
Part 1 - https://www.nallezhuth.com/2018/05/part1.html
" അരവിന്ദ് നീയെന്താ വിളിച്ചിട്ട് പെട്ടെന്ന് കാണണം എന്ന് പറഞ്ഞത് ".
" എടാ നീയെനിക്ക് ഒരു സഹായം ചെയ്ത് തരണം ".
" എന്താ നീ പറ ".
" ഇത് കേട്ടിട്ട് പറ്റില്ല എന്ന് മാത്രം പറയരുത് ".
" ഹാ , നീ കാര്യം പറ ".
" നീ എന്റെ കൂടെ ഒരിടം വരെ വരണം ".
" ഇത്രയെ ഉള്ളു. എവിടാ സ്ഥലം ".
" ആ പഴയ സെമിത്തേരിയില്ലേ അവിടെ ".
ഒരു ഞെട്ടലോടു കൂടി രാജീവ് തിരിച്ചു ചോദിച്ചു.
" എവിടെ സെമിത്തേരിയിലേക്കോ ".
" അതെ നിനക്കെന്താ പേടിയുണ്ടോ ?
ഉള്ളിൽ തോന്നിയ ഭയം മറച്ചു വച്ചു കൊണ്ട് രാജീവ് സംസാരിച്ചു.
" അങ്ങനെ പേടിയൊന്നും ഇല്ല. പക്ഷെ നാട്ടുകാർ ഓരോന്ന് പറയുമ്പോൾ ".
" നാട്ടുകാര് എന്ത് പറയുന്നു ".
" അല്ല ഈ പ്രേതം ആത്മാവ് ".
" ഹോ ! നാണമില്ലല്ലോ വലിയ ജേര്ണലിസ്റ്റാണെന്നു പറഞ്ഞ് നടക്കുന്നു. നിനക്കിതിലൊക്കെ വിശ്വാസം ഉണ്ടോ ?
" അതല്ല എന്നാലും ".
" ഒരെന്നാലും ഇല്ല. നമ്മൾ പോകുന്നു ഈ രാത്രി, ഇപ്പോൾ ഈ നിമിഷം. ഇനി നീ വരുന്നുണ്ടെങ്കിൽ വാ ഇല്ലെങ്കിൽ ഞാൻ തനിച്ച് പൊയ്ക്കോളാം ".
" അല്ല നീ നിൽക്ക്. നിനക്ക് ഈ രാത്രി തന്നെ അവിടെ പോകണോ. നാളെ പകൽ ആയി കൂടെ ".
" എടാ ആ സെമിത്തേരിയുടെ പുറകിൽ എന്തെക്കെയോ രഹസ്യങ്ങൾ മറഞ്ഞു കിടക്കുന്നുണ്ട്. ആ സെമിത്തേരിക്കും ജോസിന്റെ മരണവുമായി എന്തെക്കെയോ ബന്ധമുള്ളത് പോലെ ഒരു തോന്നൽ. ചിലപ്പോൾ അതെന്റെ വെറും സംശയം മാത്രമായിരിക്കും. അതുകൊണ്ടാണ് ഈ രാത്രി തന്നെ പോകാമെന്നു വച്ചത്. ഇനി നീ പറയുന്നത് പോലെ വല്ല സൂപ്പർനാച്ചുറൽ ആണെങ്കിൽ ഒന്ന് അറിഞ്ഞു കളയാം ".
അരവിന്ദിന്റെ പോലീസ് വാഹനം സെമിത്തേരി ലക്ഷ്യമാക്കി ചീറി പാഞ്ഞു. പള്ളിക്ക് മുമ്പിലെത്തിയ വാഹനം അരവിന്ദ് പെട്ടെന്ന് നിർത്തി.
" അരവിന്ദ് ആ പഴയ സെമിത്തേരി പള്ളിക്ക് കുറച്ചു കൂടി പിന്നിലായാണ്. അങ്ങോട്ടേക്ക് വണ്ടി പോകില്ല നടക്കേണ്ടി വരും. വണ്ടി ഇവിടെ കിടക്കട്ടെ ".
" ശരി നടക്കാം ".
" ഇവിടെ പള്ളിക്ക് പിന്നിലായി ഒരു ചെറിയ ഗേറ്റ് ഉണ്ട് നമ്മുക്ക് അതിലൂടെ അകത്തേക്ക് കടക്കാം ".
അടർന്നു വീണു കിടക്കുന്ന കരിയില കൂട്ടങ്ങൾക്കിടയിലൂടെ അവർ നടന്നു. പാദത്തിന്റെ ഓരോ ചലനങ്ങളും സൂക്ഷമതയോടെ വച്ച് , ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു അത്യാപതും മുന്നിൽ കണ്ട് അവരങ്ങനെ നടന്നു. പാദങ്ങൾക്കിടയിപ്പെട്ട് കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്‌ദം അവിടമാകെ നിറഞ്ഞ് നിന്നിരുന്ന നിശബ്തതയെ ഭേദിച്ചു. മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചം മാത്രമായിരുന്നു അവിടെ ആകെയുണ്ടായിരുന്ന പ്രകാശ ശ്രോതസ്സ്. ഇരുണ്ട് കൂടി നിന്നിരുന്ന കാർമേഘക്കൂട്ടങ്ങൾ രാത്രിയുടെ ഭീകരത വർദ്ധിപ്പിച്ചു കൊണ്ടിരുന്നു . ഇടയ്ക്കിടെ വീശിയടിച്ചു കൊണ്ടിരുന്ന തണുത്ത കാറ്റ് അവരിൽ കുളിരു കോരിയിട്ടുകൊണ്ടേയിരുന്നു. ഒരു നിമിഷം തങ്ങളെ ആരോ പിന്തുടരുന്നുണ്ട് എന്ന പ്രതീതി രാജിവനുണ്ടായി. എങ്കിലും പിന്നിലേക്ക് തിരിഞ്ഞു നോക്കാനുണ്ടായ ഭയം അയാളെ ആ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചു. തന്റെ സംശയം അയാൾ അരവിന്ദിനോട് പറഞ്ഞു. രണ്ടും കൽപ്പിച്ച് അരവിന്ദ് തിരിഞ്ഞു നോക്കി. പക്ഷെ അവിടെയെല്ലാം ശൂന്യമായിരുന്നു. കുറ്റാകൂരിരുട്ടല്ലാതെ മറ്റൊന്നും അരവിന്ദിനവിടെ കാണാൻ സാധിച്ചില്ല. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ അയാൾ അവിടെയെല്ലാം വിശദമായി തന്നെ പരിശോധിച്ചു. താനും രാജീവും അല്ലാതെ മറ്റൊരു മനുഷ്യ ജീവനും അവിടെയെങ്ങുമില്ലായെന്നു ഉറപ്പ് വരുത്തി.
പകച്ചു നിൽക്കാതെ അവർ വീണ്ടും അവരുടെ യാത്ര ആരംഭിച്ചു. പെട്ടെന്നായിരുന്നു മുമ്പിൽ നടന്നിരുന്ന അരവിന്ദിന്റെ കൈകളിലേക്ക് രാജീവ് കയറി പിടിച്ചത്. ഇത്തവണ അരവിന്ദും ഒന്ന് ഞെട്ടി. കാരണം അയാളും കേട്ടതാണ്. പിന്നിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്‌ദം. കൂടാതെ നടക്കും വിധം ഭീകരമായ ഒരു മുരൾച്ചയും. അവർ ഇരുവരെയും കൂടാതെ അവിടെ അവരോടൊപ്പം മറ്റെന്തോ കൂടി ഉണ്ടെന്ന് അയാൾക്ക് ബോധ്യമായി. അരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന തോക്ക് പുറത്തേക്കെടുത്ത് നീട്ടി പിടിച്ച് അയാൾ തിരിഞ്ഞു നോക്കി. പക്ഷെ പ്രതീക്ഷിച്ചതൊന്നും അയാൾക്കവിടെ കാണാൻ കഴിഞ്ഞില്ല. ഒരു ചിരിയോടു കൂടി അയാൾ തന്റെ റിവോൾവർ അരയിലേക്ക് തിരുകി.
അവർ കണ്ടത് ഒരു നായയെയായിരുന്നു. എങ്കിലും അതിന്റെ ചോരക്കണ്ണുകളും , ഉമിനീരിറ്റിറ്റു വീഴുന്ന പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവും കരിപിടിച്ച മൂർച്ചയേറിയ ദംഷ്ട്രകളും ആരെയും ഭയചകിതനാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു.
അത് വെറുമൊരു നായയാണെന്നുള്ള സത്യം തിരിച്ചറിഞ്ഞ രാജീവിന്റെ മുഖത്ത് ഇളഭ്യമായ ഒരു ചിരി മിനി മറഞ്ഞു. നിലത്ത് കിടന്നിരുന്ന ഒരു കല്ലെടുത്ത് അരവിന്ദ് നായയെ ഉന്നം വച്ചെറിഞ്ഞു. ഏറ് കൊണ്ട നായ കരഞ്ഞു കൊണ്ട് കുറ്റിക്കാട്ടിലെവിടെയോ ചാടി ഇരുട്ടിലേക്ക് മറഞ്ഞു. ആ മാത്രയിൽ അടുത്തു നിന്നിരുന്ന ഒരു വലിയ മരത്തിൽ നിന്നും ഒരു കടവവ്വാൽ ചിറകടിച്ചുയർന്നു. ഒരു നിമിഷം ആ ശബ്‌ദം ഇരുവരെയും ഭയപ്പെടുത്തി കളഞ്ഞു. ആ കടവവ്വാൽ രണ്ട് മൂന്ന് വട്ടം ആകാശത്തു വട്ടം ചുറ്റി എങ്ങോ പറന്നകന്നു. ഇത്രയും ആയപ്പോഴേക്കും രാജീവിന്റെ മനസിലെ ഭയം ഇരട്ടിച്ചു തുടങ്ങിയിരുന്നു. എങ്കിലും അയാളത് പുറത്ത് കാണിക്കാതെ അരവിന്ദിനോടൊപ്പം നടന്നു . ഒടുവിൽ അവരിരുവരും ആ പഴയ പള്ളി സെമിത്തേരിക്കകത്തേക്ക് എത്തി ചേർന്നു. പെട്ടെന്നായിരുന്നു രാജീവ് ആ കാഴ്ച കണ്ടത്. അതയാളെ പൂർണമായും തളർത്തി കളഞ്ഞു . അരവിന്ദിനെ വിളിക്കുവാനുള്ള ശബ്‌ദം പോലും അയാളുടെ നാവിൽ നിന്നും ഉയർന്നില്ല. ആ കാഴ്‌ച അയാളിലെ ഭയത്തെ അതിന്റെ ഉച്ചകോടിയിലെത്തിച്ചു കഴിഞ്ഞിരുന്നു. ഒരു വിധം അരവിന്ദിനെ തോണ്ടി വിളിച്ച് അവൻ ആ കാഴ്ച അയാളെ കാണിച്ചു കൊടുത്തു.
സെമിത്തേരിയിലെ ഒരു കല്ലറക്കു മുകളിൽ മാത്രം കത്തുന്ന മെഴുകുതിരി നാളങ്ങൾ , അതിന് സമീപം കരിമ്പടം പുതച്ച് കൂനി കൂടിയിരിക്കുന്ന ഒരു മനുഷ്യ രൂപവും. " ഈ അർദ്ധ രാത്രിയിൽ ഇതാരാണ് ഇവിടെ ". പല ചിന്തകളിലൂടെയും ആ ഒരു നിമിഷം അരവിന്ദിന്റെ മനസ്സ് കടന്ന് പോയി. രാജിവിനോട് ശബ്‌ദമുണ്ടാക്കരുത് എന്ന് വിരൽ കൊണ്ട് ആംഗ്യം കാണിച്ചിട്ട് ഉയർത്തി പിടിച്ച റിവോൾവറുമായി അരവിന്ദ് ആ രൂപത്തെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ രാജീവും . എന്നാൽ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഭയചകിതനായി മുന്നിലേക്ക് മാത്രം ശ്രദ്ധിച്ച രാജീവ് താഴെ പതിയിരുന്ന തടസങ്ങൾ ശ്രദ്ധിച്ചില്ല. നിലത്ത് ഒടിഞ്ഞു കിടന്നിരുന്ന ഒരു മരക്കമ്പിൽ തട്ടി അയാൾ മുന്നിലേക്ക് ഒരു നിലവിളിയോട് കൂടി ചെന്നു പതിച്ചു. ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കിയ ആ രൂപം സർവ്വ ശക്തിയുമെടുത്ത് ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ഒരു നിരാശയോട് കൂടി അരവിന്ദ് തന്റെ റിവോൾവർ താഴ്ത്തി.
" ശോ ! ചിലപ്പോൾ ഈ കേസിന്റെ നിർണായക തുമ്പാകുന്ന ഒന്നാണ് നഷ്ടമായത് ".
അരവിന്ദ് രാജീവിനെ നിലത്ത് നിന്നും താങ്ങിയെടുത്തു പിടിച്ചിരുത്തി.
" രാജീവ് നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ?
ഇല്ല , എടാ അത്.... അത്....
കത്തികൊണ്ടിരിക്കുന്ന മെഴുകുതിരി നാളങ്ങളിലേക്ക് വിരൽ ചൂണ്ടി രാജീവ് എന്തെക്കെയോ പറയാൻ ശ്രമിച്ചു. പക്ഷെ അയാളുടെ വാക്കുകൾ മുറിഞ്ഞു പോകുകയായിരുന്നു.
" എടാ നീ വിചാരിക്കുന്ന പോലെ അത് ആത്മാവും പിശാച്ചുമൊന്നും അല്ല. എടാ മണ്ടാ ഏതെങ്കിലും ആത്മാവ് സ്വന്തം കല്ലറയിൽ മെഴുകുതിരി കത്തിക്കുമോ. അല്ല എന്തെങ്കിലും ആത്മാവ് മനുഷ്യനെ കണ്ടാൽ ഓടി രക്ഷപ്പെടുമോ ? അല്ല , ആ ജോസിന്റെ ബോഡി കിടന്നിരുന്ന കല്ലറ എവിടെയാ ?
" ദാ അവിടെ ".
രാജീവ് വിരൽ ചൂണ്ടി. അയാളുടെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
രാജീവ് വിരൽ ചൂണ്ടി. അയാളുടെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
മെഴുകുതിരി നാളങ്ങൾ കത്തികൊണ്ട് നിന്നിരുന്ന ആ കല്ലറക്ക് നേരെ തന്നെയാണ് അയാൾ കൈ ചൂണ്ടിയത്. അരവിന്ദ് പതിയെ ആ കല്ലറക്ക് സമീപത്തേക്ക് നടന്നു. തൊട്ടു പിന്നാലെ രാജീവും.
നീല നിറത്തിൽ ജ്വലിച്ചു കൊണ്ടിരുന്ന മെഴുകുതിരി നാളം ഊതി കിടത്തിയിട്ട് അവ കൈകൊണ്ട് പിഴുതെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു അയാൾ.
" അരവിന്ദ് നീ നീയിതെന്താ കാണിക്കുന്നത് ".
" ഞാനോ ഞാൻ ഈ കല്ലറ ഒന്ന് തുറക്കാൻ പോകുന്നു ".
" ഡാ അത് വേണ്ട അത് അതാപത്താണ്. നമുക്ക് ഇവിടെ നിന്നും പോകാം ".
" രാജീവ് നീ പേടിക്കണ്ട ഇവിടെ ഒന്നും സംഭവിക്കില്ല. നീ എന്നോടൊപ്പം നിന്നാൽ മാത്രം മതി. ചിലപ്പോൾ എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇതിനകത്ത് നിന്നും ലഭിക്കും എന്ന് ഒരു തോന്നൽ ".
രാജീവിന്റെ വാക്കുകൾ അവഗണിച്ചു കൊണ്ട് അരവിന്ദ് ആ കല്ലറയുടെ കരിങ്കൽ കൊണ്ടുള്ള പ്രതലം വലിച്ചു നീക്കാൻ ആരംഭിച്ചു. വളരെ പ്രയാസമുള്ള ഒരു ജോലി തന്നെയായിരുന്നു അത്. അരവിന്ദിന്റെ പ്രയാസം കണ്ടിട്ട് രാജീവും അയാൾക്കൊപ്പം ചേർന്നു.
കല്ലറക്ക് മുകളിൽ കിടന്നിരുന്ന വലിയ കരിങ്കൽ പാളി വളരെ പ്രയാസപ്പെട്ട് അവർ വലിച്ചു നീക്കി. തുറന്ന കല്ലറക്കുളിൽ കണ്ട കാഴ്ച ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. വർഷങ്ങളോളം അടഞ്ഞു കിടന്നിരുന്ന കല്ലറക്കത്ത് പൊടി മണൽ മാത്രമേ അവശേഷിച്ചിരിക്കൂ എന്ന് വിശ്വസിച്ചിരുന്ന അരവിന്ദിനും തെറ്റി. പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. കാരണം അവരതിൽ കണ്ടത് അടക്കം ചെയ്ത് അധികം വർഷങ്ങൾ ആയിട്ടില്ലാത്ത ഒരു അസ്ഥിമഞ്ജരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. എങ്കിലും അധികം ആലോചിച്ചു സമയം കളയാതെ അരവിന്ദ് കല്ലറക്കുളിലേക്ക് ഇറങ്ങി. ആ അസ്ഥി കഷ്ണങ്ങളിൽ ചിലത് പെറുക്കിയെടുത്ത് കൈവശം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ സുരക്ഷിതമായി വച്ചു.
തിരിച്ചു മുകളിലേക്ക് കയറുന്നതിനിടയിൽ രാജീവ് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.
" അരവിന്ദ് മാറിക്കോ ".
മുകളിലേക്ക് നോക്കിയ അരവിന്ദ് കണ്ടത് വലിയ ശബ്‌ദത്തോട് കൂടി താഴേക്ക് പതിക്കുന്ന ഒരു വലിയ മരക്കൊമ്പാണ്. മുടിനാരിഴയുടെ വിത്യാസം , അയാൾ ചാടി മാറിയത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. മെല്ലെ വീശിയടിച്ചു കൊണ്ടിരുന്ന കാറ്റിന്റെ ഗതി വർദ്ധിച്ച് ഒരു കൊടുങ്കാറ്റായി രൂപാന്തരപ്പെട്ടു. ചെവികളിൽ തുളച്ചു കയറും വിധം ആകാശത്ത് വെട്ടിയ വെള്ളിടി അവരിരുവരെയും ഞെട്ടിച്ചു കളഞ്ഞു. ആ മിന്നൽ പിണരിന്റെ ശക്തി പ്രവാഹത്തിൽ അവർക്ക് സമീപം നിന്നിരുന്ന ഒരു പടുകൂറ്റൻ തെങ്ങ് കത്തി ചാമ്പലാവാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.
അരവിന്ദ് നമ്മുക്ക് എത്രയും വേഗം ഇവിടെ നിന്നും പോകാം. നോക്ക് നീ കാണുന്നില്ലേ ഇവിടെ നടക്കുന്നത്. ഇനി ഒന്നും ആലോചിച്ച് നിൽക്കാൻ സമയമില്ല.
" വേഗം വാ ".
അരവിന്ദിന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് രാജീവ് പുറത്തേക്കുള്ള ഗേറ്റ് ലക്ഷ്യമാക്കി ഓടി.
ഓടുന്നതിനിടയിൽ അരവിന്ദിന്റെ കാലുകളിൽ എന്തോ ഒന്ന് കുരുങ്ങി. നോക്കി നിന്നു സമയം കളയാതെ അയാളത് വലിച്ചെടുത്തു. അതൊരു ജപമാലയായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ അയാളത് തന്റെ പോക്കറ്റിലാക്കി.
മെല്ലെ മെല്ലെ കാറ്റിന്റെ വേഗത കുറഞ്ഞു വന്നു. ഒന്നും നടന്നിട്ടില്ലായെന്ന പോലെ അന്തരീക്ഷം തികച്ചും ശാന്തമായിരുന്നു.
തിരിച്ച് ബംഗ്ലാവിലെത്തിയ അരവിന്ദിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. സെമിത്തേരിക്കുളിൽ വച്ച് നടന്ന സംഭവങ്ങൾ അയാളെ കൂടുതൽ അസ്വസ്ഥമാക്കി ബംഗ്ലാവിലെ ആ വലിയ മുറിയിൽ മനസ്സിൽ അനേകം ചിന്തകളുമായി ലക്ഷ്യ ബോധമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാൾ.
അപ്പോഴാണ് തന്റെ പാന്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ച ആ ജപമാലയെ കുറിച്ച് അയാൾക്ക് ഓർമ്മ വന്നത്. അപ്പോൾ തന്നെ അയാളത് പരിശോധിച്ചു. ആരോ ഉപയോഗിച്ച് പഴകിപ്പോയ ജപമാല. അതിന്റെ കണ്ണികൾ പരസ്പരം അറ്റു പോയിരുന്നു. മനസിൽ ഉത്തരം കിട്ടാത്ത നൂറായിരം സംശയങ്ങളുമായി ആ ജപമാലയിലേക്ക് തന്നെ നോക്കി നിൽക്കുമ്പോഴാണ് അയാളത് കേട്ടത്. പുറത്തേക്ക് തുറന്നിട്ട ഒരു ജനൽ പാളി കാറ്റിന്റെ വേഗതക്കനുസരിച്ച് അടക്കുകയും തുറക്കുകയും ചെയ്യുന്നു. അയാൾ ആ പാളി വലിച്ചടച്ച് കുറ്റിയിട്ടു. ആ ജപമാല മേശയുടെ വലിപ്പിലേക്ക് വച്ചിട്ട് മുറി പൂട്ടി അരവിന്ദ് പുറത്തേക്കിറങ്ങി.
അയാൾ പുറത്തേക്കിറങ്ങി മുറിയുടെ വാതിൽ വലിച്ചടച്ച നിമിഷം തന്നെ അടഞ്ഞു കിടന്നിരുന്ന ആ ജനൽ പാളി കരകരാ ശബ്‌ദത്തോടു കൂടി തുറക്കപ്പെട്ടു. ജപമാല സൂക്ഷിച്ചിരുന്ന മേശയുടെ വലിപ്പും ആരോ വലിച്ചു തുറന്നാലെന്ന പോലെ തുറന്ന് വന്നു.
അധികം വിശേഷണങ്ങളൊന്നുമില്ലാതെ ഒരു പകൽ കടന്ന് പോയി. രാത്രി തീൻ മേശക്ക് ചുറ്റും വന്നിരുന്ന അരവിന്ദിനും അഞ്ജനക്കും സന്ധ്യ ഭക്ഷണം വിളമ്പി. അരവിന്ദിന്റെ പാത്രത്തിലേക്ക് ഇറച്ചി കഷ്ണങ്ങൾ വിളമ്പിയ ശേഷം അവൾ അഞ്ജനയുടെ പാത്രത്തിലേക്ക് വിളമ്പാൻ തുടങ്ങി.
" എന്നിക്ക് ഇത് വേണ്ട ".
ഇറച്ചി കഷ്ണങ്ങൾ കണ്ട അഞ്ജനയുടെ മുഖത്ത് തെളിഞ്ഞത് ഒരു തരം ബീഭത്സ ഭാവമായിരുന്നു. അറപ്പോടു കൂടിയാണവൾ പാത്രത്തിലേക്ക് നോക്കിയത് തന്നെ.
" നിനക്കിത് ഒരുപാട് ഇഷ്ടമാണല്ലോ ? എന്നുണ്ടാക്കിയാലും നീയല്ലേ കൂടുതൽ കഴിക്കുന്നത്. ഇപ്പൊ എന്താ ഇങ്ങനെ. കഴിക്ക് മോളെ ". ഇതും പറഞ്ഞ് സന്ധ്യ വീണ്ടും അവളുടെ പാത്രത്തിലേക്ക് ഇറച്ചി കഷ്ണങ്ങൾ വച്ച് കൊടുത്തു.
" എനിക്കിതു വേണ്ടന്നല്ലേ പറഞ്ഞത് ".
എന്നും പറഞ്ഞ് തന്റെ മുമ്പിലുണ്ടായിരുന്ന പത്രം അവൾ തട്ടി തെറിപ്പിച്ചു. ഭിത്തിയിൽ തട്ടി ചിന്നി ചിതറിയ ആഹാരം തറയാകെ വൃത്തിഹീനമാക്കി.
ഇതെല്ലാം കണ്ട് ഉള്ളിലെ ദേഷ്യവും സങ്കടവും അടക്കാനാവാതെ സന്ധ്യ അവളെ തല്ലാനായി കൈയുയർത്തി.
സന്ധ്യേ , എന്നുള്ള അരവിന്ദിന്റെ ഉച്ചത്തിലുള്ള വിളി അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
കസേര വലിച്ചു നീക്കിയിട്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ദേഷ്യത്തിൽ അഞ്ജന അവിടെ നിന്നും പോയി.
" സന്ധ്യേ നീയെന്താ ഇങ്ങനെ നിനക്ക് അവളുടെ അവസ്ഥ അറിയാവുന്നതല്ലേ ".
" അരവിന്ദ് നിങ്ങൾ കണ്ടതല്ലേ അവൾ കാണിച്ചത് ".
" ഓക്കേ ഓക്കേ എനിക്കതെല്ലാം മനസിലാകും. പക്ഷെ അവൾ. നീ പോയി അവളെ കൂട്ടി കൊണ്ടുവാ. അവൾ മുകളിലെങ്ങാനും കാണും ".
ഉം എന്ന് ഇരുത്തി മൂളിയിട്ട് സന്ധ്യ മുകളിലേക്കുള്ള ഗോവണി പടികൾ കയറി.
തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക