ലൂസിഫർ - താരത്തിളക്കത്തോടെയുള്ള മാസിന്റെ പൊടിപൂരം

Image may contain: Saji Varghese, standing and outdoor

By സജി വർഗീസ്
ലൂസിഫർ നല്ല ഒന്നാന്തരം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ കച്ചവടസിനിമയെന്ന് പറയാം.
മോഹൻലാൽ എന്ന മഹാനടന്റെ പ്രേക്ഷകർ ആഗ്രഹിച്ചരീതിയിലുള്ള പ്രകടനമാണ് സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിലൂടെയുണ്ടായത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തെ ആവാഹിച്ചെടുക്കുന്നതിൽ താരരാജാവ് വിജയിച്ചിരിക്കുന്നു.
പി. കെ, ആർ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ മരണവും, ഐ യു എഫ് എന്ന രാഷ്ട്രീയ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കുവാനും അതിലൂടെ തന്റെ അധോലോകം കേരളത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള ബിമൽനായർ എന്ന ബോബിയുടെ (വിവേക് ഒബ്റോയ് ) തന്ത്രങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്..പി.കെ.ആർ ന്റെ മകൾ പ്രിയദർശിനിയുടെ (മഞ്ജു വാര്യർ ) രണ്ടാം ഭർത്താവാണ് ബോബി.ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന മീഡിയ ആക്ടിവിസ്റ്റിന്‍റെ വിവരണത്തിലൂടെയാണ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ആദ്യ അരമണിക്കൂറിനുള്ളിൽ പരിചയപ്പെടുത്തുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി ഒരു രക്ഷകനായ് അവതരിക്കുന്നതും അതിനിടയിലുള്ള സംഘട്ടനങ്ങളും രാഷ്ട്രീയ ചതുരംഗക്കളികളെല്ലാം സിനിമയിലൂടെ കാണിക്കുന്നു,
വർത്തമാനകാല രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിന് ഫണ്ട് ഒഴുക്കുന്നത് കള്ളപ്പണക്കാരും മയക്കുമരുന്ന് അധോലോകവും സ്വർണക്കള്ളക്കടത്തുകാരുമാണെന്ന യാഥാർത്ഥ്യം സിനിമയിലൂടെ അനാവരണം ചെയ്യുന്നു,
രാഷ്ട്രീയത്തിലെ ഉന്നതനേതാക്കൾ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടും രാഷ്ട്രിയനാടകങ്ങളും സ്ത്രീകളെ രാഷ്ട്രീയ ആവശ്യത്തിനായ് കപടവേഷം കെട്ടിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതിലൂടെ നിശിതമായവിമർശനത്തിന് കേരള രാഷ്ട്രീയംവിധേയമാകുന്നു
.
സിനിമയിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെ ധാർമ്മികതയും മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്.
വിവേക് ഒബ്റോയി ബോബിയെന്ന വില്ലൻ കഥാപാത്രത്തിലൂടെ അസാമാന്യമായ പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവയ്ക്കുന്നത്.
ഒരു സ്വീറ്റ് വില്ലൻ എന്ന് തന്നെ പറയാം.
ഒരു ഘട്ടത്തിൽ നായകനേക്കാൾ ഒരു പടി മുന്നിൽനിൽക്കുന്ന അഭിനയമാണ് വിവേക് ഒബ്റോയ് കാഴ്ചവച്ചത്.
മുന്നിൽനിന്ന് നയിക്കുന്ന ജന നേതാവായ് മോഹൻലാലിന്റെ ആ നടന്നുവരവ് ഒരു മാസ് തന്നെയായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രമായ് മാറുകയായിരുന്നു അദ്ദേഹം.ആ കണ്ണുകളിലെ ചലനങ്ങളിൽ പോലുമുണ്ട് മുഴുവൻ കരുത്തും. പൃഥ്വിരാജ്ന്റെ ഗസ്റ്റ് റോൾ ഭംഗിയായ് തന്നെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.
ടോവിനോയുടെ അഭിനയവും ശക്തമായ കഥാപാത്രത്തെ ഉൾക്കൊണ്ടായിരുന്നു,
മഞ്ജുവാര്യരും വളരെ വികാരതീവ്രമായ അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവച്ചത്
മുരളിഗോപിയുടെ ശക്തമായ തിരക്കഥയും പൃഥിരാജിന്റെ സംവിധാ ന മികവും ഒത്തുചേർന്നപ്പോൾ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് ലഭ്യമാകുന്നത്.
ഓരോ സീനിലും നിർത്താതെയുള്ള കരഘോഷം, നീളൻ ഡയലോഗുകളില്ലാതെ എന്നാൽ കാണികളെ ഹരംകൊള്ളിക്കുന്ന സംഘട്ടനരംഗങ്ങളും ഐറ്റംഡാൻസും സിനിമയുടെ മാറ്റ് കൂട്ടുന്നു, സുജിത് വാസുദേവിന്റെ ഛായാഗ്രഹണമികവും എടുത്തു പറയേണ്ടിയിരിക്കുന്നു. അത്രയ്ക്കും പ്രതിഭയാർന്ന ഫ്രെയിമുകളാണ് അദ്ദേഹത്തിന്റേത്. സായ്കുമാറും വർമ്മസാർ എന്ന നേതാവിലൂടെ സ്ഥിരം അഭിനയപാടവം കാഴ്ചവച്ചു.
മലയാളികൾക്ക് മോഹൻലാൽ ഒരു വികാരമാണ്. ആരാധകരുടെ ഹൃദയനായകന്റെ മാസ് ലുക്ക് ഉപയോഗപ്പെടുത്തി മലയാളത്തിലെ പ്രിയയുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് ചെയ്തിരിക്കുന്നത്.
വലിയതിന്മയെ ചെറിയതിന്മകൊണ്ട് പരാജയപ്പെടുത്തുകയെന്നതാണ് സിനിമയിലൂടെ വ്യക്തമാകുന്നത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, സ്വർഗ്ഗത്തിൽനിന്നും പുറത്താക്കപ്പെട്ട ദൈവദൂത മാലാഖയായ ലൂസിഫറിന്റെ നാടാണെന്ന് പറയുന്നതിലൂടെ വ്യക്തമാകുന്നത് ചീഞ്ഞളിഞ്ഞ അധികാരരാഷ്ട്രീയത്തിന്റെ തിന്മകൾ സൃഷ്ടിച്ച സാമൂഹികാവസ്ഥയുടെ ഫലമായ് ദൈവം അപ്രത്യക്ഷമായിരിക്കുന്നു, എവിടെയും സാത്താന്മാർ നിറഞ്ഞിരിക്കുന്നു, ലൂസിഫറുമാരുടെ നാട്. അങ്ങിനെയുള്ള നാട്ടിൽ വലിയ തിന്മയെ ഇല്ലാതാക്കുന്ന ചെറിയ തിന്മയുടെ ലൂസിഫർ.
ലൂസിഫർ ഒരു അവാർഡ്‌ സിനിമയോ, ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു കുടുംബചിത്രമോ അല്ല.എന്നാൽ ആക്ഷൻ രംഗങ്ങളും മാസിന്റെ പൊടിപൂരവുമായെത്തുന്ന ലൂസിഫറിനെ കാണുവാൻ കുടുംബ പ്രേക്ഷകരുടെ ഒഴുക്കുണ്ടാകുമെന്നുറപ്പാണ്.
സജി വർഗീസ്
Copyright protected.
ലൂസിഫർ
സംവിധാനം പൃഥ്വിരാജ്
നിർമ്മാണം ആന്റണി പെരുമ്പാവൂർ
രചന മുരളി ഗോപി
സംഗീതം ദീപക് ദേവ്
ഛായാഗ്രഹണം സുജിത് വാസുദേവ്
ചിത്രസംയോജനം സാംജിത്ത് മുഹമ്മദ്
സ്റ്റുഡിയോ ആശിർവാദ് സിനിമാസ്
അഭിനേതാക്കൾ
മോഹൻലാൽ - സ്റ്റീഫൻ നെടുമ്പള്ളി
മഞ്ജു വാര്യർ -പ്രിയദർശനി രാമദാസ്
വിവേക് ഒബ്റോയ് - ബോബി
ടൊവിനോ തോമസ് - ജതിൻ രാമദാസ്
ഇന്ദ്രജിത്ത് സുകുമാരൻ
കലാഭവൻ ഷാജോൺ - അലോഷി ജോസ്
നൈല ഉഷ - അരുന്ധതി
സയ്യ അയ്യപ്പൻ - ജാൻവി
നന്ദു - പി.എസ് പീതാംബരൻ
ബൈജു സന്തോഷ് - മുരുഗൻ
ബാല - ഭദ്രൻ
ആദിൽ ഇബ്രാഹിം
ജിജു ജോൺ
സായി കുമാർ- മഹേഷ വർമ്മ
ശിവജി ഗുരുവായൂർ - മേടയിൽ ദേവരാജൻ
ജോൺ വിജയ് - മയിൽവാഹനഠ ഐ.പി.എസ്
സച്ചിൻ ഖേദകർ - പി.കെ. രാമദാസ് ( പി.കെ. ആർ)
ഫാസിൽ - ഫാദർ നെടുമ്പള്ളി

Written by Saji Varghese

Patient 27 - Part 14


മൂന്നു പേരും ലാബിനുള്ളിലെത്തിയതും ഡോ. ശങ്കർ വാതിൽ ലോക്കു ചെയ്തു.
“മിസ്. നതാലിയ... അടുത്ത 30 മിനിട്ടിനുള്ളിൽ ജെനറൽ സാവന്ത് ഭട്ട് ഇവിടെ ലാൻഡ് ചെയ്യും. ഇവിടെ ചില പ്രശ്നങ്ങളുണ്ടെന്നും, പെട്ടെന്ന് ലാൻഡ് ചെയ്യാനാകില്ലെന്നും പറഞ്ഞ് ഞാൻ ഒരല്പ്പം സമയം നീട്ടി വാങ്ങിയിട്ടുണ്ട്. പക്ഷേ അയാൾ ഒരു കുറുക്കനാണ്. ഞാൻ പറഞ്ഞത് വിശ്വസിച്ചിട്ടുണ്ടാകില്ല. എനിക്കുറപ്പാണ്.”
നതാലിയ മറുപടിയൊന്നും പറയാതെ ഡോ. രഘുചന്ദ്രയെ അവിടെ കണ്ട ഒരു കസേരയിലേക്കിരുത്തി. പിസ്റ്റൾ ഒരണുവിട മാറാതെ അയാളുടെ കഴുത്തിനു പുറകിൽ അമർത്തിപ്പിടിച്ചിരുന്നു അവൾ.
“ഞാൻ പറയാൻ പോകുന്നത് ടോപ്പ് മിലിട്ടറി സീക്രട്ട്സാണ്. യാതൊരു കാരണവശാലും വെളിയിലറിയാൻ പാടില്ലാത്തത്. അതീവ ഗൗരവമുള്ള... ”
“സമയമില്ലെന്ന് താങ്കൾ തന്നെയല്ലേ പറഞ്ഞത്? താങ്കൾ സംസാരിക്കുന്നത് ആരോടാണെന്ന് അറിയാമല്ലോ. ഇത്തരം മുന്നറിയിപ്പുകൾക്കായി സമയം നഷ്ടപ്പെടുത്തേണ്ടതില്ല.” നതാലിയക്ക് ഡോ. ശങ്കറിനെ പൂർണ്ണമായും വിശ്വാസമായിട്ടില്ല എന്ന് അവളുടെ സംസാരത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു.
“ഓക്കെ, ഓക്കെ... ” ഡോ. ശങ്കർ തിടുക്കത്തിൽ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചെടുത്ത് ഡോ. രഘുചന്ദ്രയെ സമീപിച്ചു.
“ഈ മനുഷ്യൻ ഒരിക്കലും സംസാരിക്കാൻ പോകുന്നില്ല നതാലിയ. നമ്മൾ എന്തൊക്കെ ചെയ്താലും അയാൾ ഒരു ലാസ്റ്റ് മിനിറ്റ് മിറക്കിളിന്റെ പ്രതീക്ഷകളിൽ മൗനം പാലിക്കുക തന്നെ ചെയ്യും. നമുക്ക് തല്ക്കാലം ഇയാളെ ഒന്നു സെഡേറ്റ് ചെയ്യാം. അടുത്ത 20 മിനിറ്റ് നേരത്തേക്ക്.“ അദ്ദേഹം അയാളുടെ കഴുത്തിൽ തന്നെ ആ സിറിഞ്ച് താഴ്ത്തി.
നതാലിയായുടെ മുഖത്ത് അക്ഷമ നിറഞ്ഞു.
”ഓക്കേ ഏജന്റ് നതാലിയ. ഞാൻ എന്റെ കഥ പറയാൻ പോകുകയാണ്.“ ബോധ രഹിതനായ ഡോക്ടറെ താഴേക്ക് താങ്ങിയിറക്കി കിടത്തിക്കൊണ്ട് ശങ്കർ പറഞ്ഞു തുടങ്ങി.
”എന്റെ യതാർത്ഥ പേര് ഡോ. രാജീവ്. രാജീവ് നാഥ്.“ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം നിവർന്നു. ”ജനറൽ സാവന്തിന്റെ പേഴ്സണൽ ഫിസിഷ്യനായിരുന്നു ഞാൻ. മെഡിക്കൽ ഡോക്ടർ.“
നതാലിയ ആ കസേര അദ്ദേഹത്തിനു നീക്കിയിട്ടു കൊടുത്തു.
”1991 മുതൽ ഞാൻ ജനറലിനൊപ്പമാണ്. അയാൾക്ക് ഈ ലോകത്തിൽ ഏറ്റവും വിശ്വസ്തനായ... ഒരു നിഴൽ പോലെ എപ്പോഴും കൂടെ കൊണ്ടു നടന്ന അദ്ദേഹത്തിന്റെ പേർസണൽ ഡോക്ടർ.“
നതാലിയ ശ്രദ്ധയോടെ തലയാട്ടിക്കൊണ്ടിരുന്നു.
”ഞാൻ വന്ന് ഏതാണ്ട് 3 വർഷങ്ങൾക്കു ശേഷമാണ് ഈ മനുഷ്യൻ... ഡോ. ജോർജ്ജ് മുക്കാടൻ അഥവാ രഘുചന്ദ്ര ജനറലുമായി ബന്ധപ്പെടുന്നത്. ഇവർ രണ്ടു പേരും എങ്ങനെ പരിചയപ്പെട്ടു എന്നറിയില്ല. പക്ഷേ ഒരിക്കലും തമ്മിൽ കാണാൻ പാടില്ലാത്ത രണ്ടു മനുഷ്യർ തമ്മിലുള്ള കൂടിക്കാഴ്ച്ചയായിരുന്നു അത്.
ഈ ... മൃഗം!“ ഡോക്ടർ പല്ലു ഞെരിച്ചു “ഇയാൾ...ഇതു പോലൊരു നീചൻ ഈ ലോകത്തിന്നു ജീവിച്ചിരിപ്പുണ്ടോ എന്നു സംശയമാണ്. മനുഷ്യത്വം എന്നൊരു വാക്കിന്റെ അർത്ഥം പോലുമറിയില്ല ഇയാൾക്ക്. ഇയാളുടെ കണ്മുൻപിൽ, ജീവനുള്ളതെല്ലാം, പരീക്ഷണ വസ്തുക്കളാണ്. നമ്മൾ ഈ അപസർപ്പക കഥകളിലൊക്കെ വായിക്കുന്ന തരം ഒരു ഈവിൾ സയന്റിസ്റ്റ്! അതിൻറെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഇയാൾ!”
“സമയം പോകുന്നു...” നതാലിയ ഓർമ്മിപ്പിച്ചു.
“ഓക്കെ!” ഡോക്ടറിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. “ഞാൻ എന്റെ കഥ ആദ്യം പറയാം. എനിക്ക് ഭാര്യയും ഒരു മകനുമായിരുന്നു. കേരളത്തിൽ ഒറ്റപ്പാലം എന്നൊരിടത്തായിരുന്നു വീട്. അതി മനോഹരമായൊരു കൊച്ചു ഗ്രാമത്തിൽ...” ഡോക്ടറുടെ മുഖത്ത് വേദന നിറഞ്ഞൊരു പുഞ്ചിരി വിടർന്നു. “ഞാനും ഭാര്യയും എന്റെ മകനും. സന്തുഷ്ട കുടുംബം.
ഒരിക്കലും വൈഫിനെയോ മകനെയോ ഞാൻ എന്റെ ജോലി സ്ഥലങ്ങളിലേക്കു കൂട്ടിക്കൊണ്ടു വരാൻ ഇഷ്ടപ്പെട്ടില്ല. കാരണം, ജെനറൽ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചിലപ്പോൾ നമ്മുടെ മുൻപിൽ വെച്ച് മറ്റുള്ളവരെ ഉപദ്രവിക്കുന്നത് അയാൾക്കൊരു ഹരമാണെന്നു തോന്നിയിട്ടുണ്ട്. ഉപദ്രവിക്കുക എന്നു വെച്ചാൽ, വളരെ ക്രൂരമായി മർദ്ദിക്കും. ചെറിയ തെറ്റുകൾക്കു പോലും നമുക്ക് കണ്ടുനിൽക്കാൻ സാധിക്കാത്ത ക്രൂരമായ ശിക്ഷകളാണ് വിധിക്കപ്പെടുക.
സന്തോഷങ്ങൾക്കിടയിലും .. ഭാര്യക്ക് ചെറുതായി മാനസീകാസ്വാസ്ഥ്യമുണ്ടായിരുന്നു. വിവാഹത്തിനു ശേഷം തുടങ്ങിയതാണ്. കുഞ്ഞുണ്ടായതിനു ശേഷം ചില സ്ത്രീകളിലുണ്ടാകാറുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ (Postpartum Depression) ആണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, പിന്നീട് കൂടുതൽ പരിശോധനകളിൽ അത് സ്കീസോഫ്രീനിയ എന്ന മാരകമായ ഒരു തരം മെന്റൽ ഡിസോർഡർ ആണെന്നു മനസ്സിലായി. ഇടക്കിടെ വയലന്റാകുക, മറ്റുള്ളവരെ ഉപദ്രവിക്കുക, വീട്ടിൽ നിന്നിറങ്ങി ഓടുക, ചിലപ്പോൾ ആത്മഹത്യാ പ്രവണതയും...“ അദ്ദേഹത്തിന്റെ തൊണ്ടയിടറി.. നതാലിയ മുൻപോട്ടാഞ്ഞ് ഡോക്ടറുടെ തോളിൽ ഒന്ന് തൊട്ടു.
”എന്റെ മോന്റെ 20-ആം പിറന്നാളിനാണ് അവൾ പോയത്. രാവിലെ വളരെ സന്തോഷമായി അവനു വേണ്ടി സദ്യയൊരുക്കി വെച്ച്...ഉച്ചക്ക് അവനോടും കൂട്ടുകാരോടുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ച്... ഏതാണ്ട് 3 മണിയായപ്പോൾ പെട്ടെന്ന് വീട്ടിൽ നിന്നിറങ്ങി ഓടി അടുത്തുള്ള റെയിൽവേ ക്രോസിങ്ങിലേക്ക്.“ ഡോക്ടർ വിങ്ങിപ്പൊട്ടി.
”ഡോക്ടർ... ഇതെല്ലാം എന്നോട് പറയേണ്ട കാര്യമുണ്ടോ ? പ്ലീസ്... ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കാം നമുക്ക്. “ നതാലിയ അസ്വസ്ഥയായിരുന്നു.
”ഇതെല്ലാം ആവശ്യമുള്ളതു തന്നെ കുട്ടീ... “ ഡോക്ടർ കണ്ണു തുടച്ചു ”... അതിനു ശേഷം എന്റെ മകനെ ഞാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പോന്നു. 20 വയസ്സ്. അവന് ധാരാളം ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. പെരുമാറ്റ വൈകല്യങ്ങളും. പക്ഷേ എന്നിട്ടും, ഞാൻ ജനറലിനോട് സംസാരിച്ച് അവനെ ആർമിയിൽ ചേർത്തു. അതിനു പുറകിൽ ഒരപകടം പതിയിരിക്കുന്നുണ്ടായിരുന്നു എന്നറിയാതെ.“
”എന്തു പറ്റി ?“
”ദൗർഭാഗ്യവശാൽ അവന്റെ അമ്മയുടെ അതേ അസുഖം അവനും കിട്ടിയിരുന്നു. സ്കിസോഫ്രീനിയ!“
“Oh! Shit!“ നതാലിയ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു.
”ആദ്യമൊക്കെ ഒറ്റക്കിരുന്നു സംസാരിക്കുമായിരുന്നു. അങ്ങനെയാണ് തുടങ്ങിയത്. പിന്നെ, അവൻ ഓരോ മായക്കാഴ്ച്ചകൾ കാണാൻ തുടങ്ങി. അപ്പോഴൊക്കെ വയലന്റാകും. അടുത്തു നില്ക്കുന്നവരെ തിരിച്ചറിയില്ല, ആക്രമിക്കും. ചിലപ്പോൾ കൊന്നുകളഞ്ഞെന്നു വരെ വരും. ഞാൻ ഇതെല്ലാം അറിഞ്ഞപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു.
ജനറൽ ഒരു ദിവസം എന്നെ വിളിപ്പിച്ചു.
ഞാൻ ചെന്നപ്പോൾ, അയാളുടെ മുറിയിൽ ഒരു സ്റ്റ്രെയ്റ്റ് ജാക്കറ്റിടുവിച്ച് ഇരുത്തിയിരിക്കുകയായിരുന്നു എന്റെ മകനെ. ഒരു പിതാവും ഒരിക്കൽ പോലും കാണാൻ ഇടവരരുത് ആ കാഴ്ച്ച!“ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി യാതൊന്നും പറയാനാകാതെ നതാലിയ കുഴങ്ങി.
ജനറൽ പറഞ്ഞാണ് അറിഞ്ഞത്, എന്റെ മകനെ, ഡോ. ജോർജ്ജ് പരിശോധിച്ചത്രേ. അവനു ഭ്രാന്താണ്. മുഴു ഭ്രാന്ത്. മിലിട്ടറിയിൽ തുടരാനാകില്ല അവന്... ഒരിക്കലും ചികിൽസിച്ചു മാറ്റാനാകാത്ത തരം ഒരു അവസ്ഥയാണത്രേ എന്റെ കുഞ്ഞിന്.
ഞാൻ തകർന്നു പോയി.
ഡോ. ജോർജ്ജ്... ദാ ഈ കിടക്കുന്ന മൃഗം ആ മുറിയിൽ തന്നെയുണ്ടായിരുന്നു. ഇവനാണ് എന്നോട് പറഞ്ഞത് he has some kind of experimental medicine!. അസുഖം പൂർണ്ണമായി മാറ്റിത്തരാമെന്ന് ഇവൻ എനിക്കുറപ്പു തന്നു. നതാലിയക്കറിയാമായിരിക്കുമല്ലോ, സ്കിസോഫ്രീനിയ ഒരിക്കലും പൂർണ്ണമായി ചികിൽസിച്ചു ഭേദമാക്കാനാവില്ല. എന്റെ വൈഫിന്റെ കാര്യത്തിൽ ഞാനതു മുൻപേ മനസ്സിലാക്കിയിരുന്നതാണ്. ആദ്യമായാണ് ഒരു ഡോക്ടർ എനിക്ക് 100% ഉറപ്പു തരുന്നത്. ആ ഒരവസ്ഥയിൽ എനിക്ക്.. എനിക്കതു സമ്മതിക്കാതെ തരമില്ലായിരുന്നു.
ഞാനറിഞ്ഞിരുന്നില്ല നതാലിയാ... ഇവർ വർഷങ്ങളായി ഇത്തരം എന്തോ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നത്രേ. അതിന്റെ പേരിൽ ഈ ഡോക്ടറെ ആർമി പുറത്താക്കിയിരുന്നു, ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു... ഒക്കെ മിലിട്ടറി ടോപ്പ് ലെവലിൽ നടന്ന കാര്യങ്ങളായിരുന്നതു കൊണ്ട് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ആദ്യമായി ജനറൽ എന്റെ മകന്റെ കാര്യത്തിൽ ഇത്ര താല്പര്യമെടുക്കുന്നതു കണ്ടിട്ടും എനിക്ക് സംശയമൊന്നും തോന്നിയില്ല. എന്റെ തെറ്റ്. എന്റെ മകനെ ഞാൻ അവരെ ഏല്പ്പിച്ചു.
പിന്നെ നടന്നത് തികച്ചും അവിശ്വസനീയമായിരുന്നു.
ആദ്യത്തെ മൂന്നു മാസങ്ങൾ... മകൻ പൂർണ്ണമായും ചികിൽസയോടു പ്രതികരിക്കുന്നുണ്ടായിരുന്നു. വളരെ പെട്ടെന്ന് അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ അവനെ അവർ ഡിസ്ചാർജ്ജ് ചെയ്തു. എന്നോടൊപ്പം വീട്ടിൽ തന്നെയായിരുന്നു അവൻ തുടർന്നുള്ള കുറേക്കാലം. ഇടക്കിടെ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ വളരെ സന്തോഷകരമായി പോയ ഏതാനും ആഴ്ച്ചകൾ.
ഡോ. ജോർജ്ജ് ഇടക്കിടെ കാണാൻ വന്നിരുന്നു. അയാൾക്കെന്തോ അവന്റെ കാര്യത്തിൽ വല്ലാത്ത താല്പ്പര്യമായിരുന്നു. വരുമ്പോഴെല്ലാം ഓരോ ചോദ്യങ്ങൾ ചോദിക്കും. എന്തൊക്കെയോ മരുന്നുകൾ കുറിച്ചു കൊടുക്കും. അവൻ പൂർണ്ണമായും ഡോക്ടർ പറയുന്നതനുസരിച്ച് ജീവിച്ചു. രോഗം പൂർണ്ണമായും വിട്ടുമാറുമെന്ന് ഞാനും ആശ്വസിച്ചു തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കൽ ഒരു രാത്രി ഡോക്ടർ വീട്ടിൽ വന്നു. മകനെ വിളിച്ചുണർത്തി, അവനെ കൂട്ടിക്കൊണ്ടു പോകുകയാണെന്നു പറഞ്ഞു. എക്സ്പെരിമെന്റൽ മെഡിസിൻ ആണല്ലോ. കുറേ ടെസ്റ്റുകൾ ബാക്കിയുണ്ടത്രേ. എന്തോ പന്തികേടു തോന്നാതിരുന്നില്ല. പക്ഷേ ഞാൻ സമ്മതിച്ചു.
അവർ അന്ന് രാത്രിയിൽ കൊണ്ടുപോയ എൻറെ മകനെ ഞാൻ കാണുന്നത് ആഴ്ചകൾക്കു ശേഷമാണ്! അപ്പോഴേക്കും അവന്റെ സ്ഥിതി വളരെ വഷളായിരുന്നു. പെരുമാറ്റത്തിൽ വല്ലാത്ത വ്യത്യാസങ്ങൾ. എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞോ എന്നു വരെ സംശയം. അസുഖം തിരിച്ചു വന്നിരിക്കുന്നു എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ...
അവന്റെ കയ്യിൽ ഒരു ചെറിയ ലെതർ കെയ്സ് ഉണ്ടായിരുന്നു. അതിനുള്ളിൽ ഒരു വലിയ സിറിഞ്ച്. എന്തോ ഒരു തരം കെമിക്കലും.
ആ സിറിഞ്ചിന്റെ വലിപ്പം കണ്ടപ്പോൾ തന്നെ എനിക്കെന്തോ അപകടം മണത്തു. പക്ഷേ അവന്റെ മുഖഭാവം കണ്ടിട്ട് എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല. രാത്രി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ ആ സിറിഞ്ചുമായി ബെഡിൽ മലർന്നു കിടന്നു. ഞാൻ വാതിൽക്കൽ നിൽക്കുമ്പോൾ. അവൻ ആ സിറിഞ്ചിൽ കെമിക്കൽ നിറച്ച് വായുവിലേക്കുയർത്തുന്നതു കണ്ടു. ഞാൻ അപകടം തിരിച്ചറിഞ്ഞപ്പോഴേക്കും
നേരേ ഹൃദയത്തിലേക്ക് അവൻ ആ നീഡിൽ താഴ്ത്തിക്കഴിഞ്ഞിരുന്നു. അതേ സമയം തന്നെ സിറിഞ്ചിലെ കെമിക്കൽ മുഴുവനായും അകത്തേക്കു പമ്പു ചെയ്തു കഴിഞ്ഞിരുന്നു!
എന്റെ വർഷങ്ങളുടെ മെഡിക്കൽ എക്സ്പീരിയൻസിൽ, നേരേ ഹൃദയത്തിലേക്ക് മരുന്നുകൾ ഇഞ്ചക്റ്റ് ചെയ്യുന്നത് (Intracardiac Injections) വളരെ അപൂർവ്വമായ ചില സാഹചര്യങ്ങളിലാണ് എന്നാണ് മനസ്സിലാക്കിയിരുന്നത്. എപ്പിനെഫ്രിൻ എന്നൊരു മരുന്നാണ് സാധാരണ അങ്ങനെ ചെയ്യാറ്. ഹാർട്ട് അറ്റാക്ക്, ഡ്രഗ് ഓവർഡോസ്... അങ്ങനെയുള്ള സാഹചര്യങ്ങളിൽ, വളരെ പെട്ടെന്ന് ഹാർട്ട്, ജമ്പ്-സ്റ്റാർട്ട് ചെയ്യിക്കാൻ. പക്ഷേ ഇത്...
ഇഞ്ചക്ഷനു ശേഷം കുറച്ചു നേരത്തേക്ക് മകൻ അല്പ്പം വയലന്റായിരുന്നു. പക്ഷേ പെട്ടെന്നു തന്നെ ശാന്തനായി. എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് വാതിലടച്ചു കളഞ്ഞു.
പിറ്റേന്നു രാവിലെ തന്നെ ഞാൻ ജനറലിനെ ചെന്നു കണ്ട് ഡോ. ജോർജ്ജ് ചെയ്യുന്ന ഈ പരീക്ഷണങ്ങൾ എന്താണെന്നു കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തു കെമിക്കലാണ് അവൻ എന്റെ മകനിൽ പരീക്ഷിക്കുന്നതെന്ന് അറിയാൻ.. ജനറൽ കരുതുന്നതു പോലൊന്നുമല്ല, എന്തോ മാരകമായ പരീക്ഷണങ്ങളാണ് അയാൾ നടത്തുന്നതെന്നു അദ്ദേഹത്തെ അറിയിക്കണമെന്ന് തോന്നി.
പക്ഷേ അയാൾ പറഞ്ഞ മറുപടി എന്നെ നടുക്കിക്കളഞ്ഞു, നതാലിയ.
‘മകന്റെ അസുഖം ഭേദമായില്ലേ ? ഇനി അവനെക്കൊണ്ട് ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്. He is the perfect specimen for an experiment we are doing!!' ഇതായിരുന്നു അയാളുടെ വാക്കുകൾ.
ജനറൽ കൂടി അറിഞ്ഞുകൊണ്ടാണിതെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.
എന്തു തന്നെയായാലും ഞാനൊരു ഡോക്ടറല്ലേ ? മരുന്നുകൾ - അത് എന്തിനു വേണ്ടിയുള്ളതായാൽ പോലും - മനുഷ്യരിൽ അതു പരീക്ഷിക്കുന്നതിന് മുൻപ് ധാരാളം നടപടി ക്രമങ്ങളുണ്ട്. ഇവിടെ അങ്ങനെ ഒന്നും ചെയ്തിട്ടുള്ളതായി എനിക്കു തോന്നിയില്ല. എന്തോ ഇല്ലീഗൽ എക്സ്പെരിമെന്റ്. അത് പരീക്ഷിക്കാനായി അവർ ഉപയോഗിക്കുന്നത് എന്റെ സ്വന്തം മകനെ! എനിക്ക് സഹിക്കാനാകുമായിരുന്നില്ല. ഞാൻ വളരെ രൂക്ഷമായി പ്രതികരിച്ചു.
എന്റെ ജീവൻ അപകടത്തിലായേക്കാമെന്നു വരെ എനിക്കറിയാമായിരുന്നു. പക്ഷേ ജനറൽ ശാന്തനായിരുന്ന് എല്ലാം കേട്ടു. തുടർന്ന് എന്നെ ഭാണ്ഠൂപിലുള്ള അവരുടെ ലാബിലേക്കു കൂട്ടിക്കൊണ്ടു പോയി. എന്നെ അയാൾക്കു വിശ്വാസമായിരുന്നു. പല വട്ടം അയാളുടെ ജീവൻ രക്ഷിച്ച ആളല്ലേ. അതുകൊണ്ടായിരിക്കണം.
അവിടെ വെച്ചാണ് ഞാൻ ഈ ഗൂഢാലോചനയെപ്പറ്റി അറിയുന്നത്. കഴിഞ്ഞ മുപ്പതിൽ പരം വർഷങ്ങളായി ... മിലിട്ടറി സപ്പോർട്ടോടു കൂടി നടക്കുന്ന അതി ക്രൂരമായ ഈ പരീക്ഷണം. The infamous ‘PROJECT SS TURBO!’“
നതാലിയായുടെ ശ്രദ്ധ പരിപൂർണ്ണമായും ഡോക്ടറിലായി. ഈ മിഷൻ തുടങ്ങിയ അന്നു മുതൽ കേൾക്കുന്ന ആ പരീക്ഷണം!
”സീ, ഏജന്റ് നതാലിയ. ഇതിന്റെ കോൺസപ്റ്റ് വളരെ സിമ്പിളാണ്. അമാനുഷീക കഴിവുകളുള്ള കുറച്ചു പട്ടാളക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു ശ്രമം. അത്ര മാത്രം. ഇത് വർഷങ്ങളായി പല രാജ്യങ്ങളിലും നടക്കുന്നതാണ്. 1953 - 64 കാലഘട്ടത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി CIA നടത്തിയ MKUltra എന്ന പരീക്ഷണത്തെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ. അതു പോലെ, ചൈനയുടെ MSS ഏജൻസി, നോർത്ത് കൊറിയയുടെ RGB അങ്ങനെ പല രാജ്യങ്ങളും സമാനമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും ഒരേ ഒരു ലക്ഷ്യം മാത്രം. അസാമാന്യ കഴിവുകളുള്ള ഒരു പറ്റം സൂപ്പർ സോൾജ്യേഴ്സിനെ ഉണ്ടാക്കിയെടുക്കുക.
സൂപ്പർ സോൾജ്യേഴ്സ് എന്നു പറയുമ്പോൾ നമ്മൾ കഥകളിൽ വായിച്ചിട്ടുള്ള സൂപ്പർ ഹീറോസിനെപ്പോലെയാകും എന്ന് തെറ്റിദ്ധരിക്കരുത്. ഒരു മനുഷ്യ ശരീരത്തിനു താങ്ങാനാകുന്നതേ ചെയ്യാനാകൂ. പ്രാക്ടിക്കലി നടപ്പുള്ള കാര്യങ്ങൾ മാത്രം. പക്ഷേ നമുക്ക് എന്തൊക്കെ കഴിവുകളുണ്ടോ, അതെല്ലാം പല ഇരട്ടിയായി വർദ്ധിപ്പിക്കാനാകും. ഞാൻ കുറച്ച് ഉദാഹരണങ്ങൾ കാണിച്ചു തരാം.“ ഡോക്ടർ തന്റെ ലാപ്പ്ടോപ്പ് തുറന്നു. “ഞാനിനി പറയാൻ പോകുന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ചില റിയൽ ലൈഫ് സൂപ്പർ ഹീറോകളെയാണ്. അതായത്, സാധാരണ മനുഷ്യർക്കു ചെയ്യാനാകാത്ത പലതും ചെയ്യാനാകുന്ന അമാനുഷർ എന്നു വേണമെങ്കിൽ പറയാവുന്ന ചിലരെ.”
ആദ്യത്തെ സ്ലൈഡിൽ ഒരു മനുഷ്യ ശരീരത്തിന്റെ മസിൽ ഡയഗ്രമായിരുന്നു.
“Muscle Hypertrophy Syndrome (MHS) എന്നയോരു ജെനറ്റിക് ഡിസോർഡറുണ്ട്. <MSTN> എന്നൊരു ജീനിലുണ്ടാകുന്ന വൈകല്യമാണ് ഈ അസുഖത്തിനു കാരണം. ഈ രോഗികൾക്ക് ശരീരത്തിൽ സാധാരണക്കാരെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളം മസിൽ ഗ്രോത്ത് ഉണ്ടാകും. മറ്റു ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ, അപകടമില്ലാത്ത ഒരു രോഗാവസ്ഥയാണിത്. പ്രോട്ടീൻ ധാരാളം കഴിക്കേണ്ടി വരുമെന്നു മാത്രം.”
ഡോക്ടർ രണ്ടാമത്തെ സ്ലൈഡ് തുറന്നു.
“Eidetic memory . ഇത് ഒരു രോഗാവസ്ഥയല്ല. പക്ഷേ കൂടുതലും കാണപ്പെടുന്നത് ബുദ്ധിമാന്ദ്യമുള്ളവരിലാണ്. ഇവർക്ക് ഒരു കാഴ്ച്ച ഏതാനും സെക്കൻഡുകൾ കണ്ടാൽ മതി, അത് സകല ഡീറ്റയിലുകളോടും കൂടി ഓർമ്മയിൽ സൂക്ഷിക്കാനാകും. ചിലർക്ക് ഇത് അതേ പടി ക്യാൻവാസിലേക്കു പകർത്താനുമാകും. ബ്രിട്ടീഷു കാരനായ **സ്റ്റീഫൻ വില്റ്റ്ഷെയർ (Stephen Wiltshire) ഈ ഒരു കാര്യത്തിൽ പ്രശസ്തനാണ്. അദ്ദേഹത്തിന് ഹെലികോപ്റ്ററിൽ നിന്നും ഒരു വട്ടം താഴേക്കൊന്നു നോക്കിയാൽ മതി. ഒരു സിറ്റി മുഴുവൻ ഓർമ്മയിൽ സൂക്ഷിച്ച് ക്യാൻവാസിൽ പൂർണ്ണ കൃത്യതയോടെ വരക്കാനാകും.” **
മൂന്നാമത്തെ സ്ലൈഡ്
“‘Hyperthymesia’ എന്നൊരവസ്ഥയുണ്ട്. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു ഡിസോർഡർ. ഈ പ്രശ്നമുള്ളവർക്ക് അവരുടെ ജീവിതത്തിൽ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായിട്ടുള്ള ഒന്നും മറക്കാൻ സാധിക്കില്ല. വർഷങ്ങൾക്കു മുൻപ് നടന്നിട്ടുള്ള കാര്യങ്ങൾ വരെ - അത് എത്ര നിസ്സാര കാര്യമാണെങ്കിൽ കൂടി അവർക്ക് സെക്കൻഡുകൾക്കുള്ളിൽ ഓർത്തെടുക്കാനാകും.
നല്ലൊരു കഴിവാണെന്നു തോന്നുമെങ്കിലും, വളരെ ബുദ്ധിമുട്ടാണ് ഈ അസുഖം വന്നാൽ. ഓർമ്മകൾ സദാ സമയവും വേട്ടയാടിക്കൊണ്ടിരിക്കും. പ്രൊഡക്ടീവായി ഒന്നും ചെയ്യാനാകില്ല. മുഴുവൻ സമയവും പഴയ ഓർമ്മകളിങ്ങനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. തലച്ചോറിലെ ‘temporal lobe’ അതു പോലെ ‘caudate nucleus’ തുടങ്ങിയ ഭാഗങ്ങൾ അമിതമായി ഡെവലപ്പാകുന്നതാണിതിനു കാരണമായി കരുതുന്നത്.
ഞാൻ കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല. ഇതു പോലെ റിയൽ ലൈഫ് സൂപ്പർ പവറുകൾ ധാരാളമുണ്ട്. മിക്കതും ഒരു രോഗാവസ്ഥയാണെന്നു മാത്രം. പഠിക്കാനുള്ള അമിതമായ കഴിവ്, പുതിയ ഭാഷകൾ മണിക്കൂറുകൾക്കുള്ളിൽ പഠിച്ചെടുക്കാനുള്ള കഴിവ് അങ്ങനെ അങ്ങനെ പത്തിലധികം വിവിധ സൂപ്പർ പവറുകൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് ലോകത്ത്.
അത്തരം മനുഷ്യരെ കണ്ടെത്തി, അവരുടെ പ്രശ്നങ്ങൾ പഠിച്ച്, ഈ അവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി അത് ജെനറ്റിക്ക് അല്ലെങ്കിൽ ന്യൂറോളജിക്കൽ പ്രശ്നമാണെങ്കിൽ, ആ കഴിവുകൾ മാത്രം ഇൻഡ്യൂസ് ചെയ്യാൻ കഴിവുള്ള വിവിധ കെമിക്കലുകൾ മിക്സ് ചെയ്ത് ഒരു കോക്ക്ടൈൽ ഉണ്ടാക്കുകയായിരുന്നു ഈ ഡോക്ടർ. അതു മാത്രമല്ല ദിവസങ്ങളോളം, ഉറങ്ങാതെയിരുന്നാലും, തലച്ചോറിനു കേടുപാടുകൾ പറ്റാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ... മുറിവുകൾ വേഗം സുഖപ്പെടാനുള്ള സെൽഫ് ഹീലിങ്ങ് മെക്കാനിസങ്ങൾ... ഇങ്ങനെ സൂപ്പർ പവർ കിട്ടുന്ന വ്യക്തിയെ വരുതിക്കു നിർത്താനായി, സ്കോപ്പലോമീൻ‘ പോലുള്ള എക്സ്ട്രാ ഏജന്റുകൾ … അങ്ങനെ പലതും ഉണ്ട് ആ സിറിഞ്ചിനുള്ളിൽ.
ഒരൊറ്റ ഇഞ്ചക്ഷനിൽ ഈ കഴിവുകളെല്ലാം ചേർന്ന് ഒരു അമാനുഷനെ സൃഷ്ടിച്ചെടുക്കാനാകും. അതാണ് Project SS TURBO.“ ഡോക്ടർ പറഞ്ഞു നിർത്തി.
കുറേ സമയത്തേക്ക് നിശബ്ദയായിരുന്നു നതാലിയ. ഒടുവിൽ അവിടെ കണ്ട ഒരു കസേരയിലേക്കിരുന്നുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി. “ഇങ്ങനെയുള്ള പരീക്ഷണങ്ങളെപ്പറ്റി പഠിച്ചിട്ടുണ്ട് ഞാൻ. പക്ഷേ ഇന്നു വരെ എവിടെയും ഇത്തരം ഒരു പരീക്ഷണവും വിജയിച്ചതായി അറിയില്ല. ഹിറ്റ്ലർ ഒക്കെ ധാരാളം ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഈയൊരു കാര്യത്തിനായിട്ടു മാത്രം ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടുണ്ടത്രേ.”
“യെസ്! ഈ കിടക്കുന്നവൻ ഒരു ചെറിയ ഹിറ്റ്ലർ തന്നെയായിരുന്നു.” ഡോക്ടർ അവജ്ഞയോടെ രഘുചന്ദ്രയെ നോക്കി. “ഇതുവരെ ഈ പ്രൊജക്റ്റിന്റെ പേരിൽ ഏറ്റവും ചുരുങ്ങിയത് 100 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.”
“താങ്കളുടെ മകൻ...?”
“ഓ...” ഡോക്ടറിൽ നിന്നും വീണ്ടും ദീർഘനിശ്വാസമുതിർന്നു. “ഞാൻ ഈ വിവരങ്ങളൊക്കെ അറിഞ്ഞതിനു ശേഷം, അന്നു രാത്രി മകനുമായി ഇരുന്ന് സംസാരിച്ചു. അവന്റെ അസുഖം ഏതാണ്ട് പൂർണ്ണമായും ഭേദമാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ അസുഖം മാറിയ ഉടനെ വീണ്ടും ഈ പരീക്ഷണം നടത്തിയതാണ് പ്രശ്നമായത്.
ആദ്യത്തെ ഡോസ് മരുന്നു ചെന്നപ്പോൾ തന്നെ അവനിൽ അത് കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. അവന്റെ ചിന്താഗതികളിൽ വലിയ വ്യത്യാസങ്ങളുണ്ടായി. വളരെ സ്മാർട്ടായി മാറി എന്റെ മോൻ. വളരെ പെട്ടെന്നു തന്നെ പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും, അത് ഒരിക്കലും നഷ്ടപ്പെടാത്ത വിധം ഓർമ്മയിൽ സൂക്ഷിക്കാനുമെല്ലാം അവനാകുന്നുണ്ടായിരുന്നു. ഒപ്പം 4 പേരുടെ ആരോഗ്യവും. ശരീരമാകെ മസിൽ വന്നു നിറഞ്ഞു.
രണ്ടാമത്തെ ഡോസ് ആയപ്പോഴേക്കും അവൻ ഈ എക്സ്പെരിമെന്റിനെപ്പറ്റി മുഴുവനും പഠിച്ചു കഴിഞ്ഞിരുന്നു. ആ ക്ലിനിക്കിൽ എന്താണു നടക്കുന്നതെനും, പൂട്ടിക്കിടക്കുന്ന സെല്ലുകളിൽ നിറയെ മുന്നെ ടെസ്റ്റ് ചെയ്തവർ ആണെന്നും എല്ലാം അവൻ ഊഹിച്ചു.
ഓരോ പ്രാവശ്യം ഡോക്ടർ ഓരോ പുതിയ കെമിക്കൽ മിക്സ് ചെയ്ത് അവനിൽ ഇഞ്ചക്റ്റ് ചെയ്യുമ്പോഴും ഓരോ പുതിയ കഴിവുകൾ അവൻ ആർജ്ജിച്ചു കൊണ്ടിരുന്നു.
പക്ഷേ, അങ്ങനെ കുറച്ചു ഡോസുകൾ കഴിഞ്ഞപ്പോൾ…
അവനു വീണ്ടും ഹലൂസിനേഷൻസ് തുടങ്ങി. ആ മരുന്നിന്റെ സൈഡ് എഫക്റ്റ് ആയിരിക്കാം, അല്ലെങ്കിൽ അവന്റെ സ്കിസോഫ്രീനിയ തിരിച്ചു വന്നതായിരിക്കാം. വീണ്ടും മായക്കാഴ്ച്ചകൾ...വീണ്ടും അവന്റെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങി.
അങ്ങനെയാണ് മനസില്ലാ മനസ്സൊടെയാണെങ്കിലും ഞാനും ഈ പ്രൊജക്റ്റിൽ ഒരു ഭാഗമാകാൻ തീരുമാനിച്ചത്. ഡോ.ജോർജ്ജിനോടൊപ്പമല്ല, പാരലൽ ആയി അയാളറിയാതെ ഒരു ഫെസിലിറ്റി കൂടി സ്ഥാപിക്കാൻ ജനറൽ എന്നോടാവശ്യപ്പെടുകയായിരുന്നു. ഇവിടെ ഈ കാട്ടിനുള്ളിൽ. സകല സൗകര്യങ്ങളും ചെയ്തു തന്നു അയാൾ. ഡോ.ജോർജ്ജിന്റെ മുഴുവൻ റിസർച്ചും എനിക്കെത്തിച്ചു തന്നു ജെനറൽ.ഇതേ ഗവേഷണങ്ങൾ എന്റേതായ രീതിയിൽ തുടരാനായിരുന്നു പ്ലാൻ.
പക്ഷേ എനിക്കാകെ ഒരേ ഒരു ലക്ഷ്യം മാത്രം. എന്റെ മകനെ തിരിച്ചു വേണമായിരുന്നു എനിക്ക്. എന്തെങ്കിലും തരത്തിൽ ഈ ഗവേഷണം പൂർത്തിയാക്കാനായാൽ, റിവേഴ്സ് എഞ്ചിനീറിങ്ങ് വഴി എനിക്ക് അവനെ ഈ മരുന്നിന്റെ പിടിയിൽ നിന്നു മോചിപ്പിക്കാനാകും. പക്ഷേ ഡോ.ജോർജ്ജിനുള്ള അറിവോ എക്സ്പീരിയൻസോ എനിക്കില്ലല്ലോ. മാത്രമല്ല, യാതൊരു കാരണവശാലും ഞാൻ ഉണ്ടാക്കുന്ന മരുന്നുകൾ ഒരു മനുഷ്യനിൽ പരീക്ഷിക്കാനുള്ളനസാന്നിധ്യവും എനിക്കുണ്ടായിരുന്നില്ല.
അപ്പോഴേക്കും, എന്റെ മകൻ വല്ലാത്തൊരവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. അമ്മയും, അവന്റെ കാമുകി ശ്രീദേവിയുമെല്ലാം അവന്റെ മനസ്സിലേക്കു കടന്നു വരും ഇടക്കിടെ. വല്ലാതെ അസ്വസ്ഥനാകും. ഡോക്ടർ ജോർജ്ജാണ് അവന്റെ ഈ അവസ്ഥക്കു കാരണമെന്ന് അവനു തോന്നിത്തുടങ്ങിയിരുന്നു.
ഏറ്റവുമൊടുവിൽ അവനെന്നെ കാണാൻ വന്നപ്പോൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു പെരുമാറ്റമെല്ലാം. വളരെ അപകടകരമായ എന്തോ ഒരു തീരുമാനം ആയിരുന്നു അവൻ എടുത്തത് എന്ന് അവൻറെ നിശ്ചയദാർഢ്യം കണ്ടപ്പോൾ എനിക്ക് ഉറപ്പായിരുന്നു.
അവൻ ആ രാത്രി വീട്ടിൽ നിന്നിറങ്ങിയതും, ഏറെ നേരത്തെ ആലോചനക്കു ശേഷം ഞാൻ ആ തീരുമാനമെടുത്തു. ഇനി മുൻപോട്ടു പോയാൽ കാര്യങ്ങൾ കൈവിട്ടു പോകും. ഒരുപക്ഷേ എനിക്കെന്റെ മകനെ നഷ്ടപ്പെടും. ഡോക്ടർ ജോർജ്ജിനെയും ജനറലിനെയുമെല്ലാം അവസാനിപ്പിക്കാനാണ് അവൻറെ തീരുമാനം എന്നെനിക്കുറപ്പായിരുന്നു. അവന്റെ അപ്പോഴത്തെ അവസ്ഥയിലവന് അതിനുള്ള ശേഷിയുമുണ്ടായിരുന്നു .
അന്നു രാത്രി... ഞാൻ എന്റെ ഒരു പഴയ സുഹൃത്തിനെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു.
സോമനാഥ് ചാറ്റർജ്ജി. RAW ഡെപ്യൂട്ടി ഡയറക്ടർ.“
“What!!” നതാലിയ ഒരു നടുക്കത്തോടെ ചാടിയെഴുന്നേറ്റു.
“അതേ കുട്ടീ... എല്ലാമറിഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹം നിന്നെ ഈ മിഷനു വേണ്ടി അയച്ചത്.” ഡോക്ടർ പുഞ്ചിരിച്ചു.
“എല്ലാം കേട്ടതിനു ശേഷം ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ് പിന്നീടീ നടന്നതെല്ലാം. നിന്നെ ഇവിടെ എത്തിച്ചതു വരെയുള്ള സകല കാര്യങ്ങളും എന്റെ പ്ലാൻ പ്രകാരമാണ്. നിന്നെ മാത്രമല്ല... ഈ കേസിൽ ഉൾപ്പെട്ട സകലരെയും ഞാൻ ഒരിടത്തേക്കെത്തിച്ചു. ഇനി ഒരിക്കലും തിരിച്ചു പോകാനാകാത്ത വിധം ഒരു ഊരാക്കുടുക്കിലേക്ക്. ഏജന്റ് നതാലിയായുടെ പിടിയിൽ നിന്നും ജീവനോടെ ഒരുത്തൻ പോലും രക്ഷപ്പെട്ടു പോയ ചരിത്രമില്ല എന്നാണ് ചാറ്റർജ്ജി പറഞ്ഞത്. അതിലെനിക്കിനി യാതൊരു സംശയവുമില്ല. ഐഗ്വോയെ നീ കൈകാര്യം ചെയ്തതു ഞാൻ കണ്ടതാണ്.. You are One of the best agents I’ve ever seen ! “
”ഭാണ്ഠൂപിലെ ആ ക്ലിനിക്ക് ?“
”RAW യുടെ കീഴിലുള്ള Tactical Assault Unit ആണ് ആ കെട്ടിടം തകർത്തത്. വളരെ കണ്ട്രോൾഡ് ആയി നടത്തിയ ഒരു സ്ഫോടനമായിരുന്നു അത്. ആ കെട്ടിടത്തിന്റെ മുകൾ നിലക്ക് ഒരു കേടു പാടും പറ്റാത്ത വിധം, മിലിട്ടറിയിലെ ഡെമോളിഷൻ വിദഗ്ധർ അത് തകർത്തു കളഞ്ഞു.അവിടെയുണ്ടായിരുന്ന 26 പേഷ്യന്റ്സിനെയും നമ്മൾ രക്ഷപ്പെടുത്തി. പക്ഷേ... ഇവന് രക്ഷപ്പെടാൻ അവസരമുണ്ടാക്കിക്കൊടുക്കണമെന്നു ഞാൻ പറഞ്ഞിരുന്നു.“ അദ്ദേഹം ഡോക്ടർ രഘുചന്ദ്രയെ ചൂണ്ടി.“
”വീണ്ടും നിങ്ങൾ ഇവിടെ ഈ എക്സ്പെരിമെന്റ് തുടരാൻ കാരണം ?“
“ദാ ആ സിറിഞ്ച്...100% വർക്കിങ്ങ് ആയ ഒരു ഫോർമുല... അതു കിട്ടിയെങ്കിലേ എനിക്കൊരു ഫലപ്രദമായ ആന്റിഡോട്ട് ഉണ്ടാക്കാനാകൂ. എങ്കിലേ എനിക്ക് എന്റെ മകനെയും, മറ്റു പേഷ്യന്റ്സിനെയും സഹായിക്കാനാകൂ.”
“താങ്കളുടെ മകനിപ്പോൾ എവിടെയുണ്ട് ?”
അതിനു മറുപടിയെന്നോണം ഒരുഗ്ര സ്ഫോടന ശബ്ദം കേട്ടു!
അവർ നിന്നിരുന്ന ആ മുറി ആകെ ഒന്നു കുലുങ്ങി.
ഡോക്ടറുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. വല്ലാത്തൊരു പുഞ്ചിരി...
“അവനാണത്... എന്റെ മകൻ! ഞാൻ പറഞ്ഞില്ലേ, എല്ലാവരേയും ഞാൻ ഒരിടത്തേക്കെത്തിച്ചെന്ന് ?” അദ്ദേഹം പൊട്ടിച്ചിരിച്ചു.
അശുഭകരമായത് എന്തോ നടക്കാൻ പോകും പോലെ തോന്നിച്ചു കൊണ്ട് പുറത്ത് ഒരു തണുത്ത കാറ്റ് ചൂളംകുത്തിക്കൊണ്ട് ശക്തിയാർജ്ജിച്ചു വരുന്നുണ്ടായിരുന്നു..
To be continued.........
Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm
______
* (വായനക്കാർ താല്പ്പര്യമുണ്ടെങ്കിൽ യൂറ്റ്യൂബിൽ ‘Stephen Wiltshire‘ എന്ന പേര് സെർച്ച് ചെയ്ത് ഈ അത്ഭുതം നേരിൽ കാണാവുന്നതാണ്. ഞാൻ ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരു മഹാത്ഭുതം. പക്ഷേ ഈ ഒരു കഴിവു മാത്രമേ ഉള്ളൂ. ബുദ്ധി മാന്ദ്യമുണ്ട്. പെൻ, പേപ്പർ തുടങ്ങിയ ഏതാനും വാക്കുകളല്ലാതെ സംസാരിക്കാൻ പോലും കഴിവില്ല ഇദ്ദേഹത്തിന്.)

ലൂസിഫർ - Movie Review


എന്റെ പൊന്നു പ്രിത്വി
നിങ്ങൾ എജ്ജാതി തള്ളാ ഇഷ്ട !
പടം ആവറേജ് ആണ് ,സിമ്പിൾ ആണ് ,അത്ര വലിയ സംഭവം ഒന്നുമല്ല എന്നൊക്കെ തള്ളൽ കേട്ട് തീയേറ്ററിൽ പോയ ഞാൻ ഹാർട് അറ്റാക് വന്നു ചത്ത് പോകാതിരുന്നത് ആരുടയോ ഭാഗ്യം .എന്റെ കൈവെള്ളയില് തൊലി ഇല്ല അറിയോ (കയ്യടി നിർത്താൻ പറ്റണ്ടേ ).കൂട്ടത്തിലുണ്ടായിരുന്നത് അമ്മയായതു കൊണ്ട് വിസിലടിക്കാനും കയ്യടിക്കാനും അത്യവശ്യം ആർപ്പുവിളിക്കാനുമൊക്കെ പറ്റി.ഭർത്താവും മോനുമായിരുന്നെങ്കിൽ ഇത് വല്ലോം സാധിക്കുമോ?അല്ല പറഞ്ഞിട്ട് കാര്യമില്ല അറുപത്തിയഞ്ച് വയസ്സുള്ള എന്റെ 'അമ്മ ദാഹിച്ചിട്ട് വെള്ളം പോലും കുടിക്കാതെ (ഏകാഗ്രത പോകുമത്രേ ) കയ്യടിച്ചു കണ്ടോണ്ടിരുന്നു
ഇന്നെന്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു .സിനിമ കണ്ടിട്ട് അമ്മയെന്നോട് പറഞ്ഞു .'അമ്മയുടെ ഓർമയിൽ ഇത്രയും രസിച്ച ഒരു പിറന്നാൾ ഉണ്ടായിട്ടില്ലന്ന് .ഇതാണ് പ്രിത്വി നിങ്ങൾക്കുള്ള അവാർഡ്
.'അമ്മ അത്രയും ആസ്വദിച്ചെങ്കിൽ ഞാൻ എന്ത് പറയാനാ കൂട്ടുകാരെ
"ലൂസിഫർ അസാധ്യ കിടുവാണ്"
ഇനി സിനിമയിലേക്ക് വരാം
"എന്റെ സാറെ തട്ടമിട്ട ഓളുടെ മുഖം കണ്ടാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല "എന്ന് നിവിൻപോളി പറഞ്ഞത് പോലെ ലാലേട്ടൻ സ്‌ക്രീനിൽ വന്നാൽ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല .ഞാൻ എന്തായാലും ഞായറാഴ്ച കൂടെ ബുക്ക് ചെയ്തിട്ടുണ്ട് .എനിക്ക് മറ്റുളളവരുടെ അഭിനയവും ശരിക്കും കാണണം .
എന്നാലും ചിലരെയൊക്കെ പറയാതെ വയ്യ
സായി കുമാർ . കക്ഷി ഒരു കിടുക്കാച്ചി ഐറ്റം ആണെന്ന് മുൻപ് തന്നെ തെളിയിച്ചിട്ടുള്ളതാ.ഒരു കണ്ണിൽ കള്ളത്തരവും മറ്റെല്ലാന്നിൽ കപടവിനയവും മുഖത്താണെങ്കിൽ നിഷ്‍കളങ്കതയും..പഹയൻ ..അടി ..ആ
ടോവിനോ , ടോവിനോയെകണ്ടപ്പോൾ രാഹുൽഗാന്ധിയെ ഓര്മ വന്നതു എനിക്ക് മാത്രമാണോ ? ഒരൊറ്റ മൈതാനപ്രസംഗം കൊണ്ട് ചെക്കൻ അങ്ങ് കിടുക്കി കളഞ്ഞു
മഞ്ജു "എപ്പോളുമെന്ന പോലെ നല്ല പെർഫോമൻസ്
ഫാസിൽ "ചെറിയ ഒരു റോൾ ആണെങ്കിലും ഉള്ളിൽ നിൽക്കും അത്ര അഭിനയം ആയിരുന്നു .മലയാളത്തിന് മികച്ച ഒരു സംവിധായകനെ കിട്ടിയപ്പോൾ നല്ല ഒരു നടനെ നഷ്ടമായി ..സൂപ്പർ ആയിട്ടോ പാച്ചിക്ക
ഇന്ദ്രജിത് : ഒന്നും പറയാനില്ല മാഷെ ..ഒരു ചിത്തരോഗിയുടെ ഭാവങ്ങൾ ,ചടുലമായ സംഭാഷണങ്ങൾ ...അതി ഗംഭീരം
ബൈജു " ഈശ്വര ! നിങ്ങൾ അടിപൊളിയാട്ടോ ..എന്ത് നാച്ചുറൽ ആണ് . അപ്പൊ ഇതാണല്ലേ ഇടതു വലതു രാഷ്ട്രീയം ?ഞങ്ങൾക്കെല്ലാം മനസിലായി
"വിവേക് ഒബ്‌റോയ് : ലാസ്റ്റ് ബട്ട് നോട് ദി ലീസ്റ്റ് ..അതിഗംഭീരം .വിനീതിന്റെ ശബ്ദത്തിൽ ഒരു 'അടാർ വില്ലൻ
മറക്കരുതാത്തവർ
മുരളി ഗോപി
മഹാനായ ഒരു അച്ഛന്റെ മഹാനായ ഒരു മകൻ .തിരക്കഥ .
ദീപക്‌ദേവ് : നമ്മളെ ഹരം പിടിപ്പിക്കുന്ന സംഗീതം ,ബിജിഎം ഒരു രക്ഷയുമില്ല
സുജിത് വാസുദേവ് : കാമറ കൊണ്ട് ചിത്രമെഴുതുന്ന ബുദ്ധിശാലി ..ഫ്രെയിമുകൾ ഒക്കെയും ഉള്ളിൽ തട്ടുന്നത് ...സൂപ്പർബ്
ഇനി
"രാജാവ് "
എന്റെ ലാലേട്ടാ
നിങ്ങള് എങ്ങനെയാണു ആ പോലീസ് കാരന്റെ കഴുത്തിൽ ഒരൊറ്റ ഷോട്ടിൽ കാല് കൊണ്ട് ഒരു പ്രയോഗം ചെയ്തത് ..ഒളിമ്പ്യൻ അന്തോണി ആദത്തിൽ ചെയ്തിട്ടിപ്പോ എത്ര വര്ഷം ആയി ? ഈ നൂറ്റിനെപതു ഡിഗ്രിക്കും തൊണ്ണൂറു ഡിഗ്രിലുമൊക്കെ കാല് വെക്കുന്നതു നിങ്ങള്ക്ക് ഒരു പൂവ് പറിക്കും പോലെ ഈസി ആണല്ലേ?
കഥ രത്‌നച്ചുരുക്കം
ഒരിടത്തു ഒരിടത്തു ഒരു ദൈവം ജീവിച്ചിരുന്നു ആ ദൈവത്തിനു മക്കൾ ഉണ്ടായിരുന്നു .വലിയ സൈന്യം ഉണ്ടായിരുന്നു .സ്തുതിപാഠകർ ഉണ്ടായിരുന്നു .ദൈവം ഒരു വലിയ രാജ്യത്തിൻറെ രാജാവായതു കൊണ്ട് കുറെ കള്ളന്മാർ മാലാഖാമാരായി ചമഞ്ഞു ദൈവത്തിന്റ കൊട്ടാരത്തിൽ കയറി കൂടി അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു മാലാഖാമാരായി ചമഞ്ഞവർ ദൈവത്തെ കൊന്നു ദൈവത്തിന്റെ സ്വന്തം നാടായി .
പറഞ്ഞു കേട്ട കഥ തന്നെ പക്ഷെ ട്രീറ്റ്മെന്റ് പുതിയതാണ്
നമ്മളിപ്പൊളും കോഴിക്കറി വെയ്ക്കുന്നത് അല്ലെങ്കിൽ ഏതു കറിയും വെയ്ക്കുന്നത് ഒരേ മാതിരിയാണോ ?
കോഴിക്കഷണങ്ങൾ മസാലപുരട്ടി പലരീതികളിൽ മാറി മാറി നോക്കി പരീക്ഷിക്കും
സംഭവം കോഴിക്കറി തന്നെ
പക്ഷെ രുചി കൂടുതലായിരിക്കും ..അതുണ്ടാക്കുന്ന കൈകളെ കഴിക്കുന്നവർ അഭിനന്ദിക്കും വീണ്ടും ഉണ്ടാക്കി തരണമെന്ന് അഭ്യർത്ഥിക്കും .ആദ്യ സംരംഭം തന്നെ ഗംഭീരം ആണെങ്കിൽ ?
അതേ പ്രിത്വി
ഞങ്ങൾക്കിനിയും വേണം ഞങ്ങളുടെ ലാലേട്ടനെ ..
ഡോക്ടർ സണ്ണി പറയും പോലെ
"ഓജസ്സും തേജസ്സുമുള്ള നിന്റെ ഗംഗയെ തിരികെ തരാം എന്നാണ് ഞാൻ പറഞ്ഞത് "
അതെ ഓജസ്സും തേജസ്സുമുള്ള ഞങ്ങളുടെ ലാലേട്ടൻ ഇതാണ്
എനിക്ക് മനസിലായി ഒരു കാര്യം
ലാലേട്ടന്റ് തീവ്ര ആരാധകനാണ് പ്രിത്വി ..അത് പോലെ ഒരാൾ സിനിമയെടുത്താൽ അതിങ്ങനെ തന്നെ വരും
ഒരു തീവ്ര ആരാധിക അതിനെ കുറിച്ചെഴുതിയാൽ ദേ അതിങ്ങനെ ഇരിക്കും
എപ്പടി ?കാണാത്തവർ വേഗം .....

By Ammu Santhosh

മഴ പെയ്യുകയാണ് [ചെറുകഥ.]

Image may contain: Azeez Arakkal, eyeglasses, selfie, closeup and indoor
അന്ന് നല്ല മഴയുണ്ടായിരുന്നു.
ഒമാനിലേക്ക് പോകാനായ് ഞാനെന്റെ അർബാബിനോടൊപ്പം
അൽ ഐൻ അതിർത്തി ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് എന്റെ പാസ്പോർട്ട് എടുത്തട്ടില്ലാന്ന് ഓർത്തത്.
അബുദബിക്ക് തിരിച്ചു പോകാനും കഴിയില്ല .
എന്റെ അർബാബിന്
ഒമാനിൽ ഒരു സുഹൃത്തിനെ അത്യാവശ്യമായ് കാണാൻ
പോകാനാണ് .
എന്നെ സംസാരിച്ചിരിക്കാൻ കൂട്ടി എന്നേ ഉള്ളൂ .
ഞാൻ ചെക്ക് പോസ്റ്റിൽ നിന്നും
അവനെ യാത്രയാക്കി
തിരിച്ചു നടന്നു.
ഏകദേശം അഞ്ചുകിലോമീറ്റർ പോയാൽ ലുലു മാളുണ്ട്.
അവിടെ നിന്നാൽ സമയം പോകുന്നതറിയില്ല
അർബാബ് തിരിച്ചു വരുമ്പോൾ
എന്നെ ഇവിടന്ന് പിക്ക് ചെയ്യും.
വല്ലതും ,തിന്നുകയും ആവാം.
ഞാനെന്റെ ടൈ ലൂസാക്കി
കോളറിന്റെ ബട്ടൺ അഴിച്ചു.
വണ്ടികളൊന്നും കൈ കാണിച്ചു നിർത്തുന്നില്ല. ഞാൻ മെല്ലെ മുന്നോട്ടു നടന്നു.
ഏകദേശം ഒരു കിലോമീറ്റർ നടന്നു കാണും
മഴ കനത്തു വരുന്ന പോലെ പ്രകൃതി കറുത്തു വരുന്നു.
ചീറിപ്പായുന്ന ഒരു വാഹനവും എന്നോട് ദയവു കാണിക്കുന്നില്ല.
അപരിജിതരെ വാഹനത്തിൽ കയറ്റി പുലിവാലു പിടിക്കണ്ടാന്ന് കരുതി ആരും റിസ്ക്ക് എടുക്കില്ല .
മഴ താഴേ വീണു തുടങ്ങുകയായി. 
നമ്മുടെ നാട്ടിൽ മഴയിൽ വെള്ളമാണ് പെയ്തിറങ്ങുക. ഇവിടെ പൊടി നിറഞ്ഞു മണലാണ് വെള്ളത്തോടൊപ്പം പെയ്തിറങ്ങുക..അതു കൊള്ളാൻ ഒരു സുഖവും ഉണ്ടാവില്ല എന്നറിയുന്നതു കൊണ്ട് ഞാനെന്റെ കോട്ട് തലക്കു മേലെ ഒരു കുട പോലെ ഉയർത്തി ചുറ്റും നോക്കുമ്പോഴാണ് എന്റെ മുന്നിൽ ഒരു നിസ്സാൻ പെട്രോൾ ചവിട്ടി നിർത്തിയത് .
ഞാൻ വണ്ടിയിലേക്ക് നോക്കി .
സുന്ദരിയായ പൊന്നുകൊണ്ടുണ്ടാക്കിയ ഒരു പെണ്ണ്' !
" യള്ളാ..! സദീക് ...ഇർക്കബ് സയ്യാറാ ...!"
( വണ്ടിയിൽ കയറു സുഹൃത്തേ .)
രണ്ടുവട്ടം ചിന്തിച്ചില്ല .ഞാൻ വണ്ടിയിൽ പിൻസീറ്റിൽ കയറി
സലാം ചൊല്ലി ഇരുന്നു.
ഒപ്പം നന്ദിയും ആയുരാരോഗ്യ സൗഖ്യവും നേർന്നു.
എന്റെ പേര് ചോദിച്ചു .ഞാൻ പറഞ്ഞു.
അവളുടെ പേര് 
റഹീബ എന്നാണെന്നും, അതിർത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷൻ ഓഫീസറാണെന്നും അവൾ പരിചയപ്പെടുത്തി.
സുന്ദരി .ഇരുപത് ഇരുപത്തിരണ്ട് വയസ്സു തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ റഹീബ 
അവിവാഹിതയാണ്.
എമിഗ്രേഷൻ വകുപ്പിലെ ഉദ്യേഗസ്ഥയാണവൾ.
അവളുടെ ബാപ്പ എയറോ നോട്ടിക്കൽ എൻജിനീയർ.
ഒരു സഹോദരൻ മുൻ സിപ്പൽ ആരോഗ്യ വകുപ്പിലെ ഉന്നത പദവിയുള്ള ഓഫീസർ.മറ്റൊരു സഹോദരൻ പോലീസ്.
ഉമ്മ യൂണിവേഴ്സിറ്റി പ്രൊഫസർ .
ലുലുവിന്റെ കാർ പാർക്കിൽ നിർത്തി അവൾ എന്നോട് അവളുടെ കുടുംബത്തെ കുറിച്ചു പറഞ്ഞു.
ജന്മ ജന്മാന്തര ബന്ധം ഉള്ളവരെ പോലെ വളരെ തുറന്ന സംസാരം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
റോഡ് ഏന്റ് സേഫ്റ്റി വകുപ്പിലാണ് എനിക്ക് ജോലിയെങ്കിലും സ്വന്തമായ് ബിസിനസ്സുകളും ഉണ്ടെന്നറിഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ ദൈവത്തിനു സ്തുതി പറഞ്ഞു - 
ഞാനൊരു നന്ദിസൂചകമായ് ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചു .
ഒരു മടിയും ഇല്ലാതെ അവളത് സ്വീകരിച്ചു .
ഞങ്ങൾ രണ്ടു പേരും സ്റ്റാർ ബക് സിലേക്ക് നടന്നു.
അന്ന് പിരിയുമ്പോൾ പരസ്പരം നമ്പറുകൾ കൈമാറി.
അതൊരു തുടക്കമായിരുന്നു'
ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ ഞാൻ റഹീബയെ അൽ ഐനിൽ പോയി കാണുമായിരുന്നു.
പിന്നെ പിന്നെ തമ്മിൽ കാണാതിരിക്കാനാവാത്ത രൂപത്തിലായി .
ഒരു അറബി പെണ്ണിന് അനറബിയോട് കടുത്ത പ്രേമത്തിലേക്ക് ആ കൂടിക്കാഴ്ച്ച മാറിയത് ഞങ്ങൾ പോലും അറിഞ്ഞില്ല എന്നതാണ് സത്യം .
ആയിടക്കുള്ള ഒരു റമളാനിനോടനുബന്ധിച്ച് ചൈനയിലേക്കും, ഇന്തോനേഷ്യയിലേക്കും സാധനങ്ങൾ ഓർഡർ ചെയ്യാനും , പർച്ചേസിങ്ങിനുമായ് ഞാൻ രണ്ടാഴ്ച്ച മാറി നിന്നു.
വാട്സാപ്പിൽ കോൺടാക്ട് ചെയ്യുമായിരുന്നു.
ഇന്തോനേഷ്യയിൽ ചെന്ന അന്നു കുറച്ചു നേരം ഫോണിൽ സംസാരിച്ചു.
പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നറിഞ്ഞു.
പതിനഞ്ചാമത്തെ ദിവസം ,ദുബൈ എയർ പോർട്ടിലെ ലോങ്ങ് ടൈം പാർക്കിൽ നിന്നും എന്റെ കാറുമായ് നേരെ അൽ ഐനിലെ അവളുടെ വീട്ടിലേക്ക് കുതിച്ചു.
റഹീബയുടെ കൂട്ടുകാരിയുടെ ഒരു നമ്പർ എന്റെ പക്കലുണ്ടായിരുന്നത് ഞാനപ്പോഴാണ് ഓർത്തത്.
കുറെ നേരം റിങ്ങ് ചെയ്തിട്ടാണ് കൂട്ടുകാരി ഫോൺ എടുത്തത്.
വിശേഷങ്ങൾ തിരക്കി കഴിയുന്നതിനിടയിൽ തന്നെ ഞാൻ ചോദിച്ചു 
" റഹീബ" എവിടെ. ?
അപ്പുറത്ത് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.
ഞാൻ എന്തു ചോദിക്കണം എന്നറിയാതെ ഏതാനും നിമിഷങ്ങൾ .... പിന്നെ അവൾ പറഞ്ഞു.
ഞാൻ പോയി രണ്ടു ദിവസം കഴിഞ്ഞ് ജോലിക്കു പോകുന്ന വഴിയിൽ റഹീബയുടെ വണ്ടി എക്സിഡന്റായി. !
അഡ്മിറ്റാക്കപ്പെട്ട അവളെ വിശദമായ പരിശോധനയിൽ വളരെ കാലമായി തലച്ചോറിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു മാരകമായ ട്യൂമറിനെ കുറിച്ച് അറിയാൻ കഴിഞ്ഞു.
വൈദ്യശാസ്ത്രത്തിന് എന്തെങ്കിലും ചെയ്യാനാകാത്ത വിധം അത്രക്കു ഗുരുതരമായിരുന്നു അത്.
അപകടത്തിന്റെ യും ,രോഗത്തിന്റെ യും കാഠിന്യം അവളെ തളർത്തി.
ഒടുവിൽ എല്ലാവരെയും നിരാശരാക്കി ,അതിലേറെ എന്നെ തനിച്ചാക്കി റഹീബ മരണത്തിനു കീഴടങ്ങി.!
എന്റെ കാൽ ഞാനറിയാതെ ഒരാർത്തനാദത്തോടെ ബ്രേക്കിലമർന്നു.!
ഞാനിപ്പോൾ അൽഐനിലെ മഖ്ബറയിൽ റഹീബയുടെ ഖബറിനരികിൽ നില്ക്കുകയാണ്.!
കണ്ണുനീർ എന്റെ മുഖത്തിലൂടെ ഒഴുകുന്നു.
നെഞ്ച് തകർന്ന് പൊടിയുന്നു.
ഈ നിമിഷം ആ ഖബറിനുള്ളിലേക്ക് ആണ്ടിറങ്ങിയങ്കിലെന്ന് ഞാനാശിക്കുകയാണ്.!
എന്റെ റഹീബാ .... !
നീയില്ലാത്ത ഈ രാജ്യം ഇനി എനിക്കെന്തിനാണ്.?
പക്ഷേ ... റഹീബാ .. ഈ മണൽ കാട്ടിൽ നിന്നെ തനിച്ചാക്കി ഞാനെങ്ങു പോകും. ?
നിത്യവും നിന്റെ ഖബറിനരികിൽ ഒരു നേരമെങ്കിലും ഞാനെത്തും.
ഒരു വാക്കു പോലും പറയാതെ ഈ അജ്നബിയെ തനിച്ചാക്കി പോയതെന്തിനാണ് റഹീബാ ...?
റഹീബാ .... നീ അറിയുന്നുണ്ടോ ഇതാ മഴമേഘങ്ങൾ കുട ചൂടിയ ഭൂമിക്കു മേലെ മഴത്തുളളികൾ വീണു തുടങ്ങി.
നമ്മളന്ന് കണ്ടു മുട്ടുമ്പോൾ ഒരു മഴയായിരുന്നു.
നിന്നെ നഷ്ടമായ് ഈ ശ്മശാനത്തിൽ ഞാൻ നിന്റെ കുഴിമാടത്തിനരികെ നില്ക്കുമ്പോഴും മഴയാണ്.!
മഴ പെയ്യുകയാണ് .
റഹീബാ....
നിന്റെ സ്നേഹം പോലെ.!
**************
അസീസ് അറക്കൽ
ചാവക്കാട് .
********

പൂവുണ്ണി

Image may contain: 1 person, smiling, closeup
പൂവു പോലെ ചിരിയ്ക്കുന്ന ഉണ്ണിയ്ക്ക് അനുയോജ്യമായ പേര്. ബാലകൃഷ്ണനുണ്ണി എന്ന പേര് ആദ്യം ബാലനുണ്ണിയായി പിന്നെ ഉണ്ണിയായി മാറി. അമ്പലത്തിൽ മാലകെട്ടുകയും കൂടെ ചെയ്തപ്പോൾ പൂവുണ്ണിയായി മാറി.
ഞങ്ങൾ പഠിച്ചിരുന്ന സ്കൂളും വീടുമായി മൂന്നാലു കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഉണ്ണി താമസിച്ചിരുന്നത് സ്കൂളിനടുത്തു തന്നേയായിരുന്നു. അമ്പലത്തിൻ്റെ പുറകിലായുള്ള വീടും, അമ്പലത്തിലെ ജോലിയും. സ്കൂൾ കാലഘട്ടം കഴിഞ്ഞതിൽ പിന്നെ തമ്മിൽ കാണൽ കുറവായിരുന്നു.
കറങ്ങി നടപ്പും,കലാലയ ജീവിതവും കഴിഞ്ഞൊരു കാലം ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകൻ ആയി വീണ്ടും പഴയ സ്കൂൾ പരിസരത്ത് എത്തിയ സമയത്താണ് പിന്നേയും ഉണ്ണിയുമായുള്ള പുനസമാഗമം. തമ്മിൽ അധികമൊന്നും സംസാരിയ്ക്കാറില്ലെങ്കിലും
അപ്പോഴും എപ്പോഴും അവൻ്റെ ചുണ്ടിൽ തിളങ്ങി നിന്നത് മായാത്ത ചിരി ആയിരുന്നു. പൂവു പോലുള്ള പഴയചിരി.
പിന്നീട് കാലദേശങ്ങളിലേയ്ക്ക്, ജീവിതം കരുപ്പിടിപ്പിയ്ക്കാനുള്ള ഓട്ടത്തിൽ എല്ലാവരും എല്ലാവരിൽ നിന്നും അകന്നുപോയി.
മുഖപുസ്തകത്തേയും, വാട്സപ്പിനേയും എല്ലാം ആരെല്ലാം എന്തെല്ലാം കുറ്റം പറഞ്ഞാലും, പഴയ സൗഹൃദങ്ങൾ കണ്ടെത്താനും, നിലനിർത്താനും, ആശയ വിനിമയങ്ങൾക്കും ഏറ്റവും പറ്റിയ ഉപാധി തന്നേയാണ് ഇവയെല്ലാം. അധികമായാൽ
അമൃതും വിഷം തന്നേയെന്നോർമ്മയിൽ വച്ച്
ആവശ്യത്തിന് ഉപയോഗിയ്ക്കണം എന്നു മാത്രം.
ഞങ്ങളുടെ സ്കൂൾ കൂട്ടായ്മയുടെ വാട്സപ്പ് ഗ്രൂപ്പിലേയ്ക്ക് ഉണ്ണിയും വന്നിരുന്നു ചെറിയ ചെറിയ കുശലപ്രശ്നങ്ങളോടെ, പിന്നേയും ഒരു ചെറു ചിരിയോടെ അവൻ്റെ തിരക്കുകളിലേയ്ക്ക് പോയി.
കഴിഞ്ഞ ദിവസം അടുത്ത കൂട്ടുകാരനുമായി ഓരോന്നും സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ പറയുകയുണ്ടായി.
ഇപ്പോൾ നമ്മൾ അമ്പതുകളിൽ അണ്, അടുത്ത പത്തു വർഷത്തിനുള്ളിൽ ആരെല്ലാമായിരിക്കും നമ്മളിൽ ബാക്കിയുണ്ടാവുക എന്നറിയില്ല. ഒരു യാത്ര പറയാനുള്ള സാവകാശം കൂടി കിട്ടി എന്നു വരില്ല. ചെടിയിൽ നിന്ന് ഒരു പൂവ്വ് കൊഴിയാനുള്ള നേരം മാത്രം.
ഇന്നലെ ഗ്രൂപ്പിലേക്ക് ഒരു കൂട്ടുകാരൻ്റെ സന്ദേശമെത്തി, നമ്മുടെ ഉണ്ണി ബാത്ത് റൂമിൽ തല കറങ്ങി വീണു, ലേക്ക്ഷോറിലേയ്ക്ക്
കൊണ്ടുപോയി എന്ന്. അറിയുന്ന വിവരങ്ങൾ ഉടനുടനേ ഗ്രൂപ്പിലെത്തി, എല്ലാവരുടേയും പ്രാർത്ഥനകളും.
ഡോക്ടർമാരുടെ ചികിത്സകൾക്കും, കൂട്ടുകാരുടേയും, വീട്ടുകാരുടേയും പ്രാർത്ഥനകൾക്കും അവൻ്റെ സ്നിഗ്ദതയാർന്ന ചിരി നിലനിർത്താനായില്ല. അപ്പോഴുമൊരു നേർത്ത പൂ പോലുള്ള ചിരിയോടെ പൂവുണ്ണി ഞങ്ങളിൽ നിറയുന്നു.

ByL PS ANilkumar Devidiya

വെയിലും മരവും ജലവും.(ലേഖനം)

Image may contain: 1 person, standing
കേരളത്തിന്റെ ഭൂമിക്ക്
മണ്ണിന്റെയും ആകാശത്തിന്റെയുമിടയിലെ
കവചം നഷ്ടപ്പെട്ടിരിക്കുന്നു.
വൃക്ഷങ്ങൾ ഇലകൾ കൊണ്ടു തീർക്കുന്നൊരു പച്ചപ്പുതപ്പിന്റെ സംരക്ഷണമാണ് നമുക്ക് നഷ്ടമായത്.
ആയിരക്കണക്കിനു വൃക്ഷങ്ങളാണ് നിത്യേനെയെന്നോണം മുറിച്ചു കൊണ്ടിരിക്കുന്നത്.
അതിന്റെ 10% പോലും നട്ടു സംരക്ഷിക്കുന്നില്ല. ഇത് ഒരു വലിയ കാരണമാണ്.
സൂര്യപ്രകാശം നേരിട്ടു ഭൂമിയിൽ പതിക്കുമ്പോഴാണ് ഇത്രയും വേഗം ഭൂമി വരളുന്നത് വിണ്ടുകീറുന്നത്.
ഒരു വ്യക്തി അയാളുടെ ആവശ്യങ്ങൾക്കു വേണ്ടി മുറിച്ചു മാറ്റുന്ന മരങ്ങൾക്കു പകരമായി ഒരു തൈ പോലും നടാത്ത എത്ര പേരുണ്ട്..?
ഈ ലേഖനം വായിക്കുന്നവരിലുമുണ്ടാകും ഒത്തിരിപ്പേർ എന്നുറപ്പാണ്.
ഒരു ജലനയം കൊണ്ടു വന്നില്ലെങ്കിൽ ഉറപ്പായും മരുഭൂമിയായിപ്പോകും കേരളം.
ഭരിക്കുന്നവർ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ നടപ്പിലാക്കാത്തതിന്റെ പ്രതിസന്ധിയാണിതെന്ന് ഞാൻ വിലയിരുത്തുന്നു.
വീടുകൾ കയറ്റാനും മറ്റും ഒരു മരം മുറിക്കുമ്പോൾ അതേ ഇനത്തിൽപ്പെട്ട രണ്ടെണ്ണമെങ്കിലും വെക്കണമെന്ന നിയമം കൊണ്ടുവരണം.
ചെറുപ്പകാലത്ത് കണ്ടുവന്നിരുന്ന നാടൻ മരങ്ങളും പഴങ്ങളും ഇപ്പോൾ ഇല്ല.
ചിലത് നാമാവശേഷമായി ചിലത് അപൂർവ്വമായി.
പല ഗ്രാമത്തിലും ഉയരം കൂടിയ മരങ്ങൾ കാണാനേഇല്ല. ഇതൊക്കെ അധികം വൈകാതെ ഭൂമിയുടെ സ്വഭാവം മാറ്റും. നമ്മുടെ കൃഷിരീതികളും പരിഷ്ക്കരിക്കേണ്ടതുണ്ട്.
ജനസംഖ്യ കൂടുംന്തോറും വീടുകൾ ഇനിയും വരും അങ്ങിനെ കേരളമൊരു കോൺക്രീറ്റുകാടാകും
ശുദ്ധജലം പോയിട്ട് ജലം തന്നെ ഇല്ലാതാകും.
മഴക്കാലത്ത് പെയ്യുന്ന ജലം നമുക്ക് വേണ്ടല്ലോ അത് അറബിക്കടലിനുള്ളതല്ലേ..?
Babu Thuyyam.

മരണം...!

Image may contain: Jolly Chakramakkil, smiling, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
നീയെനിക്ക് ആരാണ്....?
ഒരു കുടന്ന സ്നേഹവും ,വാത്സല്യവും ,
കരുതലും ,വഴികാട്ടിയും ..
ഇന്നെനിയ്ക്ക് ഓർമ്മ വിഹായസിലെ
തിളക്കമാർന്ന ഒരു പൊൻതാരകം മാത്രവും
എങ്കിലും എന്റെ തപ്തനിശ്വാസങ്ങൾ
ബാഷ്പകണങ്ങളായൂറുന്നു
കണ്ണുനീർ തുള്ളികൾ കോർത്തൊരു
സ്നേഹഹാരം
നിറമാർന്നൊരാ സ്മരണയ്ക്കു മുൻപിൻ
വിതുമ്പും ..അർപ്പണമാവുന്നു ...
വിട ... നിറസ്നേഹമേ ..വിട
26 - Mar - 2019
( ജോളി ചക്രമാക്കിൽ )

സ്വതന്ത്രസേവനം - (വരുംകാല കാഴ്ചകൾ)

Image may contain: 1 person

- ഗിരി ബി വാരിയർ-
തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ...
ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത
ഗ്രാമപ്രദേശത്തെ മണ്ഡലത്തിൽ
നിന്ന് ഒരു ദേശീയപാർട്ടിയുടെ
കീഴിൽ മത്സരിച്ച്
വിജയിച്ച സ്ഥാനാർത്ഥി
മന്ത്രിസ്ഥാനത്തിനുവേണ്ടി
തലസ്ഥാനത്ത് പുതിയ
തന്ത്രങ്ങൾ മെനയുമ്പോൾ...
എതിർപക്ഷസ്ഥാനാർത്ഥി
തോൽവിയുടെ ക്ഷീണം
മാറ്റാനായി നഗരത്തിലെ
ഏതോ പഞ്ചനക്ഷത്ര
ഹോട്ടലിലെ ശീതികരിച്ച
മുറിയിൽ വിശ്രമിക്കുമ്പോൾ ...
വിജയിച്ച ദേശീയപാർട്ടിയുടെ
അണികൾ ആഹ്ളാദത്തിമിർപ്പിൽ
ആട്ടവും പാട്ടും നടത്തുമ്പോൾ...
തങ്ങൾക്ക് നഷ്ടപ്പെട്ട വോട്ടുകളുടെ
കണക്കുകൾ പിച്ചിച്ചീന്തി
എതിർപക്ഷപാർട്ടിക്കാർ
പരസ്പരം വിരൽ ചൂണ്ടുമ്പോൾ ..
വർഷങ്ങളായി ...
ഊണും ഉറക്കവും കളഞ്ഞു്
നാടിനും നാട്ടുകാർക്കും വേണ്ടി
ഓടിനടന്ന് സേവനം ചെയ്ത്,
ആരുടെയോ നിർബന്ധത്തിൽ
സ്വതന്ത്രനായി മത്സരിച്ച്,
നൂറിൽ താഴെ മാത്രം വോട്ട് നേടിയ
സ്ഥലവാസിയായ സ്ഥാനാർത്ഥി
കടത്തിണ്ണയിൽ മരിച്ചുകിടന്നിരുന്ന
ഏതോ ഒരു വ്യദ്ധയുടെ
ശവസംസ്കാരത്തിന് വേണ്ട
ഒരുക്കങ്ങൾ ചെയ്യാൻ
നെട്ടോട്ടമോടുകയായിരുന്നു,
ജനസേവനമെന്ന വാക്കിന്റെ
മാറിയ മാനങ്ങളറിയാതെ...
*****
ഗിരി ബി വാരിയർ
27 മാർച്ച്‌ 2019

മഞ്ഞു പോലെ ഒരു മനസ്സ്

"പപ്പ അറിഞ്ഞത് ശരിയാ .നമ്മുടെ അന്നമോൾക്കു ആ ഹിന്ദു ചെക്കനുമായിട്ട് " "പറഞ്ഞു തീർക്കാനനുവദിച്ചില്ല ജോസഫ് അലക്സിന്റെ മുഖത്തു ഒന്ന് കൊടുത്തു
"മിണ്ടരുത് ശവമേ .എന്നിട്ടു അതും കേട്ടു നീയിങ്ങു പോരുന്നു. .തീർത്തൂടായിരുന്നോ അവനെ ?"അതോ വലിയ തിമിംഗലം വല്ലോം ആണോടാ?"
"അല്ല പപ്പാ ഗതികെട്ടവനാ ..അച്ഛനും അമ്മയുമൊന്നുമില്ല ഇവിടെ ഏതോ ബന്ധുക്കളുടെ വീട്ടിൽ നിന്നു പഠിക്കുവാ "
"ഓ അപ്പൊ കാശുള്ള വീട്ടിലെ പെണ്ണാണെന്ന് കണ്ടു കൂടെ കൂടിയിരിക്കുവാ .അപ്പൊ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലത്ത ഇനമാ അല്ലിയോടാ അലക്സ് കുഞ്ഞേ ..?എങ്കിൽ സംഗതി എളുപ്പമായി ,വല്ല ബൈക്കോ മറ്റോ ഉണ്ടോ? ഒരു അപകടം ..അതിലങ്ങു
തീര്ന്നോളുമല്ലോ "
ജോസഫ് ഗ്ലാസ്സിലേക്കു മദ്യം പകർന്നു സോഡാ ചേർത്തു
"നിനക്ക് വേണോ? "
"വേണ്ട പപ്പാ .."അലക്സ് തല വിലങ്ങനെ ആട്ടി
"ഇതെന്തുവാടേ ഉവ്വേ ഇപ്പോളത്തെ പെൺപിള്ളേർ ഇങ്ങനെ ? ഓരോന്ന് കേട്ട ചിരിവരും ..പത്തുപതിനെട്ടു വയസാകുമ്പോളേക്കും അത് വരെ കണ്ണേ പൊന്നെയെന്നു വളർത്തിയ തന്തേടേം തള്ളേടേം നെഞ്ചത്തോട്ട് ചവിട്ടിയെച്ചും മുഖത്ത് ഒറ്റ തുപ്പാ...എന്നിട്ടു അവന്റ കയ്യും പിടിച്ചു ഇറങ്ങിയങ്ങു ് പോയേക്കും ...അതും എങ്ങനെ ഉള്ളവന്റെ കൂടെ .ജോലിയും കാണുകേല വീടും കാണുകേല. ഫുൾ ടൈം കഞ്ചാവും കള്ളും, പിന്നെ മുടിയും നീട്ടി വളർത്തി കുളിക്കാതേം നനയ്ക്കാതേം ജീൻസും ഇറക്കി ഷഡിയും കാണിച്ചു നടക്കുന്നവന്റെയൊക്കെ കൂടെ ..അവന്മാർക്കൊരു പേരുണ്ടല്ലോ എന്തുവാ? "
"ഫീ ഫ്രീക്കൻ .."അലക്സ് ഒന്ന് വിക്കി
"അതന്നെ ഫ്രീക്കൻ, അവന്റ കൂടെ അങ്ങ് പോയേക്കും. ഒറ്റ വര്ഷം, അത് കഴിയ്മ്പോ അവനവളെ കൊല്ലും അല്ലേൽ അവൾ അവനെ കൊല്ലും അതുമല്ലെങ്കിൽ അവനവളെ വിൽക്കും ..ഇല്ലെങ്കിൽ പെണ്ണ് വീട്ടിൽ വന്നു നിൽക്കും വെറുതെ പോയപോലല്ല എളിയിലൊരു ട്രോഫി കാണും. അവന്റെ സമ്മാനമായിട്ട് "
അലക്സ് മിണ്ടിയില്ല
"എടാ എടാ ഇതറിഞ്ഞാ നിന്റെ മമ്മി എന്ന പറയും ?എന്റെ നോട്ടക്കുറവാണെന്നു പറയുകേലെ? ചത്ത്‌ മോളിൽ പോയെങ്കിലും അവളെന്നെ നോക്കി ഒറ്റ നിപ്പാ .ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ അവളുട കുഴിമാടത്തിലോട്ടു പോകാൻ സത്യത്തിലെനിക് പേടിയാടാ .കുടിച്ചതിന്റ കണക്ക് , ബീഫ് തിന്നതിന്റെ കണക്കു , തോട്ടത്തിലെ റബ്ബറിന്റേം ഏലത്തിന്റ് കണക്ക് ..വല്ല പെണ്ണുങ്ങളോടും ഞാൻ മനസ്സറിയാത് മിണ്ടിപ്പോയിട്ടുണ്ടെങ്കിൽ അതും..."
അലക്സ് ചിരി അടക്കി
"
നീ ചിരിച്ചോടാ, പെണ്ണ് കെട്ടുമ്പോൾ പഠിച്ചോളും .ജീവിച്ചിരിക്കുമ്പോളും മരിച്ചു പോയാലും അവളുടെ നോട്ടത്തിൽ നിന്നു നമുക്കു രക്ഷയില്ലേടാ മോനെ ..ആ പറഞ്ഞു വന്ന കാര്യം ഇതൊന്നുമല്ല ആ ചെറുക്കന്റ് പേരെന്താ ?"
"ആനന്ദ് "
"അവനിനി ഭൂമിയിൽ വേണ്ട ഉവ്വേ "
"അത് പപ്പാ ഒന്ന് പറഞ്ഞു മനസിലാക്കിയിട്ടു ..അല്ല തിരുത്താൻ ഒരു അവസരം "
"മാങ്ങാത്തൊലി. തിരുത്താനിതെന്തുവാ ഉത്തരക്കടലാസാണോ ?ജീവിതമാണെടാ ..എന്റെ അന്നക്കുട്ടിയുടെ ജീവിതം അതില് തിരുത്തു വേണ്ട. മായ്ക്കൽ മതി ..മനസ്സിലായോ ?"
അലക്സ് തലയാട്ടി
"എന്ന പൊക്കോ "
പപ്പാ വിചാരിക്കും പോലെ ആനന്ദ് ഒരു ഫ്രീക്കാനോ തെമ്മാടിയോ അല്ലെന്നു അലെക്സിന് അറിയാമായിരുന്നു ..പക്ഷെ അത് പറയാൻ അവനു ധൈര്യം ഉണ്ടായില്ല
"പപ്പാ "അന്ന വന്നു തോളിൽ തൂങ്ങുമ്പോൾ ജോസഫ് ചിരിക്കാൻ ശ്രമിച്ചു
"എന്റെ പപ്പയോടെനിക്കൊരു കാര്യം പറയാനുണ്ട് കേട്ട "
"ഉം "
"പപ്പയുടെ മുഖമെന്താ വല്ലാതെ ?"
"ഒന്നുമില്ല മോള് പറ "
"അതെ പപ്പാ എനിക്കൊരാളെ വലിയ ഇഷ്ട ...ആള് ഹിന്ദുവാ .പപ്പാ സമ്മതിക്കുകേലെന്നു എനിക്ക് അറിയാം .തിരുമേനിമാരോക്കെയുള്ള തറവാടല്ലിയോ നമ്മുടെ ?പപ്പയെ വേദനിപ്പിച്ചു അന്നക്കുട്ടി അയാൾക്കൊപ്പം പോകുകേല കേട്ടോ .."അന്ന പുഞ്ചിരിച്ചു
"അല്ല ഇനി ഞാൻ ചെന്നാലും അവനെന്നെ സ്വീകരിക്കുകയൊന്നുമില്ല എന്താന്നോ അവനു അപ്പനും അമ്മയും ഒന്നുമില്ലാത്ത കൊണ്ടേ അതിന്റെ വില നന്നയി അറിയാം .എപ്പോളും പറയും പപ്പയെ സങ്കടപ്പെടുത്തി ഒന്നും ചെയ്യല്ലേ ന്നു ..എന്നാലും നമ്മുക്കി പ്രായത്തിലിങ്ങനെ ഒക്കെ തോന്നുവാരിക്കും അല്ലിയോ പപ്പാ ?പപ്പക്ക് ലവ് ഉണ്ടായിരുന്നോ ?"അവൾ അയാളുടെ മൂക്കിൽ പിടിച്ചു
"ഇല്ലാരുന്നു "ജോസഫ് പറഞ്ഞു
"മമ്മിയാരുന്നോ ഫസ്റ്റ് ലവ് ?'
"ഉം ആദ്യത്തെയും അവസാനത്തെയും "അയാൾ മെല്ലെ പറഞ്ഞു
"ഭാഗ്യവതി "അവളെന്തോ ആലോചിച്ചിരുന്നു
"നമ്മൾ സ്നേഹിക്കുന്നവരുടെ സ്നേഹം നമ്മൾക്ക് കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ...ആനന്ദിനെ എനിക്ക് കിട്ടുകേല ..അവളുട ശബ്ദം ഒന്ന് ഇടറി ...അവനെന്റ് സീനിയർ ആണ് ..ഈ വര്ഷം കൂടിയേ ഉള്ളു പിന്നെ ദൂരെ എവിടേക്കോ പോവാ ..പഠിക്കാൻ
അവൾ അയാളുടെ മടിയിൽ കിടന്നു
"അവനെന്നെ വലിയ ഇഷ്ടമാ പപ്പാ ...പപ്പാ എന്നെ സ്നേഹിക്കുന്ന പോലെയാ അവനും എന്നെ സ്നേഹിക്കുന്നെ ...ആ സ്നേഹം കൊണ്ട അവൻ ഇവിടം വിട്ടു പോകുന്നെ ..പപ്പക്ക് വല്ലോം മനസ്സിലായോ ?'
അയാൾ അവളുടെ മുടി ഒന്ന് ഒതുക്കി വെച്ച്
"എണ്ണ തേക്കാറില്ലേ നീയ്?"
"അതിനിപ്പോ പപ്പക്ക് സമയമില്ലല്ലോ ഞാൻ വളർന്നപ്പോൾ പപ്പയും അങ്ങ് വളർന്നില്ലേ?"
അവൾ ചിരിച്ചു
"പപ്പായെ"
"എന്നതാടി കൊച്ചെ ?"
"ഞാൻ അങ്ങ് ചത്ത് പോയാല് എന്റെ പപ്പാ എന്ന ചെയ്യും ?"
അയാൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി .നിറഞ്ഞു തൂവുന്ന രണ്ടു കണ്ണുകൾ
"അവൻ പോകും ന്നു പറയുമ്പോൾ എന്റെ നെഞ്ച് വേദനിക്കും പപ്പാ. ഞാൻ മരിക്കാൻ പോകുന്ന പോലെ ..എന്ന് വെച്ചൂ് ന്റെ പപ്പാ ആരുടേം മുന്നിൽ താഴണ്ട കേട്ടോ .നാണക്കേടാ .ജോസഫ് അബ്രഹാമിന്റ് മകൾ ഒരു ഹിന്ദു ചെക്കന്റെ കൂടെ ..അത് വേണ്ട ..ഞാൻ ഇവിടെ കഴിഞ്ഞോളം എന്നും "
അയാൾ അവളെ നെഞ്ചോട് ചേർത്തു അടക്കിപ്പിടിച്ചു. അയാളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഉള്ളിലെ കരിമ്പാറക്കെട്ടുകൾക്കു ബലക്ഷയം ഉണ്ടാവുന്നു
"എന്നാലും ജോസെഫേ ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ ?ചെക്കനെ നമ്മുട കൂട്ടത്തിൽ ചേർത്തു കെട്ടു നടത്തിയാൽ പോരാരുന്നോ ?'കൂട്ടുകാരൻ മാത്യൂസ് പറഞ്ഞപ്പോൾ ജോസഫ് ഉറക്കെ ചിരിച്ചു
"ഓ അതൊക്കെ എന്നാത്തിനാടാ ഉവ്വേ? ... ..അവനു അവളെ ജീവനാ തിരിച്ചു അങ്ങോട്ടും ..അതുങ്ങള് സ്നേഹിച്ചങ്ങു ജീവിക്കട്ടെ ന്നു ..പിന്നീട് കല്യാണത്തിന്റെ ആർഭാടം കാണിക്കുന്ന കാശ് കൊണ്ട് ഞാൻ അഞ്ചു അനാഥ കൊച്ചുങ്ങളുടെ കല്യാണം അങ്ങ് നടത്തി. അതെന്റെ മോള് പറഞ്ഞിട്ടാ കേട്ടോ. ലോകത്താരുടെ മുന്നിലും തോറ്റിട്ടില്ല ഈ ജോസഫ്. പക്ഷെ എന്റെ മോള്... അയാളുടെ കണ്ണ് നിറഞ്ഞു
"എന്നാലും നിനക്കുളളതൊക്കെ ഞാൻ തരും കേട്ടോ വൈകിട്ട് പാർട്ടി ഉണ്ട് "
'ഓ മതി ... അതു മതി .."
അയാൾ തലചൊറിഞ്ഞു
അന്നമ്മയുടെ കുഴിമാടത്തിനു മുന്നിൽ നിൽകുമ്പോൾ പതിവു ചോദ്യങ്ങളൊന്നുമുണ്ടായില്ല
"നമ്മുടെ മൂന്നാറിലേയും വയനാട്ടിലേം എസ്റ്റേറ്റ് അവൾക്കുള്ളതാ കേട്ടോ "
"ഉം "
"സ്വർണമെല്ലാം ലോക്കറിലുണ്ട് ..അവൾക്കു കൊടുത്തേക്കണം "
"ഉം "
"വേണ്ടതെല്ലാം നോക്കിയും കണ്ടും ചെയ്യണം ഇച്ചായ ഞാൻ ഇല്ലാത്തത "
"ഉം '
'എന്റെ ഇച്ചായൻ ഇപ്പോളാണ് നല്ല അപ്പനായത് "
അയാൾ കണ്ണുനീരോടെ അനങ്ങാതെ നിന്നു
പള്ളിപ്പറമ്പ് ശാന്തമായിരുന്നു
"മഴ വരുന്നുണ്ട് അല്ലെ അച്ചായാ "
ആകാശം ഇരുണ്ടു മൂടി കിടന്നു
"പൊക്കോ നനയണ്ട" അന്നമ്മയുടെ ശബ്ദം നേർത്തു
അയാൾ മെല്ലെ മുട്ട് കുത്തി ആ തറയിൽ മുഖം വെച്ചു
"അച്ചായന് ...നിന്നെ കാണാൻ തോന്നുവാടി.."അയാൾ മെല്ലെ പറഞ്ഞു
മഴ പെയ്തു തുടങ്ങി ..അയാളുടെ കണ്ണുനീരൊക്കെ ആ മഴയിൽ അലിഞ്ഞു ചേർന്ന് അന്നമ്മയ്ക്കു മുകളിലേക്ക് വീണു കൊണ്ടിരുന്നു

By : AmmuSanthosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo