നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വളപ്പൊട്ടുകൾ


വളപ്പൊട്ടുകൾ
***************
വാതിലിന്റെ പിറകിൽ ചെവി കൂർപ്പിച്ചു ഞാൻ നിന്നു.
"ഓളെ മ്മക്കൊരു ഡോട്ടറെ കാട്ടാം, ഇങ്ങളൊന്നു സമ്മയിക്കിം"
ഒരു തേങ്ങലോടെ വാതിൽപാളിയിലേക്ക് ചാരി ഉമ്മ വട്ടക്കെട്ടിന്റെ അറ്റമെടുത്തു മൂക്ക് തുടച്ചു.
"ഇന്റെ നെലീം വെലിം കളഞ്ഞിട്ട്ള്ള ഒരു പരിപാടീം നടക്കൂല, ആസ്പത്രീല് കാലെടുത്തു കുത്തുന്ന ആ നിമിസം അതിന്നാട്ടില് പാട്ടാകും"
ഞാനെന്തായാലും ഈ നിക്കാഹ് നടത്തും, ഇജ്ജ് നിന്ന് മോങ്ങാതെ ഓളെ കാര്യങ്ങൾ പറഞ്ഞു മനസിലാകിൻ "
വാപ്പ അവസാന തീരുമാനം കസേരയിലേക്ക് അമർന്നിരുന്നു പുറപ്പെടുവിച്ചു.
ഉള്ളിൽ ഒരു സാഗരം അലയടിക്കുന്നത് ഞാനറിഞ്ഞു, ഇരുട്ട് നിറഞ്ഞ പത്തായ മുറിയിൽ അരിച്ചാക്കിന്റെ മേലെ ഇരിക്കുമ്പോൾ അരയും തലയും കുലുക്കി നടന്നു പോകുന്ന ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നു.
"മോള് പെണ്ണാണോന്ന് ഒന്നു പരിശോധിക്കിം ങ്ങള്, ഇന്ന്ട്ട് ഇന്റെ മോനെ വിളിച്ച മതി "
പരിഹാസത്തിന്റെ ചീളുകളാണ് അതെന്നു മനസിലാക്കാൻ ദിവസങ്ങൾ വീണ്ടുമെടുത്തു.
"അന്റെ മോളെ ഓനു വേണ്ട, അതവൻ ഒറപ്പിച്ചു പറഞ്ഞു, ഇജ്ജ് അതെങ്ങനേലും ഒന്നു ഒഴിവാക്ക്"
പള്ളിലെ ഉസ്താദ് ചർച്ചക്കെത്തി.
"ഇന്റെ മോക്കെ വയസ്സ് പതിനഞ്ചായതെ ഉള്ളൂ, അപ്പളേക്കും വയസ്സറീച്ചില്ലന്നും പറഞ്ഞു മൊഴി ചൊല്ലാൻ നിക്കണ ഓനെ ചാട്ടവാറിനടിക്കണ്ടേ "
വാപ്പ കലിതുള്ളി.
"ഞാൻ ചോദിച്ച നഷ്ടപരിഹാരം തന്നില്ലേലെ ഓൻ ഇനിയൊരു പെണ്ണ് കെട്ടൂല്ല, അതെന്റെ വാക്കാ "
വാപ്പാന്റെ ശൗര്യവും നാട്ടിലെ സ്ഥാനമാനങ്ങൾക്കും മുമ്പിൽ അവർ മുട്ടു മടക്കി, വാപ്പ ചോദിച്ച തുക തന്നെ വീട്ടിലെത്തി, മൊഴി ചൊല്ലി.
വയസ്സ് പതിനേഴും കടന്നു പതിനെട്ടിലേക്ക് കടന്നപ്പോളാണ് ഉമ്മാന്റെ പിറുപിറുക്കലുകൾ കരച്ചിലായി പെയ്‌തൊലിക്കാൻ തുടങ്ങിയത്.
വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. അവറുക്കാക്ക ക്ഷൗരം ചെയ്യാൻ പിന്നാമ്പുറത്തെ ഭിത്തിയിലൊട്ടിച്ചു വച്ചിരിക്കുന്ന കണ്ണാടിയിൽ ഞാൻ കണ്ടു, വിടർന്ന മിഴികളും വെളുത്ത നിറവും വളഞ്ഞ പുരികങ്ങളും പെണ്ണിന്റെ തന്നെ. ഇടതൂർന്ന മുടിയുമുണ്ട്. പിന്നെ എവിടെയാണ് പിഴച്ചിരിക്കുന്നത്, അതിർവരമ്പിൽ നട്ടിരിക്കുന്ന അശോകയും ചെമ്പരത്തിയും പോലും ചുമന്നിരിക്കുന്നു.
കണ്ണാടിയുടെ പിറകിലിരുന്ന തീപ്പെട്ടിയെടുത്തു, നിലത്തു നിന്നും രണ്ടു ബീഡിക്കുറ്റികൾ പെറുക്കിയെടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു.അവറുകാക്ക പുകച്ചതിന്റെ ബാക്കി ബീഡികുറ്റികൾ.
"ഓനൊരു രണ്ടാം കെട്ടുകാരനാ, കാദർ, മാത്രോല്ല, ഓളെക്കാളും ഒരു പതിനഞ്ചു വയസ്സിന്റെ മൂപ്ണ്ട്, അതോണ്ട് ഇജ്ജാതി ചെക്കന്മാരെ പോലെ ചെയ്യൂല, കൊറച്ചു കൊറവുണ്ടേലും ഓനതൊക്കെ നോക്കീം കണ്ടും ചെയ്തോളും. പിന്നെ ഓന്ക്ക് ആദ്യത്തെ കൂട്ടത്തിൽ ഒരു കുട്ടീംണ്ട്, എന്തോണ്ടും മ്മടെ കുറവിനനുസരിച്ചിട് ള്ള ഒരു ബന്ധം തന്നേണ് ഇത് "
വാപ്പാന്റെ വാക്കുകൾ കാതില്ണ്ട്. ആരും അറിയാതെ കടമ നിർവഹിക്കുവാനുള്ള വാപ്പാന്റെ പരിശ്രമം വിജയിച്ചിരിക്കുന്നു.
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നിക്കാഹ് നടന്നു.
"കെട്ടു രണ്ടാമത്തെ ആണേലും കൊറച്ചൂടി ഉഷാറാക്കാരുന്നു"
പുറം പണിക്കു വരുന്ന ആസ്യാത്ത ഉമ്മാനോട് പരിഭവിച്ചു.
കസവു പുടവയും ആഭരണങ്ങളും അണിഞ്ഞു പുതുവീട്ടിലേക്ക് ആനയിക്കപ്പെട്ടപ്പോൾ ശിരസ്സ് പതിവിലും കുനിഞ്ഞിരുന്നു.
മണിയറയിലെ അരണ്ട വെളിച്ചത്തിലിരിക്കുമ്പോൾ ഒന്നൂടി ഓർത്തു വെച്ചു പറയേണ്ട കാര്യങ്ങൾ, പലവുരു ആവർത്തിച്ചതാണ്, എങ്കിലും ഒന്നും വിട്ടു പോകരുത്.
അത്തറിന്റെ പരിമളം മുറിയിലാകമാനം നിറഞ്ഞു വന്നു, കാദറും എത്തിയിരിക്കുന്നു അറയിൽ. ചുണ്ടുകൾ വിറക്കുന്നത് ഞാനറിഞ്ഞു. ചെവിയുടെ പിറകിൽ നിശ്വാസം വീണു.
"എന്താ പെണ്ണെ ആലോചിച്ചിരിക്കുന്നത്, ഇതന്റെ രണ്ടാം കെട്ടല്ലെ, അപ്പോ കാര്യങ്ങളൊക്കെ ഒരു പിടീണ്ടാവോല്ലോ "
നാവിന്തുമ്പിലിരുന്ന വാക്കുകൾ ഒരു മിന്നാമിന്നിക്കൂട്ടം കണക്കെ പറന്നു പോയി.
വരിഞ്ഞു മുറുകുമ്പോൾ കേട്ടു "ഇന്നിനി പരിചയപ്പെടാനൊന്നും സമയമില്ല "
നിശബ്ദമാക്കപ്പെട്ട രാത്രികൾ ആവർത്തിച്ചുകൊണ്ടേയിരുന്നു, ആവേശത്തിനൊടുവിൽ ഒരു വെറുപ്പോടെ എണീറ്റു പോകുന്ന കാദർ എന്നിലെ കുറവുകൾ ഊതിക്കാച്ചി.
വർഷം ഒന്നു കടന്നു പോയി. പലവുരു കാദർ വാപ്പാടെ മുമ്പിൽ പ്രശ്നമുന്നയിച്ചു.
"ഇൻക്ക് ഒരപേക്ഷണ്ട്, ഇജ്ജോളെ മൊയി ചൊല്ലരുത്, ഇന്നാട്ടിൽ ഇന്ക്ള്ള നെലീം വെലിം അനക്കറിയാലോ " വാപ്പയുടെ സ്വരത്തിൽ ദയനീയത മുന്നിട്ടു നിന്നു.
"ഓൾക്ക് ഒരു കുട്ടി ണ്ടാവൂലന്നുള്ളത് മാത്രല്ല പ്രശ്നം, ഇനിക്കൊരു പെണ്ണാവാൻ ഓൾക്ക് പറ്റൂല " കാദർ തുറന്നു പറഞ്ഞു.
"ഇമ്മളെ സമുദായത്തിൽ ഒന്നേ കെട്ടാവൂന്നൊന്നും ഇല്ലല്ലോ, ഇജ്ജ് ബേറെ കെട്ടിക്കോ, പക്കേങ്കിൽ ഓളെ മൊയി ചൊല്ലരുത്. ഈ കാണുന്നതെല്ലാം ഓൾക്ക് കൊടുക്കാനുള്ളതാ, ഒരു പണിക്കാരിയായിട്ടെങ്കിലും ഓള് അന്റെ പോരേൽ നിന്നോട്ടെ ".
കാദറിന്റെ മുഖം തെളിഞ്ഞു, എന്റെ ശിരസ്സ് കൂടുതൽ കുനിയുകയും.
ഉമ്മ മൂക്ക് തുടച്ചു അകത്തേക്ക് കേറിപ്പോന്നു.
"ഓൻ നല്ലോനാ, അന്നെ ഓൻ കൈ വിടൂല " ഉമ്മാന്റെ ഉപദേശം.
ഒരു അടിമയെപ്പോലെ കാദറിന്റെ പിന്നിൽ തിരിച്ചിറങ്ങിയപ്പോൾ ഞാൻ മനസ്സിൽ അടിവരയിട്ടു ഇനിയൊരിക്കലും ആ വീടിന്റെ പടി കടക്കില്ല.
കാദറിന്റെ ഉമ്മാന്റെ മുമ്പിലും കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു.
"മറിയാത്താന്റെ മോളാ ആയിശു,.അഞ്ചു പെമ്മക്കൾ അല്ലെ ഓൾക്ക്. അതിൽ മൂത്തതാ ഇത്. പിന്നെ യത്തീം മക്കളാ ഓല്"
കാദർ പറഞ്ഞത് കേട്ട് ഉമ്മ ഒന്നാട്ടി.
"അന്റെ പൂതി മാറീലെ ഇനീം, ഇവക്കിപ്പോ എന്തിന്റെ കൊറവാ ? ഇവളെ വാപ്പ അറിഞ്ഞാലേ, അന്നെ ചീര അരീമ്പോലെ അരീം ".
"ഓളെ വാപ്പനോടൊക്കെ ഞാൻ സമ്മതം വാങ്ങീക്ണ്, ഒരു യത്തീമായോണ്ട് ഓർക്ക് സമ്മതാ "
എന്റെ കുറവുകൾ കാദർ ആരേം അറിയിച്ചില്ല, അത് മനസ്സിൽ ഒരു ചാറ്റൽ മഴയായി.
ഉമ്മാന്റെ മുഖത്ത് അതിശയം. "ഓളെ വാപ്പ സമ്മതിച്ചോ "
ഉമ്മ എന്റെ മുഖത്തോട്ടൊന്ന് പാളി നോക്കി.
ചടങ്ങുകൾ തീരുമാനിക്കപ്പെട്ടു. വീട്ടിലെ പണിക്കാരത്തികൾ അടക്കം പറഞ്ഞു ചിരിച്ചു. കാദറിന്റെ ഉമ്മ എന്നെ കൈ പിടിച്ചു അടുത്തിരുത്തി പലവട്ടം ചോദിച്ചു.
"ഇത്രേം മൊഞ്ചുള്ള പെണ്ണായിട്ടും ഓനെന്തിനാ ഇനീം കെട്ടാൻ നിക്കണത് ? ഇജ്ജെന്തിനാ അതിന് സമ്മതിച്ചത് ?"
ഒരു നനുത്ത ചിരി ചുണ്ടിൽ വിരിയിച്ചു കണ്ണിലെ നീര് ഉമ്മ കാണാതെ തുടച്ചു കളഞ്ഞു.
പുറം പണിക്കു വരുന്ന സുജാത ഒരു ദിവസം ഒരു മാസികയായിട്ട് വന്നു.
"ഇങ്ങള് ഇത് കണ്ടാ, ഇങ്ങളെ മാതിരി ഉള്ള ആൾകാർ ഈ ഭൂമീല് വേറേം ഉണ്ട്, ബോംബെലൊക്കെ "
പലപ്പോഴായി എന്റെ മനസ്സ് അവൾ മനസിലാക്കിയിരുന്നു. എന്റെ കുറവുകളും അറിഞ്ഞു.
ആ വാർത്ത അവളെന്നെ വായിച്ചു കേൾപ്പിച്ചു,. ഒരു നിധി പോലെ ഞാനത് വാങ്ങിച്ചു, തുണിയടുക്കുന്ന ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ചു വെച്ചു. വീണ്ടും വീണ്ടും വായിച്ചു മനസ്സിൽ ചിത്രം വരച്ചെടുത്തു.
"ഇജ്ജെനിക്കൊരു ഉപകാരം ചെയ്യണം, ഇന്റെ അരഞ്ഞാണം വിറ്റ് കൊറച്ച് പൈസ കൊണ്ടത്തരണം "
കസവു മുണ്ടിന്റെ മേലണിഞ്ഞ അരഞ്ഞാണം അഴിച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ സംശയം.
"ഇങ്ങക്കെന്തിനാ ഇപ്പൊ പൈസ ?"
ഒരു ചിരിയോടെ, "ഇന്റെ പുതിയാപ്ല വീണ്ടും കെട്ടല്ലേ, ഓൾക്കൊരു സമ്മാനം വാങ്ങാനാ, ഇന്റെ വക.
അരഞ്ഞാണം വിറ്റ 5000 ഉറുപ്പികയും ഇരുമ്പ് പെട്ടിയിലൊളിച്ചു. ചില്ലറകൾ വേറെയും ഉണ്ട് മടിശീലക്കവറിൽ.
കല്യാണമായി, ഓരോ കണ്ണിലും പരിഹാസവും സഹതാപവും ആയിരിക്കുമെന്ന ചിന്തയിൽ മുറിക്കകത്തു തന്നെ ഇരുന്നു. രാത്രി കാദർ മുറിയിലേക്ക് വന്നു.
"പെണ്ണേ "
തോളിൽ തട്ടി മൃദുവായി വിളിച്ചു.
"ഇജ്ജ് ഒന്നോണ്ടും ബേജാറാവണ്ട, അന്റെ വാപ്പ പറഞ്ഞ മാതിരി ഇജ്ജിവിടെ പണിക്കാരി ഒന്നുമല്ല, ഇജ്ജെന്റെ ബീവി തന്നാ, ഓളൊരു യത്തീമാ, ഓള് അനക്കൊരു ഉപദ്രവോണ്ടാക്കില്ല "
മറുപടിക്ക് വേണ്ടിയെന്ന പോലെ കുറച്ച് നേരം നിന്നു.
"അന്റെ കുറവുകൾ ആരോടും ഞാൻ പറഞ്ഞിട്ടില്ല, ഇനി പറയുമില്ല "
അതും കൂടി പറഞ്ഞിട്ട് ഇറങ്ങിപ്പോയി.
ആരവങ്ങൾ ഒതുങ്ങി, എല്ലാവരും രാത്രിയുടെ നിശബ്ദതയിൽ ലയിച്ചു തുടങ്ങി.
ദീർഘമായ ഒരു നിശ്വാസത്തോടെ ഇരുമ്പ് പെട്ടി ഒന്നു കൂടി തുറന്നു ഉറപ്പു വരുത്തി. സ്വാതന്ത്ര്യത്തിന്റെ മണം ഇരുമ്പ് പെട്ടിയിൽ ഭദ്രമായിരിക്കുന്നു.
സാരിയുടെ തലപ്പ് മാറിലേക്ക് വലിച്ചിട്ടു, പെട്ടിയെടുത്തു മുറ്റത്തേക്കിറങ്ങി. എന്റെ ജീവിതം ഇതല്ല എന്നു ഒന്നു കൂടി ഉരുവിട്ടു.

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot