Slider

വിധിയുടെ കളിയാട്ടങ്ങൾ

0
വിധിയുടെ കളിയാട്ടങ്ങൾ
"എന്തോന്നാടീ ഇരുന്ന് മോങ്ങുന്നേ നിന്റെ ആരാടീ ചത്തത് “ അജയേട്ടന്റെ ആക്രോശമാണ് ചിന്തകളിൽ നിന്നുണർത്തിയത്. കരയുകയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്. അടുക്കളയിലെ കോലായിൽ നിന്നും ചാടിയെഴുന്നേറ്റു.
"എന്താ അജയേട്ടാ " തിടുക്കത്തിൽ കണ്ണു തുടച്ചു സുമ.
"കുറച്ച് ചൂടുവെള്ളം എടുത്തോണ്ട് വാ, നെഞ്ചുവേദനിച്ചിട്ടു വയ്യ "നെഞ്ചത്തു തടവി കുത്തി കുത്തി ചുമച്ചയാൾ അകത്തേക്ക് കയറിപ്പോയി.
ഈ ചുമയും വയ്യായ്കയും തുടങ്ങിയിട്ട് ഒന്നു രണ്ടാഴ്ചയായി. ആശുപത്രിയിൽ പോകാനൊട്ടു സമ്മതിക്കുന്നുമില്ല. എന്താണ് പറ്റിയത്. ചോദിക്കാൻ ചെന്നാൽ തിന്നാൻ വരും. മിണ്ടാതിരിക്കുന്നതാണ് നല്ലത്. സുമ മനസ്സിൽ കരുതി.
വെള്ളം ചൂടാറ്റുന്നതിനിടയിൽ രണ്ടു തുള്ളി കണ്ണുനീർ പിന്നേയും ഒലിച്ചിറങ്ങി. കല്യാണം കഴിഞ്ഞിട്ട് നാലു മാസമായി. ഒരു വാക്കു പോലും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല. കല്യാണം കഴിച്ച് ഈ ചെറിയ വീട്ടിൽ കൊണ്ടു വന്നാക്കി.
തന്റെ ജീവിതം എന്താണ് ഇങ്ങനെയായിപ്പോയത്. ടീച്ചറമ്മ പറയും എല്ലാം വിധിയാണ് മോളേ എന്ന്. ടീച്ചറമ്മയാണ് തന്റെ വളർത്തമ്മ.ഒരു ചെറിയ അനാഥാലയത്തിന്റെ ഉടമ. അമ്മ തന്നെ കൈക്കുഞ്ഞായിരിക്കുമ്പോ ഉപേക്ഷിച്ച് കടന്നു കളഞ്ഞത് അവിടെയാണ്. ആരുമില്ല, അനാഥരാണ് എന്ന വേദനയൊഴിച്ചാൽ വേറെ സങ്കടങ്ങൾ ഇല്ലായിരുന്നു. ടീച്ചറമ്മ ഇഷ്ടം പോലെ സ്നേഹം തന്നു. ഭക്ഷണത്തിനു മാത്രം ചിലപ്പോ മുട്ടു വന്നു. അപ്പോ ടീച്ചറമ്മ പറയും നമുക്ക് പ്രാർത്ഥിക്കാം മക്കളെ, ആരെങ്കിലും എന്തെങ്കിലും കൊണ്ടത്തരാതിരിക്കില്ല എന്ന്. പരാതികളൊന്നുമില്ലായിരുന്നു, ഉള്ളതുകൊണ്ട് വീതം വെച്ച് കഴിക്കാൻ ഞങ്ങൾ ശീലിച്ചിരുന്നു.എന്നാലും ചില സമയങ്ങളിൽ ടീച്ചറമ്മ വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
ഇതിനിടയിലാണ് അജയേട്ടന്റെ ആലോചന വന്നത്. ഒരു സമൂഹ വിവാഹത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
ഒറ്റ നോട്ടമേ കണ്ടുള്ളു. പേരു മാത്രം ചോദിച്ചു. തന്നെ ഒന്നു നോക്കിയതു പോലുമില്ലല്ലോ എന്നു മനസ്സിലോർത്തു.
ടീച്ചറമ്മയാണ് പറഞ്ഞത്. ഡ്രൈവറാണ് ലോറി ഓടിക്കലാണ് പണി. അകന്ന കുറച്ച് ബന്ധുക്കളുണ്ടെന്ന തൊഴിച്ചാൽ അവനും ആരുമില്ല. മോളുടെ സങ്കടം അവനും മനസ്സിലാവും മോളെ നന്നായി നോക്കും എന്നൊക്കെ.ടീച്ചറമ്മയുടെ ബുദ്ധിമുട്ടുകൾക്കിടയിൽ തനിക്കൊരു ജീവിതം കിട്ടട്ടെ എന്നു കരുതിക്കാണും പാവം.
സ്നേഹിക്കാൻ, സ്വന്തമാണെന്ന് പറയാൻ ഒരാളുണ്ടല്ലോ എന്ന സന്തോഷത്തിലാണ് അജയേട്ടന്റെ കൈയ്യും പിടിച്ച് ഈ ചെറിയ വീട്ടിൽ കയറിയത്. കാര്യങ്ങൾ താൻ വിചാരിച്ച പോലെയല്ല എന്നു പിന്നീടാണ് മനസ്സിലായത്. അപ്പുറത്തെ കല്യാണിച്ചേച്ചിയാണ് ആദ്യം പറഞ്ഞത്.അജയന് പല പെണ്ണുങ്ങളുമായി അടുപ്പമുണ്ട്, കുട്ടി ഒന്ന് ശ്രദ്ധിക്കണം ട്ടോന്ന്. താൻ പതുക്കെ ചിരിച്ചു തള്ളി. ഒരു ഓട്ടം ഉണ്ട് എന്നും പറഞ്ഞ് പോയാൽ ഒന്നു രണ്ട് ആഴ്ച കഴിഞ്ഞേ വരു.ചെലവിനുള്ള കാശ് കുറച്ച് കൈയിൽ തരും. പിന്നെ രാത്രിയിൽ അയാളുടെ ആവശ്യങ്ങൾ നടക്കണം.അതിൽക്കവിഞ്ഞ് ഞങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോന്ന് പലതവണ ആലോചിച്ചു സുമ. ആരുമില്ലാതിരുന്നപ്പോഴും ഇത്രയധികം വിഷമിച്ചിട്ടില്ല. ഇപ്പോ സ്വന്തമെന്ന് പറയാൻ ആളുണ്ടായപ്പോഴാണ് കൂടുതൽ വിഷമിക്കുന്നത്. എല്ലാം ശരിയാവുമായിരിക്കും. സുമ ആശ്വസിക്കാൻ ശ്രമിച്ചു.
അകത്തു നിന്ന് ഒരു ഞരക്കം കേട്ടു. സുമ എഴുന്നേറ്റ് അകത്തു പോയി നോക്കി. പനിച്ചു വിറച്ചു ഞരങ്ങുകയാണ്.
"നമുക്ക് ആശുപത്രിയിൽ പോകാം അജയേട്ടാ '’സുമയ്ക്ക് പേടി തോന്നി.അജയേട്ടനെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. പകുതി ബോധമില്ലാത്തതു പോലെ. സുമയ്ക്ക് എന്തു ചെയ്യണമെന്ന് പെട്ടന്ന് ഒരു രൂപവും കിട്ടിയില്ല. വാതിൽപ്പാളിയിൽ തൂക്കിയിട്ടിരിക്കുന്ന അജയേട്ടന്റെ ഷർട്ടെടുത്തു നോക്കി സുമ.ചുരുട്ടി വച്ചിരിക്കുന്ന കുറച്ച് നോട്ടുകൾ കിട്ടി. കല്യാണിച്ചേച്ചിയോട് വണ്ടി വിളിക്കാൻ ഏർപ്പാടാക്കി.
"എന്താണ് പറ്റിയത് " ഡോക്ടറുടെ ചോദ്യം
" കുറച്ചു നാളായി പനിയും ചുമയും മാറി മാറി വരുന്നു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ കേൾക്കില്ല. ഇപ്പോ പനി കൂടിയിരിക്കുന്നു.” സുമ മറുപടി പറഞ്ഞു.
"കുട്ടി പുറത്തേക്ക് നിന്നോ “ സുമ പുറത്തെ വരാന്തയിലിറങ്ങി. ഈശ്വരാ അജയേട്ടനൊന്നും വരുത്തരുതേ. കഴുത്തിലെ ചരടിൽ കോർത്തിട്ടിരിക്കുന്ന താലിയിൽ സുമ മുറുകെ പിടിച്ചു.
കൈയിൽ ഡ്രിപ്പുമായി കിടക്കുന്ന അജയേട്ടനെ നോക്കി സുമ മേശയിൽ തല ചായ്ച് ഇരുന്നു.
" ഞാനിത് എവിടെയാണ്?"അജയന്റെ ശബ്ദം കേട്ടാണ് സുമ ഉണർന്നത്. താനുറങ്ങിപ്പോയോ ഈശ്വരാ.
"ആശുപത്രിയിലാണ് അജയേട്ടാ '’
"ആരാടീ എന്നെ ഇവിടെ കൊണ്ടുവരാൻ പറഞ്ഞത് “ അയാൾ ക്രുദ്ധനായി നോക്കി.
"അജയേട്ടനു തീരെ വയ്യായിരുന്നു. അതോണ്ടാ "സുമ വിക്കി.
"നീയാ ബാഗൊക്കെ അടുക്കിക്കോ നമുക്ക് പോകാം.” അജയൻ പോകാൻ എഴുന്നേറ്റു.
"ഒരു മിനിട്ട് അജയേട്ടാ ദാ ഡോക്റ് വരുന്നുണ്ട്, ഞാൻ ചോദിക്കാം “
" അജയൻ അല്ലേ "ഡോ.അലക്സ് ചോദിച്ചു.
അജയൻ മറുപടി പറഞ്ഞില്ല. താഴേക്ക് നോക്കി ഇരുന്നു.
"അതെ ഡോകടർ "സുമ മറുപടി പറഞ്ഞു.
" നിങ്ങളാരാണ്”
‘ ഭാര്യയാണ് ഡോക്ടർ “
" കുറച്ചു നേരം പുറത്തേക്കിറങ്ങി നിൽക്കു, എനിക്ക് ഇയാളോട് അൽപ്പം സംസാരിക്കാനുണ്ട്.
സുമ പുറത്തേക്കിറങ്ങി. അകത്ത് എന്തൊക്കെയോ സംസാരം നടക്കുന്നു. അജയേട്ടൻ ഒന്നും പറയുന്നില്ലെന്ന് തോന്നി. സുമയ്ക്ക് ആധി കൂടി. അഞ്ചു മിനിട്ടിനു ശേഷം ഡോകടർ പുറത്തേക്കിറങ്ങി വന്നു.
"കുട്ടി റൗണ്ട്സ് കഴിയുമ്പോ സ്റ്റാഫ് റൂമിലേക്ക് വരു, എനിക്ക് സംസാരിക്കാനുണ്ട് “
" ശരി വരാം ഡോക്ടർ "സുമ മറുപടി പറഞ്ഞു.
സുമ അകത്തു കയറി. അജയേട്ടൻ വല്ലാതെ വിളറി വെളുത്തിരിക്കുന്നു.
" നിന്നോടല്ലേ ഞാൻ പറഞ്ഞത് പോവാം ന്ന്.നാശങ്ങള്, കാശു കളയാൻ ഇവിടെ കിടത്തിക്കോളും "അജയൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"ഡോക്ടറെന്താ പറഞ്ഞത് അജയേട്ടാ “
"അയാളെന്തൊക്കെയോ പറഞ്ഞു.ആ ടെസ്റ്റ് വേണം ഈ ടെസ്റ്റ് വേണം ന്നൊക്കെ, കാശു മുടിപ്പിക്കാൻ. നീ പോയി ആ സിസ്റ്ററെക്കണ്ട് ബില്ല് വാങ്ങി വാ. എത്രയും പെട്ടെന്ന് പോണം.”
സുമയക്ക് ഒന്നും മനസ്സിലായില്ല. സുമ സ്റ്റാഫ് റൂമിലേക്ക് ചെന്നു. ഡോക്ടർ റൗണ്ട്സ് കഴിഞ്ഞ് വരുന്നുണ്ടായിരുന്നു.
"ആ കുട്ടി വരു, ഇവിടെ ഇരിക്ക് " ഡോ. അലക്സ് ഒരു കസേര ചൂണ്ടിക്കാട്ടി പറഞ്ഞു.
"എന്താണ് അജയേട്ടന് ഡോക്ടർ “
"അതു പറയാം. നിങ്ങൾക്ക് വേറെ ആരൊക്കെയുണ്ട്. “
"ആരുമില്ല | ‘ഡോക്ടർ, അജയേട്ടന് വലിയ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ?"സുമയ്ക്ക് ആകാംക്ഷ അടക്കാൻ പറ്റാതായി.
"നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി “
" നാലു മാസം ഡോക്ടർ “
" നോക്കു സുമാ, എനിക്കിത് പറയുന്നത് വിഷമമുണ്ട്. നിങ്ങളുടെ ഭർത്താവ് എച്ച്.ഐ.വി പോസിറ്റീവ് ആണ്. എന്നു പറഞ്ഞാൽ എയ്ഡ്സ് രോഗി. “
സുമയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി. ഒരാശ്രയത്തിനെന്നവണ്ണം അവൾ മേശയിൽ മുറുകെ പിടിച്ചു.
" റിലാക്സ് സുമ, നമ്മൾ യാഥാർത്ഥ്യങ്ങളെ നേരിട്ടേ പറ്റൂ. അയാൾക്കിത് തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായിട്ടുണ്ടാവും. എന്റെ സംശയം അയാൾക്കിത് അറിയാമായിരുന്നു എന്നാണ്. കാരണം എന്റെ ചോദ്യങ്ങൾക്കൊന്നും അയാൾ വ്യക്തമായി ഒരു ഉത്തരവും തന്നില്ല.”
സുമ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് ഡോ.അലക്സിനു തോന്നി
"ഐ ആം സോറി സുമ, ഞാൻ നിങ്ങളെ വിളിപ്പിച്ചത് വേറെ ഒരു കാര്യം കൂടി പറയാനാണ്. നിങ്ങൾക്കും ഈ അസുഖം കിട്ടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് നിങ്ങളുടെ രക്തവും എത്രയും പെട്ടെന്ന് ടെസ്റ്റ് ചെയ്യണം. മനസ്സിലായോ സുമയ്ക്ക്." ഡോക്ടർ പറഞ്ഞു നിർത്തി.
സുമ വേച്ചു വേച്ചു പുറത്തു കടന്നു. തലയിൽ വല്ലാത്ത ഭാരം. ആരോ തലയിൽ ആഞ്ഞടിച്ചിരിക്കുന്നു.പുറത്തേക്കിറങ്ങുമ്പോ സിസ്റ്റർ എതിരേ വരുന്നത് കണ്ടു.
"ഞങ്ങൾക്ക് ഡിസ്ചാർജ് വേണം സിസ്റ്റർ “ സുമ പറഞ്ഞു. അവളുടെ കണ്ണുകൾ ശൂന്യമാണെന്നും ശരീരം വിറയ്ക്കുന്നുണ്ടെന്നും നേഴ്സിന് തോന്നി.
"കുട്ടിക്കപ്പോ ഡോകടർ പറഞ്ഞത് മനസ്സിലായില്ലേ “ നേഴ്സ് സംശയിച്ചു നോക്കി.
"ഉവ്വ് എല്ലാം മനസ്സിലായി സിസ്റ്റർ.ഞങ്ങൾക്ക് കാശിന് ബുദ്ധിമുട്ടുണ്ട്. പോയിട്ട് വരാം "സുമ പതുക്കെ നടന്നകന്നു.
"എന്താടീ ഒരു ബില്ല് ചോദിക്കാൻ പോയിട്ട് ഇത്ര നേരം “
"അവിടെ ഭയങ്കര തിരക്ക് അജയേട്ടാ, ബില്ലടിച്ച് തരാന്ന് പറഞ്ഞിട്ടുണ്ട് “ അജയന്റെ മുഖത്ത് നോക്കാതെ ബാഗുകൾ അടുക്കിപ്പെറുക്കുന്നതിനിടയിൽ സുമ പറഞ്ഞു.
വീട്ടിലെത്തിയതും കല്യാണി ചേച്ചി ഓടി വന്നു.
"ഡോക്ടറ് എന്ത് പറഞ്ഞു സുമക്കുട്ടീ, അജയന് കുഴപ്പമൊന്നുമില്ലാലോ?”
"ഇല്ല ചേച്ചീ ഒരു പനി അത്രേയുള്ളു. അവര് ഡിസ്ചാർജാക്കി.”
"അജയനേക്കാൾ വയ്യായ്ക കുട്ടിക്കാണല്ലോ, നിനക്കെന്തു പറ്റീ സുമേ" അവളുടെ വിളറി വെളുത്ത മുഖത്തേക്ക് നോക്കി കല്യാണി.
"ഒന്നുമില്ല ചേച്ചീ രണ്ടു ദിവസായില്ലേ ഉറങ്ങീട്ട്, ഞാനൊന്നു കിടക്കട്ടെ.”സുമ തിടുക്കപ്പെട്ട് വീട്ടിലേക്ക് കയറിപ്പോയി.
അജയൻ സുമയെ ശ്രദ്ധിച്ചു.ഇവൾക്കെന്തെങ്കിലും മനസ്സിലായോ? അയാൾ ഒരു ബീഡിയെടുത്ത് കത്തിച്ചു.പുക ആഞ്ഞു വിട്ട് "ഞാനൊന്നു പുറത്തേക്കിറങ്ങാടീ'’സുമയെ നോക്കാതെ അയാളിറങ്ങിപ്പോയി.
ഇയാളിവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്. സുമ അലമാരിയിൽ എന്തോ തിരയാൻ തുടങ്ങി. കുറെ പഴയ പേപ്പറുകൾ താഴെ വീണു.ഡോക്ടർമാരുടെ കുറിപ്പടികളും ലാബ് ടെസ്റ്റുകളും എല്ലാം. അപ്പോ എല്ലാം അറിഞ്ഞിരുന്നാണ് അജയേട്ടൻ എന്നെ…
അപ്പോ അയാൾക്ക് വയ്യാണ്ടാവുമ്പോ നോക്കാൻ വേണ്ടിയായിരുന്നോ അയാളെന്നെ കല്യാണം കഴിച്ചത്.
സുമയ്ക്ക് ടീച്ചറമ്മയെ ഒന്നു കാണണമെന്നു തോന്നി.
"കുട്ടിക്കെന്താ പറ്റീത്?" സുമയുടെ തലയിൽ തലോടി ടീച്ചറമ്മ.
"ഒന്നൂല്ലാ ടീച്ചറമ്മേ, ഇവിടെ ഈ മടിയിൽ ഒന്നു തല വെച്ചു കിടക്കണംന്ന് തോന്നി.അതാ വന്നത് "
" കുട്ടിക്കെന്തോ സങ്കടം ണ്ടല്ലോ”
"ഇല്ല ടീച്ചമ്മേ, അടുത്ത ജന്മത്തില് ഞാൻ ടീച്ചറമ്മേടെ മോളായിട്ട് ജനിക്കട്ടെ?”
"കുട്ടി എന്നെ സങ്കടപ്പെടുത്തും. അവൻ നോക്കണില്ലേ മോളേ?”
"ഉവ്വ് ടീച്ചറമ്മേ, ഞാൻ പോട്ടെ ഒത്തിരി നേരം വൈകിയാ ആൾക്ക് മുഷിച്ചിലാവും.”
ചുമലിലൂടെ സാരി വലിച്ചിട്ട് പതുക്കെ നടന്ന കലുന്ന സുമയെ ടീച്ചറമ്മ ആധിയോടെ നോക്കി.
✍️ Dinda Jomon.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo