Slider

#അമ്മയ്ക്ക് പകരം #

0

അമ്മ മരിച്ച അന്നു രാത്രിയിൽ തളർന്നവശയായി കുട്ടിക്ക് പാലുകൊടുക്കാൻ പോലും ശക്തിയില്ലാതിരുന്ന എന്നെ ചേർത്തുപിടിച്ചു ഭർത്താവിന്റെ അമ്മ ആത്മാർത്ഥമായി പറഞ്ഞു "ഇനി മുതൽ ഞാനാ നിന്റെ അമ്മയെന്ന് "
കണ്ണീരില്ലാതിരുന്ന അച്ഛന്റെ കണ്ണിലും മുഖത്തും അതു കേട്ടിട്ടും ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല .രണ്ടു വയസ്സിനു മാത്രം മൂത്ത ഏട്ടന്റെ മുഖത്തു ഞാനന്ന് കണ്ട ഏക ആശ്വാസവും അതു മാത്രമായിരുന്നു .
ഇടയ്ക്കു വാവിട്ടു കരയുന്ന ഒന്നര വയസ്സുകാരി അപ്പോഴും തെക്കേമുറിയിൽ ആരെയോ അന്വേഷിച്ചു നടക്കുന്നു ,വിളിക്കുന്നു കാണാതെയാവുമ്പോൾ വീണ്ടും ഓടി മടിയിൽ വന്നിരിക്കുന്നു ..
പത്തു പതിനഞ്ചു ദിവസങ്ങൾ വീട് നിറയെ ആൾക്കാർ ..മനസ് തുറന്നൊന്നു പൊട്ടിക്കരയാൻ പോലും ഇടം തരാതെ കലപില കൂട്ടുകയും ഇന്നലെ ഇറങ്ങിയ പുതിയ സിനിമയുടെ കഥകൾ പറഞ്ഞു ചിരിക്കുന്നവരും ഇടയ്ക്കു അമ്മയുടെ വിധിയെ പറഞ്ഞു വിലപിക്കുകയും മാഹാത്മ്യത്തെ പുകഴ്ത്തുകയും ചെയ്യുന്നവരും ..
ഒരു കെടാവിളക്കിനു മുന്നിൽ എന്നെന്നേക്കുമായി അണഞ്ഞുപോയൊരു വിളക്കിനെയോർത്തു ഉരുകുന്ന ഒരു ഹൃദയത്തെ അവരാരും ശ്രെദ്ദിച്ചില്ല .എങ്കിലും കൃത്യ സമയങ്ങളിൽ ചോറും ചായയും തരാൻ അവർ മറന്നില്ല .
ദിവസങ്ങളും ആളുകളും പിരിഞ്ഞു പോയപ്പോൾ
അമ്മയില്ലാത്ത സത്യം മനസ്സിലും മുറിയിലും വീട്ടിലും തൊടിയിലും ആദ്യമായ് അനുഭവപെട്ടു ..
അടുക്കള തൊട്ടു കിടപ്പുമുറിവരെയും അമ്മയില്ലായ്മയുടെ ദാരിദ്രം .
ചായ തൊട്ടു അത്താഴം വരെയുംപഞ്ചാരേം ഉപ്പും പുളിയും കൃത്യമായിരുന്നിട്ടും എന്തൊക്കെയോ കുറഞ്ഞുപോയപോലെ ...
നൽപോത്തോന്നാം നാൾ ബലികർമം കഴിഞ്ഞു ഈറനോടെ നിൽക്കുമ്പോൾ അമ്മായിഅമ്മ, അല്ല അമ്മ അമ്പലനടയിൽ നിൽപ്പുണ്ട് ..
മതി അവിടെയുള്ള സഹവാസം എന്നും വിളിച്ചോതുന്ന മുഖത്തോടെ അവരെന്നെ പിടിച്ച പിടിയാലേ അവരുടെ കൂടെ കൂട്ടികൊണ്ടുപോയി ...
മനസുമുഴുവൻ അച്ഛനും ഏട്ടനും .
അവർ വല്ലതും കഴിച്ചു കാണുമോ ഉറങ്ങിക്കാണുമോ ..
ആധികൊണ്ട് ഒരു കാര്യത്തിലും ശ്രെദ്ധിക്കാൻ പറ്റിയില്ല .
കുറച്ചീസം കൂടി അവിടെ ചെന്നു നിൽക്കട്ടെ എന്ന എന്റെ ചോദ്യത്തിന് അമ്മായിഅമ്മ തന്ന മറുപടി അച്ഛനെ കൊണ്ട് പെണ്ണ് കെട്ടിക്കാനായിരുന്നു .
വയസ്സുകൊണ്ട് അച്ഛന് അന്പതാണേലും മനസും ശരീരവും തളർന്നതുകൊണ്ടാവാം പ്രായത്തേക്കാളും ജരാനര കയറിയ അച്ഛനെ ഒരു രണ്ടാംകെട്ടിനു അവരല്ലാതെ വേറെ ആരും വാക്കുകൊണ്ടുപോലും ചൂണ്ടികാണിക്കില്ലാ ..
സാരമില്ല ..പറയുന്നവർക്കൊക്കെ പറയാൻ എളുപ്പമല്ലേ ..സഹിക്കുക തന്നെ ..
വീട്ടിലൊരാള് അത്യാവശ്യമായി വന്നപ്പോൾ ഏട്ടൻ പെണ്ണുകെട്ടാൻ തീരുമാനിച്ചു ..
അതിനു വേണ്ടിയുള്ള അലച്ചിൽ ചില്ലറയൊന്നുമല്ല ..
അമ്മയില്ലാത്ത വീടെന്നു കേൾക്കുമ്പോൾ തന്നെ ചിലരുടെ മുഖം പോവും ..ഉണ്ടെങ്കിലും ചിലരുടെ മുഖം പോവുന്നതും സാധാരണയാണെങ്കിലും കുറവുകളെ ചൂണ്ടി കാണിക്കുന്നതല്ലേ ആഢ്യത്വം .
അവസാനം നടന്നു ക്ഷീണിച്ചു പെണ്ണ് ശെരിയായി .വീടിന്റെ വിളക്കായ് എന്റെ അമ്മയ്ക്ക് പകരമായി ഏട്ടത്തിയമ്മ നിലവിളക്കുമായി കയറി വന്നപ്പോൾ പിന്നിൽ നിന്നാരൊക്കെയോ പറയുന്നത് കേട്ടു ...ഇനി ഇതാണ് ഈ വീടിന്റെ അമ്മയെന്ന് ..
അമ്മയുടെ മാലയിട്ട ഫോട്ടോയും ചിരിച്ചു കൊണ്ട് പറയുന്നതുപോലെ തോന്നി ഇതാണ് ഇനി നിന്റെ അമ്മയെന്ന് ..
പ്രായം കൊണ്ട് എന്നേക്കാൾ ചെറുതായിരുന്നേലും സ്നേഹം കൊണ്ട് അവരെന്റെ അമ്മയായ് നിറഞ്ഞു നിന്നു .
കല്യാണവും കഴിഞ്ഞു നാലുദിവസം വീട്ടിൽ കൂടുതൽ നിന്നതിനു അമ്മ ,അമ്മായിയമ്മയായ് മാറിയത് ഞാൻ നടുക്കത്തോടെ മനസിലാക്കിയ സത്യമായിരുന്നു .ഏട്ടത്തിയമ്മയ്ക്ക് മാലയുടേം വളയുടേം എണ്ണം കൂടിയത് കണ്ടപ്പോൾ ആ ഹൃദയം ഒരു നിമിഷം ചാഞ്ചല്യ പെട്ടുപോയോ i
എനിക്കു കിട്ടാത്ത പൊന്നും പണവും അവരുടെ അസ്സ്വസ്ഥതയ്‌ക് കാരണമായപ്പോൾ പറയുന്നത് മുഴുവൻ ഞാൻ കേട്ടിട്ടും ഉറക്കെ ഒരു മറുപടിപോലും പറഞ്ഞില്ല .കാരണം അവരെന്റെ അമ്മയാണ് .
ദിവസങ്ങൾ പോകുന്തോറും കാര്യങ്ങൾ വഷളായിത്തുടങ്ങി ..ചെറിയ കാര്യങ്ങൾക്കുപോലും അമ്മായിയമ്മയുടെ കുറ്റപ്പെടുത്തലുകളും ഒറ്റപെടുത്തലുകളും കൂടിവന്നപ്പോൾ സ്വന്തം വീട്ടിൽ കുറച്ചീസം നിൽക്കാൻ പോയതായിരുന്നു ,മനസ്സൊന്നു തണുക്കാൻ ..
എന്റെ വരവ് കണ്ടപ്പോൾ ഏട്ടത്തിയമ്മയ്ക് അത്ര പന്തി തോന്നാത്തത് കൊണ്ടാവാം പഴയ സ്നേഹം കാണിച്ചില്ലാന്നു മാത്രമല്ല ഏട്ടനോട് ദേഷ്യത്തിൽ കൂടിവരുന്ന ചിലവിന്റെ കണക്കും പറയുന്നത് കേട്ടു ..
ഇതൊക്കെ കേട്ടിട്ടും അച്ഛന്റെ മുഖത്തെ ഭാവം ഏറെക്കുറെ പഴയതു തന്നെ ...
അമ്മയുടെ ഫോട്ടോയും അതേ ഭാവത്തിൽ എന്നെ തന്നെ നോക്കുന്നു .
ആരൊക്കെയുണ്ടായാലും അമ്മയ്ക്ക് പകരമായി കൂടെ കൂടിയാലും അമ്മയ്ക്ക് പകരമാവില്ല എന്ന സത്യം ഉൾക്കൊണ്ടത് കൊണ്ടാവാം മൂന്നാം നാൾ സന്തോഷത്തോടെ ഞാൻ അവിടന്നിറങ്ങി പോന്നു ..
ആർക്കും ബുദ്ധിമുട്ടില്ലാതെ നമ്മളിൽ തന്നെ ഒതുങ്ങി ജീവിക്കുമ്പോൾ കിട്ടുന്ന ആ ചെറിയ സന്തോഷം മാത്രം മതി ഇനിയുള്ള കാലം ജീവിക്കാൻ .ഒരു പകരക്കാരും വന്നില്ലെങ്കിലും നമുക്ക് നമ്മളായി ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ ..ല്ലേ ...
പ്രീതി രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo