കിലുക്കം
~ ~ ~ ~
~ ~ ~ ~
പന്ത്രണ്ട് വയസ്സ് കാരൻ മകന്റെ വെളുത്ത തൊലിപ്പുറത്തേയ്ക്ക് കയറി വന്ന കറുത്ത പാടുകളെ ഓടിച്ചു വിടാൻ ഡെർമറ്റോളജിസ്റ്റിന്റെ സഹായത്തിന് അപ്പോയ് മെന്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു ഞാനും മകനും .
ഒന്നാമത്തെ നിലയിലാണ് കൺസൾട്ടിംഗ് റൂം.
കൺസൾട്ടിംഗ് റൂമിനു പുറത്തായുള്ള ഹാളിൽ ഓൺ ആയിരുന്ന സൂര്യ മ്യൂസിക് ചാനലിലേക്ക് മകൻ അലിഞ്ഞു ചേർന്നു.
ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുംമ്പോൾ ഞാൻ ചുറ്റുമുള്ളവരിലേക്ക് ശ്രദ്ധ തിരിക്കാറാണ് പതിവ്.
അവരൊക്കെ ഏത് സാഹചര്യങ്ങളിൽ ഉള്ളവരായിരിക്കും, ആരുടെയൊക്കെ ആരായിരിക്കും എന്നൊക്കെ ആലോചിച്ചു നോക്കും.
ആലോചന തുടങ്ങിയപ്പോഴെക്കും ഏകദേശം അറുപത് വയസ്സ് കഴിഞ്ഞ ദമ്പതികൾ എന്റെ നേരെ എതിർവശത്ത് വന്നിരുന്നു.മുൻ പരിചയം ഇല്ലാഞ്ഞിട്ടും അവർ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
അവരുടെ അടുത്ത് മൊബൈൽ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്ന പയ്യനോട് അവർ എന്തോ ചോദിച്ചതിനു മറുപടി ആ സ്ക്രീനിൽ നിന്ന് തലയുയർത്താതെ തന്നെ അവൻ പറഞ്ഞു.
അവരുടെ ചോദ്യവും അവന്റെ മറുപടിയും എന്തായിരുന്നുവെന്ന് ആലോചിക്കുമ്പോഴാണ് എന്റെ എതിരെ ഇടത്തെയറ്റത്തും, വലത്തെയറ്റത്തും മൊബൈൽ സ്ക്രീനിലേക്ക് തല കുനിച്ച് വലത്തെ കൈയ്യുടെ തള്ളൽ വിരൽ സ്ക്രീനിൽ മുകളിലേക്ക് ചലിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ട് പയ്യൻമാരെ കണ്ടത്.
ആ നേരത്താണ്, ഫോട്ടോയിലൊക്കെ കാണുന്ന ഉണ്ണികൃഷ്ണനെ പോലുള്ള കുഞ്ഞിനെയും കൈയ്യിലേന്തി ഒരു ദമ്പതികൾ കയറി വന്നത്.ആ ശുപത്രിയുടെ അന്തരീക്ഷം മനസ്സിലായിട്ടായിരിക്കും കുഞ്ഞ് അലറി കരഞ്ഞു.പിന്നെ അതുമായിട്ട് അഡ്ജസ്റ്റ് ചെയ്യുന്ന പോലെ കരച്ചിൽ നേർപ്പിച്ചു, ഒടുവിൽ നിർത്തി.
ഇടയ്ക്കിടക്ക് മദ്ധ്യവയസ്ക്കയായ നഴ്സ് ടോക്കൺ നമ്പർ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ബ്ലഡ് എടുത്ത കൈയ്യിൽ നിന്നും കോട്ടൺ മാറ്റിയ യുവാവിന്റെ കൈയ്യിൽ നിന്നും രക്തം ഒഴുകുകയും, അവിടിരുന്നവർ യുവാവിനെ ആശ്വസിപ്പിച്ചു ലാബിലേക്ക് കൊണ്ട് പോവുകയും ചെയ്തത്.
ഈ സംഭവ വികാസങ്ങളൊന്നും തന്നെ ആ പയ്യന്മാർ ശ്രദ്ധിച്ചതേയില്ല.അവർ അതീവ ശ്രദ്ധയോടെ മൊബൈൽ സ്ക്രീനിൽ ദൃഷ്ടി പതിപ്പിച്ച് തല കുനിച്ചിരിക്കുകയായിരുന്നു.
അല്പനേരം കഴിഞ്ഞപ്പോൾ, പടികൾ കയറി വരുന്ന പാദസരത്തിന്റെ കിലുക്കം കേട്ടു തുടങ്ങി. അത് അടുത്തടുത്ത് വരികയാണ്.
ഞാൻ ആ പയ്യന്മാരെ നോക്കി, കിലുക്കം അടുത്ത് വരുന്നതിനനുസരിച്ച് ,ഫോണിൽ നിന്നും കണ്ണ് പറിച്ച് ഒരു പ്രത്യേകരീതിയിൽ തലയുയർത്തി പ്രതിക്ഷയോടെ വാതിൽക്കൽ മിഴികളുറപ്പിച്ചു.
കിലുക്കം വാതിൽക്കലെത്തി, ആറേഴ് വയസ്സ് മാത്രം പ്രായം വരുന്ന ഒരു കൊച്ച് പെൺകുട്ടി.
ആ കുട്ടിയായിരുന്നു ആ പാദസരക്കിലുക്കത്തിന്റെ ഉടമ .
ഞാൻ പയ്യന്മാരെ പാളി നോക്കി.
പയ്യന്മാർ ഒരു നിമിഷത്തേക്ക് പരസ്പരം നോക്കി, പിന്നെ ചമ്മലോടെയാണോ, നിരാശയോടെയാണോന്ന് മനസ്സിലായില്ല, സ്ക്രീനിലേക്ക് വീണ്ടും തല താഴ്ത്തി.
Anjali
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക