"ചേച്ചി പലപ്പോഴും ചോദിച്ചിട്ടില്ലേ ഗിരിയേട്ടൻ എന്തുകൊണ്ടാ ഇങ്ങനെ ആയതെന്ന്?വാക്കുകൾ അളന്ന് മുറിച്ച് മാത്രം സംസാരിക്കുന്നതെന്ന്?ഭക്ഷണം എത്ര കൊള്ളരുതാത്തതായാലും ഒരു കുറ്റവും പറയാതെ അത് മുഴുവനും കഴിച്ച് തീർക്കുന്നതെന്ന്?കൂടെ ഉള്ള എല്ലാവരും കള്ളും കഞ്ചാവും അടിച്ച് നടക്കുമ്പോൾ ഗിരിയേട്ടന് മാത്രം കള്ള് ഹറാം ആയത് എന്ത് കൊണ്ടെന്ന്? ഏതെങ്കിലും പെണ്ണ് ചതിച്ചതുകൊണ്ടാവാം ഇങ്ങനെ മുരടൻ ആയി മാറിയതെന്ന് ചേച്ചി പലപ്പോഴും കളിയാക്കിയിരുന്നില്ലേ?പക്ഷെ സത്യം അതല്ല..ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു ഭൂതകാലം ഉണ്ട് ആ മനുഷ്യന്..നമ്മുടെ ശത്രുക്കൾക്ക് പോലും ഈ ഒരവസ്ഥ വരുത്തരുതേ എന്ന് തോന്നിക്കുന്ന ഒരു ഭൂതകാലം!" കുട്ടൻ പറഞ്ഞു നിർത്തി.വേണി കരച്ചിൽ നിർത്തി അവനെ നോക്കി.
"ഗിരിയേട്ടന്റെ വീട് വയനാട്ടിൽ ആയിരുന്നു.വീടെന്ന് പറയാനും മാത്രം ഒന്നുമില്ല.വലിയൊരു പറമ്പിൽ ഒരു ചെറ്റക്കുടിലിൽ ആയിരുന്നു ഗിരിയേട്ടന്റെ അച്ഛനും അമ്മയും അനിയനും ചേച്ചിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.അച്ഛൻ എന്ന് പേരെ ഉള്ളു.പുള്ളിയെകൊണ്ട് ആ കുടുംബത്തിന് ഒരു ഗുണവുമില്ലായിരുന്നു.എപ്പോഴും കള്ളും കുടിച്ച് നാല് കാലിലല്ലാതെ പുള്ളിയെ ആരും കണ്ടിട്ടില്ല.അമ്മ ഓരോ വീടുകളിലും പോയി അടുക്കള പണി ചെയ്ത് എല്ലുമുറിയെ പണിയെടുത്തിട്ടാണ് കുടുംബം നോക്കിയിരുന്നത്.എന്നിട്ട് പോലും ആ വീട്ടിൽ മിക്കപ്പോഴും പട്ടിണിയായിരുന്നു.ഒരു നേരം പോലും അവരാരും വയറ് നിറച്ച് ആഹാരം കഴിച്ചിട്ടില്ല. കഷ്ട്ടപ്പാടിനിടയിലും അമ്മ ചോര നീരാക്കി ഉണ്ടാക്കുന്ന കാശ് വെച്ച് അവര് ഗിരിയേട്ടനെയും സഹോദരങ്ങളെയും സ്കൂളിൽ അയക്കുന്നുണ്ടായിരുന്നു..അനിയൻ ജോക്കുട്ടൻ അന്ന് അഞ്ചിലാ പഠിച്ചോണ്ടിരുന്നത് .ചേച്ചി പ്ലസ് ടു വിൽ ഗിരിയേട്ടൻ പത്തിലും.ജോക്കുട്ടൻ പഠിക്കാൻ മാത്രമല്ല കലാപരിപാടികളിൽ ഒക്കെ മിടുക്കൻ ആയിരുന്നു.അമ്പലത്തില് ഉത്സവം ഒക്കെ ഉള്ളപ്പോ അവിടെ എന്തെങ്കിലുമൊക്കെ കളികളും മത്സരങ്ങളും കാണും.ജോക്കുട്ടൻ എല്ലാത്തിലും പങ്കെടുത്ത് സമ്മാനവും മേടിക്കും..അതുകൊണ്ട് നാട്ടിൽ എല്ലാവർക്കും അവനെ വലിയ ഇഷ്ടവുമായിരുന്നു. ഈ ഗിരിയേട്ടൻ പണ്ട് ഇങ്ങനെ ഒന്നുമായിരുന്നില്ല.ഞങ്ങടെ കൂടെ ഗ്രൗണ്ടിൽ എന്നും ക്രിക്കറ്റ് കളിക്കാൻ വരുമായിരുന്നു.ഒരുപാട് തമാശകൾ പറയുകയും ഞങ്ങളെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഇവരുടെ വീട് ഇരിക്കുന്ന പറമ്പിന്റെ പിറകിൽ അതിരിനപ്പുറം സ്കറിയ എന്ന് പേരുള്ള ഒരു മുതലാളിയുടെ വീടുണ്ടായിരുന്നു. വെറും വീടല്ല ഒരു കൊട്ടാരം! പുള്ളിക്ക് ഇട്ടുമൂടാൻ കാശുണ്ടായിരുന്നു.പക്ഷെ പുള്ളിക്ക് ഗിരിയേട്ടന്റെ വീട് ഇരിക്കുന്ന പറമ്പും കൂടി വാങ്ങണം എന്ന് വലിയ പൂതിയായിരുന്നു..ഗിരിയേട്ടനും കുടുംബത്തിനും പോവാൻ വേറെ ഇടമില്ലെന്ന് അറിയാമെങ്കിലും അയാൾ അവരോട് അവിടുന്ന് ഇറങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ടു.പറക്കമുറ്റാത്ത രണ്ട് കൊച്ചുങ്ങളെയും പ്രായപൂർത്തിയായ ഒരു പെങ്കൊച്ചിനെയും കൊണ്ട് ആ അമ്മ എങ്ങോട്ടിറങ്ങി പോവാനാ..വഴങ്ങുന്നില്ലെന്ന് കണ്ടപ്പോ ഭീഷണിപ്പെടുത്തുക, അതിര് മാന്തുക അങ്ങനെ പല ഉപദ്രവങ്ങളും തുടങ്ങി..ഗിരിയേട്ടന്റെ അമ്മ ആരുടെയൊക്കെയോ കാല് പിടിച്ചു.പണത്തിനെതിരെ പരുന്തും പറക്കില്ല എന്നല്ലേ..ആരും സഹായിക്കാൻ വന്നില്ല.ഗിരിയേട്ടന്റെ അച്ഛൻ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ കള്ളും കുടിച്ച് ഒരു പരാതിയുമില്ലാതെ സുഖമായി നടന്നു. ഇവർ വീടൊഴിയുന്നില്ലെന്ന് കണ്ടപ്പോൾ സ്കറിയ ഒരു ദിവസം ഒരു ലോറി കൊണ്ട് അവരുടെ കുടിലിലേക്ക് ഇടിപ്പിച്ചു! അതിനകത്ത് ആരും ഇല്ലായിരുന്നത്കൊണ്ട് ഭാഗ്യത്തിന് ആർക്കും ഒന്നും സംഭവിച്ചില്ല.പക്ഷെ ഓല മേഞ്ഞ ആ കുടില് മൊത്തമായി ഒരു വശത്തേക്ക് ചെരിഞ്ഞുപോയി. ഗിരിയേട്ടന്റെ അമ്മയുടെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടു.സമാധാനത്തോടെ ഇവിടെ ജീവിക്കാൻ സ്കറിയ സമ്മതിക്കില്ല എന്നവർക്ക് മനസ്സിലായി.ആരിൽ നിന്നും ഒരു സഹായവും കിട്ടില്ല എന്നവർ ഇതിനോടകം മനസ്സിലാക്കിയിരുന്നു.ഭർത്താവ് ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണെന്ന് അവർക്ക് അറിയാമായിരുന്നു. അതിന്റെ കൂടെ മുഴു പട്ടിണിയും ദാരിദ്ര്യവും.. അന്ന് രാത്രി അമ്പലത്തില് ഉത്സവമായിരുന്നു.ജോക്കുട്ടൻ പതിവുപോലെ എല്ലാ മത്സരങ്ങളിലും ഒന്നാമതെത്തി.പക്ഷെ സമ്മാനം മേടിക്കാൻ നേരം ട്രോഫി കണ്ടില്ല.അതിന്റെ ഭാരവാഹികൾ അവനോട് ക്ഷമ പറഞ്ഞു.പിറ്റേന്ന് അവരുടെ ക്ലബ്ബിൽ വന്നാൽ മതി ട്രോഫി എടുത്ത് വെച്ചേക്കാം എന്ന് പറഞ്ഞ് അവനെ വീട്ടിലേക്ക് പറഞ്ഞു വിട്ടു.പക്ഷെ പിറ്റേന്ന് എല്ലാവരും കേൾക്കുന്നത് അവരുടെ മരണ വാർത്തയാണ്! ഗിരിയേട്ടന്റെ അമ്മയും പെങ്ങളും ജോക്കുട്ടനും ആത്മഹത്യ ചെയ്തു!"കുട്ടൻ പറഞ്ഞു നിർത്തി.വേണി കരയാൻ പോലും മറന്ന് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്!
"ഗിരിയേട്ടന്റെ അമ്മ പിള്ളേരറിയാതെ ആഹാരത്തിൽ വിഷം കലർത്തിയതാ.അത് അവർക്കും ജോക്കുട്ടനും ചേച്ചിക്കും ഗിരിയേട്ടനുമായി എടുത്തു വെച്ചു .പക്ഷെ ഗിരിയേട്ടന് അത്യാവശ്യമായി എങ്ങോട്ടോ പോവേണ്ടത് കൊണ്ട് അത് കഴിക്കാതെ ഇറങ്ങി.തിരികെ വന്നപ്പോൾ കാണുന്നത് തണുത്ത് മരവിച്ച് കിടക്കുന്ന മൂന്ന് ശരീരങ്ങൾ ആണ്!" കുട്ടൻ പറഞ്ഞത് കേട്ട് വേണി ഇരുന്നിടത്ത് നിന്നും അറിയാതെ എഴുന്നേറ്റുപോയി!
"അവരുടെ ബോഡി അവിടുന്ന് എടുത്തപ്പോഴും അവരെ ദഹിപ്പിച്ചപ്പോഴും ഒന്നും ആ മനുഷ്യൻ കരഞ്ഞില്ല.ശെരിക്കും അവരുടെ കൂടെ ഗിരിയയേട്ടനും പോവേണ്ടതായിരുന്നു.എന്തോ ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. അതിൽ പിന്നെ ആ മനുഷ്യൻ ഒന്ന് ചിരിച്ച് ഞാൻ കണ്ടിട്ടില്ല.ഈ സംഭവത്തോടെ ഗിരിയേട്ടൻ അച്ഛനെ വെറുത്തു.പുള്ളിയെ കാണുന്നതേ ഗിരിയേട്ടന് ചതുർഥി ആയി.ഗിരിയേട്ടനെ അവിടെത്തന്നെയുള്ള ഒരു കുടുംബം ദത്തെടുത്തു.കുറച്ച് നാൾ അവരുടെ കൂടെ ആയിരുന്നു.പക്ഷെ വിധിയുടെ വിളയാട്ടം അവിടം കൊണ്ടും തീർന്നില്ല..ഭാര്യയോടും മക്കളോടും ചെയ്ത തെറ്റുകളുടെ കുറ്റഭാരത്തിൽ ആണോ എന്ന് അറിയില്ല ഗിരിയേട്ടന്റെ അച്ഛൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു! അതോടെ ഗിരിയേട്ടൻ ആ നാട് വിട്ടു! പിന്നെ എവിടെയൊക്കെയോ അലഞ്ഞ് തിരിഞ്ഞ് നടന്നു.പിന്നെ ഇവിടെ എത്തിപ്പെട്ടു.." കുട്ടൻ വേണിയെ നോക്കി .വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.നെഞ്ച് കൊളുത്തി വലിക്കുന്നത് പോലെ വേദനിച്ചു.
"പട്ടിണിയുടെയും വിശപ്പിന്റെയും വില നന്നായി മനസ്സിലാക്കിയത് കൊണ്ടാ അങ്ങേര് ഒരു കുറ്റവും പറയാതെ എന്ത് കിട്ടിയാലും സ്വാദോടെ കഴിക്കുന്നത്.ഒരു നേരമെങ്കിലും വയറ് നിറച്ച് ആഹാരം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതിച്ചിരുന്ന മൂന്ന് മുഖങ്ങൾ പുള്ളിയുടെ മനസ്സിലേക്ക് ഓടി എത്തും.ഭക്ഷണം കളയുന്നത് കാണുമ്പോ പുള്ളിക്ക് അതാ ഇത്രയും ദേഷ്യം വരുന്നത്.. അതുകൊണ്ടാ അന്ന് ആഹാരം വലിച്ചെറിഞ്ഞപ്പോ ചേച്ചിയെ തല്ലിയതും . കള്ളും കുടിച്ച് കുടുംബം നശിപ്പിച്ച ഒരു മനുഷ്യന്റെ രൂപം പുള്ളിയുടെ ഓർമ്മയിൽ ഉള്ളത്കൊണ്ടാ പുള്ളി അതൊന്നും തൊട്ട് നോക്കാത്തത്. "കുട്ടൻ പറഞ്ഞു.
"ചേച്ചി ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഗിരിയേട്ടന്റെ അമ്മ ഉണ്ടാക്കിയിരുന്ന ഭക്ഷണത്തിന്റെ അതെ സ്വാദാണെന്ന് എന്നോട് ഇടയ്ക്ക് പറയുമായിരുന്നു.അതാ അത് കഴിക്കുമ്പോ ഒക്കെ പുള്ളിയുടെ കണ്ണുകൾ നിറഞ്ഞോണ്ടിരുന്നത്.."കുട്ടൻ പറഞ്ഞത് കേട്ട് വേണി കരച്ചിലടക്കാൻ പാടുപെട്ടു.
"പുള്ളിക്ക് ചേച്ചിയെ ജീവനാ..പ്രകടിപ്പിക്കാൻ അറിയത്തില്ലെന്നേ ഉള്ളു.. ജീവിതം ആ മനുഷ്യനെ അങ്ങനെ മാറ്റിയെടുത്തു..അങ്ങേരെ വഴക്ക് പറഞ്ഞോ,ദേഷ്യപ്പെട്ടോ എങ്ങനെവേണമെങ്കിലും ചേച്ചി ദേഷ്യം തീർത്തോളൂ..പക്ഷെ എച്ചിൽ കൈകൊണ്ട് തല്ലണ്ടായിരുന്നു..നെഞ്ച് തകർന്നാ ഗിരിയേട്ടൻ ഇവിടുന്ന് ഇറങ്ങിപ്പോയത്."കുട്ടൻ പറഞ്ഞത് കേട്ട് വേണി പൊട്ടിക്കരഞ്ഞു!*****
ശ്രീബാല പതിയെ റിക്കവർ ചെയ്ത് തുടങ്ങി.ജിതേഷ് അവളുടെ അടുത്ത് നിന്നും മാറാതെ എല്ലാ കാര്യങ്ങൾക്കും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും പരിചരണവും എല്ലാം അവൾ അറിയുകയായിരുന്നു..ഇതിനിടയിൽ ഭോല അവളെ കാണാൻ വന്നു.അവളുടെ കാൽക്കൽ ഇരുന്ന് കുറെ നേരം അയാളുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.ശ്രീബാലയുടെ അടുത്ത് നിന്നും തിരികെ പോവാൻ ഭോല കൂട്ടാക്കിയില്ല..ജിതേഷ് ഒരു വിധം അയാളെ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞു വിട്ടു. ബോഡി വീക് ആയത്കൊണ്ട് രണ്ടു ദിവസം കൂടി കഴിഞ്ഞ് വീട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.ജിതേഷ് ഹോസ്പിറ്റൽ മുറിയിൽ ശ്രീബാലയുടെ ബെഡിന്റെ അരികിലായി ഒരു കസേരയിട്ട് ലാപ്ടോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
"എന്റെ ഹരിയേട്ടനെ കുടുക്കാനുള്ള എളുപ്പ വഴി ആയിട്ടാണോ എന്നെയും വേണി മോളെയും ഈ കളിയിലേക്ക് വലിച്ചിട്ടത്?"ശ്രീബാലയുടെ ചോദ്യം കേട്ട് ജിതേഷ് ലാപ്ടോപ്പിൽ നിന്ന് മുഖം ഉയർത്തി.
"കൂട്ടത്തിൽ ഹരിയേട്ടനോടുള്ള പ്രതികാരം ഞങ്ങളുടെ മേൽ തീർക്കാം എന്ന ചിന്തയും..ശരിയല്ലേ?"അവൾ ചോദിച്ചു.
ജിതേഷ് തന്റെ പോക്കറ്റിൽ നിന്നും ഒരു പേഴ്സ് എടുത്തു.അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു.ജിതേഷിന്റെ തോളിൽ കൈയിട്ട് ഒരു പയ്യനും തൊട്ടപ്പുറത്ത് ലോങ്ങ് മിഡിയും ടോപ്പും ഇട്ട ഒരു പെൺകുട്ടിയും അവളുടെ തോളിൽ കൈയിട്ട് ചുരിദാർ ഇട്ട ഒരു മുതിർന്ന പെൺകുട്ടിയും ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ .
ജിതേഷ് ഫോട്ടോ ശ്രീബാലയെ കാണിച്ചു.അവൾ കൗതുകത്തോടെ അതിലേക്ക് നോക്കി.
"നിന്റെ ഹരിയേട്ടന്റെ പേരിലുള്ള കേസ് എന്താണെന്ന് അറിയാമോ?"ജിതേഷ് ലാപ്ടോപ്പ് മടക്കി വെച്ചുകൊണ്ട് ചോദിച്ചു.ശ്രീബാല ഉവ്വെന്ന് തലയാട്ടി.
"എന്താണ്?"അവൻ ചോദിച്ചു.ശ്രീബാല പറയാൻ മടിച്ചു.
"ഗർഭിണിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു! അവളുടെ കൂടെ ഉണ്ടായിരുന്ന അവളെ രക്ഷിക്കാൻ ശ്രമിച്ച ചെറുപ്പക്കാരനെ മാരകമായി പരിക്കേൽപ്പിച്ചു.കുറച്ച് ദിവസങ്ങൾ അവൾ ഹോസ്പിറ്റലിൽ കിടന്ന് നരക യാതന അനുഭവിച്ചു.ബെറ്റർ ട്രീറ്റ്മെന്റിനായി മറ്റൊരു ഹോസ്പിറ്റലിലേക്ക് അവളെ മാറ്റാൻ തീരുമാനിച്ചു.പക്ഷെ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോവും വഴി ആ ആംബുലൻസ് പൊട്ടിത്തെറിച്ചു! അവളും അവളുടെ കൂടെ ഉള്ളവരും അതിൽ എരിഞ്ഞടങ്ങി! "ജിതേഷ് പറഞ്ഞു.ശ്രീബാല പണ്ട് പത്രത്തിൽ ആ ന്യൂസ് വായിച്ചിരുന്നു..പക്ഷെ ആ പെൺകുട്ടിയുടെ പേരോ ഫോട്ടോയോ ഒന്നും മീഡിയ പുറത്ത് വിട്ടിരുന്നില്ല..
"ഫോട്ടോയിൽ ചുരിദാർ ഇട്ട് നിൽക്കുന്ന പെണ്ണിനെ കണ്ടോ??അതായിരുന്നു ആ ഹതഭാഗ്യ! നിന്റെ ഹരിയേട്ടൻ നിർദാക്ഷണ്യം കൊന്നുതള്ളിയ അയാളുടെ കാമുകി മിഥില!"ശ്രീബാല വിശ്വാസം വരാതെ അവനെ കണ്ണ് മിഴിച്ച് നോക്കി.
"എന്റെ തോളിൽ കൈയിട്ട് നിൽക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടോ?അവൻ ആയിരുന്നു നിന്റെ ഹരിയേട്ടന്റെ ഇരകളിൽ ഒരാൾ.പക്ഷെ അവൻ മരിച്ചില്ല.."ജിതേഷിന്റെ സ്വരം കടുത്തു.അവന്റെ മുഖം വലിഞ്ഞുമുറുകി.
"നിങ്ങൾക്കിതൊക്കെ എങ്ങനെ അറിയാം?"ശ്രീബാല ചോദിച്ചു.
"അന്ന് മിഥിലയെ രക്ഷിക്കാൻ ശ്രെമിച്ച ആ ചെറുപ്പക്കാരൻ,അതെന്റെ അനിയനാണ് ! നന്ദൻ!"ജിതേഷ് പറഞ്ഞത് കേട്ട് ശ്രീബാല ഞെട്ടിത്തരിച്ചുപോയി! അവൾ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു.
"ഞാനും അച്ഛനും നന്ദനും വർഷങ്ങളായി ബോംബെയിൽ സെറ്റിൽഡ് ആയിരുന്നു...ഞങ്ങളുടെ വീടിന് തൊട്ടടുത്തായിരുന്നു മിത്തുവും അവളുടെ അച്ഛനും.മിത്തു എം.ബി.ബി.എസ് കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയിരുന്നു. മിത്തു ഞങ്ങളെക്കാളൊക്കെ മൂത്തതായിരുന്നു.പക്ഷെ ചേച്ചി എന്ന് വിളിക്കുന്നത് അവൾക്ക് ഇഷ്ടമല്ല 'മിഥില' എന്ന് പേര് വിളിക്കുന്നതും ഇഷ്ടമല്ല.പകരം അവളുടെ അനിയത്തി ശ്യാമ വിളിച്ചിരുന്നത് പോലെ മിത്തു എന്ന് വിളിക്കണം എന്നാവശ്യപ്പെട്ടത് അവളാണ്.ശ്യാമ നാട്ടിൽ അവളുടെ ചിറ്റയുടെ കൂടെ ആയിരുന്നു വളർന്നത്.പിന്നീട് ബോംബെയിലേക്ക് വന്ന് നന്ദൻ പഠിച്ചുകൊണ്ടിരുന്ന അതെ കോളേജിൽ ജോയിൻ ചെയ്തു.നന്ദനും ശ്യാമയും പ്രണയിച്ച് തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല.രണ്ടുപേർക്കും പരസ്പരം ജീവനായിരുന്നു. ഞങ്ങളുടെ വീടിന്റെ അവിടെ നിന്ന് കുറച്ച് ദൂരം മാറി വിശാലമായ ഒരു ചിൽഡ്രൻസ് പാർക്ക് ഉണ്ട്.നന്ദന്റെയും ശ്യാമയുടെയും കോളേജ് ബസ് വന്നിരുന്നത് ആ പാർക്കിന് മുൻപിലായിരുന്നു .ഫസ്റ്റ് സ്റ്റോപ്പ് അവിടെ ആയിരുന്നതിനാൽ രാവിലെ ആറര ആവുമ്പോൾ ബസ് അവിടെ എത്തുമായിരുന്നു.മിത്തുവായിരുന്നു അവരെ രണ്ടുപേരെയും അവളുടെ കാറിൽ പാർക്കിന് മുൻപിൽ കൊണ്ടുവിട്ടോണ്ടിരുന്നത്.അത് കഴിഞ്ഞ് മിത്തു ഡ്യൂട്ടിക്ക് പോവും.ഞാൻ അച്ഛനെ സഹായിച്ച് ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയം.ഒരിക്കൽ പതിവുപോലെ മിത്തു അവരെ രണ്ടുപേരെയും പാർക്കിന് മുൻപിൽ കൊണ്ടുവിട്ടു.പതിവിന് വിപരീതമായി മിത്തുവും അവിടെ അവരുടെ കൂടെ ഇറങ്ങി നിന്നു. അപ്പോഴാണ് നന്ദൻ റെക്കോർഡ് ബുക്ക് എടുക്കാൻ മറന്ന കാര്യം ഓർത്തത്.ശ്യാമയെ ബസിൽ കയറ്റി വിട്ടിട്ട് നന്ദനും മിത്തുവും തിരികെ കാറിൽ കയറാൻ തുടങ്ങി.അപ്പോൾ പാർക്കിൽ നിന്നും എന്തോ ശബ്ദം കേട്ടു.എന്തോ പ്രശ്നം വന്ന് ആ പാർക്ക് പണ്ടേ അടച്ചു പൂട്ടിയതാണ്.വർഷങ്ങളായി ആരും ഉപയോഗിക്കാതെ കിടന്ന് അത് കാടുപിടിച്ച് കിടക്കുകയായിരുന്നു.അതുകൊണ്ട് തന്നെ പാർക്കിനകത്ത് സംഭവിക്കുന്നതൊന്നും ആർക്കും വെളിയിൽ നിന്ന് കാണാൻ കഴിയില്ല.സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം ആയിരുന്നതിനാൽ ആരും അങ്ങോട്ട് പോകാറേ ഇല്ലായിരുന്നു. ശബ്ദം കേട്ട് ആർക്കോ എന്തോ അപകടം പറ്റിയതാവുമെന്നോർത്ത് മിത്തുവും നന്ദനും അങ്ങോട്ട് ചെന്നു.ഉള്ളിലേക്ക് ചെന്നപ്പോൾ ആ ശബ്ദം നിലച്ചു! അവിടെ കെണിവെച്ച് അവരെ കാത്തിരുന്നത് നിന്റെ ഹരിയേട്ടനായിരുന്നു!" ജിതേഷ് പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
"ഹരിയേട്ടനോ?എന്തിന് ?നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്?"ശ്രീബാല കരഞ്ഞുകൊണ്ട് ചോദിച്ചു.
"അതെ ഹരി തന്നെ! മിത്തുവും ഹരിയുമായി സ്നേഹത്തിലായിരുന്നുവെന്ന് ശ്യാമയൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു. ഹരിയിൽ നിന്നും മിത്തു ഗർഭിണിയായി! കുഞ്ഞിനെ അബോർട്ട് ചെയ്യാൻ ഹരി ആവശ്യപ്പെട്ടു.മിത്തു അതിന് സമ്മതിച്ചില്ല.ഹരിക്കെല്ലാം ഒരു നേരമ്പോക്കായിരുന്നുവെന്ന് അവൾ അറിഞ്ഞില്ല.മിത്തു തന്റെ തലയിലാകുമോ എന്നവൻ ഭയപ്പെട്ടു.അതിന് ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു.അവളെ ഇല്ലാതാക്കുക! പക്ഷെ ഹരിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് അന്നവിടെ മിത്തുവിന്റെ കൂടെ എന്റെ നന്ദനുമുണ്ടായിരുന്നു.മിത്തുവിന്റെ വയറ്റിലുള്ളത് സ്വന്തം ചോര ആണെന്ന് ഓർക്കാതെ ഹരി അവളെ ആഞ്ഞു കുത്തി! അത് തടയാൻ ചെന്ന എന്റെ നന്ദനെ അവൻ തലങ്ങും വിലങ്ങും തല്ലി .പിടിവലിക്കിടയിൽ നന്ദൻ പിറകോട്ട് വീണു.അവന്റെ തല കല്ലിലിടിച്ചു! കുറെ നേരം അവർ രണ്ടുപേരും ആ പാർക്കിൽ ബോധം ഇല്ലാതെ കിടന്നു.പിന്നീട് ആരോ അവരെ മിത്തു വർക്ക് ചെയ്തിരുന്ന സേവാ മെഡിക്കൽ ഹോസ്പിറ്റലിൽ തന്നെ എത്തിച്ചു. അവിടുന്ന് പുതിയ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു.അന്ന് തീവ്രവാദികളുടെ ഭീകരാക്രമണം നടക്കുന്ന സമയം ആയിരുന്നു.സ്കൂൾ ബസുകളും ഓഫീസുകളും എല്ലാം അവർ ബോംബിട്ട് തകർത്തു.അന്ന് മിഥിലയെ കൊണ്ടുപോയ ആംബുലൻസിലും അവർ ബോംബ് വെച്ചിരുന്നു. ആംബുലൻസ് പൊട്ടിത്തെറിച്ചു! മിഥിലയും കൂടെ ഉള്ളവരും കൊല്ലപ്പെട്ടു!... നന്ദന് ബോധം വീണപ്പോൾ അവൻ മറ്റൊരാളായിരുന്നു! ഏത് ഇരുട്ടത്തും ഒരു ഭയവുമില്ലാതെ ഒറ്റയ്ക്കു ഇറങ്ങിയിരുന്നവൻ ലൈറ്റ് ഉണ്ടെങ്കിൽ പോലും അലറി വിളിക്കുന്ന അവസ്ഥയായി.ഒരില അനങ്ങിയാൽ പോലും അവൻ പേടിച്ച് ചുരുണ്ടു കൂടി.മിത്തുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റ ബോധം അവനെ വേട്ടയാടി.അവിടെ നടന്നതെന്നതാണെന്ന് അവന് ശരിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.രാത്രി പിച്ചും പെയ്യും പറഞ്ഞ് എഴുന്നേൽക്കും.ഉണർന്നു കഴിഞ്ഞാൽ പിന്നെ കരച്ചിലും ബഹളവുമാണ്.നന്ദൻ അവിടെ തന്നെയുള്ള ഒരു ഡോക്ടറിന്റെ ചികിത്സയിലായിരുന്നു. നന്ദൻ അച്ഛന്റെ പെറ്റ് ആയിരുന്നു.മകന്റെ അവസ്ഥ കണ്ട് ഞങ്ങടെ അച്ഛൻ തളർന്ന് വീണു.അധികം താമസിയാതെ അദ്ദേഹം ഞങ്ങളെ വിട്ട് പോയി! മിത്തുവിന്റെ വീട്ടിലെ അവസ്ഥയും മറിച്ചായിരുന്നില്ല.അവളുടെ മരണ വാർത്ത അറിഞ്ഞ് അവളുടെ അച്ഛന് സ്ട്രോക്ക് വന്നു! കുറച്ച് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹവും യാത്രയായി! അതോടെ ശ്യാമ തീർത്തും അനാഥയായി.പിന്നീട ശ്യാമയുടെ പഠനത്തിന്റെ കാര്യങ്ങൾ നോക്കിയത് ഞാനായിരുന്നു..കോളേജ് കഴിഞ്ഞപ്പോൾ ശ്യാമയ്ക്ക് തിരികെ നാട്ടിലേക്ക് പോവണമെന്ന് പറഞ്ഞു.ജോലി ആയപ്പോൾ നന്ദനെ തന്റെ കൂടെ കൂട്ടണമെന്ന് അവൾ എന്നോട് ആവശ്യപ്പെട്ടു... സ്വന്തം ജീവിതം പാഴാക്കണ്ട എന്ന് ഞാൻ അവളോട് പറഞ്ഞു.പക്ഷെ നന്ദനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ല എന്ന് ശ്യാമ വാശി പിടിച്ചു.നന്ദന്റെ സ്ഥാനത്ത് അവൾക്കായിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നതെങ്കിൽ നന്ദൻ അവളെ ഒരിക്കലും ഉപേക്ഷിക്കില്ലായിരുന്നു എന്ന് ശ്യാമ പറഞ്ഞതോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു. .നന്ദനെ അവൾക്ക് അത്രയ്ക്ക് ജീവൻ ആയിരുന്നു.അവരുടെ വിവാഹം കഴിഞ്ഞ് ശ്യാമ നന്ദനെ നാട്ടിലേക്ക് കൊണ്ടുപോയി.."ജിതേഷ് കിതപ്പോടെ പറഞ്ഞ് നിർത്തി..പഴയ ഓർമ്മകളിൽ അവന്റെ മുഖത്ത് പല വികാരങ്ങൾ മിന്നി മറഞ്ഞു.ശ്രീബാല എല്ലാം കേട്ട് സ്തബ്ധയായി ഇരുന്നുപോയി! ഹരിയേട്ടൻ ഗർഭിണിയായ തന്റെ കാമുകിയെയും കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നല്ലാതെ അവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അവൾക്കറിയില്ലായിരുന്നു.അന്നത്തെ പത്രങ്ങളും മിഥിലയുടെയും നന്ദന്റെയും ഇൻഫോർമേഷൻ ഒന്നും പുറത്ത് വിട്ടിരുന്നില്ല.ഹരിയേട്ടനും തന്നോട് അതേക്കുറിച്ചൊന്നും പറഞ്ഞുമില്ല..
"ഇല്ല..എന്റെ ഹരിയേട്ടൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല. നിങ്ങൾക്ക് തെറ്റ് പറ്റിയതാവാം.എന്റെ ഹരിയേട്ടൻ പാവം ആണ്.മിഥിലയെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ആത്മാർത്ഥമായി തന്നെ ആയിരിക്കും.."കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനിടയിൽ ശ്രീബാല പറഞ്ഞു.
"അതെ! ആത്മാർത്ഥമായി സ്നേഹിച്ചതുകൊണ്ടാണ് ഗർഭിണിയാണെന്ന് അറിഞ്ഞപ്പോ തന്നെ അവളെയും പിറക്കാനിരിക്കുന്ന കുഞ്ഞിനേയും കൊന്നുകളഞ്ഞത്!"ജിതേഷ് പുച്ഛത്തോടെ പറഞ്ഞു.
"ഇല്ല! ഞാൻ വിശ്വസിക്കില്ല! "ശ്രീബാല നിഷേധാർത്ഥത്തിൽ തലയാട്ടി.
"ശരി വിശ്വസിക്കേണ്ട.ദാ ഇതൊന്ന് കണ്ടുനോക്ക്.."ജിതേഷ് തന്റെ ഫോണിലെ സീക്രെട് ഫോൾഡർ തുറന്ന് അതിലെ ഒരു വീഡിയോ പ്ലേയ് ചെയ്ത് ശ്രീബാലയുടെ കൈകളിൽ കൊടുത്തു.
അത് കണ്ട് ശ്രീബാല വിശ്വാസം വരാതെ കണ്ണ് മിഴിച്ച് അതിലേക്ക് നോക്കി ഇരുന്നു!
=============================
കഥയുടെ തുടക്കത്തിൽ ഇതിൽ ചെറിയൊരു സംഭവം ഒരാളുടെ യഥാർത്ഥ അനുഭവം ആണെന്ന് ഞാൻ പറഞ്ഞിരുന്നു.അത് ഇന്നത്തെ പാർട്ടിന്റെ തുടക്കത്തിൽ കുട്ടൻ വേണിയോട് പറയുന്ന ഗിരിയുടെ ഫ്ലാഷ്ബാക്ക് ആണ്. ഫ്ലാഷ്ബാക്കിൽ പറഞ്ഞിരിക്കുന്നത് സത്യമാണ്..സത്യത്തിൽ ബാലവേണി എഴുതി തുടങ്ങിയപ്പോൾ ഗിരി എന്ന കഥാപാത്രം എന്റെ മനസ്സിൽ ഇല്ലായിരുന്നു.അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഗിരി എന്നല്ല.അദ്ദേഹം ഒരു ലോറിക്കാരനോ കഥയിൽ പറഞ്ഞിരിക്കുന്നത്പോലെ ആരെയെങ്കിലും തട്ടിക്കൊണ്ടുവരികയോ ഒന്നും ചെയ്തിട്ടില്ല.ഞാൻ അദ്ദേഹത്തെ പരിചയപ്പെടുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല.അദ്ദേഹം ഇന്ന് എവിടെയാണെന്നും എനിക്കറിയില്ല.പക്ഷെ അദ്ദേഹത്തിന്റെ ഭൂതകാലം കേട്ടപ്പോൾ ഞാൻ തരിച്ചിരുന്ന് പോയി..മനസ്സിന് ഒരുപാട് സങ്കടം തോന്നി.പിന്നീട് ഗിരിയെ ഞാൻ ഇതിലെ ഒരു കഥാപാത്രമാക്കി.ഗിരിക്ക് വേണ്ടി ഒരു പ്രത്യേക മാനറിസം ഉണ്ടാക്കി..ആവശ്യത്തിന് മാത്രം സംസാരിക്കുകയും ഭക്ഷണം കളയുമ്പോൾ ദേഷ്യം വരുകയും ഭക്ഷണം എത്ര രുചിയില്ലാത്തതായാലും ഒരു വറ്റ് പോലും പാഴാക്കാതെ മുഴുവനും കഴിച്ച് തീർക്കുകയും ചെയ്യുന്ന കള്ളും കഞ്ചാവും ഒന്നും തൊട്ടു നോക്കുകയും ചെയ്യാത്ത ഒരു മുരടനാക്കി ഞാൻ ഗിരിയെ ചിത്രീകരിച്ചു. കൂട്ടിന് കുട്ടൻ എന്ന കഥാപാത്രത്തെയും സൃഷ്ടിച്ചു...എന്നിരുന്നാലും സ്വന്തം വീട്ടിലേക്ക് കയറി വരുമ്പോൾ തന്റെ അമ്മയുടെയും കൂടപ്പിറപ്പുകളുടെയും തണുത്ത് മരവിച്ച് കിടക്കുന്ന ശരീരങ്ങൾ കാണേണ്ടി വരുന്ന ഒരു പതിനഞ്ചു വയസ്സുകാരന്റെ മാനസികാവസ്ഥ നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല.ഒരുപാട് മനസികസംഘർഷത്തോടെ ആണ് ഇന്നത്തെ പാർട്ടിലെ ആ ഒരു ഭാഗം ഞാൻ എഴുതിയത്..അത് എത്രത്തോളം ഇവിടെ എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞു എന്നെനിക്കറിയില്ല...ഇതും തുടർന്നുള്ള കഥയുമായി യാതൊരു ബന്ധവുമില്ല..ഇനി നമുക്ക് കഥയിലേക്ക് തിരിച്ച് വരാം.. എല്ലാവരുടെയും സംശയങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് കഥാപാത്രങ്ങളുടെ കണക്‌ഷൻ മനസ്സിലായല്ലോ അല്ലെ.നന്ദനും ശ്യാമയും ആരാണെന്ന് ഉത്തരം കിട്ടിയല്ലോ..അടുത്ത സസ്പെൻസുമായി ഞാൻ നാളെ വന്നേക്കാമെ..കഥ ഇഷ്ടമാവുന്നുണ്ടെങ്കിൽ കമന്റ് ഇട്ടേക്കണേ..ലൈക് ചെയ്യാനും മറക്കല്ലേ.. )
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം )
അഞ്ജന ബിജോയ്
Click here to read all Published parts: - ബാലവേണി നോവൽ - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക