Slider

അനേകരിൽ ഒരാൾ .... അയാൾ!

0
Image may contain: 1 person, smiling, eyeglasses and outdoor
വൈകിട്ട് പതിവായുള്ള നടത്തത്തിനിടയിൽ
സ്ഥിരമായി പോവുന്ന മെഡിക്കൽ ഷോപ്പിനു തൊട്ടടുത്തുള്ള തുണിക്കടയുടെ മുൻപിലൊരാൾക്കൂട്ടം കണ്ടാണ് അയാൾ അങ്ങോട്ട് ചെന്നത്.
ഒരുവിധത്തിൽ ഏന്തിവലിഞ്ഞു നോക്കിയപ്പോൾ, ആളുകൾക്ക് നടുവിൽ ഒരമ്മയും കുഞ്ഞും.
തൊട്ടടുത്ത് തന്നെ വേറൊരു സ്ത്രീയും.
ആ അമ്മ നെഞ്ച് തിങ്ങുന്ന സങ്കടത്തോടെ അവരോട് പറയുന്നുണ്ട്,
നിങ്ങളെക്കാൾ വല്യ സൗകര്യത്തിൽ ജീവിച്ചിരുന്നതാണ് ഞാനും. ഇതിലും വല്യ കാർ കണ്ടിട്ടും, യാത്ര ചെയ്തിട്ടും ഉണ്ട്. എന്റെ കുഞ്ഞിന് എന്തേലും പറ്റിയിരുന്നെങ്കിലോ?
ബാക്കിയൊന്നും അവർക്കു പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. സങ്കടം കൊണ്ട് തിങ്ങുന്നുണ്ടായിരുന്നു അവരുടെ സ്വരം.
മൊത്തത്തോടെ ചെളിയിൽ കുളിച്ചു നിൽക്കുന്ന കുഞ്ഞ് അഴുക്കു വെള്ളത്തിൽ വീണ ഒരു കവർ നെഞ്ചോടടുക്കി പിടിച്ചിട്ടുണ്ടായിരുന്നു.
നല്ല ഓമനത്തമുള്ള ആ കുഞ്ഞിന്റെ വലിയ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചെറിയ ഏങ്ങലുകളും!
ഒരേകദേശരൂപം അയാൾക്ക്‌ മനസ്സിലായെങ്കിലും, തൊട്ടടുത്തുള്ള ആളോട് ചോദിച്ചു.
എന്താ പറ്റിയത്?
ഒരു കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. കുഞ്ഞിന് ഡ്രസ്സ് വാങ്ങി അവർ കടയിൽ നിന്നിറങ്ങിയതാണ്. സന്തോഷത്തോടെ ഓടി വന്നതാ കുഞ്ഞ്. പക്ഷെ റോഡിലേക്കിറങ്ങിയിരുന്നില്ല.
അമ്മ തൊട്ടുപുറകേ തന്നെ ഉണ്ടായിരുന്നു.
ദേ ആ നിൽക്കുന്ന സ്ത്രീ സ്പീഡിൽ വണ്ടിയോടിച്ചു വന്നതാ. റോഡിൻറെ സൈഡിൽ കെട്ടികിടന്നിരുന്ന ചെളിവെള്ളം മുഴുവൻ കുഞ്ഞിന്റെ മേലേക്ക് തെറിച്ചു.
കുഞ്ഞ് വീഴുകയും ചെയ്തു.
...........................................................
പതുക്കെ പതുക്കെ ആൾക്കൂട്ടം അലിഞ്ഞലിഞ്ഞില്ലാതായി.
അമ്മയും കുഞ്ഞും, ഒന്ന് രണ്ടു പേരും അയാളും മാത്രമായി.
എതിർവശത്തുള്ള ഒരു മരത്തിന്റെ കീഴിലേക്ക് അയാൾ നടന്നു.
ബാക്കിയുള്ള രണ്ടുപേരും എങ്ങോട്ടോ യാത്രയായി.
കുഞ്ഞിന്റെ കയ്യും പിടിച്ച്‌, വീണ്ടും നിറഞ്ഞു വരുന്ന കണ്ണുകൾ പിന്നി പഴകിയ കോട്ടൺ സാരികൊണ്ടമർത്തി തുടച്ച്‌ അവരും നടന്നു തുടങ്ങി.
അപ്പോഴും നെഞ്ചോടടുക്കി പിടിച്ച ആ കവറിലേക്കു ഇടക്കിടക്ക് കുഞ്ഞു കണ്ണുകൾ എന്തോ തിരയുന്നുണ്ടായിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ അയാൾക്ക്‌ തോന്നി.
ആ കുഞ്ഞിനൊരു ഉടുപ്പ് മേടിച്ചു കൊടുക്കാമായിരുന്നു!
അങ്ങനെ എത്രയെത്ര തോന്നലുകൾ ....
ദീർഘനിശ്വാസത്തോടൊപ്പം പൊട്ടിവീണ ചുമ അടക്കിപ്പിടിച്ച്, ഇടക്കൊന്നിടറിയെങ്കിലും അയാളും നടന്നു നീങ്ങി ...

By resmiGopakumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo