Slider

പ്രായപൂർത്തി


ഏട്ടാ... നാളെ നമ്മുടെ മോളുടെ പിറന്നാളാണ്....''
പ്ലാസ്റ്റിക് കൊണ്ടുള്ള മുല്ലപ്പൂ മാല ചാർത്തിയ, തടികൊണ്ട് ഫ്രെയിം ചെയ്ത അശോകിന്റെ ഫോട്ടോയിലേയ്ക്ക് നോക്കിക്കൊണ്ട് നന്ദിത തുടർന്നു.
'' ഏട്ടനറിയാമോ... എന്റെ നെഞ്ചിലെ തീ...
പ്രായപൂർത്തിയായ പെണ്ണാണവൾ. പ്രായത്തിൽ കവിഞ്ഞ വളർച്ചയുമുണ്ട്. പക്ഷേ ബുദ്ധിയ്ക്ക് വളർച്ചയില്ലല്ലോ. പതിനെട്ടു വയസ്സായെങ്കിലും, അഞ്ചു വയസ്സിന്റെ ബുദ്ധി തന്നെയാണിപ്പോഴും നമ്മുടെ മോൾക്ക്.
അതെങ്ങനെയാ... ഏട്ടന് എന്റെ ഭയം ഒന്നും അറിയേണ്ടല്ലോ...., ഏട്ടൻ ഒന്നും പറയാതെയല്ലേ ഞങ്ങളെ ഇട്ടേച്ച് പോയത്. തൊട്ടരികത്ത് ഉണ്ടായിരുന്നല്ലോ ഞാനും മോളും. എന്നിട്ടും ഒരു ശബ്ദം പോലും ഉണ്ടാക്കാതെ പോയില്ലേ ..
ഒന്നു നിറുത്തിക്കൊണ്ടവൾ തുടർന്നു,
ഏട്ടനറിയാമോ ... ഏട്ടൻ പോയ അന്നു മുതൽ ഇന്നുവരെ അവളെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ബുദ്ധിമുട്ട്. ഏട്ടന്റെ ജോലി എനിക്കു കിട്ടിയെങ്കിലും, എനിക്ക് മോളെ ഒറ്റയ്ക്കാക്കി ജോലിയ്ക്ക് പോകാൻ പേടിയായിരുന്നു ഏട്ടാ... സ്പെഷ്യൽ സ്കൂളിൽ മോളെ ചേർത്തെങ്കിലും, അവൾ എന്തുമാത്രം കരച്ചിലും, ബഹളവുമായിരുന്നു. അവളുടെ ടീച്ചർക്കു പോലും മടുത്തു. ഒരു നാൾ എന്നോട് പറഞ്ഞു, എവിടെയെങ്കിലും കൊണ്ടു പോകാൻ.
എന്തു ചെയ്യും എന്ന് വിഷമിച്ചിരിക്കു മ്പോഴാണ്, എന്റെ ഓഫീസിനടുത്തുള്ള, കന്യാസ്ത്രീകൾ നടത്തുന്ന ഡേ കെയറിനെക്കുറിച്ച് അറിയുന്നത്. അവിടെ പോകാൻ ഞാൻ തീരുമാനിച്ചു, യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല..., എങ്കിലും അവിടെ പോയി , എന്റേയും, മോളുടേയും അവസ്ഥയുമടക്കം, എല്ലാ വിവരങ്ങളും അവരോട് പങ്കുവച്ചപ്പോൾ, അവർ നമ്മുടെ മോളെ നോക്കിക്കൊള്ളാമെന്നു പറഞ്ഞപ്പോൾ, എനിക്കെന്തു ആശ്വാസമായെന്നോ .
ഡേ കെയറിൽ അവൾ മിടുക്കി യായിട്ടാണ് ഇരിക്കുന്നത് എന്നും , ഒരു പ്രശ്നവും അവൾ ഉണ്ടാക്കുന്നില്ല എന്നും ആ കർത്താവിന്റെ മണവാട്ടിമാർ പറഞ്ഞപ്പോൾ എന്തുമാത്രം ആഹ്ളാദം തോന്നി എന്ന് ഏട്ടനറിയാമോ....
അവളെ അവിടെ ആക്കുമ്പോൾ, അവൾക്കിഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ ഡ്രോയിംഗ് ബുക്കും, ചായപ്പെൻസിലുകളും എല്ലാം അവളുടെ ബാഗിൽ വയ്ക്കാറുണ്ട്. ഓരോന്നിനും അവൾ ചായം കൊടുക്കുമ്പോൾ എന്തു ഭംഗിയാണ് കാണാൻ.
പിന്നെ ഏട്ടാ....അവളെയും കൊണ്ട് ഞാൻ പോകുമ്പോൾ ഓരോരുത്തരുമാർ നോക്കുന്ന നോട്ടം കാണണം.
ചിലർ അടക്കം പറയുന്നതു കേൾക്കാം, ആ സ്ത്രീയ്ക്ക് ഇതിനേയും കൊണ്ട് നടക്കുന്നത് എന്തിനാണെന്നും , വീട്ടിൽ ചങ്ങലയ്ക്കിട്ടിരുന്നു കൂടെ എന്നും. ഇതൊക്കെ കേൾക്കുമ്പോൾ ഒരമ്മയുടെ വേദന അവർക്ക് മനസ്സിലാകില്ലല്ലോ...
വേറെ ചിലർ ആണെങ്കിൽ, ഒരു തരം നോട്ടമാണ്. ആർത്തിപ്പിടിച്ചുള്ള നോട്ടം.,
സത്യത്തിൽ ഇതു കാണുമ്പോഴാണ് എന്റെ നെഞ്ചിലെ തീയാളുന്നത്. ഈ നോട്ടങ്ങളുടെ അർത്ഥം, ശരിയേതെന്ന്, തെറ്റേതെന്ന് തിരിച്ചറിയാൻ അവൾക്ക് കഴിയില്ലല്ലോ. അവൾക്ക് എല്ലാവരേയും നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കാനും, ദേഷ്യം വന്നാൽ ദേഷ്യപ്പെടാനും മാത്രമല്ലേ അറിയുകയുള്ളൂ.
ദിവസവും പത്രത്തിൽ വരുന്ന വാർത്തകൾ കാണുമ്പോൾ, 'മന്ദബുദ്ധി' എന്ന് ആളുകൾ വിളിക്കുന്ന നമ്മുടെ മോളെ ഓർത്ത് , അവളുടെ സുരക്ഷിതത്വത്തെ ഓർത്ത് എനിക്ക് വേവലാതിയാണ് ഏട്ടാ....
ങ്ഹാ....ഏട്ടാ... നേരം കുറെയേറെയായി. നമ്മുടെ മോള് ഉറങ്ങുന്നതു കണ്ടോ. ഞാൻ പോയി അവളുടെ കൂടെ കിടക്കട്ടെ. അല്ലെങ്കിൽ അവൾ പേടിക്കും. നാളെ നമുക്ക് സംസാരിക്കാട്ടോ .''
കുറച്ചു നേരം കൂടി തന്റെ ഭർത്താവിന്റെ ഫോട്ടോയിൽ നോക്കിയതിനു ശേഷം , ഒരു നെടുവീർപ്പോടു കൂടി നന്ദിത ലൈറ്റ് ഓഫ് ചെയ്ത് മോളുടെ അടുത്ത് കിടന്നു.

പിറ്റേന്ന് നന്ദിത നേരത്തെ എഴുന്നേറ്റു. മോളേയും എഴുന്നേല്പ്പിച്ച് , കുളിച്ച്, മോളെ പിറന്നാളിനു വേണ്ടി വാങ്ങിച്ചു വച്ചിരുന്ന ചുരിദാർ ധരിപ്പിച്ച്, രണ്ടു പേരും കൂടി അമ്പലത്തിൽ പോയി.
അതിനു ശേഷം , പതിവുപോലെ അവളേയും കൊണ്ട് ഡേ കെയറിൽ ആക്കിയിട്ട്, പിറന്നാളിന്റെ മധുര പലഹാരങ്ങൾ അവിടെ എല്ലാവർക്കും കൊടുക്കാൻ ഏല്പിച്ചു.
ഉച്ചയ്ക്കു ശേഷം നന്ദിത അവധിയെടുത്ത് മോളേയും കൊണ്ട് വീട്ടിലേയ്ക്ക് പോന്നു.
വീട്ടിലെത്തി, പിറന്നാളിന്റെ ഭാഗമായി രാത്രിയിൽ കഴിക്കാനായി, ചോറും, അവിയലും, തോരനും, സാമ്പാറും, മെഴുക്കുപുരട്ടിയും, തയ്യാറാക്കി. രണ്ടു പേർക്ക് മാത്രമുള്ളതിനാൽ പെട്ടെന്നു തന്നെ അവളുടെ പണികൾ കഴിഞ്ഞു. കൂടാതെ, മോൾക്ക് ഏറെയിഷ്ടമുള്ള പാലട പ്രഥമനും തയ്യാറാക്കി , പിന്നെ എന്തോ ഓർത്തിട്ടെന്നപ്പോലെ, നന്ദിത മുറിയിൽ പോയി അവിടെ മേശപ്പുറത്ത് വച്ചിരുന്ന തന്റെ ഹാൻഡ് ബാഗിൽ നിന്ന് , ഒരു ഡപ്പി പുറത്തെടുത്തു.
ഉറക്കഗുളികകൾ അടങ്ങിയ ഡപ്പിയായിരുന്നു അത്. ഉറക്കമില്ലാത്ത രാവുകളെ തോല്പ്പിക്കാനായി അവൾ ഉറക്കഗുളികകളെ ആശ്രയിച്ചിരുന്നു.
അതും കൊണ്ട്, അവൾ വേഗം അടുക്കളയിലേയ്ക്ക് വന്ന്, ഡപ്പിയുടെ അടപ്പ് തുറന്ന് അതിലുള്ള ഗുളികകളെല്ലാം , ആ ചൂടുള്ള പായസത്തിലേയ്ക്ക് കുടഞ്ഞിട്ടു. ഗുളികകൾ പൂർണ്ണമായും അലിയുന്നതുവരെ , ഓരോന്നോർത്തു, ഇടയ്ക്കു വന്ന കണ്ണുനീർ തുടച്ചു , ടിസ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ടിരുന്നു.
അത്താഴത്തിന്റെ സമയമായപ്പോൾ, ഡ്രോയിംഗ് ബുക്കിൽ , കളർ പെൻസിൽ ഉപയോഗിച്ച് കളർ കൊടുക്കുകയാ യിരുന്ന കാർത്തിക മോളെ , നിർബന്ധിച്ച് വിളമ്പി വച്ചിരുന്ന ചോറ് , ഉരുളകളാക്കി, കഥകൾ പറഞ്ഞു, വാരിക്കൊടുത്തതിനു ശേഷം നന്ദിതയും കഴിച്ചു. പിന്നീട് പായസമെടുത്ത് , മോൾക്ക് കുടിക്കാൻ കൊടുത്തുകൊണ്ട് അവൾ ചോദിച്ചു,
മോളേ... മോൾക്കറിയാമോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത...?
ഉം... എന്താ ..?
രാവിലെ അമ്മ പറഞ്ഞതു മറന്നു പോയോ?
ഉം.... ഹും...
അതേയ് മോളുടെ പിറന്നാളാണെന്ന്...
അതു കേട്ടിട്ട് ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു,
' അമ്മേ ഈ പിറന്നാൾ എന്നു പറയുന്നത് എന്താ ....?'
'മോള് അമ്മയുടെ വയറ്റിൽ നിന്നും ഉണ്ടായ ദിവസം.' അവളുടെ കൈ പിടിച്ച്, തന്റെ വയറിൽ അമർത്തിപ്പിടിച്ചു കൊണ്ട് നന്ദിത പറഞ്ഞു.
അമ്മയുടെ മറുപടി കേട്ട്, കാർത്തിക വാ പൊത്തിപ്പിടിച്ചു ചിരിച്ചു.
ങ്ഹാ...പിന്നെ മോളെ നമുക്ക് ഒരു യാത്ര പോകാട്ടോ.... നന്ദിത മോളെ തഴുകിക്കൊണ്ട് പറഞ്ഞു.
അവൾ സംശയത്തോടെ നന്ദിതയെ നോക്കി.
മോൾക്ക് അച്ഛനെ കാണണ്ടേ.....
ആം....
എന്നാലേ മിടുക്കിയായിട്ടു ഈ പായസം വേഗം കുടിയ്ക്ക് . നമുക്ക് അച്ഛനെ കാണാൻ പോകാം ട്ടോ....
അവൾ ആസ്വദിച്ച് പായസം കുടിക്കുന്നത് നന്ദിത നിർന്നിമേഷയായി നോക്കിയിരുന്നു. പിന്നെ അവൾ അല്പാല പമായി പായസം കുടിക്കാനാരംഭിച്ചു.
രണ്ടു പേരും പായസം കഴിച്ചതിനു ശേഷം, പാത്രങ്ങളെല്ലാം കഴുകി വച്ച്, മോളേയും കൂട്ടി റൂമിലേയ്ക്ക് വന്ന്, അവളെ കട്ടിലിൽ ഇരുത്തിയിട്ട് ,
'അമ്മയിപ്പം വരാട്ടോ' എന്നു പറഞ്ഞു നന്ദിത ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അശോകിന്റെ ഫോട്ടോയുടെ അടുത്തേയ്ക്ക് ചെന്ന്, അതിൽ നോക്കിക്കൊണ്ട് പറഞ്ഞു,
'ഏട്ടാ... ഞങ്ങൾ ഏട്ടന്റെ അടുത്തേയ്ക്ക് വരുവാണ്. മോൾക്ക് അച്ഛനെ കാണണം എന്നാഗ്രഹമുണ്ട്. ഏട്ടൻ എന്നോട് ദേഷ്യം കാണിക്കരുത് ട്ടോ... നമ്മുടെ 'ബുദ്ധിയ്ക്ക് സ്ഥിരതയില്ലാത്ത ' മോളെ, ഇവിടെ , അമ്മയെന്നോ, സഹോദരിയെന്നോ തിരിച്ചറിയാത്ത മനോരോഗികൾ കഴിയുന്ന ഈ ലോകത്ത് ജീവിക്കാൻ വിടാൻ അമ്മയെന്ന നിലയിൽ എനിക്കു പേടിയാ ഏട്ടാ.... '
ദേ ... മോൾ കാത്തിരിക്കുന്നത് കണ്ടോ... ഇനി ഞാനൊന്നു കിടക്കട്ടെട്ടോ...നേരിൽ കാണുമ്പോൾ ഒത്തിരി വിശേഷങ്ങൾ എനിക്ക് ഏട്ടനോട് പറയാനുണ്ട് . '
തളർച്ച തോന്നിത്തുടങ്ങിയ നന്ദിത , വേച്ചു നടന്ന്, മുറിയിലെ ലൈറ്റണച്ച്, മകളെ തന്നോടു ചേർത്തു കിടത്തിയതിനു ശേഷം , അവളുടെ മൂർദ്ധാവിൽ ഉമ്മ വച്ചു.
മോളെ ചേർത്തു കിടത്തുമ്പോൾ തന്നെ അവളുടെ ശരീരത്തിന് ഭാരക്കുറവ് വന്നതായി നന്ദിതയ്ക്ക് തോന്നി. അവളുടെ നെറ്റിയിൽ തലോടിയപ്പോൾ , വിയർപ്പുകണങ്ങൾ പൊടിഞ്ഞു കൊണ്ടിരിക്കുന്നതായി കണ്ട്, നന്ദിത തലയിണയ്ക്കിടയിൽ വച്ചിരുന്ന ഒരു തുണിയെടുത്ത് , ആ വിയർപ്പുകണങ്ങൾ ഒപ്പിയെടുത്തതിനു ശേഷം , അവളുടെ ചുമലിൽ തട്ടിക്കൊണ്ടിരുന്നപ്പോൾ, ഒരു തരം തണുപ്പ് മോളുടെ ദേഹത്ത് പടരുന്നതായി അറിയാൻ കഴിഞ്ഞു. അവളെ തന്നോട് ചേർത്ത് മുറുക്കെപ്പിടിച്ചു കൊണ്ട്, നന്ദിത മോളുടെ കാതിൽ പറഞ്ഞു,
'നമ്മൾ അച്ഛന്റ അടുത്തേയ്ക്ക് പോകുവാണ്. മോൾ പേടിയ്ക്കണ്ട. അമ്മയുണ്ട് കൂട്ടിന്. അമ്മ മോൾക്ക് പാട്ട് പാടിത്തരാട്ടോ. നന്ദിത പതിഞ്ഞ സ്വരത്തിൽ മോൾക്ക് ഏറെയിഷ്ടമുള്ള , താരാട്ടുപാട്ട് പാടി.
'' ചാഞ്ചാടിയാടി ഉറങ്ങൂ നീ....
ചെരിഞ്ഞാടിയാടീ ഉറങ്ങൂ നീ
ആകാശത്തൂഞ്ഞാലാടൂ നീ ..
കാണാക്കിനാക്കണ്ടുറങ്ങൂ നീ...'
അവൾക്ക് പാട്ട് മുഴുമിപ്പിക്കാനായില്ല. അവളുടെ നാവു കുഴഞ്ഞു. മോളോടൊപ്പം, നന്ദിതയും അവളുടെ ഭർത്താവിനെ, മോളുടെ അച്ഛനെ കാണാനുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.
സുമി ആൽഫസ്
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo