നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 10


വേണി  കണ്ണുകൾ അടച്ച് ഉറങ്ങുകയാണെന്ന ഭാവത്തിൽ കിടന്നു.അയാൾ അവളെ  കിടന്നിടത്ത് നിന്നും വലിച്ച് പൊക്കി തോളിലിട്ട് ഒരു കൈകൊണ്ട് അവളെ മുറുകെ പിടിച്ചു. മറ്റേ കൈകൊണ്ട് ലോറിയുടെ കമ്പിയിൽ പിടിച്ച് താഴേക്ക് ചാടി ഇറങ്ങി.വേണി  കണ്ണുകൾ തുറന്ന് ചുറ്റും നോക്കി.സമയം വെളുക്കുന്നേ ഉണ്ടായിരുന്നുള്ളു.അതൊരു ചേരി പ്രദേശമാണെന്ന് വേണിക്ക്  മനസ്സിലായി.അട്ടി  അടുക്കി വെച്ചിരിക്കുന്നത് പോലെ കുറെ കൊച്ച് വീടുകൾ  അവിടെ ഉണ്ടായിരുന്നു. എല്ലാവരും എഴുന്നേറ്റ് വരുന്ന സമയം ആവുന്നതേ ഉള്ളു.ദൂരെ എഴുതി വെച്ചിരിക്കുന്ന നെയിം  ബോർഡിൽ  ആ സ്ഥലത്തിന്റെ പേരുണ്ടായിരുന്നു. പക്ഷെ അത് തെലുഗു ആയിരുന്നതിനാൽ അവൾക്ക് വായിക്കാൻ കഴിഞ്ഞില്ല.അയാൾ അവളെയും കൊണ്ട് വീടിനകത്തേക്ക് കയറി.ഓടിട്ട ഒരു കൊച്ച് വീട്ടിലേക്കായിരുന്നു അയാൾ വേണിയെ  കൊണ്ടുപോയത്.സൗകര്യങ്ങൾ നല്ല കുറവായിരുന്നു.ഒരു അടുക്കളയും ഒരാൾക്ക് കഷ്ടിച്ച്  നിന്ന് തിരിയാവുന്ന ഒരു മുറിയും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.അയാൾ അവളെ ആ മുറിയിൽ ഉണ്ടായിരുന്ന ഒരു ചൂരലിന്റെ കട്ടിലിലേക്ക് ഇട്ടു..
'പൊത്തോ' എന്നൊരു ശബ്ദത്തോടെ അവൾ അതിലേക്ക് വീണു.അപ്പോഴാണ് അവൾ മുൻപിൽ നിൽക്കുന്ന ആളെ ശെരിക്കും കണ്ടത്...ബ്രൗൺ നിറമുള്ള കൃഷ്ണമണിയുള്ള ചെറിയ കണ്ണുകളും കട്ടിയുള്ള പിരികവും നീണ്ട മൂക്കും  കറുത്ത താടിയും മീശയും വെച്ച്   ആറടിപ്പൊക്കം ഉള്ള പത്ത് മുപ്പത് വയസ്സ് തോന്നിക്കുന്ന  ഒത്ത  ഒരു മനുഷ്യനായിരുന്നു മുൻപിൽ.കൈലിയും ഒരു കറുത്ത ഹാഫ് കൈ ഷർട്ടുമായിരുന്നു വേഷം.അയാളുടെ മുഖം വെയിലേറ്റ് കരുവാളിച്ചിരുന്നു...
താൻ വായിച്ച ഏതോ ഒരു നോവലിലെ വില്ലന്റെ മുഖഛായ അയാൾക്കുണ്ടെന്ന് വേണിക്ക്  തോന്നി.അയാളും  അവളെ തന്നെ  നോക്കി നിൽക്കുകയായിരുന്നു.
അയാൾ കട്ടിലിന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് വേണി പേടിയോടെ ഒരു സൈഡിലേക്ക് ചുരുണ്ടുകൂടി.അയാൾ അവളുടെ അടുത്തേക്ക് കുനിഞ്ഞ് വന്നു.അവൾ കണ്ണുകൾ ഇറുക്കി  അടച്ചു.അയാൾ ഒരു കൈകൊണ്ട് വേണിയുടെ  വായിലെ കെട്ടഴിച്ചു.അവൾ കുറച്ച് നേരം നിർത്താതെ ചുമച്ചു.
"നിങ്ങൾ ആരാ?എന്നെ എന്തിനാ പിടിച്ചുകൊണ്ട് വന്നത്?എനിക്ക് പോണം.എനിക്ക് എന്റെ കണ്ണേട്ടന്റെ അടുത്തേക്ക് പോണം.."വേണി കരഞ്ഞുകൊണ്ട് ഒച്ച വെച്ചു..
"എന്റെ ശരീരം ആണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ അത് നടക്കില്ല.എന്നെ തൊടുന്നതിന് മുൻപ് ഒന്നെങ്കിൽ നിങ്ങളെ ഞാൻ കൊല്ലും ഇല്ലെങ്കിൽ ഞാൻ ചാവും!"വേണി ദേഷ്യത്തോടെ പറഞ്ഞു.അയാൾ ഒന്നും മിണ്ടിയില്ല അവളെ നോക്കിയതുമില്ല.
"നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?ഞാൻ ഇവിടെ  കിടന്ന് അലറി വിളിക്കും.ആരെങ്കിലും ഓടി വരണെ ! രക്ഷിക്കണേ! "വേണി കട്ടിലിൽ ഇരുന്നുകൊണ്ട്  അലറി വിളിച്ചു.അയാൾ അതൊന്നും ശ്രദ്ധിക്കാതെ വേറെ എന്തോ ചെയ്തുകൊണ്ടിരുന്നു.അവളുടെ ഒച്ച കേട്ട് ആരും ആ വഴി വന്നില്ല.
"തനിക്ക് വായിൽ നാവില്ലെ?" വേണി ദേഷ്യം സഹിക്ക വയ്യാതെ ചോദിച്ചു.അയാൾ ഒന്നും മിണ്ടാതെ എങ്ങോട്ടോ  പോവാൻ തുടങ്ങി.
"എന്നെ റേപ്പ് ചെയ്യാൻ  വേറെ ആളുകളെയും കൂട്ടാൻ പോവാണോ ?എങ്കിൽ ഒറ്റ ഒരെണ്ണത്തിനെ ഞാൻ വെച്ചേക്കത്തില്ല.എല്ലാത്തിനെയും കൊന്നിട്ട് ഞാനും ചാവും.ആരെങ്കിലും ഓടി വരണേ! എന്നെ രക്ഷിക്കണേ! എന്നെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണെ!"വേണി പിന്നെയും അലറി  വിളിച്ചു.
അയാൾ മുറി പൂട്ടി അവിടെ നിന്നും ഇറങ്ങി.അയാൾ പോയതും വേണി കട്ടിലിൽ നിന്നും പതിയെ താഴെ ഇറങ്ങി.കൈകൾ കെട്ടിയിരുന്നത് കൊണ്ട് കാലുകൾ കുത്തി നിരങ്ങി ആണ് താഴെ ഇറങ്ങിയത്.നിവർന്ന് നിന്നപ്പോൾ ശരീരം വല്ലാതെ  വേദനിച്ചു.മുറിയിൽ ഒരു ജനൽ ഉണ്ടായിരുന്നു.അതിനപ്പുറം  മതിലുകൊണ്ട് മറച്ചിരുന്നു. അവൾ അടുക്കള ഭാഗത്തേക്ക് ചെന്ന് അവിടെ ഉള്ള ചെറിയ ജനലിൽ നിന്നും വെളിയിലേക്ക് നോക്കി  രക്ഷിക്കണേ എന്ന് അലറി വിളിച്ചു.ചിലർ  ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയെങ്കിലും  ആരും അങ്ങോട്ടേക്ക്  വന്നില്ല.വേണിക്ക്   കരച്ചിൽ വന്നു.രക്ഷപെടാൻ എന്തെങ്കിലും ഒരു പഴുതുണ്ടോ എന്നവൾ നോക്കി.പോലീസിൽ വിളിക്കാൻ ഒരു ഫോണിന് വേണ്ടി അവൾ ചുറ്റും പരതി.പക്ഷെ നിരാശ ആയിരുന്നു ഫലം. ഓരോന്ന് ഇരുന്നാലോചിച്ച് കരഞ്ഞും പിഴിഞ്ഞും അവൾ സമയം തള്ളി നീക്കി.അയാൾ ആരാണെന്നോ തന്നെ ഇവിടെ കൊണ്ടുവന്നതിന്റെ ഉദ്ദേശം എന്തെന്നോ വേണിക്ക്  മനസ്സിലായില്ല.കുറച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.വിശപ്പും ദാഹവും കലശലായപ്പോൾ അവൾ അവിടെ നിന്നും പതിയെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു.അവിടെ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല. അവൾക്ക് മൂത്രമൊഴിക്കാൻ കലശലായി മുട്ടി.പക്ഷെ വീടിനകത്ത് ബാത്റൂം  ഒന്നും കണ്ടില്ല.അടുക്കളയുടെ പിറകു വശത്തായി ഒരു വാതിൽ കണ്ടു.ചിലപ്പോ അവിടെയായിരിക്കും ബാത്റൂം  എന്നവൾ ഊഹിച്ചു.പക്ഷെ കൈകൾ കെട്ടിയിരുന്നതിനാൽ അവൾക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.വേണി  തിരികെ മുറിയിലേക്ക് പോയി കരഞ്ഞുകൊണ്ട് അവിടെ നിലത്തിരുന്നു...**
സന്ധ്യയോടടുത്തപ്പോൾ  ലോറി തിരികെ എത്തി.അയാൾ വീട് തുറന്ന്  അകത്ത് കയറി മുറിയിൽ ചെന്നു..ജനലിന്റെ ഓരത്ത്  ഇരുട്ടത്ത് വേണി ഇരിക്കുന്നത് കണ്ടു.മുറിയിൽ ചെറിയ ദുർഗന്ധവുമുണ്ടായിരുന്നു.അയാൾ ലൈറ്റ് ഓൺ ചെയ്തപ്പോൾ വേണി അവിടെ ജനലിനോട് ചേർന്ന് തളർന്നവശയായി   ബോധമില്ലാതെ ഇരിക്കുന്നത്  കണ്ടു.അവൾ ഇരിക്കുന്നതിന് ചുറ്റും വെള്ളം തളം കെട്ടി കിടപ്പുണ്ടായിരുന്നു.അയാൾ അവളുടെ അടുത്തേക്ക് പതിയെ നടന്ന്  ചെന്നു.അവൾ ഇട്ടിരുന്ന സാരി മുക്കാലും നനഞ്ഞിരുന്നു.. അയാൾ ആ കാഴ്ച കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നു! കുറ്റബോധത്താൽ അയാളുടെ നെഞ്ച്  നീറി.അയാൾ വേഗം അവളുടെ അടുത്തേക്ക് ചെന്ന് നിലത്തിരുന്ന് അവളുടെ കൈയിലെ കെട്ടഴിച്ചു.വാടിത്തളർന്ന തണ്ടുപോലെ വേണി  അയാളുടെ നെഞ്ചിലേക്ക് വീണു.പാതി ബോധത്തിലും അവൾ കണ്ണേട്ടാ ബാലേച്ചി അച്ഛാ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു.അയാൾ അവളുടെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ കൈകൊണ്ട് തുടച്ചെടുത്തു.അവളുടെ കഴുത്തിലെ താലി അയാൾ പൊട്ടിച്ചെടുത്തു! പിന്നീട്  അവളെ കോരിയെടുത്ത് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണ് അവളുടെ നെറ്റിയിൽ കണ്ണൻ ചാർത്തിയ സിന്ദൂരം പാതി മാഞ്ഞു...**
ട്രെയിൻ ഡൽഹി സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങാൻ റെഡി ആയി  ശ്രീബാലയും ജിതേഷും വാതിൽക്കൽ തന്നെ നിൽപ്പിയുണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്നും വെളിയിലേക്കിറങ്ങി ഒരു ടാക്സി പിടിച്ചു.
"കിദർ ജാനാ ഹേ?(എവിടേക്കാണ് പോവേണ്ടത്?)"ഡ്രൈവർ ചോദിച്ചു.
"വസന്ത് വിഹാർ.."ജിതേഷ് മറുപടി പറഞ്ഞു.ഡ്രൈവർ തന്നെ അവരുടെ പെട്ടികൾ കാറിന്റെ ഡിക്കിയിൽ എടുത്ത് വെച്ചു.എന്നിട്ട് അവർ കാറിന്റെ ബാക് സീറ്റിൽ കയറി ഇരുന്നു.
ശ്രീബാലയുടെ മുഖം മ്ലാനമാണെന്ന് ജിതേഷ് ശ്രദ്ധിച്ചു.
"എന്ത് പറ്റിയെടോ?മുഖം എന്താ വല്ലാതിരിക്കുന്നത് ?"ജിതേഷ് ചോദിച്ചു.
"വേണിയുടെയും കണ്ണേട്ടന്റെയും വിവരം ഒന്നുമില്ലല്ലോ..അങ്ങോട്ട് വിളിച്ചിട്ടും കിട്ടുന്നില്ല.."ശ്രീബാല വിഷമത്തോടെ പറഞ്ഞു.
"ആര് പറഞ്ഞു വിവരം ഒന്നുമില്ല എന്ന്?അവിടെ ഇറങ്ങി ക്ലിനിക്കിൽ പോയി,ഡോക്ടർ മരുന്ന് കൊടുത്തു , ട്രിപ്പ് ഇട്ടു ,അപ്പൊ അസുഖം  ഭേദമായി പിന്നെ അവർ അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു എന്നൊക്കെ വേണി മെസ്സേജ് അയച്ചു എന്ന് താൻ തന്നെ അല്ലെ പറഞ്ഞത്..കണ്ണനും ഇതേ വിശേഷങ്ങൾ പറഞ്ഞ്  എനിക്ക് ഇന്നലെ മെസ്സേജ് അയച്ചിരുന്നു."ജിതേഷ് പറഞ്ഞു.
"അതെ പക്ഷെ അത് കഴിഞ്ഞ് വിവരം ഒന്നുമില്ലല്ലോ.."ശ്രീബാല സങ്കടപ്പെട്ടു.
"താൻ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാലോ..എപ്പഴും അവര് തനിക്ക് മെസ്സേജ് അയച്ചുകൊണ്ടിരിക്കണം  എന്ന് നിർബന്ധം പിടിച്ചാൽ പറ്റുമോ?അയാളിപ്പോ തന്റെ അനിയത്തി മാത്രമല്ല ഒരു ഭാര്യ കൂടി ആണ്.അവരിപ്പോ അവരുടെ ഫസ്റ്റ് നൈറ്റ് ഒക്കെ ആഘോഷിച്ച് ജോളിയടിച്ച്  ഇരിപ്പുണ്ടാവും.ആഹ് ബാക്കി ഉള്ളവർ ഇവിടെ ട്രയിനിലെ കൊതുകടിയും കൊണ്ട് ഇരുന്നത് മിച്ചം.."ജിതേഷ് പറഞ്ഞത് കേട്ട് ശ്രീബാല പൊട്ടിച്ചിരിച്ചു.***
വേണി കണ്ണ് തുറന്നതും ഡെറ്റോളിന്റെയും മരുന്നുകളുടെയും മടുപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചുകയറി. താൻ ഏതോ ഒരു ഹോസ്പിറ്റലിൽ  അഡ്മിറ്റ് ആണെന്ന് അവൾക്ക് മനസ്സിലായി.കൈയിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്.അടുത്തെങ്ങും ആരെയും കണ്ടില്ല..അപ്പോഴാണ് താൻ ഉടുത്തിരുന്ന വസ്ത്രം അവൾ ശ്രദ്ധിച്ചത്.ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു സാരി ആയിരുന്നു വേഷം.പക്ഷെ ഇപ്പൊ ചവുണ്ട ഒരു ചുരിദാർ ആണ്  അവൾ ധരിച്ചിരിക്കുന്നത്.തനിക്കെന്താണ് സംഭവിച്ചതെന്നും എങ്ങനെ ഈ ഹോസ്പിറ്റലിൽ എത്തിപ്പെട്ടുവെന്നും അവൾക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റിയില്ല.അവൾ എഴുന്നേൽക്കാൻ നോക്കി.തളർച്ച കാരണം അവൾ വേച്ചുപോയി.നിസ്സഹായാവസ്ഥയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എഴുന്നേറ്റോ ചേച്ചി ?"ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ നോക്കി.അവിടെ അവളെ നോക്കി ചിരിച്ചുകൊണ്ട് കൈയിൽ ഒരു കവറും  പിടിച്ച് കൊണ്ട് ഇരുപത് ഇരുപത്തഞ്ചു  പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.
"ചേച്ചി എഴുന്നേൽക്കുമ്പോ ഞാൻ ഇവിടെ തന്നെ കാണണം എന്ന് പറഞ്ഞിട്ടാ  ഗിരിയേട്ടൻ പോയത്.ഞാൻ ഭക്ഷണം മേടിക്കാൻ ക്യാന്റീനിൽ പോയതാ.."അവൻ പറഞ്ഞു.
വേണി അവനെ തന്നെ നോക്കി കിടന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
"നിങ്ങൾ ആരാ?ആരാ ഗിരി?ഞാൻ ഇതെവിടെയാ?ഈ ഹോസ്പിറ്റലിൽ എങ്ങനെ എത്തി?ആരാ എന്റെ വേഷം മാറിയത്?എനിക്കെന്താ സംഭവിച്ചത്?നിങ്ങൾ എല്ലാവരും എന്നെ എന്താ ചെയ്തത്?"വേണി ഏങ്ങലടിച്ചുകൊണ്ട്   ചോദിച്ചു.
"അയ്യോ കരയല്ലേ ചേച്ചി..ആരും ഒന്നും ചെയ്തതല്ല.ഗിരിയേട്ടൻ വീട്ടിൽ വന്നപ്പോൾ ചേച്ചി അവിടെ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു.ഉടുപ്പ് മുഴുവൻ നഞ്ഞിരുന്നത് കൊണ്ട് ഗിരിയേട്ടൻ അപ്പുറത്തെ വീട്ടിലെ അക്കനേ വിളിച്ച് ചേച്ചിയുടെ  വേഷം മാറി.ഗിരിയേട്ടന്റെ ലോറിയിലാ ചേച്ചിയെ ആശുപത്രിയിലെത്തിച്ചത്..ഞാൻ ഗിരിയേട്ടന്റെ ലോറിയിലെ കിളിയാ..കുട്ടൻ.." കുട്ടൻ തന്റെ കൈയിലിരുന്ന കവർ മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.അപ്പോഴാണ് കഴിഞ്ഞുപോയതൊക്കെ അവൾക്ക് ഓർമ്മ കിട്ടിയത്.അവൾക്ക് നല്ല ചമ്മൽ തോന്നി അതോടൊപ്പം തന്റെ വസ്ത്രം മാറിയത് ഒരു സ്ത്രീ ആയിരുന്നു എന്നറിഞ്ഞപ്പോൾ കുറച്ച് ആശ്വാസവും.വസ്ത്രം മാറി ഇട്ടിരിക്കുന്നത് കണ്ടപ്പോൾ അവൾ പേടിച്ചു പോയിരുന്നു.
"എന്നെ പിടിച്ചുകൊണ്ട് വന്ന ആളാണോ ഗിരി?അയാൾക്കെന്താ വേണ്ടത്?"വേണി പതിയെ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.
"ചേച്ചിയെ തട്ടിക്കൊണ്ടുവന്നത് ഗിരിയേട്ടൻ മാത്രമായിരുന്നില്ല.കൂട്ടിന് ഞാനുമുണ്ടായിരുന്നു.."കുട്ടൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.
"എത്ര ലാഘവത്തോടെ ആണ് നീ ഇത് പറയുന്നത്?എന്റെ കല്യാണം കഴിഞ്ഞതാണെന്ന് നിനക്ക് അറിയാമോ?എനിക്ക് ചോദിക്കാനും പറയാനും കുറച്ച് ആൾക്കാർ ഉള്ളതാണെന്ന് നിനക്കു അറിയാമോ?എന്നെ കാണാതെ എല്ലാവരും എന്ത് മാത്രം വിഷമിക്കുന്നുണ്ടാവുമെന്ന് നിനക്ക് അറിയാമോ?"വേണി ദേഷ്യം കൊണ്ട് വിറച്ചു.
"എന്നോട് ചൂടായിട്ട് ഒരു കാര്യവുമില്ല.ഗിരിയേട്ടൻ വരുമ്പോ ചോദിക്കാനുള്ളതെല്ലാം നേരിട്ട് ചോദിച്ചോളൂ."കുട്ടൻ കൈമലർത്തി.
"ഇതാ ഈ ആഹാരം കഴിക്ക് .ശരീരം നല്ലപോലെ റെസ്ററ് വേണമെന്ന ഡോക്ട്ടർ പറഞ്ഞത്.."കുട്ടൻ പൊതിയിലെ ദോശ നീട്ടിക്കൊണ്ട് പറഞ്ഞു.
"എനിക്കെങ്ങും വേണ്ട.ഞാൻ പോവാ.എനിക്ക് ഒരു ഭർത്താവുള്ളതാ..എനിക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് തിരികെ പോകണം."വേണി തളർച്ച കാര്യമാക്കാതെ കട്ടിലിൽ നിന്നുമെഴുന്നേറ്റു.
"അങ്ങനെ പോവാൻ പറ്റില്ലല്ലോ ചേച്ചി.."കുട്ടൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.ഇടുപ്പിൽ എന്തോ തട്ടിനിന്നപ്പോൾ വേണി അങ്ങോട്ടേക്ക്  നോക്കി.ആ കാഴ്ച കണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു! തനിക്ക് മാത്രം കാണാവുന്നത് പോലെ തന്റെ ഇടുപ്പിലേക്ക്  കുത്തിയിറക്കാൻ പാകത്തിൽ  ഒരു കത്തിയും ചൂണ്ടി കുട്ടൻ നിൽക്കുന്നു.അവന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല.
"പറയുന്നത് കേൾക്കുന്നതാണ് നല്ലത്.ഗിരിയേട്ടൻ വന്നിട്ട് പുള്ളിയോട് ചോദിച്ചിട്ട് പുള്ളിയുടെ സമ്മതം മേടിച്ചിട്ട് എങ്ങോട്ട്  വേണമെകിലും പൊയ്ക്കോ.അതുവരെ നല്ല കുട്ടിയായിട്ട് ഇവിടെ അടങ്ങി ഇരുന്നേ പറ്റു.."കുട്ടൻ പറഞ്ഞു.വേണി ഭീതിയോടെ അവനെ നോക്കി.പിന്നെ ഒന്നും മിണ്ടാതെ തിരികെ കട്ടിലിൽ കയറി കണ്ണുകളടച്ച് കിടന്നു.കുട്ടൻ ചെറിയൊരു ചിരിയോടെ അവളെ നോക്കി വേണിയെ  അടുത്ത് ഒരു കസേരയിൽ അവൾക്ക് കാവലായി ഇരുന്നു.***
രാത്രി ഡിസ്ചാർജ് ചെയ്യില്ല എന്ന് പറഞ്ഞെങ്കിലും ഗിരി ഡോക്ടറോട് നേരിട്ട് സംസാരിച്ചത് കൊണ്ട് വേണിയെ അപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്തു.ഗിരി എന്ന ലോറിക്കാരന് ആ സ്ഥലത്ത് നല്ല പിടിപാടുണ്ടെന്ന് അവൾക്ക് മനസ്സിലായി.ഡോക്ടർ കുറച്ച് മരുന്നുകൾ കുറിച്ചുകൊടുത്തിട്ടുണ്ടായിരുന്നു.ഹോസ്പിറ്റലിന്റെ നെയിം ബോർഡിൽ  ആ സ്ഥലത്തിന്റെ പേര് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടായിരുന്നു.'ബംഗാനപ്പള്ളി' ! അത് ആന്ധ്ര പ്രദേശിലെ ഏതോ ഒരു സ്ഥലമാണെന്ന് അവൾക്ക് മനസ്സിലായി.
ലോറിയിലേക്ക് പിടിച്ച് കയറാൻ വേണിക്ക്  അറിയില്ലായിരുന്നു.ഗിരിയും കുട്ടനും സഹായിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ അവരുടെ കൈകൾ തട്ടിമാറ്റി.ലോറിയുടെ കമ്പിയിൽ പിടിച്ചിട്ടും സൈഡിൽ ചവിട്ടി മുകളിലേക്ക് കയറാൻ  നോക്കിയിട്ടും വീഴാൻ പോയതല്ലാതെ സീറ്റിലിരിക്കാൻ അവൾക്ക് പറ്റിയില്ല.ഗിരിയും കുട്ടനും ഒന്നും മിണ്ടാതെ കുറച്ച് നേരം വേണിയുടെ  സർക്കസ് കണ്ടുകൊണ്ട് നിന്നു.
തീരെ നിവർത്തിയില്ലാതെ വന്നിട്ടും വേണി തോൽവി  സമ്മതിച്ചില്ല.കുറച്ച് നേരം അണച്ചുകൊണ്ട് അവിടെ നിന്നു.കുറച്ച് കഴിഞ്ഞ് ഗിരി ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് നടന്ന് ചെന്ന് വേണിയുടെ എതിർപ്പുകൾ വക വെയ്ക്കാതെ അവളുടെ ഇടുപ്പിൽ കൈമുറുക്കി അവളെ പൊക്കി മുകളിലേക്ക്  എടുത്തുയർത്തി.അവൾ പെട്ടെന്ന് തന്നെ അവന്റെ കൈവിടുവിച്ച് സീറ്റിലേക്ക് കയറി ഇരുന്ന് അവനെ ദേഷ്യത്തോടെ നോക്കി.
"തൊടലും പിടിക്കലും ഒക്കെ നിങ്ങടെ കെട്ടിയോളെ മതി കേട്ടല്ലോ.ഇനി എന്റെ ദേഹത്ത് തൊട്ടാ ഞാൻ നിങ്ങടെ കൈ വെട്ടും!"വേണി ഗിരിയുടെ നേരെ ചീറി.
"ഞങ്ങൾക്കേ ഇന്ന് തന്നെ വീട്ടിൽ പോവാനുള്ളതാ.ചേച്ചിയുടെ സർക്കസ് എത്ര നേരമാ കണ്ടോണ്ടിരിക്കുന്നത്.."കുട്ടൻ അവളെ കളിയാക്കി.
"അതെ ഞാൻ ഏത് വകയിലാ നിന്റെ ചേച്ചി ആവുന്നത്?നമ്മള് തമ്മിൽ വലിയ പ്രായവ്യത്യാസമൊന്നുമില്ലല്ലോ.."വേണിക്ക്  കുട്ടന്റെ ചേച്ചി വിളി കേൾക്കുമ്പോൾ ദേഷ്യം ഇരച്ചു കയറി.
"എന്റെ ഗിരിയേട്ടന്റെ പെണ്ണ് എനിക്ക് എന്റെ സ്വന്തം ഏട്ടത്തിയമ്മ തന്നെയാ.."കുട്ടൻ ലോറിയിൽ അവളുടെ അടുത്തേക്ക് കയറി  ഇരുന്നുകൊണ്ട് ചിരിയോടെ പറഞ്ഞു.
"ഗിരിയേട്ടന്റെ പെണ്ണോ?എനിക്ക് ഒരു ഭർത്താവുണ്ട്.എന്റെ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയുള്ളൂ.ഒരു പെണ്ണിനെ അവളുടെ ഭർത്താവിന്റെ അടുത്ത് നിന്നും തട്ടിക്കൊണ്ടുവരിക എന്നിട്ട് ഭക്ഷണം പോലും തരാതെ  ഒരു മുറിയിൽ അടച്ചിടുക എന്നിട്ട് ഫ്രീ ആയിട്ട് വേറെ ഒരു ഭർത്താവിനെ തരിക നിങ്ങൾക്കെല്ലാം എന്താ തലയ്ക്ക് ഓളം ആണോ?"വേണി ഒച്ച വെച്ചു.
ഗിരി ഒന്നും ശ്രദ്ധിക്കാതെ ലോറി സ്റ്റാർട്ട് ചെയ്തു.
പെട്ടെന്നാണ് വേണി തന്റെ കഴുത്തിൽ താലി മാല ഇല്ല എന്ന് ശ്രദ്ധിച്ചത്.
"എന്റെ മാല എവിടെ?"അവൾ ലോറിയിൽ താൻ ഇരിക്കുന്നിടത്തും സാരിക്കിടയിലും ഒക്കെ പരതി.
"എന്റെ മാല എവിടെയെന്നാ ചോദിച്ചത്!" വേണി കുട്ടനെയും ഗിരിയെയും മാറി മാറി നോക്കി ചോദിച്ചു.ആരും ഒന്നും മിണ്ടിയില്ല.
കുട്ടൻ ഒരു റേഡിയോ എടുത്ത് അതിലെ പാട്ടുകളിൽ മുഴുകി ഇരുന്നു.വേണി ദേഷ്യം സഹിക്ക വയ്യാതെ കുട്ടന്റെ കൈയിൽ നിന്നും റേഡിയോ വാങ്ങി പുറത്തേക്കെറിഞ്ഞു.കുട്ടൻ ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കി ഇരുന്നു.പ്രതികരണം ഒന്നുമുണ്ടാവുന്നില്ലെന്ന് കണ്ടപ്പോൾ വേണി തലയിൽ കൈവെച്ച് കരഞ്ഞു.വീടെത്തുന്നത് വരെ വേണി എന്തൊക്കെയോ ദേഷ്യത്തോടെ പുലമ്പി  കൊണ്ടിരുന്നു.
വീട്ടിൽ എത്തിയപ്പോഴേക്കും സമയം അർധരാത്രി കഴിഞ്ഞിരുന്നു.വേണി നേരെ താൻ കിടന്നിരുന്ന മുറിയിലേക്ക് പോയി.അവിടെ  നിലമാകെ തുടച്ച് വൃത്തിയാക്കി ഇട്ടിരുന്നു.അവൾ കുറച്ച് നേരം അവിടെ അങ്ങനെ നിന്നു.
"ഗിരിയേട്ടൻ തന്നെയാ അതൊക്കെ ക്ലീൻ ആക്കിയത്.."കുട്ടൻ പിറകിൽ നിന്നും വിളിച്ച് പറഞ്ഞു.
വേണിക്ക് അത് കേട്ട് നാണക്കേട് തോന്നിയെങ്കിലും അവൾ  ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.
ഗിരി അടുക്കളയിലായിരുന്നു.വെളിയിൽ നിന്ന് മേടിച്ച തട്ടുദോശയും ചമ്മന്തിയും അയാൾ  മൂന്ന് പാത്രങ്ങളിലേക്ക് മാറ്റി.വേണിക്ക്  കൊടുക്കാൻ ഒരു പ്ലേറ്റ് അയാൾ  കുട്ടന്റെ കൈയിൽ കൊടുത്തു വിട്ടു .
"ചേച്ചി ഭക്ഷണം കഴിക്ക്.."കുട്ടൻ പ്ലേറ്റ് വേണിക്ക് നേരെ നീട്ടി.
"എനിക്ക് വേണ്ട.എന്റെ താലി മാല പോലും നിങ്ങൾ അടിച്ച് മാറ്റിയില്ലേ?എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ എനിക്ക് ഒന്നും വേണ്ടാ.."വേണി ദേഷ്യത്തോടെ പാറഞ്ഞു.
"ഉത്തരമൊക്കെ  കിട്ടും.ഇപ്പൊ ഇത് കഴിക്ക്..ആഹാരം കഴിച്ചിട്ട് മണിക്കൂറുകളായില്ലേ.."കുട്ടൻ അവളെ നിർബന്ധിച്ചു.വേണി കുട്ടന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞു! ദോശയും കറിയും നിലത്ത് വീണ് ചിന്നിച്ചിതറി!
കരണം പൊളിച്ചുള്ള ഒരടിയിൽ വേണി നിലത്തേക്ക് വീണുപോയി!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot