Slider

മാതൃസ്മൃതി - അമ്മയുടെ മണം (കാവ്യാങ്കണം മത്സരം 2018)

0


വിശന്നുകരഞ്ഞ ഞാനെന്ന പൈതലെ
നെഞ്ചോടുചേർത്തമൃതൂട്ടിയപ്പോൾ
ആ മാറിൽ മുഖമുരസ്സി ഞാനുറപ്പിച്ചു
ഇതെന്നമ്മ തന്നുടെ പാൽമണമല്ലോ
പ്രാതലിനെന്തൊക്കെ ഉണ്ടാക്കിയാലും
അടുക്കളയിൽ എല്ലാർക്കും ശേഷം
കഴിച്ചെഴുന്നേൽക്കുന്ന അമ്മതൻ കയ്യിൽ ഞാൻ
പഴങ്കഞ്ഞിയും തൈരും മണത്തിരുന്നു
ഉച്ചസൂര്യൻ കത്തിനിൽക്കുന്നനേരത്ത്
ഉമ്മറപ്പടിയിൽ കാത്തിരിക്കുമെൻ ചാരെ
പാടത്തെ പണി കഴിഞ്ഞമ്മയെത്തീടവേ
ഞാനറിഞ്ഞു ചേറും വിയർപ്പും കലർന്നൊരു മണം
വീട് നടത്തുവാൻ നീറുന്ന അച്ഛനെയറിഞ്ഞു
തൻ ചെറു മോഹങ്ങൾ ഉള്ളിലടക്കവേ
എൻ കയ്യിലേക്കമ്മ തന്ന നോട്ടുകളിൽ
ഉണ്ടായിരുന്നു ജീരകത്തിൻ സുഗന്ധം
അമ്മേ മതി, ഇനി നീ വിശ്രമിക്കൊരുവേള
എന്നു പറയാൻ ഞാൻ ആളായ നേരത്തും
എൻ പ്രിയ വിഭവങ്ങളുമായി വരുന്നമ്മയ്ക്ക്
സ്നേഹത്തിൽ ചാലിച്ച കറിക്കൂട്ടിൻ മണം
വാർദ്ധക്യത്തിന്റെ അവസാനകാലത്ത്
വയ്യാതെ തൻ മുറിക്കുള്ളിൽ അമ്മ ഒതുങ്ങവേ
കണ്ണീരുമായി ചെല്ലും എന്നെ എതിരേറ്റു
കുഴമ്പും തൈലവും കൂടിക്കലർന്നൊരു മണം
ഒടുവിലിന്നു എല്ലാ വേദനകളിൽ നിന്നും രക്ഷപ്പെട്ട്
ഒരു വെള്ളത്തുണിക്കീഴിൽ അമ്മ ഉറങ്ങവേ
അമ്മയിൽ നിന്നും ഉതിർന്ന മണത്തിന്
ചന്ദനത്തിരിയുടെ സുഗന്ധമല്ലോ
അമ്മേ, സ്‌മൃതികളിൽ നിൻ മണം സന്തോഷമല്ലോ
നിന്റെ വാത്സല്യത്തിൻ പ്രതീകമല്ലോ
എന്നിട്ടുമെന്തേ നിൻ അവസാന സുഗന്ധം
എന്നിലെ സന്തോഷം കെടുത്തിടുന്നു?
രേവതി എം ആർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo