Slider

ജനാധിപത്യം

0
Image may contain: 2 people, outdoor and closeup


പൊടുന്നനെയൊരു
പകലിന്റെയറ്റത്തു നിന്ന്
കാണാതെ പോകുന്ന
ചില മനുഷ്യരുണ്ട് .
ഇവിടെയിതാ
ഒരച്ഛനാണ് ,
മകൾക്ക്
പലഹാരം വാങ്ങാൻ
ഷർട്ടുമെടുത്ത് തോളിലിട്ട്
വേഗം വരാമെന്ന്
പറഞ്ഞിറങ്ങി പോയൊരച്ഛൻ .
കായലരികത്ത്
അനാഥശവങ്ങൾ
ഒഴുകിയടിഞ്ഞെ
ന്നറിയുമ്പോഴെല്ലാം
അമ്മയും മക്കളും
ഓടാറുണ്ട്.
അച്ഛനായിരിക്കല്ലേയെന്ന്
പ്രാർത്ഥിക്കാൻ
ഓട്ടത്തിനിടയിൽ
അമ്മയവരോട്
പറയാറുണ്ട്.
പേരറിയാത്തൊരച്ഛന്റ
അഴുകിയ മുഖത്തേക്ക്
തുറിച്ചു നോക്കി
അച്ഛന്റെ അരിമ്പാറയും
കാക്കപ്പുള്ളിയുമവർ
ഓർത്തെടുക്കാറുണ്ട്.
കാണാതെ പോയവരുടെ
ഉറ്റവരെല്ലാം
സംഗമിക്കുന്നതിവിടെയാണ്.
ഓരോ മുഖങ്ങളും
ചീഞ്ഞളിഞ്ഞ മുഖത്തോട്
ചേർത്തുവെച്ച്
അച്ഛനല്ലെന്ന്,
മകനല്ലെന്ന്,
ഭർത്താവല്ലെന്ന്
തിരിച്ചറിഞ്ഞ്
ആശ്വസിച്ച്,
നെടുവീർപ്പിട്ട്
ഇനിയുമൊരനാഥശവ-
മൊഴുകിയടിയുംവരെ-
യൊരിടവേളയിലേക്കവർ
പിരിഞ്ഞുപോകുന്നു.
വീണ്ടുമോരോ രാത്രികൾ
കാലൊച്ചകൾക്ക് ,
ഫോൺ ചിലമ്പലുകൾക്ക്
കാതോർത്ത്
കാതോർത്ത് ...
ജനാധിപത്യത്തിന്റെ
വിശുദ്ധപുസ്തകത്തിൽ
ഏതേടുകളിലാണ്
കാണാതെ പോയവരെയെല്ലാം
അടയാളപ്പെടുത്തിവെയ്ക്കേണ്ടത് ?
ലാലു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo