നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നന്ദവൃന്ദാവനം ( ചെറുകഥ )

Image may contain: 1 person, standing, plant, tree, outdoor and nature
**************************
ഓർമ്മകൾ ഇപ്പോഴും ബാക്കി നിൽക്കുന്ന ഇടനാഴിയിൽ നിന്നും ഞാൻ അകത്തേയ്ക്കു നടന്നു . അകത്തെ മുറിയിൽ എവിടെയെങ്കിലും കാണും നന്ദൻ . എല്ലാ വർഷത്തെയും പോലെ ഇന്നും പുറത്തെവിടെയും പോകാതെ മുറിയിൽ വാതിലടച്ചു ഇരിയ്ക്കുകയാവും . ഇതിപ്പോൾ ഇരുപത്തിയഞ്ചാം വർഷമാണ് .ഒരാൾക്ക് ഇത്രയും ഒരാളെ സ്നേഹിക്കാനും അതെ പോലെ തന്നെ ഓർമ്മിക്കാനും കഴിയുമോ .ഒരു ദിവസം മുഴുവൻ ഓർമ്മകൾക്കായി മാറ്റി വെയ്ക്കുക .അതും തുടർച്ചയായി ഇരുപത്തിയഞ്ചു വർഷങ്ങൾ . അത്യപൂർവ്വമായൊരു ഹൃദയബന്ധത്തിന്റെ അനശ്വരമായ കഥ പോലെ നന്ദന്റെയും വൃന്ദയുടെയും ജീവിതം മുന്നിൽ നിഴൽ വിരിച്ചു നിൽക്കുന്നു.
മറവിയുടെ മാറാല മൂടിയിട്ടും ഓർമ്മകളിലേക്ക് ഒരു നറുതിരി വെളിച്ചം പകർന്നു കൊണ്ടു മുന്നിൽ നന്ദന്റെയും വൃന്ദയുടെയും വിവാഹഫോട്ടോ. ഞാൻ തന്നെയാണ് ഈ ചിത്രം എടുത്തത്. നിറഞ്ഞ ചിരിയോടെ കൈകൾ കോർത്തു പിടിച്ചു കഴുത്തിൽ തുളസീമാലകളണിഞ്ഞു മറു കൈയ്യിൽ പനിനീർ പൂക്കൾ കൊണ്ടലങ്കരിച്ച ചെണ്ടും ചേർത്ത് പിടിച്ചു ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന ചിത്രം . അഞ്ചു വർഷം നീണ്ടു നിന്ന പ്രണയം സഫലമായ നിമിഷം. ഒരേ സ്കൂളിൽ പഠിപ്പിക്കുന്ന രണ്ടു അധ്യാപകർ. നന്ദൻ മലയാളവും വൃന്ദ ഗണിതശാസ്ത്രവും. സാഹിത്യവും കണക്കും തമ്മിൽ എങ്ങനെ ഒത്തുപോകുമെന്നു ഞങ്ങൾ സഹപ്രവർത്തകർ കളിയാക്കിയിരുന്നു. അപ്പോൾ മുഖത്തോടു മുഖം നോക്കി കണ്ണിറുക്കി ചിരിക്കുന്ന അവരെ കണ്ടു നിൽക്കാൻ തന്നെ ഒരു പ്രത്യേക ചന്തമായിരുന്നു. ഈശ്വരൻ നേരിട്ടിറങ്ങി വന്നു അനുഗ്രച്ചതു പോലെ അത്രയ്ക്ക് മനപ്പൊരുത്തം.. കുട്ടികൾ ഒരുപാട് സ്നേഹിച്ചിരുന്ന അധ്യാപകരായിരുന്നു രണ്ടുപേരും . നന്ദൻ കുട്ടികളെ വഴക്ക് പറയുകയോ വടി എടുത്തു അടിയ്ക്കാറോ ചെയ്യാറില്ല. എന്നാൽ വൃന്ദ അങ്ങനെയല്ല ദേഷ്യം വന്നാൽ എന്താ ചെയ്യുക എന്ന് അവൾക്കു തന്നെ അറിയില്ല. പലവട്ടം കുട്ടികളുടെ കൈ തല്ലി പൊട്ടിച്ചിട്ടുണ്ട് . പിന്നീട് സ്റ്റാഫ്റൂമിൽ വിളിച്ചു വരുത്തി കെട്ടിപിടിച്ചു കരയും. എന്താണ് അവളങ്ങനെയെന്നു ആർക്കും അറിയില്ലായിരുന്നു. സ്കൂളിൽ വരുമ്പോൾ ഒരു ദിവസത്തിന്റെ വെറും എട്ടുമണിക്കൂറിൽ മാത്രം ഒതുങ്ങുന്ന പരിചയത്തിൽ അതിന്റെ അപ്പുറമൊന്നും അറിയാനുള്ള സാധ്യതകൾ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇന്നത്തെ പോലെ അന്ന് മൊബൈൽ ഫോണുകൾ ഒന്നുമില്ലല്ലോ. പല പരാതികൾ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും കുട്ടികളുടെ സ്നേഹം കൊണ്ടും അധ്യയന മികവുകൊണ്ടുമാണ് അവൾ പിടിച്ചു നിന്നത്.
വിവാഹത്തിന് ശേഷമുള്ള ആദ്യനാളുകൾ രണ്ടു പേരും വളരെ സന്തോഷത്തിലായിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷവും ഈശ്വരൻ ഒരു കുഞ്ഞിനെ നൽകാത്തതിന്റെ വേദന കൊണ്ടാകാം ഇടക്കൊക്കെ രണ്ടു പേരുടെയും പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ എനിക്ക് കാണാൻ കഴിഞ്ഞത് എന്നായിരുന്നു എന്റെ വിശ്വാസം.എന്നാൽ ഏറെ താമസിയാതെ ആ വിശ്വാസം തകർത്തെറിയപ്പെട്ടു. പ്രകടമായ മാറ്റങ്ങൾ പലപ്പോഴും കണ്ടത് വൃന്ദയിലായിരുന്നു. വളരെ ഉത്സാഹത്തോടെ പെരുമാറിയിരുന്ന വൃന്ദ പലപ്പോഴും ആരോടും മിണ്ടാതെയായി. ചില ദിവസങ്ങളിൽ അവൾ ഉത്സാഹവതിയായി പാറി നടന്നു. ചിലപ്പോൾ മൂകയായി. ചില ദിവസങ്ങളിൽ മുന്നിൽ കാണുന്ന എല്ലാവരോടും ദേഷ്യമായി. ചില ദിവസങ്ങളിൽ സ്റ്റാഫ് റൂമിൽ ആരും കാണാതെ കുനിഞ്ഞിരുന്നു കരഞ്ഞു. വൃന്ദയ്ക്കെതിരെ പരാതികൾ കൂടി വന്നു. നിവൃത്തിയില്ലാതെ അവളെ പിരിച്ചു വിടാൻ മാനേജ്മെന്റ് തീരുമാനമെടുത്തു. അവസാന ദിവസം നന്ദന്റെ കൈ പിടിച്ചു അവൾ പടികളിറങ്ങി പോയത് ഇന്നും നല്ലയോർമ്മയാണ്. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി. നിറഞ്ഞു നിന്ന കണ്ണുകൾ ഒന്ന് തുടയ്ക്കുക പോലും ചെയ്യാതെ. വർഷകാലമല്ലാഞ്ഞിട്ടും മഴ മൂടി നിന്ന കറുത്ത ആകാശത്തിന്റെ കീഴെ മറ്റൊരു കറുത്ത പൊട്ടു പോലെ വൃന്ദയും മാഞ്ഞു പോയി. കണ്ണിൽ നിന്നുമവർ മറഞ്ഞതിനു ശേഷമാണ് അലറി പെയ്തു കൊണ്ടു മഴയെത്തിയത്. രണ്ടു ദിവസം തോരാതെ പെയ്ത മഴ അവൾക്കൊപ്പം ഹൃദയം പൊട്ടി കരയുകയായിരുന്നിരിയ്ക്കാം.
പിന്നെയും ഒരുപാട് നാളുകൾക്കു ശേഷമാണ് നന്ദൻ എന്നെ സ്വകര്യമായിട്ടു കാണണം എന്നാവശ്യപ്പെട്ടത്. വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ ആരോടും പങ്കുവെക്കാൻ ഒട്ടും താല്പര്യമുള്ള ആളായിരുന്നില്ല നന്ദൻ. അത് കൊണ്ടു മാത്രമാണ് വൃന്ദയെ പറ്റിയുള്ള പല സംശയങ്ങളും ഞാൻ നന്ദനോട് ചോദിക്കാതിരുന്നത്. സ്കൂൾ വിട്ടതിനു ശേഷം കൗൺസിലിംഗ് റൂമിലിരുന്നാണ് ഞങ്ങൾ സംസാരിച്ചത്.
" ചിത്ര... ഒരു സുഹൃത്തിനോടല്ല എനിക്ക് സംസാരിക്കേണ്ടത്.. ഒരു കൗൺസിലർ എന്ന നിലയിലാണ് ഞാനിപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്നത്... "
വളരെയേറെ സമയമെടുത്തു പ്രയാസപ്പെട്ടാണ് അന്ന് നന്ദൻ സംസാരിച്ചു തുടങ്ങിയത്. പറയാൻ ഉള്ളിൽ ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോൾ സാധാരണ എല്ലാവർക്കും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. എവിടെ തുടങ്ങണം എങ്ങനെ പറയണം എന്നുള്ള ആശയക്കുഴപ്പം. എങ്ങനെ പറഞ്ഞാലാണ് തന്റെ മനസിലുള്ള കാര്യം ബോധ്യപ്പെടുത്തുക എന്നുള്ള ചിന്തകളും ഇത്തരം കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. നന്ദന് പറയാനുള്ള സമയം കൊടുത്തു ഞാൻ കാത്തിരുന്നു. ഏകദേശം എന്താണ് നന്ദന് പറയാനുള്ളതെന്നു എനിക്ക് ഊഹിക്കാമായിരുന്നു.
" ചിത്ര..... വൃന്ദയുടെ സ്വഭാവത്തിൽ എന്തൊക്കയോ കുഴപ്പം ഉള്ളത് പോലെ എനിക്ക് തോന്നുന്നു.. പലപ്പോഴും പല രീതിയിൽ പെരുമാറുന്നത് പോലെ.. ആദ്യമൊന്നും ഇത്രയ്ക്കില്ലായിരുന്നു. പക്ഷെ ഇപ്പോൾ ജോലി കൂടി നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ... ചിലപ്പോൾ ഭയങ്കര ദേഷ്യം.. ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ മുന്നിൽ കാണുന്നതെല്ലാം തല്ലി പൊട്ടിക്കും.. കുറേ സമയം കഴിയുമ്പോൾ ഇതിനെ പറ്റി പറഞ്ഞു ഒരുപാട് കരയും.. ചില ദിവസങ്ങളിൽ മറ്റൊരാളാകും വല്ലാത്ത പോസിറ്റീവ് എനർജി ഒക്കെ ആയിട്ട് നമ്മളെ ഞെട്ടിക്കും... അപ്പോൾ ജീവിതത്തെ പറ്റിയുള്ള ഒരുപാട് നല്ല ചിന്തകളും സ്വപ്നങ്ങളും പങ്കു വെക്കും ചിലപ്പോൾ ആരോടും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു ഇരിക്കും.. കഴിഞ്ഞ ദിവസമാണ് അവളുടെ കൈത്തണ്ടയിലെ മുറിവുകൾ ഞാൻ കണ്ടത്.. നീളത്തിൽ ബ്ലേഡിന് കീറിയത് പോലെ... "
അയാൾ കൈത്തണ്ടയിൽ മുഖം താങ്ങി വിങ്ങി കരയാൻ തുടങ്ങി . അന്ന് ഒരുപാട് കാര്യങ്ങൾ എന്റെയടുത്തു നന്ദൻ പങ്കു വെച്ചു.. ഇടയ്ക്ക് പൊട്ടിക്കരഞ്ഞു. നിശബ്ദയായി അല്ലെങ്കിൽ അയാളെ സംസാരിക്കാൻ പ്രേരിപ്പിച്ചു കൊണ്ടു എല്ലാം ഞാൻ കേട്ടിരുന്നു. ചിലപ്പോളൊക്കെ ഒരു കൗൺസിലറുടെ നിലവിട്ടു ഞാൻ കരഞ്ഞു പോകുമെന്ന് വരെ എനിക്ക് തോന്നി. സ്കൂളിൽ ജോയിൻ ചെയ്ത അന്ന് മുതലുള്ള ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ് രണ്ടു പേരും. വൃന്ദയിൽ ഇത്തരം ഒരു രോഗ സാധ്യത പലപ്പോഴും തോന്നിയിട്ടുമുണ്ട്. പക്ഷെ എന്തോ അന്ന് അതൊന്നും അംഗീകരിക്കാൻ മനസ്സ് കൂട്ടാക്കിയില്ല. പ്രിയപെട്ടവരുടെ മരണവും രോഗാവസ്ഥയുമെല്ലാം അംഗീകരിയ്ക്കാൻ മനസ്സ് ഒരുപാട് സമയമെടുക്കും. അന്ന് കഴിയും പോലെ നന്ദനെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഒരു മാനസികരോഗ വിദഗ്ധനെ കാണാൻ ഞാൻ പറഞ്ഞുവെങ്കിലും നന്ദൻ ഒരിക്കലും അതിനു കൂട്ടാക്കിയില്ല. മറ്റുള്ളവരുടെ മുൻപിൽ അത് അവൾക്കൊരു കുറച്ചിലാകും എന്നയാൾ ഭയന്നു. ഒരു മാനസിക രോഗയാണെന്നുള്ള തിരിച്ചറിവിനെ വൃന്ദ എങ്ങനെ അതിജീവിക്കും എന്നതും നന്ദനെ വിഷമ വൃത്തത്തിലാക്കി.
നന്ദനും വൃന്ദയ്ക്കും ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന എന്ന വാർത്ത കേട്ടപ്പോൾ ഒരുപക്ഷെ അവരേക്കാൾ സന്തോഷിച്ചത് ഞാൻ ആയിരിക്കണം . വരാൻ പോകുന്ന കുഞ്ഞിന് വൃന്ദയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഹരിയേട്ടനെ കൂട്ടി നിരന്തരം വൃന്ദയെ കാണാൻ പോയത് അത് ഉറപ്പു വരുത്താൻ വേണ്ടി മാത്രമായിരുന്നു . ചിരിക്കുന്ന സന്തോഷിക്കുന്ന അവളെ കണ്ടു എന്റെ കണ്ണുകൾ പലവട്ടം നിറഞ്ഞൊഴികിയിട്ടുണ്ട് . കുഞ്ഞിന്റെ ഓരോ വളർച്ചാഘട്ടത്തെയും പറ്റി അവൾ വാചാലയായി .നന്ദനും ഒരുപാട് സന്തോഷത്തിലായിരുന്നു.വൃന്ദയുടെ സ്വഭാവത്തിൽ ഉണ്ടായ വലിയ മാറ്റത്തിൽ അയാൾക്ക് ഒരുപാട് സന്തോഷിച്ചു . വിവാഹത്തോടെ അകന്നു പോയ ഇരുകുടുംബങ്ങളും അടുക്കുമെന്നു അവർ വെറുതെ വിചാരിച്ചുവെങ്കിലും അതുണ്ടായില്ല .വൃന്ദയുടെ അച്ഛൻ നേരത്തെ മരിച്ചതാണ് . 'അമ്മ പിന്നീട് ആത്മഹത്യ ചെയ്തു .അവർക്കും എന്തോ മാനസിക പ്രശ്നം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് . അച്ഛൻ വീട്ടിലും 'അമ്മ വീട്ടിലും മാറി മാറി നിന്നാണ് അവൾ പഠിച്ചതും വളർന്നതും . അവർക്കൊരു പക്ഷെ ഒരു ശല്യം ഒഴിഞ്ഞു പോയി എന്ന തോന്നലാകാം . . ഇത്രക്കും മനസ്സ് കല്ലാക്കി വെച്ച മനുഷ്യർ ഈ ലോകത്തു ഇപ്പോഴുമുണ്ടെന്നു അന്നാണ് മനസിലായത്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെയാണ് ഡെലിവറി നടന്നത്. ആരും നോക്കാൻ ഇല്ലാഞ്ഞിട്ടും പൊന്നു പോലെയാണ് വൃന്ദ തന്റെ മകനെ നോക്കിയത്. കുഞ്ഞിനെയും കൂട്ടി " നന്ദവൃന്ദാവനം " എന്ന പുതിയ വീട്ടിലേക്കു താമസം മാറുമ്പോൾ ഉണ്ടായിരുന്ന അതിഥികൾ ഞാനും ഹരിയേട്ടനും മാത്രമായിരുന്നു. കുഞ്ഞു വന്നതിനു ശേഷം അതുവരെ ഒതുങ്ങി നിന്നിരുന്ന രോഗാവസ്ഥ അവളിൽ വീണ്ടും തല നീട്ടി പുറത്തേയ്ക്കു വരാൻ തുടങ്ങി. പലപ്പോഴും അതൊരു അക്യൂട്ട് സൈക്കിക് ഡിസോർഡർ വരെ എത്തി . മാറി മാറി വരുന്ന മനോഭാവം അല്ലെങ്കിൽ വൈകാരിക സ്ഥിതി അതായിരുന്നു അവളുടെ രോഗം .ചിലപ്പോൾ വിഷാദത്തിൽ ആണ്ടു പോകുന്ന മനസ്സ് ചില സമയങ്ങളിൽ ഉന്മത്തമായ മതിഭ്രമത്തിലേക്കു ഉയർന്നു പോകും . ആ സമയങ്ങളിൽ ഉണ്ടാകുന്ന വികാരങ്ങൾക്ക് വല്ലാത്ത ശക്തിയാകും ദേഷ്യമായാലും സങ്കടമായാലും സന്തോഷമായാലും അതിന്റെ അളവുകോൽ സാധാരണയിലും ഒരുപാടു കൂടുതലായിരിക്കും . ഇത്തരം രോഗികളിൽ സാധാരണ കണ്ടു വരാറുള്ളതാണ് സ്വയം ശരീരം മുറിവേൽപ്പിക്കുന്നതും വല്ലാത്ത ആകാംക്ഷയും ഉത്കണ്ഠയും ഒക്കെ . ആത്ഹത്യ പ്രവണതയും ഇത്തരം രോഗികളിൽ വളരെ കൂടുതലായിരിക്കും .
കുഞ്ഞിനുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും വൃന്ദയ്ക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. പേടിയോടെ കരച്ചിലോടെ എത്ര രാത്രികളിൽ അവൾ എന്നെ വിളിച്ചിട്ടുണ്ടെന്നോ. പലപ്പോഴും ഓടിയെത്തുമ്പോൾ ഒന്നും ഉണ്ടാകാറില്ല. കൃത്യമായി എനിക്ക് നല്ല ഓർമ്മയുണ്ട് ആ ദിവസം. കുഞ്ഞനന്തന്റെ രണ്ടാം പിറന്നാളിന് പിറ്റേ ദിവസം. വൃന്ദ അടുക്കളയിൽ എന്തോ പണിയിലായിരുന്നു. കുഞ്ഞ് നന്ദന്റെ കൈയ്യിലും. കുഞ്ഞിന്റെ കരച്ചിൽ കേട്ടു ഓടി വന്ന വൃന്ദ കാണുന്നത് ചോരയൊലിപ്പിച്ചു നിൽക്കുന്ന കുഞ്ഞിനെയും ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു പേടിച്ചു നിൽക്കുന്ന നന്ദനെയുമാണ്. തുടർന്നുണ്ടായ വാക്കേറ്റത്തിൽ വൃന്ദ വലിച്ചെറിഞ്ഞ കത്തി കുഞ്ഞിന്റെ മുഖത്ത് ഉരസിയാണ് കടന്നു പോയത്. കവിളിൽ മൂന്ന് തുന്നൽ ഇടേണ്ടി വന്നു. അന്ന് ആദ്യമായി നന്ദൻ വൃന്ദയെ തല്ലി. ഭ്രാന്തിയെന്നു വിളിച്ചു. വൃന്ദയെ മുറിയ്ക്കകത്തു പൂട്ടിയിട്ടു നന്ദൻ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയി. പിറ്റേ ദിവസം വൈകുന്നേരമാണ് നന്ദനും കുഞ്ഞും തിരിച്ചു വന്നത്. കരഞ്ഞു തളർന്നു അവശയായ വൃന്ദയോട് നന്ദൻ മിണ്ടിയില്ല. ഒന്ന് രണ്ടു ദിവസത്തിന് ശേഷം വൃന്ദ എന്നെ വിളിച്ചു നന്ദൻ ഇതുവരെ അവളോട് സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു . അവളുടെ പ്രശ്നങ്ങളെ പറ്റി ദീർഘ നേരം സംസാരിച്ചു. അവളുടേത് മൂഡ് ഡിസോർഡർ ആണെന്നും മരുന്ന് കഴിക്കുന്നതിലൂടെയും തുടർച്ചയായ ട്രീറ്റ്മെന്റിലൂടെയും ശരിയാകുമെന്ന് ഞാൻ അവളോട് പറഞ്ഞു. പക്ഷെ ഡോക്ടറെ കാണാൻ ഞങ്ങൾ തീരുമാനിച്ച ദിവസത്തിന്റെ തലേ രാത്രി, ഞങ്ങളെയെല്ലാം ഇരുളിലാക്കി വൃന്ദ ആത്മഹത്യ ചെയ്തു.കൂടിയ അളവിൽ കഴിച്ച ഉറക്കമരുന്നുകൾ എന്നന്നേക്കുമായി അവളെ ഉറക്കി കളഞ്ഞു . അന്നും മഴ പെയ്തു. കാലം തെറ്റി പെയ്തൊരു മഴ . മുതിർന്നവർ പറയും മരണത്തിനു ശേഷം മഴ ഉണ്ടായാൽ അത് പരേതാത്മാവിന്റെ സന്തോഷമാണെന്നു . സന്തോഷത്തോടെയാകുമോ അവൾ പോയിട്ടുണ്ടാവുക .
മൂഡ് ഡിസോർഡർ ഉള്ളവരിൽ ആത്മഹത്യാ പ്രവണത വളരെ കൂടുതലാണെങ്കിലും ഡോക്ടറെ കാണാനും ജീവിതത്തിലേക്ക് തിരിച്ചു വരാനും തീരുമാനിച്ചതിനു ശേഷം വളരെ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള കാരണം എന്തെന്ന് എന്റെ മനസ്സ് നിരന്തരം അന്വോഷിച്ചു കൊണ്ടേയിരുന്നു. വൃന്ദയുടെ മരണാന്തര ചടങ്ങിൽ നിർവികാരമായ മുഖത്തോടെ, പാതി മരിച്ച പോലെയിരുന്ന നന്ദന്റെ മുഖം ഇന്നും എന്റെ ഉള്ളിൽ നിന്നും മാഞ്ഞിട്ടില്ല .അയാൾ ഒന്ന് കരഞ്ഞിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു പോയി.. നന്ദന്റെ മടിയിലിരുന്ന് അമ്മേ എന്ന് വിളിച്ചു കരയുന്ന കുഞ്ഞനന്തന്റെ മുഖത്തേയ്ക്കു ഒരു തവണയെങ്കിലും നോക്കിയവർ കരച്ചിലടക്കാൻ പാടുപെട്ടു. " മ്മാ ...മ്മാ ..." എന്നവൻ ഉറക്കെ വിളിച്ചു കരഞ്ഞപ്പോൾ അവിടെ കൂടി നിന്നിരുന്ന എല്ലാ അമ്മമാരുടെയും മുല അറിയാതെ ചുരത്തിയിട്ടുണ്ടാകും. ഉറങ്ങുന്നത് പോലെയാണ് അവൾ കിടന്നിരുന്നത്. ഉറക്കെ ഒന്ന് വിളിച്ചാൽ അവൾ ഉണരുമെന്നു തോന്നും പോലെ. അത്രയേറെ ഉറക്കമരുന്നുകൾ എവിടുന്നാണ് വൃന്ദക്ക് കിട്ടിയത്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം .
തുടർന്നങ്ങോട്ട് തികച്ചും മൗനിയായി പോയ നന്ദൻ കുഞ്ഞിന് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപായിരുന്നു അനന്തന്റെ വിവാഹം. വൃന്ദയുടെ മരണശേഷം വീട് വിട്ടിറങ്ങിയ നന്ദൻ പിന്നീട് സ്വന്തം വീട്ടിലായിരുന്നു. എല്ലാ വർഷവും ഇതേ ദിവസം കൃത്യമായി അയാൾ ഇവിടെ വരും. ഒരു ദിവസം മുഴുവൻ ആ മുറിയിൽ വാതിലടച്ചിരിയ്ക്കും പിറ്റേ ദിവസം തിരിച്ചു പോകും. പലപ്പോഴും അന്ന് രാത്രി എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും നന്ദന്റെ മുഖം കാണുമ്പോൾ ഒരിയ്ക്കലും അതിനു സാധിച്ചിട്ടില്ല. ഇന്നെങ്കിലും ചോദിക്കണം. അടഞ്ഞു കിടന്ന വാതിലിൽ മെല്ലെ മുട്ടി നോക്കി. വാതിൽ മെല്ലെ അകത്തേയ്ക്കു തുറന്നു. അകത്തെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നന്ദൻ. കാൽ വിരലിലൂടെ ഒരു വിറയൽ ശരീരമാകമാനം പടർന്നു കയറുന്നത് ഞാനറിഞ്ഞു. അരുതാത്തതു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെയാണ് അടുത്തേയ്ക്കു ചെന്നത്. വായിൽ നിന്നും ബെഡിലേക്കു ഒഴുകി പടർന്ന ചോര. പൾസ് നോക്കി. തണുപ്പ് ശരീരത്തിലേക്ക് പടർന്നിരിക്കുന്നു. തളർച്ചയോടെ മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ്. ബെഡിനോട് ചേർന്നുള്ള ചെറിയ മേശയിൽ പേപ്പർ വൈയ്റ്റിന് കീഴെ ഇരിക്കുന്ന വെളുത്ത കടലാസ് കണ്ടത്. വിറയ്ക്കുന്ന വിരലുകളോടെ ആ കടലാസ് നിവർത്തുമ്പോൾ മനസ്സിൽ ആയിരം വട്ടം അങ്ങനെ ആവില്ല എന്ന് ചിന്തിച്ചത് തന്നെയാണ് മുന്നിലിരിയ്ക്കുന്ന കടലാസിന് തന്നോട് പറയാൻ ഉണ്ടാവുക എന്ന് മനസ്സ് പറയുന്നത് പോലെ തോന്നി .
" ചിത്ര.. നീയാകും ഈ മുറിയിലേക്ക് ആദ്യം കടന്നു വരിക എന്ന ഉറച്ച വിശ്വാസത്തിന്റെ പുറത്താണ് ഞാനീ കത്തെഴുതുന്നത്. വൃന്ദയുടെ മരണശേഷമുള്ള ഓരോ കൂടിക്കാഴ്ചയിലും നിന്റെ കണ്ണുകളിൽ ഒരു ചോദ്യമുണ്ടായിരുന്നു. എല്ലാം തുറന്നു പറയാൻ ഭയമായിരുന്നു. കുഞ്ഞനന്തൻ ...അവൻ എന്നെ വെറുക്കുമോ എന്ന ഭയം... വൃന്ദ ആത്മഹത്യ ചെയ്തതല്ല ചിത്ര..
ഞാൻ കൊന്നതാണ്...."
ആ കടലാസ് കഷണം എന്റെ കൈയ്യിലിരുന്ന വിറയ്ക്കാൻ തുടങ്ങി.
" സ്ലീപ്പിങ് പിൽസ് വാങ്ങിയത് ഞാനാണ്. അവളറിയാതെ പാലിൽ കലക്കി കൊടുത്തത് ഞാനാണ്. എനിക്ക് വയ്യായിരുന്നു ചിത്ര. എന്റെ വൃന്ദയെ ഒരു മുഴുഭ്രാന്തിയായി കാണാൻ. അവളുടെ ദേഹം മുഴുവൻ മുറിവുകളായിരിന്നു. അവളെ ലോകം ഭ്രാന്തിയെന്നു വിളിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല ചിത്ര. ഒരുപക്ഷെ വളരുമ്പോൾ കുഞ്ഞനന്തനും അവന്റെ അമ്മയെ വെറുത്താലോ...ഭ്രാന്തിയെന്നു വിളിച്ചാലോ . അതൊക്കെ ഓർത്തപ്പോൾ.. ചെയ്തു പോയി.. ഒരിക്കലും കുഞ്ഞനന്തൻ, അവന്റെ അമ്മ ഒരു മനസികരോഗിയായിരിന്നുവെന്നറിയരുത്.... ഞാനും പോകുവാ ചിത്ര.. അവൾ കുറേ വർഷമായി അവിടെ എനിക്കായി കാത്തിരിക്കുന്നു. പോട്ടെ..
ഈ കത്ത് നശിപ്പിക്കണം കേട്ടോ..
നന്ദൻ... "
കടലാസ് മടക്കി ഉടുപ്പിനകത്തേയ്ക്കു വെച്ചു. മൊബൈലിൽ ഹരിയുടെ നമ്പർ ഡയൽ ചെയ്തു. സ്ക്രീൻ കാണാനാകാത്ത വിധം കണ്ണ് നിറഞ്ഞൊഴുകുകയാണ്. ആംബുലൻസിൽ പോലീസ് വാഹനത്തിനു പിന്നാലെ നന്ദൻ അവസാനമായി നന്ദവൃന്ദാവനത്തിന്റെ പടികൾ ഇറങ്ങുമ്പോൾ കാലം എനിക്ക് മാത്രമായി കാത്തു വെച്ച അപൂർണമായ ചില സത്യങ്ങളുടെ കനലുകൾ എന്റെ അടുപ്പിൽ ഒരുപിടി ചാരമായി മാറിയിരുന്നു. ഒരുപക്ഷെ വൃന്ദ അവളുടെ അസുഖത്തെ പറ്റി മനസ്സിലാക്കിയതും ചികിത്സക്ക് സജ്ജയായതും അറിഞ്ഞിരുന്നെങ്കിൽ നന്ദൻ അങ്ങനെ ചെയ്യുമായിരുന്നോ എന്നൊരു ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു.
ആംബുലൻസ് പൊട്ടു പോലെ അങ്ങകലെ മറയുമ്പോൾ വീണ്ടും മഴയെത്തി. കാലം തെറ്റി പെയ്തൊരു മഴ.
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം.
16-07-2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot