Slider

സ്നേഹക്കടലാഴങ്ങൾ.

0

ചെറുതെങ്കിലും വൃത്തിയുള്ള കരുണാക്ലിനിക്കിൽ അത്യാവശ സന്ദർഭങ്ങളിൽ കിടത്തിച്ചികിത്സയും ഉണ്ട്. മമ്മിയ്ക്ക് ചെറിയ പനിയും ശ്വാസംമുട്ടലുമായിട്ട് ഭാസ്ക്കരൻഡോക്റെ കാണിക്കാൻ കൊണ്ടുവന്നതാണ്. ഡോക്ടറാണ് മമ്മിയെ എന്തസുഖം വന്നാലും നോക്കുന്നത്. ഇനിയിപ്പോൾ ഡോക്ടർ നോക്കിയിട്ട് അസുഖമൊന്നുമില്ലെന്റെ മേരിയമ്മോ എന്ന് വെളുക്കെ ചിരിച്ചോണ്ട് പറയുമ്പോൾ രണ്ടു പേരുടേയും വെളുത്ത തലയും , വെളുത്ത മനസ്സും ആശുപത്രി ഭിത്തിയിലെ വെളുപ്പ് പോലെ കളങ്കമില്ലാതെ വെളുത്ത് ചിരിച്ച് നിൽക്കുന്നതു കാണുന്നതുതന്നേ ഉള്ളിലൊരു വെള്ളിവെളിച്ചം പകർന്നു തരുന്ന സന്തോഷകാഴ്ചകളല്ലേ.
പക്ഷെ ഇന്ന് ഡോക്ടർ പറഞ്ഞത് മേരിയമ്മേ പനിയിത്തിരി കൂടുതലുണ്ട് ഒരിൻജക്ഷൻ എടുത്ത് ഇന്നിവിടെ റെസ്റ്റ് ചെയ്യുക , നാളെ രാവിലെ പനി കുറഞ്ഞാൽ തിരിച്ചു പോകാം .
മുറിയിലെ ജനലിന്റെ പുറത്തുള്ള മാന്തോട്ടത്തിൽ നിന്നെത്തുന്ന ഇളംകാറ്റ് മുറിയെ കുളിരുള്ളതാക്കി. ഇലച്ചാർത്തിനിടയിലൂടെ അടുത്ത പറമ്പിൽ നിന്ന് ഭാഗികമായി കാണാവുന്ന വെളുത്ത പള്ളിമേടയും, കുരിശ്ശും നോക്കി കിടന്ന മേരിയമ്മ എന്നോട് ചോദിച്ചു.
മോനേ നദീമേ നിനക്കോർമ്മയുണ്ടോ പണ്ട് നിന്നേയും കൊണ്ട് ഞാനും ഫ്രാഞ്ചിയും, സോളമനും എല്ലാരും കൂടെ ക്രിസ്തുമസ്സ് തലേന്ന് തിരുപ്പിറവി കാണാൻ വന്നിരുന്നത്.
ശരിയാണ് മമ്മീ നന്നായി ഓർമ്മ വരുന്നുണ്ട് അന്നത്ത കാര്യങ്ങളെല്ലാം. മഞ്ഞിലും, കണ്ണു ചിമ്മുന്ന പച്ചയും, ചുമപ്പും, നീലയും, മഞ്ഞയും അലങ്കാര ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന പള്ളി, അച്ഛന്റെ പ്രസംഗം കേൾക്കാൻ തലവഴി സാരിത്തലപ്പുകൊണ്ട് മൂടി മുട്ടുകുത്തി നിൽക്കുന്ന മമ്മി.
കൂട്ടുകാരുടെ കൂടെ പള്ളിയങ്കണം മൊത്തം എന്നെ കൂട്ടാതെ കറങ്ങി നടക്കുന്ന ഫ്രാഞ്ചിച്ചായനും , സോളച്ചായനും. ഒറ്റയ്ക്ക് മിഠായിക്കടയുടേയും, ബലൂൺ ക്കാരന്റെയും അടുത്തെല്ലാം കറങ്ങി നടന്ന് ക്ഷീണിച്ച് കന്യാമറിയത്തിന്റെ രൂപത്തിന് അടുത്തുള്ള ഭിത്തിയുടെമുന്നിൽ ചാരിയിരുന്ന് ഉറക്കം തൂങ്ങുമ്പോൾ കൺമുമ്പിൽ സാരിതലപ്പിലൂടെ പാതി മറഞ്ഞിരുന്ന് അച്ചന്റെ പ്രസംഗം കേൾക്കുന്ന മമ്മിയുടെ മുഖത്തിനും കന്യാമറിയത്തിന്റെ മുഖത്തിനും ഒരേ ച്ഛായയായിന്നു എന്ന് ഞാൻ മമ്മിയോട് പണ്ടും പറയാറില്ലേ. എന്നിട്ട് തിരുപ്പിറവി കാണിയ്ക്കാൻ മമ്മി എന്നെ എല്ലാവർഷവും കന്യാമറിയത്തിന്റെ രൂപത്തിന് മുന്നിൽ നിന്നല്ലേ വിളിച്ചുണർത്തി എടുത്തോണ്ട് പോയിരുന്നത് എല്ലാം ഞാൻ നന്നായി ഓർക്കുന്നുണ്ട്. മമ്മിയതെല്ലാം മറന്നു പോയോ?
ഞാൻ മറന്നിട്ടൊന്നുമല്ല, നീ അതെല്ലാം പറയുന്നതു കേൾക്കുമ്പോൾ കേട്ടിരിക്കാൻ നല്ല രസം. സുഖകരമായ ഓർമ്മകൾ
ഇനി അതൊക്കെ പിന്നെ ഓർക്കാം.
മമ്മിയ്ക്ക് ചായ വേണോ?
വൈകിട്ട് ചായ കുടിച്ചില്ലല്ലോ. അല്ലങ്കിൽ ഇനി അതു മതി കുറെക്കഴിഞ്ഞ് തലവേദന എടുക്കുന്നു എന്നു പറയാൻ.
എന്നാൽ നീ പോയി നമ്മുടെ അന്ത്രുക്കായുടെ കടയിൽ നിന്ന് കടുപ്പത്തിൽ ഒരോ സ്പെഷ്യൽ ചായ വാങ്ങി കൊണ്ടു പോരെ, കൂടെ ചൂടു പഴംപൊരിയും ആയിക്കോട്ടെ. പിന്നെ വീട്ടിൽ വിളിച്ചു പറഞ്ഞേക്ക് ശോശാന്നക്കുഞ്ഞ് വിവരം അറിയാതെ വിഷമിച്ചിരിക്കുകയായിരിക്കും.
ഞാൻ അന്നേച്ചിയേയും, അച്ചായൻമാരേയും വിളിച്ചു പറഞ്ഞിട്ടുണ്ട്. അന്നേച്ചി രാത്രി നിൽക്കാനായി ഇപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി കാണും. എന്നാൽ ഞാൻ പോയി ചായ വാങ്ങി വരാം.
നല്ല പനിയുള്ള മമ്മി പഴംപൊരിയൊന്നും തിന്നുന്നത് ഡോക്ടർ അറിയണ്ട. വല്ല റെസ്കോ, കട്ടൻ ചായയോ കഴിയ്ക്കേണ്ടതിനു പകരം ഈ മമ്മീനെ കൊണ്ട് തോറ്റു.
എടാ അതിന് ഡോക്ടർക്ക് എന്നെ പറ്റിയുള്ള കാര്യങ്ങൾ
അറിയാഞ്ഞിട്ടൊന്നുമല്ല, നല്ല പനിയുള്ളപ്പോൾ വായ്ക്ക് ഒരു രുചി ഇല്ലാത്തതിനാൽ കഞ്ഞിയൊന്നും കുടിയ്ക്കാതെ ചോറും നല്ല എരിവുള്ള മീൻ കറിയോ, വറുത്തരച്ച ചിക്കൻക്കറിയോ
ഒക്കെ ആണ് എനിക്കിഷ്ടമെന്ന് ഡോക്ടർക്ക് പണ്ടേ അറിയാം.
ജീവിതമിങ്ങനെ രസകരമായി ആസ്വദിച്ച് ജീവിയ്ക്കണം. നീയും അങ്ങിനെ തന്നെ ജീവിയ്ക്കണം സങ്കടം വരുമ്പോഴും ചിരിച്ചോണ്ട് നേരിടണം ജീവിതത്തെ, അതാണ് മനസ്സ് തളരാതെ ജീവിയ്ക്കാനുള്ള നല്ല മാർഗ്ഗം.
എടാ ശോശാന്ന പോന്നിട്ട് കുറെ നേരമായെന്നു പറഞ്ഞിട്ട് കണ്ടില്ലല്ലോ. നീ ഒന്ന് വിളിച്ച് നോക്ക്.
മിക്കവാറും ഇപ്പോൾ എത്തും,
വരുന്നുണ്ടോ എന്ന് ഞാൻ
നോക്കാം. പുറത്തിറങ്ങി നിന്ന് ഒന്ന് വിളിച്ച് നോക്കട്ടെ. അകത്ത് ഫോണിന് റേഞ്ച് കുറവാണ്.
അന്നേച്ചി മമ്മിയുടെ രണ്ടാമത്തെ മകൻ സോളമൻ അച്ചായന്റെ ഭാര്യയാണ്. അങ്ങ് ദൂരെ നിന്ന് ചേച്ചി വരുന്നുണ്ടോ എന്നു നോക്കി നിന്നപ്പോഴാണ്
പണ്ട് തന്നെ ഹിന്ദി പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഓർമ്മകൾ ഉള്ളിൽ തെളിഞ്ഞു വന്നത്.
മമ്മീ, ഹിന്ദി പഠിപ്പിക്കാനെന്ന് പറഞ്ഞ് അന്നേച്ചി എന്നെ പിച്ചിക്കൊല്ലുകയാണ്.
ശോശാന്നേ പാവം നദീമിനെ ഒന്നും ചെയ്യല്ലേ , നിനക്ക് പറ്റുമെങ്കിൽ അവന്
നാലക്ഷരം പറഞ്ഞു കൊടുത്താൽ മതി.
അല്ലങ്കിലും അവനെ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് മമ്മയ്ക്കിഷ്ടമല്ലല്ലോ, മമ്മേടെ മാനസപുത്രനല്ലേ ഒരു നദീംരാജകുമാരൻ.
അതേടീ അവൻ എന്റെ മാനസപുത്രൻ തന്നേയാണ്, എന്റെ രണ്ടാൺമക്കളോടൊപ്പം അല്ലെങ്കിൽ മക്കളേക്കാൾ അധികം ഇഷ്ടമാണവനോടെനിക്ക്. രണ്ടാം വയസ്സു മുതൽ ഞാനാണ് അവനെ നോക്കി വളർത്തുന്നത്. അതുകൊണ്ട് അവനു നൊന്താൽ അവന്റെ ഉമ്മയേക്കാൾ നൊമ്പരമുണ്ടെനിക്ക്. അവന് രണ്ടു വയസ്സുള്ളപ്പോഴാണ് അവർ നമ്മുടെ അടുത്ത വീട്ടിൽ താമസത്തിനെത്തിയത്. ബാപ്പയും ഉമ്മയും രാവിലെ പണിക്ക് പോകുന്നതിനാൽ ഉറക്കം എഴുനേറ്റ ഉടനെ എന്റെ അടുത്തേക്കാണ് കുടുക്കാക്കുണ്ടിയുമായി കണ്ണും തിരുമ്മിയുള്ള അവന്റെ വരവ് ഞാനിപ്പോഴും ഓർക്കുന്നു. അന്നു തൊട്ട് അവനെല്ലാം ഞാനാണ് , എനിക്കവനും.
എടാ കുടുക്കാക്കുണ്ടി , മിണ്ടാതിരുന്ന് പഠിച്ചോളണം.
കേട്ടാ മമ്മി എന്നെ അന്നേച്ചി കുടുക്കാക്കുണ്ടി എന്നു വിളിച്ച്
കളിയാക്കുന്നത്.
എടീ ശോശന്നേ അവനെ
അങ്ങിനെ വിളിച്ച് കളിയാക്കാതെടീ. അവൻ നമ്മുടെ പുന്നാര നദീം അല്ലേ.
പിന്നെ പുന്നാര നദീം, ചുമ്മാതല്ല ആ ലെയിസൺ പായുന്നത് ശരിയാണ്,
അവൻ എപ്പോഴും പറയുന്ന ഒരു വാചകമുണ്ടല്ലാ
ഇവൻ നമ്മുടെ കുടുംബത്തിലെയല്ലല്ലോ, പിന്നെന്തിനാ എളേമ്മ എപ്പോഴും ഇവനെ തലയിൽ കേറ്റി വയ്ക്കുന്നത്
അവസാനം എളേമ്മയെ പളളിയിലേക്ക് എടുക്കുമ്പോൾ കൂടെ വരാൻ ഞങ്ങളെ ഉണ്ടാകൂ ഇവനെല്ലാം വേലിയിൽ തൂങ്ങി നിന്ന് കാണാനേ ഉണ്ടാകുകയുള്ളു എന്നെല്ലാമല്ലേ ലെയ്സൺ വഴക്കിടുമ്പോൾ വിളിച്ചു പറയുന്നത്.
ലെയ്സൺ അങ്ങിനെ പറയുന്നു എന്നു പറഞ്ഞ് നിങ്ങളും കൂടെ പറയേണ്ട, അവനിത്തിരി കറുമ്പനും കുറുമ്പനും ആയതിനാൽ നിങ്ങൾ അവനെ പിരികേറ്റി നദീമിന് എതിരാക്കിയിട്ടാണ്
അവൻ അങ്ങിനെയെല്ലാം പറഞ്ഞ് വഴക്കുണ്ടാക്കുന്നത് എന്നെനിക്ക് നന്നായി അറിയാം. ഇനിയിപ്പോൾ
നിങ്ങൾ എന്തെല്ലാം പറഞ്ഞാലും നദീം എനിക്ക് മകൻ തന്നേയാണ്. ഫ്രാഞ്ചിയും, സോളമനും സ്കൂളിലും പിള്ളേരുടെ അച്ചൻ ജോലിയ്ക്കും പോയി കഴിഞ്ഞ് അവർ തിരിച്ചു വരുന്നതുവരെ ഒറ്റയ്ക്കിരുന്ന് ഭ്രാന്ത് എടുത്തിരുന്ന എനിക്ക് കിട്ടിയ ഭാഗ്യം ആയിരുന്നു നദീം, രണ്ടു വയസ്സു മുതൽ എന്നുമെന്റെ കൂടെ ഒരു നിഴൽ പോലെ അവൻ ഉണ്ട്. എനിക്കെന്നും മിണ്ടിയും പറഞ്ഞുമിരിയ്ക്കാൻ അവൻ ഒരു കൂട്ടായിരുന്നു. ഊണും ഉറക്കവും നമ്മുടെ കൂടെയായിരുന്നു , ഉറക്കത്തിൽ നിന്നാണ് അവന്റെ ഉമ്മ രാത്രി അവനെ എടുത്തു കൊണ്ടുപോകാറുള്ളത്. അതുകൊണ്ട് അവനെന്റെ മൂന്നാമത്തെ മകൻ തന്നെയാണ്. അവന്റെ മടിയിൽ കിടന്നായിരിക്കും എന്റെ അന്ത്യയാത്ര എന്ന് എന്റെ മനസ്സു പറയുന്നുണ്ട് എല്ലായ്പ്പോഴും.
മമ്മി വേണ്ടാത്തതൊന്നും പറയണ്ട . മമ്മിയിനിയും പത്തമ്പത് വർഷം കൂടി ജീവിച്ചിരിക്കും. അതുപോലെ നദീമിനേയും ഞങ്ങൾ ഞങ്ങളുടെ സ്വന്തം അനിയെനെ പോലെ തന്നേയല്ലേ കാണുന്നത്.
സ്വന്തം അനിയനെ പോലെ കാണുന്ന കാര്യമൊന്നും നീ അധികം പറയണ്ട. നിങ്ങൾ
അവനെ സിനിമാ തീയറ്ററിൽ കൊണ്ടെയിരുത്തിയിട്ട് തിരിച്ചു പോന്നപ്പോൾ അവനെ വിളിയ്ക്കാതെ പോന്നതൊന്നും ഞാൻ മറന്നിട്ടില്ല.
അതോടെ അന്നേച്ചി മിണ്ടാതായി. നല്ല കുട്ടിയായി എന്നെ പഠിപ്പിച്ചു തുടങ്ങി. പക്ഷെ എന്റെ മനസ്സ് അപ്പോൾ അവിടെയെങ്ങും ആയിരുന്നില്ല. അങ്ങേ വീട്ടിലെ പുരപ്പുറത്ത് പറന്നിറങ്ങിയ വെളുത്ത ഒരു ജോഡി പ്രാവുകളിൽ ആയിരുന്നു.
അന്നേച്ചിയും, സോളച്ചായനും കളിക്കൂട്ടുകാർ ആയിരുന്നു, കളരിയിലും, സ്കൂളിലും അവർ ഒന്നിച്ചാണ് പോയിരുന്നത്. ഫ്രാഞ്ചിയേട്ടന്റെ ജനന സമയത്ത് തന്നെ മമ്മിയും, അച്ചായനും കൂടി നേർച്ച നേർന്നിരുന്നു , അടുത്ത കുട്ടി
ആണായാൽ അച്ഛനാക്കാമെന്നും, പെൺകുട്ടിയായാൽ കർത്താവിന്റെ തിരുമണവാട്ടിയായി നല്കാമെന്നും. കാലം കഴിയുന്തോറും സോളച്ചായന്റെയും അന്നേച്ചിയുടേയും മനസ്സിൽ ബാല്യകൗമാരങ്ങളിലെ സ്നേഹസൗഹൃദങ്ങളുടെ കുളിരുള്ള ചാറ്റൽമഴയിൽ തെറിച്ചു വീണ തൂവാനത്തുമ്പികൾ ആയിരം വർണ്ണങ്ങളുള്ള പ്രണയമഴയായി പെയ്തിറങ്ങുകയായിരുന്നു അതിനൊപ്പം തന്നെ അല്ലെങ്കിൽ അതിനേക്കാൾ ശക്തമായി മമ്മിയുടേയും, അച്ചായന്റേയും മനസ്സിൽ സോളച്ചായന്റെ അച്ചൻപ്പട്ടം ദൈവമഴയായ് പെയ്തിറങ്ങിക്കൊണ്ടിരുന്നു.
അവസാനം മമ്മിയുടെ കരച്ചിലിന്റേയും, ഭീഷണിയുടേയും, നിസ്സഹരണത്തിന്റേയും ഒടുവിൽ സോളച്ചായൻ അച്ചൻപ്പട്ടത്തിനായി സെമിനാരിയിലേയ്ക്ക് യാത്രയായി. കാറ്റും, കോളും
അടങ്ങിയ ശാന്തമായകടൽ.
ശാന്തമായ നീലാകാശം പോലെ ഓളങ്ങളില്ലാതെ ഒരു മാത്ര നിശബ്ദമായ കടൽ വീണ്ടും ഇളകിത്തുടിച്ചു. പള്ളിലച്ചനാകാനും, പട്ടക്കാരനാകാനും താനില്ല, അന്നക്കുട്ടിയുടെ കുട്ടികളുടെ അച്ഛനാകുന്നതാണ് തനിക്കേറേ ഇഷ്ടം എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു കൊണ്ട് ളോഹയും ഊരി സെമിനാരിയും ചാടി സോളമനച്ചായൻ ഇങ്ങു പോന്നു. ഗദ്യന്തരമില്ലാതെ ഒടുവിൽ മമ്മി അവരുടെ കല്യാണത്തിന് സമ്മതമേകി.
അവരുടെ കല്യാണം കഴിഞ്ഞതിനിടയിൽ ഒരു ദിവസം അവർ സോളച്ചായന്റെ ബജാജ് സ്കൂട്ടറിൽ എവിടെയോ ഉച്ചയ്ക്ക് കറങ്ങാൻ പോകാൻ റെഡിയായപ്പോൾ മമ്മി പറഞ്ഞു നിങ്ങൾ പോകുമ്പോൾ നദീം മോനെ കൂടെ കൊണ്ടുപോ, അവൻ പാവം ഇവിടെ ഒറ്റയ്ക്കിരിക്കുവല്ലേയെന്ന്. തന്നെ ഒഴിവാക്കാൻ നോക്കിയിട്ട് നടക്കാതെ അവർ സ്കൂട്ടറിന്റെ ഏറ്റവും പുറകിൽ എന്നെയും ഇരുത്തി കൊണ്ടുപോയി. കുറച്ചകലെയുള്ള തീയേറ്ററിൽ സിനിമയ്ക്ക് കയറാം എന്ന് തീരുമാനിച്ചു. എന്നെ സിനിമയ്ക്ക് മുൻഭാഗത്തും കയറ്റാം അവർ ബാൽക്കണിയിലും കേറാമെന്ന് പറഞ്ഞ് എനിക്ക് ടിക്കറ്റ് എടുത്തു തന്നു. എന്നിട്ട് അവർ സിനിമ കാണാതെ എവിടെയോ കറങ്ങാൻ പോയി. എട്ടു മണിക്ക് വീട്ടിൽ ചെന്നു കേറിയപ്പോൾ മമ്മി എന്റെ കാര്യം തിരക്കിയപ്പോൾ ആണ് സിനിമാ തീയേറ്ററിൽ വച്ച് മറന്നു പോയ കാര്യം ഓർമയിൽ വന്നത്. അന്നേച്ചി പിന്നീട് എന്തെങ്കിലും തന്നെ പറ്റി കുറ്റം പറയുമ്പോൾ മമ്മിക്ക് തിരിച്ചു പറയാൻ അതൊരു കാരണമായി.
അകത്ത് എന്തോ ഗ്ലാസ് തട്ടിമറിയുന്ന ശബ്ദവും, മോനേ എന്ന വിളിയുമാണ് ഓർമ്മയിൽ നിന്നുണർത്തിയത്. ചാരിയ വാതിൽ തുറന്ന് അകത്തേക്ക്
കടന്നപ്പോൾ സ്റ്റൂളിൽ വച്ചിരുന്ന ചായ ഗ്ലാസ്സ് മമ്മിയുടെ കൈ തട്ടി താഴെ വീണതാണ്.
അത് സാരമില്ല മമ്മി ഞാൻ വേറെ ചായ വാങ്ങി കൊണ്ടുവരാം. കാല് കട്ടിലിലേക്ക് പൊക്കി വച്ചോളൂ, ഗ്ലാസ്സിന്റെ ചില്ലുകഷ്ണങ്ങൾ കാലിൽ കൊള്ളണ്ട.
കാലുയർത്തിയപ്പോൾ ചരിഞ്ഞുവീഴാൻ പോയ മമ്മിയെ ഓടിച്ചെന്ന് താങ്ങിപ്പിടിച്ചു. സാവാകാശം നേരെ ഇരുത്താൻ ശ്രമിച്ചതും പയ്യെ എന്റെ നെഞ്ചിലൂടെ മടിയിലേയ്ക്ക് ചരിഞ്ഞു കിടന്നു. മോനേ എന്ന് ഒന്നൂടെ വിളിച്ചു പിന്നീട് ഇന്നേവരേ കാണാത്ത മനോഹരമായ ഒരു ചിരിയോടെ, സ്നേഹക്കടലാഴങ്ങൾ ഒളിപ്പിച്ചുവച്ച മമ്മിയുടെ ശാന്തമായ കണ്ണുകൾ അടഞ്ഞടഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ചേർത്തുപിടിച്ച എന്റെ കൈയ്യുകളിൽ ആ സ്നേഹവിരലുകൾ അപ്പോഴും മുറുക്കിപ്പിടിച്ചിരുന്നു.
സ്നേഹക്കടലാഴങ്ങളിൽ നിന്ന് പെറുക്കിയെടുക്കുന്ന പവിഴമുത്തുകൾക്കും, വർണ്ണക്കക്കകൾക്കും പ്രത്യക്ഷത്തിൽ വലിയ ബന്ധങ്ങളൊന്നുമില്ലെങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ താമരനൂലുകളിൽ അവ പരസ്പരം ദൃഢമായി ബന്ധിക്കപ്പെട്ടേക്കാം. അവയുടെ സ്നേഹവേരുകൾ ആഴമറിയാത്ത സ്നേഹക്കടലിന്റെ അഗാധതകളിൽ, അടിത്തട്ടിൽ ഒന്നൊന്നിന് താങ്ങും തണലുമായി, സ്നേഹസ്പർശമായ് എന്നും എപ്പോഴും.

By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo