ഫോണിലെ വിഡിയോയിൽ സംസാരിച്ച് തുടങ്ങിയ ആ സ്ത്രീരൂപത്തെ കണ്ട് സുമയും ശരത്തും ഒരുപോലെ ഞെട്ടിത്തരിച്ചു!
"മോളി സിസ്റ്റർ!" തലമുടിയും പിരികവും മുഴുവൻ കൊഴിഞ്ഞ് കണ്ണുകൾ കുഴിഞ്ഞ് മുഖം കറുത്ത് കരിവാളിച്ച് എല്ലും തോലുമായി ഇരിക്കുന്ന അവരെ കണ്ട് സുമയുടെ ചുണ്ടുകൾ മന്ത്രിച്ച പേര് ജിതേഷ് കേട്ടു.
"ഇത് മോളി സിസ്റ്ററിന്റെ കൺഫെഷൻ വീഡിയോ ആണ്..പൊലീസിന് നൽകാൻ വേണ്ടി അവർ റെക്കോർഡ് ചെയ്യിച്ചത്..."ശ്രീബാല അതിലേക്ക് നോക്കി പറഞ്ഞു.
"എന്റെ പേര് മോളി ഫിലിപ്പ്.ഈ വീഡിയോ പുറംലോകം കാണുമ്പോ ഞാൻ ഈ ഭൂമി വിട്ട് പോയിട്ടുണ്ടാവും..എനിക്കനുവദിച്ച ദിവസങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്..അതിന് മുൻപ് ചില സത്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.. ഞാൻ ബോംബെയിലെ സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്.എനിക്ക് പറയാനുള്ളത് പണ്ട് ബോംബെ ചിൽഡ്രൻസ് പാർക്കിൽ നടന്ന ഒരു മർഡർ അറ്റെംപ്റ്റിനെ പറ്റിയും അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളുമാണ്..."മോളിയുടെ സ്വരം തളർന്നതെങ്കിലും ഓരോ അക്ഷരവും സ്ഫുടമായിരുന്നു.
"ഞാൻ സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന കാലത്തായിരുന്നു ഡോക്ടർ മിഥില അതെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്നത്.നല്ല ചുറുചുറുക്കും സാമർത്യവും ബുദ്ധിയും ഉള്ള ഒരു പെൺകുട്ടിയായിരുന്നു മിഥില.കുറച്ച് ദിവസം കൊണ്ടുതന്നെ അവൾ അവിടെ എല്ലാവരുടെയും സ്നേഹം പിടിച്ച് പറ്റി..അവിടെ കൺസൽടേഷന് വരുന്ന പാവപ്പെട്ട രോഗികളുടെ കൈയിൽ നിന്ന് അവൾ കാശ് വാങ്ങാറില്ലായിരുന്നു. ചിലരെയൊക്കെ സ്വന്തം കൈയിൽ നിന്നും കാശ് മുടക്കി ചികിൽസിച്ചിരുന്നു.എന്നോട് വലിയ കൂട്ടായിരുന്നു..എന്ത് കാര്യമുണ്ടെങ്കിലും എന്നോടായിരുന്നു ആദ്യം പറഞ്ഞിരുന്നത്..പലപ്പോഴും പറഞ്ഞിരുന്നു എന്നെ കാണാൻ അവളുടെ അമ്മയെ പോലെ ഉണ്ടെന്ന്..എന്നെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്..പക്ഷെ ഞാൻ..!"പറഞ്ഞതും മോളിയുടെ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകി .ജിതേഷും ഭോലയും അവരുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
" ഒരു ദിവസം മിഥിലയ്ക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.അന്ന് അവിടെ ഒരു പേഷ്യന്റിനെ കൊണ്ടുവന്നു.സത്യാ എന്ന് പേരുള്ള ഒരു ബിൽഡിംഗ് തൊഴിലാളി..വീട്ടിലേക്ക് പോവുന്ന വഴിക്ക് ഏതോ വണ്ടി ഇടിച്ചതാണ് .കുറെ നേരം റോഡിൽ കിടന്നു.പിന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിട്ട് മുങ്ങി.മിഥില ആണ് ആ കേസ് അറ്റൻഡ് ചെയ്തത്..വരുന്ന വഴിക്ക് തന്നെ അയാൾ മരിച്ചിരുന്നു.അയാളുടെ പഴ്സിൽ അയാളുടെ ഭാര്യയുടെയും മകന്റെയും ഫോട്ടോയും ഒരു ഫോൺ നമ്പറും ഉണ്ടായിരുന്നു.പോലീസിനെ വിവരമറിയിക്കണമെന്നും പഴ്സിലുള്ള നമ്പറിൽ സത്യയുടെ വീട്ടിലേക്ക് വിവരം വിളിച്ച് പറയണമെന്നും പറഞ്ഞ് മിഥില ആരെയോ ഏൽപ്പിച്ചു.വീട്ടുകാർ വരുന്നത് വരെ ബോഡി മോർച്ചറിയിൽ വെക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് അവൾ വീട്ടിലേക്ക് തിരികെ പോയി. പിറ്റേന്ന് വൈകിട്ട് ഡ്യൂട്ടിക്ക് വന്നപ്പോൾ സത്യയുടെ ഭാര്യയും മകനും ഹോസ്പിറ്റലിൽ കൗണ്ടറിൽ നിൽക്കുന്നത് കണ്ടു.ചോദിച്ചപ്പോൾ സത്യയ്ക്ക് എന്തോ ഓപ്പറേഷൻ വേണമെന്നും കാശ് കെട്ടി വെച്ചാലേ ഓപ്പറേഷൻ നടക്കുകയുള്ളെന്ന് ഡോക്ടർ പറഞ്ഞുവെന്നും അതിനായി തന്റെ പേരിലുള്ള ഒറ്റ മുറി വീട് പണയപ്പെടുത്തിയ തുകയുമായി നിൽക്കുകയാണെന്നും അവർ പറഞ്ഞത് കേട്ട് മിഥിലയ്ക്ക് ഒന്നും മനസ്സിലായില്ല. അവർ കൈയിലിരുന്ന കുറെ റിപ്പോർട്ട് അവളെ കാണിച്ചു.കുറെ ബ്ലഡ് ടെസ്റ്റുകളും പിന്നെ ഇസിജി ഇഇജി തുടങ്ങി എയ്ഡ്‌സിനുള്ള 'എലിസ' ടെസ്റ്റ് വരെ അതിനകത്ത് കുറിച്ചിരിക്കുന്നത് കണ്ട് മിഥിലയുടെ കണ്ണ് മിഴിഞ്ഞു. ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ സത്യ മരിച്ചിരുന്നു എന്നത് മിഥില തലേ രാത്രി തന്നെ കൺഫേം ചെയ്തതാണ്..പിന്നെ എന്തിന്റെ പേരിലാണ് ഈ ടെസ്റ്റുകൾ എന്നും മരിച്ച ആളെ എന്തിനാണ് ഓപ്പറേഷന് വിധേയനാക്കുന്നതെന്നും അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. .എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
സത്യക്ക് വേണ്ടി ഈ ടെസ്റ്റുകൾ കുറിച്ചതും ഓപ്പറേഷൻ വേണമെന്ന് ആവശ്യപ്പെട്ടതും സീനിയർ ഡോക്ടർ സത്യമൂർത്തി എന്നൊരാൾ ആയിരുന്നു.മിഥില നേരെ അയാളെ കാണാൻ പോയി.പക്ഷെ മിഥിലയ്ക്ക് തെറ്റ് പറ്റിയെന്നും സത്യക്ക് ജീവൻ ഉണ്ടായിരുന്നുവെന്നും ജീവനുള്ള ആളെ മരിച്ചെന്നും പറഞ്ഞ് മോർച്ചറിയിൽ കയറ്റിയത് പുറത്താരെങ്കിലും അറിഞ്ഞാൽ മിഥിലയ്ക്ക് തന്നെയാണ് കുഴപ്പം എന്നും പറഞ്ഞ് അയാൾ അവളെ ഭീഷണിപ്പെടുത്തി.പക്ഷെ തനിക്കങ്ങനെ ഒരു പിഴവ് ഒരിക്കലും സംഭവിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.മിഥില എന്നോട് വന്ന് കാര്യം പറഞ്ഞു.ഞാൻ അത് ചിരിച്ച് തള്ളി.പക്ഷെ മിഥില വിടുന്ന മട്ടില്ലായിരുന്നു.അവൾ പിന്നീട് അവിടെ വരുന്ന ഓരോ കേസും നിരീക്ഷിക്കാൻ തുടങ്ങി..അപ്പോഴാണ് അവൾക്ക് ഞെട്ടിക്കുന്ന ചില സത്യങ്ങൾ മനസ്സിലായത്.സത്യയുടേത് സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ആദ്യത്തെ സംഭവം അല്ല എന്നത്.ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപേയും ഹോസ്പിറ്റലിൽ കൊണ്ടുവന്ന് കഴിഞ്ഞും മരിച്ച രോഗികളെ ഡോക്ടർമാർ ജീവനുണ്ടെന്നും പറഞ്ഞ് കുറെ ടെസ്റ്റുകൾക്ക് വിധേയരാക്കും..രോഗികളുടെ ബന്ധുക്കളെ ആരെയും അങ്ങോട്ട് അടുപ്പിക്കില്ല. ഓപ്പറേഷൻ നടത്തിയാലേ രക്ഷപെടുള്ളുവെന്നും ഓപ്പറേഷൻ നടത്തണമെങ്കിൽ ഒരു വൻ തുക കെട്ടിവെക്കണമെന്നും ആവശ്യപ്പെടും . ഇത് പാവപ്പെട്ട അക്ഷരാഭ്യാസമില്ലാത്ത ആളുകളുടെ അടുത്ത് മാത്രമല്ല സാധാരണക്കാരുടെയും അടുത്ത് ഇത് തന്നെയാണ് നടന്നുപോവുന്നത്.അവർക്ക് ആ ടെസ്റ്റുകൾ എന്തിന് വേണ്ടി ഉള്ളതാണെന്നോ അത് ശെരിക്കും വേണ്ടിയത് തന്നെയാണോ എന്നൊന്നും അറിയത്തുമില്ല അതൊന്നും ചിന്തിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കത്തുമില്ല.അകത്ത് കിടക്കുന്ന പ്രിയപ്പെട്ടവരേ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന ഒറ്റ ചിന്തയെ അവർക്ക് കാണുള്ളൂ.അതിന് വേണ്ടി അവർ എന്തും ചെയ്യും.ഇല്ലാത്ത കാശ് എവിടുന്നെങ്കിലും ഉണ്ടാക്കി കൊണ്ടുവരും..മിഥില ഇത് നേരെ ഞങ്ങളുടെ ഡീനിനെ അറിയിച്ചു.എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കാം എന്ന് അദ്ദേഹം അവൾക്ക് ഉറപ്പ് നൽകി.പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.പഴയതെല്ലാം വീണ്ടും ആവർത്തിച്ചു.അത് ചോദിച്ചപ്പോൾ ഡീനിൽ നിന്നും തണുത്ത പ്രതികരണം ആണ് ലഭിച്ചത്.അവൾ പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും അവിടെ നടന്നിട്ടില്ലെന്നും അതെല്ലാം അവളുടെ തോന്നലുകൾ മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.
മിഥിലയ്ക്ക് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി.പിന്നീട് അയാളും അവളുടെ നിരീക്ഷണത്തിലായി.താമസിയാതെ അവൾക്ക് മനസ്സിലായി എല്ലാത്തിന്റെയും ചുക്കാൻ പിടിക്കുന്നത് മറ്റാരുമല്ല അദ്ദേഹം തന്നെയാണെന്ന്..ഞങ്ങളുടെ ഡീൻ ഡോക്ടർ ശരത് ! "മോളി പറഞ്ഞത് കേട്ട് ജിതേഷ് വിശ്വാസം വരാതെ സുമയെയും ശരത്തിനെയും നോക്കി.
"എന്തൊക്കെ അസംബന്ധം ആണീ സ്ത്രീ പറയുന്നത്? സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഇത്രയും റെപ്യുട്ടെഷൻ ഉള്ള ഒരു സ്ഥാപനത്തെ പറ്റി ഇങ്ങനെ ഒരു അലിഗേഷൻ ഇതുപോലൊരു സ്ത്രീ നടത്തുമ്പോൾ തന്നെ കാര്യം മനസ്സിലായില്ലേ?ഇതൊക്കെ കാശ് തട്ടാനുള്ള എന്തെങ്കിലും അടവായിരിക്കും എന്ന്.."ശരത് പുച്ഛിച്ചു.
"ശ്ശ്..ലെറ്റ് ഹേർ കമ്പ്ലീറ്റ്.."ജിതേഷ് ശരത്തിനോട് പറഞ്ഞു.
"പ്രൊട്ടെസ്റ്റ് ചെയ്തിട്ട് കാര്യമില്ലെന്ന് മിഥിലയ്ക്ക് അറിയാമായിരുന്നു.കാരണം ആ ഹോസ്പിറ്റലിലെ മിക്കവരും ശരത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവർ ആയിരുന്നു.മിഥില അവരിൽ ഒരാളാവാൻ തീരുമാനിച്ചു.അവരിൽ ഒരാൾ ആണെന്ന് പ്രിറ്റെന്റ് ചെയ്ത് അവരുടെ കൂടെ നിന്ന് അവർക്കെതിരെ തെളിവുകൾ ശേഖരിക്കുക.പിന്നെ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക..എല്ലാം അവൾ അപ്പപ്പോ എന്നെ അറിയിക്കുന്നുണ്ടായിരുന്നു.."മോളി സിസ്റ്റർ പറഞ്ഞു.
"മരിച്ച ആളെ പലവിധ ടെസ്റ്റുകൾക്ക് വിധേയനാക്കുന്നതും രക്ഷിക്കാനെന്ന പേരിൽ ബന്ധുക്കളിൽ നിന്നും വൻ തുക തട്ടിയെടുക്കുന്നതും ഓപ്പറേഷൻ തിയേറ്ററിൽ ശവം ഓപ്പറേഷൻ ടേബിളിൽ കിടത്തിയിട്ട് ഡോക്ടർമാരും മറ്റ് സ്റ്റാഫും അപ്പുറവും ഇപ്പുറവും നിന്ന് അന്നുണ്ടാക്കിയ ലാഭത്തെ പറ്റി പറഞ്ഞ് ചിരിക്കുന്ന ക്രൂരതയും
അത് കഴിഞ്ഞ് വെളിയിലിറങ്ങി ഒരു കൂസലുമില്ലാതെ രോഗിയുടെ ബന്ധുവിനോട് ഓപ്പറേഷൻ കഴിഞ്ഞെങ്കിലും അയാളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നതും എല്ലാം മിഥില വീഡിയോ റെക്കോർഡ് ചെയ്തു.ഒന്നല്ല അങ്ങനെ അനേകം കേസുകൾ..എല്ലാത്തിന്റെയും ബില്ലും ഡോക്യൂമെൻറ്സും വീഡിയോ റെക്കോർഡിങ്ങും അങ്ങനെ എല്ലാ തെളിവുകളും അവൾ എന്നെ ഏൽപ്പിച്ചു. അവൾ ആവശ്യപ്പെടുമ്പോൾ അത് തിരികെ നൽകണമെന്നും പറഞ്ഞു..അവൾക്ക് ആ ഹോസ്പിറ്റലിൽ ആകെ വിശ്വസിക്കാൻ പറ്റുന്നത് എന്നെ മാത്രമാണെന്ന് എന്നും പറയുമായിരുന്നു." മോളി സിസ്റ്റർ പുച്ഛത്തോടെ പറഞ്ഞു.
" അന്നത്തെ ഡൽഹി ചീഫ് മിനിസ്റ്റർ ആയിരുന്ന പ്രവീൺ റാവു എന്തോ ആവശ്യത്തിന് ബോംബെയിലേക്ക് വരികയും നെഞ്ചുവേദനയെ തുടർന്ന് ഞങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും ചെയ്തു.. മറ്റാരും അദ്ദേഹത്തിന്റെ അടുത്തില്ലാത്ത സമയം അദ്ദേഹത്തോട് ഹോസ്പിറ്റലിൽ ശരത്തും മറ്റ് ഡോക്ടർസും നടത്തുന്ന തോന്നിവാസങ്ങളെ പറ്റി അവതരിപ്പിക്കാൻ മിഥില തീരുമാനിച്ചു.അദ്ദേഹം കറ കളഞ്ഞ മനുഷ്യൻ ആയിരുന്നു.ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.മിനിസ്റ്ററെ റൂമിലേക്ക് മാറ്റിയ അന്ന് രാത്രി അവൾ അദ്ദേഹത്തെ കാണാൻ ചെന്നു.പക്ഷെ അതെ രാത്രി തന്നെയായിരുന്നു ഹാർട്ട് അറ്റാക്ക് മൂലം അദ്ദേഹത്തിന്റെ മരണം സംഭവിച്ചതും. തിരികെ വന്ന മിഥില ഭയങ്കരമായി അപ്സെറ്റ് ആയിരുന്നു..പിറ്റേന്ന് താൻ ഹരിയെ മീറ്റ് ചെയ്യാൻ പോവുകയാണെന്നും അത് കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് വരാൻ കുറച്ച് വൈകും എന്നും എന്നോട് പറഞ്ഞു.മിഥില സ്നേഹിച്ചിരുന്ന ആൾ ആയിരുന്നു 'മേരി ആവാസ്' പത്രത്തിൽ വർക്ക് ചെയ്തിരുന്ന ഹരി. പക്ഷെ പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയ ഞാൻ കാണുന്നത് ചിൽഡ്രൻസ് പാർക്കിൽ നിന്നും ആരുടെയോ കുത്തേറ്റ് ബോധമില്ലാതെ അവിടെ അഡ്മിറ്റ് ആയ മിഥിലയെയാണ്.."മോളിയുടെ സ്വരം ഇടറി..
" മിഥില സ്നേഹിച്ചിരുന്ന ഹരി എന്നയാൾ ആണ് അവളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു അന്ന് പുറം ലോകം അറിഞ്ഞത് .പക്ഷെ സത്യം അതായിരുന്നില്ല!" മോളി സിസ്റ്റർ പറഞ്ഞു. ജിതേഷിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി!
താൻ എന്താണ് കേൾക്കാൻ പോവുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ജിതേഷിന്റെ ഹൃദയം ധൃതവേഗത്തിൽ മിടിച്ചു.
"അത് ചെയ്യിച്ചത് ഡോക്ടർ ശരത്തായിരുന്നു!"ആ ഓർമ്മയിൽ മോളിയുടെ മുഖത്തു ഭീതി പടർന്നു. കേട്ടത് വിശ്വസിക്കാനാവാതെ ജിതേഷ് തരിച്ച് നിന്നു!
"മിഥിലയുടെ നീക്കങ്ങൾ ശരത് അറിയുന്നുണ്ടായിരുന്നു.അയാൾക്കെതിരെ ഉള്ള തെളിവുകൾ അവളുടെ കൈവശം ഉണ്ടെന്ന് അയാൾ അറിഞ്ഞിരുന്നു.തങ്ങളുടെ കൂട്ടത്തിൽ ഒരാളായി മാറിയെന്ന മിഥിലയുടെ അഭിനയം ശരത് വിശ്വസിച്ചെന്ന് നടിച്ചു.അതെ സമയം അയാൾ അവൾക്കായുള്ള വല വിരിച്ചു.ലക്ഷങ്ങൾ കൂലി കൊടുത്ത് ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കി മിഥിലയെ ഇല്ലാതാക്കാൻ.പാർക്കിന്റെ മുൻപിൽ അവൾ അവളുടെ അനിയത്തി ശ്യാമയെയും വേറൊരു പയ്യനെയും കോളേജ് ബസ് കയറ്റിവിടാൻ എന്നും പോവാറുണ്ടായിരുന്നു.അന്നും പതിവ് പോലെ മിഥില അവിടെ എത്തി.ശ്യാമ കോളേജ് ബസിൽ പോയി.പക്ഷെ അവളുടെ കൂടെ ആ പയ്യനുണ്ടായിരുന്നു..നന്ദൻ..ശരത് ഏർപ്പാടാക്കിയ ക്രിമിനൽ ആണ് അവരെ രണ്ടുപേരെയും പാർക്കിൽ ഇട്ട് വക വരുത്തിയത്.."മോളി സിസ്റ്റർ ഭയാനകമായ ആ ഓർമ്മയിൽ മുഖം പൊത്തി കരഞ്ഞു.
"എല്ലാവർക്കും ഒരു ചോദ്യം ബാക്കി ഉണ്ടാവാം..മിഥില ഹോസ്പിറ്റലിനെതിരെ രഹസ്യമായി നടത്തിയ അന്വേഷണം എങ്ങനെ ശരത് അറിഞ്ഞുവെന്ന്..ശരത്തിനോട് മിഥിലയുടെ എല്ലാ നീക്കങ്ങളും അപ്പപ്പോ പറഞ്ഞുകൊടുത്തതും അവളെ ഒറ്റു കൊടുത്തതും ഈ ഞാൻ തന്നെയായിരുന്നു! ശരത്തിന്റെ വെപ്പാട്ടിയായിരുന്ന ഈ ഞാൻ !"മോളി സിസ്റ്റർ പൊട്ടിക്കരഞ്ഞു.ശ്രീബാല വീഡിയോ പോസ് ചെയ്തു.
അവർ പറയുന്നതൊന്നും വിശ്വസിക്കാനാവാതെ ഞെട്ടി വിറച്ച് നിൽക്കുകയായിരുന്നു ജിതേഷ് ! തന്റെ നന്ദന്റെ അവസ്ഥക്ക് പിന്നിലും മിത്തുവിന്റെ മരണത്തിന് പിന്നിലും ഹരി ആണെന്നാണ് ജിതേഷ് ഇതുവരെ ധരിച്ച് വെച്ചിരുന്നത്.അതിനു വേണ്ടിയായിരുന്നു ശ്രീബാലയുടെയും വേണിയുടെയും ജീവിതം നശിപ്പിച്ചതും. ഇത്രയും കാലം ഹരിയോട് മനസ്സിൽ സൂക്ഷിച്ച് വെച്ചിരുന്ന പകയും പ്രതികാരവും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാവുന്നത് അവൻ അറിഞ്ഞു.അവൻ ശരത്തിന് നേരെ പാഞ്ഞടുത്തു.
"അരുത്! ഒന്നും ചെയ്യരുത്!"സുമ പെട്ടെന്ന് ശരത്തിന്റെ മുൻപിൽ കയറി നിന്നു.അവരുടെ മുഖത്തെ ഭാവം എന്തെന്ന് ജിതേഷിന് വായിച്ചെടുക്കാൻ പറ്റിയില്ല.
"എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇപ്പൊ ഒന്നും ചെയ്യരുത് അല്ലെ?നിങ്ങൾ ഒരു മനുഷ്യൻ ആണോ?ഡോക്ടർ എന്ന വാക്കിന്റെ അർഥം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?നിങ്ങളുടെ പ്രൊഫെഷന്റെ മഹത്വം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?ദൈവത്തെ പോലെയാണ് ഓരോ ആളും ഡോക്‌ടേഴ്‌സിനെ കാണുന്നത്..ശ്വാസം നിലച്ച ശരീരം ഓപ്പറേഷൻ ടേബിളിൽ ഇട്ട് ഓപ്പറേഷൻ നടത്തുകയാണെന്ന വ്യാജേന കീറിമുറിച്ച് നിങ്ങൾ ഓരോ പേക്കൂത്തുകൾ കാണിച്ച് കൂട്ടുമ്പോൾ , അകത്ത് കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി വെളിയിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന ഓരോ മനുഷ്യന്റെയും കണ്ണീരിന്റെ ശാപം നിങ്ങളുടെ തലയിൽ വീണുകൊണ്ടിരിക്കുകയാണെന്ന് മറന്ന് പോയി അല്ലെ.."ശ്രീബാല ദേഷ്യം കൊണ്ട് വിറച്ചു.സുമ ഒന്നും മിണ്ടിയില്ല.
"തെളിവുകൾ എല്ലാം നശിപ്പിച്ചെന്ന് എനിക്ക് വാക്ക് തന്നിട്ട് എന്നെ ചീറ്റ് ചെയ്തു അല്ലെ! ബ്ലഡി ബിച്ച് !" ശരത് ശ്രീബാലയുടെ കൈയിലിരുന്ന ഫോണിലെ മോളിയുടെ വിഡിയോയിലേക്ക് നോക്കി പല്ലുകടിച്ചുകൊണ്ട് പിറുപിറുത്തു.
ജിതേഷ് സുമയുടെ പിറകിൽ നിന്നിരുന്ന ശരത്തിന്റെ കോളറിൽ പിടിച്ച് വലിച്ച് അയാളുടെ ചെകിടത്ത് മാറി മാറി അടിച്ചു.
സുമ തടയാൻ ചെന്നെങ്കിലും ജിതേഷ് വിട്ടില്ല.
"ഹരിയാണ് ഇതിന് പിന്നിലെന്ന് ഓർത്ത് ഞാൻ എന്തെല്ലാം പാതകങ്ങൾ ചെയ്ത് കൂട്ടിയെന്ന് നിങ്ങൾക്ക് അറിയാമോ?ഒന്നുമറിയാത്ത രണ്ട് പെൺകുട്ടികളുടെ ജീവിതം ഞാൻ നശിപ്പിച്ചു.ഞാൻ മൂലം ഒരു കുടുംബം മുഴുവനും കണ്ണീരിലായി ! എല്ലാം നിങ്ങൾ ഒറ്റ ഒരാൾ കാരണം! മിത്തുവിനെ നിങ്ങൾ കൊന്നു! എന്റെ നന്ദനെ നിങ്ങൾ മാനസികമായി തകർത്തു! മക്കളുടെ അവസ്ഥയിൽ മനം നൊന്ത് എന്റെ അച്ഛനും മിത്തുവിന്റെ അച്ഛനും ഈ ഭൂമി വിട്ട് പോയി! അന്ന് എനിക്കും ശ്യാമയ്ക്കും നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവിതമാണ്.എല്ലാത്തിനും നിങ്ങളെക്കൊണ്ട് ഞാൻ കണക്ക് പറയിക്കും!" ജിതേഷ് പകയോടെ പറഞ്ഞു. ജിതേഷ് ശരത്തിന്റെ കഴുത്തിൽ പിടി മുറുക്കി.അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു.ശ്രീബാല അനങ്ങിയില്ല. ഭോല അവനെ തടഞ്ഞു.
"കുറ്റം ഹരിയേട്ടന്റെ തലയിൽ കെട്ടിവെയ്ക്കുക..കേസിന് കുറച്ച് കൂടി ബലം കിട്ടാനായി ഹരിയേട്ടന്റെ കുഞ്ഞ് മിഥിലയുടെ വയറ്റിൽ ഉണ്ടെന്ന് പറഞ്ഞ് നിങ്ങൾ ഭാര്യയെ കൊണ്ട് മിഥിലയുടെ റിപ്പോർട്ട് തിരുത്തി എഴുതിച്ചു..ശരി അല്ലെ?"ശ്രീബാല ചോദിച്ചു.
സുമ മൗനം പാലിച്ച് നിന്നതേ ഉള്ളു.
"സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബം നിങ്ങൾ തകർത്തെറിഞ്ഞു! സ്വന്തം മകൻ ഒരു കൊലയാളി ആണെന്ന നാട്ടുകാരുടെ പരിഹാസം കേട്ട് ഞങ്ങടെ അച്ഛൻ ഹരിയേട്ടനെ വെറുത്തു! തന്റെ നിരപരാധിത്വം തെളിയിക്കാൻ പോലീസിൽ പിടികൊടുക്കാതെ ഹരിയേട്ടൻ അന്ന് തൊട്ട് അലയുകയായിരുന്നു.പക്ഷെ..എന്നിട്ടും..!"ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
"നീ വിഷമിക്കണ്ട.ഇനി ഹരിക്കൊരു പ്രോബ്ളവും ഉണ്ടാവില്ല..എവിടെയാണെങ്കിലും തിരികെ വരാൻ പറഞ്ഞോളൂ.. എന്തിനും ഏതിനും ഞാൻ ഉണ്ടാവും ഹരിയുടെ കൂടെ "ജിതേഷ് പറഞ്ഞു.അത് കേട്ട് ശ്രീബാല പൊട്ടിക്കരഞ്ഞു!
"എന്താ?എന്താ ബാലെ?"ജിതേഷ് അവളുടെ അടുത്തേക്ക് വന്നു..
"ഇനി അതിന്റെ ആവശ്യം വരില്ല..എന്റെ ഹരിയേട്ടൻ..ഹരിയേട്ടൻ മരിച്ചു!"ശ്രീബാല ജിതേഷിന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു.
ജിതേഷിന് ഒരു നിമിഷത്തേക്ക് വാക്കുകൾ കിട്ടിയില്ല!
"ഒരു പോലീസ് എൻകൗണ്ടർ..ആരോ ഒറ്റു കൊടുത്തതാ.." ശ്രീബാല ഏങ്ങലടിച്ച് കരഞ്ഞു.ജിതേഷിന്റെ മനസ്സിൽ ഹരിയുടെ മുഖം തെളിഞ്ഞു. ശ്രീബാല ഒരു പെൻഡ്രൈവ് കൈയിലെടുത്തു.
"ഈ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ്... തനിക്കെന്തെങ്കിലും സംഭവിച്ചാൽ അത് എന്റെ കൈയിൽ എത്തിക്കണമെന്ന് പറഞ്ഞ് ഹരിയേട്ടൻ ആരെയോ ഏൽപ്പിച്ചിരുന്നു.അവർ കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് എനിക്കിത് തന്നു..ഹരിയേട്ടന്റെ മരണ വാർത്തയും അവർ പറഞ്ഞാണ് ഞാൻ അറിയുന്നത്.."ശ്രീബാലയ്ക്ക് കരച്ചിലിനിടയിൽ വാക്കുകൾ കിട്ടിയില്ല.ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ ഒരു നിമിഷത്തേക്കെങ്കിലും ഹരിയെ ദൈവം തന്റെ മുൻപിൽ ഒന്ന് കൊണ്ടുവന്ന് നിർത്തിയിരുന്നനെകിൽ എന്ന് ജിതേഷ് അതിയായി ആഗ്രഹിച്ചു.താങ്ങാനാവാത്ത കുറ്റഭാരത്തോടെ അവൻ ശ്രീബാലയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
പെട്ടെന്ന് വെളിയിൽ ഒരു പോലീസ് ജീപ്പ് വന്നു.
അതിൽ നിന്നും ഇൻസ്‌പെക്ടർ ശേഖർ ഇറങ്ങി.അയാൾ ജിതേഷിനെ മാറ്റി നിർത്തി കുറച്ച് നേരം സംസാരിച്ചു.പിന്നെ ശരത്തിനെയും സുമയെയും കൈയാമം വെച്ച് അവിടുന്ന് ഇറങ്ങി. സുമ കരഞ്ഞില്ല.അവരുടെ മുഖത്ത് സങ്കടത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലായിരുന്നു.ജീപ്പിലേക്ക് നടക്കുമ്പോൾ അവർ ആരെയും നോക്കിയില്ല.ശരത് എന്തൊക്കെയോ ദേഷ്യത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.പോലീസ് ജീപ്പ് കണ്ട് കുറച്ച് ആളുകൾ അപ്പുറത്തും ഇപ്പുറത്തും നിന്ന് എത്തി നോക്കുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് അവരെയും കൊണ്ട് മെയിൻ റോഡിലേക്ക് കടന്നു.പെട്ടെന്ന് എന്തോ നിലത്തേക്ക് വീഴുന്ന ഒച്ച കേട്ട് ജിതേഷ് ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ട് അവൻ സ്തംഭിച്ച് നിന്നു!
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം )
അഞ്ജന ബിജോയ്
Click here to read all Published parts: - ബാലവേണി നോവൽ - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക