Showing posts with label ShibinZiyad. Show all posts
Showing posts with label ShibinZiyad. Show all posts

ജീവിതത്തിലേക്കൊരു തിരിഞ്ഞ് നോട്ടം

Image may contain: 1 person, outdoor
ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് കയറി ഡ്രസ്സ് മാറുന്നതിനിടക്കാണ് സഹമുറിയൻ കോഴിക്കോട്ടുകാരൻ ബഷീറിക്കയുടെ മുഖത്തേക്ക് ശ്രദ്ധിച്ചത്.. കുറച്ച് നേരത്തെ വളരെ സന്തോഷത്തോടെ മകന്റെ റിസൾട്ട് വന്നത് ഫോൺ ചെയ്ത് പറഞ്ഞ ആളേയല്ല ഇപ്പോൾ... എന്ത് പറ്റിയെന്ന അർത്ഥത്തോടെ ഒന്ന് നോക്കിയപ്പോൾ ഇക്കയൊന്ന് ചിരിച്ചു..
" കുട്ടികളൊക്കെ ഒരുപാട് വളർന്നങ്ങ് വലുതായി... ഈ ചൂടും തണുപ്പും മാറി വരുന്നതിനിടക്ക് ഞാനതൊന്നും അറിഞ്ഞില്ലെടാ.. " ..
ഞാനൊന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ ഇക്ക ഇങ്ങോട്ട് പറയാൻ തുടങ്ങി...
അത്ര പറഞ്ഞ് നിർത്തിയപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം എനിക്ക് പിടികിട്ടി.. ഇക്കയുടെ മകനിപ്പോൾ പ്ലസ് ടു കഴിഞ്ഞതാണ്.. റിസൾട്ട് വന്നപ്പോൾ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിലുള്ള മാർക്കുമുണ്ട്.. ചെക്കൻ എന്തോ കുരുത്തക്കേട് ഒപ്പിച്ചതാകും എന്ന് മനസ്സിൽ കരുതിയപ്പോഴേക്കും ഇക്ക കാര്യം പറഞ്ഞു...
" പ്ലസ് ടുവിൽ നല്ല മാർക്കുണ്ടെങ്കിൽ മോനോട് ഒരു സ്‌കൂട്ടർ വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നു.. അവനിപ്പോ ബുള്ളറ്റ് മതിയെന്നാണ് പറയുന്നേ.. അതിനുള്ള പൈസയൊന്നും കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ അവൻ പറയാ, ' ഇത്രേം കാലം അവിടെ നിന്നിട്ടും അതൊന്നും ഉണ്ടാക്കിയില്ലെങ്കിൽ ഇങ്ങോട്ട് പോന്നൂടേന്ന്..'.. ".. പറഞ്ഞ് തീരുന്നതിന് മുമ്പേ ഇക്കയുടെ തൊണ്ട ഇടറുന്നുണ്ടെന്ന് മനസ്സിലാക്കി ഞാൻ വേഗം റൂമിൽ നിന്നിറങ്ങി....
ചിന്തകൾ വല്ലാതെ കാട് കയറുമ്പോൾ പോയിരിക്കാറുള്ള ടെറസിലെ ആ പഴയ കസേരയിൽ പോയിരുന്നു... കണ്ണടച്ച് കസേരയിൽ ചാരിയിരുന്നപ്പോൾ ആ പ്ലസ് ടു കാരന് പകരം ഞാൻ വേറൊരു പ്ലസ് ടു കാരനെ അവിടെ കണ്ടു...
പത്താം ക്ലാസ് കഴിയുന്നതിന് മുമ്പ് തന്നെ അവന് അവന്റെ ഭാവിയെക്കുറിച്ച് ഒരുറച്ച തീരുമാനമുണ്ടായിരുന്നു .. ഒരു 'ആർക്കിടെക്ട്' ആവുക... പണ്ടെങ്ങോ പത്രത്തിൽ വായിച്ചറിഞ്ഞതായിരുന്നു ഒരു ആർക്കിടെക്ടിന്റെ ജീവിതം.. അതിന് ശേഷം പിന്നെ അതായിരുന്നു അവന്റെ സ്വപ്‍നം.. പ്ലസ് ടൂ കഴിയുന്നതോടെ തന്നെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി.. എൻട്രൻസ് കോച്ചിങ്ങിന് പോകാൻ കാശ് ചോദിച്ചപ്പോൾ ഉമ്മകൈ മലർത്തി.. കുറ്റം പറയാനൊക്കില്ല, പേരിന് ദുബായിക്കാരന്റെ മകനായിരുന്നെങ്കിലും ഒരു നേരം ആഹാരം കിട്ടിയില്ലെങ്കിലുള്ള അവസ്ഥ അവനും നന്നായി അറിയാമായിരുന്നു.. അത് കൊണ്ട് തന്നെ ഉമ്മാനെ കൂടുതൽ അവൻ നിർബ്ബന്ധിച്ചില്ല..
സീനിയറായിരുന്ന കസിന്റെ അടുത്ത് പോയി അവൾ കോച്ചിങ്ങിന് പോയിരുന്ന സമയത്തെ ബുക്കുകളെല്ലാം വാങ്ങി അവൻ വീട്ടിൽ കൊണ്ട് വന്ന് കുത്തിയിരുന്ന് പഠിച്ചു..
ആർക്കിടെക്ചർ കോഴ്‌സിന് സാധാരണ എൻട്രൻസ് എക്സാമിന് പുറമെ NATA ഉണ്ടെന്ന് അറിയാമായിരുന്നു.. പക്ഷേ, അതിന്റെ ഫീസ് കണ്ടപ്പോഴാണ് അവൻ ശരിക്ക് അന്തം വിട്ട് പോയത്.. മൂവ്വായിരത്തി എണ്ണൂറ് രൂപ.. ആറ് വർഷങ്ങൾക്ക് മുമ്പ് മൂവ്വായിരത്തി എണ്ണൂറ് അത്ര വലിയ സംഖ്യ ഒന്നുമല്ലായിരുന്നെങ്കിലും, ഫീസടക്കാൻ പൈസ ചോദിച്ചപ്പോൾ തിരിച്ച് ഉമ്മ ചോദിച്ചത് ഒന്ന് മാത്രമായിരുന്നു, ' നിനക്ക് എന്നും മര്യാദക്ക് ചോറ് തിന്നണോ.. അതോ പരീക്ഷ എഴുതിയാ മതിയോ.. ' ..അടുത്തിരുന്ന് കളിക്കുന്ന പെങ്ങളുടെ മുഖം കണ്ടപ്പോൾ പിന്നെ ഒന്നും പറയാതെ അവൻ അവിടെ നിന്നും എണീറ്റ് പോയി..
അടുത്തൊരു ബന്ധുവിനോട് പോയി മൂവായിരത്തി എണ്ണൂറ് രൂപ കടം ചോദിച്ചപ്പോൾ പറഞ്ഞതിതായിരുന്നു;- ' വാപ്പ ഗൾഫിലായിട്ടും ഒരു പരീക്ഷ ഫീസടക്കാൻ കാശില്ലെങ്കിൽ നീ പഠിക്കാൻ നിക്കേണ്ടടാ..' അതും കൂടി കേട്ടപ്പോൾ ആർക്കിടെക്ട് എന്ന സ്വപ്നം മെല്ലെ മനസ്സിൽ നിന്നും മായ്ച്ച് കളഞ്ഞു..
അന്നവൻ ഒരുപാട് കരഞ്ഞു.. ചെറുപ്പം തൊട്ട് ആഗ്രഹിച്ച കാര്യം ഇനി ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിയുമ്പോൾ ഒരു തരം വിങ്ങലായിരുന്നിരിക്കണം അവന്റെ മനസ്സിൽ... അന്ന് രാത്രി അവൻ ഉമ്മയോട് ചോദിച്ചു: " എന്താണുമ്മ, നമ്മൾടെ ഉപ്പൻറെടുത്ത് മാത്രം കാശില്ലാത്തെ... " .. കെട്ടിപ്പിടിച്ച് കുറെ കരഞ്ഞതല്ലാതെ ഉമ്മ അവനോട് മറുപടിയൊന്നും പറഞ്ഞില്ല...
എൻട്രൻസ് എഴുതില്ലെന്ന് ഉറപ്പിച്ചതായിരുന്നു അന്നവൻ.. പക്ഷേ, അവസാനം കസിന്റെ നിർബ്ബന്ധത്തിന് വഴങ്ങി എൻട്രൻസ് എഴുതി... റിസൾട്ട് വന്നപ്പോൾ പത്തൊമ്പതിനായിരത്തി എണ്ണൂറ്റി നാല്പത്തിമൂന്നാമത്തെ റാങ്ക്... ഏതെങ്കിലുമൊക്കെ മാനേജ്‌മെന്റ് കോളേജിൽ സീറ്റ് കിട്ടുമായിരുന്നു.. മൂവ്വായിരത്തിയെണ്ണൂറ് ഉണ്ടാക്കാൻ കഴിയാത്തവർ പതിനായിരങ്ങൾ പിന്നെയെവിടെന്നുണ്ടാക്കും എന്ന തിരിച്ചറിവുള്ളത് കൊണ്ട് അവൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല... വീടിനടുത്തുള്ള ഗവണ്മെന്റ് ഐ.ടി.ഐയിലും പോളിയിലുമൊക്കെ പോയി അപേക്ഷ കൊടുത്തു... എത്രയും പെട്ടെന്ന് എങ്ങനെങ്കിലും ഒരു ജോലി, അത് മാത്രമായിരുന്നു അപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത്..
ഉയപ്പയെ സഹായിക്കണം.. പ്രാരാബ്ധങ്ങൾക്കെല്ലാം ഒരു അറുതി വരുത്തണം.. അത് മാത്രമായിരുന്നു പിന്നെ അവന്റെ ചിന്തകൾ.
അവസാനം വീട്ടിൽ നിന്നും നാലര കിലോ മീറ്റർ അകലെയുള്ള ഐ.ടി.ഐ യിൽ സിവിൽ ഡ്രാഫ്റ്റ്സ്മാൻ കോഴ്‌സിന് അവന് സീറ്റ് കിട്ടി.. ഒരു തരം വാശിയായിരുന്നു പിന്നെ.. അഞ്ച് പൈസ പോലും ആരുടെ കൈയ്യിൽ നിന്നും വാങ്ങിക്കാതെ കോഴ്സ് നന്നായി ചെയ്യണമെന്ന വാശി...
രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ക്ലാസിന് വീട്ടിൽ നിന്നും ആറെ കാലിന് അവൻ ഇറങ്ങി നടക്കും ... തിരിച്ചും അത് പോലെ നടന്നു.. കാണുന്നവരൊക്കെ കളിയാക്കി, നിനക്കൊരു സൈക്കിളെങ്കിലും വാങ്ങിത്തരാൻ പറഞ്ഞൂടെ ഉപ്പാനോടെന്നും പറഞ്ഞ്... അവരോടൊന്നും ഒന്നും തിരിച്ച് പറഞ്ഞില്ല.. ഉപ്പപ്പ പറഞ്ഞ് പഠിപ്പിച്ച പോലെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു...
പത്താം ക്ലാസിലും പ്ലസ് ടു വിലും പഠിച്ചതിന്റെ ഇരട്ടി കഷ്ടപ്പെട്ട് അവൻ പഠിച്ചു.. നല്ല വിലയുള്ള ഡ്രാഫ്റ്റിംഗ് മെറ്റീരിയൽസെല്ലാം അവിടെ പഠിച്ചിറങ്ങിയ സീനിയേഴ്‌സിനെ തേടിപ്പിടിച്ച്, കോഴ്‌സ് കഴിയുമ്പോൾ തിരിച്ച് തരാമെന്ന് പറഞ്ഞ് വാങ്ങി.. ബാക്കിയുള്ളതെല്ലാം, മാസാവസാനത്തിൽ നാട്ടിലുള്ള ജലനിധി പദ്ധതിയുടെ മീറ്റർ റീഡിങിന് പതിനാല് കിലോമീറ്റർ നടന്നാൽ കിട്ടുന്ന അഞ്ഞൂറ്റി അമ്പത് രൂപ സ്വരൂപിച്ച് വെച്ച് വാങ്ങിച്ചു.. പഠിക്കാനുള്ള മുഴുവൻ ചിലവും അതിൽ നിന്ന് തന്നെ അവൻ ഒപ്പിച്ചെടുത്തു..
കൂടെ, സ്വന്തം മോൾ ക്ലാസിലുണ്ടായിട്ടും ടീച്ചർ അവന് മാത്രം എന്തൊക്കെയോ പരിഗണനകൾ നൽകി.. അത് വെച്ച് കഴിവിന്റെ പരമാവധി അവൻ പഠിച്ചു..
രാത്രിയും പകലുമില്ലാതെ കഷ്ടപ്പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു, ഫൈനൽ എക്സാം കഴിഞ്ഞ പിറ്റേ ദിവസം തന്നെ അവിടെ അടുത്തുള്ള ഒരു ആർക്കിടെക്ചറൽ കൺസൾട്ടിങ് ഓഫീസിൽ അവന് ജോലിയും കിട്ടി...
അന്ന് അവന് ഐ.ടി.ഐ യിൽ രണ്ട് വർഷം പഠിക്കാൻ ചിലവായത് ആറായിരം രൂപ...
ജോലി തുടങ്ങി ആദ്യ മാസം തന്നെ സാലറി കിട്ടിയത് ആയിരത്തിയഞ്ഞൂറ് രൂപയായിരുന്നു... അന്നത് കൊണ്ട് വന്ന് അവന്റെ ഉമ്മാന്റെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ ഉമ്മകരഞ്ഞു, പണ്ടൊരു ചോദ്യം കേട്ട് കരഞ്ഞ അതേ കരച്ചിൽ.. പക്ഷേ, ഈ കരച്ചിലിലെന്തോ ഒരിത്തിരി സന്തോഷം ഉള്ളത് പോലെ അവന് തോന്നിയിരുന്നു... ഒരു മാസത്തിന് ശേഷം എക്സാം റിസൾട്ട് വന്നു.. അറുന്നൂറ്റി മുപ്പതിൽ അഞ്ഞൂറ്റി അറുപത്തിയൊമ്പത് മാർക്ക്.. പ്രതീക്ഷച്ചത് തന്നെയായിരുന്നു അവനത്.. കാരണം, അത്രയ്ക്ക് കഷ്‌ടപ്പെട്ടാണ് അന്നവൻ പഠിച്ചത്...
നല്ല മാർക്ക് കിട്ടിയിട്ടും അവന് കൂടുതൽ സന്തോഷമൊന്നും തോന്നിയില്ല.. കാരണം, തുടർ പഠനത്തിന് ഗവണ്മെന്റ് പോളിയിൽ സീറ്റ് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലും, പോകാൻ സാഹചര്യങ്ങൾ സമ്മതിക്കില്ലെന്ന് അവന് തന്നെ നല്ല ബോധ്യമുണ്ടായിരുന്നു.. എങ്കിലും അവന്റെ ഒരു സമാധാനത്തിന് പോളിയിൽ ആപ്ലിക്കേഷൻ കൊടുത്തിട്ടു...
പ്രതീക്ഷിച്ച പോലെ തന്നെ നടന്നു.. പോളിയിലെ അഡ്മിഷൻ നടക്കുന്നതിന്റെ തലേന്നത്തെ ആഴ്ച്ച ദുബായിലെത്തി.. അന്ന് പതിനെട്ട് വർഷവും ഏഴ് മാസവുമാണ് അവന് പ്രായം.. അവിടെയെത്തി ആറ് ദിവസത്തിന് ശേഷം, വീടിനടുത്തുള്ള ഗവണ്മെന്റ് പോളിയിൽ സിവിലിന് ജോയിന്റ്‌ ചെയ്യാനുള്ള കാർഡ് എത്തിയിട്ടുണ്ടെന്ന് ഉമ്മ അവനോട് വിളിച്ച് പറഞ്ഞു... പക്ഷേ., മനുഷ്യർ ആഗ്രഹിക്കുന്നതും വിധി നിർണ്ണയിക്കുന്നതും രണ്ട് തലത്തിലായതിനാൽ പോളിയിലുള്ള പഠനം അവന്റെ ഒരു സ്വപ്നം മാത്രമായി....
എങ്കിലും, ആ ഇന്റർവ്യൂ കാർഡിപ്പോഴും അവന്റെ വീട്ടിൽ ഭദ്രമായിരിക്കുന്നുണ്ട്.. ഒരു സ്വപ്നത്തിന്റെ സ്മാരകമായി...
ജോലി തിരഞ്ഞ് നടക്കുന്നതിനിടയിൽ പലയിടത്ത് നിന്ന് കേട്ടതും ഒരേ ഒരു ചോദ്യം; " ഇത്ര ചെറുപ്പത്തിലേ എന്തിനാ ഇങ്ങോട്ട് പോന്നത്.." .. മറുപടിയൊന്നും പറയാതെ ഉള്ള സർട്ടിഫിക്കറ്റുകൾ കാണിച്ച് കൊടുത്ത് ഒരു ജോലിക്കായി ശ്രമിച്ചു.. പക്ഷേ, എല്ലാവർക്കും ഇത്ര ചെറിയ പ്രായത്തിലുള്ള ആളെ ഡ്രാഫ്റ്റ്സ്മാനായി വെക്കാനൊരു മടി.. അവസാനം ഒരു ഈജിപ്ഷ്യൻ മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയിൽ ഇന്റർവ്യൂവിന് എത്തി.. മാനേജർ ആദ്യം തന്നെ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു, 'എന്റെ അനിയന്റെ അത് പോലുണ്ട് നിന്നെ കാണാൻ. അവന്റെ അതേ പ്രായം.. '... എല്ലാം കേട്ട് മറുപടിയൊന്നും പറയാൻ കഴിയാതെ നിർവ്വികാരതയോടെ നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ....
സി.വി നോക്കുന്നതിനിടയിൽ മാർക്ക് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു, ഹയർ സ്റ്റഡീസിന് എന്ത് കൊണ്ടാണ് പോകാതിരുന്നെന്ന് ചോദിച്ചു...
' now I need a job to help my father ' .. അറിയാവുന്ന അന്നത്തെ ഇംഗ്ലീഷിൽ ആ ഈജിപ്റ്റ് കാരനോട് മറുപടി പറഞ്ഞപ്പോൾ , ' you can join tomorrow as our architectural draughtsman..' എന്നും പറഞ്ഞ് അവർ അവനെ യാത്രയാക്കി...
വല്ലാത്തൊരു അവസ്ഥയായിരുന്നു ആ പതിനെട്ട്കാരന്റെ മനസ്സ് നിറയെ.. സന്തോഷത്താലുള്ള കണ്ണീര് കൊണ്ട് അവന്റെ കണ്ണ് മുഴുവൻ നിറഞ്ഞു .. എത്തിച്ചേരാൻ ആഗ്രഹിച്ച സ്വപ്‍നത്തിന്റെ വാലിലെങ്കിലും പിടുത്തമിട്ടതിന്റെ, ഒരിക്കൽ എല്ലാം അസ്തമിച്ചെന്ന് കരുതിയ മോഹങ്ങൾ അല്പമെങ്കിലും അറിയാതെ കൂടെ വന്നു ചേർന്നതിന്റെ.., അങ്ങനെ എന്തൊക്കെയോ വന്ന് ചേർന്നതിലുള്ള അതിയായ സന്തോഷം...
കൂടെ പഠിച്ചവരും കൂട്ടുകാരും ബൈക്കിൽ കറങ്ങി നടക്കുമ്പോഴും നാട്ടിൽ കറങ്ങി നടക്കുമ്പോഴും ആരോടും അവന്റെ ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞിരുന്നില്ല.. പറയാൻ കഴിയുമായിരുന്നില്ല..
ഒരു മാസത്തെ ഉപ്പയുടെ മരുന്നിന് വേണ്ടി ചെലവിടുന്ന കാശിന്റെ കണക്ക് അറിയുന്നത് അവനും ഉപ്പയുടെ അടുത്തെത്തിയ ശേഷമാണ്.. അന്ന് ഉമ്മയോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആരും പറയാതെ തന്നെ അവന് മനസ്സിലായി.. സഹിച്ചു.. ക്ഷമിച്ചു... ഇന്നല്ലെങ്കിൽ നാളെ തന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുമെന്ന വിശ്വാസമുണ്ടായിരുന്നു അവന്.. അതൊരൊന്നായി നടന്ന് കൊണ്ടിരിക്കുന്നുമുണ്ട് അവന്റെ ജീവിതത്തിൽ....
കൂട്ടുകാരെല്ലാം ഉപ്പയോ ഇക്കാക്കമാരോ കൊടുത്ത കാശ് കൊണ്ടാണ് ബൈക്ക് വാങ്ങിയതെങ്കിൽ, അവൻ സ്വന്തമായി ജോലി ചെയ്തുണ്ടാക്കിയ കാശ് കൊണ്ട് ബൈക്ക് വാങ്ങി.. അതും ഇരുപതാമത്തെ വയസ്സിൽ... അതെല്ലാം അഹങ്കാരമല്ലാതിരുന്ന അഭിമായിരുന്നു അവന്...
കൂടെ പഠിച്ചവരെല്ലാം ജോലി അന്വേഷിച്ച് നടക്കുമ്പോഴും അവൻ ജോലിയിൽ അത്യാവശ്യം തരക്കേടില്ലാത്ത നിലയിലെത്താൻ പറ്റി..
ചില ജീവിതങ്ങളെല്ലാം അങ്ങനെയാണ്.. അനുഭവിക്കുമ്പോഴേ നമ്മളെല്ലാം പഠിക്കൂ.. ചിലതെല്ലാം അനുഭവിച്ച് തന്നെ പഠിക്കണം... തിച്ചറിവുകൾ തന്നെയാണ് നമ്മളെ നമ്മളാക്കുന്നത്... എവിടെ നിന്ന് നമ്മൾ ഇവിടെ വരെയെത്തി അല്ലെങ്കിൽ ആര് കൊണ്ടെത്തിച്ചു എന്ന ബോധ്യമുള്ളിടത്തോളം കാലം നമ്മൾ തന്നെയാകും വിജയികൾ.. വളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കളുടെയൊക്കെ വില അറിയണമെങ്കിൽ നമ്മളും അവരുടെ ആ നിലയിലേക്കെത്തണം.. എങ്ങനെ നമ്മളെയെല്ലാം അവർ ഇവിടം വരെ എത്തിച്ചു എന്നോർക്കുമ്പോൾ അറിയാതെയെങ്കിലും നമ്മുടെ കണ്ണിൽ നനവ് പടരും.. പക്ഷേ, അവർക്ക് നമ്മൾ വാക്കാലോ പ്രവൃത്തിയാലോ നൽകിയ കണ്ണീരിന് പകരമാകില്ല ആ നനവെന്നത് തിരിച്ചറിയുമ്പോഴേക്കും കാല ചക്രം ഒരുപാട് കറങ്ങിത്തീർന്നിട്ടുണ്ടാകും...

വികാരങ്ങളില്ലാത്ത മനുഷ്യപ്പാവകൾ

വികാരങ്ങളില്ലാത്ത മനുഷ്യപ്പാവകൾ
-----------------------------------------------------------
തെല്ലൊരാശങ്കയോടെയാണ് അവളുടെ നമ്പർ ഡയൽ ചെയ്തത്.. ഇന്നവൾ വരുമെന്ന്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിളിച്ചപ്പോൾ അവളുടെ ഉമ്മ പറഞ്ഞിരുന്നു.. ഞാൻ കല്യാണത്തിൽ പങ്കെടുക്കാത്തതിന് പരിഭവമൊരുപാട് പറയാനുണ്ടാകുമവൾക്ക്.., തീർച്ചയായും അങ്ങനെ തന്നെ വേണമല്ലോ... ഓർമ്മ വെച്ച നാൾ മുതൽ ഒരുമിച്ച് കളിച്ച് വളർന്ന കളിക്കൂട്ടുകാരിയുടെ, അല്ല കൂടപ്പിറപ്പിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാത്തത് വലിയൊരു നഷ്‌ടം തന്നെയാണെന്നെനിക്കറിയാം.. ഇന്നിപ്പോൾ വിളിക്കുമ്പോൾ അവൾക്കൊരുപാട് വിശേഷങ്ങൾ പറയാനുണ്ടാകും.. പുതിയ വീടിനെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചുമെല്ലാം വിശേഷങ്ങൾ അവളുടെ നാക്കിൻ തുമ്പിൽ കിടന്ന് തുള്ളിക്കളിക്കുന്നത് ഞാൻ മനസ്സിൽ കാണുന്നുണ്ട്..
കല്യാണത്തലേന്ന് അവളെ വിളിച്ചപ്പോൾ, ശബ്ദമിടറിക്കൊണ്ട് " നീ ഇന്നെങ്കിലും വരുമെന്ന്‌ കരുതിയിരിന്നു " എന്നവൾ പറഞ്ഞപ്പോൾ, യഥാർത്ഥത്തിൽ അത് കൊണ്ടതെന്റെ ഇടനെഞ്ചിലായിരുന്നു.. എങ്കിലും ഒരു പ്രവാസിയുടെ നിസ്സഹായാവസ്ഥ അവൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നത് കൊണ്ടാകാം.., കൂടുതലൊന്നും പറഞ്ഞ് അവളെന്നെ വിഷമിപ്പിച്ചില്ല..
ബന്ധുക്കളൊന്നുമല്ലാതിരുന്നിട്ടും ഞങ്ങളുടെ വീടിന്റെ അതിർത്തി തിരിക്കുന്ന ചെങ്കൽ മതിലായിരുന്നു ഞങ്ങളുടെ മനസ്സുകൾക്കിടയിലുള്ള വഴിദൂരം.. ബോബനും മോളിയും എന്ന് നാട്ടുകാർ കളിയാക്കി വിളിക്കുമ്പോഴും അവൾ എന്നെ നോക്കി ചിരിച്ചു.. ഞാനും അവളെ നോക്കി ചിരിച്ചു.. ആ ചിരികളിൽ കളിയാക്കലുകളെല്ലാം അലിഞ്ഞിറങ്ങിപ്പോയി...
ബാല്യം പിന്നിട്ട് കൗമാരത്തിലെത്തിയപ്പോൾ പലരും സംശയക്കണ്ണുളോടെ നോക്കി, ചോദ്യ ശരങ്ങളെയ്തു.. അന്നും അവൾ പറഞ്ഞു...
" നീ പേടിക്കേണ്ടടാ.. നിന്നൊന്നും ഞാൻ പ്രേമിക്കില്ല.. ഒരുപാട് യാത്ര ചെയ്യുന്ന ഒരാളെ ഞാൻ സ്നേഹിക്കും.. എന്നിട്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷം എപ്പോഴും എവിടേക്കെങ്കിലുമൊക്കെ യാത്ര പോകും.. ലോകം മുഴുവൻ ഞങ്ങൾ ചുറ്റിയടിക്കും.. വേണമെങ്കിൽ നിനക്ക് ഞങ്ങൾ ഫോട്ടോ അയച്ച് തരാം.. " .. മെലിഞ്ഞ് നീണ്ട മൂക്കും ചുളിച്ച് അവൾ കൊഞ്ഞനം കുത്തി പറയുമ്പോൾ മൂക്കിനിട്ട് ഒരു ഇടി കൊടുക്കാനായിരുന്നു തോന്നിയിരുന്നത്.. പിന്നെ, അത് വീട്ടിലെത്തുമ്പോഴേക്കും പറഞ്ഞ് പെരുപ്പിച്ച് ഉമ്മാന്റെ കയ്യിൽ നിന്നും എനിക്ക് കണക്കിന് വാങ്ങിത്തരുമെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് ഞാൻ ക്ഷമിച്ച് നിന്നു...
" അല്ലേലും ആർക്ക് വേണം നിന്നെ.. വെള്ളപ്പാറ്റ പോലെവിറളി വെളുത്ത നിന്നെ കെട്ടുന്നതിനേക്കാളും നല്ലത് മൊയ്തുക്കാന്റെ മോൾ സലീനയെ കെട്ടുന്നതാണ്.. അവളെന്താ മൊഞ്ച്. നിന്റെ മൂക്ക് നോക്ക്, പാടത്തിരിക്കുന്ന കൊറ്റിയുടെ ചുണ്ട് പോലെ.., നീണ്ട് മെലിഞ്ഞ്... അയ്യേ... " ... ഇത് പറഞ്ഞ് തീരുമ്പോഴേക്കും അവൾ തനി സ്വരൂപം പുറത്തെടുക്കും... ഞങ്ങൾക്ക് മാത്രമറിയാവുന്ന, ഞങ്ങൾ മാത്രം പരസ്പരം വിളിക്കുന്ന ഇരട്ടപ്പേരുകൾ വിളിച്ച് അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞ് നടക്കും.. ആ പോക്കിന് നിമിഷ നേരത്തെ ആയുസ്സ്‌ മാത്രമേ ഉണ്ടാകൂ എന്നെനിക്കറിയാവുന്നത് കൊണ്ട് ഞാൻ അവിടെ തന്നെ നിൽക്കും.. തിരിഞ്ഞ് വന്ന് എന്റെ മുഖത്ത്, അവളുടെ നീണ്ട് കൂർത്ത ചൂണ്ടുവിരലിലെ നഖം കൊണ്ട് കുത്തി പറയും..,,,
" ഞാൻ പോയിട്ട് വേണം ലേ നിനക്ക് സലീനാനെ വായ്നോക്കാൻ.. നിന്നെ അങ്ങനെ വിടൂല മോനെ.. " ......
സ്വപ്‍നങ്ങളായിരുന്നു അവളുടെ ഹൃദയം മുഴുവൻ.. അതും യാത്രകൾ മാത്രം നിറഞ്ഞ ഒരു സ്വപനക്കൊട്ടാരം.. എന്നും രാവിലെ അവളെന്റെ വീട്ടിലേക്ക് വരുമ്പോഴേക്കും തലേന്നത്തെ അവളുടെ സ്വപ്‍നം കേൾക്കാൻ ഞാനും ഉമ്മയും റെഡിയായിട്ടിരിക്കും.. ഇന്നേവരെ കേൾക്കാത്ത ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള സ്ഥലങ്ങൾ അവൾ സ്വപ്നത്തിലൂടെ പോയി കണ്ടത് വള്ളി പുള്ളി തെറ്റാതെ മുഴുവൻ ഞങ്ങളെ പറഞ്ഞ് കേൾപ്പിക്കും..
ഉമ്മ പോയിക്കഴിഞ്ഞാൽ അവൾ പറയും,
"ഞാനും ന്റെ ഇക്കയും കൂടി ഞങ്ങളുടെ ഹണിമൂൺ ഇങ്ങോട്ട് പോകും... " ..
ഓരോ ദിവസവും കൂടുന്തോറും സ്വപനങ്ങളും അവളുടെ ഹൃദയങ്ങളിൽ കുമിഞ്ഞ് കൂടാൻ തുടങ്ങി. ഒപ്പം യാത്രകളുടെ എണ്ണവും..........
" ഹലോ.." നേർത്ത അവളുടെ ശബ്ദം ഫോണിന്റെ മറു തലക്കൽ ഉയർന്നപ്പോൾ,
" മണവാട്ടീ.. " എന്നൊന്ന് നീട്ടി വിളിച്ചു.. കളിയാക്കി വിളിച്ചതാണെങ്കിലും,
" എന്താടാ.." എന്ന അവളുടെ മറുപടിയിൽ എന്തൊക്കയോ നിഴലിക്കുന്നതായി എനിക്ക് തോന്നി..
" ഔ.. ഒരു മിന്ന് കെട്ടിയപ്പോഴേക്ക് പെണ്ണിന്റെയൊരു അഹങ്കാരം... " തെല്ല് പരിഹാസത്തോടെ അവളെ വാക്ക് കൊണ്ടൊന്ന് തോണ്ടിയപ്പോൾ ഒരു ചെറു ചിരിയായിരുന്നു മറുപടിയായെത്തിയത്..
ഒന്ന് പറഞ്ഞാൽ രണ്ടെണ്ണം തിരികെ പറയുന്ന അവൾ ഇത്ര പെട്ടെന്ന് മാറിയതോർത്ത് ഒരു വേള ഞാനും അതിശയിച്ച് പോയി... ഒരു കല്യാണം കഴിയുമ്പോഴേക്കും ഇങ്ങനൊക്കെ ആളുകൾ മാറി വരുമോ എന്ന് ഞാനൊന്നിരുത്തി ചിന്തിച്ചു ..
ഞാൻ അവളോടെന്തൊക്കെയോ ചോദിച്ചു.. അവൾ തിരിച്ചെന്നോടെന്തൊക്കെയോ പറഞ്ഞു... എങ്കിലും, കേൾക്കാൻ കൊതിച്ചതല്ല കേൾക്കുന്നതെന്ന് മനസ്സെന്നോട് മന്ത്രിച്ച് കൊണ്ടേയിരുന്നു....
" അല്ല പെണ്ണേ... നിങ്ങളെവിടെയൊക്കെ പോയി.. എന്താ നിന്റെ കെട്ട്യോന്റെ വിശേഷം..."...
എന്റെ ചോദ്യങ്ങൾ അവൾക്കിഷ്‌ടപ്പെടാത്തത് കൊണ്ടാണെന്ന് തോന്നുന്നു, അവൾ പിന്നൊന്നും മിണ്ടിയില്ല...
" ഹലോ.. " എന്നൊന്നുറപ്പിച്ച് പറഞ്ഞപ്പോൾ,
" പറയെടാ.. കേൾക്കുന്നുണ്ട്.. " എന്ന് അങ്ങേ തലക്കൽ നിന്നൊരു നേർത്ത ശബ്ദം കേട്ടു.. ഉപ്പുരസമുള്ള കണ്ണീരിന്റെ അകമ്പടി ആ വാക്കുകൾക്കുള്ളതായി എനിക്ക് തോന്നി... പുഞ്ചിരി മാത്രം കണ്ട് ശീലിച്ച ആ മുഖത്തിലൂടെ കണ്ണുനീരൊലിച്ചിറങ്ങുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് സങ്കൽപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല.. അവളുടെ ചിണുങ്ങിക്കരച്ചിലുകൾക്കപ്പുറം പക്വമായൊരു തേങ്ങൽ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല...
" എന്താടാ നിനക്ക് പറ്റിയെ.." എന്ന് ചോദിച്ചപ്പോൾ അവളൊന്ന് ചിരിച്ചു.. വെറും രണ്ടേ രണ്ട് അക്ഷരം മാത്രം പുറത്ത് വന്നൊരു ചിരി..
" ചെക്കാ.. നീ വെറുതെ എന്നേപ്പോലെ സ്വപ്‍നം കണ്ട് കൂടെ കൂട്ടാൻ നിൽക്കണ്ടാട്ടോ.. അതൊക്കെ വെറുതെയാടാ.. .. " .. വാക്കുകൾ വീണ്ടും അവൾ തിരയുന്നതായി എനിക്ക് തോന്നി.. തോന്നിയതല്ല, സത്യം തന്നെയാണെന്ന് പിന്നീടെനിക്ക് മനസ്സിലായി... അടക്കിപ്പിടിച്ച ഒരേങ്ങലിൽ അവ ചിതറിത്തെറിച്ച് എന്റെ കാതുകളിൽ വന്നടിച്ചു...
പിന്നെയെന്തോ.. കാണുന്നതൊക്കെ എന്റെ മുമ്പിൽ വെറുമൊരു രൂപങ്ങളായി മാറി. ഇതൊന്നുമല്ല അവളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്.. വീണ്ടും ധൈര്യം സംഭരിച്ച് അവളോട് ചോദിച്ചു...
" നീ പറ.. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ... എല്ലാത്തിനും പരിഹാരമുണ്ട്.. നീയെന്താ കൊച്ച് കുട്ടികളെ പോലെ.. അയ്യേ.. " ... പറഞ്ഞ് തീരുമ്പോഴേക്ക് എന്റേയും ശബ്ദമിടറിയിരുന്നു.. കാരണം, എന്റെ ഇത്ത കഴിഞ്ഞാൽ പിന്നെയുള്ള പെങ്ങളാണ് എനിക്കവൾ.. ആ ചങ്ക് പിടഞ്ഞാൽ എന്റേയും ഹൃദയം നോവും...
" ഒന്നൂല്ലെടാ.. ഞാൻ ഹാപ്പിയാണ്... ന്റെ ഇക്കാനെ കാണാൻ നിന്നെക്കാളും ചന്തമുണ്ടല്ലോ... പിന്നെ, നിന്റെ ആ കാമുകി ഉണ്ടല്ലോ.. സലീന.. ഓൾടെ കല്യാണം ഉറപ്പിച്ചു.. മോനിനി വേറെ ആരെങ്കിലും കെട്ടാൻ നോക്ക്.. പിന്നേടാ.. കെട്ടിക്കഴിഞ്ഞാൽ അവളുടെ ഇഷ്ടങ്ങളൊക്കെ ഒന്ന് ചോദിച്ചറിയണം.. അവൾ കണ്ട സ്വപ്നങ്ങളൊക്കെ ഒന്ന് കേട്ട് തീർക്കണം.. അവൾ ചിറക് വെച്ച യാത്രകൾക്കൊക്കെ കൂട്ട് പോകണം.. അവളിൽ നിറഞ്ഞ സർഗ്ഗ വാസനകളെല്ലാം ഒന്ന് തൊട്ടറിയാൻ ശ്രമിക്കണം.. അവളുടെ ആഗ്രഹങ്ങൾക്ക് നിറം പകരാൻ കൂട്ടിരിക്കണം.. ഇതൊക്കെയാണെടാ പെണ്ണ് ആഗ്രഹിക്കുന്നത്.. ഇതിലൂടെയൊക്കെയാണ് സ്നേഹം പകുത്ത് നൽകേണ്ടത്.. സ്വന്തം ഇഷ്ടങ്ങളിലേക്ക് അവളെ മാറ്റുന്നതിന് പകരം, പരസ്പരം ഇഷ്‌ടങ്ങൾ പങ്ക് വെക്കാൻ ശ്രമിക്കണം.. അവിടെയാണ് സ്നേഹങ്ങൾ നിറയുന്നത്.. അല്ലാത്തത് വെറും അഡ്ജസ്റ്റ്മെന്റ് ജീവിതം മാത്രമാകും.. എങ്കിലും അവളൊന്നും മറുത്ത് പറയില്ല.. കീ കൊടുത്താൽ ഇളകിയാടുന്ന ഒരു കളിപ്പാവ പോലെ അവൾ വീണ്ടും കൈ കൊട്ടിച്ചിരിക്കും, തുള്ളിച്ചാടും.. നിന്റെ സന്തോഷങ്ങൾക്ക് വേണ്ടി അവൾ എല്ലാം മറക്കും... പക്ഷേ, വികാരങ്ങൾ മരിച്ച ഒരു മനുഷ്യപ്പാവയായി മാറിയിട്ടുണ്ടാകും, അപ്പോഴേക്കുമവൾ... "...
അവളുടെ വാക്കുകൾ ചെറു പുഞ്ചിരിയിൽ നിന്നും ഹൃദയം പൊട്ടുന്ന ഒരു അലറിക്കരച്ചിലിന്റെ വക്കിലേക്ക് തുഴഞ്ഞകലുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. പറഞ്ഞ് തീർത്ത അവളുടെ വാക്കുകൾക്ക് മുമ്പിൽ ഉത്തരം മെനയാനാകാതെ ഞാൻ നിന്ന് വിയർത്തു.. അതവൾ ഉൾക്കണ്ണ് കൊണ്ട് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു, കണ്ണീര് കൊണ്ട് സലാം പറഞ്ഞ് കൂടുതൽ ചോദ്യപ്പറച്ചിലുകളില്ലാതെ അവൾ ഫോൺ കട്ടാക്കി പോയി.., കല്ല്യാണം കഴിഞ്ഞ് ആഴ്ച്ചകൾക്ക് ശേഷം വീട്ടിലെത്തിയ മണവാട്ടിയെ കാണാൻ വന്നവർക്ക് മുമ്പിൽ കളിപ്പാവയാകാൻ.. വികാരങ്ങളില്ലാത്തൊരു മനുഷ്യപ്പാവയായി മാറാൻ...

#മൈലാഞ്ചിച്ചുവപ്പിനായുള്ള_കാത്തിരിപ്പുകൾ


" ടാ.. എന്റെ കല്ല്യാണം ഉറപ്പിച്ചു ട്ടോ.. ഓക്‌ടോബറിലാണ്. അപ്പൊ നിനക്കും കൂടാം... "
നാണത്തോടെയുള്ള ഒരു സ്മൈലിയോടൊപ്പം വന്ന സഹപാഠിയുടെ വാട്ട്സ്ആപ്പ് മെസ്സേജായിരുന്നു അത്.....
കേൾക്കാൻ കൊതിച്ച വാർത്തകൾ മുന്നറിയിപ്പില്ലാതെ നമ്മിലേക്ക് കടന്ന് വരുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയായിരിക്കും നമുക്ക്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരിക്കും അപ്പോഴുണ്ടാകുന്നത്. ഒരുപാട് നാളുകളായി അവളുടെയടുത്ത് നിന്നും കേൾക്കാൻ കൊതിച്ച ഒരു വാർത്ത തന്നെയായിരുന്നു അത്.
കൂടെ പഠിച്ചവരിൽ, ജീവിതത്തോട് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളായിരുന്നു അവളും. അങ്ങനെയുള്ള ആളുകളുടെ മനസ്സ് വായിക്കാനും എളുപ്പമാകും. അത് കൊണ്ട് തന്നെ, അവളുടെ മനസ്സിലെ വിഷമങ്ങളും സന്തോഷങ്ങളും എന്റേത് കൂടിയായിരുന്നു.... ആഗ്രഹങ്ങളും മോഹങ്ങളും സുഹൃദ് ബന്ധത്തിനിടയിലെ സംസാരങ്ങൾക്കിടയിൽ പരസ്പരം പങ്കിടുമ്പോൾ അവൾ പറയാതെ തന്നെ അവളിലെ വിഷമങ്ങൾ എന്നിലേക്കെത്തിയിരുന്നു. എങ്കിലും, എനിക്ക് മനസ്സിലാകാത്ത പോലെ ഞാൻ അഭിനയിച്ച് കാണിച്ചു എന്നതാകും സത്യം...
കൂടെ പഠിച്ചവരെല്ലാം ഒക്കത്തും കയ്യിലും ഓരോ കുട്ടികളുമായി ഗെറ്റ്റ്റുഗതറിനും മറ്റും വരുമ്പോഴെല്ലാം, അവൾ ആ കുട്ടികളെയുമെടുത്ത് കളിപ്പിക്കുമ്പോൾ പലപ്പോഴും കണ്ടിട്ടുണ്ട്, അവളുടെ കണ്ണിലെ ചില മോഹങ്ങൾ, നടക്കാതെ പോകുന്ന ചില ആഗ്രഹങ്ങൾ ...
അതങ്ങനെയാണ്, ഒതുക്കി നിർത്തിയാലും അറിയാതെ തെളിയുന്ന ചില സങ്കടങ്ങളുണ്ട് നമ്മുടെയെല്ലാം മനസ്സിനുള്ളിൽ.. ചില നിമിഷങ്ങളിൽ നമ്മളറിയാതെ തന്നെ അവ നമ്മുടെ കണ്ണിലൂടെ പുറം ലോകം കാണും...
മൈലാഞ്ചിച്ചുവപ്പണിഞ്ഞ കൈകളുമായി പുതുമാരനേയും കാത്തിരിക്കുന്നത് ഏതൊരു പെൺകുട്ടിയുടേയും സ്വപ്നമാകും. കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്നതൊന്നുമല്ലെങ്കിലും, കൂടെ പഠിച്ചവരെല്ലാം പ്രിയതമന്മാരോടൊപ്പം കറങ്ങുന്നത് കാണുമ്പോൾ കണ്ണടച്ച് ആഗ്രഹങ്ങൾ മറക്കാൻ തക്ക ത്രാണിയുള്ളവളായിരുന്നില്ല അവൾ. കല്ല്യാണമൊന്നും വേണ്ടെന്ന് പറഞ്ഞ് ഫെമിനിസ്റ്റാകാൻ ഒരു പരിഷ്കാരിയുമല്ലവൾ.. സാധാരണ നാട്ടിൻപുറത്ത് കാരിയായ ഒരു പാവം പെൺകുട്ടി...
പ്രാരാബ്ദക്കയങ്ങളിൽ നിന്നുള്ള ഒരുതരം ഉയിർത്തെഴുന്നേൽപ്പായിരുന്നു അവളുടെ ജീവിതം. നാല് പെൺമക്കളുള്ള വീട്ടിലെ മൂത്ത കുട്ടി. ചെറിയ വരുമാനം മാത്രമുള്ള അച്ഛന്റെ തോളിലേറി ജീവിത നൗക തുഴയുന്ന ആ കുടുംബത്തിന്ന് മുമ്പിൽ ചോദ്യ ചിഹ്നങ്ങളായി മാറാൻ ആ നാല് പെൺകുട്ടികൾ തന്നെ ധാരാളമായിരുന്നു. അന്നാന്നത്തെ ഭക്ഷണത്തിനുള്ള വക തന്നെ പടച്ചവന്റെ അനുഗ്രഹത്താൽ കഷ്ടിച്ച് കൂടാം എന്ന സ്ഥിതിയായിരുന്നു അവരുടേത്. എങ്കിലും അവൾ നന്നായി പഠിച്ചു. നല്ല മാർക്കോടെ തന്നെ കോഴ്‌സ് പൂർത്തിയാക്കി നല്ലൊരു ജോലിയും നേടി.. എല്ലാം അവളുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ അന്തിമ വിജയം മാത്രം...
കഴിഞ്ഞ വെക്കേഷൻ സമയത്ത് ഞങ്ങൾ പരസ്പരം കണ്ട് മുട്ടിയപ്പോഴാണ് അവളോട് ആദ്യമായും അവസാനമായും ഞാനാ ചോദ്യം ചോദിച്ചത്...
" ടീ.. കല്യാണമൊന്നും നോക്കുന്നില്ലേ.. ഇനിപ്പോ അതിനുള്ള സമയമൊക്കെ ആയല്ലോ... "
അവളെപ്പോലെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന, വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയോട് നാട്ട് നടപ്പനുസരിച്ച് ചോദിക്കാവുന്ന ഒരു ചോദ്യം തന്നെയായിരുന്നു അത്. എങ്കിലും, നീണ്ട ഒരു മൗനത്തിന് ശേഷം അവളിൽ നിന്ന് വന്ന ചില വാക്കുകൾ എന്നെയൊന്നുലച്ചു. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണോ ഞാൻ ചോദിച്ചതെന്ന് വരെ എനിക്ക് തോന്നിപ്പോയി....
" ആലോചനകൾ ഒരുപാട് വരുന്നുണ്ടെടാ.. എന്നെ ഇഷ്ടപ്പെട്ട് പോയാലും വേറേയുമുണ്ട് ഒരുപാട് പ്രശ്നങ്ങൾ."... തീർത്തും താൽപര്യമില്ലാതെ മൊഴിയുന്ന അവളുടെ ഓരോ വാക്കുകൾക്കുമായി ഞാൻ കാതോർത്തിരുന്നു...
" നിന്നെ ഇഷ്ടമായാൽ പിന്നെന്താണ് പ്രശ്നം... ? "
അൽപ്പ സമയത്തിന് ശേഷവും മൗനം തുടരുന്ന അവളുടെ ശ്രദ്ധ തിരിക്കാൻ ഞാൻ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ നിർവ്വികാരതയോടെ നോക്കുന്ന അവളുടെ കണ്ണുകൾ തന്നെയായിരുന്നു അതിനുള്ള മറുപടി.. പക്ഷേ, നോട്ടം കൊണ്ട് അവസാനിപ്പിക്കാതെ അവളുടെ മനസ്സിലുള്ളതെല്ലാം അവൾ ഒന്നൊന്നായി എന്റെ മുമ്പിൽ വാക്കുകൾ കൊണ്ട് പരത്തിയിട്ടു..
" ഇപ്പൊ പെണ്ണിന്റെ സൗന്ദര്യവും വിദ്യാഭ്യാസവും മാത്രമല്ലെടാ ആളുകൾ പെണ്ണന്വേഷിക്കുമ്പോൾ നോക്കുന്നത്. പെണ്ണിനേക്കാളേറെ അവർക്കാവശ്യം മറ്റ് പലതുമാണ്. സ്ത്രീധനമായിട്ട് ഒന്നും ചോദിച്ചില്ലെങ്കിലും ചുറ്റുപാട് വിലയിരുത്തിയാണ് കല്ല്യാണ സമയത്ത് എത്ര കിട്ടുമെന്ന് ഓരോരുത്തരും തീർമാനിക്കുന്നത്. ഇടിഞ്ഞ് വീഴാറായ ഞങ്ങളുടെ വീട് കാണുമ്പോൾ തന്നെ ഒരു വിധം എല്ലാവരും പിന്മാറും. അതിനേയും തരണം ചെയ്ത് എന്നെ കെട്ടാൻ റെഡിയായി നിൽക്കുന്നവർക്ക് മുമ്പിൽ ചോദ്യ ചിഹ്നമായി മാറുന്നത് എന്റെ മൂന്ന് സഹോദരിമാരാണ്. കല്യാണം കഴിഞ്ഞാൽ അവരുടെ വിവാഹവും മറ്റു കാര്യങ്ങളും അവരുടേയും കൂടി ബാധ്യതയായി തീരുമോ എന്നുള്ള പേടിയാണ്. ഇത്രത്തോളം ഞങ്ങളെ എത്തിച്ച ഉപ്പ തന്നെ അതിനുള്ള വഴിയും കണ്ടെത്തും. അതെനിക്കുറപ്പാണ്.... എന്റെ മാത്രം സുഖങ്ങൾ നോക്കി എനിക്കെന്റെ സഹോദരിമാരെ എങ്ങനെ കൈയ്യൊഴിയാനൊക്കും ടാ " ....
അവളുടെ വാക്കുകളിൽ മാത്രം മുഴുകിയിരുന്ന എന്നെ തട്ടിയുണർത്തി, എവിടെ നിന്നോ വരുത്തിയ ഇളം പുഞ്ചിരിയെ മുഖത്തൊരു മറയാക്കി അവൾ ചോദിച്ചു...
" സത്യകഥകൾ കേട്ടപ്പോൾ നിനക്ക് ബോറടിച്ചോ"..
സത്യത്തിൽ ബോറടിക്ക് പകരം വിചിന്തനത്തിന്റെ ഒരു കോളിളക്കം സൃഷ്ടിച്ചായിരുന്നു അവൾ അവളുടെ വാക്കുകൾ ചുരുക്കിയത്.. ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്ന് വരുന്നുണ്ടായിരുന്നു.
" കല്ല്യാണം കഴിഞ്ഞ് പെണ്ണിനെ കൂട്ടിക്കൊണ്ട് വരുന്നത് ചെക്കന്റെ വീട്ടിലേക്കല്ലേ... പിന്നെന്തിന് പെണ്ണിന്റെ വീടിന്റെ വിസ്തീർണ്ണമളക്കണം. ? അവിടെ വിരിച്ച ഗ്രാനൈറ്റിന്റെ വില പരിശോധിക്കണം... ? കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് സ്വന്തം മകളെ പോലെയെന്നല്ലേ... പിന്നെന്തിന് അവളുടെ അനിയത്തിമാരുടെ വിവാഹത്തിനും മറ്റുമുള്ള ചിലവുകളെ കുറിച്ച് ഭയപ്പെടണം.. ? സ്വഭാവ ഗുണങ്ങളും വിദ്യാഭ്യാസവുമാണ് ഒരു കുടുംബ ജീവിതത്തിന്റെ നട്ടെല്ല് എന്നറിഞ്ഞിട്ടും പിന്നെന്തിനാണ്, പെൺ വീട്ടുകാരുടെ കുടുംബത്തിന്റെ മഹിമയും സ്വത്ത് വകകളും അളക്കാൻ പോകുന്നത്.. ? "...
ചോദ്യങ്ങളെല്ലാം എന്നോട് തന്നെ ചോദിച്ച് ഞാനൊരു തീരുമാനമെടുത്തു. ഇനി കല്യാണത്തെ കുറിച്ച് അവളോട് ഒരു ചോദ്യമില്ല.
പിന്നീട്, എടുത്ത തീരുമാനം തെറ്റിക്കാതെ അവളോട് കല്യാണത്തെ കുറിച്ച് യാതൊന്നും തന്നെ ചോദിച്ചില്ല... അവൾ പറഞ്ഞതുമില്ല...
എങ്കിലും, സൃഷ്ടാവിന്റെ മുമ്പിൽ എന്റെ കാര്യങ്ങളോരോന്നായി പറയുമ്പോഴും അവളേയും മറക്കാതെ ഞാനാവിടെയോർക്കാറുണ്ടായിരുന്നു. അവസാനം, ചോദ്യങ്ങൾക്കുത്തരമായി നല്ലൊരു പയ്യനെ തന്നെ അവൾക്ക് ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഞാൻ തന്നെയാണ് ഏറ്റവും സന്തോഷവാൻ...
വ്യാകുലതയോടെ കാണേണ്ടുന്ന നാളേയുടെ ഇത്തരം ചെയ്തികൾക്കിടയിലും പ്രതീക്ഷകളുടെ തിരിനാളങ്ങൾ തെളിയിക്കുന്നത്, അവളെ കല്ല്യാണം കഴിക്കാൻ പോകുന്ന ചെക്കനെ പോലുള്ളവരാണ്... വീട്ടുകാർക്ക് മുമ്പിൽ തന്റെ വാക്കുകൾ കൊണ്ട് തീരുമാനങ്ങൾക്ക് മാറ്റം വരുത്തിയ പുതു തലമുറയിലെ നന്മ നിറഞ്ഞ അവരെപ്പോലുള്ളവരാണ് ....
കാത്തിരിപ്പുകൾക്ക് വിരാമമുണ്ടെങ്കിലും നാട്ട് നടപ്പിനിടയിൽ മുങ്ങിപ്പോകുന്ന ചില ജീവിതങ്ങളും നമുക്കിടയിൽ ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാകും. സൗന്ദര്യത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും സഹോദരങ്ങളുടെ എണ്ണത്തിന്റെ പേരിലും ഒരു പെൺകുട്ടിയുടെ വൈവാഹിക ജീവിതത്തിന് മുമ്പിൽ നിന്നും നമ്മൾ വഴിമാറിപ്പോകുമ്പോൾ അവിടെ തകർന്ന് വീഴുന്നത് നൂറായിരം സ്വപനങ്ങളാണ്... ചില ജീവിതങ്ങളുടെ ഭാവിയാണ്... പുതു തലമുറയുടെ ഭാവി വാഗ്ദാനങ്ങളാണ്...
മൈലാഞ്ചിച്ചോപ്പിന്റെ പൊലിമയിൽ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകൾ...

#മരുഭൂമിയിലെ_മാണിക്യങ്ങൾ

സമയം ഏകദേശം പത്ത് മണി ആയിക്കാണും, എ. സി യുടെ തണുപ്പിൽ ചൂട് സുലൈമാനിയും കുടിച്ച് ഓഫീസിൽ ഇരിക്കുന്നതിനിടക്കാണ് എഞ്ചിനീയറുടെ കോൾ വന്നത്..
ഫോർമാൻമാരെല്ലാം തിരക്കിലായത് കൊണ്ട്, നൂറ്റി ഇരുപതാം നമ്പർ പ്രോജക്ടിന്റെ കീ എടുത്ത് സൈറ്റിൽ ചെല്ലാൻ പറഞ്ഞ് അവർ ഫോൺ വെച്ചു. ഒരു അറബിക്ക് വേണ്ടി ഉണ്ടാക്കുന്ന അവരുടെ ഔട്ട് house ന്റെ പ്രോജക്ടാണത്.. പണിയെല്ലാം തീർന്നിട്ടും ഹാൻഡോവർ ചെയ്യാനായി മുനിസിപ്പാലിറ്റിയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ കാത്ത് നിൽക്കുകയാണ് അത് ...
ആ സൈറ്റിൽ ഇത് വരെ പോയിട്ടില്ലാത്തത് കൊണ്ട് റൂട്ട് അറിയില്ലെന്ന് പറയാൻ വേണ്ടി തിരിച്ച് വിളിക്കാൻ ഫോണെടുത്തപ്പോഴേക്കും എഞ്ചിനീയറുടെ വാട്ട്സ്ആപ്പ് മെസ്സേജ് വന്നു... ഗൂഗിൾ മാപ്പിൽ കറക്ട് ലൊക്കേഷൻ അടക്കമുള്ള മുഴുവൻ വിവരങ്ങളും അതിൽ തന്നെ ഉണ്ടായിരുന്നു...
ഇറങ്ങുന്നതിന് മുമ്പ് ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഒന്നൂടെ ചെക്ക് ചെയ്തു.. കണ്ണ് മഞ്ഞളിച്ച് പോയി.. ഗൂഗിൾ മാപ്പിൽ ലൊക്കേഷനടുത്ത് ഒരു റോഡ് പോലും കാണിക്കുന്നില്ല... ആകെ ഒരു ഇളം മഞ്ഞക്കളർ... പേര് പോലുമില്ലാത്ത ഒരു സ്ഥലം.. മരുഭൂമിയുടെ ഏതോ ഒരു അറ്റത്ത്.. യു.എ.ഇ യിലെ റാസൽ ഖൈമയിൽ ഇങ്ങനേയും ചില സ്ഥലങ്ങളുണ്ടെന്ന് അപ്പോഴാണ് അറിയുന്നത്.. എന്തായാലും പോകാനുറച്ച് കാറിൽ കയറിയപ്പോൾ എഞ്ചിനീയറുടെ അടുത്ത മെസ്സേജ്..
" It's dangerous way. Go slowly & take care "...
'വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ ചെങ്ങായ്' എന്ന് മനസ്സിൽ പറഞ്ഞ് കാറെടുത്ത് യാത്ര തുടങ്ങി...
പരിചിത സ്ഥലങ്ങളെല്ലാം കഴിഞ്ഞ് വിജനമായ മരുഭൂമിയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര... ആളനക്കമൊന്നുമില്ലെങ്കിലും നല്ല റോഡ്... മരുഭൂമിക്ക് നടുവിലൂടെ ഒരു നേർ രേഖ വരച്ച പോലെ റോഡങ്ങനെ നീണ്ട് നിവർന്ന് കിടക്കുന്നു.. ഇതായിരുന്നോ എഞ്ചിനീയർ പറഞ്ഞ അപകടം പിടിച്ച വഴി എന്നാലോചിച്ച് മുമ്പോട്ട് പോകുന്നതിനിടയിലാണ്, ആ റോഡിൽ നിന്നും വലത്തോട്ട് തിരിയാനുള്ള അടയാളം ഗൂഗിൾ മാപ്പിൽ തെളിഞ്ഞത്.. പക്ഷേ, അവിടെ വലത് ഭാഗത്ത് റോഡ് പോയിട്ട് 'ഒരിടവഴി' പോലുമില്ല... പല ഭാഗങ്ങളിലായി ടയറിന്റെ പാടുകൾ മണലിൽ പതിഞ്ഞ് കിടപ്പുണ്ട്... വഴി തെറ്റിയെന്നുറപ്പിച്ച് ഫോണെടുത്ത് എഞ്ചിനീയറെ വിളിച്ചു.
" വഴിയൊന്നും തെറ്റിയിട്ടില്ല. അത് തന്നെയാണ് സ്ഥലം. ഗൂഗിൾ മാപ്പിൽ കാണിക്കുന്ന അതേ ദിശയിൽ പോയാൽ മതി. ഏകദേശം ഒരു ഇരുപത് മിനിറ്റ് മുമ്പോട്ട് പോയാൽ കുറേ കുറ്റിച്ചെടികൾ കാണാം.. അവിടെ നിന്ന് നോക്കിയാൽ കാണുന്ന ഇലക്ട്രിക് ടവറിന്റെ അടുത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം മുമ്പോട്ട് പോകുമ്പോൾ കാണുന്ന മണൽക്കൂനയുടെ അപ്പുറത്താണ് പ്രോജക്ട് സൈറ്റ്. നീ പോകുന്ന വഴിയിൽ കൃത്യമായ റോഡില്ല, സൂക്ഷിച്ച് പോകണം.. അവിടേക്കുള്ള ശരിയായ റോഡിലൂടെയാണ് പോകുന്നതെങ്കിൽ പത്ത് കിലോമീറ്ററിലധികം ചുറ്റണം "
മനസ്സിലൊരു തീക്കനൽ കോരിയിട്ട് എഞ്ചിനീയർ ഫോൺ വെച്ചു.. അപ്പോഴാണ് അദ്ദേഹം സൂക്ഷിച്ച് പോകാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.. കുറ്റിച്ചെടികളും മണൽക്കൂനയുമൊക്കെ അടയാളമാക്കിയുള്ള എന്റെ ജീവിതത്തിലെ ആദ്യ യാത്രയാണ്.. എന്തെങ്കിലും സംഭവിച്ചാൽ പോലും പുറം ലോകമറിയില്ല.. മെല്ലെ കണ്ണ് ഒന്നടച്ചപ്പോൾ തെളിഞ്ഞ് വന്നത് ബെന്യാമിന്റെ 'ആട് ജീവിതത്തിലെ' നജീബിന്റെ കോലമാണ്.. ആ രൂപത്തിന് എന്റെ മുഖ സാദൃശ്യമുള്ളതായി തോന്നി... ഞാനെങ്ങാനും അങ്ങനെ ഒരവസ്ഥയിൽ എത്തിയാൽ... ഹോ.. ഓർക്കാൻ കൂടി കഴിയുന്നില്ല..
നമ്മൾ പേടിക്കുന്ന സമയത്ത് നമ്മുടെ മനസ്സ് നമ്മെ വീണ്ടും വീണ്ടും പേടിപ്പിക്കാൻ ശ്രമിക്കുമെന്ന് ആരോ പറഞ്ഞത് അപ്പോഴാണ് ഓർമ്മ വന്നത്... പടച്ചോന്റെ ഓരോ കളികൾ !!!! വെറുതെ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാൻ....!
നല്ല ഉറച്ച മണലാണ് അവിടെ എന്നത് കൊണ്ട് കാറിന്റെ ടയറിലെ കാറ്റ് കുറയ്ക്കേണ്ടെന്ന് എഞ്ചിനീയർ ആദ്യമേ പറഞ്ഞിരുന്നു... വീട്ടിലുള്ളവരെയെല്ലാം മനസ്സിൽ കരുതി കാർ മെല്ലെ റോഡിൽ നിന്നും മണലിലേക്കിറക്കി.. ഒന്ന്-രണ്ട് തവണ മാത്രമേ ഡെസേർട് ഡ്രൈവിങ് ചെയ്ത് എനിക്ക് പരിചയമുള്ളൂ. അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് മുമ്പോട്ട് പോയത്..
മണൽക്കൂനകളും കുഴികളും ഓരോന്നായി കയറിയിറങ്ങി കാർ മുമ്പോട്ട് പോയിക്കൊണ്ടിരുന്നു.... കാറിന്റെ ഡാഷ് ബോർഡിലുള്ള സ്‌ക്രീനിൽ തെളിഞ്ഞ ചൂട് കണ്ട് ഞാൻ അമ്പരന്ന് പോയി... 48° സെൽഷ്യസ്... ഇത്രയും ചൂടുള്ള സ്ഥലത്ത് നിന്നാണല്ലോ ദൈവമേ ആ പണിക്കാർ ഇത്രയും ദിവസം ജോലി ചെയ്തത് എന്നാലോചിച്ചപ്പോൾ അവരോടൊക്കെ ഒരു ബഹുമാനം തോന്നി...
കുറച്ചധികം മുമ്പോട്ട് പോയപ്പോൾ തന്നെ മരുപ്പച്ച എനിക്ക് മുന്നിൽ തെളിഞ്ഞ് വന്നു.. കുറേ കുറ്റിച്ചെടികൾ അങ്ങിങ്ങായി പരന്ന് കിടക്കുന്നുണ്ട്.. അതിനടുത്തായി തന്നെ ഒരു ഇലക്ട്രിക്ക് ടവറുമുണ്ട്. എഞ്ചിനീയർ പറഞ്ഞ സ്ഥലമെത്തിയെന്ന് മനസ്സിലായി.. വഴി തെറ്റിയിട്ടില്ലെന്ന ആശ്വാസത്തോടെ കാർ വീണ്ടും മുമ്പോട്ടെടുത്തു.. അപ്പോഴേക്കും ഫോൺ ശബ്ദിച്ചു.. എഞ്ചിനീയറുടെ കോൾ ആയിരുന്നു അത്...
" നീ തിരിച്ച് പോന്നേക്ക്. ഓണറുടെ കൈവശമുള്ള കീ കാണാനില്ലെന്ന് പറഞ്ഞ് അയാൾ വിളിച്ചതായിരുന്നു.പിന്നെ അത് കിട്ടിയെന്ന് പറഞ്ഞ് എന്നെ ഇപ്പോൾ വിളിച്ചു. " .. സൂക്ഷിച്ച് പോര് എന്ന് വീണ്ടും ഓർമ്മിപ്പിച്ച് അദ്ദേഹം ഫോൺ വെച്ചു..
മനുഷ്യനെ ഇത്രയും ടെൻഷനടിപ്പിച്ച അറബിയെ മനസ്സിൽ പ്രാകി വണ്ടി വീണ്ടും തിരിച്ച് വിട്ടു.. ഒരു മണൽക്കൂന കയറിയിറങ്ങുമ്പോഴാണ് ആ കാഴ്ച്ച ഞാൻ കാണുന്നത്...
വെളുത്ത നിറത്തിൽ എന്തോ ഒന്ന് മണൽക്കൂനയിലെ കുറ്റിച്ചെടികൾക്കിടയിൽ കിടക്കുന്നു... ആദ്യം അത്ര ശ്രദ്ധിച്ചില്ലെങ്കിലും അടുത്തെത്തിയപ്പോഴേക്കും അതൊരു മനുഷ്യ രൂപമാണെന്ന് എനിക്ക് മനസ്സിലായി.. കാർ അടുത്തേക്ക് വരുന്നത് കണ്ടിട്ടാകണം അദ്ദേഹം അവിടെ നിന്നും എണീക്കാൻ ശ്രമിച്ചു...
അടുത്തെത്തിയപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. അയാൾ ധരിച്ചിരിക്കുന്നത് നീല നിറത്തിലുള്ളൊരു പൈജാമയാണ്.. വെയിൽ കൊണ്ട് നര കേറി വെളുത്തതാണത്... ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന മധ്യവയസ്ക്കൻ.. തിങ്ങി നിറഞ്ഞ് കിടക്കുന്ന താടിയിൽ മണൽത്തരികൾ പറ്റിപ്പിടിച്ച് കിടക്കുന്നു. തലയിലൂടെ ചുറ്റിയ തുണിയുടെ അറ്റം കൊണ്ട് കഴുത്ത് മറച്ചിട്ടുണ്ട്... വെയിലിന്റെ കാഠിന്യം കൊണ്ടാകാം കണ്ണ് തുറക്കാൻ അയാൾ നന്നേ പാട് പെടുന്നുണ്ട്.. നര കേറിത്തുടങ്ങിയ താടിയിൽ തടവിക്കൊണ്ടയാൾ കാറിനരികിലേക്ക് വന്നു... ആദ്യം ആ രൂപം കണ്ടപ്പോൾ കാറിൽ നിന്നിറങ്ങാൻ മടിച്ചെങ്കിലും കയ്യിലെ വലിയ വടിയും ദൂരെ ആടുകളെയും കണ്ടപ്പോൾ അയാളൊരു ആട്ടിടയനാണെന്ന് മനസ്സിലായി...
കഥകളിൽ മാത്രം വായിച്ചറിഞ്ഞിട്ടുള്ളതാണ് ആട്ടിടയന്മാരുടെ ജീവിതം.. കഷ്‌ടതകൾ മാത്രം കൂടെയുള്ള അവരുടെ ജീവിതം ഒരു നേർക്കാഴ്ചയായി മുന്നിൽ തെളിയുന്നത് ഇത് ആദ്യമായാണ്. പക്ഷേ, ഇയാളുടെ കഥയെങ്കിലും അത്തരത്തിലുള്ള ഒന്നാകാരുതേയെന്ന് മനസ്സിലൊന്നാഗ്രഹിച്ചു...
സലാം ചൊല്ലി ഞാൻ കാറിൽ നിന്നിറങ്ങി, കാറിന്റെ മുമ്പിൽ നിൽക്കുകയായിരുന്ന അയാളുടെ അടുത്തേക്ക് ചെന്നു.. ഒറ്റനോട്ടത്തിൽ തന്നെ ആളൊരു പാകിസ്ഥാനി ആണെന്ന് മനസ്സിലായി.. വെയിലേറ്റ് വാടിയ ആ മുഖത്ത് നിന്നും ചിരി വിടരുന്നുണ്ടെന്ന് വരുത്തി അയാൾ സലാം മടക്കി..
" കൈസേ ഹേ ബാബാ.. " എന്ന ചോദ്യത്തിന് അയാളും " അൽഹംദുലില്ലാഹ് ഖൈർ" എന്ന് മറുപടി തന്നു... അതോടെ ഞാനൊരു തിരിച്ചറിവിലെത്തി.. നമ്മൾ മലയാളികൾ മാത്രമേ,
" സുഖമല്ലേ " എന്ന ചോദ്യത്തിന് " അങ്ങനെ പോകുന്നു " എന്ന ഒഴുക്കൻ മട്ടിലുള്ള ഉത്തരം നൽകുകയുള്ളൂ...
മിനിറ്റുകൾക്കുള്ളിൽ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി .. ഇനി ഞാൻ അവിടെ നിന്ന് സംസാരിച്ചാൽ പിന്നെ, തളർന്ന് വീണ എന്നെ അയാൾ പൊക്കിയെടുക്കാൻ നിൽക്കേണ്ടി വരും.. അത്രയ്ക്കും ചൂടാണ് അവിടെ...
ഞാനയാളോട്‌ കാറിൽ കയറാൻ പറഞ്ഞെങ്കിലും ശരീരത്തിൽ മുഴുവൻ അഴുക്കാണെന്ന് പറഞ്ഞ് അയാളാദ്യം കയറാൻ കൂട്ടാക്കിയില്ല. അവസാനം ഞാൻ നിർബ്ബന്ധിച്ച് അയാളെ കാറിൽ കയറ്റി. എന്റെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി അയാൾക്ക് നേരെ നീട്ടി. ആർത്തിയോടെ അയാൾ അത് വാങ്ങി കുടിച്ചു.. എന്നിട്ടയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു... ഇത്രയും ആത്മാർഥയോടെയുള്ള ഒരു ചിരി ഞാനെന്റെ ജീവിതത്തിൽ അന്നേ വരേയ്ക്കും കണ്ടിട്ടില്ലായിരുന്നു..
സംസാരങ്ങൾ പിന്നേയും തുടർന്നു. മടിച്ച് മടിച്ചാണെങ്കിലും ചോദ്യങ്ങൾക്കയാൾ മറുപടി തന്നു...
പേര്, ഖുലാൻ ജാവേദ്. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് വീട്. വീട്ടിൽ ഉമ്മയും ഭാര്യയും മൂന്ന് കുട്ടികളും. എന്നും രാവിലെ അറബിയുടെ ഡ്രൈവർ അയാളുടെ പിക്കപ്പിൽ, ഈ ചുട്ടുപൊള്ളുന്ന മണലിൽ അയാളെയും ആടുകളെയും കൊണ്ട് വിടും. വൈകുന്നേരം ദൂരെയെവിടെയോ ഉള്ള അവരുടെ ഫാമിലേക്ക് തിരിച്ച് കൊണ്ട് പോവുകയും ചെയ്യും.. കയ്യിലാകെ ഭക്ഷണമായിട്ടുണ്ടാകുന്നത് രണ്ട്‌ ഖുബ്ബൂസും ഒരു തൈരിന്റെ പായ്ക്കറ്റും ഒരു വെള്ളത്തിന്റെ ബോട്ടിലും.. ആയിരം ദിർഹംസ് ആണ് സാലറി. നാട്ടിലേക്ക് കാശ് അയക്കുന്നതും മൊബൈൽ റീചാർജ്ജ് ചെയ്ത് കൊടുക്കുന്നതും അറബിയുടെ ഡ്രൈവറായ ഒരു മലയാളിയാണ്...
ഞാനും ഒരു മലയാളിയാണെന്ന് പറയുമ്പോൾ അയാളെന്റെ തലയിൽ കൈ വെച്ച് കൊണ്ടെന്നോട് പറഞ്ഞു.. " ആപ് ലോഗ് ബഹുത് അച്ചാഹേ ഭേട്ടാ " .. ഒരന്യ രാജ്യക്കാരന്റെ നാവിൽ (അതും ഒരു പാക്കിസ്ഥാനിയുടെ) നിന്നും ഇങ്ങനെയൊരു വാക്ക് കേൾക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്...
വിശേഷങ്ങളോരോന്നും പറയുമ്പോഴും അയാൾ തന്റെ പുറം, കാറിന്റെ സീറ്റിൽ തട്ടാതെ ശ്രദ്ധിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. വിയർപ്പിലൊട്ടി നിൽക്കുന്ന അയാളുടെ വസ്ത്രത്തിൽ മുഴുവൻ മണൽ പറ്റിപ്പിടിച്ചിട്ടുണ്ട്.. അത് സീറ്റിൽ ആകും എന്ന് വിചാരിച്ചായിരിക്കും അയാളങ്ങനെ ഇരിക്കുന്നതെന്നെനിക്ക് തോന്നി...
' ആദ്യം ജോലി ചെയ്തത് എവിടെയായിരുന്നു ' എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി കേട്ട്
ആശ്ചര്യത്തോടെ ഞാനയാളെ നോക്കിയിരുന്നു.. ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു അവസ്ഥ.. ഞാൻ കേട്ടത് തെറ്റിയതാണോ എന്നറിയാൻ വേണ്ടി ഒരിക്കൽക്കൂടി ചോദിച്ചു..
" മേം ഏക് ഫർണീച്ചർ ഷോപ്പ് മേം അക്കൗണ്ടന്റ് ധാ ഭേട്ടാ ".... അത്ഭുതത്തോടെ ഇരിക്കുന്ന എന്നെ നോക്കി അയാൾ ചെറുതായൊന്ന് പുഞ്ചിരിച്ചു.. എവിടെയോ വെച്ച് സ്വന്തത്തെ നഷ്ടപ്പെട്ട ഒരു പാമരന്റെ ചിരി.. പ്രതീക്ഷകളും സ്വപനങ്ങളും കൈ മോശം വന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ചിരി... കുഴിഞ്ഞിരിക്കുന്ന കൺ കോണിൽ മിഴിനീർ മുത്തുകൾ പൊടിയുന്നത് ഞാൻ കണ്ടു... ഞാനറിയാതെ അയാളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു...
കൂടുതൽ സാലറിയുള്ള ജോലി വാഗ്ദാനം ചെയ്ത് ആരോ പറ്റിച്ചതായിരുന്നു ആ പാവത്തിനെ.. അവസാനം എങ്ങനെയൊക്കെയോ ഈ അറബിയുടെ കൈയ്യിൽ വന്ന് പെട്ടു.. പിന്നെ, ഡിഗ്രികളുടെ ഭാണ്ഡക്കെട്ടിറക്കിവെച്ച് അയാൾ ജീവിക്കാൻ തുടങ്ങി... " സ്റ്റാറ്റസ് ഉള്ള ജോലിയേക്കാളേറെ വീട്ടിലുള്ളവരുടെ വിശപ്പല്ലേ മോനെ വലുത് " എന്ന അയാളുടെ ചോദ്യത്തിന് മുമ്പിൽ കണ്ണിൽ വെള്ളം നിറച്ച് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...
നവംബർ പകുതിയോടെ വിസ കാലാവധി തീരുമെന്നും അത് കഴിഞ്ഞാൽ നാട്ടിൽ വിടാമെന്ന് അറബി പറഞ്ഞിട്ടുണ്ടെന്നും പറയുമ്പോൾ അയാളുടെ കണ്ണിലൊരു പ്രത്യേക തിളക്കം ഞാൻ കണ്ടു.. പ്രതീക്ഷകൾ അസ്തമിച്ചവന്റെ മുമ്പിൽ ഒരു കച്ചിത്തുരുമ്പ് തെളിയുമ്പോഴുണ്ടാകുന്ന അതേ നിർവൃതിയായിരുന്നു അയാളുടെ മുഖത്ത്...
ഏറെ നേരത്തെ സംസാരത്തിനൊടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളൊരു ചോദ്യം ചോദിച്ചു.. " മോന് ഫോട്ടോ എടുക്കേണ്ടേ ? " .. സംശയത്തോടെയുള്ള എന്റെ നോട്ടം കണ്ടത് കൊണ്ടാകണം, ഞാൻ അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് തന്നെ അയാൾ അതിനുള്ള ഉത്തരം നൽകി...
" പല ആളുകളും ഇതിലൂടെ പോകുമ്പോൾ വണ്ടി നിർത്തി ഭക്ഷണവും വെള്ളവുമെല്ലാം തരും. എന്നിട്ട് കൂടെ നിർത്തി ഫോട്ടോയെടുക്കും.. എന്തിനാണെന്ന് ചോദിച്ചാൽ ഫെയ്സ്ബുക്കിലിടാനാണെന്ന് പറയും "...
ആ വാക്കുകൾക്ക് മറുപടിയായി എന്റെ കയ്യിലുണ്ടായിരുന്നത് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു... കാരണം, സമയവും സന്ദർഭവും നോക്കാതെ ഓരോരുത്തരുടേയും ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലും മറ്റും പോസ്റ്റുമ്പോൾ, ഞാനടക്കമുള്ള നമ്മളാരും അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്നതല്ലേ സത്യം...
യാത്ര പറഞ്ഞ് തിരിക്കുമ്പോൾ, " ശുക്രിയാ ഭേട്ടാ.. ഖുദാ ഹാഫിസ് " എന്ന് പറഞ്ഞയാൾ എന്റെ തലയിൽ കൈ വെച്ചു.. മനസ്സറിഞ്ഞുള്ള അനുഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ കൊള്ളുമെന്ന് എനിക്കപ്പോൾ മനസ്സിലായി...
സുഖ സൗകര്യങ്ങളെല്ലാമുണ്ടായിട്ടും പിന്നേയും ഇല്ലായ്മകൾ പറഞ്ഞ് നടക്കുന്ന നമ്മൾക്കെല്ലാവർക്കും ഒരു പാഠമാണ് ആ മനുഷ്യന്റെ ജീവിതം... വിധിയുടെ കോമാളിത്തരത്തിൽ നിറം മങ്ങിപ്പോയ ഒരു മാണിക്യം തന്നെയാണവർ... മരുഭൂമിയിലെ മാണിക്യം.... വിദ്യാഭ്യാസമുണ്ടായിട്ടും കഷ്ടതയാനുഭവിക്കാൻ വിധിച്ച അയാളുടെ ജീവിതമൊക്കെയാണ് നമ്മൾ കണ്ട് പഠിക്കേണ്ടത്.. അവരോടൊത്ത് ചിലവഴിച്ച നിമിഷങ്ങളെരൊന്നും എന്റെ ജീവിതത്തിലെ പുതിയ പാഠങ്ങൾ പഠിക്കാനുള്ള വേദിയായി മാറുകയായിരുന്നു... അനുഭങ്ങളോരോന്നും ഓരോ പാഠമായിത്തീരുമ്പോഴാണല്ലോ തിരിച്ചറിവുകൾ നമ്മിലേക്കെത്തുന്നത്... സൗകര്യങ്ങളോരോന്നും അഹങ്കാരമായി തീരുമ്പോൾ ദൈവം നമുക്ക് മുമ്പിലേക്ക് ഇത് പോലുള്ള ചില ജീവിതങ്ങൾ വെച്ച് നീട്ടും.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

#ഏട്ടൻ


" മടുത്തെടാ... ഒരു സമാധാനവും തരുന്നില്ല. ഇന്നും വിളിച്ചിരുന്നു, അവന്റെ കോളേജിലെ സാർ.. നാല് ദിവസമായി അവൻ ക്ലാസ്സിൽ കേറിയിട്ട് എന്നും പറഞ്ഞ്. അവന് അവന്റേതായ ഇഷ്ടങ്ങളാണ്. എല്ലാറ്റിനും കാരണം ഞാൻ തന്നെയാണ്‌. എന്ത് പറഞ്ഞാലും അപ്പടി സാധിച്ച് കൊടുത്ത് ശീലപ്പിച്ചതും ഞാൻ തന്നെ... അവന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്നെങ്കിലുമുള്ള ബോധം അവന് വേണ്ടെ.. പഠിച്ച് നല്ലൊരു ജോലി കിട്ടിയാൽ അവന്റെ കുടുംബമെങ്കിലും രക്ഷപ്പെടുമല്ലോ എന്നോർത്താണ് ഞാനിങ്ങനെ.... "
കണ്ണിൽ വെള്ളം നിറച്ച് സ്വന്തം അനിയനെ കുറിച്ച് സുഹൃത്ത് പറയുമ്പോൾ, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും ഒരു നിമിഷം വാക്കുകൾക്കായി പരതി. ചെറുപ്പം മുതലേ കുടുംബം നോക്കാൻ തുടങ്ങിയ അവന് ഒരുപാടൊന്നും പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അനിയനിലാണ് അവന്റെ പ്രതീക്ഷകൾ. പക്ഷേ, അനിയന് അങ്ങനെ ഒരു ഏട്ടൻ ഉണ്ടെന്ന ചിന്ത പോലുമില്ല.....
ആ അനിയനെ പോലെ തന്നെ ജീവിതത്തിൽ സുഖ സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ നാമെല്ലാം മറന്ന് പോകുന്ന ചിലരുണ്ട് ഈ ഭൂമിയിൽ. തകർച്ചയുടെ പടുകുഴികളിൽ നിന്ന് സ്വന്തം ജീവിതം പകരം വെച്ച് ‌ രക്ഷപ്പെടുത്തിയവർ....
അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ പ്രഭ മങ്ങാതെ കെടാ വിളക്കായി കത്തുന്ന ഒന്നുണ്ട് നമ്മുടെയെല്ലാം വീട്ടിൽ. ഏട്ടൻ എന്ന പേരിൽ നമ്മളെല്ലാം വിളിക്കുന്ന ഒരു സാധു ജന്മം. കുടുംബത്തിന്ന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചവർ.
പ്രായാധിക്യത്താൽ ജോലിക്ക് പോകാൻ കഴിയാതെ ജീവിതത്തിന് മുമ്പിൽ പകച്ച് നിൽക്കുന്ന അച്ഛനെ വകഞ്ഞ് മാറ്റി ഉടുമുണ്ട് മടക്കിക്കുത്തി പ്രാരാബ്ദത്തിന്റെ മാറാപ്പുമേറി തന്റെ കുടുംബത്തിന്റെ മുമ്പോട്ടുള്ള വഴി തേടി ഇറങ്ങുന്നവൻ. അന്നൊരു പക്ഷേ അവരുടെ കൗമാര കാലത്തിന്റെ പ്രാരംഭ ഘട്ടമായിരിക്കാം.
ഉറ്റവർക്കും ഉടയവർക്കും വേണ്ടി പഠനം നിർത്തി ജോലിക്ക് പോകാൻ തുടങ്ങുമ്പോൾ ആ മനസ്സ് ഒരുപാട് നൊന്തിട്ടുണ്ടാകാം. കാരണം, അതും ഒരു മനുഷ്യ ജന്മമാണ്. വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളും ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാമുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യൻ.
സമപ്രായക്കാർ കോളേജ് വരാന്തകളിലൂടെ വിഹരിച്ച് നടക്കുമ്പോൾ കല്ലും മണ്ണും ചുമന്ന് പൊട്ടിയ കൈകളും തോളും തടവി അവർ ദീർഘനിശ്വാസങ്ങൾ വിട്ടിരിക്കാം. കൂട്ടുകാർ ബൈക്കും കാറും വാങ്ങി ചെത്തി നടക്കുമ്പോഴും നടത്തമാണ് ആരോഗ്യത്തിന് നല്ലതെന്ന് പറഞ്ഞ് വലിഞ്ഞ് നടക്കുമ്പോൾ ആ മനസ്സിൽ ചില ലക്ഷ്യങ്ങളുണ്ടാകാം. അന്നാന്നത്തെ പൈസ സ്വരുക്കൂട്ടി കുഞ്ഞനിയത്തിയ്ക്കായി വാങ്ങിയ സ്വർണ്ണ മാല അവളുടെ കഴുത്തിലണിയിക്കുമ്പോൾ അവളുടെ മുഖത്ത് വിടരുന്ന സന്തോഷത്തേക്കാൾ വലുതൊന്നുമല്ല സ്വന്തം ബുള്ളറ്റിൽ കയറുന്നത് എന്ന ബോധ്യമുള്ളത്, ഒരു ഏട്ടന് മാത്രമായിരിക്കാം.
ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം സിനിമക്ക് പോകുന്ന കൂട്ടുകാരോട് കള്ളം പറഞ്ഞ് അവരുടെ കൂടെ പോകാതെ ആ കാശ് കൊണ്ട് അച്ഛനുള്ള ഒരാഴ്ച്ചത്തെ മരുന്ന് വാങ്ങാൻ ശ്രമിക്കുന്നവൻ . കൊച്ചനിയന്മാരുടേയും അനിയത്തിമാരുടേയും സ്വപ്നങ്ങൾ നിറവേറ്റാൻ പകലന്തിയോളം ചോര നീരാക്കി അധ്വാനിക്കുന്നവൻ. ഇരുപത്തി രണ്ട് തികയുമ്പോഴേക്കും ഒരു കുടുംബത്തെ മൊത്തം തന്റെ തോളിലേറ്റി സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനിടക്ക് തന്റേതായ പല കാര്യങ്ങളും മനപ്പൂർവ്വം മറന്ന് പോയവൻ. വിശേഷണങ്ങൾക്കൊട്ടും കുറവില്ലാതെ ആ ജീവിതം ജീവിച്ച് തീർക്കുമ്പോൾ നഷ്ടക്കണക്കുകൾ മാത്രമേ ആ ജീവിതത്തിൽ ബാക്കിയുണ്ടാകൂ...
സ്വന്തമാക്കാൻ കൊതിച്ചവൾ, വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണമെന്ന് പറയുമ്പോൾ കുടുംബത്തെ ഓർത്ത് ആവലാതിപ്പെടുന്നവൻ. നിറ കണ്ണുകളോടെ പിടക്കുന്ന ഹൃദയവുമായി അവളെ തിരിച്ചയക്കുമ്പോൾ തിരിഞ്ഞ് നിന്ന് തേപ്പുകാരൻ എന്നോമനപ്പേരിട്ട് അവനെ വിളിക്കുന്നതിന്ന് മുമ്പ് പെങ്ങളേ ഒന്നോർക്കുക. ഏട്ടൻ എന്ന വാക്കിന് ' സ്വപ്നങ്ങളും ആഗ്രഹങ്ങളും സാഹചര്യങ്ങളാലേ ഉപേക്ഷിച്ചവൻ ' എന്ന നിഘണ്ടുവിൽ ഇല്ലാത്ത ഒരർത്ഥം കൂടി ഉണ്ടെന്ന്.
സിനിമകളിൽ മാത്രം നാം കണ്ട് ശീലിച്ച ഹിറ്റ്ലർ മാധവൻ കുട്ടിയായൊക്കെ നമ്മുടെ ഏട്ടൻ മാറുന്നുവെങ്കിൽ ഒന്ന് മനസ്സിലാക്കുക. മനസ്സിൽ നമ്മെ അത്രത്തോളം കൊണ്ട് നടക്കുന്നുണ്ട് അവർ. ' എന്റെ ഏട്ടനൊരു മുരടനാടാ ' എന്ന് പറയുന്നതിന്ന് മുമ്പ് ഒന്ന് ചിന്തിക്കുക. അവർക്ക് അങ്ങനേ സ്നേഹിക്കാനറിയൂ. നമ്മൾ ചെയ്ത തെറ്റുകൾക്ക് ശാസിക്കുമ്പോഴും ആ ഹൃദയം നിറയെ നമ്മളോടുള്ള സ്നേഹമായിരിക്കും.
കാലങ്ങളോളം മണൽക്കാട്ടിൽ കിടന്ന് ചൂടും തണുപ്പുമേറ്റ്, കൂട്ടി വെച്ച കാശ് കൊണ്ട് ചോർന്നൊലിക്കുന്ന കൂര മാറ്റി അടച്ചുറപ്പുള്ള വീട് വെച്ച്, വീട്ടുകാരതിൽ ആദ്യമായി ഉറങ്ങിയ ആ രാത്രി തന്നെ ആയിരിക്കും വർഷങ്ങൾക്ക് ശേഷം അവരും സമാധാനത്തോടെ ഉറങ്ങിയ ആദ്യ രാത്രി. അക്കങ്ങളിട്ട് നിരത്തിയ ലക്ഷ്യങ്ങളിൽ നിന്നും ഒന്നിന് സാഫല്യമാകുമ്പോൾ ആ മനസ്സ് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. പക്ഷേ, ആ സന്തോഷങ്ങൾക്കും അധിക കാലം ആയുസ്സുണ്ടാകില്ല.
പഠിത്തം തീരാറായിക്കൊണ്ടിരിക്കുന്ന അനിയത്തിക്ക് കല്ല്യാണാലോചനകൾ ഒരോന്നായി വരുമ്പോൾ പിന്നെ അതിന് പുറകെയാകും ഓട്ടം. അവസാനം, കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്ന അനിയത്തിയുടെ കല്ല്യാണം ഒരു കുറവും വരുത്താതെ ഭംഗിയായി നടത്തുമ്പോൾ ഏട്ടനെന്നാ ജന്മത്തിന് സ്വന്തമായി ബാക്കിയുണ്ടാകുക രണ്ടിറ്റ് കണ്ണ് നീരും നീറുന്ന നെഞ്ചുമായിരിക്കും.
ലക്ഷ്യങ്ങളെല്ലാം കൈപ്പിടിയിലൊതുക്കുന്നതിനിടയിൽ, മറന്ന് പോയ സ്വന്തം കാര്യങ്ങൾ പലതും ഓർമ്മിപ്പിക്കുന്നത് അമ്മയായിരിക്കും. അപ്പോഴേക്കും ജീവിത ചക്രം കറങ്ങി മുപ്പതാണ്ട് തീരാറായിരിക്കും. കൂടുതൽ ആഗ്രഹങ്ങളൊന്നുമില്ലാതെ ഒരു പാവം പെൺകുട്ടിയെ കൂടെ കൂട്ടുമ്പോൾ ആ മനസ്സ് ആഗ്രഹിക്കുന്നത് സ്നേഹം മാത്രമായിരിക്കും. കാരണം, അന്ന് വരെ അവരെ തേടിയെത്താത്ത ഒന്ന് അത് മാത്രമായിരിക്കും.
കൈ പിടിച്ച് ഉയർത്തിക്കൊണ്ടുവന്ന പലരും അപ്പോഴേക്കും സുരക്ഷിത സ്ഥാനങ്ങളിലെത്തിയിരിക്കും. എങ്കിലും പണത്തോടുള്ള ആർത്തി മൂത്ത് സ്വന്തം ഭാഗം ചോദിച്ച് തറവാട്ടിലെത്തുന്ന അനിയനേയും അനിയത്തിയേയുമൊന്നും പിണക്കാതെ എല്ലാം സ്വയം വെടിഞ്ഞ്, സ്വന്തം പ്രാണനേയും കൈപ്പിടിയിലൊതുക്കി ആ പഠിപ്പുര കടക്കുമ്പോൾ ' ഏട്ടാ ' എന്നുള്ള ഒരു വിളി ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകാം. തിരിഞ്ഞ് നോക്കാൻ ആഗ്രഹമുണ്ടെങ്കിലും തകർന്ന നെഞ്ച് ഒരു പക്ഷേ അതിന് സമ്മതിച്ചിട്ടുണ്ടാകില്ല.
ഇതേ സീൻ ' വാത്സല്യ ' ത്തിൽ മമ്മൂട്ടി ചെയ്തപ്പോൾ കണ്ണുനീർ തുടച്ചിരുന്ന് കണ്ട നമ്മൾ സ്വന്തം ഏട്ടൻ ഇറങ്ങിപ്പോകുമ്പോൾ പകയുടെ ബാക്കി പത്രമായ മൂക്കിൻ തുമ്പിലെ വിയർപ്പ് കണങ്ങൾ തുടക്കുകയായിരിക്കും. അപ്പോഴും ആ മനസ്സ് നിറയെ നിറഞ്ഞ സ്നേഹം മാത്രമായിരിക്കും. ആ വിശാലമായ മനസ്സ് കാണണമെങ്കിൽ കാല ചക്രം ഇത്തിരി പുറകോട്ട് കറക്കി നോക്കേണ്ടി വരും എന്ന് മാത്രം. എങ്കിലും , ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ അവർ ജീവിച്ച് തീർക്കും, വീണ്ടും പൂജ്യത്തിൽ നിന്ന് തന്നെ തുടങ്ങിക്കൊണ്ട്....
ലോകത്തിലെ ഏറ്റവും ഉത്തരവാദിത്വം കൂടിയ ജോലി അമേരിക്കൻ പ്രസിഡന്റിന്റെ സെക്രട്ടറി പദവിയൊന്നുമല്ല, നല്ലൊരു ഏട്ടനായി ജീവിച്ച് തീർക്കുക എന്നതാണ്. സഹനത്തിന്റെ കൊടുമുടികൾ താണ്ടി ക്ഷമയുടെ നെല്ലിപ്പലകകൾ കണ്ടുള്ള ആ ജീവിതം തന്നെയാണ് ജീവിതം... മെഴുക് തിരി പോലെ മറ്റുള്ളവർക്ക് വേണ്ടി ഉരുകിത്തീരുന്നൊരു ജീവിതം.... അച്ഛനമ്മമാരുടെ മൂത്ത ആൺ മക്കൾക്ക്‌ മാത്രം പറഞ്ഞിട്ടുള്ള ജീവിതം.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo