Showing posts with label SaleenaChakkiyathil. Show all posts
Showing posts with label SaleenaChakkiyathil. Show all posts

മുറിവുകൾ

Image may contain: 3 people, people smiling, people standing


**************
ദീർഘ നേരത്തെ അലസമായ കിടപ്പവസാനിപ്പിച്ചു നിരഞ്ജൻ എഴുന്നേറ്റു കണ്ണാടിയുടെ മുമ്പിലെത്തി. തന്റെ പ്രതിബിംബം നോക്കി നിൽക്കെ അവിടവിടെയായി വെള്ളി വീണു തുടങ്ങിയ മുടിയിഴകൾ കണ്ടപ്പോൾ ചുണ്ടിണയിലൊരു ചിരി വിടർന്നു. കട്ടി മീശ ഒന്നു തടവി താഴോട്ടാക്കി വെച്ചു. മുറിയിലേക്ക് കടന്നു വന്ന കമല നിമിഷ നേരം തന്നെ നോക്കി നില്കുന്നത് നിരഞ്ജന് കാണാമായിരുന്നു.
"ഇന്ന് പോണില്ലാന്ന് തീരുമാനിച്ചിട്ടു തന്നെയാണോ? "
കമല സംസാരിക്കുമ്പോൾ വലത്തേ കണ്ണിന്റെ പുരികക്കൊടികൾ ചലിച്ചു കൊണ്ടേയിരിക്കും. നിരഞ്ജൻ കമലയോട് സംസാരിക്കുമ്പോൾ എപ്പോഴും വീക്ഷിക്കുന്നത് ചലിച്ചു കൊണ്ടിരിക്കുന്ന പുരികക്കൊടികളാണ്.
"എന്തേ, എന്നെയിവിടെ മടുത്തോ? "
നിരഞ്ജന്റെ ചോദ്യം കമലയിൽ നീരസമുളവാക്കി. മുഖത്ത് രോഷം പ്രകടിപ്പിച്ചു കമല മിണ്ടാതെ നിന്നു.
"എന്റെ കമലക്കുട്ടീ, ഇരുപത്തി രണ്ടാമത്തെ വയസിൽ തുടങ്ങിയ ചര്യകളല്ലേ, എനിക്കും വേണ്ടേ ഒരു വിശ്രമം, ഇതങ്ങനെ ഉള്ള ഒരു മടിയാ "
നിർത്തിയിട്ട് വീണ്ടും തുടർന്നു.
"നാളെ ന്തായാലും പോണം "
മനസ്സ് കമല നിരീക്ഷിക്കുമോ എന്ന ഭയത്തിൽ തല വെട്ടിച്ചാണത് പറഞ്ഞത്.
കമലയെ വീണ്ടും നോക്കവേ നിരഞ്ജന്റെ ഹൃദയം തരളിതമായി. കൈകൾ പിടിച്ചു നെഞ്ചിലോട്ടടുപ്പിക്കവേ കമല കുതറി.
"ആദ്യം പോയി കുളിച്ചു കാപ്പി കുടിക്കാൻ നോക്കൂ"
പ്രണയാർദ്രമായ ഒരു പുഞ്ചിരിയോടെ നീങ്ങി നിന്നു.
"കമലാ, ഞാനിന്നലെ ഒരു കവിതയെഴുതി. ദാ, അവിടിരിപ്പുണ്ട്."
മേശക്കരികിലേക്ക് കണ്ണെറിഞ്ഞു നിരഞ്ജൻ പറഞ്ഞു.
"പിന്നെ, കവിത, എനിക്കിതൊന്നും വായിച്ചാൽ മനസിലാവില്ല. അതൊക്കെ തന്നെത്താനെ നോക്കിയാൽ മതി "
"എന്നാലും ന്റെ കമലോ, ഒന്നും മനസിലായില്ലേലും നിനക്കൊന്ന് വായിച്ചൂടെ"
തന്റെ നിരാശ മറച്ചു വെക്കാതെയാണ് നിരഞ്ജൻ അത് പറഞ്ഞത്.
"അതേ, എപ്പഴും ഞാൻ പറയുന്നതല്ലേ, എനിക്ക് അതിനുള്ള കഴിവില്ല, വായിക്കാനും തോന്നില്ല"
കമല അനായാസേന പറഞ്ഞെങ്കിലും നിരഞ്ജന്റെ ഹൃദയത്തിൽ ഒരു പിടച്ചിലുണ്ടായി.
കമല ഒന്നൂടി അമർത്തി ചിരിച്ചു കടന്നു പോയപ്പോൾ നിരഞ്ജൻ മേശപ്പുറത്തിരുന്ന പേപ്പർ കയ്യിലെടുത്തു ഒന്നു കണ്ണോടിച്ചു, വടിവൊത്ത അക്ഷരങ്ങളിൽ പിറന്ന തന്റെ കവിത. പിന്നെ അടുത്തിരിക്കുന്ന പുസ്തകത്തിനിടയിൽ നിന്ന് ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുത്തു, പുസ്തകമടച്ചു വെച്ചു.
അമീന.
"അരുതുകളുടെ കൂടെയാണ് നിരഞ്ജൻ നിന്റെ യാത്ര, ആ ഫോട്ടോ വലിച്ചു കീറി ചവറ്റു കുട്ടയിലെറിയൂ "
തന്റെ മനസിന്റെ ആവർത്തിച്ചുള്ള മന്ത്രണം കേൾക്കാമെങ്കിലും നിരഞ്ജന് അതിനായില്ല.
പകരം ആ ഫോട്ടോയിലേക്ക് തന്റെ അധരങ്ങൾ ചേർത്ത് വെച്ച് രോമകൂപങ്ങളിൽ വിടർന്ന പ്രകമ്പനങ്ങൾ ആസ്വദിച്ചു നിന്നു.
**************************************************
സ്കൂൾ വരാന്തയിലൂടെ അധ്യാപക റൂമിലേക്ക്‌ നടക്കവേ നിരഞ്ജൻ നാലായി മടക്കിയ കവിത എഴുതിയ കടലാസ് പോക്കറ്റിലുണ്ടെന്ന് ഉറപ്പിച്ച ശേഷം പേനയെടുത്തു. രജിസ്റ്ററിൽ ഒപ്പിടുമ്പോഴാണ് സ്മിത ടീച്ചർ അടുത്തു വന്നത്.
"മാഷേ, നിങ്ങളിതെന്തു ഭാവിച്ചാ? "
"എന്താ ടീച്ചറെ?" കുസൃതിയോടെ ഒറ്റക്കണ്ണിറുക്കി നിരഞ്ജൻ ചോദിച്ചു.
"എന്റെ മാഷേ, നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരാ ഞങ്ങളൊക്കെ പോണത്, ന്നിട്ടിപ്പോ നിങ്ങടെ ഇംഗ്ലീഷാണല്ലോ ഏറ്റവും പിറകിൽ. പദ്ധതിയൊക്ക പൊട്ടി പോവോ "
"അതൊക്കെ ഞാൻ ശെരിയാക്കാം ന്റെ ടീച്ചറെ, കൊറച്ചു വിശ്രമം വേണമെന്ന് തോന്നി, എങ്കിലും എല്ലാം ശെരിയാവും "
"എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു പ്രത്യേക പരിഗണന കൊടുക്കണേ "
സ്മിത ടീച്ചർ രഹസ്യമെന്നോണം പറഞ്ഞപ്പോൾ നിരഞ്ജൻ ഒരു നേർത്ത ചിരിയോടെ സ്മിത ടീച്ചർക്ക്‌ നേരെ കൈ കൂപ്പി.
സ്മിത ടീച്ചർ നിരഞ്ജന്റെ കയ്യിലൊന്ന് പിച്ചി നടന്നു പോയി.
ഇംഗ്ലീഷ് പാഠപുസ്തകവുമെടുത്തു നിരഞ്ജൻ 10ബിയെ ലക്ഷ്യമാക്കി നടന്നു.
നാലു ദിവസത്തെ അവധി പത്താം തരത്തെ സംബന്ധിച്ച് വളരെ വിലയേറിയതാണ്. ഭാസ്കരൻ മാഷിനെ കാണാത്തതു ഭാഗ്യം. അധിക ക്ലാസുകൾ വെച്ച് തീർക്കേണ്ടി വെരും ഇനി. കണക്കു കൂട്ടലുകളോടെ നിരഞ്ജൻ ക്ലാസ്സിലേക്കെത്തി.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. രണ്ടാമത്തെ ബെഞ്ചിലെ ആദ്യമിരിക്കുന്ന അമീനയെ നിരഞ്ജൻ ഒന്നു നോക്കി. ഒരാഴക്കടൽ അവളുടെ ദൃഷ്ടികളിൽ കാണാം. ഒരു നോട്ടമെറിഞ്ഞതിന് ശേഷം ബാക്കി സമയമെല്ലാം അതവഗണിക്കുവാൻ നിരഞ്ജൻ ശ്രമിച്ചു. എങ്കിലും ഒരു നൂറു ചോദ്യത്തോടെ തനിക്കു നേരെ വരുന്ന മിഴിമുനകളെ ഒടിച്ചു കളയുവാൻ നിരഞ്ജനായില്ല.
ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യമുപയോഗിച്ചു ക്ലാസ്സ്‌ മുന്നോട്ടു നീങ്ങി. അടുത്ത ദിവസം സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നും അതിനു വേണ്ടി തയാറാക്കേണ്ട ഭാഗങ്ങളും ഏല്പിച്ചു കൊടുത്തു.
ക്ലാസ്സ്‌ കഴിഞ്ഞു വരാന്തയിലൂടെ അധ്യാപക റൂമിലേക്ക്‌ നടക്കുമ്പോൾ പിറകിൽ അമീന വന്നു.
"മാഷേ,"
"ആ, എന്താ അമീന? "
"മാഷെന്താ സ്കൂളിൽ വരാതിരുന്നത്? "
"കുറച്ച് കാര്യങ്ങളുണ്ടായിരുന്നു"
"മാഷിന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ, ഞാൻ കൊറേ വിഷമിച്ചു "
അവളുടെ കണ്ഠമിടറി. അധ്യാപകനിൽ നിന്നും പ്രണയിദാതാവിലേക്ക് പരിണമിക്കുന്നത് നിരഞ്ജൻ അറിയുകയായിരുന്നു.
"അമീന ക്ലാസ്സിലേക്ക് ചെല്ലൂ"
ചുറ്റുവട്ടം നിരീക്ഷിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.
തിരിഞ്ഞു നടന്നു തുടങ്ങിയ അമീനയെ നിരഞ്ജൻ വിളിച്ചു.
"പിന്നെ അമീന, ഇതെന്റെ പുതിയ കവിതയാണ്. വായിച്ചിട്ടു അഭിപ്രായം പറയൂ " പോക്കറ്റിൽ നിന്ന് കടലാസെടുത്തു അമീനക്ക് നേരെ നീട്ടി.
അമീനയുടെ കണ്ണുകൾ വികസിച്ചതും പെയ്യാൻ തുടങ്ങിയ മഴത്തുള്ളികൾ അലിഞ്ഞില്ലാതായതും നിരഞ്ജൻ കണ്ടു.
"അപ്പോ മാഷിന് ദേഷ്യമില്ല അല്ലേ "
നിരഞ്ജൻ ചിരിച്ചു. കൗമാരക്കാരിയുടെ ഭാവങ്ങൾ,ഇഷ്ടങ്ങൾ. കാലമുരുളുന്തോറും മാറി വരുന്ന ആഗ്രഹങ്ങൾ. അഭിരുചികളായിരിക്കാം തന്നെ അമീനയിലേക്കടുപ്പിച്ചത് എന്നു നിരഞ്ജൻ ഒരു കാരണമുണ്ടാക്കി. എങ്കിലും താനും പലപ്പോഴും അതേ കൗമാരത്തിലെത്തിപ്പെടുന്നത് നിരഞ്ജൻ അറിഞ്ഞു.
****************************************************
സ്കൂൾ മുറ്റത്തേക്കു ഒരു ഓട്ടോറിക്ഷ വന്നു നിന്നു, അതിൽ നിന്ന് അമീന ഇറങ്ങുന്നത് നിരഞ്ജൻ കണ്ടു. ഡ്രൈവർ അമീനയോടെന്തോ പറയുകയും അവൾ മറുപടി പറഞ്ഞു നടന്നു നീങ്ങിയതും നിരഞ്ജന് നേരിയ ഒരു സന്ദേഹം ഉളവാക്കി. എങ്കിലും നിരഞ്ജൻ ആ ചിന്ത മാറ്റി നിർത്തി ശാന്തമായ സ്കൂൾ അങ്കണത്തിലേക്ക് നോക്കി തന്റെ ഇരിപ്പ് തുടർന്നു. അവധി ദിവസങ്ങളിൽ ഈ അന്തരീക്ഷത്തിന്റെ നിശബ്ദത അപാരമാണ്. ഒന്നും ഓർക്കുവാനില്ലാതെ മനസ്സും ശരീരവും മേയാൻ വിട്ടു അങ്ങനെ ഇരിക്കുക.
സമയത്തെ കുറിച്ചുള്ള ബോധം വന്നപ്പോൾ നിരഞ്ജൻ ക്ലാസ്സിലേക്ക് നടന്നു.
"അവധി ദിവസമായതിനാലാണോ എല്ലാർക്കും ഒരു മൂകത, ബഹളമൊന്നുമില്ലലോ ഇന്ന് "
ആമുഖത്തോടെ ക്ലാസ്സ്‌ തുടങ്ങി, നർമ്മ സംഭാഷണങ്ങളിലൂടെ ക്ലാസ്സിന്റെ ചാരുത നിരഞ്ജന് തിരിച്ചെടുക്കാനായി. കഥകളിലൂടെയും കവിതകളിലൂടെയും ഓരോ കുട്ടിയെയും രസിപ്പിച്ചിരുത്തുന്നതാണ് നിരഞ്ജന്റെ അധ്യാപനം.
തുടർച്ചയായ രണ്ടു മണിക്കൂർ ക്ലാസ്സവസാനിപ്പിച്ചു ഒരു ഇടവേള നൽകി നിരഞ്ജൻ അധ്യാപക റൂമിലെത്തി. പിന്തുടർന്ന് അമീനയും.
"മാഷേ, കവിത തിരിച്ചു വേണ്ടേ? "
"എന്താ അമീനക്കുട്ടി, കവിത വായിച്ചോ? "
"ഉം, വായിച്ചു, നന്നായിട്ടുണ്ട് മാഷേ "
അമീന കടലാസ് നിരഞ്ജന് നേരെ നീട്ടി.
"വേറെ അഭിപ്രായമൊന്നുമില്ലേ, എന്തെങ്കിലും തിരുത്തുകൾ? "
കടലാസ് വാങ്ങി നിവർത്തി നോക്കുമ്പോൾ നിരഞ്ജൻ ചോദിച്ചു.
"എനിക്ക് ഒന്നും തോന്നിയില്ല "
അമീനയും നിരഞ്ജനോട് ചേർന്ന് നിന്ന് കടലാസിലേക്ക് നോക്കി.
നിരഞ്ജന് എവിടെയോ ഒരു ഉടക്ക് വീണു.
"അമീന ഇരിക്ക്" നിരഞ്ജൻ തന്റെ കസേരയിൽ ഇരുന്ന് മേശയുടെ എതിർവശത്തെ കസേരയിലേക്കു കണ്ണുകൾ കാണിച്ചു പറഞ്ഞു.
കുറച്ച് നിമിഷങ്ങൾ അമീനയെ നോക്കിയിരുന്നു നിരഞ്ജൻ.
"അമീന ഇന്ന് വന്നത് ആരുടെ കൂടെയാ? "
അമീനയുടെ മുഖം മങ്ങി. "അതെന്റെ മാമന്റെ മോനാ "
"എന്നു വെച്ചാ മുറച്ചെറുക്കൻ, അല്ലേ " നിരഞ്ജൻ ചിരിച്ചു.
"പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ എന്നെ അയാളെക്കൊണ്ട് കല്യാണം കഴിപ്പിക്കും "
ശിരസ്സ് കുനിച്ചാണവൾ അത് പറഞ്ഞത്.
"അപ്പോ അമീനയെ ഞാനിഷ്ടപ്പെട്ടിട്ട് കാര്യമില്ല അല്ലേ " നിരഞ്ജൻ മുന്നോട്ടൊന്നാഞ്ഞിരുന്നു.
"അതിന് മാഷ് കല്യാണം കഴിച്ചതല്ലേ, പിന്നെങ്ങനാ " സങ്കടം അവളുടെ വാക്കുകളെ ആത്മാർത്ഥമാക്കി.
നിരഞ്ജൻ കസേരയിൽ നിന്നെണീറ്റു പിറകിലൂടെ അമീനയുടെ ചുമലിൽ അമർത്തിപിടിച്ചു കുലുക്കി.
"ഇത്ര നാളായിട്ടും അമീനക്കുട്ടിക്ക് അതു മനസിലായില്ലേ എനിക്കിഷ്ടമാണെന്ന് "
അമീന അർദ്ധ ബോധാവസ്ഥയിലെന്ന പോലെ നിരഞ്ജന്റെ കൈകളിലേക്ക് ചാഞ്ഞു.
**********************************************
കടുത്ത വെയിലിനെ അവഗണിച്ചു കമല കാത്തു നിന്നു. കോടതി വരാന്തയിലൂടെ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ നിരഞ്ജൻ വരുന്നത് കണ്ടപ്പോൾ അവളങ്ങോട്ട് നടന്നു.
നേർക്കുനേർ വന്നു നിന്നപ്പോൾ കമല അറിഞ്ഞു ആറിത്തണുക്കുന്ന തന്റെ രൗദ്രം.
"എങ്ങനെയുണ്ട്? " വളരെ പതിഞ്ഞ സ്വരത്തിൽ, പോലീസുകാരുടെ പരിഹാസമേറിയ നോട്ടം പരിഗണിക്കാതെ കമല ചോദിച്ചു.
"കമല, എനിക്ക് പറയാനുണ്ട് "
"വേണ്ട നിരഞ്ജൻ, ഇനിയിവിടുന്നങ്ങോട്ട് തിരക്കായിരിക്കും, കോടതിയും കേസും ബഹളവും
അതിന്റെ കൂട്ടത്തിൽ ഒരെണ്ണം കൂടി ഉണ്ടാവും നമ്മുടെ വിവാഹമോചനത്തിന്റെ. ഒരിക്കലും ഇനി നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ."
ദൃഢമായിരുന്നു കമലയുടെ ശബ്ദം.
നിശ്ചലമായി നിൽക്കുന്ന നിരഞ്ജനെ ഒന്നു കൂടി നോക്കി കമല നടന്നു നീങ്ങി.
******************************-*******************
കമലയുടെ മുമ്പിൽ അമീന ഇരുന്നു, ചിന്തകളുടെ പാപഭാരവും പേറി കമലയും.
ഏറെ ആഗ്രഹിച്ചും പ്രാർത്ഥിച്ചും കാത്തിരുന്നിട്ടും ആ വിത്ത് മുളച്ചത് ഇതാ ഇവിടെയാണ്. തന്റെ കൈകൾ അതിന്റെ വേരിനെ നശിപ്പിക്കണം.
മേശവലിപ്പിൽ നിന്ന് ഗുളികകൾ എടുത്തു കഴിക്കേണ്ട രീതി എഴുതി അവളെ ഏൽപ്പിക്കുമ്പോൾ കമലയുടെ കൈയും മനസ്സും വിറച്ചു.
അമീന പറഞ്ഞു.
"മാഷൊരു തെറ്റും ചെയ്തിട്ടില്ല ഡോക്ടറേ "

by: Saleena Chakkiyathil

വളപ്പൊട്ടുകൾ


വളപ്പൊട്ടുകൾ
***************
വാതിലിന്റെ പിറകിൽ ചെവി കൂർപ്പിച്ചു ഞാൻ നിന്നു.
"ഓളെ മ്മക്കൊരു ഡോട്ടറെ കാട്ടാം, ഇങ്ങളൊന്നു സമ്മയിക്കിം"
ഒരു തേങ്ങലോടെ വാതിൽപാളിയിലേക്ക് ചാരി ഉമ്മ വട്ടക്കെട്ടിന്റെ അറ്റമെടുത്തു മൂക്ക് തുടച്ചു.
"ഇന്റെ നെലീം വെലിം കളഞ്ഞിട്ട്ള്ള ഒരു പരിപാടീം നടക്കൂല, ആസ്പത്രീല് കാലെടുത്തു കുത്തുന്ന ആ നിമിസം അതിന്നാട്ടില് പാട്ടാകും"
ഞാനെന്തായാലും ഈ നിക്കാഹ് നടത്തും, ഇജ്ജ് നിന്ന് മോങ്ങാതെ ഓളെ കാര്യങ്ങൾ പറഞ്ഞു മനസിലാകിൻ "
വാപ്പ അവസാന തീരുമാനം കസേരയിലേക്ക് അമർന്നിരുന്നു പുറപ്പെടുവിച്ചു.
ഉള്ളിൽ ഒരു സാഗരം അലയടിക്കുന്നത് ഞാനറിഞ്ഞു, ഇരുട്ട് നിറഞ്ഞ പത്തായ മുറിയിൽ അരിച്ചാക്കിന്റെ മേലെ ഇരിക്കുമ്പോൾ അരയും തലയും കുലുക്കി നടന്നു പോകുന്ന ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നു.
"മോള് പെണ്ണാണോന്ന് ഒന്നു പരിശോധിക്കിം ങ്ങള്, ഇന്ന്ട്ട് ഇന്റെ മോനെ വിളിച്ച മതി "
പരിഹാസത്തിന്റെ ചീളുകളാണ് അതെന്നു മനസിലാക്കാൻ ദിവസങ്ങൾ വീണ്ടുമെടുത്തു.
"അന്റെ മോളെ ഓനു വേണ്ട, അതവൻ ഒറപ്പിച്ചു പറഞ്ഞു, ഇജ്ജ് അതെങ്ങനേലും ഒന്നു ഒഴിവാക്ക്"
പള്ളിലെ ഉസ്താദ് ചർച്ചക്കെത്തി.
"ഇന്റെ മോക്കെ വയസ്സ് പതിനഞ്ചായതെ ഉള്ളൂ, അപ്പളേക്കും വയസ്സറീച്ചില്ലന്നും പറഞ്ഞു മൊഴി ചൊല്ലാൻ നിക്കണ ഓനെ ചാട്ടവാറിനടിക്കണ്ടേ "
വാപ്പ കലിതുള്ളി.
"ഞാൻ ചോദിച്ച നഷ്ടപരിഹാരം തന്നില്ലേലെ ഓൻ ഇനിയൊരു പെണ്ണ് കെട്ടൂല്ല, അതെന്റെ വാക്കാ "
വാപ്പാന്റെ ശൗര്യവും നാട്ടിലെ സ്ഥാനമാനങ്ങൾക്കും മുമ്പിൽ അവർ മുട്ടു മടക്കി, വാപ്പ ചോദിച്ച തുക തന്നെ വീട്ടിലെത്തി, മൊഴി ചൊല്ലി.
വയസ്സ് പതിനേഴും കടന്നു പതിനെട്ടിലേക്ക് കടന്നപ്പോളാണ് ഉമ്മാന്റെ പിറുപിറുക്കലുകൾ കരച്ചിലായി പെയ്‌തൊലിക്കാൻ തുടങ്ങിയത്.
വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. അവറുക്കാക്ക ക്ഷൗരം ചെയ്യാൻ പിന്നാമ്പുറത്തെ ഭിത്തിയിലൊട്ടിച്ചു വച്ചിരിക്കുന്ന കണ്ണാടിയിൽ ഞാൻ കണ്ടു, വിടർന്ന മിഴികളും വെളുത്ത നിറവും വളഞ്ഞ പുരികങ്ങളും പെണ്ണിന്റെ തന്നെ. ഇടതൂർന്ന മുടിയുമുണ്ട്. പിന്നെ എവിടെയാണ് പിഴച്ചിരിക്കുന്നത്, അതിർവരമ്പിൽ നട്ടിരിക്കുന്ന അശോകയും ചെമ്പരത്തിയും പോലും ചുമന്നിരിക്കുന്നു.
കണ്ണാടിയുടെ പിറകിലിരുന്ന തീപ്പെട്ടിയെടുത്തു, നിലത്തു നിന്നും രണ്ടു ബീഡിക്കുറ്റികൾ പെറുക്കിയെടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു.അവറുകാക്ക പുകച്ചതിന്റെ ബാക്കി ബീഡികുറ്റികൾ.
"ഓനൊരു രണ്ടാം കെട്ടുകാരനാ, കാദർ, മാത്രോല്ല, ഓളെക്കാളും ഒരു പതിനഞ്ചു വയസ്സിന്റെ മൂപ്ണ്ട്, അതോണ്ട് ഇജ്ജാതി ചെക്കന്മാരെ പോലെ ചെയ്യൂല, കൊറച്ചു കൊറവുണ്ടേലും ഓനതൊക്കെ നോക്കീം കണ്ടും ചെയ്തോളും. പിന്നെ ഓന്ക്ക് ആദ്യത്തെ കൂട്ടത്തിൽ ഒരു കുട്ടീംണ്ട്, എന്തോണ്ടും മ്മടെ കുറവിനനുസരിച്ചിട് ള്ള ഒരു ബന്ധം തന്നേണ് ഇത് "
വാപ്പാന്റെ വാക്കുകൾ കാതില്ണ്ട്. ആരും അറിയാതെ കടമ നിർവഹിക്കുവാനുള്ള വാപ്പാന്റെ പരിശ്രമം വിജയിച്ചിരിക്കുന്നു.
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നിക്കാഹ് നടന്നു.
"കെട്ടു രണ്ടാമത്തെ ആണേലും കൊറച്ചൂടി ഉഷാറാക്കാരുന്നു"
പുറം പണിക്കു വരുന്ന ആസ്യാത്ത ഉമ്മാനോട് പരിഭവിച്ചു.
കസവു പുടവയും ആഭരണങ്ങളും അണിഞ്ഞു പുതുവീട്ടിലേക്ക് ആനയിക്കപ്പെട്ടപ്പോൾ ശിരസ്സ് പതിവിലും കുനിഞ്ഞിരുന്നു.
മണിയറയിലെ അരണ്ട വെളിച്ചത്തിലിരിക്കുമ്പോൾ ഒന്നൂടി ഓർത്തു വെച്ചു പറയേണ്ട കാര്യങ്ങൾ, പലവുരു ആവർത്തിച്ചതാണ്, എങ്കിലും ഒന്നും വിട്ടു പോകരുത്.
അത്തറിന്റെ പരിമളം മുറിയിലാകമാനം നിറഞ്ഞു വന്നു, കാദറും എത്തിയിരിക്കുന്നു അറയിൽ. ചുണ്ടുകൾ വിറക്കുന്നത് ഞാനറിഞ്ഞു. ചെവിയുടെ പിറകിൽ നിശ്വാസം വീണു.
"എന്താ പെണ്ണെ ആലോചിച്ചിരിക്കുന്നത്, ഇതന്റെ രണ്ടാം കെട്ടല്ലെ, അപ്പോ കാര്യങ്ങളൊക്കെ ഒരു പിടീണ്ടാവോല്ലോ "
നാവിന്തുമ്പിലിരുന്ന വാക്കുകൾ ഒരു മിന്നാമിന്നിക്കൂട്ടം കണക്കെ പറന്നു പോയി.
വരിഞ്ഞു മുറുകുമ്പോൾ കേട്ടു "ഇന്നിനി പരിചയപ്പെടാനൊന്നും സമയമില്ല "
നിശബ്ദമാക്കപ്പെട്ട രാത്രികൾ ആവർത്തിച്ചുകൊണ്ടേയിരുന്നു, ആവേശത്തിനൊടുവിൽ ഒരു വെറുപ്പോടെ എണീറ്റു പോകുന്ന കാദർ എന്നിലെ കുറവുകൾ ഊതിക്കാച്ചി.
വർഷം ഒന്നു കടന്നു പോയി. പലവുരു കാദർ വാപ്പാടെ മുമ്പിൽ പ്രശ്നമുന്നയിച്ചു.
"ഇൻക്ക് ഒരപേക്ഷണ്ട്, ഇജ്ജോളെ മൊയി ചൊല്ലരുത്, ഇന്നാട്ടിൽ ഇന്ക്ള്ള നെലീം വെലിം അനക്കറിയാലോ " വാപ്പയുടെ സ്വരത്തിൽ ദയനീയത മുന്നിട്ടു നിന്നു.
"ഓൾക്ക് ഒരു കുട്ടി ണ്ടാവൂലന്നുള്ളത് മാത്രല്ല പ്രശ്നം, ഇനിക്കൊരു പെണ്ണാവാൻ ഓൾക്ക് പറ്റൂല " കാദർ തുറന്നു പറഞ്ഞു.
"ഇമ്മളെ സമുദായത്തിൽ ഒന്നേ കെട്ടാവൂന്നൊന്നും ഇല്ലല്ലോ, ഇജ്ജ് ബേറെ കെട്ടിക്കോ, പക്കേങ്കിൽ ഓളെ മൊയി ചൊല്ലരുത്. ഈ കാണുന്നതെല്ലാം ഓൾക്ക് കൊടുക്കാനുള്ളതാ, ഒരു പണിക്കാരിയായിട്ടെങ്കിലും ഓള് അന്റെ പോരേൽ നിന്നോട്ടെ ".
കാദറിന്റെ മുഖം തെളിഞ്ഞു, എന്റെ ശിരസ്സ് കൂടുതൽ കുനിയുകയും.
ഉമ്മ മൂക്ക് തുടച്ചു അകത്തേക്ക് കേറിപ്പോന്നു.
"ഓൻ നല്ലോനാ, അന്നെ ഓൻ കൈ വിടൂല " ഉമ്മാന്റെ ഉപദേശം.
ഒരു അടിമയെപ്പോലെ കാദറിന്റെ പിന്നിൽ തിരിച്ചിറങ്ങിയപ്പോൾ ഞാൻ മനസ്സിൽ അടിവരയിട്ടു ഇനിയൊരിക്കലും ആ വീടിന്റെ പടി കടക്കില്ല.
കാദറിന്റെ ഉമ്മാന്റെ മുമ്പിലും കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു.
"മറിയാത്താന്റെ മോളാ ആയിശു,.അഞ്ചു പെമ്മക്കൾ അല്ലെ ഓൾക്ക്. അതിൽ മൂത്തതാ ഇത്. പിന്നെ യത്തീം മക്കളാ ഓല്"
കാദർ പറഞ്ഞത് കേട്ട് ഉമ്മ ഒന്നാട്ടി.
"അന്റെ പൂതി മാറീലെ ഇനീം, ഇവക്കിപ്പോ എന്തിന്റെ കൊറവാ ? ഇവളെ വാപ്പ അറിഞ്ഞാലേ, അന്നെ ചീര അരീമ്പോലെ അരീം ".
"ഓളെ വാപ്പനോടൊക്കെ ഞാൻ സമ്മതം വാങ്ങീക്ണ്, ഒരു യത്തീമായോണ്ട് ഓർക്ക് സമ്മതാ "
എന്റെ കുറവുകൾ കാദർ ആരേം അറിയിച്ചില്ല, അത് മനസ്സിൽ ഒരു ചാറ്റൽ മഴയായി.
ഉമ്മാന്റെ മുഖത്ത് അതിശയം. "ഓളെ വാപ്പ സമ്മതിച്ചോ "
ഉമ്മ എന്റെ മുഖത്തോട്ടൊന്ന് പാളി നോക്കി.
ചടങ്ങുകൾ തീരുമാനിക്കപ്പെട്ടു. വീട്ടിലെ പണിക്കാരത്തികൾ അടക്കം പറഞ്ഞു ചിരിച്ചു. കാദറിന്റെ ഉമ്മ എന്നെ കൈ പിടിച്ചു അടുത്തിരുത്തി പലവട്ടം ചോദിച്ചു.
"ഇത്രേം മൊഞ്ചുള്ള പെണ്ണായിട്ടും ഓനെന്തിനാ ഇനീം കെട്ടാൻ നിക്കണത് ? ഇജ്ജെന്തിനാ അതിന് സമ്മതിച്ചത് ?"
ഒരു നനുത്ത ചിരി ചുണ്ടിൽ വിരിയിച്ചു കണ്ണിലെ നീര് ഉമ്മ കാണാതെ തുടച്ചു കളഞ്ഞു.
പുറം പണിക്കു വരുന്ന സുജാത ഒരു ദിവസം ഒരു മാസികയായിട്ട് വന്നു.
"ഇങ്ങള് ഇത് കണ്ടാ, ഇങ്ങളെ മാതിരി ഉള്ള ആൾകാർ ഈ ഭൂമീല് വേറേം ഉണ്ട്, ബോംബെലൊക്കെ "
പലപ്പോഴായി എന്റെ മനസ്സ് അവൾ മനസിലാക്കിയിരുന്നു. എന്റെ കുറവുകളും അറിഞ്ഞു.
ആ വാർത്ത അവളെന്നെ വായിച്ചു കേൾപ്പിച്ചു,. ഒരു നിധി പോലെ ഞാനത് വാങ്ങിച്ചു, തുണിയടുക്കുന്ന ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ചു വെച്ചു. വീണ്ടും വീണ്ടും വായിച്ചു മനസ്സിൽ ചിത്രം വരച്ചെടുത്തു.
"ഇജ്ജെനിക്കൊരു ഉപകാരം ചെയ്യണം, ഇന്റെ അരഞ്ഞാണം വിറ്റ് കൊറച്ച് പൈസ കൊണ്ടത്തരണം "
കസവു മുണ്ടിന്റെ മേലണിഞ്ഞ അരഞ്ഞാണം അഴിച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ സംശയം.
"ഇങ്ങക്കെന്തിനാ ഇപ്പൊ പൈസ ?"
ഒരു ചിരിയോടെ, "ഇന്റെ പുതിയാപ്ല വീണ്ടും കെട്ടല്ലേ, ഓൾക്കൊരു സമ്മാനം വാങ്ങാനാ, ഇന്റെ വക.
അരഞ്ഞാണം വിറ്റ 5000 ഉറുപ്പികയും ഇരുമ്പ് പെട്ടിയിലൊളിച്ചു. ചില്ലറകൾ വേറെയും ഉണ്ട് മടിശീലക്കവറിൽ.
കല്യാണമായി, ഓരോ കണ്ണിലും പരിഹാസവും സഹതാപവും ആയിരിക്കുമെന്ന ചിന്തയിൽ മുറിക്കകത്തു തന്നെ ഇരുന്നു. രാത്രി കാദർ മുറിയിലേക്ക് വന്നു.
"പെണ്ണേ "
തോളിൽ തട്ടി മൃദുവായി വിളിച്ചു.
"ഇജ്ജ് ഒന്നോണ്ടും ബേജാറാവണ്ട, അന്റെ വാപ്പ പറഞ്ഞ മാതിരി ഇജ്ജിവിടെ പണിക്കാരി ഒന്നുമല്ല, ഇജ്ജെന്റെ ബീവി തന്നാ, ഓളൊരു യത്തീമാ, ഓള് അനക്കൊരു ഉപദ്രവോണ്ടാക്കില്ല "
മറുപടിക്ക് വേണ്ടിയെന്ന പോലെ കുറച്ച് നേരം നിന്നു.
"അന്റെ കുറവുകൾ ആരോടും ഞാൻ പറഞ്ഞിട്ടില്ല, ഇനി പറയുമില്ല "
അതും കൂടി പറഞ്ഞിട്ട് ഇറങ്ങിപ്പോയി.
ആരവങ്ങൾ ഒതുങ്ങി, എല്ലാവരും രാത്രിയുടെ നിശബ്ദതയിൽ ലയിച്ചു തുടങ്ങി.
ദീർഘമായ ഒരു നിശ്വാസത്തോടെ ഇരുമ്പ് പെട്ടി ഒന്നു കൂടി തുറന്നു ഉറപ്പു വരുത്തി. സ്വാതന്ത്ര്യത്തിന്റെ മണം ഇരുമ്പ് പെട്ടിയിൽ ഭദ്രമായിരിക്കുന്നു.
സാരിയുടെ തലപ്പ് മാറിലേക്ക് വലിച്ചിട്ടു, പെട്ടിയെടുത്തു മുറ്റത്തേക്കിറങ്ങി. എന്റെ ജീവിതം ഇതല്ല എന്നു ഒന്നു കൂടി ഉരുവിട്ടു.

ഓർമ്മകളിൽ കനലെരിയുമ്പോൾ

Image may contain: 3 people, people smiling, people standing

അഞ്ചാം ക്ലാസ്സിലെ ഉറങ്ങിത്തീർത്തിരുന്ന ഉച്ചകളിലൊന്ന്. അടുത്തിരുന്ന് അനീഷ കുശുകുശുക്കുന്നു.
"ഓൾക്കും കൊടുക്കാം, ഓളൊരു പാവാ "
മറ്റൊരുത്തി "ആള് കൂടിയാ പ്രശ്നാകുംട്ട "
അനീഷ "ഓളെന്തായാലും കൂട്ടാം "
അനീഷ മനോഹരമായ ചിരിയോടെ ഒരുപിടി മുട്ടായികൾ തന്നു. കടിച്ചാ പറിച്ചി, തേന് നിലാവ്, പുളിയിഞ്ചി, അങ്ങനെ അനീഷയുടെ പക്കൽ അനവധി തരങ്ങളിൽ മുട്ടായികൾ ഉണ്ടായിരുന്നു. ഞാനും എന്നെപോലെ അഞ്ചാറ് പേരും അനീഷയുടെ ചുറ്റിനും എപ്പോഴും കാത്തു നിന്നു.
ഉച്ചക്ലാസ്സുകളിലും ചെറ്യേതുവിന്റെ പീടികയുടെ പിറകിലും പാറപ്പുറത്തും ഇരുന്ന് ഞങ്ങൾ ദിവസവും മുട്ടായികൾ തിന്നു. അനീഷയുടെ പുസ്തകത്താളുകളിൽ എപ്പോഴും പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ ഒളിഞ്ഞിരുന്നു. സമ്പന്നയായ അവളെകുറിച്ചോർത്തു ഞങ്ങൾ അഭിമാനം കൊണ്ടു.
മുട്ടായിയുടെ ഒരു പങ്ക്‌ അനീഷ ബുഷ്റക്ക് വേണ്ടി കരുതി വെക്കുകയും തഞ്ചം പോലെ കൈമാറുകയും ചെയ്തിരുന്നു.
"ഓൾക്കെന്തിനാ എപ്പളും കൊടുക്കണേ, ഓള് മുട്ടായി വേങ്ങാൻ വേരൂലാലോ"?
ഒരു ദിവസം അക്ഷമയോടെ ഞാൻ ചോദിച്ചു.
ഒരു കള്ളചിരിയോടെ അനീഷ പറഞ്ഞു. "ഓളാ ഇതിനൊക്കെ പൈസ തെരുന്നേ".
അത് ഞങ്ങൾക്ക് സമ്മതവുമായിരുന്നു, കാരണം ബുഷ്റയുടെ വാപ്പ ദുബായിലാണെന്ന് എല്ലാവർക്കുമറിയാം. പൈസയെ കുറിച്ചുള്ള ആശങ്കകൾ മാറി നിന്നു. മാത്രമല്ല, ബുഷ്‌റ കൈമാറുന്നത് അമ്പത്തിന്റെയും നൂറിന്റെയും നോട്ടുകളാണെന്ന് ഞങ്ങൾ മനസിലാക്കുകയും ചെയ്തു.
അങ്ങനെ രണ്ടു വർഷം പിന്നിട്ടു. ഉന്നത വിജയം നേടി എല്ലാവരും ഏഴിലെത്തി, മാർക്ക്‌ ഉള്ളത് കൊണ്ടല്ല, തോറ്റവർക്കിരിക്കാൻ സ്ഥലമില്ലാത്തത് എല്ലാവരും ജയിച്ചു. ആ ഗ്രാമത്തിലെ ഏക വിദ്യാലയമാണ്.
സംഘബലം കൂടി പതിനഞ്ച് ആൾകാർ വരെയായി. എല്ലാർക്കും ചെറ്യേതുവിന്റെ പീടികയിലെ മുട്ടായികൾ മടുത്തു തുടങ്ങി.
അവിടെയാണ് പുതിയ ആശയങ്ങൾ പിറക്കുന്നത്. സ്കൂളിലെ അധ്യാപകർക്കും മുതിർന്നവർക്കും വേണ്ടി അടുത്ത് ഒരു ചായക്കട ഉണ്ടായിരുന്നു. ചായക്കടയുടെ മുമ്പിലെ ചില്ലു കൂട്ടിലെ പലഹാരങ്ങളിലായി ഞങ്ങളുടെ നോട്ടം.
"നേരെ പോയാ മാഷ്മ്മാർ പൊക്കും, അതൊർപ്പാ " അനീഷ.
"ഒരു വയിണ്ട്, മ്മക്ക് ചോറ്റും പാത്രത്തി ബേക്കിലൂടെ മാങ്ങിയാലോ "? ജിതിഷ
"മ്മക്ക് ഉച്ച കയ്ഞ്ഞിട്ടുള്ള പീരീഡ്‌ കട്ടാക്കാം, ന്നട്ട് പോകാം " ഞാൻ
ആദ്യത്തെ ദിവസം ഞാനും അനീഷയും കൂടി പോയി. ചായക്കടയിലെ ഇക്കാക്ക് സന്തോഷം, സ്വയം പര്യാപ്തരായ സ്ത്രീ ജനങ്ങളെ പലഹാരങ്ങൾ ഒളിച്ചു കടത്താൻ പഠിപ്പിച്ചു. ആരുമറിയാതെ പഴംപൊരിയും ഉണ്ടംപൊരിയും പിന്നീട് പൊറോട്ടയും മുട്ടക്കറിയും ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. ബാക്കിയുള്ള പൈസ കൊണ്ട് തവണകളായി ഓരോരുത്തർക്കും ജോമെട്രി ബോക്സ്‌, സ്റ്റിക്കെർസ്, പേനകൾ എന്നിവയൊക്കെ വാങ്ങി. ദിവസങ്ങൾ പിന്നെയും നീങ്ങി.
ഒരു ദിവസം പൈസ വന്നില്ല. എല്ലാവരും അസ്വസ്ഥരായി.
പിന്നെയും രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനീഷ
"ബുഷ്‌റ ഓൾടെ ഉമ്മാന്റെ പൈസ കട്ടതാ, അതോണ്ട് ഇനി പൈസ കിട്ടൂല "
അനീഷക്ക് അവളുടെ പ്രഭാവം മങ്ങുന്നതിൽ ഈർഷ്യയായി, അനീഷയും ബുഷ്‌റയും തമ്മിൽ തെറ്റി.
"ഞാനോളുടെ വീട്ടി പറയും, ഓള് പൈസ കട്ടതാണെന്ന് "
ബുഷ്‌റ കുലുങ്ങിയില്ല.
"ഞാൻ നാളെ ഓൾടെ വീട്ടീ പോകും, ആരൊക്കെണ്ട് ഇന്റെ കൂടെ "?
അനീഷ ചോദിച്ചപ്പോൾ എല്ലാരും സമ്മതിച്ചു. ഇല്ലെങ്കിൽ രഹസ്യങ്ങൾ എല്ലാരുടേം വീട്ടിൽ എത്തുമെന്ന് ഭയന്നു.
ആ ദിവസമാണ് ബുഷ്‌റ ഒരു വെളിപ്പെടുത്തൽ നടത്തിയത്. പൈസ ബുഷ്‌റ അല്ല കൊണ്ടു വരുന്നത്, ശ്യാമള, ഈ കലാപരിപാടികളുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുട്ടി.
എല്ലാവരും അന്ധാളിപ്പിലായി. ശ്യാമളയെ ബുഷ്‌റ സംഘത്തിലേക്ക് വിളിപ്പിച്ചു.
"അനക്കോടന്നാ പൈസ "? അനീഷ.
"ഞാനൊന്നല്ല കൊണ്ടന്നത്, ബുഷ്‌റ നൊണ പറയാ " ശ്യാമള.
"ഇജ്ജല്ലേ ഇന്ക് പൈസ തെരുന്നെ"? ബുഷ്‌റ.
ആകെ ബഹളം, അനീഷ കട്ടകലിപ്പിൽ.
എല്ലാരും കൂടെ തീരുമാനിച്ചു എന്തായാലും ശ്യാമളയുടെ വീട്ടിൽ അറിയിക്കണം.
ഒരു വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ഒരു ജാഥയായി ശ്യാമളയുടെ വീട്ടിലേക്ക്. ആർക്കും ഒരു ദയയുമില്ല, ശ്യാമളയെ കുറ്റവാളിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. അന്നുവരെ പൈസയുടെ പങ്ക്‌ പറ്റിയവർ തന്നെ അവളെ ഒറ്റുകൊടുത്തു.
അനീഷ കാര്യം പറഞ്ഞു "ഇങ്ങളെ മോളെഹ്, എന്നും സ്കൂളിൽക്ക് നൂറുറുപ്യ കൊണ്ടരും, ഓൾക് ഇങ്ങള് കൊടുക്കണതാ "?
ശ്യാമളയുടെ അമ്മ "ഇവ്ട്ന്നാരും പൈസ കോടതിറ്റില്ല "
"ഇന്നാലെ ഓലച്ചൻ വരുമ്പോ പറയേണം, ഓളച്ചന്റെ പൈസെന്നാ പറഞ്ഞത് ". അനീഷ.
"ഞാമ്പറയാം, അച്ഛന്റെ പൈസ പോയതായിട്ട് പറഞ്ഞു കേട്ടിട്ടില്ല " ശ്യാമളയുടെ അമ്മ.
അങ്ങനെ കുറെ സത്യങ്ങൾ അനീഷ അവിടെ അവതരിപ്പിച്ചു. ഞങ്ങളൊക്കെ തല കുലുക്കി ഐക്യദാർഢ്യംപ്രഖ്യാപിച്ചു, വിജയശ്രീലാളിതരായി തിരിച്ചു പോയി.
പിറ്റേ ദിവസം ശ്യാമളയുടെ അച്ഛൻ സ്കൂളിൽ വന്നു. ഞങ്ങളിൽ പലരെയും അധ്യാപക റൂമിലേക്ക്‌ വിളിപ്പിച്ചു. പൈസയുടെ ഉറവിടത്തെ കുറിച്ച് ചോദ്യം ചെയ്യലുകൾ, ശ്യാമള ബുഷ്റക്ക് പൈസ കൊടുക്കുന്നത് ഞങ്ങൾ ആരും തന്നെ കണ്ടിട്ടില്ല, അതോണ്ട് വ്യക്‌തമായ മറുപടികൾ ആരും തന്നെ കൊടുത്തില്ല.
അധ്യാപകർക്കും ശ്യാമളയെ കുറിച്ചോ ബുഷ്‌റായെകുറിച്ചോ ഒരു പരാതിയുമില്ല, അനീഷയെ ഒരു തല്ലിപൊളിയാണെന്ന് അവർ നേരത്തെ മുദ്ര വെച്ചിരുന്നു. മാത്രമല്ല, ശ്യാമളയുടെ അച്ഛൻ ഉറപ്പിച്ചു പറഞ്ഞു അവൾക്കു ഇത്രയും പൈസ കിട്ടാൻ ഒരു വഴിയുമില്ലെന്ന്.
അനീഷ നുണ പറയുകയാണെന്ന് അധ്യാപകർ കല്പിച്ചു, ആരും തന്നെ അതു തിരുത്തിയതുമില്ല. അങ്ങനെ ആ സംഭവം അവിടെ തീർന്നു.
ഒരു ദിവസം അനീഷ ഒരു രഹസ്യം പറഞ്ഞു.
"ഓൾകേ, ഒരു ചെക്കൻ കൊടുക്കണതാ ഈ പൈസയൊക്കെ ".
അനീഷ ഈ രഹസ്യം പലരോടും പറഞ്ഞു, ആ ചെക്കൻ അവളുടെ വല്യച്ഛന്റെ മോനാണെന്നും അവളുടെ വീടിനടുത്തു ആശാരിപ്പണിക്ക് വന്ന ചേട്ടൻ ആണെന്നും അങ്ങനെ പലതും.
ശ്യാമള ഒരിക്കലും ആ രഹസ്യം ആരോടും പറഞ്ഞില്ല, അന്നൊന്നും അതറിയണമെന്ന ഉൽക്കടമായ ആഗ്രഹം ഉണ്ടായിരുന്നുമില്ല. ഇന്ന് ആ ഓർമ്മകൾ മനസിന്റെ വിങ്ങലാണ്, ആർക്കൊക്കെയോ തിരുത്താൻ കഴിയുമായിരുന്നില്ലേ ?

By: SaleenaChakkiyathil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo