നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാലാഖയും കുട്ടികളും

Image may contain: 1 person, smiling, selfie and closeup


'' മാളു എന്ത്യേ ഉമ്മറത്തിന്ന് വിളക്കൊന്നും വച്ചില്യാ ? ''
ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഉണ്ണികൃഷ്ണൻ ഭാര്യ മാളവികയോട് ചോദിച്ചു . പക്ഷെ ഉണ്ണിയുടെ ചോദ്യം കേൾക്കാതെയാണോ എന്നറിയില്ല അകത്തെ മുറിക്കകത്തു ബെഡിൽ മുഖമമർത്തി ഒന്നും മിണ്ടാതെ അങ്ങനെ കിടക്കുകയാണ് മാളവിക എന്ന മാളു .
'' മാളു ..ഇതെന്ത് കിടപ്പാടോ ? എന്താ പറ്റിയെ ?... എന്താ ഇങ്ങനെ കിടക്കുന്നത് ?.. സുഖല്ലേ ? .. മഴക്കാലാണ് വല്ല പകർച്ച പനിയെങ്ങാനും ?... '' ഉണ്ണി മാളുവിന്റെ നെറ്റിയിൽ കൈ വെച്ച് പനി ചൂട് ഉണ്ടോ എന്ന് നോക്കി .
'' ഹേ .. ഒന്നുല്യാലോ ... ഇതിപ്പോ മഴ പെയ്തോണ്ട് തണുത്തിട്ടാകും ഇങ്ങനെ കിടക്കണത് അല്ലേ ? .. മതി കിടന്നത് ഒന്നെണീറ്റ് വന്ന് ഭക്ഷണം വിളമ്പ് .. എനിക്കൊരു ആനയെ അങ്ങനെ തിന്നാനുള്ള വിശപ്പുണ്ട് .. ഞാനിപ്പോ കുളിച്ചേച്ചും വരാം .. ''
'' ഉണ്ണിയേട്ടാ ... '' മാളു കട്ടിലിൽ നിന്നും എഴുനേറ്റു ഉണ്ണിയുടെ കൈ പിടിച്ചു .
'' ഉണ്ണിയേട്ടാ .. ഞാനിന്നൊന്നും ഉണ്ടാക്കീട്ടില്ല .... നല്ല തലവേദന ... ഏട്ടൻ പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വാ .. ''
'' ഹും ...എങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ കുളിച്ചു വരുമ്പോഴേക്കും നീയും റെഡി ആവൂ . നമുക്കൊരുമിച്ചു പുറത്തു പോയി കഴിക്കാം ... അപ്പോഴേക്കും തലവേദന ഒക്കെ മാറിക്കോളും .. ''
'' വേണ്ട ഉണ്ണിയേട്ടാ ... എനിക്ക് വിശക്കുന്നില്ല .... എനിക്ക് കുറച്ച് നേരം കൂടി കിടക്കണം ഉണ്ണിയേട്ടൻ പോയി കഴിച്ചിട്ട് വാ ... ''
ഉണ്ണി ഒന്ന് രണ്ട് പ്രാവശ്യം മാളുവിനെ നിർബന്ധിച്ചുവെങ്കിലും അവൾ വരുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞത് കൊണ്ട് അല്പം ദേഷ്യത്തോടെ ഉണ്ണി കുളി കഴിഞ്ഞു ഭക്ഷണത്തിനു പുറത്തേക്കു പോയി .
കാല വർഷമാണ് . ഉണ്ണി പുറത്തു പോയി അൽപ സമയമായി കാണും ശക്തമായി മഴ പെയ്തു തുടങ്ങി . മഴയുടെ ആഘോഷത്തിൽ പങ്കെടുക്കാനാകണം കറന്റും പിന്നാലെ തന്നെ പോയി . വീട്ടിനകത്ത് ഇരുട്ട് മാത്രം . കുറച്ചപ്പുറം എമർജൻസി ലാമ്പിരിപ്പുണ്ടെങ്കിലും അതൊന്നും തെളിയിക്കാനുള്ള മാനസിക ശാരീരിക അവസ്ഥയിലായിരുന്നില്ല മാളു .
സമയമേറെ കഴിഞ്ഞിരിക്കുന്നു . മഴയുടെ ശക്തി കുറഞ്ഞു തോർന്നുവെങ്കിലും ആഘോഷത്തിൽ പങ്കെടുക്കാൻ പോയ കറന്റ് ഇത് വരെയും തിരിച്ചെത്തിയില്ല , മഴയെ ശപിച്ചു കൊണ്ട് ഉണ്ണിയേട്ടൻ മാത്രം തിരിച്ചെത്തി .
'' എന്റെ മാളു .. ആ എമർജൻസി ലാമ്പ് എങ്കിലും ഓൺ ചെയ്തു വെച്ചൂടെ നിനക്ക് ? ''
മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അകത്തേക്ക് വന്ന് അമർഷത്തോടെ മാളുവിനോട് ചോദിച്ചു . അപ്പോഴും അവിടെ നിന്നും ഉത്തരമൊന്നുമില്ല . അയാൾ എമർജൻസി ലാമ്പ് തെളിയിച്ചു ഡൈനിങ്ങ് ടേബിളിനു മുകളിൽ വെച്ചു അടുക്കളയിലേക്ക് നടന്നു . മൊബൈൽ ഫോൺ വെളിച്ചത്തിലായത് കൊണ്ടാകാം അടുക്കളയിൽ നിന്നും പാത്രങ്ങൾ നിലത്തു വീഴുന്ന ശബ്ദം കേട്ടിട്ടും മാളു കട്ടിലിൽ അങ്ങനെ തന്നെ കിടന്നു . അയാൾ അവൽക്കരികിൽ എത്തി അവളുടെ നെറുകയിൽ തലോടി .
'' മാളു .. ഡീ എണീക്ക് ..വാ ഭക്ഷണം കഴിക്കാം ... ''
'' ഉണ്ണിയേട്ടാ .. എനിക്കൊന്നും വേണ്ട ... വിശക്കുന്നില്ല .... ''
'' ദേ നീ കഴിച്ചില്ലേൽ ഞാനും കഴിക്കില്ലാട്ടോ '' ഉണ്ണി പതിവ് ഉണ്ണാവൃത സമരം അവസാനിപ്പിക്കാൻ ഉപയോഗിക്കുന്ന തന്ത്രം തന്നെ ഉപയോഗിച്ചു .
'' അപ്പൊ ഏട്ടൻ ഒന്നും കഴിച്ചില്ലേ ? '' മാളു കട്ടിലിൽ എഴുന്നേറ്റിരുന്നു കൊണ്ട് ഉണ്ണിയോട് ചോദിച്ചു .
'' ഇല്ല ... ഞാൻ നമുക്ക് രണ്ടാൾക്കും കഴിക്കാൻ പാർസൽ വാങ്ങി .. നിനക്ക് മെഡിക്കൽ ഷോപ്പിന്ന് തലവേദനക്ക് മരുന്നും വാങ്ങിച്ചു മടങ്ങാൻ നേരം മഴ ശക്തമായി .. ഞാൻ പോകുമ്പോ മഴ ഉണ്ടായിരുന്നില്ലല്ലോ .. അത് കൊണ്ട് ഞാൻ കുടയും എടുത്തിരുന്നില്ല .. ഒരു ഓട്ടോ പോലും കിട്ടിയതുമില്ല .. വിശന്ന് കൊടല് തെറി പറഞ്ഞു തുടങ്ങിയിട്ടും നിന്റെ ഒപ്പം ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ എന്ന് ഞാൻ ഉറപ്പിച്ചതാ .. എന്നിട്ടിപ്പോ നീ .. ''
ശബ്ദത്തിൽ അല്പം പതർച്ചയും വിശന്ന് ക്ഷീണിച്ചതിന്റെ ദൈന്യതയും മുഖത്തെ പേശികളിൽ നിറച്ചു കൊണ്ടുള്ള ഉണ്ണിയുടെ പ്രകടനം ഏറ്റു . മാളു പതിയെ പതിയെ കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു ..
സമയമേറെ കഴിഞ്ഞു .. ഉണ്ണിയും മാളുവും കിടക്കാനൊരുങ്ങുമ്പോഴും വീട്ടിൽ കറന്റ് എത്തിയിട്ടില്ല . എമർജൻസി ലാമ്പ് കറന്റ് വരുന്നത് വരെ അതിജീവിക്കാനുള്ള ശ്രമത്തിൽ കണ്ണുകൾ പാതിയടച്ചിരിക്കുന്നു ...
മാളുവിന് എന്തോ പറ്റിയിട്ടുണ്ട് .. ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല ...അവളുടെ മൂഡ് മാറ്റണം....
'' ഏട്ടാ .. ഈ എമർജൻസി ലാമ്പ് ഓഫ് ചെയ്യോ ?.. നമുക്കെന്തിനാ ഏട്ടാ വെളിച്ചം ? ... ''
'' ങേ .. വെളിച്ചം എന്തിനാണെന്നോ ?.... ഓ അത് അത് ... അത് ശരിയാ എന്തിനാ വെളിച്ചം .. ''
ഉണ്ണി സ്വയം ചോദിച്ചു കൊണ്ട് എമർജൻസി ലാമ്പ് അണച്ച് കട്ടിലിൽ ചുമരിലേക്കു തിരിഞ്ഞു കിടക്കുന്ന മാളുവിനെ പുണർന്നു .. അവൾ അയാളുടെ കൈ തട്ടി മാറ്റി ചുമരിനോട് അടുത്തേക്കൊന്നു കൂടി നീങ്ങി കിടന്നു . ഇതവളുടെ സ്ഥിരം പരിപാടിയാണ് .. അവൾക്കിഷ്ടമാണ് അവളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്നത് . ഒരൊറ്റ ചുംബനത്തിലൂടെ അവളുടെ എതിർപ്പ് നാടകം അവസാനിപ്പിക്കാറാണ് പതിവ് .
ഉണ്ണി അവളുടെ നെറുകയിൽ തലോടി അവളുടെ ചെവിയുടെ പിറകിൽ ചുംബിക്കാനായി ചുണ്ടുകൾ അടുപ്പിക്കുമ്പോൾ അവന്റെ നിശ്വാസം അവളുടെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു കാണണം . അതാസ്വദിക്കാറുള്ള , കൊതിക്കാറുള്ള അവൾ അന്ന് പക്ഷെ പതിവിന് വിപരീതമായി ഉണ്ണിയെ തള്ളി മാറ്റി .
ഉണ്ണി ഒരിക്കലും അങ്ങനെ ഒരു പ്രവർത്തി അവളിൽ നിന്നും പ്രതീക്ഷിച്ചില്ല . അയാളുടെ ഉള്ളിൽ ഒരു നൊമ്പരത്തിന്റെ വിത്ത് പൊട്ടി മുളച്ചിരിക്കുമ്പോൾ പെട്ടെന്ന് മാളു തിരിഞ്ഞിരുന്നു അവനെ പുണർന്നു അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു .
'' ഹേയ് .. എന്താ .. എന്തിനാ കരയുന്നേ ? .. അതിന് മാത്രം എന്താപ്പോ ഇണ്ടായേ ഇവിടെ ? '' ഉണ്ണി അവളുടെ മുതുകിൽ തലോടി കാര്യമന്വേഷിച്ചു .
'' ഉണ്ണിയേട്ടാ .... നമുക്കെന്തിനാ ഉണ്ണിയേട്ടാ ഈ ജീവിതം .. എല്ലാം അവസാനിപ്പിച്ചാലോ ?.. ''
'' അതിനും മാത്രം എന്താപ്പോ ഇണ്ടായേ ? ''
'' എനിക്ക് വയ്യ ഏട്ടാ ... എല്ലായിടത്തും ഞാൻ ...... '' വാക്കുകൾ മുഴുമിക്കാൻ ആവാതെ മാളു പൊട്ടി കരഞ്ഞു .
'' എല്ലായിടത്തും ഞാൻ ഒരു ദുശ്ശകുനമാണ് ഉണ്ണിയേട്ടാ .... എത്ര നാളായി നമ്മളൊരു വിവാഹത്തിനോ അങ്ങനത്തെ എന്തെങ്കിലും ചടങ്ങിനോ പോയിട്ട് ?... പോയി വന്നാൽ കുത്തുവാക്കുകൾ എത്രയെന്ന് വെച്ചാ സഹിക്കുക .ഒരു കുഞ്ഞിനെ നമുക്ക് ദൈവം തന്നില്ല .. സ്കൂളിൽ ജോലി കിട്ടിയപ്പോൾ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ മനസ്സ് ഏറെ സന്തോഷിച്ചതാ .. എന്നിട്ട് അവിടെയും ....ഉണ്ണിയേട്ടൻ എങ്കിലും രക്ഷപ്പെട്ടോളൂ ... വെട്ടാൻ കൊണ്ട് പോകുന്ന മച്ചി പയ്യിന്റെ വില പോലുമില്ലയെനിക്ക് ... ''
'' ഹേയ് മാളൂ ..... എന്താടീ ഈ പറയുന്നത് ?.. വീട്ടുകാരെയും ബന്ധുക്കളെയെല്ലാം വിട്ട് സ്നേഹിച്ചു കല്യാണം കഴിച്ചത് നമുക്കിടയിൽ ഒരു കുഞ്ഞുണ്ടാകുമെന്ന് സ്വപ്നം കണ്ടിട്ടല്ലല്ലോ .... പിന്നെയെന്തിനാ ... നിനക്ക് ഞാനില്ലേ .. നമുക്ക് നമ്മുടെ കൊച്ചു സന്തോഷങ്ങളില്ലേ .. അത് പോരെ നമ്മുടെ കൊച്ചു ജീവിതം ജീവിച്ചു തീർക്കാൻ ... പരിഹസിക്കുന്നവരോട് പോയി പണി നോക്കാൻ പറ .. ഇതിപ്പോൾ എനിക്കാണ് പ്രശ്നമെങ്കിലും ചോദ്യം ഉയരുന്നത് നിനക്കെതിരെയെന്നത് നമ്മുടെ സമൂഹത്തിലെ ജീർണ്ണതയുടെ ഭാഗമാണ് ... മറന്ന് കള ... ''
ഉണ്ണി മാളുവിന്റെ നെഞ്ചോട് ചേർത്ത് വെച്ച് ആശ്വസിപ്പിച്ചു . അവന്റെ നെഞ്ചിൽ അവൾ കണ്ണു നീർ പുഴയൊഴുക്കി .
'' മാളൂ .. ഇന്നിപ്പോ എന്താ ഉണ്ടായത് ?.. ആരാ എന്റെ മാളൂനെ വേദനിപ്പിച്ചേ ? ''
ഉണ്ണി അവളുടെ വിഷമത്തിന്റെ കാരണം തുറന്ന് പറയാൻ അവളെ നിർബന്ധിച്ചു .
'' എന്റെ ക്ലാസ്സിലെ മിടുക്കി കുട്ടി മീനാക്ഷിയെ പറ്റി ഞാൻ പറഞ്ഞിട്ടില്ലേ ?.. കുറച്ചീസായിട്ട് അവൾ എന്നിൽ നിന്നും അകന്ന് മാറി നിൽക്കുന്ന പോലെ ..അതിന് മുൻപ് കുറച്ചീസം കുട്ടിക്ക് അസുഖായിട്ട് ലീവ് ആയിരുന്നു . ഞാൻ അതിന്റെ ക്ഷീണം ആകുമെന്ന് കരുതി . .. ഞാൻ കുട്ടിയോട് ചോദിച്ചു എന്താ പറ്റിയെ .. പക്ഷെ കുട്ടിയൊന്നും പറഞ്ഞീല ...മിണ്ടാതെ മാറി നില്കും ''
കരച്ചിലടക്കി മാളു തുടർന്നു .
'' ഇന്ന് ഞാൻ മിട്ടായിയൊക്കെ വാങ്ങിച്ചു കൊടുത്തു സോപ്പ് ഇടാൻ നോക്കുമ്പോൾ മീനാക്ഷി അത് വാങ്ങിക്കാൻ കൂട്ടാക്കണില്ല ...അവസാനം ഞാൻ ചോദിച്ചപ്പോ കുട്ടി പറഞ്ഞു 'അമ്മ പറഞ്ഞിട്ടുണ്ട് ടീച്ചറോട് അധികം കൂട്ടുകൂടാൻ പോകണ്ടാന്ന് .... ടീച്ചറുടെ കണ്ണ് തട്ടുമെന്ന് 'അമ്മ പറഞ്ഞെന്ന് പറഞ്ഞപ്പോൾ ഞാനാകെ തകർന്ന് പോയി ഏട്ടാ ... ''
'' അതിനിപ്പോ എന്താ ഡീ ...ചില അമ്മമാർ പോസ്സസീവ് ആകും .. കുട്ടി നിന്നെ കുറിച്ച് മാത്രമാകും വീട്ടിൽ സംസാരിക്കാ .. അത് കൊണ്ട് അതിൽ അസൂയ കൊണ്ടാകും ആ 'അമ്മ അങ്ങനെ പറഞ്ഞത് ബുദ്ദുസേ ... ''
'' അങ്ങനെ അല്ല ഏട്ടാ .. എനിക്കറിയാം എന്താന്ന് ...അന്ന് ആ കുട്ടി സുഖമില്ലാതെ ലീവ് എടുത്തതിന്റെ തലേ ദിവസം കുട്ടിയുടെ കളർ ബോക്സ് ക്ലാസ്സിൽ മറന്ന് വെച്ച വിവരം പറയാൻ ഞാൻ ആ കുട്ടിയുടെ അമ്മക്ക് വിളിച്ചിരുന്നു . അപ്പൊ മീനാക്ഷിയുടെ വിവരങ്ങൾ എല്ലാം ചോദിച്ചു . ഞാൻ മിടുക്കിയാണെന്നും ഇത് പോലത്തെ മക്കളെ കിട്ടാൻ ഏതൊരമ്മയും കൊതിക്കുമെന്നും പറഞ്ഞു .. ''
'' അതിനിപ്പോ എന്താ മാളൂ .. അതൊക്കെ നല്ല കാര്യല്ലേ .എല്ലാവരും മക്കളെ കുറിച്ച് നല്ല വാക്കുകൾ കേൾക്കാൻ കാത്തിരിക്കയല്ലേ .. ? ''
'' ഹും .. പക്ഷേ അതൊരിക്കലും പ്രസവിക്കാത്ത മച്ചിയായ ഒരു സ്ത്രീയിൽ നിന്നാകുമ്പോൾ .......പിന്നത്തെ ദിവസം മുതൽ മീനാക്ഷിക്ക് അസുഖവും .. അപ്പൊ അത് തന്നെയാകും കാരണം .. ഞാൻ എത്ര കുത്തുവാക്കുകൾ കേട്ടതാ ഇങ്ങനെ .. എന്നാലും എന്റെ കുട്ടികളുടെ വായിൽ നിന്നും കൂടി ബാക്കി ഉണ്ടായിരുന്നുള്ളു ....... ''
'' ഹേയ് ... സാരല്ല .. കുട്ടികൾ അല്ലേ ... അവർക്കെന്തറിയാം ... നീ അതൊന്നും കാര്യമാക്കേണ്ട ട്ടോ .... നിനക്ക് ഞാനില്ലെടീ .. പിന്നെ ഞാൻ മരിച്ചാൽ .. ഞാൻ മരിച്ചാൽ ആത്മാവായിട്ട് നിന്നെയും കൊണ്ട് പോകും ഞാൻ .. അല്ലെങ്കിൽ എനിക്ക് ബോർ അടിക്കുമെടീ ''
ഒരു ചെറിയ തമാശ പറഞ്ഞു മാളുവിന്റെ മൂഡ് മാറ്റാൻ ഉണ്ണി ഒരു ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്ന മട്ടിൽ തന്നെയായിരുന്നു മാളു അപ്പോഴും . ആ രാത്രി അവർ അവരുടെ സങ്കടങ്ങൾ എല്ലാം പങ്കു വെച്ച് നേരം പുലർന്നു . '' വൈകീട്ട് നമുക്കൊരു സിനിമക്ക് പോകാം . ഞാൻ നേരത്തെ വരാം '' ഉണ്ണി മാളുവിനെ സന്തോഷിപ്പിക്കാൻ ആവനാഴിയിലെ ഓരോ ആയുധങ്ങളും ഉപയോഗിച്ച് കൊണ്ട് ജോലിക്കു പുറപ്പെട്ടു . മാളു സ്കൂൾ ബസ്സിൽ കയറി സ്കൂളിലേക്ക് പുറപ്പെട്ടു .
എല്ലാ കുട്ടികൾക്കുമായി ഒരു ചിരി സമ്മാനിച്ച് സീറ്റിൽ ഇരിക്കാറുള്ള മാളുവിന് അന്നെന്തോ കുട്ടികളുടെ മുഖത്തു നോക്കാൻ ഭയമുള്ളത് പോലെ . കുഞ്ഞു തന്നെ നോക്കി പരിഹസിക്കുന്നത് പോലെ .
തിമിർത്ത് പെയ്യുന്ന മഴക്കിടയിലൂടെ പമ്മി പമ്മി സ്കൂൾ ബസ്സ് മുന്നോട്ട് നീങ്ങുമ്പോൾ എതിരെ അമിത വേഗതയിൽ വന്ന ലോറിയെ വെട്ടിച്ച ബസ്സിന്റെ നിയന്ത്രണം ഒരു നിമിഷം നഷ്ടപ്പെട്ടതും . തൊട്ടടുത്ത് മഴ പെയ്ത് വെള്ളം നിറഞ്ഞിരിക്കുന്ന വയലിലേക്ക് ബസ്സ് വഴുതി വീണതുമെല്ലാം പെട്ടെന്നായിരുന്നു . പെരുമഴയത്ത് വിജനമായ സ്ഥലത്ത് ഒരു കൂട്ടം കുരുന്നുകളോടൊപ്പം മാളുവും ബസ്സിലെ പ്രായം ചെന്ന ജീവനക്കാരും ആഴത്തിലേക്ക് മുങ്ങി .
രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ വീണ്ടും പ്രവർത്തനമാരംഭിച്ചു . ഒരു പുതു അദ്ധ്യായന വർഷം പോലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും എല്ലാം സ്കൂൾ അങ്കണത്തിൽ ഒരുമിച്ചു കൂടി . ഈശ്വര പ്രാർത്ഥനക്ക് ശേഷം ചടങ്ങിലേക്ക് കടക്കുമ്പോൾ എല്ലാവരും കാത്തിരുന്നത് ആ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു . പ്രധാനാദ്ധ്യാപിക വത്സല ടീച്ചർ മൈക് കയ്യിലെടുത്തു .
'' പ്രിയപ്പെട്ട കുട്ടികളേ .. രക്ഷിതാക്കളേ .. അദ്ധ്യാപക അദ്ധ്യാപിക സുഹൃത്തുക്കളേ .. നമ്മുടെ സ്കൂൾ ഇന്നിവിടെ അണി നിരന്നിരിക്കുന്നത് നമ്മുടെ ധീരരെ അല്ല നമ്മുടെ നാടിന്റെ ധീരരെ അനുമോദിക്കാനാണ് .സ്വന്തം ജീവൻ പണയം വെച്ച് നമ്മുടെ കുരുന്നുകളുടെ ജീവിതം രക്ഷപ്പെടുത്തിയ ഇവരുടെ കൈകളിൽ ഈ സ്കൂളും കുട്ടികളും സുരക്ഷിതരാണെന്ന കാര്യത്തിൽ തർക്കമില്ല . ഞാൻ ഓരോരുത്തരെയും ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ് ''
വത്സല ടീച്ചർ ആദ്യം ക്ഷണിച്ചത് ഡ്രൈവർ ബാബുവേട്ടനെയാണ് . ബാബുവേട്ടന് ഉപഹാരം സമ്മാനിച്ച് ബസ്സിലെ ആയയായ ജാനകിയമ്മയെ ക്ഷണിച്ചു ഉപഹാരം സമ്മാനിച്ച് . അവസാനം രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മാളവിക ടീച്ചറെയും വലിയ കര ഘോഷങ്ങൾക്കിടെ ഉപഹാരം നൽകി അനുമോദിച്ചു .
'' മാളവിക ടീച്ചർ അവർ അനുഭവിച്ച സംഘർഷങ്ങളെ കുറിച്ച് രണ്ട് വാക്ക് നിങ്ങളോട് സംസാരിക്കാൻ ഞാൻ ക്ഷണിക്കുകയാണ് '' വത്സല ടീച്ചർ മാളുവിന്‌ മൈക്ക് സമ്മാനിച്ച് അവളുടെ വാക്കുകൾക്ക് വേണ്ടി ഒരുക്കി വെച്ചു .
'' എല്ലാവര്ക്കും എന്റെ നമസ്കാരം .. ടീച്ചർ എന്നോട് പറഞ്ഞു ഞാൻ അനുഭവിച്ച സംഘർഷങ്ങളെ കുറിച്ച് സംസാരിക്കാൻ ... അപകട സമയത്തെ സംഘർഷമാകും ടീച്ചർ ഉദ്ദേശിച്ചിരിക്കുക . പക്ഷെ ആ സമയം എന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല . എന്റെ ജീവൻ കളഞ്ഞിട്ടാണെങ്കിലും എന്റെ കുട്ടികളെ രക്ഷപ്പെടുത്തുക . ബാബുവേട്ടനും ജാനകിയമ്മയും എന്നെ അതിനേറെ സഹായിച്ചു . ഇതിന്റെ ക്രെഡിറ്റിൽ അവർക്കും വലിയ പങ്കുണ്ടെന്ന് വിസമരിച്ചു കൂടാ ... എനിക്കെന്റെ കുഞ്ഞുങ്ങളോട് ഒന്നും പറയാനില്ല .എനിക്ക് നൽകാൻ എന്റെ സ്നേഹം മാത്രമാണുള്ളത്.''
മാളുവിന്റെ ശബ്ദം ഇടറി .. കണ്ണുകൾ ചുവന്നു .. കരച്ചിലിന്റെ വക്കിലെത്തിയെങ്കിലും അത് നിയന്ത്രിച്ചു കൊണ്ട് അവൾ തുടർന്നു .
'' പക്ഷേ എനിക്ക് പറയാനുള്ളത് എന്റെ കുട്ടികളുടെ രക്ഷിതാക്കളോടാണ് .. ഞാൻ അനുഭവിച്ച സംഘർഷങ്ങൾക്ക് യഥാർത്ഥത്തിൽ നിങ്ങൾക്കാണ് ഏറിയ പങ്കുള്ളത് ... എല്ലാവർക്കും അറിയുന്നത് പോലെ ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയില്ല .. പക്ഷെ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞുങ്ങൾ മാത്രം നിങ്ങളുടെ കുഞ്ഞുങ്ങൾ ആകുമ്പോൾ അല്ലെങ്കിൽ അവരെ മാത്രം നിങ്ങളുടെ സ്വന്തമായി കാണുമ്പോൾ എനിക്ക് അവരെല്ലാവരും എന്റെ മക്കളാണ് ... അതിനുതെളിവായിരിക്കാം എന്റെ കുഞ്ഞുങ്ങൾ എന്റെ മുൻപിൽ ഇവിടെയിപ്പോൾ ഇരിക്കുന്നത് .. ജന്മം നൽകി മാത്രമല്ല പ്രാണൻ നൽകിയും അമ്മയാകാം എന്നെനിക്കിന്ന് ബോദ്ധ്യമായി .. എന്റെ കുഞ്ഞുങ്ങൾ ദീർഘായുസ്സോടെ ഇരിക്കട്ടെ .. നന്ദി നമസ്‍കാരം ... ''
വേദി വിട്ടിറങ്ങുമ്പോൾ നിറഞ്ഞ കരഘോഷത്തിനിടെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും ഇടയിൽ പലരുടെയും കണ്ണ് നിറഞ്ഞു തുടക്കുന്നതിനിടയിൽ മീനാക്ഷിയുടെ അമ്മയുമുണ്ടായിരുന്നു . നാളെ അവർ പറഞ്ഞു കൊടുക്കുമായിരിക്കും കുട്ടികളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ മാളവിക ടീച്ചർ എന്ന മാലാഖയുടെ ദൈവത്തിന്റെ കൈകളെ കുറിച്ച് .

സസ്‌നേഹം

ഹഫി ഹഫ്‌സൽ @ Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot