നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ആദ്യത്തെ തേപ്പുകഥ

എന്റെ ആദ്യത്തെ തേപ്പുകഥ
---------------------------------
*റാംജി...
വീട്ടുകാരുടെ നിർബന്ധ പ്രകാരം ആർമിയിൽ ചേരുന്നതിനായുള്ളഭാഗമായി കോഴിക്കോട്‌ വെസ്റ്റ്‌ ഹില്ലിലുള്ള ഒരു കോച്ചിംഗ്‌ സെന്ററിൽ പഠിക്കുന്നകാലം..
ധീരജവാൻമാരാകുക എന്നലക്ഷ്യത്തോടെ സമപ്രായക്കാരായ ധാരാളം കുട്ടികൾ അവിടെ പഠിക്കുന്നുണ്ടായിരുന്നു.
അവിടുത്തെ പ്രിൻസിപ്പാൾ എന്റെ നാട്ടുകാരൻ ആയതുകൊണ്ട്‌ എന്നോടു ചില വിട്ടുവീഴ്ചകളൊക്കെ ചെയ്തിരുന്നു.
അത്‌ മനസ്സിലാക്കിയാണോ എന്നറിയില്ല കുറച്ചുപേർ എന്നെ ചങ്ങാതിയാക്കാൻ മത്സരിച്ചിരുന്നു..
എന്നാൽ അതിലെചില സുഹൃത്തുക്കളെയെ എനിക്കിഷ്ടപെട്ടുള്ളു..
അതിൽ മൂന്നുപേർ എന്റെ ഉറ്റചങ്ങതികളാകാൻ അധികം താമസ്സമെടുത്തില്ല.
കോഴിക്കോട്‌ തിരുവാമ്പാടിയുള്ള സാബുതോമസ്‌,മലപ്പുറം നിലമ്പൂരുള്ള ഉണ്ണി,പാലക്കാട്‌ വള്ളിക്കോട്ടുള്ള സുരേഷ്‌..
ഞങ്ങൾ ഒരുമനസ്സയി, അവരവരുടെ സ്ഥലങ്ങളിലെ കഥകളും,വീട്ടുവിശേഷങ്ങളുമൊക്കെയായി പാതിരാവോളം സംസാരിച്ചിരിക്കാറുണ്ടായിരുന്നു.
പുറത്ത് എവിടെയെങ്കിലും പോവുകയാണെങ്കിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു പോയിരുന്നത്.
കോച്ചിംഗ്‌സെന്ററിൽനിന്ന് റയിൽവേട്രാക്കുവഴി സ്വൽപ്പദൂരംനടന്നാൽ ഞങ്ങൾ താമസിക്കുന്ന വീടായി..
ക്ലാസ്സ്‌ കഴിഞ്ഞ്‌ സ്ഥിരമായി റയിൽവേ പാളത്തിൽ കൂടിയാണുവീട്ടിലേക്കുപോകാറുള്ളത്‌.
അങ്ങനെയിരിക്കെ ഒരുദിവസ്സം വീട്ടിലേക്ക്‌ പോകുന്നവഴി പ്രിൻസിപ്പാൾ ഞങ്ങളുടെ ഗ്യാങ്ങിനൊപ്പംകൂടി.
എവിടേക്കാണ് അദ്ദേഹത്തിന്റെ നടപ്പ്‌ എന്ന് മനസ്സിലാക്കാതെ ഞങ്ങളും നടക്കുകയാണ്.
പെട്ടന്ന് ഒരു ഇടവഴിചൂണ്ടിക്കാണിച്ച്‌ അദ്ദേഹം പറഞ്ഞു.നമുക്ക്‌ ഈ വഴിപോകാം,
അനുസരണയുള്ള പട്ടാളക്കാരാകേണ്ട ഞങ്ങൾ അദ്ധേഹത്തെ അനുഗമിച്ചു.
ഏതോ ചെറുകിടകമ്പനിയുടെ പിൻവശത്തുകൂടിയുള്ള വഴിയായിരുന്നു അത്‌.ചുവരിൻമേൽ ഏതോ വികൃതിപയ്യന്മാർ കോറിയിട്ട ചില ഭാവനാ ചിത്രങ്ങൾകാണാം,
സാർ ധ്രിതിയിൽ തന്നെ നടക്കുകയാണ്.
വീട്ടിലേക്കുള്ള വഴികഴിഞ്ഞിരിക്കുന്നു..
അദ്ദേഹത്തിനോടുള്ള ബഹുമാനവും,ഭയവുംകാരണം ആരും ഒന്നും ചോദിക്കുന്നില്ല..
ഇടവഴിയിൽനിന്ന് ഒരു റോഡിലേക്കിറങ്ങി.
സാറിന്റെ നടത്തത്തിനുസ്പീഡ്‌ വീണ്ടും കൂടി,അവസാനം ചെന്ന് നിന്നത്‌ കുമ്മായം പൂശിയ ഒരു പലകഷെഡ്ഡിനുമുന്നിൽ..
ഞങ്ങളെ വാതുക്കൽനിർത്തിയിട്ട്‌,സാർ അതിനുള്ളിലേക്ക്‌ ഊളിയിട്ടു.
അധികം താമസ്സിപ്പിച്ച്‌ ബോറടിപ്പിക്കാതെ അദ്ദേഹം ഇറങ്ങിവന്നു..
കല്ല്യാണസദ്യക്ക്‌ തിക്കിതിരക്കി കയറി ഭക്ഷണം കഴിച്ച ഒരാളിന്റെ വിജയീഭാവവുമായ്‌ അദ്ദേഹം ഞങ്ങളുടെ മുന്നിൽ നിന്നു.ചുണ്ടുകൾ തുടച്ചുകൊണ്ട്‌ എന്റെ പേരുവിളിച്ചു.
എന്നിട്ടുപറഞ്ഞു നീയൊന്നുവന്നേ..
സാർ വീണ്ടും അകത്തേക്കുകയറി..
ഗുരുഭക്തിമൂലം മറുത്തൊന്നും പറയാതെ ഞാൻ പിന്നാലെ ചെന്നു.
അകത്ത്‌ എന്തിന്റെയൊക്കെയോ രൂക്ഷ ഗന്ധവും,അതിനെ കവച്ചുവക്കുന്നതരത്തിലുള്ള ഭക്ഷണങ്ങളുടെ മണവും.
എന്റെ ദേഹത്ത്‌ സാർതൊട്ടപ്പോളാണ് എനിക്ക്‌ സ്ഥലകാലബോധംവന്നത്‌.
ലുങ്കിയും,ബനിയനുമിട്ട ഒരു കുടവയറൻ മുന്നിൽ നിൾക്കുന്നു.
വീരപ്പനെ അനുസ്മരിപ്പിക്കുന്ന മീശയും,
ചുവന്നുകലങ്ങിയ കണ്ണുകളുമായിഅയാളങ്ങനെ നിൾക്കുകയാണ്.
ഒരു ഭീകരനുമുന്നിൽ എത്തപെട്ടതുപോലെ,ഭയം ഇരച്ചുകയറുന്നുണ്ട്‌..
പെട്ടന്ന് സാർ അയാളോടുപറഞ്ഞു.. പൈസാ ഇവൻ തരും ,വാങ്ങിക്കോ..പിന്നെയെനിക്കൊന്നും മനസ്സിലായില്ല,
മിന്നൽ വേഗത്തിൽ സാർ അവിടനിന്ന് മറഞ്ഞു.
ഞാനാണങ്കിൽ പാണ്ടിലോറിയുടെ മുന്നിൽ പെട്ട തവളയുടെ അവസ്ഥയിലായി..
എങ്ങനെയേലും അവിടുന്ന് തടിതപ്പണം എന്നുകരുതി,അയാൾ പറഞ്ഞ പത്തുരൂപാകൊടുത്തിട്ട്‌ ശരവേഗത്തിൽ ഞാനുമിറങ്ങി.
വെളിയിൽ ചെന്നപ്പോൾ,മൂന്നു കൂട്ടുകാരും അവിടയുണ്ട്‌,സാറാണങ്കിൽ അങ്കം ജയിച്ച ചേകവരെപോലെ നടന്നുപോകുന്നത്‌ കാണാമായിരുന്നു.
ഇങ്ങനെ പലദിവസങ്ങളിൽ പലർക്കും നറുക്കുവീണു.
അതിനാൽ സാറിനൊപ്പമുള്ളയാത്ര സാമ്പത്തികസ്ഥിതിക്ക്‌ മങ്ങലേൽപ്പിക്കും എന്നുമനസ്സിലാക്കി ഞങ്ങൾപതുക്കെ സ്കൂട്ടായി..
ഒരുദിവസ്സം ക്ലാസ്സ്‌ കഴിഞ്ഞ്‌ വരുന്നവഴി ഞങ്ങൾക്ക്‌ മുന്നേനടന്ന ഒരുമനുഷ്യൻ റെയിൽപാളത്തിൽ തട്ടിവീണു,
അയാളുടെകയ്യിലിരുന്ന വീട്ടുസാധനങ്ങളെല്ലാം അവിടെ ചിതറി തെറിച്ചു.
ഞങ്ങൾ ഓടിചെന്ന് അയളെപൊക്കിയെടുത്‌തതിനുശേഷം,അവിടെവീണ സാധനങ്ങളൊക്കെ സഞ്ചിയിലാക്കികൊടുത്തു.
ഞങ്ങളിലെ മനുഷ്യത്വപരമായ പെരുമാറ്റംകണ്ടിട്ടാകണം അയാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
പിന്നീടുള്ളദിവസങ്ങളിലും അയാളെകണ്ടു.
അധികം കഴിയാതെതന്നെ അയാൾ ഞങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചു.
ഒരുദിവസം ഞങ്ങളെകണ്ടപ്പോൾ വീട്ടിലേക്ക്‌ വരണമെന്ന് സ്നേഹപൂർവ്വം നിർബന്ധിച്ചു.
ബംഗ്ലാദേശ്‌ കോളനിയിലാണ് വീടെന്നുപറഞ്ഞപ്പോൾ കോഴിക്കോട്ടുകാരൻ സുഹൃത്ത്‌ പോകരുതെന്ന് കണ്ണുകാട്ടി.
ഏതായാലും അയാളുടെ നിർബന്ധത്തിനുവഴങ്ങി,ഞങ്ങൾ പോയി.
കോളനിയുടെവഴിയിലേക്ക്‌ പ്രവേശിച്ചതും ആദ്യമായ്‌ ലുലുമാൾ കണ്ടവരെപോലെ ചിലർഞങ്ങളെ സൂക്ഷിച്ചുനോക്കി.
ശേഷം കൂടെവന്ന ആളിനെ കണ്ടകൊണ്ടാകണം നോട്ടം മതിയാക്കി.
കൈകൊണ്ട്‌ എന്റെ ആൾക്കാരാണ് എന്നരീതിയിൽ കൂടെയുള്ള ആൾ ആംഗ്യം കാണിച്ചു.
ഒടുവിൽ,
ഓടിട്ട ഒരു രണ്ടുമുറിവീടിന്റെ മുന്നിൽ ചെന്നു നിന്നു.
അങ്ങിങ്ങായി വീടുപണിത അവശിഷ്ടങ്ങളൊക്കെ ചിതറി കിടക്കുന്നുണ്ട്‌.
കതക്‌ തുറക്കു എന്ന് ഉച്ചത്തിൽ പറഞ്ഞതിനാൽ,ഭാര്യയാകണം കതക്‌ മെല്ലെതുറന്നു.
ഞങ്ങൾ അകത്തുപ്രവേശിച്ചു,
ഇരിക്കാനായി വലിയസൗകര്യങ്ങൾ ഒന്നുമില്ല.
അടുത്തവാതിലിനുപിറകിൽ രണ്ടുപെൺകുട്ടികൾ മറഞ്ഞുനിൾക്കുന്നതുകാണാം.
അവരെ കണ്ടുകൊണ്ട്‌ അയാൾ പറഞ്ഞു പിന്നാംപുറത്തിരിക്കുന്ന ആ സ്റ്റൂൾ ഇങ്ങെടുത്തിട്ട്‌ വാ...
കേട്ടമാത്രയിൽ രണ്ടുപേരുംകൂടെയാണ് മത്സരിച്ചാണോടിയതെന്ന് കൊലുസിന്റെ കിലുക്കം കേട്ടപ്പോൾ മനസ്സിലായി..
നിമിഷനേരത്തിനുള്ളിൽ സ്റ്റൂൾ ഞങ്ങളുടെ മുൻപിൽ വന്നു.ഉള്ളസ്ഥലത്ത്‌ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഞങ്ങൾ ഇരുന്നു.
കട്ടൻചായ കൊണ്ടുവെക്കാൻ അമ്മയെ സഹായിക്കുന്നു എന്ന രീതിയിൽ പെൺകുട്ടികളും അവിടേക്ക്‌ വന്നു.
ഞങ്ങൾ അവരെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയതിനാലാവും,ഞങ്ങളെ മാറിമാറി വീക്ഷിക്കുന്നുണ്ട്‌.
പ്രത്യക്ഷത്തിൽ ഞങ്ങൾ ശ്രദ്ദിക്കുന്നില്ലെങ്കിലും ഞങ്ങളുടെകണ്ണുകൾ മുറിയാകെ പരതുന്നുണ്ടായിരുന്നു.
അതുമനസ്സിലാക്കിയാകണം അയാൾ പറഞ്ഞു,ഞങ്ങൾ വളരെപാവപെട്ടവരാണ്.ഞാൻ ഒരുകടയിൽ ചുമട്ടുതൊഴിലാളിയായി പോകുന്നതുകൊണ്ടാണീ കുടുംമ്പം കഴിയുന്നത്‌..
ഇടക്ക്‌ അയാളെ അന്വഷിച്ച്‌ ഞങ്ങൾ അവിടെപോകാറുണ്ടായിരുന്നു.
മിക്കപ്പോഴും മക്കളാകും ഞങ്ങൾക്ക്‌ കട്ടൻചായ ഉണ്ടാക്കിതന്നിരുന്നത്‌.
ഒരുദിവസം ഞങ്ങൾ അവിടെയിരിക്കുമ്പോഴാണ് അയാൾകയറിവരുന്നത്‌,
വന്നു കയറിയപാടെ അയാൾ പറഞ്ഞു ഞങ്ങളെപോലുള്ളവർക്ക്‌ ഇതൊന്നും വിധിച്ചിട്ടില്ല,ഈയിടെ ഒരുപയ്യൻ മൂത്തവളെ കാണാൻ വന്നു.സ്ഥിതിഗതികൾ കണ്ടപ്പോൾ ബ്രോക്കറോടു പറഞ്ഞുവിട്ടിരിക്കുന്നു അവർക്ക്‌ താൽപര്യമില്ലെന്ന്.
തോളിൽ കിടന്നതോർത്തെടുത്ത്‌ അയാൾ കണ്ണുതുടച്ചപ്പോൾ ഞങ്ങൾക്കും വിഷമമായി.
ഒന്നും മിണ്ടാതെ ഞങ്ങൾ അവിടുന്നിറങ്ങി.
പിറ്റേദിവസം ഞങ്ങൾ താമസ്സിക്കുന്നിടത്ത്‌ അയാൾ വന്നു.കഴിഞ്ഞ ദിവസ്സം ഉണ്ടായ സഭവത്തെചൊല്ലി അയാൾ പശ്ചാത്തപിച്ചു.
സത്യത്തിൽ അന്നുരാത്രി ഞങ്ങൾക്ക്‌ ഉറങ്ങുവാൻ കഴിഞ്ഞില്ല,ചില തീരുമാനങ്ങളോടെ ഞങ്ങൾ അടുത്തദിവസം അയാളെ പോയികണ്ടു.
ഞങ്ങളുടെ ആ തീരുമാനം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.
വാത്സല്ല്യത്തോടെ എന്നെ അയാൾ കെട്ടിപിടിച്ചു..
ഇനി ഒന്നും പറയണ്ടാ,ഞാൻ പറഞ്ഞപോലെയങ്ങ്‌ ചെയ്താൽമതിയെന്നുപറഞ്ഞ്‌
കുറച്ചു പണം അയാളുടെ പോക്കറ്റിൽ തിരുകി.
പിറ്റേദിവസ്സം കാണാം എന്ന ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.
കൂട്ടുകാർ എന്നെ സംശയത്തോടെ നോക്കി,
നിനക്ക്‌ വട്ടായോ,വീട്ടുകാരോട്‌ പറഞ്ഞിട്ടാണോ നീയീ ചെയ്യുന്നത്‌..
അശരണരെ സഹായിക്കണം,അവരെ കൈപിടിച്ചുയർത്തേണ്ടത്‌ നമ്മളെപോലുള്ളവരുടെകടമയാണ് എന്നൊക്കെപറഞ്ഞ്‌ ഒരുവിധം എല്ലാവരേയും സമാധാനിപ്പിച്ചു.
പിറ്റേദിവസം എല്ലാവരും സന്തോഷത്തോടുകൂടി അയളുടെ വീട്ടിലേക്ക്‌ ചെന്നു.
ഞങ്ങൾ പറഞ്ഞിരുന്നപോലെ എല്ലാം ഒരുക്കി കാത്തിരിക്കുകയായിരുന്നു അയാൾ.
വീട്ടിൽ എല്ലാവരുടേയും മുഖം പ്രസന്നമായി കാണപ്പെട്ടു.
ബന്ധുക്കൾക്കളുടേയും കുട്ടികളുടേയും സാന്നിധ്യം അവിടം ശബ്ദമുഖരിതമാക്കി.
തിരക്കിനെ വകഞ്ഞുമാറ്റികൊണ്ട്‌
അയാൾ ചൂണ്ടിക്കാട്ടിയമുറിയിൽ ചെന്ന് വേഷമെല്ലാം മാറി പുറത്തിറങ്ങി.
ചെറിയ ചമ്മലോടുകൂടിഅയാൾ നിൾക്കുന്നിടത്തേക്ക്‌ ചെന്നു..
അയാൾ വാത്സല്യത്തിൽ എന്നെനോക്കി.ചുറ്റിനും ബന്ധു മിത്രാദികൾ..
എന്റെഹൃദയം പഞ്ചാരിമേളത്തിനു തുടക്കമിട്ടു,എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുകയാണ്.
വളരെ സ്നേഹത്തോടെ താഴെ ഇരുന്ന ആ സാധനം വിറയാർന്ന കൈകളോടെ
എന്റെ കയ്യിലേക്കുതന്നു..
അതുവാങ്ങിയപ്പോൾ നാട്ടിൽ കരണ്ടിപിടിപ്പിച്ചുതന്ന ശശിമേസ്തിരിരിയെആണ് ഓർമ്മവന്നത്‌.
പിന്നെ അദ്ദേഹത്തിനെ മനസ്സിൽധ്യാനിച്ചുകൊണ്ട്‌,
ചാന്തുമിശ്രിതം കയ്യിലിരുന്ന കരണ്ടികൊണ്ട്‌ ഭിത്തിയിലേക്ക്‌ ആഞെറിഞ്ഞുപിടിപ്പിച്ചു..
വീടുപണി പുനരാരംഭിച്ച സന്തോഷം ബന്ധുക്കളുടെ മുഖത്ത്‌ തെളിഞ്ഞു
ഞാനാണങ്കിൽ പറ്റിപിടിച്ച ചാന്ത്‌ ഭംഗിയായി ഭിത്തിയിൽ തേച്ചുപിടിപ്പിച്ചു,അപ്പോഴും ചങ്കിലെ പഞ്ചാരി നിലച്ചിരുന്നില്ല...
അതായിരുന്നു എന്റെ ആദ്യതേപ്പ്‌,പിന്നെ പലനാടുകളിൽ,പലവേഷങ്ങളിൽ ഹെഡ് മേശരിയായ് തേപ്പുതുടർന്നു ..
,അവസാനം നാട്ടിൽതന്നെ വന്നടിഞ്
എടുത്താൽപൊങ്ങാത്ത ഇഷ്ടികകളുമായ്‌ കഥം ഹോ ജാത്തിഹേ...ഹാ അങ്ങനെതന്നെ ..

Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot