
ദൈവമില്ല എന്നു പറഞ്ഞ് എന്നോട് നിരന്തരം തർക്കിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും ഉത്തരങ്ങൾ കിട്ടാതെ ഞാൻ പകച്ചു നിന്നിട്ടുണ്ട്. ദൈവമില്ല എന്നതിന് അദ്ദേഹത്തിന്റെ ന്യായീകരണങ്ങൾ അത്രയ്ക്ക് ശക്തമായിരുന്നു. ഒരു അമ്പലവാസി ആയിരുന്നിട്ടു കുടി എന്റെ മനസിനെയും അത് അൽപ്പമൊക്കെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു എന്ന് എനിക്ക് തോന്നുന്നു. അതിനാലാവണം എന്റെ ജീവിതത്തിലേക്ക് ദൈവത്തിന്റെ പരീക്ഷണമെന്ന വണ്ണം അവൾ കടന്നു വന്നത്. അവൾ എന്നു പറഞ്ഞാൽ എന്റെ ഇളയ മകൾ.
മൂത്ത മകളുടെ വാശിയിൽ മനം മടുത്താണ് ഇനി ഒരു കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയത്. പക്ഷേ നമ്മൾ വിചാരിക്കുന്നതു പോലെയല്ലല്ലോ ഒന്നും സംഭവിക്കുന്നത്? അത്രയ്ക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു രണ്ടാമത് ഞാൻ ഗർഭം ധരിച്ചത്. അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ ഉണ്ടെന്നറിഞ്ഞപ്പോൾ ഉള്ള മോളുടെ സന്തോഷം കണ്ടപ്പോ ഗർഭിണി ആയത് നന്നായി എന്ന് ഞാൻ മനസിലോർത്തു. വളരെ സന്തോഷമുള്ള ദിനങ്ങളായിരുന്നു പിന്നീട്. മോളുടെ വാശി കുറഞ്ഞ് വരുന്നത് കണ്ട ഞാൻ സന്തോഷിച്ചു. എന്നാൽ എന്റെ സന്തോഷങ്ങളെ ഇല്ലാതാക്കാൻ പറ്റുന്ന ഒരു കാര്യവുമായാണ് മൂന്നാം മാസത്തിലെ സ്കാനിംഗ് റിപ്പോർട്ട് വന്നത്. കുഞ്ഞിന് എന്തോ പ്രോബ്ലം ഉണ്ടെന്നായിരുന്നു അതിൽ. പ്രതീക്ഷകൾക്ക് വകയുണ്ടോ എന്നറിയാൻ ഒരു blood test ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ ആ test negative ആയിരുന്നു. കുഞ്ഞിനെ abort ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു. അതിനായി അടുത്ത തിങ്കളാഴ്ച ഹോസ്പിറ്റലിൽ എത്താനും പറഞ്ഞു. എനിക്കത് സഹിക്കാൻ പറ്റുമായിരുന്നില്ല. ആശുപത്രി ആണെന്ന് ഓർക്കാതെ ഞാൻ പൊട്ടിക്കരഞ്ഞു. അതു കണ്ട ഡോക്ടർ കേരളത്തിലെ തന്നെ No.1 ആയ മറ്റൊരു ഡോക്ടറിന്റെ അടുത്തേക്ക് ഞങ്ങളെ പറഞ്ഞു വിട്ടു.
അവിടെയും കാര്യങ്ങൾ ആവർത്തിക്കപ്പെട്ടു. സ്കാനിംഗ്, blood test മുതലായവ. ആ ഡോക്ടർ പറഞ്ഞത് കുഴപ്പമൊന്നുമില്ല മുൻപോട്ട് പോവാം എന്നായിരുന്നു. അങ്ങനെ വീണ്ടും സന്തോഷത്തിന്റെ നാളുകൾ തിരികെ വന്നു. എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ആദ്യത്തെ ഡോക്ടർ പറഞ്ഞ കാര്യം മുഴങ്ങിക്കൊണ്ടിരുന്നു. കുഞ്ഞിന് എന്തോ കുഴപ്പമുണ്ടെന്നുള്ള കാര്യം. ആ ടെൻഷനും ഉളളിലിട്ടു കൊണ്ടാണ് പിന്നീടങ്ങോട്ട് ഓരോ ദിനവും ഞാൻ തള്ളി നീക്കിയത്.
അങ്ങനെ എഴാം മാസത്തിലെ സ്കാനിംഗിലാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം ഞങ്ങൾ അറിഞ്ഞത്. കുഞ്ഞിന് എന്തോ കുഴപ്പമുണ്ട്. പക്ഷേ അതെന്താണെന്ന് കൃത്യമായി അറിയണമെങ്കിൽ delivery കഴിയണം പോലും. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച ദിനങ്ങളായിരുന്നു പിന്നീട്. ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് May 20 ന് അവൾ പിറന്നു. ഗർഭകാലത്തെ മാനസിക സംഘർഷം മൂലം ഭക്ഷണമൊക്കെ നേരാംവണ്ണം കഴിക്കാൻ എനിക്ക് പറ്റിയിരുന്നില്ല. അതു കൊണ്ട് കുഞ്ഞിന് തൂക്കം വളരെ കുറവായിരുന്നു. delivery കഴിഞ്ഞ തളർച്ച മാറിയപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് എന്റെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു. ഇല്ല എന്ന മറുപടിയിൽ ഞാനാശ്വസിച്ചു. പക്ഷേ എന്നോട് അവർ സത്യം മറച്ചു വയ്ക്കുകയായിരുന്നു. ഒരു ഗുരുതര പ്രശ്നവുമായിട്ടാണ് അവൾ പിറന്നു വീണത്. "Eesophagus Atresia " ആയിരുന്നു അത്. പേരു പോലെ തന്നെ ഗുരുതരം. ടurgery ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ല എന്ന് ഡോക്ടർ ഉറപ്പ് പറഞ്ഞു. അവൾ ജനിച്ച ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്യാൻ എന്തോ അസൗകര്യം ഉണ്ടായിരുന്നു. അമൃതയിലേക്ക് കൊണ്ടു പോയ്ക്കൊള്ളാൻ അവർ പറഞ്ഞു. എന്നാൽ ചികിത്സാ ചിലവ് ഞങ്ങൾക്ക് താങ്ങുവാൻ പറ്റുന്നതായിരുന്നില്ല. ഒടുവിൽ ഉള്ള വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും operation ചെയ്യാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അപ്പോഴാണ് അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിൽ സർജറി സൗജന്യം ആണെന്നുള്ള വാർത്ത ഞങ്ങളറിഞ്ഞത്.
മനസിൽ രെു പാട് പ്രതിക്ഷകളുമായാണ് ഞങ്ങൾ ആ ഹോസ്പിറ്റലിലേക്ക് പോയത്. എന്നാൽ ഡോക്ടറുടെ മറുപടി ഞങ്ങളെ നിരാശരാക്കി. കുഞ്ഞിന് തൂക്കം കുറവായതിനാൽ സർജറി ചെയ്താലും രക്ഷപ്പെടാനുള്ള സാധ്യത ഇല്ലത്രേ. അനസ്തേഷ്യയിൽ നിന്ന് അവൾക്ക് ബോധം വീഴുന്ന കാര്യം സംശയമാണെന്ന്. ഒടുവിൽ എന്തും വരട്ടെ എന്ന് മനസിൽ പറഞ്ഞ് കൊണ്ട് സർജറിക്കുള്ള പേപ്പറിൽ ഞങ്ങൾ ഒപ്പു വച്ചു. അങ്ങനെ അവൾ ജനിച്ചതിന്റെ രണ്ടാം പക്കം അവളെ സർജറിക്ക് വിധേയയാക്കി. പ്രാർത്ഥനയുടെ ദിനങ്ങളായിരുന്നു പിന്നീട്. പ്രാർത്ഥനകൾക്ക് ഒടുവിൽ അവൾ കണ്ണ് തുറന്നു. ഡോക്ടർക്ക് വരെ അത്ഭുതമായിരുന്നു. രക്ഷപ്പെടാൻ 2 % പോലും സാധ്യതയില്ലാതിരുന്ന ഒരു കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നത് അദ്ദേഹത്തെയും അത്ഭുതപ്പെടുത്തിയതിൽ ഒട്ടും അതിശയോക്തി ഇല്ല. ആശുപത്രിയിൽ വച്ച് തന്നെ പിന്നെയും രണ്ടു പ്രാവശ്യം അവളെ ഞങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ മരണം ശ്രമിച്ചു. പക്ഷേ ദൈവത്തിന്റെ അഭൃശ്യമായ കരങ്ങൾ അവളെ സംരക്ഷിക്കുകയായിരുന്നു.
ഇന്ന് അവളുടെ അഞ്ചാം പിറന്നാളാണ്. അവളുടെ എല്ലാ പിറന്നാളിലും ആ ദിനങ്ങളെ പറ്റി ഓർത്ത് എന്റെ കണ്ണുകൾ നിറയാറുണ്ട്. അവളെ കാണുമ്പോളൊക്കെ എന്റെ മനസിലേക്ക് വരുന്നത് ദേഹം മുഴുവൻ ട്യൂബും ഓക്സിജൻ മാസ്കും ധരിച്ച് ആശുപത്രിയിൽ കിടക്കുന്ന ആ രൂപമാണ്. ഇനി അവൾ എത്ര വലുതായാലും ആ രൂപം എന്റെ മനസിൽ നിന്ന് ഒരിക്കലും മായില്ല.
പ്രിയ സുഹൃത്തേ, ദൈവം ഇല്ല എന്നതിന് താങ്കൾ എത്ര കാരണങ്ങൾ വേണമെങ്കിലും നിരത്തിക്കോളു. പക്ഷേ ദൈവമുണ്ട് എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും. അതിന്റെ ജീവിക്കുന്ന തെളിവായി എന്റെ മകൾ എന്റെ കൂടെത്തന്നെയുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിൽ കൂടി അവൾ സഞ്ചരിച്ചപ്പോൾ അവളെ താങ്ങി നിർത്തിയ ആ അദ്യശ്യ കരങ്ങൾ ദൈവത്തിന്റേതല്ലാതെ പിന്നെ ആരുടേതാണ്? അവളെ ചികിത്സിച്ച ഡോക്ടറിന്റെതാണ് എന്ന് പറഞ്ഞ് ഒരു പക്ഷേ താങ്കൾ തർക്കിക്കുമായിരിക്കും. അപ്പോൾ ഞാൻ പറയും എന്റെ ഉള്ളിലുള്ള ദൈവത്തിന് അദ്ദേഹത്തിന്റെ രൂപമാണ് എന്ന്. അതെ രൂപങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി ഞാൻ വിശ്വസിക്കുന്നത് ആ ശക്തിയിൽ മാത്രമാണ്. കൃഷ്ണനോ, അള്ളാഹുവോ, ക്രിസ്തുവോ അങ്ങനെ എന്തു പേരു വേണമെങ്കിലും ആയിക്കൊള്ളട്ടെ. എല്ലാരിലും കുടികൊള്ളുന്നത് ആ ശക്തി മാത്രം. ആ ശക്തിയുടെ ജീവിക്കുന്ന ഉത്തരമായി എന്റെ മകൾ പുഞ്ചിരിക്കുന്നു. ആ പുഞ്ചിരി എന്നും നിലനിൽക്കാൻ മാത്രമാണ് ഞാനിപ്പോ പ്രാർത്ഥിക്കാറ്.
By Renjini Ep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക