നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വടക്കുനോക്കിയന്ത്രം


Image may contain: 1 person, selfie, closeup and indoor
'ചേട്ടാ, നമുക്കീ റെക്സോണ സോപ്പ് മാറ്റി ഇനി സന്തൂർ വാങ്ങിയാലോ, റെക്സോണ തന്നെ തേച്ചു മടുത്തു.'
കുളിക്കാൻ പോകുന്ന വഴി ഭാര്യ സുലോചന കൃഷ്ണൻ കുട്ടിക്ക് മുന്നിൽ ഒരു നിർദേശം വെച്ചു! അവൾ കല്യാണം കഴിഞ്ഞു വന്നതിന് ശേഷം റെക്സോണ അല്ലാതെ വേറൊരു സോപ്പ് ആ വീട്ടിൽ വാങ്ങി കണ്ടിട്ടില്ല.
ഭാര്യയുടെ ഈ ആവശ്യം കൃഷ്ണൻ കുട്ടിയിൽ ഒരേ സമയം ഞെട്ടലും, സംശയവും ഉണ്ടാക്കി.
അവൾ കുളിക്കാൻ പോയതിന് ശേഷം അയാൾ ചാരുകസേരയിലേക്ക് കിടന്നു കണ്ണടച്ചു കൊണ്ട് കുറച്ചു ഫ്ലാഷ് ബാക്കിലേക്ക് പോയി.
താൻ സ്നേഹിച്ചിരുന്ന മല്ലിക തേക്കുന്ന സോപ്പായിരുന്നു'റെക്സോണ'.
'ചേട്ടനും ഇനി റെക്സോണ വാങ്ങി തേക്കൂ, അപ്പോൾ ഞാൻ എപ്പോഴും കൂടെ ഉണ്ടെന്ന് തോന്നും.'
അന്നത്തെ പ്രിയ നിമിഷങ്ങളിൽ എപ്പോഴോ അവൾ പറഞ്ഞതിന് ശേഷമാണ് കൃഷ്ണൻ കുട്ടി റെക്സോണ ഒരു ശീലമാക്കിയത്!
അതോടെ, വർഷങ്ങളായി തൻറെ വീട്ടിൽ കുളിക്കാനും, അലക്കാനും ഒരുപോലെ ഉപയോഗിച്ചിരുന്ന ലൈഫ് ബോയ് സോപ്പ്, കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചത് പോലെ കൃഷ്ണൻ കുട്ടിയും നിരോധിച്ചു. ലൈഫ് ബോയ് ഇല്ലാത്തതിനാൽ കുളിച്ചത് പോലെയേ തോന്നുന്നില്ല, എനിക്ക് ആ സോപ്പ് വാങ്ങി താ, എന്ന അമ്മയുടെ പരാതികൾ കുറച്ചു നാളുകൾ റെക്സോണ ഉപയോഗിച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന മറുപടി കൊണ്ട് നേരിട്ടു.
അമ്മയുടെ പരാതിയെക്കാൾ അന്ന്, റെക്സോണ യുടെ മണത്തിനിടയിൽ, ലൈഫ് ബോയിയുടെ മണം ചിലപ്പോൾ മല്ലികയുടെ അദൃശ്യ സാമീപ്യത്തിന് ഭംഗം വരുത്തുമെന്ന് ആ കാമുക ഹൃദയം ഭയപ്പെട്ടു.
അങ്ങനെ ആ വീട്ടിൽ റെക്സോണയുടെ മണവും, കൃഷ്ണൻ കുട്ടിയുടെ മനസ്സിൽ മല്ലികയും നിറഞ്ഞു നിന്നു.
എന്നാൽ ഒരു സുപ്രഭാതത്തിൽ മല്ലിക ഒരു ബസ് കണ്ടക്ടറുടെ കൂടെ ഒളിച്ചോടി എന്ന വാർത്ത കേട്ടാണ് ആ ഗ്രാമം ഉറക്കമുണർന്നത്! മാത്രവുമല്ല, അവളുടെ ഒരുപാട് കാമുകന്മാരിൽ ഒരാൾ മാത്രമാണ് താൻ എന്ന കാര്യവും അപ്പോൾ മാത്രമാണ് കൃഷ്ണൻ കുട്ടി അറിയുന്നത്.
മല്ലിക പോയതോടെ ആ പ്രദേശത്തെ കടകളിൽ വെച്ച് ഏറ്റവും കൂടുതൽ റെക്സോണ സോപ്പ് വിറ്റ വ്യാപാരി എന്ന നിലയിൽ റെക്സോണ കമ്പനി വരെ ആദരിച്ച കുഞ്ഞിരാമേട്ടൻറെ കടയിൽ റെക്സോണ സോപ്പിൻറെ സെയിൽ കുത്തനെ ഇടിഞ്ഞു.
മല്ലികയെ ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ടോ എന്തോ, തേച്ചിട്ട് പോയവൾ തേക്കുന്ന സോപ്പ് ആയിട്ടു പോലും കൃഷ്ണൻ കുട്ടി റെക്സോണയെ ഉപേക്ഷിച്ചില്ല. അപ്പോഴേക്കും അമ്മയും റെക്സോണയെ ഇഷ്ടപ്പെട്ടിരുന്നു.
അമ്മയുടെ കണ്ണീരിനും, ബന്ധുക്കളുടെ നിർബന്ധത്തിനും മുന്നിൽ കല്യാണമേ വേണ്ട എന്നുള്ള തീരുമാനം മാറ്റേണ്ടി വന്നു...അങ്ങനെയാണ് സുലോചന തൻറെ ജീവിത സഖിയായത്. എങ്കിലും തൻറെ ജീവിതത്തിലെ ആകെയുള്ള പ്രണയ നായികയുടെ സാമീപ്യം റെക്സോണ സോപ്പിലൂടെ അനുഭവിച്ചു വരികയാണ്...
പെട്ടെന്ന് വായുവിൽ റെക്സോണയുടെ മണം! മല്ലികയുടെ സാമീപ്യം...
കണ്ണ് തുറന്നു നോക്കിയപ്പോൾ സുലോചന കുളിയും കഴിഞ്ഞു മുന്നിലൂടെ പോയതാണ് എന്ന് മനസിലായതോടെ വീണ്ടും കണ്ണടച്ച് കിടന്നു.
അവൾക്കും ഇനി ഇങ്ങനെ വല്ല പ്രണയവും ഉണ്ടായിരുന്നോ, അവൻ തേക്കുന്ന സോപ്പ് സന്തൂർ ആയിരിക്കുമോ, അപ്പോൾ അതായിരിക്കില്ലേ അവൾ ഇനി മുതൽ സന്തൂർ വാങ്ങണം എന്ന് പറയുന്നത്. കൃഷ്ണൻ കുട്ടിയുടെ മനസ്സിൽ ന്യായമായും സംശയം തുടങ്ങി.
മാത്രവുമല്ല അന്ന് അവളുടെ പത്താം ക്ലാസ് കൂട്ടുകാരുടെ ഒരു ഗെറ്റ് ടുഗെദറിന് പോയപ്പോൾ അവിടെ എവിടെയോ ഒരു സന്തൂർ സോപ്പിൻറെ മണമല്ലേ ഉണ്ടായിരുന്നത്! അവളുടെ കൂടെ പഠിച്ച ഒരു ഗൾഫ് കാരൻ തെണ്ടി വന്ന്'ഓഹ്, ഇതാണോ സുലുവിൻറെ ഹസ്' എന്ന് ഒരു ആക്കിയ ചോദ്യം ചോദിച്ചപ്പോൾ തന്നെ ഡൗട്ട് തോന്നിയതാണ്...
കാരണം താൻ വരെ'സുലോചനേ' എന്ന് വിളിക്കുമ്പോൾ ആണ് അവൻറെ ഒരു 'സുലു'!
പക്ഷെ ഇതെല്ലാം ചോദിക്കാൻ പോയാൽ, ഈ റെക്സോണ പ്രേമം എങ്ങാനും എങ്ങനെയെങ്കിലും അവൾ അറിയാൻ ഇട വന്നാൽ അതോടെ തൻറെ ചീട്ട് കീറും. പിന്നെ അദൃശ്യ സാമീപ്യമായി നടക്കുന്ന മല്ലികയെ കുട്ടൂസൻ മായാവിയെ ആവാഹിച്ചു കുപ്പിയിൽ കേറ്റുന്നത് പോലെ കുപ്പിയിൽ കയറ്റി വല്ല പുഴയിലും ഒഴുക്കും...താൻ സർക്കാരിനെ സഹായിക്കാൻ വാങ്ങുന്ന മദ്യക്കുപ്പികൾ ആണെങ്കിൽ വീടിൻറെ പുറകിൽ കൂട്ടിയിട്ടിട്ടും ഉണ്ട്...
അതുകൊണ്ട് കുറച്ചു ബുദ്ധിപൂർവം വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ഉള്ളിലെ സംശയം അടക്കിപ്പിടിച്ചുകൊണ്ട് മുറ്റത്തു നിൽക്കുന്ന അവളോട് ചോദിച്ചു.
'സുലോചനേ, നീയെന്താ റെക്സോണ മാറ്റി സന്തൂർ സോപ്പ് തന്നെ വേണം എന്ന് പറയുന്നത്, വേറെ സോപ്പ് ഒന്നും പറ്റില്ലേ? നമുക്ക് വേണമെങ്കിൽ ലക്സ് മേടിക്കാമല്ലോ?'
'ഓ അതോ, അത് ചേട്ടാ ടി വിയിൽ പരസ്യം കണ്ടിട്ടില്ലേ, ഒരുത്തി സന്തൂർ സോപ്പ് തേച്ചു കുളിച്ചിട്ട് പോകുമ്പോൾ, കൊച്ചു വന്ന്'മമ്മീ' എന്ന് വിളിക്കുമ്പോൾ ആളുകൾ അത്ഭുതപ്പെടുന്നത്. ഞാനും കുറച്ചു നാള് സന്തൂർ തേച്ചു കഴിയുമ്പോൾ എന്നെ കാണുമ്പോഴും ആളുകൾ അത്ഭുതപ്പെടുമോ എന്ന് പരീക്ഷിക്കാനാണ്.'
ഓഹ്, ഈശ്വരാ...പതിവ്രതയും,നിഷ്കളങ്കയുമായ ഭാര്യയെ വെറുതെ സംശയിച്ചു പോയല്ലോ...പാവം അവളുടെ മനസ്സിൽ ഈ കൃഷ്ണൻ കുട്ടി മാത്രമേ ഉള്ളു...
ഇതിനു പ്രായശ്ചിത്തം എന്നത് പോലെ ഏതായാലും അവളെയും കൂട്ടി ഒരു സിനിമക്ക് പോയേക്കാം...എന്നിട്ട് പുറത്തു നിന്ന് ഭക്ഷണവും കഴിക്കണം.
ഭാര്യയോടുള്ള സ്നേഹാധിക്യത്താൽ അയാൾ പറഞ്ഞു...
'സുലു, നമുക്ക് ഇന്നൊരു സിനിമക്ക് പോയാലോ?'
പഴയ സിനിമകളിൽ നായികമാർ റൊമാൻസ് സീനുകളിൽ ഒരു കാര്യവുമില്ലാതെ കണ്ണ് ചിമ്മി തുറന്നു ആക്ഷൻ കാണിക്കുന്നത് പോലെ അവൾ ചോദിച്ചു...
'ചേട്ടൻ എന്താ ഇപ്പോൾ വിളിച്ചത്?'
'സുലു' എന്ന്...' കുറച്ചു നാണത്തോടെ കൃഷ്ണൻ കുട്ടി പറഞ്ഞു...
'അയ്യോ, ശരിക്കും എൻറെ കൂടെ പഠിച്ച മോഹന ചന്ദ്രൻ വിളിക്കുന്നത് പോലെ തന്നെയുണ്ട്. അവനാ എന്നെ ആദ്യം 'സുലു' എന്ന് വിളിച്ചത്.'
'ഉണ്ട'....'എടാ ഗൾഫ് കാരൻ തെണ്ടീ, നിനക്ക് ഇനിയും മതിയായില്ലേ...വൃത്തി കെട്ടവനേ... ഇനി നിന്നെ ഞാൻ വേഗം സിനിമക്ക് കൊണ്ടു പോകാമെടീ കോപ്പേ..
‘എന്താ ചേട്ടാ 'ഉണ്ടയോ'... ഇപ്പോഴോ, നാളെ രാവിലെ ഉണ്ടാക്കി തരാം പോരെ?'
ഹോ, ആ ഗൾഫ് കാരനെ മനസ്സിൽ ചീത്ത വിളിച്ചതിൻറെ ആദ്യ ഭാഗം ഉച്ചത്തിൽ ആയത് അവൾ കേട്ടു. സിനിമക്ക് പോകുന്നത് ഒഴിവാക്കാൻ എന്തെങ്കിലും ഒഴിവ് കഴിവ് ആലോചിക്കുന്നതിനിടയിൽ അവൾ പറഞ്ഞു...
ഓ...കൊച്ചു കള്ളാ ഇപ്പോൾ അല്ലെ മനസിലായത് 'ഉണ്ട'...മമ്മൂട്ടിയുടെ പുതിയ സിനിമ കാണാൻ പോകുന്ന കാര്യമാണ് പറഞ്ഞത് അല്ലേ? ഞാൻ വേഗം റെഡി ആയിട്ടു വരാം കേട്ടോ...
കൃഷ്‌ണൻ കുട്ടിക്ക് തലയാട്ടുക മാത്രമേ നിർവാഹം ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു കടുത്ത തീരുമാനവും എടുത്തു...
'ഇനിയീ വീട്ടിൽ റെക്സോണയും, സന്തൂറും ഒന്നും വേണ്ട, കുടുംബ ശ്രീക്കാർ ഉണ്ടാക്കുന്ന സോപ്പ് മതി'

-അനൂപ് കുമാർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot