നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെറുതെയല്ല ഭർത്താവ്

വെറുതെയല്ല ഭർത്താവ്
“എടീ നിനക്ക് എന്നെയാണോ അതോ നിന്റെ അമ്മയെയാണോ കൂടുതലിഷ്ടം.” സാരി മടക്കിക്കൊണ്ടിരിക്കുന്ന സരിതയോട് രമേഷിന്റെ ഒരു ചോദ്യം
"ഏ എന്താ ചോദിച്ചത് “ ഒരു സാരി എടുത്ത് മടക്കി സരിത.
"അല്ല എന്നെയാണോ നിന്റെ അമ്മേനെയാണോ നിനക്ക് കൂടുതലിഷ്ടം.”
"കല്ലാണം കഴിഞ്ഞ് ഇത്ര വർഷായി.രമേഷേട്ടനെന്താ പ്രാന്താ ഇമ്മാതിരി ഓരോന്ന് ചോദിക്കാൻ “
"അല്ല നീ പറയെടീ'’
'’ അതില്ലേ രമേഷേട്ടാ, കല്യാണം കഴിഞ്ഞ സമയത്തൊക്കെ എനിക്ക് എന്റെ അമ്മയെത്തന്നെയായിരുന്നു ഇഷ്ടം.”
"അതു പിന്നെ എനിക്കറിഞ്ഞുകൂടെ, നീ നിന്റെ അമ്മേനെ മണിക്കൂറുകള് ഫോൺ വിളിയല്ലാരുന്നോ? അതും പറഞ്ഞ് നമ്മളെത്ര ഇടി കൂടിയേക്കണ്”
" അതിന് രമേഷേട്ടാ നിങ്ങള് നിങ്ങടെ അമ്മേനെ എത്ര പൊക്കിപ്പറഞ്ഞിരിക്കുന്നു. അമ്മയുണ്ടാക്കുന്ന ഭക്ഷണം സൂപ്പറാണ്, നീ അമ്മേനെ കണ്ടു പഠിക്കടീ ന്നൊക്കെ.ഞാനിത്തിരി വെള്ളം എടുത്ത് തന്നാലും നിങ്ങളെവിടെ അമ്മേ വെള്ളം വേണംന്ന് ഓളിയിടാറില്ലേ “
" അതിന് നിനക്ക് വല്ലതും ഉണ്ടാക്കാൻ അറിയാരുന്നോ? മുട്ട പതപ്പിക്കാൻ പോലും എന്റെമ്മയല്ലേ പഠിപ്പിച്ചേ? അതപ്പഴത്തെ കാര്യല്ലേ? ഇപ്പോ സ്നേഹമുണ്ടോന്നാ ചോദിച്ചേ?”
"ഹ വെപ്രാളപ്പെടാതെ, പറയട്ടെ “
" ഒരു ദിവസം സിനിമ കാണാൻ ഇഷ്ടമില്ലാത്ത നിങ്ങള് സിനിമയ്ക്ക് പ്രാന്തായ എന്നേം കെട്ടിവലിച്ച് സിനിമയ്ക്ക് പോയില്ലേ?”
" അപ്പോ തന്നെ നിനക്ക് മനസ്സിലായില്ലേ എനിക്ക് നിന്നോട്ട് സ്നേഹം ണ്ടന്ന് “
" ഹ മുഴുവനും പറയട്ടെ "
" എന്നാ പറ"
"ഇന്റർവെൽ സമയത്ത് എന്താ വാങ്ങണ്ടേന്ന് ചോദിച്ചപ്പോ ഞാൻ വെള്ളം പോലെ എന്തെങ്കിലും മതീന്ന് പറഞ്ഞു അപ്പോ നിങ്ങളെന്താ വാങ്ങീട്ട് വന്നേ?”
"വെള്ളം “
" അപ്പോ ഞാൻ പറഞ്ഞു ഇതല്ല സോഡ പോലെ എന്തെങ്കിലും ന്ന്, അപ്പോ എന്താ വാങ്ങിയേ?”
"പ്ലെയിൻ സോഡാ, ദേ എന്നെ നീയത് ഓർമിപ്പിക്കരുത് എനിക്കിപ്പഴും ദേഷ്യം പോയിട്ടില്ല.”
" അപ്പോ ഞാൻ പറഞ്ഞു ഇതല്ല കോളയോ പെപ്സിയോ അങ്ങനെ എന്തെങ്കിലുമെന്ന് “
" ആ സോഡ ക്കുപ്പീടുത്ത് നിന്റെ തലയ്ക്കടിച്ച് പൊട്ടിക്കാനാ തോന്നിയേ, ന്നാപ്പിന്നെ ദ് ആദ്യംങ്ങട് പറഞ്ഞ് തുലയക്കാർന്നീലേ.പിന്നെ കല്യാണം കഴിച്ചിട്ട് ഇത്രേയല്ലേ ആയുള്ളൂന്ന് വിചാരിച്ചാ പെപ്സി വാങ്ങി തന്നത്.
" ന്നാലും നിങ്ങളത് വാങ്ങിത്തന്നപ്പോ എനിക്ക് മനസ്സിലായി നിങ്ങക്കെന്നോട് സ്നേഹം ണ്ട്ന്ന്. അപ്പോ നിങ്ങടെ കടന്നല് കുത്തിയ മുഖത്തേക്ക് നോക്കിയപ്പോ എനിക്കും നിങ്ങളോട് കുറച്ചൊക്കെ സ്നേഹം വന്നു തുടങ്ങി “
അത് ശരി കുറച്ചേ യുള്ളു, തോണി അപ്പുറത്തെ കടവിൽ തന്നെ, ഇങ്ങോട്ട് പോന്നിട്ടില്ല, രമേഷ് മനസ്സിലോർത്തു.
" എന്നിട്ട് എപ്പഴാ നിനക്ക് സ്നേഹം തോന്നിത്തുടങ്ങിയേ?”
"ഹ, പറയട്ടേന്നേ”
" പറയ്, പറയ്”
"പിന്നെ കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഗർഭിണിയായി. അപ്പോ നിങ്ങള് സൂക്ഷിച്ചു നടക്ക്, ആ അടുപ്പിന്റെ അടുത്ത് ന്ന് ഇത്തിരി നീങ്ങി നിക്ക്, പിന്നെ സ്റ്റെപ്പൊക്കെ കയറുമ്പോ ഒരു കൈയൊക്കെ തന്ന്. കാര്യം കൊച്ചിനെ ആലോചിച്ചായിരിക്കും. എന്തായാലും എനിക്കതൊക്കെ അങ്ങട് സുഖിച്ചു.അപ്പോ നിങ്ങളോട് ഇത്തിരി സ്നേഹമൊക്കെ തോന്നിത്തുടങ്ങീട്ടോ ര മേഷേട്ടാ”
ഹോ ഭാഗ്യം തോണി അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്.
"ഞാൻ അങ്ങനെയൊക്കെ ചെയ്തല്ലേ? ഞാനാളു കൊള്ളാലോ “
"പിന്നെ ഞാൻ ലേബർ റൂമിൽ കിടന്ന് കാറിക്കരഞ്ഞോണ്ടിരുന്നപ്പോ ഒരു നഴ്സ് വന്ന് ഒരു പൊതി തന്ന് ഇതീന്ന് ഒരു ഇഡ്ഡലിയെങ്കിലും അവളെക്കൊണ്ട് കഴിപ്പിക്കണട്ടോ സിസ്റ്ററേന്ന് ദേ പുറത്ത് നിന്ന് ഹസ്ബന്റ് പറയന്നുണ്ട്. ഇന്നലേം ഒന്നും കഴിച്ചില്ലാലേ “
"അപ്പോ തീർച്ചയായിട്ടും നിനക്കെന്നോട് സ്നേഹം വന്നു അല്ലേടീ, എന്നാലും ആ വേദനേടെ എടേലും നിനക്കെന്നെ സ്നേഹിക്കാൻ തോന്നിയോ “
"പിന്നേ അപ്പോ നിങ്ങളെ എന്റെ കൈയ്യിൽ കിട്ടിയാൽ ചവിട്ടികൂട്ടിയേനെ. എന്നാലും മനസ്സിൽ അത് പതിഞ്ഞൂട്ടോ “
" എന്നിട്ട് നീ ഇഡ്ഢലി തിന്നോ? "
"പിന്നേ ഇഡ്ഢലി തിന്നാൻ പറ്റിയ നേരം, എന്നാലും നിങ്ങളത് കൊണ്ടു തന്നില്ലേ "
എന്നാലും ഇപ്പഴും തോണി പാതിവഴിയിൽ തന്നെ.
"പിന്നെ എപ്പഴാ ശരിക്കും നിനക്ക് സ്നേഹം തുടങ്ങിയേ?”
"ഹ തോക്കിൽ കയറി വെടി വെക്കാതെ, പറയട്ടെ “
"പിന്നെ നിങ്ങള് വൈകീട്ട് ജോലി കഴിഞ്ഞ് വരുമ്പോ ഞാൻ തരുന്ന ചായ കുടിച്ചിട്ട് എന്റെ തോളിലൂടെ കൈയ്യിട്ട് ചേർത്തു നിർത്തി പറയാറില്ലേ, നിന്റെ മുഖത്ത് നല്ല ക്ഷീണം ണ്ടല്ലോ ടീ പിള്ളേരടെ പുറകെ ഓടീം വീട്ടിലെ പണീം ചെയ്ത് നീ വയ്യാണ്ടായോന്ന് “
"ഉവ്വാലേ, അപ്പോ നിനക്ക് എന്തു തോന്നും?”
" അപ്പോ എനിക്ക് നിങ്ങളെ കെട്ടിപ്പിടിച്ച് ഒരുമ്മ തരാൻ തോന്നും “
ഞാനാരാ ആള്, രമേഷിന് ഇരുന്നോടത്തുന്ന് എഴുന്നേറ്റ് ഒന്ന് ഞെളിഞ്ഞു നിൽക്കാൻ തോന്നി.
"പിന്നെ ഒരിക്കൽ എന്റെ വീട്ടിൽ പോയില്ലേ, അന്ന് രമേഷേട്ടൻ എന്റെ പഴയ പുസ്തകമൊക്കെ മറിച്ചു നോക്കി പറഞ്ഞില്ലേ?”
"എന്ത്?”
"നീ നന്നായി കഥയെഴുതുന്നുണ്ടല്ലോടീ, ഇനീം എഴുതിക്കൂടേന്ന്. അപ്പോ എനിക്ക് ഭയങ്കര സന്തോഷായിട്ടോ “
ഹോ അന്നങ്ങനെ പറയേണ്ടിയിരുന്നില്ല. അനുഭവിക്കുക തന്നെ. സാരമില്ല കുറച്ച് എഴുത്തിന്റെ അസ്കിത അല്ലേ സഹിക്കാം.രമേഷ് മനസ്സിലോർത്തു.
"പിന്നെ പറയ് പറയ്, എപ്പൊഴൊക്കെയാ നിനക്കെന്നോട് സ്നേഹം കൂടിയേ?" രമേഷിന് ഉത്സാഹം കൂടി. ഇവളുടെ തോണി അടുത്തടുത്ത് വരുന്നുണ്ട്.
"പിന്നെ ഒരു ദിവസം ഞാനുണ്ടാക്കിയ മാമ്പഴപ്പുളിശ്ശേരി കഴിച്ച് ഇത് എന്റമ്മ ഉണ്ടാക്കിയ പോലെ തന്നെ, എങ്ങനെ പഠിച്ചെടീ ന്ന് ചോദിച്ചില്ലേ? ഹോ എനിക്കപ്പോ പത്താം ക്ലാസ്സില് റാങ്ക് കിട്ടിയ പോലെയായി “
ഓ അങ്ങനെ ഒരബദ്ധം ഞാൻ എപ്പോ പറഞ്ഞു? രമേഷ് ഓർത്തു നോക്കി. എന്തായാലും മിണ്ടണ്ട പാതി വഴിയെത്തിയ തോണിയെ വെറുതെ എന്തിന് വെള്ളത്തിൽ മറിച്ചിടുന്നു.
"പിന്നെ രമേഷേട്ടന് ഓർമ്മയുണ്ടോ ബൈക്കീന്ന് വീണ് കാലൊടിഞ്ഞത്?
"പിന്നേ ഓർമയില്ലേ, കാലിന്റെ എല്ല് രണ്ടോ ടത്താ ഒടിഞ്ഞത് “ കാലിൽ ഉഴിഞ്ഞ് രമേഷ് പറഞ്ഞു.
" അന്ന് രമേഷട്ടന താങ്ങിപ്പിടിച്ച് ബാത്റൂമിൽ കൊണ്ടോയതും കുളിപ്പിച്ചതും അരാ?”
" അതു പിന്നെ നീയല്ലേ?”
"അപ്പോ രമേഷേട്ടനെന്താ പറഞ്ഞേ?”
'’ എന്താ പറഞ്ഞേ " രമേഷ് തല ചൊറിഞ്ഞു.
" ഈ രമേഷേട്ടന് ഒരു ഓർമേയില്ല, തല തോർത്തിത്തരണേന്റെ എടേല് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞില്ലേ ഇപ്പഴാ ഒരു ഭാര്യേടെ വില മനസ്സിലായേന്ന് “
ഉവ്വല്ലേ, ഞാനാരാ മോൻ എന്റെ നാക്ക് പൊന്നായിരിക്കട്ടെ, രമേഷ് പതുക്കെ എഴുന്നേറ്റ് സരിതേടെ അടുത്തേക്ക് ചെന്നു.
" അപ്പോ രമേഷേട്ടാ എനിക്ക് സങ്കടം വന്ന് കണ്ണ് നിറഞ്ഞൂട്ടോ “
"അതെന്തിനാ ടീ സങ്കടം വന്നത്? സ്നേഹം കൂടീട്ടാ?" രമേഷ് സരിതയുടെ മുഖം കൈക്കുമ്പിളിലിടുത്തു.
"അല്ലാതെ പിന്നെ "അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.
അവന്റെ ചുണ്ടുകൾ ആ കണ്ണീരിനെ ഒപ്പിയെടുക്കാനായ് തുടങ്ങിയതും അടുക്കളയിൽ നിന്നും ഒരു കുക്കർ നീട്ടി വി സിലടിച്ചു.
" മാറ് രമേഷേട്ടാ" മടക്കി കൊണ്ടിരുന്ന സാരി അവിടെയിട്ട് സരിത അടുക്കളയിലേക്ക് ഓടി.
രമേഷിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ഇവളീ സാരി തന്നെയാണോ ഇത്ര നേരവും മടക്കിക്കൊണ്ടിരുന്നത്?
തോണി ഈ കടവത്ത് എത്തിയോ ആവോ? നാശം പിടിച്ച ഒരു കുക്കറ്.
✍️ Dinda Jomon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot