നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചറിവ്


തിരിച്ചറിവ്
**********
ഒളിഞ്ഞും തെളിഞ്ഞും ജനൽകർട്ടൻ ഒതുക്കി നീതു പാളിനോക്കി..
തിരിഞ്ഞ് നോക്കുന്നുണ്ടോ?
ഇല്ല ..ഇന്നുമില്ല...
മുഖം കനപ്പിച്ച് തന്നെ..
ഇന്നേക്ക് ഇത് ഏഴാം ദിവസം..പരസ്പരം മിണ്ടിയിട്ട്‌...
തുടക്കം കുറിച്ചത് താനാണ്..
തന്റെ വീട്ടുകാരുടെ കൂടെ ഒരു ടൂർ പോകണം എന്ന തന്റെ ആഗ്രഹത്തിൽ നിന്നും ആരംഭിച്ച വഴക്ക് ഏട്ടന്റെ തെറിവിളിയിൽ വരെ കൊണ്ട് ചെന്ന് എത്തി...
തന്നെ വിളിച്ചാലും കുഴപ്പം ഇല്ലായിരുന്നു..
എന്ത് പറഞ്ഞാലും ഉടൻ തന്റെ വീട്ടുകാരുടെ നെഞ്ചത്ത് ഒരു കയറ്റമുണ്ട്...വളർത്ത് ദോഷം പോലും...അതോടെ സകല പിടിയും വിടും...
വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം ആകുന്നു..പരാതികൾ പരിഭവങ്ങൾ... ഏതു കുടുംബത്തിലും എന്ന പോലെ..
എല്ലാത്തിന്റെയും നേർക്ക് മുഖം തിരിച്ച് ഏട്ടനും..സ്വാർത്ഥനാണ് ഏട്ടൻ പലപ്പോഴും..
വല്ലപ്പൊഴെങ്കിലും തന്റെ പരാതികൾക്ക് ഉത്തരം തിരഞ്ഞ് കൂടെ.?
മക്കളും സ്കൂളിൽ പോയാൽ പിന്നെ തനിച്ചാവുന്ന തന്റെ ലോകം...
ഇടക്കെങ്കിലും തന്റെ ഇഷ്ടങ്ങൾ ഒന്ന് മാനിച്ച് കൂടെ..?
താൻ പറയുന്നത് ഒന്ന് കേൾക്കാൻ ചെവി തന്നിരുന്നുവെങ്കിൽ..!
ആരോട് പറയണം പിന്നെ താൻ...?
ഏട്ടന്റെ എല്ലാ കാര്യവും നോക്കിയിട്ട് പോലും എന്നെ സ്നേഹിക്കുന്നില്ലല്ലോ ....എന്നെ ഒന്ന് മനസ്സിലാക്കിയെങ്കിൽ..
ഓരോന്ന് ഓർക്കുന്തോറും നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ...തൊണ്ട ഇടറുന്നൂ...
ഇന്ന് കൂടി ക്ഷമിക്കും... ഇന്ന് വൈകീട്ട് ആവട്ടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം...തന്നെ വെറും അടിമയായി ആണോ കാണുന്നത്... പണി ചെയ്യാൻ മാത്രം ഒരു വേലക്കാരി... ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം...
നീതു മുടി വാരിക്കെട്ടി അടുക്കളയിലേക്ക് നടന്നു..അടുക്കളയിലെ സിങ്കിൽ പാത്രങ്ങൾ കുമിഞ്ഞു കിടന്നു...അവക്ക് മനസ്സിലെ അടിഞ്ഞ് കൂടിയ പരിഭവങ്ങളുടെ ഛായ തോന്നി...ഒന്നിന് മീതെ ഒന്നായി...
ഇന്നലെകളുടെ പരാതികൾ തീർപ്പ് കൽപ്പിക്കപ്പെടാതെ മനസ്സിന്റെ കോണിൽ ചീഞ്ഞ് നാറാൻ തുടങ്ങിയിട്ട്‌ നാളുകൾ ഏറെയായി...
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന കലി..ആരോടൊക്കെയോ...
പ്രൈവറ്റ് സ്ഥാപനത്തിൽ ഉയർന്ന ജോലി പോലും ചെക്കന്..കല്യാണം ആലോചിച്ച് വന്ന ബ്രോക്കർ അച്ഛനോട് വീമ്പ് പറയുന്ന കേട്ടു ...ഒറ്റ മോൻ ..വീടും പറമ്പും ഒക്കെയുണ്ട്...വീട്ടുകാർക്ക് പിന്നെന്ത് വേണം..മോളെ സുരക്ഷിതമായി ഒരാളെ ഏൽപ്പിച്ചാൽ അവർക്ക് ആശ്വാസം...
ബ്രോക്കർ പറഞ്ഞത് സത്യം തന്നെ..ഉയർന്ന ജോലി.. നല്ല ശമ്പളം .പക്ഷേ ഓഫീസിൽ നിന്നും പോരാൻ നേരം ഇല്ല.. ടെൻഷൻ ഒഴിഞ്ഞ സമയമില്ല... ടാർഗറ്റ് തികക്കാൻ ഓരോ മാസവും നെട്ടോട്ടം...അതിന്റെ ഇടക്ക് താൻ ഓരോന്ന് പറയുമ്പോ പുച്ഛം വിടരും മുഖത്ത്..ഒന്ന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചാൽ അപ്പോ നിരത്തും നൂറ് തടസങ്ങൾ...
"പൊയ്ക്കോ..ഇന്ന് തന്നെ മടങ്ങി വരണേ" എന്നും പറഞ്ഞു ഇറങ്ങി പോകും ജോലിക്ക്...
സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ എല്ലാം കൂടി അവൾക്ക് വലിച്ചെറിയാൻ തോന്നി.. വീട് രാവിലെ അപ്പനും മക്കളും ഇറങ്ങി പോയി കഴിയുമ്പോഴേക്കും ആന കരിമ്പിൻ തോട്ടത്തിൽ കയറി ഇറങ്ങിയ മാതിരിയാവും.ഇനി ഇതൊക്കെ അടുക്കി പെറുക്കി.. ഹൊ....
കലി കേറി ടാപ് തുറന്നു വെച്ചു...എന്തൊക്കെയോ നീതു എണ്ണി പെറുക്കി കൊണ്ടിരുന്നു...
കോളിംഗ് ബെൽ സ്വരം കേട്ട ഉടനെ.. ശ്വാസം ഒന്ന് നീട്ടി വലിച്ചു... ആരാണാവോ..?
മുഖം ടാപ്പിൽ നിന്ന് കഴുകി ..ഉടുത്തിരുന്ന നെയ്റ്റ്റിയിൽ കൈ തുടച്ച്...ജനൽ വഴി പുറത്തേക്ക് നോക്കി..
സീന ചേച്ചി ..
എന്തെങ്കിലും ചോദിക്കാൻ ആവും ഒന്നുകിൽ വായ്പ .അല്ലെങ്കിൽ മറ്റെന്തെങ്കിലും...
വാതിൽ തുറന്ന് ചേച്ചിയെ അകത്തേക്ക് വിളിച്ചു.വിളി കേട്ടിട്ടും ചേച്ചി അവിടെ തന്നെ നിന്നെ ഉള്ളൂ.. മുഖം കരഞ്ഞ് വീർത്തിരിക്കുന്നൂ..കാരണം തിരക്കാൻ തോന്നിയില്ല..
ഭർത്താവും മൂന്ന് മക്കളും പ്രായമായ അമ്മച്ചിയും ഉള്ള കുടുംബം..ഒരു ഷെഡ്ഡിൽ കഴിയുന്നു..
പണി തീർക്കാത്ത വീട്...ഒരു വശത്ത്.കെട്ടിക്കാൻ പ്രായമായ പെൺമകൾ ഒന്ന്...താഴെ രണ്ട് ചെറിയ ആൺകുട്ടികൾ..പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്..
"ഒരു ചെറ്റകുടിലിൽ ആണ് കെട്ടിവന്നത്.. ഏഴ് പേരുള്ള ആ വീട്ടിൽ അടച്ചുറപ്ലുള്ള ഒരു മുറി പോലും ഇല്ലായിരുന്നു.. പേടിച്ച് വിറച്ച വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ..ഒരു മറ പോലും ഇല്ലാത്ത വീട്ടിൽ... എങ്ങിനെ ഞങ്ങൾക്ക് മക്കൾ ഉണ്ടായി എന്നത് ഇന്നും എനിക്കറിയില്ല കുട്ടീ "എന്ന് ചേച്ചി പലപ്പോഴും പറഞ്ഞു..." മരിക്കും മുന്നേ വീടിന്റെ പണി ഒന്ന് തീർത്തിരുന്നു എങ്കിൽ...ഒരു ദിവസം എങ്കിലും സ്വസ്ഥമായി... സമാധാനമായി പുതിയ വീട്ടിൽ കെട്ടിയവനെ ഒന്ന് കെട്ടി പിടിച്ച് കിടന്നുറങ്ങാൻ സാധിച്ചുവെങ്കിൽ..."
ചേച്ചി നെടുവീർപ്പിട്ടു കൊണ്ട് പലപ്പോഴും പറഞ്ഞത് ഓർക്കുന്നു...
"ഒരു അഞ്ഞൂറ് രൂപ തരുമോ മോളെ..അമ്മച്ചിയെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോവാനാണ്.. ചേട്ടന് ഇൗ ആഴ്‌ച പനി കാരണം പണിക്ക് പോകാൻ പറ്റിയില്ല ..."ചേച്ചി പറഞ്ഞു നിർത്തി..
ബാക്കി ഉള്ള കഥകൾ പറയാതെ തന്നെ തനിക്കറിയാം... .....പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും അമ്മായിയമ്മ പോരിന്റെ പഴങ്കഥകൾ.. ഇന്നത്തെ തലമുറക്ക് അതെല്ലാം ചിലപ്പോ കെട്ടുകഥകൾ പോലെ തോന്നിയേക്കാം..
പണം കൊടുത്ത് ചേച്ചിയെ മടക്കിഅയച്ചു വാതിൽ പൂട്ടി അടുക്കളയിൽ എത്തിയപ്പൊഴും ടാപ് തുറന്നു തന്നെ കിടന്നു..
മുകളിൽ കിടന്ന പാത്രത്തിൽ ഉണ്ടായിരുന്ന എച്ചിൽ എല്ലാം വൃത്തിയായിരിക്കുന്നൂ..
ഉള്ളിൽ നിന്നും ഒരു ചോദ്യം ഉയർന്നു..
ഇത്രയും വലുതാണോ തന്റെ പ്രശ്നങ്ങൾ ?
സീനചെച്ചിയെ പോലെ...എന്തെങ്കിലും ഉണ്ടോ തനിക്ക്. .വീട് പണം ഭർത്താവ് മക്കൾ..എല്ലാം ഉണ്ടായിട്ടും പരാതി ഒഴിയാതെ താൻ... .
പരസ്പരം മിണ്ടാതെ ഏഴ് നാളുകൾ...ഇൗ നാളുകൾ ഒന്നിൽ ഇരുവർ ഒരാളെ ദൈവം വിളിച്ചാൽ...?വിട്ടുവീഴ്ചകൾ ..ഇല്ലാതെ..എന്ത് ജീവിതം..
സ്നേഹിക്കുന്നവർക്ക് വേണ്ടി വിട്ടു കൊടുക്കുന്നതിൽ എന്ത് തെറ്റ്..?
പക്ഷേ..അഭിമാനം..
എന്നും താൻ തന്നെയല്ലെ താഴ്‍ന്ന് കൊടുക്കുന്നത്..ഇത്തവണ എങ്കിലും ഒന്ന് ജയിക്കണ്ടെ?
മനസ്സും മനസാക്ഷിയും തമ്മിൽ യുദ്ധം അരങ്ങേറുന്നു..
ചോദ്യശരങ്ങൾ...
അഹം മനസ്സാക്ഷിയുടെ ചോദ്യങ്ങളെ മറു ചോദ്യം ഉയർത്തി നിർവീര്യമാക്കുന്നു.
തല കുനിക്കാൻ പഠിക്കാത്ത അഹം കാര്യകാരണങ്ങൾ നിരത്തി ... മുകളിലേക്ക് തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് കുതിക്കാൻ നിർദ്ദേശിക്കുന്നു.
താഴോട്ട് നോക്കി ... കൂടെ ഉള്ളവരുടെ ജീവിതത്തിൽ നിന്നും പാഠം പഠിക്കാൻ ..മനസാക്ഷി പതിയെ മൂളുന്നു..
അടുക്കളയിൽ പണി ഒതുക്കി ബെഡ്റൂമിലേക്ക് നടന്നു..
കഴിഞ്ഞ പത്ത് വർഷമായി തങ്ങളുടെ സാമ്രാജ്യം.
തങ്ങളുടെ സ്നേഹത്തിനും പ്രേമത്തിനും സാക്ഷിയായ നാലു ചുമരുകൾ..
ഏട്ടന്റെ നെഞ്ചിലെ ചൂട് പകർന്ന് കിടന്നുറങ്ങുന്ന രാത്രികൾ..
ചെവിയിൽ ചേച്ചിയുടെ വാക്കുകൾ തെളിഞ്ഞ് വന്നു..
"ഒന്ന് കെട്ടിപിടിച്ച് സ്വസ്ഥമായി കിടന്നുറങ്ങാൻ ഒരു മുറി ഞങ്ങൾക്ക് കിട്ടിയെങ്കിൽ...."
ഇന്ന് ഇവിടെ മുറിയുണ്ട്..ഫാനുണ്ട്..എസ്സിയുണ്ട്...
ചേർന്ന് കിടന്നുറങ്ങാൻ മനസ്സില്ല ...
ടേബിളിൽ പണ്ടൊരു വിവാഹ വാർഷികത്തിന് എടുത്ത ഫോട്ടോ എടുത്ത് നോക്കി..
ഏട്ടനും താനും എത്ര സന്തോഷമുള്ളവർ ആയിരുന്നു.കാലത്തിന്റെ തേരോട്ടത്തിൽ പരസ്പരം അറിയാതെ.. എന്തിനോ വേണ്ടി പരക്കം പായുന്നൂ..
ഫോട്ടോ ചേർത്ത് പിടിച്ച് കിടന്നു.. എവിടെ നിന്നോ അണ മുറിയാതെ കണ്ണുനീർ ..ഒഴുകുന്നു....ഫോൺ എടുത്തു ടൈപ്പ് ചെയ്തു..
"ഐ ലൗ യു ദിലിപെട്ടാ..."
മറുപടിക്കായി കാത്തില്ല..കണ്ണുകൾ അടച്ച് കിടന്നു..കൺമുന്നിൽ പഴയ വിവഹചിത്രം തെളിഞ്ഞ് വരുന്നു..അതിന്റെ സുഖമുള്ള ഓർമയിൽ കിടക്കുമ്പോൾ ഫോണിന്റെ ഡിസ്പ്ലേയില് ദിലീപിന്റെ മെസ്സേജ് വന്നു കിടന്നു...
"നീ ഇല്ലാതെ ഒരു ദിവസം പോലും ആ മുറിയിൽ ചിലവഴിക്കാൻ എനിക് ആവില്ല ...ലൗ യൂ ഡിയർ...നിന്നെ ഞാൻ പലപ്പോഴും അറിഞ്ഞില്ല..സോറി എല്ലാത്തിനും..."
ഓർമകളുടെ മധുരം പേറിയ നീതു.. അഹത്തെ ദൂരേക്ക് അകറ്റി.. അകലങ്ങളിൽ എങ്കിലും ഇന്നും ഹൃദയത്തിന്റെ കോണിൽ ഉള്ള ദിലീപേട്ടന്റെ നെഞ്ചില് തല വെച്ച്... അപ്പോഴേക്കും മയങ്ങിപോയിരുന്നൂ..

Shabna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot