Slider

സംതൃപ്തിയും അസംതൃപ്തിയും

0


സംതൃപ്തിയും അസംതൃപ്തിയും ഒരുനാൾ കണ്ടുമുട്ടി. തമ്മിൽ ബന്ധമുണ്ടെങ്കിലും കടകവിരുദ്ധമായ സ്വഭാവമായതിനാൽ അവർ തമ്മിൽ കണ്ടുമുട്ടാനുള്ള സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. കണ്ടപ്പോൾ ആദ്യം സംസാരിച്ചത് സംതൃപ്തിയാണ്. പക്ഷേ ആദ്യത്തെ ചോദ്യം അസംതൃപ്തിയുടെ ആയിരുന്നു.
" നീയിപ്പോൾ എവിടെയാണ്. നിന്നെ കാണാറേ ഇല്ലല്ലോ ? ജീവിതമൊക്കെ എങ്ങിനെ പോകുന്നു. "
" ഞാനിവിടെയൊക്കെ തന്നെയുണ്ട്. നേട്ടമാണ് എന്നെ വിവാഹം ചെയ്തിരിക്കുന്നത്. സന്തോഷം, ഞങ്ങളുടെ മകനും. എന്റെ ഭർത്താവ് കൂട്ടിക്കൊണ്ടുവരുന്ന അതിഥികൾക്ക് വിരുന്നൊരുക്കുക എന്നതാണ് എന്റെയും മോന്റെയും കടമ. ആട്ടെ നീയോ ? ഇപ്പോൾ എന്ത് ചെയ്യുന്നു. വിവാഹമൊക്കെ കഴിഞ്ഞോ ? "
" ഉവ്വ്. നഷ്ടമാണ് എന്റെ ഭർത്താവ്. വിദ്വേഷ്യം എന്റെ ജാരനും. ഭർത്താവിലും ജാരനിലുമായി എനിക്ക് ദുഃഖം, നിരാശ, അസൂയ എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്. നിന്ന് തിരിയാൻ നേരമില്ല അത്രയ്ക്കുണ്ട് എന്റെ ഭർത്താവ് കൊണ്ടുവരുന്ന ആളുകളുടെ തിരക്ക്. അതാണ് തമ്മിൽ കാണാൻ ശ്രമിക്കാതിരുന്നത്. എന്നാൽ പിന്നെ ശരി സംസാരിച്ചു നിൽക്കാൻ നേരമില്ല. എന്നെങ്കിലും വീണ്ടും കാണാം. " പറഞ്ഞതും അസംതൃപ്തി മുന്നോട്ട് നടന്ന് നീങ്ങി.
തെല്ല് ദൂരം നടന്നു കഴിഞ്ഞ് അസംതൃപ്തി മെല്ലെ തിരിഞ്ഞു നോക്കി. സംതൃപ്തി നടന്ന് നീങ്ങിയിരുന്നു. അപ്പോഴാണ് അസംതൃപ്തി ആ കാഴ്ച്ച കണ്ടത് അതാ ഐശ്വര്യം അവൾ പോകുന്ന വഴിയിലൂടെ അവളെ പിന്തുടരുന്നു. അസംതൃപ്തി തരിച്ചു നിന്നുപോയി. കാരണം ഐശ്വര്യത്തെ പ്രേമിച്ചു സ്വന്തമാക്കുവാൻ അസംതൃപ്തി ഏറെ നാൾ കൊണ്ട് പരിശ്രമിക്കുന്നതായിരുന്നു. പക്ഷേ ഐശ്വര്യം അവളെ കാണുമ്പോൾ പിന്തിരിഞ്ഞു നടക്കുകയാണ് ചെയ്യാറുള്ളത്. ഇവിടെ ഇതാ ആവശ്യപ്പെടാതെ തന്നെ ഐശ്വര്യം സംതൃപ്തിയുടെ പുറകെ നടക്കുന്നു. അസംതൃപ്തിക്ക് പക്ഷേ കൂടുതൽ നേരം നോക്കി നിൽക്കാൻ കഴിഞ്ഞില്ല. കാരണം അവളുടെ ഭർത്താവിനെ സഹായിക്കുവാൻ അവൾക്ക് മക്കളെയും കൂട്ടി ചെല്ലണമായിരുന്നു.
അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞു. അസംതൃപ്തി അസംതൃപ്തയായിരുന്നു , ഐശ്വര്യം സംതൃപ്തി യുടെ പിന്നാലെ പോകുന്നതു കണ്ടപ്പോൾ. എത്ര ആലോചിച്ചിട്ടും അവൾക്ക് അതിന്റെ കാരണം മനസ്സിലായില്ല.
അടുത്ത തവണ കണ്ടുമുട്ടിയപ്പോൾ അവൾ സംതൃപ്തിയോട് അതിന്റെ കാരണം ചോദിച്ചു.
സംതൃപ്തി ചിരിച്ചുകൊണ്ടു പറഞ്ഞു, ഞങ്ങളുടെ മകനുണ്ടല്ലോ, സന്തോഷം, അവൻ വിവാഹം ചെയ്തത് സ്നേഹത്തെയാണ്. സ്നേഹവും ഐശ്വര്യവും ഉറ്റ സുഹൃത്തുക്കളാണ്. സ്നേഹം ഉള്ളിടത്ത് ഐശ്വര്യം എപ്പോഴും ചേർന്നിരിക്കും.
അസംതൃപ്തി ആലോചിച്ചു, ശരിയാണ്.... എന്റെ മകൻ ദു:ഖം കലഹത്തെയാണ് ഇഷ്ടപ്പെടുന്നത്..... നിരാശപ്പെണ്ണിന് അത്യാഗ്രഹപ്പയൻ മതി. അസൂയക്കുട്ടിക്ക് പരദൂഷണവും.... പിന്നെ ഞങ്ങളെങ്ങനെ നന്നാവും ?
എന്താ ലേ ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo