നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയാൾ

Image may contain: 2 people, people sitting

നേരം വൈകിയത് കൊണ്ട് തെരുതെരെ വാച്ചിൽ നോക്കിയാണ് ഞാൻ ലിഫ്റ്റിൽ നിന്നത്.ലിഫ്റ്റിൽ നിന്നിറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ വീട് പൂട്ടിയിരുന്നോ എന്ന് ആശങ്കപ്പെട്ടു.ഒൻപതാം നിലയിലേക്ക് തിരികെ പോയി സന്ദേഹം തീർക്കാനുള്ള സമയമില്ലാത്തത് കൊണ്ട് എതിർവശത്തു താമസിക്കുന്ന മെറ്റിൽഡയെ ഫോൺചെയ്തു നോക്കാൻ ഏൽപ്പിച്ചു.ഫ്ലാറ്റ് പൂട്ടി എന്നുറപ്പിച്ചു.വണ്ടിയോടിച്ചു കുറെയേറെ ദൂരം പിന്നിട്ടപ്പോൾ തലേന്ന് വണ്ടി റിസെർവിലായിരുന്നല്ലോ ഓടിച്ചു പോന്നതെന്നോർത്തു.രാവിലത്തെ ട്രാഫിക് ബ്ലോക്കിനിടയിൽ യൂ ടേൺ എടുത്തു പമ്പിൽ പോകാനുള്ള സമയമില്ലാത്തത് കൊണ്ട് അടുത്തു തന്നെയുള്ള മെട്രോ സ്റ്റേഷനിൽ വണ്ടി പാർക്ക് ചെയ്തു പടികൾ ഓടിയിറങ്ങി ട്രെയിൻ പിടിക്കാൻ പാഞ്ഞു.
മെട്രോയുടെ എന്റ്റി ഗേറ്റിൽ പേഴ്സ് മുട്ടിച്ചിട്ടും തുറക്കാതെ വന്നപ്പോൾ തലയിൽ അലാറം മുഴങ്ങി.മെട്രോ കാർഡ് എടുക്കാനും മറന്നിരിക്കുന്നു.ടോക്കൺ എടുക്കാനുളള നീണ്ട ക്യൂ കണ്ട് എനിക്ക് തലപെരുത്തു.ഓഫീസിൽ വിളിച്ച് വൈകും എന്ന് വിവരം പറഞ്ഞു സ്കൂട്ടർ എടുക്കാൻ തിരികെ പടികൾ കയറുമ്പോളാണ് എതിരെ പടികൾ ഇറങ്ങി വരുന്ന അയാളെ ഞാൻ കണ്ടത്.മരിച്ചാലും എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത മുഖം.ഞാൻ നിന്നു വിയർത്തു.അത് നവംബറിലെ കുളിരുള്ള പ്രഭാതമായിരുന്നിട്ടും.അയാളുടെ പിന്നാലെ ഞാൻ ഒരു അടിമയെ പോലെ തിരിച്ചു പടികളിറങ്ങി.അയാൾക്ക് പിന്നിലായി ടോക്കൺ ക്യൂവിൽ നിന്നു.
ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നിന്നിട്ടാണ് അയാളുടെ ഊഴം എത്തിയത്.
"ഏക് മലവ്യ നഗർ"
ഞാനും അത് തന്നെ ആവർത്തിച്ചു.ടോക്കണെടുത്തു ഗേറ്റിലേക്ക് നടന്നു.സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അല്പനേരം കാത്തു.ബാഗിൽ നിന്നും കത്രിക ഒഴിവാക്കാതെ അകത്തേക്ക് കയറ്റി വിടില്ലെന്ന് പറഞ്ഞ സെക്യൂരിറ്റി ഗാർഡ്നോട് മുറി ഹിന്ദിയിൽ അയാൾ തർക്കിച്ചു കൊണ്ട് നിൽക്കുന്നു.ഞാൻ പെട്ടെന്ന് അങ്ങോട്ട് ചെന്നു.അയാളെ പിടിച്ചു മാറ്റി നിർത്തി.ഗാർഡിനോട് ക്ഷമാപണം നടത്തി.കത്രിക കളയാതെ മെട്രോയിൽ യാത്ര ചെയ്യാനാവില്ലെന്നു അയാളെ പറഞ്ഞു മനസിലാക്കി. മലയാളം കേട്ടപ്പോൾ വലിയ ആശ്വാസം തോന്നുന്നു എന്ന് അയാളെന്നോട് നന്ദിയോടെ പറഞ്ഞു.
എന്നിട്ടും അയാളെന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ അയാൾക്ക് പിന്നാലെ നടന്നു.പെട്ടന്ന് അയാൾ തിരിഞ്ഞു നിന്ന് 'നിങ്ങൾ എവിടെ പോകുന്നു' എന്ന് ചോദിച്ചു.ഞാൻ മറുപടി പറയാതെ 'നിങ്ങൾ എവിടെ പോകുന്നു' എന്ന് തിരിച്ചു ചോദിച്ചു."സാകേത് കോർട്ട്"എന്നയാൾ പറഞ്ഞപ്പോൾ ഞാൻ കൗതുകം കണ്ണിൽ ഒളിപ്പിച്ചു കൊണ്ട് 'ഞാനും അങ്ങോട്ട് തന്നെ' എന്ന് കുസൃതിയോടെ ചിരിച്ചു.അപ്പോൾ എനിക്ക് പതിനേഴു വയസ്സാണെന്നെനിക്ക് തോന്നി.അയാൾ അത്ഭുതത്തോടെ ചിരിച്ചു.എനിക്ക് ഈ നഗരത്തിൽ ആരെയും പരിചയമില്ല.ഭാഷ അറിയില്ല എന്നൊക്കെ അയാൾ വാചാലനായി.അതിന് ശേഷം സെക്രട്ടറിയേറ്റിൽ ചില പേപ്പറുകൾ ശരിയാക്കാനുണ്ടെന്ന് അയാൾ പറഞ്ഞു.ഞാൻ മൂളി കേട്ടു.
ട്രെയിൻ വന്നു നിന്നപ്പോൾ വലിയ തിരക്കായിയിരുന്നു.അയാൾ എനിക്കൊപ്പം ട്രെയിനിൽ കയറി.ഹോസ് ഖാസ് സ്റ്റേഷൻ എത്തിയപ്പോൾ ഞാനയാളോട് വാതിലിന് അരികിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞു.ഞങ്ങൾ ഒന്നിച്ചു സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി. ഞാൻ കയറിയിരുന്ന,ഷെയർ ഓട്ടോയിൽ അയാളും കയറി.ആളുകൾ വന്നു കയറിക്കൊണ്ടിരുന്നു.ആള് നിറഞ്ഞപ്പോൾ ഓട്ടോ കുലുങ്ങിക്കുലുങ്ങി മുൻപോട്ട് നീങ്ങി.ഇടയ്ക്ക് മാക്സ് ഹോസ്പിറ്റലിന്റെ മുൻപിൽ ഓട്ടോ നിന്നു.അയാളെന്നോട് അവിടെ നിന്നും ഇനിയും കുറെ ദൂരമുണ്ടോ എന്ന് ചോദിച്ചു.ഇല്ലെന്ന് ഞാൻ ചുമലിളക്കി.കുറെ പേരിറങ്ങി.കുറെയേറെ പേർ കയറി.
വണ്ടിയിൽ ആളുകൾ തിരക്ക് കൂട്ടി.
സാകേത് കോർട്ടിനു മുൻപിൽ ഓട്ടോ നിന്നു.ഞാൻ ഇറങ്ങി.പിന്നാലെ അയാളും.
എനിക്ക് അവിടെ പോകേണ്ട ഒരു കാര്യവുമില്ലായിരുന്നു.ഞാൻ പൈഡ് പൈപ്പറുടെ പിന്നാലെ എലികൾ പോകുന്നത് പോലെ അയാൾക്ക് പിന്നാലെ ഒഴുകിയതാണ്.ഇനി എങ്ങോട്ട് പോകണം,എന്തു പറയണം എന്ന് ഞാനൊന്ന് പതറി.അയാൾ ധൃതിയിൽ ആരെയോ ഫോണിൽ വിളിച്ചു.ആ തക്കത്തിന് ഞാൻ അവിടുന്നു മാറിക്കളഞ്ഞു.അൽപദൂരം മാറി നിന്ന് അയാളെ നോക്കി.ഫോൺ പോക്കറ്റിൽ തിരുകി അയാൾ ചുറ്റും നോക്കുന്നുണ്ട്.എന്നെ തിരഞ്ഞതാവണം. അൽപ നേരം അവിടെ നിന്നിട്ട് അയാൾ ഗേറ്റ് നമ്പർ ഒന്നിൽ കൂടി അകത്തേക്ക് കയറി പോയി.
സമയം പത്തര കഴിഞ്ഞു.ഞാൻ ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു.ഒരു ലക്ഷ്യവുമില്ലാതെ മുന്നോട്ട് നടന്നു.സെലക്ട് സിറ്റി വോക്നു മുൻപിലെ ചാരുബെഞ്ചിലിരുന്ന് ചുറ്റും പതയുന്ന യൗവ്വനം കണ്ടു.
അയാൾ വല്ലാതെ തടിച്ചിട്ടുണ്ട്.താടിയിലും തലയിലും നര കയറിയിട്ടുണ്ട്.വിവാഹിതനായിരിക്കും.കുട്ടികൾ ഉണ്ടായിരിക്കും.തമ്മിൽ കണ്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട്.മേൽച്ചുണ്ടിലെ മറുക് അങ്ങനെ തന്നെയുണ്ട്.രോമം മൂടിയ വെളുത്ത കൈത്തണ്ട.ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കറുത്ത ചരട്.ചിരിക്കുമ്പോൾ ഇടത്തു കവിളിൽ തെളിയുന്ന നുണക്കുഴി.ചെറുതാകുന്ന കണ്ണുകൾ
വളവ് തിരിയുന്ന ചൂളം.ഒരു സൈക്കിൾ ബെല്ലിൽ തിളച്ചു തൂവുന്ന ഹൃദയം.മണ്ണിൽ നീളൻപാവാടത്തുമ്പിഴയുന്നു.മണ്ണ് പൊട്ടിച്ചിരിക്കുന്നു.പാദസരം കലമ്പുന്നു.റബ്ബർ മരങ്ങൾക്കിടയിൽ കരിയിലകളമരുന്നു.തണുപ്പ് പടരുന്നു.മധുരം കുടയുന്നു.
അയാളൊരുപക്ഷെ എന്നെ കണ്ടിരിക്കില്ല.മോഹിച്ചത് ഞാനാണ്.തമ്മിൽ സർപ്പങ്ങളെ പോലെ കെട്ടിപ്പുണരുന്നത് സ്വപ്നം കണ്ടത് ഞാനാണ്.ഓടിച്ചെന്ന് ചേർന്ന് നിൽക്കാൻ കൊതിച്ചത് ഞാനാണ്.മനസ്സിൽ വേരുപടർത്തി, ജലം തേടി ആഴത്തിലാഴത്തിൽ മുറിവ് വരുത്തി, എരിഞ്ഞും പുകഞ്ഞും സ്വയം തീർന്നത് ഞാൻ മാത്രമാണ്.
നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്ക് പറിച്ചു നട്ട് ഒടുവിൽ ഇവിടെ ജീവിതം വേരോടിത്തുടങ്ങി.ഓരോ നാട്ടിൽ പോക്കിനും ഞാൻ ഈ മുഖം പരതി.വൻ നഗരങ്ങളിൽ,തിരക്കിൽ,മാർക്കറ്റിൽ, ആരാധനാലയങ്ങളിൽ,ചരിത്രസ്മാരകങ്ങളിലൊക്കെ ചെന്ന് നിൽക്കുമ്പോൾ ഞാൻ വെറുതെ,വെറും വെറുതെ ഇവനെ തിരഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ ഇവിടെ വന്ന് ചേക്കേറുമ്പോൾ ഞാനുറപ്പിച്ചിരുന്നു.ഇവിടെ വെച്ചു ഞാൻ അവനെ കാണും.ഒരിക്കൽ തമ്മിൽ കണ്ടു മുട്ടുക തന്നെ ചെയ്യും.
കണ്ടപ്പോൾ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.എന്നെ ഒന്ന് പരിചയപ്പെടുത്താൻ പോലും കഴിഞ്ഞില്ല.നമ്മൾ ഒരേ നാട്ടുകാരാണ് എന്ന് പോലും പറയാൻ സാധിച്ചില്ല.അവനെ കണ്ട മാത്രയിൽ എനിക്ക് വേരുകൾ വന്നു.ഞാൻ മരമായി.ചില്ലകൾ നീട്ടി.തളി രിട്ടും പൂവിട്ടും തലനീട്ടിയും വേരുകൾ പടർത്തിയും ഞാൻ തറഞ്ഞു നിന്നു.പിന്നെ ഞാനൊരു പക്ഷിയായി.ചിറകുകൾ വന്നു.പറന്ന് പറന്ന് ആകാശമേറി. ഞാൻ മാനായി.ഞാൻ കുതിച്ചു.മയിലായി. പീലി വിടർത്തിയാടി.ഞാൻ മഴമേഘമായി.നിന്നു പെയ്തു.കാറ്റായി, മിന്നലായി. എന്റെ ആത്മാവ് നിന്ന് കത്തി.ഞാനെന്റെ മക്കളെ മറന്നു.ഭർത്താവിനെ മറന്നു.എനിക്ക് വീടുണ്ടെന്നത് മറന്നു.സമയം കടന്ന് പോയത് മറന്നു.ഇരുൾ വന്നു മൂടിയപ്പോൾ ഞാൻ പിടഞ്ഞെണീറ്റു.
എന്റെ ഫോണിൽ അനേകം മിസ്സ്‌കോളുകൾ വന്ന് കിടപ്പുണ്ടായിരുന്നു.എന്റെ ഭർത്താവ് പേടിച്ചരണ്ട് എന്നെ തിരക്കി നടക്കുകയായിരുന്നു.മക്കൾ അമ്മയെ വിളിച്ചു കരയുകയായിരുന്നു.എന്റെ മക്കൾ,വീട് എന്നൊക്കെ ഞാൻ ആശങ്കപ്പെട്ടു.ഞാൻ ഒരു ടാക്സി ബുക്ക് ചെയ്തു കാത്തു നിന്നു.ഭർത്താവിനോട് കുറെ നുണകൾ പറഞ്ഞു.ഫോണിൽ മക്കളുടെ ഫോട്ടോ നോക്കി കുറെ നേരം നിന്നു.വണ്ടിയിൽ കയറി ഇരുന്ന് കുറേ കരഞ്ഞു.ഇടയ്ക്ക് ഡ്രൈവർ തിരിഞ്ഞു നോക്കി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തിരക്കി.ഇല്ലെന്ന് ഞാൻ പറഞ്ഞു.കണ്ണു തുടച്ചു.പിന്നെയും കണ്ണുകൾ പൊട്ടിയൊലിച്ചു.
പിറ്റേന്ന് നേരം വെളുത്തു.മക്കളെ സ്കൂളിൽ അയച്ച്,ഭർത്താവിന് ഭക്ഷണം പാക്ക് ചെയ്തു കൊടുത്തു ഞാൻ ജോലിക്ക് പോകാൻ തയാറായി.സുഖമില്ലെങ്കിൽ ഇന്ന് പോകണ്ട എന്ന് പോകും മുൻപ് ഭർത്താവ് ഓർമ്മിപ്പിച്ചു.
സ്കൂട്ടർ മെട്രോ സ്റ്റേഷനിലായത് കൊണ്ട് ഞാൻ നടന്നു.നടക്കുമ്പോൾ കടന്നു പോകുന്ന ഓരോ മുഖവും ഞാൻ തിരഞ്ഞു.
എതിരെ വരുന്ന ഓരോരുത്തരെയും തുറിച്ചു നോക്കി.കിതച്ചും ഇരച്ചും വന്നു നിന്ന ചുവന്ന ഡി. റ്റി. സി ബസിൽ കയറി.ടിക്കറ്റ് എടുത്ത് സീറ്റിൽ വന്നിരുന്നു.പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു.അടുത്ത സ്റ്റോപ്പിൽ വണ്ടി നിന്നു.ആളുകൾ കയറി.തൊട്ടടുത്ത സീറ്റിൽ അയാൾ വന്നിരുന്നു.ഞാൻ തളർന്നു.എനിക്ക് വേരുകൾ വന്നു.ഞാൻ മരമായി.മിന്നലായി,വെയിലായി,മയിലായി,മാനായി.ഞാൻ നിന്ന് കത്തി
അയാൾ ചിരിച്ചപ്പോൾ മേൽചുണ്ടിലെ മറുക് വിടർന്നു.നുണക്കുഴി തെളിഞ്ഞു. കണ്ണുകൾ ചെറുതായി.
മൃദുവായി അയാളെന്നെ വിളിച്ചു
"തുഷാരാ"
നാല്‌ ദിക്കുകളിലും തട്ടി അതെന്നിലേക്ക് തന്നെ തിരികയെത്തി.കണ്ണ് നീര് വന്നെന്റെ കാഴ്‌ച മൂടി.ഞാൻ നിന്നു പെയ്തു.
നിജു ആൻ ഫിലിപ്പ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot