Slider

ജീവിതത്തിലേക്കൊരു തിരിഞ്ഞ് നോട്ടം

0
Image may contain: 1 person, outdoor
ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് കയറി ഡ്രസ്സ് മാറുന്നതിനിടക്കാണ് സഹമുറിയൻ കോഴിക്കോട്ടുകാരൻ ബഷീറിക്കയുടെ മുഖത്തേക്ക് ശ്രദ്ധിച്ചത്.. കുറച്ച് നേരത്തെ വളരെ സന്തോഷത്തോടെ മകന്റെ റിസൾട്ട് വന്നത് ഫോൺ ചെയ്ത് പറഞ്ഞ ആളേയല്ല ഇപ്പോൾ... എന്ത് പറ്റിയെന്ന അർത്ഥത്തോടെ ഒന്ന് നോക്കിയപ്പോൾ ഇക്കയൊന്ന് ചിരിച്ചു..
" കുട്ടികളൊക്കെ ഒരുപാട് വളർന്നങ്ങ് വലുതായി... ഈ ചൂടും തണുപ്പും മാറി വരുന്നതിനിടക്ക് ഞാനതൊന്നും അറിഞ്ഞില്ലെടാ.. " ..
ഞാനൊന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ ഇക്ക ഇങ്ങോട്ട് പറയാൻ തുടങ്ങി...
അത്ര പറഞ്ഞ് നിർത്തിയപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം എനിക്ക് പിടികിട്ടി.. ഇക്കയുടെ മകനിപ്പോൾ പ്ലസ് ടു കഴിഞ്ഞതാണ്.. റിസൾട്ട് വന്നപ്പോൾ അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിലുള്ള മാർക്കുമുണ്ട്.. ചെക്കൻ എന്തോ കുരുത്തക്കേട് ഒപ്പിച്ചതാകും എന്ന് മനസ്സിൽ കരുതിയപ്പോഴേക്കും ഇക്ക കാര്യം പറഞ്ഞു...
" പ്ലസ് ടുവിൽ നല്ല മാർക്കുണ്ടെങ്കിൽ മോനോട് ഒരു സ്‌കൂട്ടർ വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നു.. അവനിപ്പോ ബുള്ളറ്റ് മതിയെന്നാണ് പറയുന്നേ.. അതിനുള്ള പൈസയൊന്നും കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ അവൻ പറയാ, ' ഇത്രേം കാലം അവിടെ നിന്നിട്ടും അതൊന്നും ഉണ്ടാക്കിയില്ലെങ്കിൽ ഇങ്ങോട്ട് പോന്നൂടേന്ന്..'.. ".. പറഞ്ഞ് തീരുന്നതിന് മുമ്പേ ഇക്കയുടെ തൊണ്ട ഇടറുന്നുണ്ടെന്ന് മനസ്സിലാക്കി ഞാൻ വേഗം റൂമിൽ നിന്നിറങ്ങി....
ചിന്തകൾ വല്ലാതെ കാട് കയറുമ്പോൾ പോയിരിക്കാറുള്ള ടെറസിലെ ആ പഴയ കസേരയിൽ പോയിരുന്നു... കണ്ണടച്ച് കസേരയിൽ ചാരിയിരുന്നപ്പോൾ ആ പ്ലസ് ടു കാരന് പകരം ഞാൻ വേറൊരു പ്ലസ് ടു കാരനെ അവിടെ കണ്ടു...
പത്താം ക്ലാസ് കഴിയുന്നതിന് മുമ്പ് തന്നെ അവന് അവന്റെ ഭാവിയെക്കുറിച്ച് ഒരുറച്ച തീരുമാനമുണ്ടായിരുന്നു .. ഒരു 'ആർക്കിടെക്ട്' ആവുക... പണ്ടെങ്ങോ പത്രത്തിൽ വായിച്ചറിഞ്ഞതായിരുന്നു ഒരു ആർക്കിടെക്ടിന്റെ ജീവിതം.. അതിന് ശേഷം പിന്നെ അതായിരുന്നു അവന്റെ സ്വപ്‍നം.. പ്ലസ് ടൂ കഴിയുന്നതോടെ തന്നെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി.. എൻട്രൻസ് കോച്ചിങ്ങിന് പോകാൻ കാശ് ചോദിച്ചപ്പോൾ ഉമ്മകൈ മലർത്തി.. കുറ്റം പറയാനൊക്കില്ല, പേരിന് ദുബായിക്കാരന്റെ മകനായിരുന്നെങ്കിലും ഒരു നേരം ആഹാരം കിട്ടിയില്ലെങ്കിലുള്ള അവസ്ഥ അവനും നന്നായി അറിയാമായിരുന്നു.. അത് കൊണ്ട് തന്നെ ഉമ്മാനെ കൂടുതൽ അവൻ നിർബ്ബന്ധിച്ചില്ല..
സീനിയറായിരുന്ന കസിന്റെ അടുത്ത് പോയി അവൾ കോച്ചിങ്ങിന് പോയിരുന്ന സമയത്തെ ബുക്കുകളെല്ലാം വാങ്ങി അവൻ വീട്ടിൽ കൊണ്ട് വന്ന് കുത്തിയിരുന്ന് പഠിച്ചു..
ആർക്കിടെക്ചർ കോഴ്‌സിന് സാധാരണ എൻട്രൻസ് എക്സാമിന് പുറമെ NATA ഉണ്ടെന്ന് അറിയാമായിരുന്നു.. പക്ഷേ, അതിന്റെ ഫീസ് കണ്ടപ്പോഴാണ് അവൻ ശരിക്ക് അന്തം വിട്ട് പോയത്.. മൂവ്വായിരത്തി എണ്ണൂറ് രൂപ.. ആറ് വർഷങ്ങൾക്ക് മുമ്പ് മൂവ്വായിരത്തി എണ്ണൂറ് അത്ര വലിയ സംഖ്യ ഒന്നുമല്ലായിരുന്നെങ്കിലും, ഫീസടക്കാൻ പൈസ ചോദിച്ചപ്പോൾ തിരിച്ച് ഉമ്മ ചോദിച്ചത് ഒന്ന് മാത്രമായിരുന്നു, ' നിനക്ക് എന്നും മര്യാദക്ക് ചോറ് തിന്നണോ.. അതോ പരീക്ഷ എഴുതിയാ മതിയോ.. ' ..അടുത്തിരുന്ന് കളിക്കുന്ന പെങ്ങളുടെ മുഖം കണ്ടപ്പോൾ പിന്നെ ഒന്നും പറയാതെ അവൻ അവിടെ നിന്നും എണീറ്റ് പോയി..
അടുത്തൊരു ബന്ധുവിനോട് പോയി മൂവായിരത്തി എണ്ണൂറ് രൂപ കടം ചോദിച്ചപ്പോൾ പറഞ്ഞതിതായിരുന്നു;- ' വാപ്പ ഗൾഫിലായിട്ടും ഒരു പരീക്ഷ ഫീസടക്കാൻ കാശില്ലെങ്കിൽ നീ പഠിക്കാൻ നിക്കേണ്ടടാ..' അതും കൂടി കേട്ടപ്പോൾ ആർക്കിടെക്ട് എന്ന സ്വപ്നം മെല്ലെ മനസ്സിൽ നിന്നും മായ്ച്ച് കളഞ്ഞു..
അന്നവൻ ഒരുപാട് കരഞ്ഞു.. ചെറുപ്പം തൊട്ട് ആഗ്രഹിച്ച കാര്യം ഇനി ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിയുമ്പോൾ ഒരു തരം വിങ്ങലായിരുന്നിരിക്കണം അവന്റെ മനസ്സിൽ... അന്ന് രാത്രി അവൻ ഉമ്മയോട് ചോദിച്ചു: " എന്താണുമ്മ, നമ്മൾടെ ഉപ്പൻറെടുത്ത് മാത്രം കാശില്ലാത്തെ... " .. കെട്ടിപ്പിടിച്ച് കുറെ കരഞ്ഞതല്ലാതെ ഉമ്മ അവനോട് മറുപടിയൊന്നും പറഞ്ഞില്ല...
എൻട്രൻസ് എഴുതില്ലെന്ന് ഉറപ്പിച്ചതായിരുന്നു അന്നവൻ.. പക്ഷേ, അവസാനം കസിന്റെ നിർബ്ബന്ധത്തിന് വഴങ്ങി എൻട്രൻസ് എഴുതി... റിസൾട്ട് വന്നപ്പോൾ പത്തൊമ്പതിനായിരത്തി എണ്ണൂറ്റി നാല്പത്തിമൂന്നാമത്തെ റാങ്ക്... ഏതെങ്കിലുമൊക്കെ മാനേജ്‌മെന്റ് കോളേജിൽ സീറ്റ് കിട്ടുമായിരുന്നു.. മൂവ്വായിരത്തിയെണ്ണൂറ് ഉണ്ടാക്കാൻ കഴിയാത്തവർ പതിനായിരങ്ങൾ പിന്നെയെവിടെന്നുണ്ടാക്കും എന്ന തിരിച്ചറിവുള്ളത് കൊണ്ട് അവൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല... വീടിനടുത്തുള്ള ഗവണ്മെന്റ് ഐ.ടി.ഐയിലും പോളിയിലുമൊക്കെ പോയി അപേക്ഷ കൊടുത്തു... എത്രയും പെട്ടെന്ന് എങ്ങനെങ്കിലും ഒരു ജോലി, അത് മാത്രമായിരുന്നു അപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത്..
ഉയപ്പയെ സഹായിക്കണം.. പ്രാരാബ്ധങ്ങൾക്കെല്ലാം ഒരു അറുതി വരുത്തണം.. അത് മാത്രമായിരുന്നു പിന്നെ അവന്റെ ചിന്തകൾ.
അവസാനം വീട്ടിൽ നിന്നും നാലര കിലോ മീറ്റർ അകലെയുള്ള ഐ.ടി.ഐ യിൽ സിവിൽ ഡ്രാഫ്റ്റ്സ്മാൻ കോഴ്‌സിന് അവന് സീറ്റ് കിട്ടി.. ഒരു തരം വാശിയായിരുന്നു പിന്നെ.. അഞ്ച് പൈസ പോലും ആരുടെ കൈയ്യിൽ നിന്നും വാങ്ങിക്കാതെ കോഴ്സ് നന്നായി ചെയ്യണമെന്ന വാശി...
രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ക്ലാസിന് വീട്ടിൽ നിന്നും ആറെ കാലിന് അവൻ ഇറങ്ങി നടക്കും ... തിരിച്ചും അത് പോലെ നടന്നു.. കാണുന്നവരൊക്കെ കളിയാക്കി, നിനക്കൊരു സൈക്കിളെങ്കിലും വാങ്ങിത്തരാൻ പറഞ്ഞൂടെ ഉപ്പാനോടെന്നും പറഞ്ഞ്... അവരോടൊന്നും ഒന്നും തിരിച്ച് പറഞ്ഞില്ല.. ഉപ്പപ്പ പറഞ്ഞ് പഠിപ്പിച്ച പോലെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു...
പത്താം ക്ലാസിലും പ്ലസ് ടു വിലും പഠിച്ചതിന്റെ ഇരട്ടി കഷ്ടപ്പെട്ട് അവൻ പഠിച്ചു.. നല്ല വിലയുള്ള ഡ്രാഫ്റ്റിംഗ് മെറ്റീരിയൽസെല്ലാം അവിടെ പഠിച്ചിറങ്ങിയ സീനിയേഴ്‌സിനെ തേടിപ്പിടിച്ച്, കോഴ്‌സ് കഴിയുമ്പോൾ തിരിച്ച് തരാമെന്ന് പറഞ്ഞ് വാങ്ങി.. ബാക്കിയുള്ളതെല്ലാം, മാസാവസാനത്തിൽ നാട്ടിലുള്ള ജലനിധി പദ്ധതിയുടെ മീറ്റർ റീഡിങിന് പതിനാല് കിലോമീറ്റർ നടന്നാൽ കിട്ടുന്ന അഞ്ഞൂറ്റി അമ്പത് രൂപ സ്വരൂപിച്ച് വെച്ച് വാങ്ങിച്ചു.. പഠിക്കാനുള്ള മുഴുവൻ ചിലവും അതിൽ നിന്ന് തന്നെ അവൻ ഒപ്പിച്ചെടുത്തു..
കൂടെ, സ്വന്തം മോൾ ക്ലാസിലുണ്ടായിട്ടും ടീച്ചർ അവന് മാത്രം എന്തൊക്കെയോ പരിഗണനകൾ നൽകി.. അത് വെച്ച് കഴിവിന്റെ പരമാവധി അവൻ പഠിച്ചു..
രാത്രിയും പകലുമില്ലാതെ കഷ്ടപ്പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു, ഫൈനൽ എക്സാം കഴിഞ്ഞ പിറ്റേ ദിവസം തന്നെ അവിടെ അടുത്തുള്ള ഒരു ആർക്കിടെക്ചറൽ കൺസൾട്ടിങ് ഓഫീസിൽ അവന് ജോലിയും കിട്ടി...
അന്ന് അവന് ഐ.ടി.ഐ യിൽ രണ്ട് വർഷം പഠിക്കാൻ ചിലവായത് ആറായിരം രൂപ...
ജോലി തുടങ്ങി ആദ്യ മാസം തന്നെ സാലറി കിട്ടിയത് ആയിരത്തിയഞ്ഞൂറ് രൂപയായിരുന്നു... അന്നത് കൊണ്ട് വന്ന് അവന്റെ ഉമ്മാന്റെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ ഉമ്മകരഞ്ഞു, പണ്ടൊരു ചോദ്യം കേട്ട് കരഞ്ഞ അതേ കരച്ചിൽ.. പക്ഷേ, ഈ കരച്ചിലിലെന്തോ ഒരിത്തിരി സന്തോഷം ഉള്ളത് പോലെ അവന് തോന്നിയിരുന്നു... ഒരു മാസത്തിന് ശേഷം എക്സാം റിസൾട്ട് വന്നു.. അറുന്നൂറ്റി മുപ്പതിൽ അഞ്ഞൂറ്റി അറുപത്തിയൊമ്പത് മാർക്ക്.. പ്രതീക്ഷച്ചത് തന്നെയായിരുന്നു അവനത്.. കാരണം, അത്രയ്ക്ക് കഷ്‌ടപ്പെട്ടാണ് അന്നവൻ പഠിച്ചത്...
നല്ല മാർക്ക് കിട്ടിയിട്ടും അവന് കൂടുതൽ സന്തോഷമൊന്നും തോന്നിയില്ല.. കാരണം, തുടർ പഠനത്തിന് ഗവണ്മെന്റ് പോളിയിൽ സീറ്റ് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലും, പോകാൻ സാഹചര്യങ്ങൾ സമ്മതിക്കില്ലെന്ന് അവന് തന്നെ നല്ല ബോധ്യമുണ്ടായിരുന്നു.. എങ്കിലും അവന്റെ ഒരു സമാധാനത്തിന് പോളിയിൽ ആപ്ലിക്കേഷൻ കൊടുത്തിട്ടു...
പ്രതീക്ഷിച്ച പോലെ തന്നെ നടന്നു.. പോളിയിലെ അഡ്മിഷൻ നടക്കുന്നതിന്റെ തലേന്നത്തെ ആഴ്ച്ച ദുബായിലെത്തി.. അന്ന് പതിനെട്ട് വർഷവും ഏഴ് മാസവുമാണ് അവന് പ്രായം.. അവിടെയെത്തി ആറ് ദിവസത്തിന് ശേഷം, വീടിനടുത്തുള്ള ഗവണ്മെന്റ് പോളിയിൽ സിവിലിന് ജോയിന്റ്‌ ചെയ്യാനുള്ള കാർഡ് എത്തിയിട്ടുണ്ടെന്ന് ഉമ്മ അവനോട് വിളിച്ച് പറഞ്ഞു... പക്ഷേ., മനുഷ്യർ ആഗ്രഹിക്കുന്നതും വിധി നിർണ്ണയിക്കുന്നതും രണ്ട് തലത്തിലായതിനാൽ പോളിയിലുള്ള പഠനം അവന്റെ ഒരു സ്വപ്നം മാത്രമായി....
എങ്കിലും, ആ ഇന്റർവ്യൂ കാർഡിപ്പോഴും അവന്റെ വീട്ടിൽ ഭദ്രമായിരിക്കുന്നുണ്ട്.. ഒരു സ്വപ്നത്തിന്റെ സ്മാരകമായി...
ജോലി തിരഞ്ഞ് നടക്കുന്നതിനിടയിൽ പലയിടത്ത് നിന്ന് കേട്ടതും ഒരേ ഒരു ചോദ്യം; " ഇത്ര ചെറുപ്പത്തിലേ എന്തിനാ ഇങ്ങോട്ട് പോന്നത്.." .. മറുപടിയൊന്നും പറയാതെ ഉള്ള സർട്ടിഫിക്കറ്റുകൾ കാണിച്ച് കൊടുത്ത് ഒരു ജോലിക്കായി ശ്രമിച്ചു.. പക്ഷേ, എല്ലാവർക്കും ഇത്ര ചെറിയ പ്രായത്തിലുള്ള ആളെ ഡ്രാഫ്റ്റ്സ്മാനായി വെക്കാനൊരു മടി.. അവസാനം ഒരു ഈജിപ്ഷ്യൻ മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയിൽ ഇന്റർവ്യൂവിന് എത്തി.. മാനേജർ ആദ്യം തന്നെ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു, 'എന്റെ അനിയന്റെ അത് പോലുണ്ട് നിന്നെ കാണാൻ. അവന്റെ അതേ പ്രായം.. '... എല്ലാം കേട്ട് മറുപടിയൊന്നും പറയാൻ കഴിയാതെ നിർവ്വികാരതയോടെ നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ....
സി.വി നോക്കുന്നതിനിടയിൽ മാർക്ക് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണെന്ന് തോന്നുന്നു, ഹയർ സ്റ്റഡീസിന് എന്ത് കൊണ്ടാണ് പോകാതിരുന്നെന്ന് ചോദിച്ചു...
' now I need a job to help my father ' .. അറിയാവുന്ന അന്നത്തെ ഇംഗ്ലീഷിൽ ആ ഈജിപ്റ്റ് കാരനോട് മറുപടി പറഞ്ഞപ്പോൾ , ' you can join tomorrow as our architectural draughtsman..' എന്നും പറഞ്ഞ് അവർ അവനെ യാത്രയാക്കി...
വല്ലാത്തൊരു അവസ്ഥയായിരുന്നു ആ പതിനെട്ട്കാരന്റെ മനസ്സ് നിറയെ.. സന്തോഷത്താലുള്ള കണ്ണീര് കൊണ്ട് അവന്റെ കണ്ണ് മുഴുവൻ നിറഞ്ഞു .. എത്തിച്ചേരാൻ ആഗ്രഹിച്ച സ്വപ്‍നത്തിന്റെ വാലിലെങ്കിലും പിടുത്തമിട്ടതിന്റെ, ഒരിക്കൽ എല്ലാം അസ്തമിച്ചെന്ന് കരുതിയ മോഹങ്ങൾ അല്പമെങ്കിലും അറിയാതെ കൂടെ വന്നു ചേർന്നതിന്റെ.., അങ്ങനെ എന്തൊക്കെയോ വന്ന് ചേർന്നതിലുള്ള അതിയായ സന്തോഷം...
കൂടെ പഠിച്ചവരും കൂട്ടുകാരും ബൈക്കിൽ കറങ്ങി നടക്കുമ്പോഴും നാട്ടിൽ കറങ്ങി നടക്കുമ്പോഴും ആരോടും അവന്റെ ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞിരുന്നില്ല.. പറയാൻ കഴിയുമായിരുന്നില്ല..
ഒരു മാസത്തെ ഉപ്പയുടെ മരുന്നിന് വേണ്ടി ചെലവിടുന്ന കാശിന്റെ കണക്ക് അറിയുന്നത് അവനും ഉപ്പയുടെ അടുത്തെത്തിയ ശേഷമാണ്.. അന്ന് ഉമ്മയോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ആരും പറയാതെ തന്നെ അവന് മനസ്സിലായി.. സഹിച്ചു.. ക്ഷമിച്ചു... ഇന്നല്ലെങ്കിൽ നാളെ തന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുമെന്ന വിശ്വാസമുണ്ടായിരുന്നു അവന്.. അതൊരൊന്നായി നടന്ന് കൊണ്ടിരിക്കുന്നുമുണ്ട് അവന്റെ ജീവിതത്തിൽ....
കൂട്ടുകാരെല്ലാം ഉപ്പയോ ഇക്കാക്കമാരോ കൊടുത്ത കാശ് കൊണ്ടാണ് ബൈക്ക് വാങ്ങിയതെങ്കിൽ, അവൻ സ്വന്തമായി ജോലി ചെയ്തുണ്ടാക്കിയ കാശ് കൊണ്ട് ബൈക്ക് വാങ്ങി.. അതും ഇരുപതാമത്തെ വയസ്സിൽ... അതെല്ലാം അഹങ്കാരമല്ലാതിരുന്ന അഭിമായിരുന്നു അവന്...
കൂടെ പഠിച്ചവരെല്ലാം ജോലി അന്വേഷിച്ച് നടക്കുമ്പോഴും അവൻ ജോലിയിൽ അത്യാവശ്യം തരക്കേടില്ലാത്ത നിലയിലെത്താൻ പറ്റി..
ചില ജീവിതങ്ങളെല്ലാം അങ്ങനെയാണ്.. അനുഭവിക്കുമ്പോഴേ നമ്മളെല്ലാം പഠിക്കൂ.. ചിലതെല്ലാം അനുഭവിച്ച് തന്നെ പഠിക്കണം... തിച്ചറിവുകൾ തന്നെയാണ് നമ്മളെ നമ്മളാക്കുന്നത്... എവിടെ നിന്ന് നമ്മൾ ഇവിടെ വരെയെത്തി അല്ലെങ്കിൽ ആര് കൊണ്ടെത്തിച്ചു എന്ന ബോധ്യമുള്ളിടത്തോളം കാലം നമ്മൾ തന്നെയാകും വിജയികൾ.. വളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കളുടെയൊക്കെ വില അറിയണമെങ്കിൽ നമ്മളും അവരുടെ ആ നിലയിലേക്കെത്തണം.. എങ്ങനെ നമ്മളെയെല്ലാം അവർ ഇവിടം വരെ എത്തിച്ചു എന്നോർക്കുമ്പോൾ അറിയാതെയെങ്കിലും നമ്മുടെ കണ്ണിൽ നനവ് പടരും.. പക്ഷേ, അവർക്ക് നമ്മൾ വാക്കാലോ പ്രവൃത്തിയാലോ നൽകിയ കണ്ണീരിന് പകരമാകില്ല ആ നനവെന്നത് തിരിച്ചറിയുമ്പോഴേക്കും കാല ചക്രം ഒരുപാട് കറങ്ങിത്തീർന്നിട്ടുണ്ടാകും...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo