Slider

നിശ്ചലം

0
Image may contain: 1 person
' കാൻഡിഡ് വേണം, പക്കാ അൺ എകസ്പ്പെറ്റഡ് എന്ന് തോന്നിക്കണം.'
കോളേജ് മിഥിനങ്ങളാണ് .അവർ ഓരോ പോസുകൾ പരീക്ഷിച്ച് വിചിത്രമായ (വ്യത്യസ്തതക്ക് വേണ്ടി) ആങ്കിളുകളിൽ നിന്ന് DSLR ന്റെ ക്ലിക്ക് ബട്ടൺ ചലിപ്പിച്ചു. ട്രെൻഡ് ആയേക്കാവുന്ന ഒരു ഷോട്ട് പോലും കിട്ടാത്തതിന് മാറി മാറി എല്ലാവരേയും തെറി വിളിച്ചു.
' കളഞ്ഞിട്ട് പോടെ, അറിയില്ലെങ്കിൽ...'
'ഡ്യൂഡ്, അടുത്തത് പൊളിക്കും .നോക്കിക്കോ'
പക്ഷെ ഒന്നും അങ്ങോട്ട് ശരിയായില്ല.അവർ ഉദ്യമം അവസാനിപ്പിച്ച് ബൊട്ടാണിക്കൽ ഗാർഡനിലെ സൈപ്രസ് മരത്തിന് കീഴെ ഒരുമിച്ചു. വേണ്ടിയിരുന്നില്ല ഈ യാത്ര പോലും എന്ന തോന്നൽ എല്ലാവരുടേയും മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.
'ഒന്ന് രണ്ടെണ്ണമെല്ലാം കൊള്ളാം, പക്ഷെ ഓഡിഷന് അയക്കാൻ ഇത് പോരാ'
സ്വപ്നങ്ങൾ തകരുകയാണല്ലോ എന്ന തോന്നൽ, അവർക്ക് ആ ക്യാമറ തല്ലി പൊട്ടിക്കാൻ വരെ തോന്നി. ഉച്ച വെയിലിൽ കണ്ണ് മഞ്ഞളിക്കുന്നു. മേഘങ്ങൾക്ക് നല്ല വേഗത. അത് വെയിലിന്റെ ഉറവിടത്തെ മറച്ചും തുറന്നും കാറ്റിനോടൊപ്പം നീങ്ങി. വന്നപ്പോൾ ഉണ്ടായത്ര തിരക്ക് അവിടെ ഇല്ലാ. ചില ഫോട്ടോ സ്പോട്ടുകളെല്ലാം ഇപ്പൊ ഒഴിഞ്ഞു കാണും.
' നമുക്ക് ഒന്നൂടെ ഒന്ന് നോക്കിക്കളയാം, കിട്ടിയില്ലെങ്കിൽ പ്രകാശിലോട്ട് പോവാം. മഹേഷേട്ടനോട് ഞാൻ സംസാരിക്കാം'
'ഒരു പൈൻഡും, പൊറോട്ടേം ചിക്കനും'
ഏഹ് !
അവർ ഇരുന്നതിന്റെ തൊട്ട് പിറകിലിരിക്കുന്ന വൃദ്ധൻ ചുമയൊതുക്കി ഒതുക്കി അത് പറയാൻ കുറേ കഷ്ടപ്പെട്ടു. അവർ തിരിഞ്ഞ് നോക്കി.പക്ഷെ പുള്ളി പുറക് വശം തിരിഞ്ഞ് തന്നെയിരുന്നു. അനങ്ങിയില്ല.
' എത്തിച്ചാൽ ഞാൻ സഹായിക്കാം, ആ പിന്നെ ചിക്കന് ചാറധികം എടുത്തോ, ഗ്ലാസ് ഒരെണ്ണം മതി'
പുള്ളിയുടെ മുഖത്ത് ബീഭത്സം നിറഞ്ഞ ഒരു ചിരി.അവർ സാധനം വരുത്തിച്ചു. അയാൾ വർക്ക് തുടങ്ങി.
'മേരാ ക്യാമറാ ഖരാഭ് ഹെ'
അവർ കൊണ്ട് വന്ന ക്യാമറയിലെ ഫോക്കസ് അഡജസ്റ്റ് ചെയ്യുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞു.
' പണ്ട് ഇവിടെ ആര് വന്നാലും ഞാനാണ് ഫോട്ടോ എടുത്തു കൊടുത്തിരുന്നത്. ഇപ്പൊ പുതിയ ജനറേഷനൊക്കെ ആയി.പക്ഷെ എല്ലാവരും നമ്മടെ തന്നെ കോപ്പിയടിക്കലാന്നെ ..'
പിള്ളേര് ചാടിയും ഓടിയും തൂങ്ങിയുമുള്ള പോസിട്ടു. അയാൾക്കത് ഇഷ്ടപ്പെട്ടില്ല.
'ഫോട്ടോ എടുക്കുമ്പോൾ അനങ്ങരുത്.'
അവരെ ഒറ്റക്കും ഗ്രൂപ്പായും ഇരുത്തിയും നിർത്തിയും ഫോട്ടോ എടുത്ത് കൊടുത്തു. എങ്ങനെയുണ്ട് എന്നൊന്നും ചോദിച്ചില്ല. 10-15 മിനിറ്റ് ക്ലിക്കിയ ശേഷം പുള്ളി പിള്ളേര് കൊണ്ട് വന്ന സാധനം കൈയ്യിലെടുത്ത് ഒരു കാലൻ കുടയുമേന്തി തിരികെ നടന്നു.അവർ എടുത്ത ഫോട്ടോ ഓരോന്നും നോക്കി. എന്ത് പറയണം എന്നറിയാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി കുറേ അങ്ങനെ നിന്നു.
'ഞാൻ മഹേഷട്ടനെ വിളിക്കാന്ന് പറഞ്ഞതല്ലേ ,ആധാർ കാർഡ് ഇതിലും നല്ലതാ. '
അയാൾ അത് കേട്ടു എന്ന് തോന്നി കാണണം, അവരെ ലക്ഷ്യമാക്കി തിരികെ നടന്നു. അടുത്തെത്തി ഗൗരവഭാവത്തിൽ , പിന്നെ ചെറിയ പുഞ്ചിരിയോടെ,
' ബൈ ദി ബൈ വെൽക്കം ടൂ ഊട്ടി, നൈസ് ടൂ മീറ്റ് യൂ.
ഐ ആം എ സ്റ്റിൽ ഫോട്ടോഗ്രാഫർ'
അമ്പിളി ചേട്ടൻ ഉടൻ തന്നെ സ്ക്രീനിൽ എത്തണം എന്ന പ്രതീക്ഷയോടെ

Ranjeev RJ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo