങൾ ഇത്തിരി നേരം കളിയ്ക്കാൻ പോയിട്ടു വന്നപ്പോഴേയ്ക്കും അവരെല്ലാം കൂടി പായും നിരത്തി ചോറും ബിരിയാണിയും, സലാഡും, അച്ചാറും, സാമ്പാറും , തോരനും, മോരു കറിയും, തൈരും, പപ്പടവും എല്ലാം നിരത്തി അടുത്ത യുദ്ധത്തിന് തയാറെടുത്തു തുടങ്ങി. യുദ്ധം ചെയ്ത് ക്ഷീണിച്ച് യുദ്ധാവശിഷ്ടങ്ങൾ അടുത്ത കച്ചറാഡ്രമ്മിൽ നിക്ഷേപിച്ച് പായെല്ലാം കൊട്ടി വിരിച്ച് അവരെല്ലാം കൂടെ വട്ടവും നീളവും എല്ലാം കിടന്ന് കുംബകർണ്ണ സേവ തുടങ്ങി.
നാലു നാലര മണിയായപ്പോൾ എല്ലാവരും എഴുനേറ്റു. പിന്നെ ഒട്ടും താമസിച്ചില്ല റിയാം പാർക്ക് ടവ്വറിലേക്ക് കയറി തുടങ്ങി, എത്ര നടന്നിട്ടും കേറിയിട്ടും തീരത്താ പടിക്കെട്ടുകൾ. കാലെല്ലാം വേദനിച്ചു തുടങ്ങി. ഇത്തിരി നേരം എടുക്കട്ടെ എന്ന് അച്ഛൻ ചോദിക്കേണ്ട താമസം ചാടിക്കേറി ഇരുന്നു കൊടുത്തു. കുറച്ചു ദൂരം എന്നെയും എടുത്ത് പടികൾ കയറിതോടെ അച്ഛനും ക്ഷീണിച്ചു. ഇനി ഞാൻ നടന്നോളാം എന്നു പറഞ്ഞ് താഴെ ഇറങ്ങി. വീണ്ടും ഇത്തിരി പടികൾ കൂടെ കയറിയപ്പോൾ ടവറിന്റെ മുകൾഭാഗത്തെ ചുറ്റുവട്ടത്തേയ്ക്ക് എത്തി. ചുറ്റിനടന്നു കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല. ഒരു ഭാഗം നീണ്ടു പരന്നുകിടക്കുന്ന നീലക്കടൽ, നീലാകാശം, പല വർണ്ണങ്ങളിലുള്ള ചെറുതും വലുതുമായ കപ്പലുകൾ. മറുഭാഗം നിറയെ മലനിരകൾ, താഴെ കൂടെ പോകുന്ന കാറും ബസ്സും എല്ലാം കുഞ്ഞു ടോയ് കാറു പോലിരിക്കുന്നു. മത്ര സൂക്കും, ചുറ്റുമുള്ള കടകളും.
തൊട്ടു താഴെയായി ഇത്ര നേരം ഓടിക്കളിച്ച പാർക്കും, പച്ചവിരിച്ച പുൽതകിടികളും.
ചുറ്റും നടന്നു നോക്കുമ്പോൾ പുതിയ പുതിയ കാഴ്ചകൾ.
എത്ര നേരം നോക്കി നിന്നാലും
സമയം പോകുന്നതറിയില്ല. അസ്തമിക്കാൻ പോകുന്ന
സൂര്യന്റെ ചുവപ്പുനിറം കടലിലേയ്ക്ക് പരന്നു തുടങ്ങി.
ഞങ്ങൾ താഴോട്ടും ഇറങ്ങിത്തുടങ്ങി. കേറിയതിനേക്കാൾ എളുപ്പം ആയിരുന്നു ഇറങ്ങാൻ , ഓടിച്ചെന്ന് വണ്ടിയിൽക്കയറി. ബാക്കിയെല്ലാവരും പയ്യെ ഇറങ്ങി വന്ന് വണ്ടിയിൽ കയറാൻ പിന്നെയും കുറേ നേരമെടുത്തു.
അങ്ങിനെ ഒരു പെരുന്നാളവധിയാത്രയും കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള യാത്ര തുടങ്ങി ഞങ്ങൾ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot