നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാക്കിപത്രം

Image may contain: Giri B Warrier, smiling, beard, closeup and outdoor
കഥ | ഗിരി ബി വാരിയർ *****
"വല്ല്യമ്മ അകത്തേക്കു് ഇരുന്നോളൂ"
ഓവര്ഹെഡ്ബിന്നില് ബാഗ് വെക്കുന്നതും നോക്കിനിന്ന ശാരദയോട് അരുൺ പറഞ്ഞു.
ശാരദയ്ക്കും അരുണിനും മുമ്പില് സീറ്റ് കിട്ടി. ബാഗുകൾ ഒതുക്കിവെച്ച് ശാരദ വിൻഡോസീറ്റിലും അരുൺ നടുവിലെ സീറ്റിലും ഇരുന്നു. ശാരദയുടെ അനുജത്തിയുടെ മകനാണ് അരുൺ. ജോലി കിട്ടി വന്നിട്ട് ആറു മാസം തികഞ്ഞിട്ടേയുള്ളു, നാട്ടിലേക്കുള്ള അവന്റെ കന്നിയാത്രയാണ്.
ശാരദ, വിമാനത്തിൽ യാത്രചെയ്യുന്നത് ഇതു നാലാമത്തെയോ അഞ്ചാമത്തെയോ തവണമാത്രമാണ്. മുപ്പത്തിയൊന്നു വർഷത്തെ ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ, അടുത്ത കാലത്താണ് വിമാനത്തിൽ യാത്രതുടങ്ങിയത്. അതുവരെ ട്രെയിനിലായിരുന്നു. ആദ്യം ചുട്ടുപൊള്ളുന്ന സ്ലീപ്പർകമ്പാർട്ടുമെന്റുകളിൽ, പിന്നെ ശീതീകരിച്ചവയിലായി. അവസാനം കഴിഞ്ഞ രണ്ടു വര്ഷംമുമ്പാണ് യാത്ര വിമാനത്തിൽ ആയത്.
മക്കൾ രണ്ടുപേരും ജോലി കിട്ടി പുറത്തു പോയതിനുശേഷം അരുണാണ് ശാരദയുടെകൂടെ എപ്പോഴും ഉള്ളത്.
ആളുകൾ കയറിക്കഴിഞ്ഞു. എയർഹോസ്റ്റസുമാർ ഓടിനടന്ന് ഒരുക്കങ്ങൾ ചെയ്യുന്നുണ്ട്‌. ഡൽഹിയിൽനിന്നും കൊച്ചിയിലേക്കുള്ള ദൂരം മൂന്നു മണിക്കൂറിൽ കവർ ചെയ്യുമെന്ന് പൈലറ്റ് പറയുന്നതു കേട്ടപ്പോൾ ചിരിയാണ് വന്നത്. അതിനു മുപ്പത്തഞ്ചു കൊല്ലം എടുത്തു എന്ന് ഉറക്കെ വിളിച്ചുപറയാൻ തോന്നി എനിക്ക്.
കഴിഞ്ഞ ഏപ്രിൽ പതിനാറിന് ഈ കർമ്മഭൂമിയിൽ വന്നിറങ്ങിയിട്ട് മുപ്പത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു. കാലം പോയതറിഞ്ഞില്ല. ഇരുപത്തിയഞ്ചാം വയസ്സിൽ നാട് വിട്ടപ്പോൾ ഒരു മോഹമുണ്ടായിരുന്നു. കാലചക്രത്തിൽ വിട്ടുപിരിഞ്ഞ അച്ഛനുമമ്മയും ഉറങ്ങുന്ന ആ മണ്ണിൽ തിരിച്ചെത്തണം.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ അന്നത്തെ ഹെഡ്‌മാസ്റ്റർ തോമസ്മാഷ് തന്ന ഏക ഉപദേശം, ടൈപ്പും ഷോർട്ട്‌ഹാൻഡും പഠിക്കണമെന്നായിരുന്നു. അങ്ങനെ നാട്ടിലെ ഇൻസ്റ്റിട്യൂട്ടിൽ ചേർന്നു. ഡിഗ്രി കഴിയുമ്പോഴേക്കും ടൈപ്പും ഷോർട്ട്‌ഹാൻഡ് ഹയറും പാസ്സായി. വായനശാലയിൽ വരുത്തിക്കൊണ്ടിരുന്ന ഇംഗ്ലീഷ്‌പത്രത്തില്ക്കാണുന്ന പരസ്യങ്ങൾക്കൊക്കെ അപേക്ഷ അയക്കാറുണ്ട്. അങ്ങനെയാണ് ഡൽഹിയിൽ സർക്കാർജോലി കിട്ടിയത്.
അച്ഛൻ, സഹകരണസംഘത്തിൽനിന്നും കാർഷികാവശ്യത്തിന് ലോണെടുത്തത്തില്നിന്നും ബാക്കിയുണ്ടായിരുന്ന പൈസകൊണ്ട് രണ്ടു ജോഡി പാന്റ്സും ഷർട്ടും തയ്പിച്ചു. അച്ഛന് ആരോ കൊടുത്ത ഒരു ‘JAL’ എന്നെഴുതിയ പ്ലാസ്റ്റിക്ബാഗിൽ എല്ലാ വസ്ത്രങ്ങളും മടക്കിവെച്ചു. പിന്നെ 501 ബാർസോപ്പിന്റെ ഒഴിഞ്ഞ കടലാസ്പെട്ടിയിൽ അമ്മ കുറച്ചു കടുമാങ്ങ, ചമ്മന്തിപ്പൊടി, പുളീഞ്ചി, നാലഞ്ചു പ്രാവശ്യം വെക്കാനുള്ള അരി, അരി വെക്കാൻ ഒരു അലുമിനിയംപാത്രം, ഒരു ചട്ടുകം, കിണ്ണം ഒക്കെവെച്ച് ചൂടിക്കയറുകൊണ്ട് കെട്ടി.
അച്ഛന്റെ സുഹൃത്ത് ഗോപാലൻനായരുടെ മകളും ഭർത്താവും അക്കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു. പറ്റുംവിധം സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഗോപാലൻനായർ ഒരു കത്ത് അയച്ചിരുന്നു; അതിന് മറുപടിയും ലഭിച്ചു. മറുപടികത്തിൽ ഡൽഹിയിലെ മേൽവിലാസം അയച്ചുതന്നിരുന്നു. വീട്ടിലെത്താനുള്ള വഴിയും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അതിന്റെ ഒരു കോപ്പി, അമ്മ അനുജത്തിയെക്കൊണ്ട് എഴുതിച്ചു ബാഗിലും മറ്റുമായി രണ്ടുമൂന്നു സ്ഥലത്ത് എഴുതിവെച്ചിരുന്നു. ശിവരാമൻ എന്നാണ് ഗോപാലൻനായരുടെ മരുമകന്റെ പേര്.
നട്ടുച്ചയ്ക്കാണ് കേരളത്തിൽനിന്നുമുള്ള വണ്ടി ഡൽഹിയിലെത്തുന്നത്. ട്രെയിനിൽവെച്ച്‌ പരിചയപ്പെട്ട ഒരാൾ അംബേദ്‌കർനഗറിലേക്കുള്ള ബസ്സിൽ കയറ്റിയിരുത്തി. ഞായറാഴ്ച്ച ആയതുകൊണ്ടാവാം ബസ്സിലും വഴിയിലും എല്ലാം തിരക്കു കുറവായിരുന്നു. തൃശൂരിന് അപ്പുറം കാണാത്ത എനിക്ക് ഡൽഹി ഒരു അതിശയമായിരുന്നു. സൈക്കിൾറിക്ഷ കാണുന്നത് ആദ്യമായാണ്. ഇതിനു മുമ്പ് സത്യന്റെ ഏതോ സിനിമയിലാണ് കണ്ടിട്ടുള്ളത്.
അവർ താമസിക്കുന്ന സ്ഥലത്തിന് മദൻഗീർ എന്നാണ് പേര്. തന്ന മേല്വിലാസപ്രകാരം ഇരുപത്തിയേഴാം ഗല്ലിയിലാണ് അവരുടെ വീട്. വിശദമായി എഴുതിത്തന്നതുകൊണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടിയില്ല.
അദ്ദേഹം എന്നെ സ്നേഹപൂർവ്വം വീട്ടിലേക്ക് സ്വാഗതംചെയ്തു. ഒരു കൊച്ചുവീടായിരുന്നു അദ്ദേഹത്തിന്റേത്. ആദ്യം ശിവേട്ടൻ എന്ന് സ്വയം പരിചയപെടുത്തി. പിന്നെ, ഭാര്യ രാധേച്ചിയേയും. രാധേച്ചിയെക്കണ്ടപ്പോൾ പണ്ടെങ്ങോ കണ്ട ഒരു പരിചയംതോന്നി.
എനിക്ക്‌ കുളിക്കാൻ കുളിമുറിയിൽ ഒരു ബക്കറ്റ്‌ വെള്ളം വെച്ചുതന്നു.
"ഇത് കേരളമല്ല, ഇവിടെ വായുവിനേക്കാളും വെള്ളത്തിനാണ് വില. ഇതൊരു ശീലമാക്കിക്കോളൂ." ശിവേട്ടൻ പറഞ്ഞു.
അവർ ഊണുകഴിക്കാതെ എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ കാത്തിരിക്കാതെ നിങ്ങൾക്ക് ഊണ് കഴിക്കാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിനു കിട്ടിയ മറുപടി ജീവിതത്തിലെതന്നെ ഒരു മറക്കാനാവാത്ത പാഠമാവുകയായിരുന്നു.
"ഡെൽഹി ഒരു നല്ല ആതിഥേയനാണ്. ഇവിടുത്തുകാരില്ഇവിടെ ജനിച്ചുവളർന്നവർ വളരെക്കുറവാണ്. ഇവിടുത്തുകാരായവരാണ് അധികവും. അതിൽ ബംഗാളിയും ബിഹാറിയും മദ്രാസിയും മറാഠിയും പഞ്ചാബിയും പഹാടിയും എല്ലാം ഉണ്ട്. അതിലൊരാളാണ് ഇന്നുമുതൽ നീയും. അതിഥികളെസ്വീകരിക്കുന്ന ഒരു നല്ല ആതിഥേയനാവണം താനും. വർഷങ്ങൾ കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോൾ സമ്പാദ്യങ്ങളൊന്നുമല്ല ആ ചാരിതാര്ത്ഥ്യംമാത്രമാണ് മനസ്സുഖം തരിക."
പച്ചരിയുടെ ചോറും സാമ്പാറും പിന്നെ ഒരുപ്പേരിയും ആയിരുന്നു വിഭവങ്ങൾ. ആ കൊച്ചുമുറിയുടെ ഒരു മൂലയിൽക്കിടക്കുന്ന മേശയുടെ പുറത്ത്‌ ഒരു മർഫിറേഡിയോയിൽനിന്നും വളരെ നേരിയ ശബ്ദത്തിൽ പാട്ട് കേള്ക്കുന്നുണ്ടായിരുന്നു. ഭക്ഷണംകഴിക്കുന്നതിനിടെ ഡെൽഹിയെപ്പറ്റിയും ഡെൽഹിയിലെ ജീവിതരീതിയെപ്പറ്റിയും ജനങ്ങളെപ്പറ്റിയും എല്ലാം അദ്ദേഹം വിവരിച്ചുതന്നു.
ഭക്ഷണംകഴിഞ്ഞപ്പോൾ, അദ്ദേഹം എനിക്കു താമസിക്കാനായി വാടകയ്ക്കെടുത്ത സ്ഥലത്തേക്ക് കൊണ്ടുപോയി. ശിവേട്ടൻ താമസിക്കുന്നതിന് അടുത്തുതന്നെ ഒരു വീടിന്റെ ഒന്നാം നിലയിലെ ഒരു ഒറ്റമുറിവീടാണ് ഏര്പ്പാടാക്കിയിരുന്നത്. കക്കൂസും കുളിമുറിയും താഴേ നിലയിലാണ്.
എന്നെ വീട്ടിലാക്കി തിരിച്ചുപോകുമ്പോൾ ശിവേട്ടൻ പറഞ്ഞു:
"ഇന്നുമുതൽ നീതന്നെയാണ് നിന്റെ അദ്ധ്യാപകൻ. ഭാഷ പഠിക്കാനും ജനങ്ങളെ പഠിക്കാനും ജീവിതം പഠിക്കാനും എല്ലാം. എത്രയും പെട്ടെന്ന് നീ പഠിക്കുന്നുവോ അത്രയും നിന്നിലെ അദ്ധ്യാപകന് അറിവ് കൂടും. അപ്പോൾ നിന്നെ കൂടുതൽ പഠിപ്പിക്കും."
അവിടെനിന്നും ജീവിതം തുടങ്ങി. എന്തെങ്കിലും ആവശ്യത്തിനു പോകുമ്പോൾ, നാട്ടിലേക്കുള്ള തീവണ്ടി കാണുമ്പോൾ കൊതിക്കാറുണ്ട്. നമ്മുടെ നാടിന്റെ ഭംഗി ഒന്നിനുമില്ല. മനസ്സിലുറപ്പിച്ചിരുന്നു, ഇവിടെ ശരിയാവില്ല തിരിച്ചുപോകണം എന്ന്. തിരിച്ചുപോകുംമുമ്പ് ഡൽഹി മുഴുവനും ഒന്ന് കാണണം.
ഓരോ ഞാറാഴ്‌ചയും ആവാൻവേണ്ടി കാത്തിരിക്കും. കാലത്തുതന്നെ ഇറങ്ങും.
പാഠപുസ്തകങ്ങളിൽ പഠിച്ച ഇഷ്ടികകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമായ ഖുത്ബ്മിനാർ കണ്ടപ്പോഴും ഇന്ത്യാഗേറ്റിന് ചുറ്റും എഴുതിവെച്ചിരുന്ന ഒന്നാം സ്വാതന്ത്രസമരത്തിൽ മരിച്ച സൈനികരുടെ പേര് വായിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞുപോയി. അവിടെനിന്നും രാജ്പഥ്‌ വഴി റായ്സീനവരെ നടക്കും. അവിടെ ഉയരങ്ങളിൽനിന്ന് ഇന്ത്യാഗേറ്റ് കാണാൻ വല്ലാത്ത ഭംഗിയാണ്. അതുപോലേതന്നെ ചെങ്കോട്ട, രാജ്ഘട്ട്, ജുമാമസ്ജിദ്, ബംഗ്ലാസാഹിബ്ഗുരുദ്വാര, ജന്തർമന്തർ എല്ലാം ആദ്യമായിക്കണ്ടത് മറക്കാനാവാത്തതായി ഇന്നും ഓർമ്മയിൽ നിൽക്കുന്നു.
ആദ്യശമ്പളം കൈയില്ക്കിട്ടിയപ്പോൾ തിരിച്ചുപോകാനുള്ള ആഗ്രഹമവസാനിച്ചു. പോസ്റ്റാപ്പീസിൽപ്പോയി അച്ഛന് നൂറ് രൂപ മണിയോർഡർ അയച്ചപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത മതിപ്പുതോന്നി. ജീവിതത്തിനൊരു ലക്ഷ്യംവന്നപോലേ.
പിന്നീടു കണ്ടപ്പോൾ ശിവേട്ടൻ പറഞ്ഞു "സമ്പാദിക്കാനായി ജീവിക്കരുത്, ജീവിക്കാനായി സമ്പാദിക്കുകയും അരുത്. രണ്ടും കൂടെക്കൊണ്ടുപോകാൻ കഴിയണം. ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും സമ്പാദിക്കാൻ കഴിഞ്ഞില്ലെങ്കിലും നീ ഒരിക്കൽ പരിതപിക്കും. അതിനു വഴികൊടുക്കരുത്."
ആ കൊച്ചുവാടകവീട്ടിൽനിന്നും തുടങ്ങി, പിന്നെ സർക്കാർക്വാർട്ടേഴ്സിലും അവസാനം സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ വീട്ടിലും. ശിവേട്ടന്റെ ഒരു ബന്ധുവിന്റെ മകളാണ് ശാരദ. വിവാഹം നാട്ടിൽവെച്ചായിരുന്നു.
വിവാഹശേഷം തിരിച്ചെത്തിയപ്പോൾ ശിവേട്ടൻ പറഞ്ഞു:
"അടുത്ത ഇരുപത്തിയഞ്ചു വർഷങ്ങൾ നിങ്ങൾ രണ്ടുപേരുടെയും ജീവിതത്തില് ഏറ്റവും വിലയേറിയതാണ്. ഇവിടെ മാറ്റിവെക്കാൻ ഒന്നുമില്ല, കുട്ടികളുടെ ജനനം, ആരോഗ്യം, വിദ്യാഭ്യാസം പിന്നെ ജോലി. ഇതിനുപുറമേ, മാതാപിതാക്കളോട് നിങ്ങൾക്കുള്ള ഉത്തരവാദിത്വം, സ്വന്തമായിട്ടൊരു വീട്. കുറേ കഷ്ടപ്പാടുകളുണ്ടാകും. കുറെ നേട്ടങ്ങൾ, കുറെ നഷ്ടങ്ങൾ. ഇതെല്ലാം ചേരുന്നതാണ് ജീവിതം."
ശിവേട്ടൻ പറഞ്ഞത് ശരിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം കുട്ടികൾക്കു രണ്ടുപേർക്കും നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞു എന്നതാണ്. ഡൽഹിയിലെ പ്രസിദ്ധമായ ഡൽഹി പബ്ലിക്സ്‌കൂളിൽ അയച്ച്‌ കുട്ടികളെ പഠിപ്പിച്ചു. ഒരാൾ എഞ്ചിനീയറും മറ്റെയാൾ ചാർട്ടേർഡ്അക്കൗണ്ടന്റും ആയി. ഇതിനിടെ ശിവേട്ടൻ ജോലിയിൽനിന്നും വിരമിച്ച്, നാട്ടിലേക്ക് താമസംമാറ്റി.
താമസം അധികവും ആർ. കെ. പുരത്തായിരുന്നതിനാൽ, ദിവസവുമുള്ള അമ്പലത്തിൽപ്പോക്കും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുപോകാൻ കഴിഞ്ഞു. മക്കൾക്കും നല്ലൊരു കേരളസംസ്കാരം പകര്ന്നുകൊടുക്കാന് ശ്രമിച്ചു, അതിൽ വിജയിക്കുകയുംചെയ്തു.
ഡൽഹിയിൽ വരുന്ന പരിചയക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഇടത്താവളമായിരുന്നു എന്റെ വീട്. ശിവേട്ടന്റെ ഉപദേശം അപ്പാടെ ജീവിതത്തിൽ പ്രാബല്യമാക്കി, എന്നും നല്ലൊരു ആധിഥേയനായി. പുതിയതായി വരുന്നവർക്ക് രക്ഷാധികാരിയായി, ചിലരുടെ അച്ഛനായി, ചേട്ടനായി, കൂട്ടുകാരനായി. നാട്ടിൽനിന്നും ജോലി കിട്ടിവന്നവരും ജോലി തേടിവന്നവരും അങ്ങനെ കുറെ പേരെ നല്ല നിലയിൽ എത്തിക്കാൻ കഴിഞ്ഞു. എല്ലാവരുടെയും ‘സുകുച്ചേട്ടനായി’.
മുപ്പത്തിയഞ്ചു വർഷത്തെ ഡെൽഹിജീവിതത്തിൽ രണ്ടു തവണമാത്രമേ റിപ്പബ്ലിക്ദിന പരേഡ് കണ്ടിട്ടുള്ളൂ. രണ്ടും ശിവേട്ടന്റെകൂടെ. ആദ്യത്തെ കൊല്ലം ഞാൻ പരേഡ് കണ്ടു രോമാഞ്ചംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞുപോയിരുന്നു. മുപ്പത്തിമൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും ശിവേട്ടനെയുംകൊണ്ട് ഞാൻ വീണ്ടും പോയി.
അന്ന്, എല്ലാവരും മൊബൈൽഫോണ് ഉയർത്തി പരേഡ് റെക്കോർഡ്ചെയ്യുന്നതു കണ്ട ശിവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നമ്മുടെ പുതിയ തലമുറ എത്ര പൊട്ടന്മാരാണ്. സ്വന്തം മുമ്പില്നടക്കുന്ന പരേഡ് ആസ്വദിക്കാതെ മൊബൈലിൽ നോക്കിക്കാണുന്നത് കണ്ടില്ലേ?! ഒരാപത്തു കണ്ടാൽ രക്ഷിക്കാനല്ല നോക്കുക, മൊബൈൽഫോണെടുത്ത് റെക്കോർഡ്ചെയ്യും, കഷ്ടം!”
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഏറെയുണ്ടായി. പുതിയ സുഹൃത്തുക്കളുണ്ടായി; സഹപ്രവർത്തകരുണ്ടായി. ഉറ്റവരായ ചിലരുടെ മരണം മനസ്സിനെ തളർത്തി. സ്വന്തമെന്നു കരുതിയ ചിലർ ചതിച്ചുകൊണ്ടുപോയി. ചിലർ തെറ്റ് തിരിച്ചറിഞ്ഞ് മടങ്ങിവന്നപ്പോൾ, രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇതെല്ലാംകൂടിയതാണ് ജീവിതം എന്ന ഒരു വലിയ പാഠവും ഡൽഹി പഠിപ്പിച്ചു.
എല്ലാം മതിയാക്കിപ്പോകുമ്പോൾ, ശിവേട്ടൻ പറഞ്ഞിരുന്നത് ഒരിക്കലും മറക്കാൻ കഴിഞ്ഞില്ല.
"ഞാൻ പത്തൊൻപതു വയസ്സുവരെമാത്രമേ കേരളത്തിൽ ജീവിച്ചിട്ടുള്ളു. ബാക്കിയുള്ള നാല്പത്തഞ്ചു വർഷം ഇവിടെയാണ് ജീവിച്ചത്. എന്നെ ഞാനാക്കിയത് ഈ ഡൽഹിയാണ്. എന്റെ ജീവിതത്തിലെ എത്രയും കഠിനമായ ദിനങ്ങളിൽ കരകയറാൻ എന്നെ സഹായിച്ച ഡെൽഹിയോട് എത്ര നന്ദിയില്ലാത്തവനായിട്ടാണ് ഞാൻ പെരുമാറുന്നത്. ഞാൻചെയ്ത അബദ്ധം നീ ചെയ്യരുത്, ഒരു കൊച്ചുവീട് നിനക്കുവേണ്ടി നീ ഉണ്ടാക്കണം. ഇന്ന് നീ വിരുന്നുകാരനായി ചെല്ലുമ്പോള് രണ്ടു കൈയും നീട്ടി നിന്നെ എതിരേൽക്കാൻ ബന്ധുക്കൾ കാണും. നാളെ അതുണ്ടാവണമെന്നില്ല. നീയുണ്ടായില്ലെങ്കിലും ശാരദയ്ക്ക് താമസിക്കാൻ ഒരിടം വേണം, സ്വന്തമായി."
ശിവേട്ടൻ പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് അന്ന് അറിയില്ലായിരുന്നു. പക്ഷേ, സ്വത്ത് ഭാഗംവെച്ചപ്പോൾ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണ് എന്റെ പേരിൽ കിട്ടിയപ്പോൾ അതിൽ ഒരു കൊച്ചുവീടും പണിതു. ജീവിത്തിന്റെ അടുത്ത പകുതി ജീവിക്കാൻ.
കൂടപ്പിറപ്പുകളെ നല്ല നിലയിലെത്തിച്ചു. ഡൽഹിയിലെ ഏതൊരു മലയാളിയെയുംപോലേ, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഒരു വർഷത്തോളം അച്ഛനും അമ്മയും ഡൽഹിയിൽ ഉണ്ടായിരുന്നപ്പോൾ, പോകാൻ പറ്റുന്ന സ്ഥലങ്ങളൊക്കെ കൊണ്ടുപോയിക്കാണിച്ചു. വൈഷ്ണോദേവി, അമൃത്സർ സ്വർണ്ണക്ഷേത്രം, ഗംഗോത്രി, യമുനോത്രി, ബദരീനാഥ്‌, കേദാര്നാഥ്, ഹരിദ്വാർ, ഹൃഷികേശ്, കാശി, ത്രിവേണിസംഗമം എല്ലാം അവരെ കൊണ്ടുപോയി കാണിച്ചുകൊടുത്തു.
ആ യാത്രയിൽ മൂത്ത മകൻ ചോദിച്ചതോർക്കുന്നു, “ഈ പുണ്യയാത്രകളിൽ അച്ഛൻ വിശ്വസിക്കുന്നുണ്ടോ?”
അവനെ പറഞ്ഞുമനസ്സിലാക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. “ജീവിച്ചിരിക്കുമ്പോൾ ഈ സ്ഥലങ്ങൾ കാണിക്കാതെ മരിച്ചതിനുശേഷം കൊണ്ടുപോയി അവരുടെ അസ്ഥിയൊഴുക്കുന്നതിലും ബലിയിടുന്നതിലും എന്താണ് അർത്ഥം? അവർ ആഗ്രഹിക്കുന്ന സമയത്ത് അവരെ സ്നേഹിക്കുക, പരിചരിക്കുക. അവർക്ക് മനസ്സമാധാനമായി ജീവിക്കാനുള്ള ഒരു പരിതസ്ഥിതി ഉണ്ടാക്കിക്കൊടുക്കുക, നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ പുണ്യകർമ്മം അതാണ്.”
വിമാനം കൊച്ചിയിലെത്തിയിരിക്കുന്നു എന്ന് പൈലറ്റ് അറിയിക്കുന്നതു കേട്ടു. ആളുകൾ മുഴുവൻ ഇറങ്ങി, പുറത്തേക്കുള്ള കവാടം ലക്ഷ്യമാക്കി നടന്നു.​
അരുണും ശാരദയും വിമാനത്തിൽനിന്നുമിറങ്ങി താഴേ വന്നപ്പോൾ, അവിടെ നിറുത്തിയിട്ടിരിക്കുന്ന ആംബുലന്സിനെ ചൂണ്ടിക്കാണിച്ച് ജീവനക്കാരിൽ ആരോ അരുണിനോട് പറയുന്നതു കേട്ടു.
"മാഡത്തിനെയും കൂട്ടി ആമ്പുലൻസിൽ ഇരുന്നോളൂ, ബോഡി ഇപ്പോൾ അതിലേക്ക് കൊണ്ടുവരും”.
ഈ ലോകംവിട്ടുപോകുമ്പോൾ സുകുച്ചേട്ടൻ എന്ന പേര് ഒരു നന്മയായി ചിലരുടെ ഹൃദയത്തിലെങ്കിലും ഒരു ബാക്കിപത്രമാകാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തില്, കാലചക്രക്കറക്കത്തിൽ വിട്ടുപിരിഞ്ഞ അച്ഛനുമമ്മയും ഉറങ്ങുന്ന ആ മണ്ണിലേക്ക്, അക്ഷരാർത്ഥത്തിൽ ഒരു മടക്കയാത്ര.
(അവസാനിച്ചു)
ഗിരി ബി വാരിയർ
17 ജുലൈ 2019
©️copyrights protected

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot