
അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി. തുടച്ചു വൃത്തിയാക്കിയ പാത്രങ്ങൾ ഓരോന്നായി ഷെൽഫിലേക്ക് അടുക്കുന്നതിനിടയിലാണ് ലക്ഷ്മി ശ്രദ്ധിച്ചത്. തന്റെ പിന്നിലായി ഒരാൾ രൂപം. ഒരു ഞെട്ടലോടെ പെട്ടെന്നവൾ പിന്നിലേക്ക് നോക്കി.
"കണ്ണൻ !! "
"ഈശ്വരാ എനിക്കിത് വിശ്വസിക്കാമോ?"
"അമ്മേ......."
"മോനേ കണ്ണാ.........."
"എത്ര നാളായി മോനേ നീ......"
വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവളുടെ ചുണ്ടുകൾ വിതുമ്പി. കണ്ണുകളിൽ നനവ് പടർന്നു. അവളവനെ ചേർത്ത് പിടിച്ചു.
"സുഖമല്ലേ അമ്മയ്ക്ക് ?"
"കണ്ണാ... ഇപ്പോഴെങ്കിലും മോന് അമ്മേടെ അടുത്ത് വരെ വരാനും ഇത്രയെങ്കിലും ചോദിക്കാനും തോന്നിയല്ലോ, അമ്മയ്ക്ക് അത് മതി കണ്ണാ. അവൾ അവന്റെ മുടിയിഴകളിൽ മെല്ലെ തലോടി..."
"അച്ഛൻ !! അച്ഛൻ, അഞ്ജു, അവരൊക്കെ എവിടെ അമ്മേ?"
അവൻ മെല്ലെ മുഖമുയർത്തി ചോദിച്ചു.
"അച്ഛൻ ഓഫീസിൽ പോയി മോനേ, പിന്നെ അഞ്ജു.. അവൾ മുറിയിലിരുന്ന് പഠിക്കുവാ.. പരീക്ഷ അടുത്തില്ലേ?"
"അഞ്ജൂ, എടീ അഞ്ജൂ... നീയൊന്ന് വേഗം വന്നേ.....
അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് അഞ്ജു ഓടിയെത്തി.
ഏട്ടാ !! " പറയ് ഏട്ടാ, എന്താ ഉണ്ടായത് ? "
" അഞ്ജൂ , ഇനി ഓരോന്നു ചോദിച്ച് അവന്റെ മനസ്സ് വിഷമിപ്പിക്കണ്ട. മോള് ഏട്ടന്റെ അടുത്ത് നിൽക്ക്, അമ്മയിപ്പൊ വരാം."
ലക്ഷ്മി വേഗം ഫോണെടുത്ത് ശരത്തിന്റെ നമ്പർ ഡയൽ ചെയ്തു.
" ഹലോ, എന്താ ലക്ഷ്മീ ഈ നേരത്ത് ? "
"ശരത്തേട്ടാ... നമ്മുടെ മോൻ !!! "
സന്തോഷം കൊണ്ട് അൽപനേരത്തേക്ക് അവൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എങ്ങനെയൊക്കെയോ ഒരുവിധം അവൾ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.
"എടീ നീ പറയുന്നത് നേരാണോ ? അതോ നീ വല്ല സ്വപ്നവും കണ്ടതാണോ ?"
"അല്ല ഏട്ടാ, നമ്മുടെ മോൻ !!! അവനാ മുറി വിട്ട് പുറത്ത് വന്നു, അവനെന്നോട് സംസാരിച്ചു. എന്നെ അമ്മേന്ന് വിളിച്ചു... എത്ര നാളിന് ശേഷമാണ് ഏട്ടാ...."
" ലക്ഷ്മീ നീ ഫോൺ വയ്ക്ക്. ലീവ് എഴുതിയിട്ടിട്ട് ഞാനിതാ വരുന്നു. നമുക്കിത് ആഘോഷിക്കണം ലക്ഷ്മീ..."
ഏകദേശം അര മണിക്കൂറിനുള്ളിൽ തന്നെ ശരത്ത് വീട്ടിലെത്തി. അമ്മയുടെ തോളിൽ മുഖം ചേർത്തിരിക്കുന്ന മകനെ അയാൾ ഏറെ നേരം നോക്കി നിന്നു...
"മോനേ കണ്ണാ....." ശരത്ത് അവനെ അടുത്തേക്ക് വിളിച്ചു.
"അച്ഛാ... ഞാൻ."
"വേണ്ട മോനേ, മോനൊന്നും പറയണ്ട. അച്ഛാ ഒരു കാര്യം ചോദിച്ചാൽ മോന് വിഷമം തോന്നൊ ?"
"ഇല്ല അച്ഛാ..."
"എന്താ ന്റെ കുട്ടിക്ക് ഇപ്പോ ഇങ്ങനെ തോന്നാൻ ?"
അവനൊന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
"സാരമില്ല, വിഷമിക്കണ്ട, അച്ഛാ ഒന്നും ചോദിക്കുന്നില്ല മോനോട്... ന്റെ മോനൊന്ന് മിണ്ടിയല്ലോ ഞങ്ങളോട്... അച്ഛയ്ക്കും അമ്മയ്ക്കും അത് മാത്രം മതി കണ്ണാ...."
ന്യൂസ് ചാനലിൽ ഇടവിട്ട് കാണിച്ചുകൊണ്ടിരുന്ന ഫ്ലാഷ് ന്യൂസ് അയാൾ ശ്രദ്ധിച്ചതേയില്ല.
" ഇന്ത്യയിൽ പബ്‌ജി അടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. സമൂഹത്തിന് തന്നെ ദോഷകരമാകുന്ന ഇത്തരം ഗെയിമുകൾ കുട്ടികളിൽ അമിത സ്വാധീനം ചെലുത്തുന്നുവെന്നും തുടർന്നാൽ വരും തലമുറയ്ക്ക് തന്നെ ഭീഷണിയായേക്കാമെന്ന സംശയവും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി......."
ഉണ്ണി.( Unni Atl) Admin, Nallezhuth FB Group
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക