Slider

അവന്റെ 'അമ്മ... എന്റെയും

0
."My mother is my guru..And my all time inspiration "
വിടർന്ന മുഖത്തോടെ അർജുൻ അത് പറയുമ്പോൾ ക്ലാസ്സിൽ കരഘോഷമുയർന്നു.
ക്ലാസ്സിൽ അവന്റെ അമ്മയ്ക്ക് നിറയെ ആരാധകരാണ് ക്ലാസ് ടീച്ചർ ഹേമ മാഡം ഉൾപ്പെടെ. ഹേമ മാഡത്തിന്റെ മിക്ക സാരികളും എംബ്രോയിഡറി ചെയ്‌തു കൊടുക്കുന്നത് അവന്റെ അമ്മയാണ് .കൂടാതെ ക്ലാസ്സിലെ പല പെൺകുട്ടികളുടെയും കാതിൽ തൂങ്ങുന്നത് അവന്റെ 'അമ്മ ഉണ്ടാക്കിയ കമ്മലുകളാണ് .
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ അവൻ ബാഗുമായി സ്റ്റാഫ്‌റൂമിലേക്കു പോകുന്നത് കാണാം .ആ ബാഗിൽ ചമ്മന്തിപ്പൊടിയും അച്ചാറുകളും മുളക് കൊണ്ടാട്ടവുമൊക്കെ ആണ് .അവന്റെ 'അമ്മ ഉണ്ടാക്കിയത് .ദുബായിലെ സ്കൂളിൽ നിന്ന് ഇവിടുത്തെ സ്കൂളിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് എല്ലാം പുതുമ ആയിരുന്നു. ഇപ്പോൾ ശീലമായി. രണ്ടു വർഷം കഴിഞ്ഞു തിരിച്ചു പോകുന്നതോർക്കുമ്പോൾ മാത്രം ആണ് സങ്കടം.
അർജുൻ ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് .നന്നായി പാടും സ്പോർട്സിലും മിടുക്കൻ .പക്ഷെ ഞങ്ങളുടെ സ്കൂളിലെ ഫീസ് അടയ്ക്കാൻ മാത്രം കഴിവുള്ള ഒരു വീട്ടിൽ നിന്നായിരുന്നില്ല അവൻ വരുന്നത് . ഒരിക്കൽ ഞാൻ അവനോടു ചോദിച്ചു
"എന്തിനാണ് നീ ഇത്രയും ഫീസ് കൊടുത്തു ഈ സ്കൂളിൽ പഠിക്കുന്നത് ?നിനക്ക് സർക്കാർ സ്കൂളിൽ പഠിച്ചാൽ പോരെ?"
അവന്റ കണ്ണ് ഒന്ന് കലങ്ങിച്ചുവന്നു
പിന്നെ അവൻ പറഞ്ഞു
"എന്റെ അച്ഛൻ ഒരു അപകടത്തിൽ മരിക്കുമ്പോൾ ഞാൻ ഇവിടെ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത് .ഞങ്ങളുടെ കഷ്ടപ്പാടൊക്കെ അതിനു ശേഷം വന്നതാ .എന്നെയിവിടുന്നു മാറ്റാൻ പലരും പറഞ്ഞു അമ്മ കേട്ടില്ല.സ്കൂളുകാരും സമ്മതിച്ചില്ല. .എന്റെ അച്ഛനുണ്ടായിരുന്നപ്പോൾ ഞാൻ ഒരു രാജകുമാരനെക്കണക്കായിരുന്നു . ഇപ്പോളും അങ്ങനെയാ എന്നാലും... അവന്റെ ശബ്ദം ഇടറി "അച്ഛനുണ്ടായിരുന്നപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നതെല്ലാം എപ്പോളും എനിക്ക് കിട്ടണമെന്ന് എന്റെ അമ്മക്ക് വാശിയാ . അതിനു വേണ്ടിയാ 'അമ്മ ഈ കഷ്ടപ്പെടണതും"
അവൻ ചിരിക്കാൻ ശ്രമിച്ചു .
അങ്ങനെയൊരു ചോദ്യം ചോദിക്കണ്ടായിരുന്നു എന്നെനിക്കു തോന്നി
എന്നോടവൻ വേഗം കൂട്ടായി .പക്ഷെ ഞാൻ ഉച്ചക്ക് കൊണ്ട് വരുന്ന ചിക്കൻ ബിരിയാണിയോ നൂഡിൽസോ ബെർഗറോ ഒക്കെ നീട്ടുമ്പോൾ അവൻ നന്ദിയോടെ വേണ്ട എന്ന് പറയും എന്നിട്ടു പറയും
"ഇന്നുണ്ടല്ലോ അമ്മയുടെ സ്പെഷ്യൽ ഉണക്കമീൻ ചമ്മന്തിയുണ്ട് "
"ഇന്ന് ഇടിച്ചക്കത്തോരനാ "
ഇന്നുകൊഞ്ചുതീയലാണ് ട്ടോ നീ കഴിക്ക്"
"ഇന്ന് ഒന്നും കിട്ടിയില്ല തൈര് സാദമാ..പക്ഷെ സൂപ്പറാ..നോക്കിക്കേ "
അവൻ പറഞ്ഞത് സത്യാ ..അവന്റ അമ്മയുട കൈപുണ്യം സൂപ്പറാണ് എന്റെ ഓർമയിൽ എന്റെ അമ്മ എന്റെ ഇഷ്ടഭക്ഷണം എന്താ എന്ന് കൂടെ ചോദിച്ചിട്ടില്ല. അവർക്ക് എപ്പോളും തിരക്കാണ്.
"നീ ഒരു ദിവസം എന്നെ കൊണ്ട് പോവോ നിന്റെ വീട്ടിലേക്ക്? നിന്റെ അമ്മയെ ഒന്ന് കാണാനാ"ഒരു ദിവസം ഞാൻ ചോദിച്ചു
അവന്റ വീട് നല്ല ഭംഗിയായിരുന്നു .മുറികൾ നിറയെ അവന്റെ 'അമ്മ ഉണ്ടാക്കിയ സാധനങ്ങൾ .ചിത്രത്തുന്നലുകൾ നിറഞ്ഞ ചുരിദാറുകൾ ,സാരികൾ , ഉടുപ്പുകൾ ഗ്ലാസ് പെയിന്റിങ്ങുകൾ .ക്ലേ മോഡലുകൾ .
"ഈശ്വര നിന്റെ അമ്മക്ക് എത്ര കൈകളാ ?"
ഞാൻ ചോദിച്ചു പോയി
"അവന്റ കണ്ണൊന്നു നിറഞ്ഞു
"ചിലതു നഷ്ടപ്പെടുമ്പോൾ ചിലതിനു വല്ലാത്ത ശക്തിയാവും ..നമ്മളെ കൊണ്ട്കൂട്ടിയാൽ കൂടാത്തതൊന്നുമില്ല ..മനസ്സ് ഉണ്ടായാൽ മതി .എന്റെ അമ്മക്ക് ഞാൻ മാത്രമേയുള്ളു .'.അപ്പൊ അമ്മ രാത്രിയെ പകലാക്കി ജോലി ചെയ്യും. ..എനിക്ക് ഒന്നിനും കുറവുണ്ടാകരുത് എന്നാണ് അമ്മയ്ക്ക്. നീ ദൈവത്തെ കണ്ടിട്ടുണ്ടോ? ഞാൻ കാണാറുണ്ട് എന്നും.. എന്റെ അമ്മ എന്റെ ദൈവാ " അമ്മയോടുള്ള സ്നേഹം കൊണ്ട് അവന്റെ മുഖം ചുവക്കുന്നത് കണ്ടു ഞാൻ അതിശയിച്ചു പോയി ഇങ്ങനെയും സ്നേഹിക്കാനാവുമോ ദൈവമേ !
"ആഹാ ...ഇതാണോ കല്യാണി ?" പിന്നിലൊരു മധുരസ്വരം കേട്ട് ഞാൻ തിരിഞ്ഞു നോക്കി
എന്റെ ശരീരത്തിലൂടെ ഒരു വിറ പടർന്നു
നെഞ്ചു ശക്തിയായി മിടിക്കാൻ തുടങ്ങി
ഞാൻ ഭിത്തിയിലേക്കു എന്റെ ശരീരം ചേർത്ത് വെച്ചു
ഉരുളുന്ന ചക്രകസേരയിൽ അവന്റെ 'അമ്മ
അവൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലായിരുന്നു അവന്റെ അമ്മയ്ക്ക് കാലുകൾ ഇല്ലായിരുന്നെന്ന്
അവൻ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലായിരുന്നു കൈകൾ കൊണ്ട് മാത്രമാണ് അവനെ അവന്റെ 'അമ്മ അവനെ പോറ്റുന്നത് എന്ന്
അവനൊന്നു സൂചിപ്പിച്ചിട്ടു കൂടിയില്ലായിരുന്നു അവന്റെ അച്ഛനെ കൊണ്ട് പോയ പോയ അപകടം അവന്റെ അമ്മയുടെ കാലുകൾ കൂടി കൊണ്ട് പോയി എന്ന്.
അന്നത്തെ പകൽ എനിക്കെന്റെ ജീവിതത്തിൽ മറക്കാനാവില്ല ..അവന്റെ 'അമ്മ എന്റെയും അമ്മയായ പകൽ. അമ്മ എനിക്കും ചോറ് വാരി തന്നു .എന്റെ മുടി നീട്ടിപ്പിന്നിയിട്ടു. എനിക്കായി ഇളംറോസ് നിറത്തിൽ നീല പൂക്കൾ തുന്നിയ ഒരു ഉടുപ്പ് തന്നു.
നോക്കിക്കൊണ്ടിരിക്കെ ഇലപ്പച്ച നിറത്തിൽ നേരിയതും മുണ്ടും ധരിച്ച ആ രൂപത്തിന് ശ്രീകോവിലിലെ ദേവിയുടെ മുഖം.
എഴുതിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ പ്രഭ
ആ ചിരിയിൽ പ്രപഞ്ചത്തിലെ സകല സൗന്ദര്യങ്ങളും നിറഞ്ഞു നിന്നു
പോകാൻ നേരം ഞാൻ അമ്മയെ രണ്ടു കവിളിലും മതി വരാതെ ഉമ്മ വെച്ചു..'അമ്മ എന്നെയും
ഞാൻ എന്റെ സ്വന്തം അമ്മയെ ഉമ്മ വെച്ചതെന്നാണ് എനിക്കോർമ്മയില്ല. എനിക്ക് എന്റെ 'അമ്മ ഉമ്മ തന്നിട്ടുണ്ടാകും കുഞ്ഞായിരുന്നപ്പോളൊ മറ്റോ .അതും എനിക്കോർമ്മയില്ല.
അവനെന്താണ് എപ്പോളും അമ്മയെ കുറിച്ച് മാത്രം പറയുന്നത് എന്ന് അന്ന് എനിക്ക് മനസിലായി
അതാണ് 'അമ്മ
അല്ല
അത് മാത്രമാണ് 'അമ്മ
പരീക്ഷകൾ കഴിഞ്ഞു
ഞാൻ ഈ നാട് വിട്ടു പോകുന്ന അന്ന് ഞാൻ അവന്റെ അരികിലെക്കു ചെന്നു
പതിവില്ലാതെ അവന്റെ മുഖം വാടിയിരുന്നു.
കാലമെത്ര കഴിഞ്ഞാലും ഞാൻ വരുമെന്ന് പറഞ്ഞപ്പോൾ ആ മുഖം തെളിഞ്ഞു
നിന്റെ അമ്മയെ എനിക്കും കൂടി ഷെയർ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അവൻ ചിരിച്ചു
പിന്നെ കയ്യിലുള്ള ഭംഗിയുള്ള ഒരു മോതിരം എന്റെ കൈവെള്ളയിൽ വെച്ചു തന്നു
"ആനവാൽ മോതിരമാണ് ..സ്വർണമൊന്നുമല്ല കേട്ടോ 'അമ്മ ഉണ്ടാക്കിയത് ആണ് ..നീ പേടിക്കണ്ട ..ഞാൻ ഇവിടെ ഉണ്ടാകും എന്റെ അമ്മയും "ഞാൻ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി
പിന്നീടുള്ള വർഷങ്ങളിൽ എനിക്കൊരു പാട് യുദ്ധം ചെയ്യേണ്ടി വന്നു പലരോടും ...
ഞാൻ കാത്തിരുന്നു
കാരണം എനിക്ക് വേണ്ടത് അവന്റെ പ്രണയം മാത്രമായിരുന്നില്ല
എനിക്കാ അമ്മയെ വേണമായിരുന്നു ..അതിനായി ഞാൻ ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു.
ഇന്ന് ഞാൻ അവന്റെയാണ് ...അവന്റെ 'അമ്മ എന്റെ അമ്മയാണ് .. അവന്റെ ആ ജീവൻ എന്റേതും കൂടിയാണ്. കാലം എനിക്കായി കാത്തു വെച്ച ഈ നിധി ഞാൻ പൊന്നു പോലെ നോക്കും ..അതായിരുന്നു ഞാൻ അവനു കൊടുത്ത വാക്ക് ..എന്നും എപ്പോഴും.

Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo