
സാന്ദ്ര കുളിച്ച് അലമാരയിൽ പതിച്ച കണ്ണാടിക്കു മുന്നിൽ വന്നു നിന്നു. കണ്ണാടി വല്ലാതെ മങ്ങിപ്പോയിരുന്നു. വിരലുകൾ കൊണ്ടൊന്നോടിച്ചപ്പോൾ പൊടിക്കുള്ളിൽ നിന്നും വീതിയിൽ ഒരു വക്രരേഖ തെളിഞ്ഞു വന്നതിൽ നാളുകൾക്കു ശേഷം അവൾ തന്റെ കണ്ണുകൾ കണ്ടു. ചുവന്നു കലങ്ങി... പോളകൾ വീർത്ത്...തടങ്ങൾ കറുത്ത്.. തിളക്കമറ്റ കണ്ണുകൾ.
പഴയൊരു കോട്ടൺ ടവലെടുത്ത് കണ്ണാടി തുടയ്ക്കുമ്പോൾ അവളുടെ കണ്ണിൽ തെളിഞ്ഞത് റോഡിൽ ചിതറിത്തെറിച്ചു കിടന്ന ചില്ലു കഷ്ണങ്ങളായിരുന്നു. ചോരയിൽ മുങ്ങിയ പരൽക്കഷ്ണങ്ങളെന്ന പോലെ....അവൾ കണ്ണുകൾ ഇറുക്കിയടച്ചു
അതു കാണുമ്പോൾ അവളറിഞ്ഞിരുന്നില്ല മണ്ണിലേക്കു പടർന്നൊഴുകിയതത്രയും ദീപക്കിന്റെ രക്തമായിരുന്നെന്ന്... കാറ്റിൽ പരന്നു തന്നെ വന്നു തൊട്ട ഗന്ധം അവന്റെ ജീവന്റെയായിരുന്നെന്ന് ...
"ആക്സിഡന്റിൽ പെട്ട ബൈക്ക് " എന്നു പറഞ്ഞ് ആരോ വിരൽ ചൂണ്ടിയിടത്ത് അവൾ കണ്ടു, രണ്ടു വണ്ടികൾക്കിടയിൽ പെട്ടു ഞെരിഞ്ഞ്, ചിറകൊടിഞ്ഞ നിലയിൽ ദീപക്കിന്റെ പ്രിയപ്പെട്ട ബുള്ളറ്റ് ...
കണ്ണിലേയ്ക്കരിച്ചു കയറിയ ഇരുട്ട് പിന്നീടെപ്പോഴാണിറങ്ങിപ്പോയത്?... അവൾ ഓർക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ നിന്നും തുന്നിക്കെട്ടി വന്ന അവന്റെ മുഖം തുറന്നു കാണിക്കേണ്ടെന്ന് ആരോ പറയുന്നത് അവ്യക്തമായി ഓർമയിലുണ്ട്.
"താനവനെ കാണണമെന്ന് വാശി പിടിച്ചോ?... അവനെ കണ്ടോ...? ഓർമകൾ ഓളം വെട്ടിയകലും പോലെ തോന്നിയപ്പോൾ അവൾ ഇരു കൈകൾ കൊണ്ടും നെറ്റിയുടെ ഇരുവശമമർത്തിക്കൊണ്ട് ബെഡിലേയ്ക്കിരുന്നു. കറുത്തു പോയ കൺതടങ്ങളിലൂടെ നീർ മുത്തുകൾ താഴേയ്ക്കുരുണ്ടു വീണു.
ഇനിയും വീട്ടിന്നകത്തിരുന്നാൽ താൻ ശ്വാസം മുട്ടി മരിച്ചു പോകുമെന്നവൾക്കു തോന്നി. എങ്ങും ... എവിടെയും... ദീപക്കിന്റെ ഗന്ധം, അവന്റെ നിറങ്ങൾ,.. ഓരോ കോണിലും അവന്റെ സാന്നിധ്യം,.. ചിരി ,... ശബ്ദം...അവൾ കാതുകൾ പൊത്തി. കണ്ണുകൾ ഇറുക്കിയടച്ചു.
സാന്ദ്രയുടെ അമ്മ ശ്രീദേവി വന്ന് വാതിൽ മെല്ലെ തുറന്നു നോക്കി.
"ഇന്ന് ഓഫീസിൽ പോകണം... " സാന്ദ്ര തന്നോടു തന്നെയെന്നോണം പറഞ്ഞു.
" പത്തു ദിവസം പോലുമായില്ല..." ശ്രീദേവിയമ്മ പൂർത്തിയാക്കിയില്ല.
സാന്ദ്ര മറുപടി പറയാതെ എഴുന്നേറ്റ് അലമാര തുറന്നു. ഭംഗിയായി അടുക്കി വെച്ച വസ്ത്രങ്ങളുടെ ഏറ്റവും മുകളിലായി അവളുടെ തൂവെള്ള സാരിയിരിപ്പുണ്ടായിരുന്നു. സാന്ദ്രയുടെ കഴിഞ്ഞ പിറന്നാളിന് ദീപക്കുമൊന്നിച്ചു പോയെടുത്തതാണത്. ബോഡിയിൽ നേർത്ത ഗോൾഡൻ എംബ്രോയ്ഡറിയോടു കൂടിയ, വീതി കുറഞ്ഞ ചുവന്ന ബോഡറുള്ള സാരി സെലക്ട് ചെയ്തത് ദീപക് തന്നെയായിരുന്നു.
അതുടുത്തു വന്നപ്പോൾ, "യൂ ആർ ലുക്കിങ്ങ് ലൈക് ആൻ ഏയ്ഞ്ചൽ " എന്നു പറഞ്ഞ് അവനവളെ പൊക്കിയെടുത്ത് ഒരു തവണ ചുറ്റിത്തിരിഞ്ഞ് "വോ രംഗ് ഭീ ക്യാ രംഗ് ഹേ... മിൽതാ നാ ജോ തേരേ ഹോഢ് കേ രംഗ് സേ ഹോ ബഹൂ ... "എന്നു മൂളിയതോർത്തപ്പോൾ അറിയാതൊരു ചിരി അവളുടെ ചുണ്ടിൻ കോണിൽ വിരിയുകയും തൊട്ടടുത്ത നിമിഷം അതു വാടിക്കൊഴിയുകയും ചെയ്തു.
വെള്ള സാരിയുടുത്ത് മുടി ചീകിക്കെട്ടി അടുക്കളയിൽ ചെന്ന് ഒരു ദോശയെടുത്തു കഴിച്ച് അവൾ സ്കൂട്ടറിലേയ്ക്കു കയറുമ്പോൾ ശ്രീദേവിയമ്മ പിറകെ ചെന്ന് എന്തോ പറയാനാഞ്ഞു, പിന്നെ എന്തോ ഓർത്ത് വേണ്ടെന്നു വെച്ചു.
കവലയിലൂടെ സാന്ദ്രയുടെ സ്കൂട്ടർ കടന്നു പോയപ്പോൾ, ബസ് സ്റ്റോപ്പിലിരുന്ന് ഒറ്റയ്ക്കും കൂട്ടമായും ബസ് കാത്തു നിൽക്കുന്ന തരുണികളുടെ പിന്നഴക് കണ്ണുകൾ കൊണ്ടു സ്കെച്ചു ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ലോലനെന്നറിയപ്പെടുന്ന ദിലീപൻ അതിശയിച്ചു കണ്ണു മിഴിച്ചു.
"സാന്ദ്രേച്ചി ട്രാക്കിലിറങ്ങിയോ"... എന്ന അവന്റെ ആത്മഗതം കേട്ട് മൊബൈൽ ഫോണിന്റെ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ഫ്രീക്കൻ ഫൈസൽ പെട്ടെന്നുണർന്നുയർന്നു സ്കൂട്ടറിനു പിന്നാലെ തന്റെ ദൃഷ്ടി പറത്തി.
" പാവം ഇത്ര ചെറുപ്പത്തിലേ വെള്ള സാരിയുടുക്കേണ്ടി വന്നില്ലേ..." വീട്ടിലിരുന്നാൽ ഭാര്യ എന്തെങ്കിലും പണി പറഞ്ഞെങ്കിലോ എന്നു പേടിച്ച് ബസ് സ്റ്റോപ്പിനെ തന്റെ സ്ഥിരം ഒളിത്താവളമാക്കിയ കോങ്കണ്ണൻ സുകുമാരൻ നെടുവീർപ്പിട്ടു.
"കെട്ട്യോൻ മരിച്ചെന്നു കരുതി ഇന്നത്തെ കാലത്ത് ആരെങ്കിലുമിങ്ങനെ വെള്ള സാരിയുടുത്തു നടക്കുമോ?...അതും സാന്ദ്രേച്ചിയെപ്പോലൊരു കിടിലൻ ബ്യൂട്ടി...!"ലോലൻ ദിലീപൻ വെള്ളമിറക്കി.
"പറയാൻ പറ്റില്ല. അവരത്രേം സ്നേഹത്തിലായിരുന്നല്ലോ..." തേച്ച പെണ്ണിനെ ഒരുവൻ തല്ലുന്നതിന്റെ ടിക് ടോക് വീഡിയോയ്ക്ക് ഹാ.. ഹാ.. റിയാക്ഷൻ കൊടുത്തുകൊണ്ട് ഫ്രീക്കൻ ഫൈസൽ കമന്റിട്ടു.
തന്റെ ഭാര്യ വിലാസിനിയെ സ്മരിച്ചു കൊണ്ട് കയ്യിലിരുന്ന ഈർക്കിൽ കൊണ്ട് സുകുമാരൻ പല്ലിട കുത്തി.
പിറ്റേന്ന് സാന്ദ്രയണിഞ്ഞിറങ്ങിയത്, അവരുടെ ഒന്നാം വിവാഹ വാർഷികത്തിന് ദീപക് അവൾക്കു സമ്മാനിച്ച കറുത്ത ചുരിദാറാണ്. മിറർ വർക്കു ചെയ്തു തിളക്കം ചാർത്തിയ ആ വസ്ത്രം അവളെ അതി മനോഹരിയാക്കിയിരുന്നു.
" കണ്ടോ... കറുപ്പ് ...! ചേച്ചി ദു:ഖത്തിലാണ് " സാന്ദ്ര കടന്നു പോകുന്നതു കണ്ട് ലോലൻ ദിലീപൻ വിലയിരുത്തി.
"എന്തായാലും കിടുവേ...!!"ഫോണിൽ നിന്നു കണ്ണുയർത്തി ഫ്രീക്കൻ ഫൈസൽ തള്ളവിരലുയർത്തി ലൈക്കിട്ടു.
"എന്തോ... എനിക്കിതത്ര പന്തിയായി തോന്നുന്നില്ല. കെട്ടിയോൻ ചത്ത് പത്തുനാൾ തികയും മുമ്പേ ...കറുപ്പും വെളുപ്പുമിട്ട്... ചമഞ്ഞിറങ്ങിയേക്കുന്നവള് ... " കോങ്കണ്ണൻസുകുമാരൻ നെറ്റി ചുളിച്ച് തന്റെ നോട്ടം മാനത്തേയ്ക്കു വിക്ഷേപിച്ചു കൊണ്ട് ആരോടെന്നില്ലാതെ പിറുപിറുത്തു.
അടുത്ത ദിവസം പിങ്ക് ലാച്ചയണിഞ്ഞാണ് സാന്ദ്ര ഓഫീസിലേക്കിറങ്ങിയത്. അവരുടെ വിവാഹ നിശ്ചയ ദിവസം ധരിക്കാനായി ഒരു പാട് കടകളിൽ അലഞ്ഞാണ് ദീപക് അതു കണ്ടെത്തിയത്.പിങ്കിൽ മെറൂൺ നിറത്തിലുള്ള വലിയ പൂക്കൾ കട്ട് വർക്കു ചെയ്തു പിടിപ്പിച്ച, വെളുത്ത ലെയ്സുകൾ അതിരിടുന്ന ആ വസ്ത്രത്തിൽ ഒരു രാജകുമാരിയെപ്പോലെ അവൾ പുറത്തേക്കിറങ്ങുമ്പോൾ ശ്രീദേവിയമ്മ പിറകെ ഓടിച്ചെന്നു പറഞ്ഞു. "മോളേ ആൾക്കാര് പറയില്ലേ..?"സാന്ദ്രയത് കേട്ടതായി പോലും ഭാവിച്ചില്ല.
അന്ന് ബസ് സ്റ്റോപ്പിലിരുന്നവർ ആകെ ഇളകി മറിഞ്ഞു.
"ഇതാണ് ന്യൂ ജെൻ വിഡോ..." യെന്ന് ഫ്രീക്കൻ ഫൈസൽ വാവ് എക്സ്പ്രഷനിട്ടു ട്രോളി.
"എങ്കിലും ഇതൽപം കടന്ന കൈയായിപ്പോയി ..." എന്ന് വായിൽ നിറഞ്ഞ തുപ്പലിറക്കി ലോലൻ ദിലീപ് പ്രസ്താവിച്ചു.
"അഴിഞ്ഞാട്ടക്കാരി ... ത്ഫൂ...!!"കോങ്കണ്ണൻ സുകുമാരൻ പുച്ഛിച്ച് മണ്ണിലേയ്ക്കു നീട്ടിത്തുപ്പി.
ഇതൊന്നുമറിയാതെ വർണമനോഹരമായ വസ്ത്രങ്ങളിഞ്ഞ് ഓരോ ദിവസവും സാന്ദ്ര പുറത്തേക്കിറങ്ങി. കറുത്തു പോയ അവളുടെ ആകാശത്തു നിന്നും ആ വർണവസ്ത്രങ്ങളിലേയ്ക്ക് കണ്ണീർ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു.
(അവസാനിച്ചു)
.....Surya Manu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക