നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 9



രചന:അഞ്ജന ബിജോയ്

പിന്നീട് വർഷയ്ക്ക് ആദിത്തിന്റെ മുഖത്ത് നോക്കാൻ പ്രയാസമായിരുന്നു.അവനെ കാണുമ്പോൾ ഒക്കെ വർഷയുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുക്കുന്നത് പ്രിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.വർഷയും  മുത്തശ്ശിയും പ്രിയയും സതിയും അടുക്കളയിൽ ആയിരുന്ന സമയം ആദിത് അങ്ങോട്ട് ചെന്നു..
"വർഷേ എന്റെ മുറിയിൽ വേട്ടാവളിയന്റെ  കൂടുണ്ട്..ഒന്ന് കളഞ്ഞുതരാമോ.." ആദിത്  പറഞ്ഞിട്ട് പോയി.
"അപ്പൂന്  പണ്ടേ  പാറ്റ ചിലന്തി  വേട്ടാവളിയൻ ഈ വക സാധനങ്ങൾ ഒക്കെ   പേടിയാ.അവിടെ അമേരിക്കയിൽ  ഇതൊക്കെ ഉണ്ടോ മോളെ?" മുത്തശ്ശി പ്രിയയോട് ചോദിച്ചു.
"ഞങ്ങൾ താമസിക്കുന്നിടത്ത് ഇതൊന്നും ഇല്ല മുത്തശ്ശി."പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
"മുത്തശ്ശി ഇതുവരെ അമേരിക്കയിൽ പോയിട്ടില്ലേ?"വർഷ ചോദിച്ചു.
"വികാസ് സാറും ശാരദേച്ചിയും എത്ര പറഞ്ഞതാ ഒരിക്കലെങ്കിലും അങ്ങോട്ട് ചെല്ലാൻ..എവിടെ..അമ്മയ്ക്ക് ഇവിടെയാ ഇഷ്ടം.. "സതി ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്റെ മോന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണാ. ഈ തറവാട്  വിട്ട് ഒരു ദിവസം പോലും എനിക്ക് മാറിനിൽക്കാൻ പറ്റില്ല. "മുത്തശ്ശി തീർത്തു പറഞ്ഞു..കുറച്ച് കഴിഞ്ഞ് വർഷ ഒരു കമ്പും കൊണ്ട്  ആദിത്തിന്റെ മുറിയിലേക്ക് ചെന്നു.
ആദിത് മുറിയിൽ ഇല്ലായിരുന്നു. വർഷ മുറിക്കകത്ത് കയറിയതും എവിടെനിന്നോ ആദിത്തും അങ്ങോട്ട് വന്നു.
"എവിടെ വേട്ടാവളിയന്റെ കൂട് ?" വർഷ ആദിത്തിന്റെ മുഖത്തു നോക്കാതെ ചോദിച്ചു.
ആദിത് അവളെ തന്നെ നോക്കി മുറിയുടെ  വാതിൽ അടച്ച് കുറ്റി ഇട്ടു.
"എന്തിനാ കുറ്റി ഇടുന്നെ?" വർഷ  ചോദിച്ചു.
ആദിത് ഒന്നും മിണ്ടാതെ അവളുടെ നേർക്ക് ചെന്നു.വർഷ  പെട്ടെന്ന് വാതിലിന് നേർക്ക് നടക്കാൻ തുടങ്ങിയതും അവൻ അവളുടെ കൈ പിടിച്ച്  അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു.അവൾ കരയിലിട്ട മീനിനെപ്പോലെ പിടച്ചുകൊണ്ടിരുന്നു.
"എന്താ ഈ ചെയ്യുന്നേ?പ്ളീസ് വിട്ടേ.." വർഷ ശബ്ദം താഴ്ത്തി പറഞ്ഞു.
"വിട്ടില്ലെങ്കിൽ ?" ആദിത് ചോദിച്ചു.
"ഞാൻ പൊക്കോട്ടെ ..അവിടെ  എന്നെ അന്വേഷിക്കും.."വർഷ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"നിനക്കെന്താ എന്റെ മുഖത്ത് നോക്കാൻ ഇത്ര നാണം ?"ആദിത് ചോദിച്ചു.
വർഷ മുഖം കുനിച്ചിരുന്നു.അവൾ അവന്റെ കൈകൾ മാറ്റാൻ ശ്രമിച്ചു. അവൻ അവളെ ഒന്നുകൂടി തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി.
"അന്ന് കാറിൽ വെച്ച് ഞാൻ അങ്ങനെ ചെയ്തതുകൊണ്ടാണോ?"ആദിത് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
വർഷയുടെ മുഖം ചുവക്കുന്നത് അവൻ കണ്ടു.ആദിത്  ഒരു കൈകൊണ്ട് അവളുടെ  താടി പിടിച്ചുയർത്തി.അവൾ കണ്ണുകൾ മെല്ലെ ഉയർത്തി അവനെ നോക്കി.അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.വർഷ കണ്ണുകൾ ഇറുക്കി അടച്ചു.
"വർഷേ കഴിഞ്ഞില്ലേ മോളെ?" സതി വിളിക്കുന്നത് കേട്ടതും വർഷ പെട്ടെന്ന് ആദിത്തിന്റെ കൈക്കുള്ളിൽ നിന്നും തെന്നി മാറി.വാതിൽ തുറന്ന് അടുക്കളയിലേക്ക് ഓടി…
 മുത്തശ്ശി പറഞ്ഞതനുസരിച്ച് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന കുത്തുവിളക്കുകൾ എടുക്കാൻ കയറിയതായിരുന്നു വർഷ..പഴയ കുറെ ബുക്കുകളും കുഞ്ഞിലേ ആദിത്തും പ്രിയയും കിടന്നിരുന്ന രണ്ടു തൊട്ടിലുകളും  ചെമ്പ് ,ഉരുളി തുടങ്ങിയ പഴയ പാത്രങ്ങളും അങ്ങനെ എന്തൊക്കെയോ  കുറെ സാധനങ്ങൾ  അവിടെ ഉണ്ടായിരുന്നു.അധികം വെളിച്ചമില്ലാത്തതിനാലും സാധനങ്ങൾ കൂട്ടി ഇട്ടിരുന്നതിനാലും  അതിനിടയ്ക്ക് നിന്ന്   കുത്തുവിളക്കെടുക്കാൻ അവൾ നന്നേ പാടുപെട്ടു..പെട്ടന്നാണ് ഒരു തടിപ്പെട്ടി അവളുടെ ശ്രദ്ധയിൽ പെട്ടത്.കുറെ മാസികകൾ അതിൽ കുന്നുകൂടി കിടപ്പുണ്ടായിരുന്നു.മാസികകൾ വായിക്കാൻ പിന്നീടെപ്പോഴെങ്കിലും തിരികെ വരണമെന്നോർത്ത് കുത്തുവിളക്കുമെടുത്ത്  അവൾ അവിടെ നിന്നും ഇറങ്ങി.പിന്നീട് ഒരു ദിവസം വർഷയും സതിയും കൂടി  അടുക്കളയിലെ പണികളെല്ലാം തീർത്ത് വർഷ  മുത്തശ്ശിക്കുള്ള മരുന്ന് കൊടുത്ത് അവളുടെ മുറിയിൽ വെറുതെ ഇരിക്കുകയായിരുന്നു..സതി അവരുടെ വീട്ടിൽ പോയിട്ട് ഇനി വൈകിട്ടെ തിരികെ വരൂ. പ്രിയ നല്ല ഉറക്കവുമാണ്.വർഷയ്ക്ക് വെറുതെ ഇരുന്ന് മുഷിവുതോന്നി.അപ്പോഴാണ് മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നത്.
"എന്താ കുട്ടി ഉച്ചമയക്കം  ഒന്നുമില്ലേ?" മുത്തശ്ശി ചോദിച്ചു.
"ഇല്ല മുത്തശ്ശി ഞാൻ ഉച്ചയ്ക്ക് ഉറങ്ങാറില്ല.പണ്ടുതൊട്ടേ അങ്ങനെയാ..വെറുതെ ഇരിക്കാൻ നേരം കിട്ടാറുമില്ല.എപ്പോഴും  എന്തെങ്കിലുമൊക്കെ പണികൾ കാണും ഓർഫനേജില്.." വർഷ പറഞ്ഞു.
"ആരുമില്ലെന്നൊന്നും കരുതണ്ട കുട്ടിയെ. ഞങ്ങളൊക്കെ ഉണ്ടല്ലോ നിനക്ക്..പിന്നെ വായിക്കണ  ശീലം ഉണ്ടെങ്കിൽ ആ ചായ്പ്പിൽ  കയറി നോയ്‌ക്കോളൂ.പഴയ ഒരുപാട് മാസികകളും  നോവലുകളും  പണ്ട് സവിത സതി കാണാതെ  അവിടെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.തൂക്കിവിൽക്കാമെന്ന് ഞാൻ പറയുമായിരുന്നു .പക്ഷെ അവള് സമ്മതിക്കില്ല.കഥകൾ വായിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു അവൾക്ക്.വായിച്ചതാണെങ്കിലും അത് തന്നെ പിന്നേം പിന്നേം എടുത്ത് വായിക്കും.അതും വായിച്ചോണ്ടിരുന്നാൽ പരീക്ഷയ്ക്ക് തോറ്റുപോകുമെന്ന് പറഞ്ഞ് സതി എപ്പോഴും  അവളെ വഴക്ക്പറയും.സതിയെ പേടിച്ച് അവൾ എല്ലാം ചായ്പ്പിൽ എവിടെയോ  ഒളിച്ച്  വെച്ചിട്ടുണ്ട്..ഇടയ്ക്ക് തക്കം കിട്ടുമ്പോ സതി കാണാതെ അവിടെപോയിരുന്ന്  അതെടുത്ത് വായിക്കും.."മുത്തശ്ശി പഴയ ഓർമ്മയിൽ ഒന്ന് ചിരിച്ചു.
അപ്പോഴാണ് വർഷയ്ക്ക് അന്ന് കണ്ട തടിപ്പെട്ടിയുടെ കാര്യമോർമ്മ  വന്നത്.അവൾക്ക് സന്തോഷമായി ..അവൾ നേരെ ചായ്പ്പിലേക്ക്  ചെന്നു.അവിടെ  തടിപ്പെട്ടിയിൽ  കുറെ മാസികകളും അതിന്റെ കൂടെ  മുട്ടത്ത് വർക്കിയുടെയും കമല സുരൈയ്യയുടെയും കുറച്ച്  നോവലുകളും ഉണ്ടായിരുന്നു..അവൾ മുകളിലിരുന്ന മാസികളിൽ ചിലത്  പൊടിതട്ടി എടുത്ത് അവളുടെ മുറിയിൽ കൊണ്ടുപോയി .. ഒറ്റയിരുപ്പിൽ അതെല്ലാം വായിച്ച് തീർത്തു.പിന്നീട്ട് ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ അവൾ ചായ്പ്പിൽ പോയി ആ പെട്ടിയിൽ നിന്നും കുറച്ചുകുറച്ചായി മാസികളകൾ എടുത്ത് കൊണ്ടുവരും .പെട്ടിയിലെ നോവലുകളും മാസികകളും മിക്കതും അവൾ വായിച്ചുതീർത്തു. ഒരു ദിവസം അവൾ ബാക്കി വന്ന ചില മാസികകൾ തപ്പുന്നതിനിടയിൽ പെട്ടിയുടെ അടിയിൽ കുറച്ച്  നോട്ടുബുക്കുകൾ  അവളുടെ ശ്രദ്ധയിൽപെട്ടു.അവൾ അതിലൊരെണ്ണം  തുറന്നുനോക്കി.ചായ്പ്പിൽ അധികം വെളിച്ചം ഇല്ലാത്ത കാരണം അതിലെന്താണെന്ന് ശരിക്ക് കാണാൻ കഴിഞ്ഞില്ല.അവൾ ആ ബുക്കുകളും  കുറച്ച് മാസികകളും  എടുത്ത്  തന്റെ മുറിയിലേക്ക് പോയി.. ഒരിക്കൽ ചായ്പ്പിൽ നിന്നിറങ്ങി വരും  വഴി ആദിത് അവളെ കണ്ടു.
"എപ്പോ നോക്കിയാലും ഇതിനകത്താണല്ലോ ..അകത്തെന്താ വല്ല  നിധിയുമുണ്ടോ?" ആദിത് അവളെ കളിയാക്കി.
"ആഹ് ആർക്കും വേണ്ടാത്ത സാധനങ്ങൾ അല്ലെ അകത്ത് ..തപ്പി നോക്കട്ടെ,ചിലപ്പോ നിധി കിട്ടിയാലോ,അല്ലെ സാർ ? "വർഷ ചിരിച്ചുകൊണ്ട് ചോദിച്ചു.
"നിനക്കിനിയെങ്കിലും  ഈ സാർ വിളി നിർത്തിക്കൂടെ?" ആദിത് ചോദിച്ചു.
"ആലോചിക്കാം.. "വർഷ ചിരിച്ചുകൊണ്ട് വീടിനകത്തേക്ക്  പോയി.
വന്നിട്ട് കുറച്ചുദിവസമായിട്ടും ആദിത് തറവാട്ടുകുളത്തിനടുത്തേയ്ക്ക് പോയതേയില്ല.വർഷയും പ്രിയയും ഇടയ്ക്ക് തുണി നനയ്ക്കാൻ  അവിടെ പോവുമായിരുന്നു.ഒരു ദിവസം ആദിത് ഫോൺ വിളിച്ച്  ആരോടോ സംസാരിച്ച്  നടക്കുന്നതിനിടയിൽ കുളപ്പുരയിലെത്തി ..അവൻ പെട്ടെന്ന് ഫോൺ  വെച്ചു..പെട്ടെന്ന് മഴ ചാറാൻ തുടങ്ങി.. ആദിത് കുളപ്പുരയുടെ വാതിൽ തുറന്ന്  കുളത്തിലേക്കുള്ള പടവുകൾ പതിയെ ഇറങ്ങി.അവന്റെ കാലുകൾ വിറച്ചു..
"അപ്പേട്ടൻ ഇതേതെല്ലാം സ്റ്റൈലിലാ നീന്തുന്നെ...അമേരിക്കയില് നിങ്ങടെ  വീട്ടില് പൂള് ഇല്ലേ അപ്പേട്ടാ ?" ഒരു പെൺകുട്ടിയുടെ സ്വരം അവന്റെ ഓർമ്മയിൽ  എത്തി.
"പിന്നേ ഉണ്ടോ എന്നോ..എല്ലാ മുറിയിലും ഓരോ പൂള് ഉണ്ട്.അപ്പൂന്റെ  അച്ഛനും അമ്മയ്ക്കും പ്രിയേച്ചിക്കും  ഒക്കെ ഓരോരോ പൂള് വീതം.." ജയദേവൻ  അവളെ കളിയാക്കും..
"ഇയാളോട് ഞാൻ ഒന്നും ചോദിച്ചില്ല..അപ്പേട്ടാ എന്നെക്കൂടി ഇതുപോലെ നീന്താൻ പഠിപ്പിക്കുവോ?" അവൾ പ്രതീക്ഷയോടെ ആദിത്തിനെ  നോക്കുന്നു.
"നിനക്ക് അത്യാവശ്യം നീന്താൻ അറിയാമല്ലോ." ആദിത് പറയുന്നു.
"ആർക്കിവൾക്കോ?ഈ പടവിന്റെ  സൈഡ് വിട്ട്  കുളത്തിന്റെ നടുക്കോട്ട് പോവില്ല.പേടിച്ചുതൂറിയാ.."ജയദേവൻ  ചിരിക്കുന്നു.
"എനിക്ക് ഉള്ളിലേക്ക് പോവാൻ പേടിയാ..അങ്ങോട്ട് നോക്കുമ്പോഴേ തലകറങ്ങും .അതിനെന്തിനാ കളിയാക്കുന്നെ?" അവൾ ജയദേവനെ   ദേഷ്യത്തോടെ നോക്കുന്നു.
"സ്റ്റൈലിൽ ഒക്കെ നീന്താൻ   പഠിക്കണമെങ്കിൽ കുറെ സമയമെടുക്കും.ഞാൻ സ്കൂളിൽ പഠിക്കുമ്പൊ തൊട്ട്  പൊയ്ക്കൊണ്ടിരുന്നതാ  അവിടെ സ്വിമ്മിങ് ക്ലാസ്സിന് ..അടുത്ത വെക്കേഷന് വരുമ്പോ ആട്ടെ.പഠിപ്പിച്ച്  തരാം."ആദിത് പറയുന്നു.
"കോളജിൽ ആയെ പിന്നെ ഈ അപ്പേട്ടന് ഭയങ്കര ജാടയാ.." അവൾ മുഖം വീർപ്പിക്കുന്നു.
"നിനക്ക് എൻട്രൻസിന് റാങ്ക് കിട്ടുമോടി ?അതോ തോറ്റ് തൊപ്പിയിട്ട്  വല്ലവന്റെയും തലയിൽ കെട്ടിവെക്കേണ്ടിവരുമോ?"  ജയദേവൻ  വീണ്ടും അവളെ കളിയാക്കുന്നു..
ആദിത്തിന്റെ  ഓർമ്മകൾ ഏതൊക്കെയോ വഴിക്ക് പോയി..അപ്പോഴേക്കും മഴ തിമിർത്ത് പെയ്യാൻ തുടങ്ങി..മഴ നനഞ്ഞ്  അവന്റെ ശരീരം തണുത്ത് വിറയ്ക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് ചുട്ടുപൊള്ളുകയായിരുന്നു..അവനൊന്നുറക്കെ കരയണമെന്ന് തോന്നി..അമ്മ ഇപ്പൊ അടുത്തുണ്ടായിരുന്നെങ്കിലെന്ന് അവൻ അതിയായി ആശിച്ചു.വേറൊന്നും വേണ്ട അമ്മയെ കെട്ടിപ്പിടിച്ച്  അമ്മയുടെ മടിയിൽ കിടന്ന് ഒന്നുമയങ്ങണം...ഉറങ്ങിയെഴുനേൽക്കുമ്പോൾ കഴിഞ്ഞുപോയതൊക്കെയും വെറും ഒരു സ്വപ്നം മാത്രമായിരുന്നുവെന്ന് അമ്മ പറയണം.  ..പക്ഷെ അതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അവനറിയാമായിരുന്നു..അവന്റെ മനസ്സ് കലങ്ങിമറഞ്ഞു.അവന് വല്ലാത്ത ഭയം തോന്നി.. അപ്പോഴായിരുന്നു അയയിൽ ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ  വർഷ ഓടി വന്നതും മഴയത്ത് കുളത്തിന്റെ പടവിൽ എന്തോ ആലോചിച്ചുനിൽക്കുന്ന ആദിത്തിനെ  കാണുന്നതും .അവനെ ഒന്ന് പേടിപ്പിക്കാൻ  തന്നെ അവൾ തീരുമിച്ചു...അവൾ ശബ്ദമുണ്ടാക്കാതെ അങ്ങോട്ട് നടന്ന് അവന്റെ  പിറകിൽ ചെന്നു നിന്നു .
"ഠോ !" അവൾ അവന്റെ ചെവിക്കരികെ നിന്ന് ഒച്ചവെച്ചു... ആദിത് ഞെട്ടി തിരിഞ്ഞുനോക്കിയതും പിറകിൽ വർഷ ചിരിച്ചുകൊണ്ടുനിൽക്കുന്നു.
ആദിത് അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു!
"മനുഷ്യനെ മനഃസമാധാനമായിട്ട് ഒരു സ്ഥലത്ത് നിക്കാനും സമ്മതിക്കില്ല ശല്യം! " ആദിത് അവളോട് അലറി.
 വർഷ കവിൾപൊത്തിപ്പിടിച്ച്  കണ്ണുമിഴിച്ച് അവനെ നോക്കി നിന്നു.ആദിത്തിന്  അവളോടുള്ള ഇഷ്ടം  അവൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട്  മനസ്സിലാക്കിയിരുന്നു.അതുകൊണ്ടുതന്നെ അവനിൽ നിന്നും ഇങ്ങനൊരു പ്രതികരണം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല .അവൾ കരഞ്ഞുകൊണ്ട് അവിടെ  നിന്നും ഓടിപ്പോയി..
അപ്പോഴാണ് ആദിത്തിന്  സ്ഥലകാലബോധം വന്നത്.. ..ഓർമ്മകളുടെ വേലിയേറ്റത്തിൽ താൻ സ്വയം മറന്ന് എന്ത് ഭ്രാന്താണ്  ചെയ്തതെന്ന് അവനോർത്തു..അവൻ വേഗം പടവുകൾ കയറി തറവാട്ടിലേക്ക് നടന്നു..
വർഷയെ നോക്കിയിട്ട് അവിടെങ്ങും കണ്ടില്ല..രാത്രി കഴിക്കാൻ നേരവും  വർഷയെ  കാണാഞ്ഞപ്പോൾ അവൻ സതിയോട് അവൾ എവിടെ എന്നന്വേഷിച്ചു..
"വർഷ കിടക്കുവാ മോനെ..ഉച്ചയ്ക്ക് അയയിൽ കിടന്ന  തുണി  എടുക്കാൻ പോയപ്പൊ ആ കുളത്തിന്റെ സൈഡിലോട്ട് വെറുതെ ഒന്ന് പോയതാ. പടവ് വഴുതി കിടക്കുവായിരുന്നു.. പടവില് കാലുതെന്നി വീണു.മുഖമടിച്ചാ വീണത്.നല്ല നീരുവെച്ചിട്ടുണ്ടേ."സതി പറഞ്ഞു.
"ഞങ്ങളാരും അറിഞ്ഞില്ല അപ്പുവേ..അടുക്കളയിൽ കാണാഞ്ഞ് ചെന്നപ്പോ മുഖം  മുഴുവൻ മരുന്ന്  പൊതിഞ്ഞ് വെച്ചിരിക്കുന്നു.അപ്പഴാ വീണ കാര്യം പറഞ്ഞെ. ആഹ് കണ്ണില് കൊള്ളാനുള്ളത് പിരികത്തിൽ കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതീല്ലോ..വേറെ എന്തോ വരാനിരുന്നതാവും.. "മുത്തശ്ശി പറഞ്ഞു.
ആദിത് രണ്ട് വറ്റ്  കഴിച്ചെന്നുവരുത്തി അവിടെ നിന്നും എഴുനേറ്റു.അവന്റെ ഓരോ ചലനങ്ങളും പ്രിയ ശ്രദ്ധിക്കുണ്ടായിരുന്നു..
അവൻ മുറിയിൽ ചെന്ന് കിടന്നിട്ടും ഉറക്കം വന്നില്ല.മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു.അടിച്ചതെന്തിനെന്നറിയാതെ കവിൾ പൊത്തിപ്പിടിച്ച് കണ്ണീരോടെ തന്നെ നോക്കി നിൽക്കുന്ന വർഷയുടെ മുഖം..അവൻ എങ്ങനെയോ നേരം വെളുപ്പിച്ചു.
ഒഴിവുസമയത്ത് ചായ്പ്പിൽ എന്തെങ്കിലും പുസ്തകങ്ങൾ വായിക്കാൻ ബാക്കി ഉണ്ടോ എന്ന് നോക്കാൻ  കയറിയതായിരുന്നു വർഷ..കുറച്ചുനേരം തപ്പിയിട്ടും അവൾക്കൊന്നും കിട്ടിയില്ല..പെട്ടെന്ന്  ചായ്പ്പിന്റെ  വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കിയതും ആദിത് അവളുടെ തൊട്ടുപിന്നിൽ നിൽപ്പുണ്ടായിരുന്നു.പെട്ടെന്നവനെ കണ്ട ഷോക്കിൽ അവൾ പേടിച്ച് ഒച്ചവെയ്ക്കാൻ വാ തുറന്നതും അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു! അവൾ എന്തോ പറയാൻ ശ്രമിച്ചു..
"ഒച്ചവെക്കരുത്..എങ്കിൽ ഞാൻ കൈമാറ്റം." അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
അവൾ തലയാട്ടി. ആദിത്  പതുക്കെ അവളുടെ വായിൽ നിന്നും അവന്റെ കൈ എടുത്ത് മാറ്റി.
അവൾക്ക്  ശ്വാസം മുട്ടി. പേടിച്ച് അവനെ തന്നെ നോക്കി നിന്നു .
അവളുടെ നീര് വന്ന കവിളിൽ അവൻ പതുക്കെ തന്റെ വിരലോടിച്ചു..അവൾ അവന്റെ കൈകൾ തട്ടിമാറ്റി..
അവൻ അവളുടെ മുഖം തന്റെ കൈകളിലെടുത്ത്  തിണിർത്തുകിടക്കുന്ന അവളുടെ കവിളിലേക്ക്  അവന്റെ ചുണ്ടുകൾ അടുപ്പിച്ചു .അവൾ ദേഷ്യത്തോടെ  അവന്റെ കൈകൾ തട്ടിമാറ്റി അവനെ ആഞ്ഞുതള്ളി.
"ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ അടിച്ചത്..? പുറകിൽ വന്ന് ശബ്ദമുണ്ടാക്കിയത് തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് നിങ്ങൾക്ക് നല്ലതുപോലെ അറിയാം..എന്നിട്ടും ഒരു ദാക്ഷണ്യവുമില്ലാതെ എന്നെ അടിച്ചില്ലേ.." അവൾ കരയാൻ തുടങ്ങി..ആദിത് ഒന്നും മിണ്ടാതെ  അത് കേട്ടുകൊണ്ടിരുന്നു..
"ഞാൻ മണ്ടിയാ.നിങ്ങളെന്നോട്  അടുത്ത് പെരുമാറിയപ്പോഴൊക്കെ  എന്നോട് എന്തോ ഒരിഷ്ടമുണ്ടാകുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു.പക്ഷെ  എന്നോട് ഇത്രമാത്രം ദേഷ്യമുള്ളിൽ  ഉണ്ടെന്ന്  ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.."അവൾ കരച്ചിലിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു ..
"പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തത്..ഒരിക്കലും ന്യായീകരിക്കുന്നില്ല.പക്ഷെ നീ ഉദ്ദേശിക്കുന്നത്പോലെ മനപ്പൂർവം അല്ല ..ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് പോയി  ഭയന്ന് വിറച്ച് നിന്നപ്പോഴായാണ്  നീ അവിടെ വന്നത്.എന്റെ കൈവിട്ടുപോയതാണ്..അറിയാതെ ചെയ്തുപോയതാണ്.."അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു.
"നീ പറഞ്ഞതുപോലെ നിന്നോട് എന്തോ ഒരിഷ്ടം അല്ല..നിന്നെ കണ്ട മാത്രയിൽ തന്നെ  എനിക്ക് നിന്നോട് വല്ലാത്തൊരടുപ്പം  തോന്നിയിരുന്നു .കാരണം നിന്നെ കാണുമ്പോൾ എനിക്കെന്തോ ഞങ്ങളുടെ സവിതയെ ഓർമ്മവരുന്നു."വർഷ അവനെ നോക്കി.
"അതുകൊണ്ടുതന്നെയാണ് ഓരോന്ന് പറഞ്ഞ് നിന്നെ കളിയാക്കിയും ശുണ്ഠിപിടിപ്പിച്ചും ഞാൻ പിറകെ നടന്നത്.. പക്ഷെ എപ്പഴോ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് കൈവിട്ടുപോയി.നിന്നെ ഞാൻ സ്നേഹിച്ചുതുടങ്ങി..അന്ന് നീ എന്റെ ലാപ്ടോപ്പിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് നോക്കി നിന്നില്ലേ?അതാണ് സവിത. നിന്നെപ്പോലെ ഒരുപാട് കുറുമ്പും കുസൃതികളുമുണ്ടായിരുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരി...സവിത സതിയാന്റിയുടെ മോൾ ആണ്.. ഞാൻ, പ്രിയേച്ചി, സവിത, ദേവൻ ചെറുപ്പം മുതലേ ഞങ്ങൾ നാലുപേരുമായിരുന്നു കൂട്ട്. ദേവൻ എന്റെ അച്ഛന്റെ ഫ്രണ്ട് ജയശങ്കർ അങ്കിളിന്റെ  മോനാ. സവിത   ഞങ്ങളുടെ കുഞ്ഞനിയത്തി ആയിരുന്നു.ഞാൻ എപ്പോഴും  അമ്മയോടും സതിയാന്റിയോടും   പറയും എനിക്ക് രണ്ടു പെങ്ങന്മാരുണ്ട്ന്ന്.മുത്തശ്ശി എന്നെ അപ്പു എന്ന് വിളിക്കുന്നതുകേട്ട് അവൾ എന്നെ അപ്പേട്ടാ എന്ന് വിളിച്ചു.അവളുടെ അപ്പേട്ടാ എന്നുള്ള വിളി എനിക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നു... ഓരോ തവണയും  വെക്കേഷന് ഞങ്ങളുടെ വരവും കാത്ത് അവളിരിക്കും. വന്നുകഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ ലോകം ആണ്.ഞങ്ങളുടെ വാലിൽ തൂങ്ങി എവിടെയും അവളുണ്ടാവും.ഞാനും ദേവനും  ഓരോന്നും പറഞ്ഞ് ചുമ്മാ എപ്പഴും അവളെ കളിയാക്കും. ഇന്ന്..ഇന്ന് അവളീ  ഭൂമിയിൽ ഇല്ല!"ആദിത് പറഞ്ഞുനിർത്തി..
"എന്ത് പറ്റി ആ കുട്ടിക്ക്..?"വർഷ ചോദിച്ചു.ആദിത് കുറച്ചുനേരമൊന്നും മിണ്ടിയില്ല.പിന്നീട്  അവൻ വർഷയെ  നോക്കി.
"കൊന്നു!" ആദിത് പറഞ്ഞു.
വർഷ ഞെട്ടിപ്പോയി.
"ആര്?" അവൾ ആകാംഷയോടെ ചോദിച്ചു.
"ഈ ഞാൻ! എന്റെ ഈ കൈകൾകൊണ്ട്.." ആദിത് വല്ലാത്തൊരു മുഖഭാവത്തോടെ  വർഷയെ  നോക്കി പറഞ്ഞു.
വർഷ ഞെട്ടിത്തരിച്ചുനിന്നു!
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot