----------------------------------
രചന:അഞ്ജന ബിജോയ്
ആദിത്തിന് നല്ല ദേഷ്യം വന്നു.അവൻ സോഫയിൽ നിന്നെഴുന്നേറ്റ് ചെന്ന് വാതിൽ അടച്ച് കുറ്റി ഇട്ടു.എന്നിട്ട് വർഷയുടെ നേരെ പാഞ്ഞടുത്തു!
അവിടെ തുടച്ചതിന്റെ ബാക്കി കുറച്ച് വെള്ളം വീണ് കിടന്നിരുത് ആദിത് കണ്ടില്ല. അതിൽ കാല് തെന്നി അവൻ മലന്നടിച്ച് തറയിൽ വീണു!
വർഷ അയ്യോ എന്ന് വിളിച്ച് പെട്ടെന്ന് തന്നെ അവന്റെ അടുത്തേക്ക് ചെന്നു.ആദിത് നടുവിന് കൈയും കൊടുത്ത് തറയിൽ കിടക്കുകയായിരുന്നു.
അവൾക്കവനെ പിടിച്ച് എഴുന്നേൽപ്പിക്കണമെന്നുണ്ടായിരുന്നു പക്ഷെ താൻ തൊട്ടാൽ അവനിഷ്ടമാകുമോ എന്നറിയാത്തത്കൊണ്ട് അവൾ വിഷമത്തോടെ അവനെ തന്നെ നോക്കിനിന്നു.
"ഞാൻ..ഞാൻ സതിയമ്മയെ വിളിച്ചിട്ട് ഓടിവാരം.." അവൾ ആദിത്തിനോട് പറഞ്ഞു.
"എന്തിന് അവരെ കൂടി വീഴിക്കാനോ?" ആദിത് കിടന്നുകൊണ്ട് ചോദിച്ചു.
"ആഹാ ഇതിപ്പോ എന്റെ കുറ്റം ആയോ..സാർ അല്ലെ കണ്ണും മൂക്കും ഇല്ലാതെ വന്നുവീണത്.നേരത്തെയും ഞാൻ പറഞ്ഞിട്ടുള്ളതല്ലെ തറ ഉണങ്ങുന്നത് വരെ ഇവിടെ നടക്കരുതെന്ന്.." വർഷ പറഞ്ഞു..
"നിന്ന് പ്രസംഗിക്കാതെ എഴുനേൽക്കാനൊന്ന് സഹായിക്കാമോ?" ആദിത് ദേഷ്യത്തോടെ ചോദിച്ചു.വർഷയ്ക്ക് ചിരിവന്നു.
"കൈ തരാം പക്ഷെ അന്നത്തെപോലെ അത് വളച്ചൊടിക്കാൻ നോക്കരുത് " വർഷ അവനെ കളിയാക്കി.
ആദിത് അവളെ ദേഷ്യത്തോടെ നോക്കി.
"എന്തിനാ വാതിൽ കുറ്റിയിടാൻ പോയത്?മരിയാദയ്ക്ക് ആ സോഫയിൽ തന്നെ അങ്ങിരുന്നാൽ പോരായിരുന്നോ?വീണുകിടന്നിട്ടും അഹങ്കാരത്തിന് യാതൊരു കുറവുമില്ല "വർഷ ചിരിച്ചുകൊണ്ട് അവന് നേരെ കൈനീട്ടി.
വർഷ നീട്ടിയ കൈയിൽ പിടിച്ച് അവൻ ഒറ്റവലി ! അവൾ അതൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.
അവൾ വെട്ടിയിട്ട വാഴപോലെ അവന്റെ നെഞ്ചിലേക്ക് വീണു!
അവൾ അവിടെ നിന്നെഴുനേൽക്കാൻ ശ്രമിച്ചു.
"എന്താ ഈ കാണിക്കുന്നേ ? നിങ്ങളെ സഹായിക്കാൻ വന്ന എന്നെ വേണം പറയാൻ " വർഷ എഴുന്നേൽക്കാനുള്ള തത്രപ്പാടിൽ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
"വലിയ ഡയലോഗ് അടിച്ചതല്ലേ.വീഴുന്നതിന്റെ സുഖം എന്താണെന്നറിഞ്ഞിട്ട് പോയാ മതി."അവൻ ഒരു കൈകൊണ്ട് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.
അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നതും അവൾ വിറച്ചുകൊണ്ട് അവനെ ഒന്ന് നോക്കി.അവനും അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു.
"പ്രിയേച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് ഞാൻ കരുതിയതല്ല.ആ മുറിയിൽ പുറംലോകം കാണാതെ കിടക്കുകയായിരുന്ന എന്റെ പ്രിയേച്ചിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് നീയാ.നീ എന്ത് മാജിക് കാണിച്ചിട്ടാണെന്നറിയില്ല പ്രിയേച്ചി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരാൻ തുടങ്ങിയിരിക്കുന്നു..എനിക്ക് എന്റെ പ്രിയേച്ചിയെ ആ പഴയ ആളാക്കി എടുക്കണം.അതിന് എനിക്ക് നിന്റെ സഹായം വേണം.നീ എന്റെ കൂടെ വേണം.."വർഷ അവന്റെ കണ്ണുകളിലേക്ക് നോക്കി.. അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവന്റെ മുഖത്തേക്ക് വീണു.അവൻ അവളെ തന്നെ നോക്കി കിടന്നു..വർഷ അവന്റെ മുകളിൽ നിന്നും ഒരുവിധം എഴുന്നേറ്റ് വാതിൽ തുറന്നിറങ്ങി.. തങ്ങൾക്കിടയിലെ മഞ്ഞുരുകുന്നത് അവർ അറിഞ്ഞു.....
പിന്നീട് ആരും പറയാതെ തന്നെ വർഷ സതിയുടെയും ആദിത്തിന്റെയും പ്രിയയുടെയും കൂടെ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് തുടങ്ങി.അവൾക്കെന്തുപറ്റിയെന്ന് സതിക്ക് മനസ്സിലായില്ല.വർഷയെ കാണുമ്പോൾ ആദിത്തിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടെന്ന കാര്യം പ്രിയ ശ്രദ്ധിച്ചു..
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് നാട്ടിൽ നിന്നും ആരോ ഫോൺ ചെയ്ത് ആദിത്തിന്റെയും പ്രിയയുടെയും മുത്തശ്ശി വീണെന്ന കാര്യം ആദിത്തിനെ അറിയിച്ചു. ആദിത് എല്ലാവരോടും വിവരം പറഞ്ഞു.സതി ആകെ പരിഭ്രമിച്ചു.പ്രിയ വരുമോ ഇല്ലയോ എന്ന് ആദിത്തിന് സംശയം ഉണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോൾ വർഷ കൂടെ ഉണ്ടെങ്കിൽ പ്രിയയും നാട്ടിലേക്ക് വരാമെന്ന് സമ്മതിച്ചു.
ആദിത് അമേരിക്കയിൽ നിന്നും പ്രിയയെയും കൊണ്ട് മുംബൈയിലേക്ക് വന്നിട്ട് കുറച്ചുനാളുകളെ ആയുള്ളൂ.അതുകഴിഞ്ഞ് തറവാട്ടിൽ നിന്നും അവിടെ ജോലിക്ക് നിന്നിരുന്ന സതിയോടു പ്രിയയുടെ കാര്യങ്ങളെല്ലാം പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രിയയെ നോക്കാൻ വേണ്ടി.ആദിത്തും പ്രിയയും എന്തോ ബിസിനസ് മീറ്റിംഗിന് വേണ്ടി കുറച്ചുനാൾ മുംബൈയിൽ വന്നു നിൽക്കുകയാണെന്നാണ് മുത്തശ്ശിയോട് പറഞ്ഞിരിക്കുന്നത്.സതിക്ക് മാത്രമേ സത്യാവസ്ഥ അറിയുകയുള്ളൂ.. വീണ്ടും തറവാട്ടിലേക്ക് തിരിച്ചുപോകുന്നു എന്ന് കേട്ടപ്പോൾ സതിക്ക് സന്തോഷമായി.പക്ഷെ ആദിത്തിന്റെ ഉള്ളു പിടച്ചു.അങ്ങോട്ടേക്ക് ഒരു തിരിച്ചുപോക്ക് അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല!
കുറച്ച് കഴിഞ്ഞ് സതി ആദിത്തിന്റെ മുറിയിലേക്ക് ചെന്നു .അവൻ സോഫയിൽ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.അവന്റെ മടിയിൽ വെച്ചരിക്കുന്ന ലാപ്ടോപ്പിൽ ചിരിച്ചുകൊണ്ടുനിൽക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ ഒന്ന് നോക്കിയിട്ട് അവർ അവനെ വിളിച്ചു.
"മോനെ.."സതി അവന്റെ നെറ്റിയിൽ കൈവെച്ചപ്പോൾ അവൻ കണ്ണുതുറന്നു.
"എത്ര വർഷമായി മോൻ നാട്ടിലും തറവാട്ടിലേക്കും ഒക്കെ വന്നിട്ട്..പഴയതൊന്നും മനസ്സിൽ വെച്ചോണ്ടിരിക്കരുത്..ഇപ്പൊ പ്രിയമോളും നമ്മുടെ കൂടെ വരാമെന്ന് സമ്മതിച്ചില്ലേ..അവിടെ ചെല്ലുമ്പോ മുത്തശ്ശിയെ ഒക്കെ കാണുമ്പോ മോൾക്കെന്തെങ്കിലും ആശ്വാസം കിട്ടിയാലോ..നമ്മക്ക് അവളെ പഴയ മിടുക്കിക്കുട്ടിയായി തിരിച്ചുപിടിക്കണ്ടേ ?" സതി വിഷമത്തോടെ അവനോട് പറഞ്ഞു..
ആദിത് ഒന്നും മിണ്ടാതെ അവരെ നോക്കി ഇരുന്നു..
"പോകാം സതിയാന്റി.വർഷയോടും പ്രിയേച്ചിയോടും പറഞ്ഞേക്ക് നമ്മക്ക് അടുത്ത ആഴ്ച തന്നെ തിരിക്കാമെന്ന്.." ആദിത് പറഞ്ഞു.
വെളിയിൽ അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് വർഷ നിൽപ്പുണ്ടായിരുന്നു..അവൾ തിരികെ അടുക്കളയിലേക്ക് പോയി. നാട്ടിൽ പോകുന്ന കാര്യം സതി വർഷയെയും പ്രിയയെയും അറിയിച്ചു.
"അമ്മെ..പോവുന്നതിന് മുൻപ് ഇവിടെ എല്ലാം തൂത്ത് വൃത്തിയാക്കിയിട്ടിട്ട് പോകാം..." വർഷ സതിയോടു പറഞ്ഞു..കുറച്ച് കഴിഞ്ഞ് വർഷ പിന്നെയും സതിയുടെ അടുത്ത് ചെന്നു.സതി പ്രിയയുടെയും അവരുടെയും സാധനങ്ങൾ അടുക്കിപെറുക്കി വെക്കുന്ന തിരക്കിലായിരുന്നു..
"പിന്നെ ആ പൂട്ടിക്കിടക്കുന്ന മുറികളും തുറന്ന് വൃത്തിയാക്കട്ടെ അമ്മെ?മുഴുവൻ പൊടിപിടിച്ച് കാണും..ഇനി തിരിച്ച് ഇങ്ങോട്ടെപ്പഴാ വരികയെന്ന് അറിയില്ലല്ലോ." സതി സമ്മതിച്ചു.അവർ താക്കോൽകൂട്ടം വർഷയുടെ കൈയിൽ കൊടുത്തു.
വർഷ ആദ്യം പൂട്ടിക്കിടക്കുന്ന മുറികളിലേക്ക് തന്നെ കയറി.ആദിത് വെളിയിൽ പോയിരിക്കുകയായിരുന്നു.സതി പാക്കിങ്ങിന്റെ തിരക്കിലായതിനാലും പ്രിയ ഉറക്കമായതുകൊണ്ടും തൽക്കാലം ആരും അവളെ അന്വേഷിക്കില്ലെന്ന് വർഷയ്ക്കറിയാമായിരുന്നു .
അവൾ ആദ്യം ജയശങ്കറിന്റെയും മായയുടെയും മുറികൾ തുറന്നു.അകത്ത് കയറിയ ഉടനെ തന്നെ അവൾ വാതിലടച്ച് കുറ്റി ഇട്ടു .അവൾ ആ മുറി ആകമാനം ഒന്ന് നോക്കി.അവിടെ ഒരു കട്ടിലും അലമാരയും വോൾ മൌണ്ട് ചെയ്ത ഒരു ടിവിയും ഒരു ഡ്രസിങ് ടേബിളും പിന്നെ ഒരു മേശയും കസേരയും ഉണ്ടായിരുന്നു.അവൾ ബെഡ് ഷീറ്റ് നിവർത്തി ഒന്ന് കുടഞ്ഞു.അതിൽനിന്നും നാളുകളായി അടിഞ്ഞുകൂടിയ പൊടി പറന്ന് അവൾ തുമ്മാൻ തുടങ്ങി.അവൾ മെത്ത പൊക്കി മാറ്റി.അതിന് താഴെയും തലയണക്കടിയിലും അവൾ എന്തോ പരതി നടന്നു.അവിടെ ഒന്നും അവൾ അന്വേഷിച്ചത് കിട്ടാതിരുന്നപ്പോൾ അവൾ ഡ്രസിങ് ടേബിളും മേശയും തുറന്നു നോക്കി.അലമാരയുടെ താക്കോൽ അലമാരയുടെ കീ ഹോളിൽ തന്നെ കിടപ്പുണ്ടായിരുന്നു.അത് തുറന്ന് നോക്കി.അതിൽ ജയശങ്കറിന്റെയും മായയുടെയും കുറച്ച് വസ്ത്രങ്ങളുണ്ടായിരുന്നു.വർഷ അതെല്ലാം ഉടയാതെ വളരെ ശ്രദ്ധിച്ച് അതിനിടയിലൊക്കെ എന്തോ തപ്പിക്കൊണ്ടിരുന്നു..ജയശങ്കറിന്റെ ഷർട്ടുകൾക്കിടയിൽ നിന്നും കുറച്ച് ബ്ലൂ ഫിലിമുകളുടെ സിഡി കിട്ടിയതൊഴിച്ചാൽ അവൾക്ക് കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അവൾ പെട്ടെന്ന് അവിടമൊക്കെ ഓടിച്ചൊന്ന് തൂത്തു.അടുത്തത് ജയദേവന്റെ മുറിയായിരുന്നു ലക്‌ഷ്യം.അവൾ വേഗം പൂട്ടിക്കിടന്ന ജയദേവന്റെ മുറി തുറന്ന് അകത്ത് കയറി വാതിലടച്ച് കുറ്റി ഇട്ടു.കട്ടിലിനടിയിലും മേശയിലും ഡ്രസിങ് ടേബിളിലും നൈറ്റ് സ്റ്റാൻഡിലും ഒക്കെ അവൾ ഒരു ഭ്രാന്തിയെപ്പോലെ എന്തോ തേടിനടന്നു..പക്ഷെ നിരാശയായിരുന്നു ഫലം.പിന്നീട് അവൾ ജയദേവന്റെ അലമാര തുറന്നു.അവിടെയും കാര്യമായിട്ടൊന്നും അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.അവൾക്ക് കരച്ചിൽ വന്നു.വാതിലിൽ തുരുതുരെ മുട്ടുന്നതുകേട്ടപ്പോൾ അവൾ തന്റെ കണ്ണുകൾ തുടച്ച് വാതിൽ തുറന്നു.വെളിയിൽ ആദിത് നിൽപ്പുണ്ടായിരുന്നു!
"നീ മുറി അടച്ചിട്ട് എന്ത് ചെയ്യുവാ ഇതിനകത്ത് ?" ആദിത് ചോദിച്ചു.
"വൃത്തിയാക്കുവായിരുന്നു.." വർഷ ചിരിക്കാനൊരു ശ്രമം നടത്തി .
"അതിനെന്തിനാ മുറി അടച്ചിട്ടേ? നീ കരഞ്ഞോ? കണ്ണെന്താ നിറഞ്ഞിരിക്കുന്നെ " ആദിത് വർഷയെ സൂക്ഷിച്ച് നോക്കി.
"അതോ... ഇവിടുള്ള മുറികളൊക്കെ ഇങ്ങനെ പൂട്ടിയിട്ടാ വൃത്തിയാക്കാൻ കയറുന്നവർക്കാ പാട്.ആ മെത്തവിരിപ്പൊന്ന് കുടഞ്ഞപ്പോ എന്തൊരു പൊടിയായിരുന്നെന്നോ .തുമ്മി തുമ്മി എന്റെ പ്രാണൻ പോയി.അതാ കണ്ണ് നിറഞ്ഞിരിക്കുന്നെ...അതുകൊണ്ട് മുഴുവൻ വൃത്തിയാക്കാനും പറ്റിയില്ല." അവൾ വിഷയം മാറ്റി താഴേക്കിറങ്ങിപോയി..വർഷ കരഞ്ഞിരുന്നു എന്നും അവൾ എന്തോ തന്നിൽ നിന്നും മറച്ചുപിടിക്കാൻ ശ്രമിക്കുന്നുവെന്നും ആദിത്തിന് മനസ്സിലായി.
വർഷ അവളുടെ മുറിയിൽ ചെന്നിരുന്ന് അവളുടെ ഫോണിലെ ഫോട്ടോ എടുത്തു.
"എനിക്കൊന്നും കണ്ടെത്താനായില്ല..ഞാൻ തോറ്റു പോകുമോ എന്നൊരു പേടി..എന്താ ചെയ്യണ്ടേ എന്നെനിക്കറിയില്ല.." അവൾ തലയിണയിൽ മുഖമമർത്തി കരഞ്ഞു..
(കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ...?)
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക