Slider

അമ്മ എഴുതിയ ഈ ഓർമ്മക്കുറിപ്പ്

0
( അമ്മ എഴുതിയ ഈ ഓർമ്മക്കുറിപ്പ് പഴയതലമുറയ്ക്ക് ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കും പുതുതലമുറയ്ക്ക് പഴയകാല ഓണത്തെക്കുറിച്ച് ഒരു അറിവ് പകരുന്നതിലുപരി പെട്ടൊന്നൊരുനാൾ എഴുതി തുടങ്ങിയ അമ്മക്ക് ഇനിയും ഇനിയും എഴുതാൻ നിങ്ങളിലൂടെ ഇത് ഒരു വേദിയാക്കാൻ കുഞ്ഞുശ്രമം.........)
*** ഓർമ്മയിലെ ഓണം***
ചിങ്ങപ്പുലരിയിൽ അതുവരെയില്ലാത്ത സൂര്യൻ ഒരു കോടി പൊൻകിരണങ്ങൾ വാരി വിതറി,ഭൂമിക്കും പ്രകൃതിക്കും...അതിന്റെ സന്തോഷത്തിൽ പൂക്കളും പൂമ്പാറ്റകളും പാറി പറക്കാൻ തുടങ്ങി. ഞാൻ പതിവു പോലെ രാവിലെ എഴുന്നേറ്റ് കോലായിൽ വരുമ്പോൾ മുറ്റത്ത് അമ്മ ഉടുത്ത മുണ്ട് കയറ്റിക്കുത്തി ചാണകം തളിക്കുന്നത് കാണാൻ നല്ല രസം…രാത്രി നിലാവെട്ടത്തിൽ വൃക്ഷത്തിന്റെ ഇലകൾ വീണു കിടക്കുമ്പോലെ ചാണകം തളിച്ചിരിക്കുന്നു…അതിൻെറ ആ ഗന്ധം;അതിനും ഒരു സുഖമുണ്ടായിരുന്നു...
ഞാൻ അഴിഞ്ഞ മുടി ഒതുക്കിക്കെട്ടി അടുക്കള ഭാഗത്ത് ചെന്നു.മഴ പോയി വെയിൽ വന്നതു കൊണ്ടാകാം ചക്കിപൂച്ച അലക്കുകല്ലിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അച്ഛൻ പെങ്ങൾ തേങ്ങ പൊതിക്കുന്നു.അതിനു ചുറ്റുമായ് എൻെറ ഇളയവർ തേങ്ങ പൂൾ തിന്നാനും വെള്ളം കുടിക്കാനും...മുറ്റത്ത് ഒരു ഭാഗത്ത് ശാരദാമ്മ മൺകലങ്ങൾ ചകിരിയും കല്ലുകഷ്ണവു ഇട്ട് പര പര ശബ്ദത്തിൽ തേച്ചു കഴുകുന്നു.കണ്ണച്ഛൻ തൊഴുത്തിൽ പശുവിനെ കറക്കുന്നു.
തെളിവെയിലിൽ കോഴികളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും നടന്നത് ചിറക് കൊത്തി
മിനുക്കുന്നു.മാങ്കൊമ്പിൽ പൂച്ചയെ കളിയാക്കുന്ന കാക്കകുയിൽ....
പാടത്ത് കോരച്ചൻ മുട്ട് വരെയുള്ള കോറത്തോർത്തുടുത്ത് തലയിൽ പാളതൊപ്പിയും വച്ച് കന്നുപൂട്ടുന്നു.കൂടെ അടർന്നു മറിയുന്ന മണ്ണിൽ ഇര തേടുന്ന കൊറ്റിയും മൈനകളും....
വാഴക്കയ്യിൽ ഇരുന്നു കാക്ക വിരുന്നു വിളിച്ചു.വീടിന്റെ മച്ചിൻ പുറത്തു നിന്നും പ്രാവുകൾ പട പട ശബ്ദത്തിൽ കൂട്ടത്തോടെ ഇര തേടി പറന്നു പോയ്...
എവിടെയും എല്ലാവർക്കും ചിങ്ങം പിറന്ന സന്തോഷം.......
അത്തത്തിൻെറ തലേദിവസം മുതൽ ഇല കൊണ്ട് കുമ്പിൾ കുത്തി അതിൽ പൂക്കൾ ശേഖരിക്കാൻ തുടങ്ങും.അത് കോലായിൽ ഒരു കോണിലായ് വെള്ളം കുടഞ്ഞ് വെക്കും.മുറ്റത്ത് ചാണകം തളിച്ച് പൂത്തറ കെട്ടും.ചിലർ പൂത്തറക്ക് പത്ത് തട്ട് ഉണ്ടാക്കും.പൂത്തറയുടെ മുകളിലായ് തൃക്കാക്കരയപ്പനെ ഉണ്ടാക്കും.അത്തം വെളുപ്പിന് തുമ്പപൂ കൊണ്ട് ഒരു പൂക്കളം ഒരുക്കിക്കൊണ്ട് തുടക്കം.......
പിന്നെ അത്തം പത്തു വരെ എല്ലാ ദിനങ്ങളിലും വൈകുന്നേരം പൂക്കൾ ശേഖരിക്കാനായ് പാടത്തും പറമ്പത്തും ഓടി നടക്കും...
മുക്കുറ്റി ഒരു കുഞ്ഞു ചെടിയാണ്. അതിന്റെ കുഞ്ഞിപ്പൂവ് പറിക്കണമെങ്കിൽ നല്ല ക്ഷമ വേണം. അനിയനും അനിയത്തിമാരും ചിലപ്പോ തല്ലുണ്ടാക്കും."നീ ഇത്രയേ പറിച്ചുള്ളൂ, ഞാനെത്ര പറിച്ചു" എന്നതായിരിക്കും തല്ലിനു കാരണം.വഴക്കിനവസാനം പറിച്ച പൂക്കൾ മുഴുവൻ മണ്ണിലേക്ക് എറിഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടി പോകും.
പറമ്പിൽ ഒരു ഭാഗത്ത്‌ കൂട്ടത്തോടെ തുമ്പയുണ്ട്.അമ്മ കുട്ടിയെ ഒക്കത്ത് വച്ചപോലെ പൂവേന്തിയ തുമ്പച്ചെടിയെ കാണാൻ നല്ല രസമാണ്.....
കാക്കപ്പൂവ് കുഞ്ഞിക്കണ്ണ് തുറന്ന് പാടത്തുള്ള വിശേഷങ്ങൾ മൗനമായി പറയുംപോലെ... സൂര്യകിരണങ്ങൾ കാക്കപ്പൂവിന് കൂടുതൽ പൊന്നിൻ നിറമേകി....
തൃശൂർ പൂരത്തിൻെറ കുടമാറ്റം ഓർമ്മപ്പെടുത്തും പോലെ വഴിയോരത്ത് കൃഷ്ണമുടിപ്പൂക്കൾ വരി വരിയായ് പൂത്തു
നിന്നു.... ചെണ്ടുമല്ലി,തെച്ചി,അയിരാണി, കനകാംബരം, മന്ദാരം, ചേമ്പിൻ പൂവ്,അരിപ്പൂവ് പിച്ചകം അങ്ങനെ നീളുന്നു പൂക്കളുടെ നിര..
തേൻ നുകരുന്ന പൂമ്പാറ്റകളെ പറപ്പിച്ചും പാടത്തുള്ള പക്ഷികളെ കൈകൊട്ടി പേടിപ്പിച്ചും വയൽവരമ്പിലൂടെ തെന്നി വീണും വീഴാതെയും വേലിപ്പടർപ്പുകൾ മെതിച്ചും പൂപറിക്കൽ ആഘോഷമാക്കും..
ആൺകുട്ടികൾ എവിടുന്നൊക്കെയോ ഒപ്പിച്ച നെല്ലിക്കയും പുളിയും നുണഞ്ഞുകൊണ്ട് കുന്നും മലകളും കേറും പൂക്കൾ ശേഖരിക്കാൻ.പോകുംവഴി കാണുന്ന പേരമരത്തിൽ വലിഞ്ഞു കേറും. കീശയിൽ ഓലപ്പന്ത് ഉണ്ടാകും; ഒഴിഞ്ഞ സ്ഥലം കാണുമ്പോൾ പന്ത് കളിക്കാൻ.....
പൂപ്പറിക്കാൻ എന്ന ഭാവത്തിൽ വരുന്ന അൽപ്പം മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കണ്ണുകളാൽ മനസ്സിൽ പ്രണയത്തിന്റെ പൂക്കളം തീർത്തു.
ചിലപ്പോൾ മുത്തശ്ശനും മുത്തശ്ശിയും കൂടും പൂപറിക്കാൻ..ആ സമയം മുത്തശ്ശനെ കൂട്ടുപിടിച്ച് ചക്കര മാവിൽ ഊഞ്ഞാൽ കെട്ടിക്കും....
ഓടി നടന്നു പൂക്കൾ ശേഖരിക്കുന്നതിനിടയിൽ തട്ടി വീഴുന്നവരും വീണു പോയ പൂവ് ഏറെ തിടുക്കത്തോടെ വാരി എടുക്കുന്നവരും പൂക്കൾ നഷ്ടപ്പെട്ടു വിങ്ങിപ്പൊട്ടി കരയുന്നവരും ഉണ്ടാകും...അവരുടെ കരച്ചിൽ മാറ്റാൻ തങ്ങൾക്ക് കിട്ടിയ പൂവിന്റെ പങ്ക് ഒരു മടിയും കൂടാതെ വീതം വച്ച്‌ കൊടുക്കുന്ന ആത്മാർത്ഥ സൗഹൃദങ്ങൾ......
ഈ തിരക്കുകൾക്കിടയിലൂടെ അച്ഛൻെറയും അമ്മയുടെയും കൂടെ ഓണക്കോടി എടുക്കാൻ പോകും...അപ്പോഴുണ്ടാകുന്ന ഒരു ഗമ ഒന്നു വേറെ തന്നെയാ...
ഒൻപതാം നാൾ പൂക്കൾ എത്ര ഉണ്ടെങ്കിലും പലതരം ഇലകളും ശേഖരിക്കും.കമ്പിളിപ്പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടന്നു സ്വപ്നം കാണുന്നതു പോലെ നിൽക്കുന്ന പിച്ചകമൊട്ടിനെയും മുല്ലമൊട്ടിനെയും എല്ലാം നുള്ളിയെടുക്കും.... രാത്രി ഏറെ വൈകുമ്പോൾ വീടാകെ സുഗന്ധം പരക്കും....അപ്പോൾ മനസ്സും നിറയും, കുമ്പിളിൽ പൂക്കൾ നിറഞ്ഞ പോലെ....
തിരുവോണദിവസം പുലർച്ചെ എഴുന്നേറ്റു കുളിച്ചു ഓണക്കോടി ഉടുത്ത് എല്ലാരും പൂവിടാൻ വട്ടത്തിൽ ഇരിക്കും.കോടി മുണ്ടിന്റെ നൂൽ എടുത്ത് ഈർക്കലിൽ പത്ത് ചെമ്പരത്തി കെട്ടി തൃക്കാക്കാരയപ്പനു മുകളിൽ കുത്തി വയ്ക്കും.അതിനു ചുറ്റും തുമ്പപൂ നിരത്തും.പിന്നീട് പൂക്കൾ കൊണ്ട് പല ആകൃതിയിലും പൂക്കളം ഒരുക്കുന്നു.ശേഷം നിറപറയും നിലിളക്കും കിണ്ടിയും മുറത്തിൽ അരിയും വെക്കും.അതു കഴിഞ്ഞാൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഓണക്കോടി നൽകും...
അപ്പൊഴേക്കും ഓണപ്പൊട്ടൻ വരും.ഓലക്കുടയും ചൂടി കയ്യിലെ മണികിലുക്കി മുറ്റത്ത് മൂന്നു തവണ വട്ടത്തിൽ ഓടും.പിന്നെ പൂക്കളത്തിൻെറ മുന്നിൽ വന്ന് പ്രാർത്ഥിച്ചു തെച്ചിപ്പൂവ് തലയിൽ നിന്നും എടുത്ത് പൂക്കളത്തിൽ ചാർത്തും.പിന്നീട് കുട്ടികളും മുതിർന്നവരും ഓണപ്പൊട്ടന് പൈസയും ഓണക്കോടിയും നല്കും.വീടിന് ഒന്നൂടെ വലം വച്ച ശേഷം അടുത്ത വീട്ടിലേക്കു പോകുന്ന ഓണപ്പൊട്ടന് അകമ്പടി സേവിക്കാൻ പുറകെ കുട്ടികളും കൂടും.
മുതിർന്നവർ ഓണസദ്യ ഒരുക്കുന്ന തിരക്കിലാണ്.ശർക്കരയുപ്പേരി മുതൽ എല്ലാ സദ്യവട്ടങ്ങളും ഉണ്ട്.ഉച്ചയോടു കൂടി ഓണസദ്യ തയ്യാർ.നാക്കിലയിൽ പതിനാറുകൂട്ടം വിഭവങ്ങൾ വിളമ്പിയ ഊണ് കഴിയുമ്പോൾ നാലുകൂട്ടം പായസം കൂടി കുടിക്കാൻ വയറിലൊരിത്തിരി സ്ഥലം മാറ്റിവെക്കും.നാലാമത്തെ പ്രഥമൻ പഴവും പപ്പടവും നെയ്യും കൂട്ടി കുഴച്ച് ഒരു കഴിക്കലാണ്.........
ഒന്നു വിശ്രമിക്കുമ്പോഴേക്കും പൂക്കൾ ഒഴുക്കാൻ കുട്ടികൾ തയ്യാറായിട്ടുണ്ടാകും.അത്തം മുതൽ ഇട്ട പൂക്കൾ ഒരു കുട്ടയിലാക്കി തോട്ടിലോ പുഴയിലോ ഒഴുക്കുകയാണ് ഓണവസാനം.അതിനായ് കുട്ടികൾ പൂക്കൊട്ടയുമേന്തി "പൂവേ പൊലി പൂവേ പൊലി" ഉച്ചത്തിൽ പാടി കൊണ്ട് ഇടവഴികളിലൂടെയും പാടവരമ്പിലൂടെയും വലിയ പാതകളിൽ കൂടെയും ആഘോഷമായാണ് പോകുക.ചെണ്ടയും ഓണപ്പൊട്ടനും പുലികളിയും കോമാളിയും അകമ്പടിയുണ്ടാകും..ഇതു കാണാൻ നാട്ടുകാർ പാതകൾക്കിരുവശവും തടിച്ചു കൂടും.ഒടുവിൽ ആർപ്പുവിളികളോടു കൂടി പുഴയിൽ പൂവൊഴുക്കും......കൂട്ടത്തിൽ തിമർത്തൊരു കുളിയും.....
അകലെയൊരു പൂവാലിപ്പശു ഇതെല്ലാം കണ്ട സന്തോഷത്തിലാവാം;അറിയാതെ പാൽ ചുരത്തി പോയ്..ഓടിച്ചെന്ന് പാൽക്കുടിച്ച പശുക്കിടാവിൻെറ വായുടെ ഇരുവശത്തും പാൽ ഒലിച്ചിറങ്ങി.ഇത് കണ്ട് ഉമ്മറത്ത് അരമുണ്ട് ഉടുത്ത് കാൽ നീട്ടിയിരുന്ന മുത്തശ്ശി പല്ലില്ലാത്ത മോണകാട്ടി കുടുകുടാ ചിരിച്ചു......
ഹാ!!...... അതൊരു കാലം……!!!

sobitha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo