നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിതലാട്ടങ്ങളുടെ പുനരാവർത്തനങ്ങൾ

Image may contain: 1 person, closeup
* * * * * * * * * * * * * * * * * * * * *
"ആർ എൻ കനകവല്ലി "
"ഹാജർ "
കനകവല്ലി എഴുന്നേറ്റ് നിന്നു.
"ഇച്ചിരിയില്ലാത്ത നിനക്കാരാ കൊച്ചേ ഇത്ര ഗമണ്ടൻ പേരിട്ടത്? "
കനകവല്ലി ചിരിച്ചു.
പത്താം ക്ലാസിലെ ആദ്യ ദിവസമായിരുന്നു അത് .
"കനക വല്ലിക്ക് ആരാകാനാ ആഗ്രഹം ...? "
ജഗദമ്മ ടീച്ചർ ചോദിച്ചു .
ഒന്നാലോചിച്ചിട്ട് കനകവല്ലി പറഞ്ഞു;
"എനിക്കൊരു വീട്ടമ്മയായാൽ മതി "
ക്ലാസ് ഒന്നടങ്കം ചിരിച്ചു ,ടീച്ചറും .
" അപ്പോ കുട്ടിക്ക് ജോലി വേണ്ടേ ?"
"വീട്ടമ്മയ്ക്ക് ഒരു പാട് ജോലികളില്ലേ ..?"
ഒരു നിമിഷം ടീച്ചർ നിശബ്ദയായി .പിന്നെ പുഞ്ചിരിച്ചു .
ടീച്ചർ പഠിപ്പിച്ച് തുടങ്ങി .
കനകവല്ലി യാതൊന്നും കേട്ടില്ല .
അവൾ സ്വപ്നം കാണുകയായിരുന്നു ;
പ്രസവിച്ച് വളർത്താൻ പോകുന്ന കുട്ടികളെക്കുറിച്ച് ,
നട്ടുനനച്ച് വളർത്താൻ പോകുന്ന അടുക്കളത്തോട്ടത്തെക്കുറിച്ച്,
പൂന്തോട്ടത്തെക്കുറിച്ച് ,ഇളം വെയിൽ ചാഞ്ഞ് സന്ധ്യ പടരും വരെ ചാരിയിരുന്ന് പുസ്തകങ്ങൾ വായിക്കാൻ പോകുന്ന വരാന്തയുടെ തണുപ്പിനെക്കുറിച്ച് ....
പിന്നെയും മൂന്ന് മാസം കഴിഞ്ഞാണ് അവൾ വയസറിയിച്ചത് .
വീട്ടുകാരുടെ നിർബന്ധം കൊണ്ട് കനകവല്ലി പ്രീഡിഗ്രിക്ക് ചേർന്നു.
കല്യാണാലോചനകൾക്ക് പഞ്ഞമുണ്ടായില്ല. കാണാൻ വന്ന പലർക്കും അത്രയ്ക്ക് മെലിഞ്ഞ പെൺകുട്ടിയെ ഇഷ്ടമായില്ല, ചിലരെ അവൾക്കും .
രണ്ടാം വർഷ പരീക്ഷ തീർന്നതിന്റെ പിറ്റേന്ന് അനന്തകൃഷ്ണൻ എന്ന ബിസിനസുകാരൻ അവളെ കണ്ട് മടങ്ങുമ്പോൾ അയാളുടെ മുഖത്ത് ഒരു തെളിഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു ,അതിന്റൊരു തുണ്ട് അവളുടെ കൺകോണിലും ...
പുറമേക്ക് ശാന്തയായിരുന്നപ്പോഴും കനകവല്ലി മനസ്സിൽ ആർത്ത് സന്തോഷിച്ചു .
പരിധികളില്ലാതെ പറന്ന പട്ടത്തിന്റെ ചരട് ആദ്യരാത്രി തന്നെ പൊട്ടി , കനകവല്ലി നിലത്ത് വീണു .
മുഖവുരയൊന്നുമില്ലാതെ അനന്തൻ പറഞ്ഞു;
" പഠിക്കണം വല്ലീ .... പിള്ളേരും പിറുങ്ങിണിയുമൊക്കെ അത് കഴിഞ്ഞ് "
മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനമാരംഭിച്ചപ്പോൾ ഒരു കണ്ണാടിച്ചില്ലിനപ്പുറം തന്നെ മോഹിപ്പിച്ച കുഞ്ഞു സ്വപനങ്ങളെ കയ്യെത്തിത്തൊടാനാകാതെ അവൾ വിഷമിച്ചു .
" ഞാനിതൊന്നും ആഗ്രഹിച്ചിട്ടില്ല ... "
വിതുമ്പിയ ചുണ്ടുകളിൽ ഒരു പ്രണയ ചുംബനം കൊടുത്ത് കവിളിലേക്കിറ്റു വീണ നീർത്തുള്ളികളെ തുടച്ചെറിഞ്ഞ് അയാൾ പോയി .
അവളുടെ ആഗ്രഹമെന്തെന്ന് അയാൾ ചോദിച്ചില്ല.
അയാളൊന്ന് ഇറുക്കി കെട്ടിപ്പിടിക്കുമെന്നും തന്റെ ഏങ്ങലടികൾ ശമിച്ച് ശാന്തമാകും വരെ മൂർദ്ധാവിൽ തഴുകുമെന്നും അവൾ പ്രതീക്ഷിച്ചിരുന്നു .
പഠനത്തിന്റെ സൗകര്യാർത്ഥം അവളെ ഹോസ്റ്റലിലാക്കിയപ്പോൾ കനകവല്ലി ഒന്നുകൂടി തകർന്നു.
അനന്തന്റെ സ്നേഹ പൂർണ്ണമായ നിർബസങ്ങൾ അവളിൽ അസ്വസ്ഥതയായി ...
രാവേറെ ഉറക്കമൊഴിഞ്ഞ് പഠിക്കാൻ ആ അസ്വസ്ഥത അവളെ പ്രേരിപ്പിച്ചു .
എന്നിട്ടും രണ്ടാം വർഷം ക്ലാസ് തുടങ്ങിയപ്പോൾ അനന്തനറിയാതെ കനകവല്ലി ഡോ. ശോശ ഉതുപ്പിന്റെ കൺസൽട്ടിംഗ് റൂമിലിരുന്ന് ആവലാതികളുടെ കെട്ടഴിച്ചു ,കണ്ണീരോടെ ആശങ്കയോടെ , ആശയോടെ ....
ഗൈനക്കോളജിസ്റ്റായ അവർ ചിരിച്ചു ;
" എല്ലാർക്കും പഠിത്തം കഴിഞ്ഞ് മതി ... നിനക്ക് ഇപ്പോഴേ വേണോ ....? മെഡിക്കൽ കോളേജല്ലേ .... പ്രസവമൊക്കെ നമുക്ക് നോക്കാം ... നീ ധൈര്യമായിരിക്ക് ."
കനകവല്ലിയുടെ അടിവയർ ഒന്ന് തരളിതമായി .
മാറിടങ്ങൾ വിങ്ങുകയും കവിളുകൾ അരുണാഭമാവുകയും ചെയ്തു .
കഴിച്ചു കൊണ്ടിരുന്ന ഗർഭനിരോധന ഗുളികകൾ വെയ്സ്റ്റ് ബിന്നിലെറിഞ്ഞ് ,ശോശ ഉതുപ്പ് നൽകിയ അയണും ഫോളിക്കാസിഡും അവൾ കഴിച്ചു തുടങ്ങി.
കണക്ക് കൂട്ടിയെടുത്ത ദിനങ്ങളിൽ അനന്തനോടൊപ്പം തന്നെ ഉറങ്ങി .
വീണ് കിട്ടുന്ന ഇടവേളകളിൽ അനന്തനവളെ പരിധികളില്ലാതെ സ്നേഹിച്ചു.
മാസങ്ങൾ കടന്ന് പോയി .
അനന്തനവളെ കളിയാക്കി ...
"എന്തിനാണിത്ര ധൃതി ....? കൊച്ചിനേം കൊണ്ട് ക്ലാസിൽ പോകാൻ പറ്റുമോ വല്ലീ ...."
അവളുടെ മുഖം വാടി ...
"പഠിത്തം കഴിയട്ടെ കൊച്ചേ ...."
അയാളവളെ നിർബന്ധിച്ചു .
ആഴ്ചാവസാനങ്ങളിലെ സായാഹ്നങ്ങളിൽ ഇരുൾ നിറയും വരെ അവളെയും കൂട്ടി പട്ടണത്തിലെ തിരക്കുകളിലൂടെയോ കായലോരത്തെ ആർദ്ര നിമിഷങ്ങളിലൂടെയോ നടക്കുമ്പോൾ അനന്തൻ അവളുടെ ഭാവിയെക്കുറിച്ചു മാത്രം പറഞ്ഞു...
അത് അയാളുടെ സ്വപ്‌നങ്ങൾ ആയിരുന്നു.
നനഞ്ഞ കണ്ണുകളോടെ അവളെ കണ്ടപ്പോൾ ശോശ ഉതുപ്പ് ചിരിച്ചു.
"ഇതിന്നാത്തെങ്ങനെയാ കൊച്ചേ ഒരു കൊച്ചു കിടക്കുന്നത്...? നീ വല്ലതുമൊക്കെ തിന്ന് ഒന്ന് നന്നാക്...... "
ടോണിക്കിനെഴുതവെ സാരിക്കിടയിലൂടെ കണ്ട ആലില വയറിന്റെ പിടച്ചിൽ അവളുടെ കണ്ണുകളിലും കണ്ട ഡോക്ടർ നിശബ്ദയായി.
മാസം തോറും അടിവയറിന്റെ അഗാധ നിഗൂഢതയിലെവിടെയോ വിരിയുന്ന അജ്ഞാത പുഷ്പം പരാഗരേണുക്കളെത്തിയിട്ടും ഫലമാകാതെ കൊഴിഞ്ഞ് വീഴുന്നത് പതിവായപ്പോൾ ഹൃദയ നൊമ്പരം കണ്ണുകളിലൂടെ ഒഴുകി; ഒന്നും രണ്ടും ദിവസം ...
അനന്തൻ അവളുടെ പുണ്യമാണെന്ന് വിട്ടുകാരും നാട്ടുകാരും പറഞ്ഞു .
അയാൾ അഭിമാനം കൊണ്ടു. ആ പുണ്യത്തിന് സന്തോഷമാകാൻ അഭിമാനത്തിന് ക്ഷതമുണ്ടാകാതിരിക്കാൻ മെഡിക്കൽ ബുക്കുകളുടെ ചുവട്ടിൽ അവൾ ചടഞ്ഞിരുന്നു ...
അതൊരു പുതു ജന്മമായിരുന്നു...
ചിതൽ ജന്മം ...
പുസ്തകങ്ങളിലെ അറിവുകളെ കാർന്നെടുക്കാൻ ശ്രമിക്കുന്ന താൻ ചിതലാണ് ...
പുസ്തകങ്ങളിലെ അക്ഷരങ്ങൾ ചിതലുകളാണ് ......
ചിലപ്പോഴവ ഓടിപ്പോകും , ചിതറി നടക്കും.....
ചിലപ്പോൾ ശാന്തരായിരിക്കും .
അറിവിന്റെ പുറ്റുകളെ പടുത്തുയർത്തും .
ജീവാംശം വറ്റിവരണ്ട് മരണത്തിലേക്ക് വീണ് ചെതുക്കിച്ച തടികളിലേക്ക് ചിതലേറി വരുന്ന പോലെയാണ് രോഗാണുക്കൾ ശരീരത്തിലേക്ക് പടരുന്നത് ...
അവയെ എന്തിനാണ് ബാക്ടീരിയ , വൈറസ് എന്നൊക്കെ വിളിക്കുന്നത് ..
ഒക്കെയും ചിതലുകളാണ് ...
ആവർത്തിക്കപ്പെട്ട സ്വപ്നമായി ചാരനിറമുള്ള പ്രതലത്തിൽ നിന്ന് നൃത്തം ചെയ്യുന്ന ന്യൂറോണുകളുടെ ശിഖരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിതലുകളുടെ ദുർമുഖങ്ങൾ അവളുടെ ഉറക്കത്തെ പാതിയിൽ മുറിച്ചു .
ചിലപ്പോഴൊക്കെ ശേഷിച്ച ഉറക്കത്തെ കവർന്നെടുത്തു .
റെക്കോഡുകളിൽ വരച്ചിട്ട പല തരം കോശങ്ങളിലെ ചിതൽ രൂപങ്ങളെ കനകവല്ലി വേർതിരിച്ചെടുത്തു .
ഹോസ്റ്റൽ മുറ്റത്തു നിന്ന് ശേഖരിച്ച ചിതലുകളെ ക്ലോറോഫോമിലിട്ട് മയക്കി പത്തോളജി ലാബിലെ മൈക്രോസ്കോപ്പിനടിയിൽ വച്ച് അവയുടെ പല്ലുകൾ കണ്ടെത്താൻ ശ്രമിച്ച അവളെ ലാബ് അസിസ്റ്റൻറ് നല്ലതുപോലെ വഴക്കു പറഞ്ഞു.
ഉത്തരക്കടലാസുകളിൽ അവളെഴുതിയ ചിതൽ തിയറികൾ അവൾ തന്നെ വെട്ടിയെഴുതി .
ചിതലുകൾ പേപ്പറിൽ മാർക്കാവില്ല ....
ഗൈനക്കോളജി ക്ലാസിൽ സൈഗോട്ട് ഫോർമേഷനെക്കുറിച്ച് പഠിപ്പിച്ചപ്പോൾ വാൽ മാക്രിയുടെ രൂപം വെടിഞ്ഞ് ചിതൽ രൂപം വീണ്ട പുംബീജങ്ങൾ മൽസരിച്ച് നീന്താൻ മറന്ന് അരിച്ചരിച്ച് ഇഴഞ്ഞ് നീങ്ങി ലക്ഷ്യത്തിലെത്താനാവാതെ കിതച്ച് വീണ് മരിച്ചുണ്ടായ ശവക്കൂനകൾക്ക് മുകളിലേക്ക് നൊമ്പരം താങ്ങാനാവാതെ ഗർഭപാത്രം ഒരു രക്ത പുഷപം സമർപ്പിച്ചു .
കനകവല്ലിയുടെ വസ്ത്രങ്ങൾ നനച്ച് ചുവപ്പ് പുറത്തേക്കൊഴുകി .
പനിനീർപ്പൂവിന്റെ താരള്യതയോടെ ഇളം ചുടുള്ള ഒരു കുരുന്നു മേനി അവളുടെ കയ്യിലേക്ക് ആദ്യമായി പിറന്നു വീണ നിമിഷം , അവളുടെ ഹൃദയത്തിലേക്ക് ഒരായിരം ചിതലുകൾ ഇരച്ച് കയറി ....
അവ അവളുടെ നെഞ്ചിലും അടിവയറിലും ഇക്കിളിയിട്ടു .
പിന്നെ ,നീറിപ്പിടിക്കുന്നൊരു നൊമ്പരമായി എന്തൊക്കെയോ കാർന്ന് തീന്ന് പരതി നടന്നു .
അവൾക്ക് സ്തനങ്ങളിൽ കട്ടുകഴച്ചു . അവിടെ നിന്നും വേദനയുടെ ഒരു നൂൽ കക്ഷത്തിലേക്ക് നീണ്ടു പോയി .
മുലപ്പാലുണ്ണുന്ന കുഞ്ഞു നിർവൃതികളിലേക്ക് കണ്ണുനട്ടിരിക്കുന്ന അമ്മമാരോട് കനക വല്ലിക്ക് അസൂയ തോന്നി ..
ചുരുട്ടിപ്പിടിച്ചിരിക്കുന്ന കുഞ്ഞുകൈകളിലേക്ക് ചൂണ്ടുവിരൽ തിരുകി, അവരതിൽ മുറുകെപ്പിടിക്കുമ്പോൾ അവൾ സ്വയം മറന്ന് നിന്നു .
വീർത്തുന്തിയ ഉദരങ്ങളിൽ കൈപ്പടമമർത്തി ത്രസിപ്പിക്കുന്ന ചലനങ്ങളേറ്റു വാങ്ങി , ഹൃദയത്തിലേക്കരിച്ചു കയറുന്ന ചിതൽ നോവുകളാൽ ഏതോ ചുഴികളിലേക്ക് എടുത്തെറിയപ്പെടുകയും ആഴങ്ങളിൽ ശ്വാസം മുട്ടി കൈകാലിട്ടടിച്ച് കിതച്ചുയർന്ന് വീണ്ടും താണു പോവുകയും ചെയ്തു .
സർജറി പോസ്റ്റിംഗിന്റെ ആദ്യ ദിനം അവൾ തിയേറ്ററിലായിരുന്നു .
കർപ്പൂര ഗന്ധമുള്ള തിയറ്റർ മാസ്കിലൂടെ പച്ചച്ചോരയുടെ മണം അരിച്ചു കയറി . സുന്ദരിയായ ഒരു യുവതിയിൽ നിന്ന് മറിച്ച് മാറ്റപ്പെട്ട അർബുദം ബാധിച്ച സ്തനങ്ങൾ ഉറക്കം നഷ്ടപ്പെടുത്തുന്ന ചിതലസ്വസ്ഥതകളായി .....
ഇനിയും ഗർഭം ധരിച്ചിട്ടില്ലാത്ത അവളിനി ജീവിക്കുന്നതെന്തിനാണ് ?
ചീഫ് സർജനായ ശർമ്മ ഡോക്ടറോട് അവൾക്ക് പക തോന്നി .അവളുടെയുള്ളിൽ വിശന്ന് വലഞ്ഞ ഒരു പിഞ്ചു പൈതൽ ചുണ്ടുപിളർത്തിക്കരഞ്ഞു .
എന്നിട്ടും , അവൾ ജനറൽ സർജറിയിൽ പി ജിക്ക് ചേർന്നു ;അനന്തന് വേണ്ടി.
ശർമ്മ ഡോക്ടറുടെ പ്രിയ വിദ്യാർഥിനി ശോശ ഉതുപ്പിന്റെ സ്ഥിരം പേഷ്യന്റായി .
ചുവന്ന ദിനങ്ങളെത്താൻ വൈകിയപ്പോൾ റിസൽട്ടിന് വേണ്ടി ബയോക്കെമിസ്ട്രി ലാബിന്റെ മുന്നിൽ നിന്നപ്പോൾ അവളൊരു സാധാരണ പെൺകുട്ടി ആയിരുന്നു ...
വിരലുകളിൽ തെരുപ്പിടിച്ച് ഏതൊക്കെയോ പ്രാർത്ഥനകൾ മനസ്സിൽ ആവർത്തിച്ച് ചൊല്ലി ,നിമിഷങ്ങളുടെ അനന്തമായ ദൈർഘ്യത്തിൽ അസ്വസ്ഥമായി ചിതൽക്കാലുകളുടെ അരിച്ചു കയറലിനെ ഭയന്ന നിമിഷം കൺഗ്രാജുലേഷൻസ് പറഞ്ഞ് റിസൽട്ട് തന്ന ലാബസിസ്റ്റന്റിനെ അവൾ കെട്ടിപ്പിടിച്ചു .
ആദ്യമായി സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
അനന്തൻ ഏറെ സന്തോഷമൊന്നും പ്രകടിപ്പിച്ചില്ല .
"പി ജി കഴിഞ്ഞിട്ടു മതിയായിരുന്നു ."
അയാൾ പറഞ്ഞു .
വിശന്ന ചിതലുകൾ അവളുടെ തലച്ചോറിലേക്ക് പാഞ്ഞുകയറി .
"തനിക്ക് പ്രയാസമാകാതിരിക്കാനാടോ"
അനന്തനവളെ ആശ്വസിപ്പിച്ചു. അവൾക്കിഷ്ടമുള്ള ഗസലുകൾ നിറച്ച കാസറ്റുകളും ഒരു ടേപ് റെക്കോഡറും അയാൾ സമ്മാനമായി നൽകി ..
"നീയെപ്പോഴും സന്തോഷമായിരിക്കണം
വല്ലീ "
അവൾ ചിരിച്ചു ,സന്തോഷത്തോടെ .
രണ്ടാം മാസം അനന്തനോടൊപ്പം പോറ്റി ഹോട്ടലിൽ നിന്ന് മസാല ദോശ കഴിച്ച്‌ , അനന്തന്റെ കൈകളിൽ മുറുകെപ്പിടിച്ച് അവൾക്ക് മാത്രമായി അയാൾ പറഞ്ഞ കുസൃതികളിൽ മനസ് നിറഞ്ഞ് ചിരിച്ച് പടികളിറങ്ങവേ കാലിടറി അവൾ വീണു.
ഹോസ്പിറ്റലിൽ എത്തും മുൻപേ ചൂഴ്ന്ന് കുത്തുന്ന ഒരു വേദനയോടെ രൂപം പ്രാപിക്കാത്ത ഒരു കുഞ്ഞു ജീവിതം അവളിൽ നിന്ന് അടർന്ന് പോയി .
ഡി ആൻഡ് സി ചെയ്ത് സെഡേഷനിൽ നിന്നുണർന്നപ്പോൾ അടിവയറിനെ കൊത്തിനുറുക്കി വേദനിപ്പിക്കുന്നത് കടിച്ചു തൂങ്ങിക്കിടക്കുന്ന ചിതലുകളാണെന്ന് അവൾ ശോശ ഉതുപ്പിനോട് തറപ്പിച്ചു പറഞ്ഞു .
നെഞ്ചിനകത്ത് ഞെരുങ്ങിയിരുന്ന സങ്കടത്തിന്റെ കനൽ വേദനയുടെ വള്ളികളായി പടർന്നു ....
തോരാതെ പെയ്യുന്ന മിഴികൾ തുടച്ച് തുടച്ച് അനന്തൻകാവലിരുന്നു. പിന്നീട് അയാളുടെ ബന്ധുവീട്ടിൽ ഒരു നൂലുകെട്ടു ചടങ്ങിന് പോയപ്പോഴാണ് അവൾക്ക് പുതിയൊരു വിളിപ്പേര് കിട്ടിയത്. കൊതിയോടെ ഉളളം കയ്യിലേക്ക് കോരിയെടുത്ത കൊഴുത്തുരുണ്ട ഉണ്ണിയെ ഒന്നുമ്മ വയ്ക്കും മുൻപ് പ്രായമായൊരു സ്ത്രീ പിടിച്ചു വാങ്ങി.
"മച്ചികൾ കൊച്ചിനെ എടുത്താലേ
അതിനത് കേടാ "
കുറ്റപ്പെടുത്തലുകളുടെ, അവജ്ഞയുടെ, സഹതാപത്തിന്റെ നോട്ടങ്ങൾ ചുറ്റിനും പുറ്റു പടുത്തുയർത്തിയിട്ടും , നടുവിൽ ജീവനോടെ ദ്രവിക്കപ്പെട്ടിട്ടും , ദഹിക്കപ്പെട്ടിട്ടും അവളൊരു വിളറിയ ചിരി ചിരിച്ചു .
അഭിമാനം നഷ്ടമായവളുടെ ,തോറ്റുപോയവളുടെ പൊള്ളയായ ചിരി .
കണ്ണുകളിൽ നിന്ന് നിറമില്ലാത്ത ചിതലുകൾ കവിളുകളിലൂടെ നെഞ്ചിലേക്കുരുണ്ടു വീണു .
കാർന്നുതിന്നു .....
ഡോക്ടർ ശോശ ഉതുപ്പ് വിദേശത്തേയ്ക്ക് പോയപ്പോൾ കനക വല്ലി പുതിയ ഗൈനക്കോളജിസ്റ്റുകളെ തേടി .
അവരിൽ പലർക്കും അർബുദം കാർന്ന സ്തനങ്ങളെ അതിവിദഗ്ദ്ധമായി നീക്കം ചെയ്യുന്ന കൊച്ചു ഡോക്ടർ തങ്ങളുടെ പേഷ്യന്റാണെന്നതിൽ അഭിമാനമായിരുന്നു.
ഒരു രാത്രി അനന്തന്റെ നെഞ്ചിൽ മുഖമിട്ടുരുട്ടി അവൾ ഏങ്ങലടിച്ച് കരഞ്ഞു .
നെഞ്ചിലേക്ക് ചേർത്ത് ഒന്നാശ്വസിപ്പിച്ച അയാളുടെ കൈകൾ അയാളിൽ വികാരമുണർത്തുന്ന അവളുടെ സ്ത്രീത്വങ്ങളിലേക്ക് വിശന്നരണ്ട ചിതലുകളായി അരിച്ച് കയറിയപ്പോൾ അവൾക്കനന്തനോട് വെറുപ്പ് തോന്നി.
' തന്നെക്കുറിച്ച് അനന്തേട്ടൻ എന്താണ് മനസ്സിലാക്കുന്നത് ? '
മുൻപ് ഉറക്കത്തിൽ അവളിലേക്കരിച്ചെത്തുന്ന ചിതൽ വിരളുകളെ അവൾക്കേറെ ഇഷ്ടമായിരുന്നു .
"ചിതലുകൾ നികൃഷ്ട ജന്മങ്ങളാണ് ."
അവൾ പിറുപിറുത്തു.
"എന്താ വല്ലീ ?"
"എനിക്ക് സംസാരിക്കണം അനന്തേട്ടാ .....പുറത്തെവിടെയെങ്കിലും പോയിരുന്ന് "
അവൾ ക്ഷീണിതയായിരുന്നു .
ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകും മുൻപ് അവൾ പലവട്ടം പറഞ്ഞു ; 'എനിക്ക് സംസാരിക്കണം'
അതിനൊരവസരം നൽകാതെ തിരക്കുകൾ ഇരുവരെയും കബളിപ്പിച്ചു കൊണ്ടിരുന്നു .
അറുത്തുമാറ്റപ്പെടുന്ന സ്ത്രീത്വങ്ങളിൽ നിന്ന് ഇറ്റുവീഴുന്ന ചോരത്തുള്ളികളിൽ നിന്ന് ,തരിശ് ഭൂമിയിലേക്ക് നോക്കി കണ്ണീർ പൊഴിക്കുന്ന അപകർഷത വേവുന്ന പെൺ മുഖങ്ങളിൽ നിന്ന് ,ഷിഫ്റ്റുകൾക്കിടയിലെ യാന്ത്രിക ജീവിതത്തിന്റെ വിരസതയിൽ നിന്ന് ,രാക്ഷസമുഖമുള്ള ഈർച്ചവാൾ പല്ലുകളുള്ള ഞണ്ടുകാലുകളുള്ള ചിതലുകൾ കനകവല്ലിയിലേക്ക് പടർന്നു കയറുകയും അവളെ സംഭ്രമത്തിലാക്കുകയും ചെയ്തു.
സ്വപനങ്ങളുടെ ചാവു ഭൂമിയിൽ താൻ ബലിയിടേണ്ടതാർക്കാണ് ??
തന്നിലേക്കരിച്ചു കയറുന്ന ചിതൽ വികാരങ്ങളെ തുരത്തി യെറിയാൻ കളം വരച്ച് മന്ത്രം ജപിച്ച് ഹോമകുണ്ഡം തീർത്ത് ഹവിസ് നിവേദിക്കേണ്ടത് ആർക്കാണ് ...?
എവിടെ നിന്നോ കേട്ട ഒരു ചോരക്കുഞ്ഞിന്റെ കരച്ചിൽ അവളുടെ ചിന്തകളിൽ മറുപടിയായി.
ജനറൽ സർജറിയിൽ ഉപരി പഠനത്തിനായി അവൾ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയപ്പോൾ അനന്തൻ സന്തോഷവാനായിരുന്നു .
എയർപോർട്ടിൽ വച്ച് കനക വല്ലി ഇത്രമാത്രം പറഞ്ഞു ;
"ഞാനിതൊന്നും ആഗ്രഹിച്ചിട്ടില്ല അനന്തേട്ടാ .... ഞാനിതൊന്നുമല്ല മോഹിച്ചത് .. "
മറ്റനേകം മനുഷ്യരുടെ നടുവിൽ നിന്ന് പിന്നീടൊന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ അവൾ യാത്രയായി ....
അത് സന്തോഷമാണെന്നേ അനന്തൻ കരുതിയുള്ളൂ ....
പേരിനൊപ്പം ഉന്നത ബിരുദങ്ങൾ എഴുതിച്ചേർത്ത് മൂന്നുവർഷത്തിന് ശേഷം തിരികെയെത്തി ;
ഡോക്ടർ ആർ എൻ കെ ആയി.
പഠിച്ച സ്കൂളിന്റെ ആദരമേറ്റുവാങ്ങവേ , വീട്ടമ്മയാകാനാഗ്രഹിച്ച പെൺകുട്ടി കീഴടക്കിയ ഉയരങ്ങളെക്കുറിച്ച്, അതിനവളെ പ്രാപ്തയാക്കിയ ഭർത്താവിന്റെ വലിയ മനസ്സിനെക്കുറിച്ച് ജഗദമ്മ ടീച്ചർ വാചാലയായി.
അവളുടെ കണ്ണിൽ നിറഞ്ഞത് ആനന്ദാശ്രുക്കളാണെന്നേ അവരും കരുതിയുള്ളു ......
അവളിൽ ഗൈനക്കോളജിസ്റ്റുമാർ നിസഹായരായി .
എണ്ണമറ്റ മെഡിക്കൽ റിപ്പോർട്ടുകൾ അവൾ മുറ്റത്തിന്റെ കോണിലെ ചിതൽപ്പുറ്റിലേക്ക് കുടഞ്ഞിട്ടു .
മനസ്സിൽ കനം പിടിച്ച മാറാലകൾ എവിടേക്കാണ് കുടഞ്ഞിടാൻ പറ്റുക ...?
അനന്തനും മനസുകൊണ്ട് കരഞ്ഞു തുടങ്ങിയിരുന്നു ...
കനകവല്ലി ആയിരുന്നു ശരി എന്ന തിരിച്ചറിവിൽ അയാൾ നൊന്തുഴറി .....
അവളുടെ മുന്നിലൊന്ന് കരയാൻ , മാപ്പു ചോദിക്കാൻ അയാൾക്ക് കഴിഞ്ഞില്ല .
കനക വല്ലി എപ്പോഴും തിരക്കിലായിരുന്നു .
അവൾ വല്ലാതെ മെലിഞ്ഞു .
തിരക്കിട്ട കുളിക്കിടയിൽ വിരലുകൾ യാദൃശ്ചയാ കണ്ടെത്തിയ കക്ഷത്തിലെ മുഴയിൽ നിന്നാരംഭിച്ച ആശങ്കകൾ സ്തനാർബുദം സ്ഥിതീകരിച്ച റിപ്പോർട്ടിൽ നിന്ന് ചിതലുകളായി അവളുടെ മാറിടത്തിലൂടെ ചിതറി നടന്നു ....
അന്ന് കനക വല്ലിയുടെ നാല്പതാം പിറന്നാൾ ആയിരുന്നു .അവൾക്ക് വേണ്ടി മാത്രമായി കായലോരത്തെ പ്രശസ്തമായൊരു റസ്‌റ്റോറന്റിൽ അനന്തനൊരുക്കിയ കാൻഡിൽ ലൈറ്റ് ഡിന്നറിന് മുന്നിലിരുന്ന് അവൾ ഉരുകിയൊഴുകിക്കരഞ്ഞു ....
"ആരാണ് അവയ്ക്ക് ഞണ്ടുകളുടെ രൂപം കൊടുത്തത് ....."
അയാൾക്കൊന്നും മനസ്സിലായില്ല.
"അവയ്ക്ക് വേണ്ടിയിരുന്നത് ചിതൽ മുഖമാണ് ... കുനുത്ത് കൂർത്ത് കാണാത്ത പല്ലുകളുള്ള ചിതലുകളാടെ മുഖം "
തരിശ് വീണ നെഞ്ചിലെ വടുക്കളുടെ പ്രതിബിംബം നോക്കി മണിക്കൂറുകൾ കണ്ണാടിക്ക് മുന്നിൽ നിന്ന അവളെ നെഞ്ചോട് ചേർത്ത് അനന്തൻ വിങ്ങിക്കരഞ്ഞു ...
അവൾ കരഞ്ഞില്ല;
അയാൾക്കേറ്റവും പ്രിയമായിരുന്ന തന്നിലെ സ്ത്രീത്വം നഷ്ടമായ തന്നെക്കുറിച്ച് അയാളെന്തായിരിക്കും ചിന്തിക്കുക എന്ന് ചിന്തിച്ചു .
പാഡ് വച്ച അംഗലാവണ്യത്തേക്കാൾ അർത്ഥശൂന്യമായ മറ്റൊന്നില്ലന്ന് തോന്നിയിട്ടും അവൾ അതണിഞ്ഞു ; അനന്തന് വേണ്ടി .
റേഡിയേഷനെ ഭയന്നിറങ്ങിയോടിയ ചിതലുകൾ ഇനിയെവിടെയാണ് കൂടുകൂട്ടുക ....
പുറ്റുകൾ പണിതുയർത്തുക .
മുടി കൊഴിഞ്ഞ ശിരസും രോമങ്ങൾ കൊഴിഞ്ഞ പുരികവും ചിതലുപേക്ഷിച്ചു പോയ പുറ്റുകളാണ് ....
തന്റെ ജീവിതം ചിതലുകൾക്ക് തിന്നാൻ കൊടുത്ത ചിതൽ മുഖമുള്ള മനുഷ്യനാണ് അനന്തനെന്ന് കനക വല്ലിക്ക് തോന്നി .
അവളുടെ മനസിൽ അയാൾ ദ്രവിച്ചടർന്നു തുടങ്ങി , വെറുപ്പു കൊണ്ട് ....
അനന്തന്റെ കണ്ണീർ അവൾ കാണാൻ ശ്രമിച്ചതേയില്ല.
" നിങ്ങളെന്റെ കണ്ണീർ കണ്ടിരുന്നോ അനന്തേട്ടാ ? ....
ഞാൻ കരഞ്ഞപ്പോഴൊക്കെ അതാനന്ദാശ്രുക്കളാണെന്ന് നിങ്ങൾ കരുതി ..... സകലരോടും നിങ്ങൾ പറഞ്ഞു ; സന്തോഷം വന്നാൽ ഞാൻ കരയുമെന്ന് .... ഞാൻ സന്തുഷ്ടയാണെന്ന് ...."
സ്തോഭം കൊണ്ട് അവളൊന്ന് നിർത്തി .
"എന്റെ ആഗ്രഹമെന്താണെന്ന് നിങ്ങൾ ചോദിച്ചില്ല , അറിയാൻ ശ്രമിച്ചില്ല ,എന്നെ പറയാൻ അനുവദിച്ചില്ല .... "
അനന്തൻ നിശബ്ദം കേട്ടു .
"നിങ്ങളുടെ ആഗ്രഹങ്ങളിലൂടെയാണ് നിങ്ങളെന്നെ നടത്തിയത് .... ഞാൻ നടന്ന വഴിയും ലക്ഷ്യവും നിങ്ങളുടേതായിരുന്നു .... ഞാനാഗ്രരഹിച്ചതൊന്നും നേടിത്തരാൻ നിങ്ങൾക്ക് കഴിയില്ല ; ആർക്കും കഴിയില്ല .....
നിങ്ങളാഗ്രഹിച്ച കനക വല്ലിയുടെ ജീവിതം ഞാൻ ഭംഗിയായി ആടിയില്ലേ അനന്തേട്ടാ .....
ഞാനാഗ്രഹിച്ച കനക വല്ലിയെ ..... ജീവിതത്തെ ... സ്വപ്നങ്ങളെ ... ചിതൽ തിന്നു പോയി "
ശ്വാസം മുട്ടി കിതച്ച് തലച്ചോറിൽ പടർന്നു കയറിയ ചിതൽക്കാലുകളെ ഓടിക്കാൻ കനകവല്ലി ബിപി ടാബ്ലറ്റുകൾ വിഴുങ്ങി .സകല രോഗങ്ങളും ചിതലാക്രമണങ്ങളാണെന്ന് സമർത്ഥിക്കുന്ന ഡോക്ടറെ, കുട്ടികൾ ചിതൽ വല്ലിയെന്ന് വിളിച്ചു .
അൻപതാം പിറന്നാളിന്റന്ന് ഒരു ചിതൽപ്പുറ്റിന്റെ ചിത്രം പ്രൊഫൈൽ പിക്ചറിട്ട് കനക വല്ലി ഒരു ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങി.
അതിൽ ചിതൽക്കഥകൾ നിറഞ്ഞു .
ഒരു കട്ടൻ ചായയുമായി സിറ്റൗട്ടിന്റെ പടിയിലിരുന്ന അലസമായ പ്രഭാതത്തിൽ ,രാത്രിയിലെ മഴ കുതിർത്തsർത്തിയ ചിതൽ ഗോപുരങ്ങളിൽ അതിവേഗം പാഞ്ഞു നടക്കുന്ന ചിതലുകളെ കനക വല്ലി കണ്ടു .
സ്തനങ്ങൾ വിങ്ങുകയും വേദനിക്കുകയും ചെയ്തപ്പോൾ കനക വല്ലി സ്വന്തം തരിശു ഭൂമിയിൽ വിരലോടിച്ചു .
'ഫാൻറം ലിമ്പ്സ് ' അവൾ പിറുപിറുത്തു .
ആ നിമിഷം പിണ്ഡമുരുട്ടി എള്ളും പൂവുമിട്ട് ഈ ചിതലോർമ്മകൾക്ക് ബലിയിടണമെന്ന് അവൾക്ക് തോന്നി ....
സ്വയം ഒരു ബലിയാകണമെന്നും ...
ശർമ്മ സോക്ടറെ അവളോർത്തു ; പിന്നെ 'ബെയ്ലി ആൻഡ് ലവ്സിന്റെ ടെക്സ്റ്റ് ബുക്ക് ഓഫ് സർജറി ' ചിതൽപ്പുറ്റിലേക്ക് സമർപ്പിച്ചു .
കുതിർന്നിരുന്ന ചിതൽ ഗോപുരങ്ങളിൽ ചിലതു കൂടി അടർന്നുവീണു .
പഴമയേറെയുള്ള ആ പുസ്തകത്തെ ചിതലുകൾക്കിഷ്ടമാകും ....
അവയും ജീർണ്ണിച്ച് തുടങ്ങിയിരിക്കുന്നു .
ഒരു വല്ലാത്ത നിർവൃതിയോടെ അവൾ പരിഭ്രമിച്ചു....
താനിനിയെങ്ങനെയാണ് ഇവർക്ക് ബലിയാവേണ്ടത് ...?
അപ്പോൾ അനന്തൻ വന്നു ,കൗമാരക്കാരിയായ ഒരു പെൺകുട്ടിയോടൊപ്പം ....
വികലമായ മനസ്സിന്റെ ഭ്രാന്തെത്താത്ത വിളുമ്പിൽ പിടിച്ച് അനന്തൻ ആർദ്രമായി വിളിച്ചു ;
" വല്ലീ ........ ഇവൾക്കാരുമില്ല .. നമുക്കും ആരുമില്ലല്ലോ .... നിനക്കിഷ്ടമായാൽ നമ്മുടെ മോളാണ് "
കനക വല്ലിയുടെ കണ്ണുകൾ മഴയായ് പെയ്തു ...
സന്തോഷം കൊണ്ട് ....
അവളിലെ ഏങ്ങലടികൾ ശമിച്ച് ശാന്തമാകും വരെ അനന്തനവളെ മുറുകെ കെട്ടിപ്പിടിച്ചു .
മൂർദ്ധാവിൽ തഴുകുകയും ഉമ്മ വയ്ക്കുകയും ചെയ്തു .
മെലിഞ്ഞ് നീണ്ട , ദൈന്യത നിറഞ്ഞതെങ്കിലും വിടർന്ന മിഴിയുള്ള പെൺകുട്ടിയെ അവൾ കെട്ടിപ്പിടിച്ചു ...
"നിന്റെ പേരെന്താ ...? "
"മന്ദാര "
ബെയ്ലി ആൻഡ് ലവ്സിനെ പൂർണ്ണമായും ചിതൽ മൂടിക്കഴിഞ്ഞിരുന്നു .
ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം പത്താം ക്ലാസിലെ ക്ലാസ് ടീച്ചർ മന്ദാരയോട് ചോദിച്ചു ;
"മോൾക്ക് ആരാകണം "
"അമ്മയെപ്പോലെ ഒരു
സർജൻ "
അവൾക്കാലോചിക്കാനുണ്ടായിരുന്നില്ല.
തന്റെ സ്വപ്നങ്ങളുടെ നുകം മനസ്സുകൊണ്ട് കനക വല്ലി മന്ദാരയ്ക്ക് നൽകിക്കഴിഞ്ഞിരുന്നു .....
മുറ്റത്തിൻ കോണിൽ പുതിയൊരു ചിതൽപ്പുറ്റ് രൂപം കൊണ്ടു തുടങ്ങി .
Dr. ശാലിനി ck

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot