നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 9

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 9
ഒരു പേരിൽ എന്തോക്കെ ഇരിക്കുന്നുവെന്നോ!!
************************
കോളേജിൽ ഇരട്ട പേരില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും
അല്ലെ?. ഇരട്ട പേര് കൊണ്ട് പ്രസിദ്ധരാകാൻ ഭാഗ്യം കിട്ടിയ കുട്ടികളുടെയും ടീച്ചേഴ്സിന്റയും ഒരു അസോസിയേഷൻ തന്നെയുണ്ടായിരുന്നു ഞങ്ങളുടെ കോളേജിൽ.
സുഡാൻ, കത്തി,കണ്ടൻ, ലഡു, മൊട്ട,അന്തപ്പൻ, തോട്ടി, ഇങ്ങനെ പോകുന്നു ആ ഇരട്ടപ്പേരുകൾ ....
കോട്ടക്കൽ കോളേജിൽ ഞാൻ പഠിച്ചിരുന്ന കാലത്തെ കുട്ടികളോട് "ലിപി സേവ്യറിനെ അറിയുമോ?'ന്ന് ചോദിച്ചാൽ ഒട്ടുമിക്ക പേരും 'അറിയില്ല' എന്നായിരിക്കും ഉത്തരം പറയുക.എന്നാൽ അമ്മായി, കോഴി, പാവക്കുട്ടി എന്നൊക്കെ വിളിപ്പേരുള്ള ഒരു കുട്ടിയെ അറിയുമൊന്ന് ചോദിച്ചാൽ...
"ഹാ...ഞങ്ങൾ അറിയും.. അറിയും. മെലിഞ്ഞ്‌ പൊക്കത്തിൽ മുടിയൊക്കെ വെട്ടിയിട്ടു നടക്കുന്ന മണ്ടി കേറ്റത്തെ ആ പെങ്കൊച്ചല്ലേ !!?" എന്നായിരിക്കും മറു ചോദ്യം.
ഇപ്പോൾ നിങ്ങൾ വിചാരിക്കും ..അയ്യേ!!ഇതൊക്കെ എന്തുട്ട് പേരുകളാ..ന്ന്!!
മൂക്കത്ത് വിരൽ വെക്കാൻ വരട്ടെ.. ഇതൊക്കെ ഓരോരോ ചരിത്രം ഉറങ്ങി കിടക്കുന്ന പേരുകളാണ്. ഞാൻ അതിനെ ഒന്ന് ഒന്നായി ഉണർത്തി വിടാം!
ജനിച്ചു വീണ അന്ന് തന്നെ ഞാൻ രണ്ട്‌ യമണ്ടൻ ആൺപിള്ളേരുടെ അമ്മായി ആയിരുന്നു.
കണ്ണ് ഉന്തി തള്ളി പുറത്ത് ഇടേണ്ട.ഞാൻ വിവരിക്കാം.
എന്റെ അപ്പൻ...അതായത് കെ വി സേവിയർ അഞ്ചാണും മൂന്നു പെണ്ണും ഉള്ള ഒരു തറവാട്ടിലെ അവസാനത്തെ കണ്ണി ആയിരുന്നു.അതു കൊണ്ടു തന്നെ ഞാനൊക്കെ ഈ ഭൂമിയിലേക്ക് കണ്ണും തിരുമ്മി വരുന്നതിനു മുൻപേ അപ്പന്റെ ഏറ്റവും മൂത്ത ചേട്ടന്റെ മക്കൾക്ക് മക്കളുണ്ടാവുകയും പാരമ്പര്യ വിധി അനുസരിച്ച് എനിക്ക് അവരുടെ അമ്മായി ആയി സ്ഥാനാരോഹണം ലഭിക്കുകയും ചെയ്തു.
ഞാൻ സ്കൂളിൽ നഴ്സറിയിൽ പഠിക്കുന്ന കാലത്താണ് അവർ എനിക്കീ മഹർഷി പട്ടം തന്ന് എന്നെ വാഴ്ത്തിയത്. ആ കശ്‌മലന്മാർ അന്ന് ഹൈ സ്കൂളിൽ ആണ് പഠിച്ചോണ്ടിരുന്നത്. അതു കൊണ്ടു തന്നെ ഈ പേരിന് ജയ് വിളിക്കാൻ അനേകം യുവജനങ്ങൾ മുഷ്ടിയും ചുരുട്ടി അന്നേ വരുമായിരുന്നു. ആ
മഹാജനങ്ങൾ ആണ് ഈ പേരിനെ അങ്ങ് വാനോളം ഉയർത്തികൊണ്ടു വന്നത്.
സ്കൂളിൽ വെച്ചു വിളിക്കുമ്പോൾ ഞാൻ അത് കേട്ടില്ല എന്നു നടിച്ചു. പക്ഷെ കോളേജിൽ വെച്ചു വിളി തുടങ്ങിയപ്പോൾ അനശ്വരമായ ആ നടനം ഞാൻ അങ്ങട് ഉപേക്ഷിക്കുകയും
വിളിക്കുന്നവനെ ആ വിളിയുടെ അർത്ഥവും, വ്യാഖ്യാനവും, വാക്യത്തിൽ പ്രയോഗവും പഠിപ്പിച്ചു കൊടുക്കാൻ തുടങ്ങുകയും ചെയ്തു.
ഉദാഹരണത്തിന് കോളേജിൽ ആരെങ്കിലും
"അമ്മായി" എന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞു നിന്ന് അവന്റെ കണ്ണിലേക്ക് ദൃഷ്ട്ടികൾ ഊന്നി
"നിന്റെ അച്ഛന്റെ പെങ്ങൾ" എന്ന മനോഹരമായ വാക്കുകൾ കൊണ്ട് അവന്റെ അച്ഛനെയും കുടുംബത്തെയും അവന്റെ പാരമ്പര്യത്തെയും ഞാൻ അസ്സലായി അവനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ആ ഓർമ്മ അവനിൽ ചെന്നു പതിക്കുമ്പോൾ അവനിലുണ്ടാകുന്ന പതർച്ചയും വിളർച്ചയും തളർച്ചയും ഞാൻ അങ്ങ് ആവോളം ആസ്വദിക്കുകയ്യും ചെയ്യുമായിരുന്നു.ഇതിനെ നമുക്ക് പരസ്പര സാഡിസം എന്ന ഓമന പേരിട്ടു വിളിക്കാം.
എന്നെ കളിപ്പേര്‌ വിളിക്കുമ്പോൾ അവനു കിട്ടുന്ന ആനന്ദത്തിന്റെ പതിൻമടങ് ആനന്ദം അവനുള്ള മറുപടി കൊടുക്കുമ്പോൾ ഞാൻ അനുഭവിച്ചിരുന്നു എന്നുള്ളത് ഒരു പച്ചയായ സത്യം മാത്രം.
പക്ഷെ സാധാരണയായി വിളിക്കുന്നവർ അങ്ങകലെ നിന്നും വിളിച്ചിട്ട് അഞ്ചലോട്ടം ഓടുകയോ, മരത്തിന് പുറകിൽ സ്വയം ഒളിപ്പിക്കുകയോ , ബൈക്കിൽ കേറി സ്ഥലം വിടുകയോ ആണ് പതിവായി ചെയ്യാറ്.
ഇന്ന് വരെ ഒരുത്തൻ പോലും എന്റെ നേരെ നിന്ന് എന്റെ "കണ്ണിൽ നോക്കി" അങ്ങനെയൊരു വിളി വിളിക്കാൻ ധൈര്യപെട്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
അതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ...
ഋഷിരാജ് സിംഗിന്റെ 'പതിനാല് സെക്കന്റ്‌ 'ഒരു പുരുഷന് ഒരു സ്ത്രീയെ തുറുപ്പിച്ചു നോക്കി പീഡിപ്പിക്കാൻ സമയം എടുക്കുന്നുണ്ടെങ്കിൽ...
ഒരു സ്ത്രീക്ക് വെറും രണ്ടേ രണ്ടു സെക്കന്റ്‌ മതി അവന്റെ 'കണ്ണിൽ തുറുപ്പിച്ചു നോക്കി ' അവനെ ഒന്ന് 'പേടിപ്പിക്കാൻ' എന്നാണ് എന്റെ വ്യക്തിപരമായ അനുഭവം.!
രണ്ടു സെക്കന്റിൽ കൂടുതൽ ഒരു പുരുഷനും ഒന്നു പതറാതെ ഒരു സ്ത്രീയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ആകില്ല എന്നുള്ളത് ഒരു പരമമായ സത്യം മാത്രം.ഇനി അങ്ങനെ ആരെങ്കിലും നിങ്ങളുടെ കണ്ണിൽ നോക്കി സംസാരിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പിതാവോ, സഹോദരനോ, ഭർത്താവോ, ഗുരു തുല്യനോ, ആത്മ മിത്രമോ മാത്രം ആയിരിക്കും എന്നുള്ളതും ഒരു പച്ചയായ യാഥാർഥ്യം തന്നെ.
ഇനി അടുത്ത പേരിന്റെ ചരിത്രം എടുക്കാം.കോഴി എന്ന വിളിക്ക് നിങ്ങൾ കരുതുന്ന (ഛെ.. ഛെ.. )
ആ അർത്ഥം അല്ല ഉള്ളത്.
ചരിത്രവശാൽ കോഴിപ്പാട്ട് എന്നാണ് ഞങ്ങളുടെ വീട്ടു പേര്‌.അപ്പന് വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി.എന്റെ ഹൈ സ്കൂൾ ആയപ്പോഴേക്കും അപ്പൻ റിട്ടയറായി. എന്റെ പത്താം ക്ലാസ്സ്‌ കഴിഞ്ഞതോട് കൂടി സ്കൂൾ ടീച്ചർ ആയിരുന്ന അമ്മയും റിട്ടയർ ആയി.അങ്ങനെ രണ്ടു റിട്ടയേർഡ് ആത്മാക്കൾ വെറുതെ ഇരുന്നാൽ തുരുമ്പ് എടുത്താലോ എന്നോർത്ത് ബിസിനസ്സ് രംഗത്തേക്ക്‌ കാൽ എടുത്തു കുത്തി.
ആ കുത്തിയ കാൽ അവർ മാറി മാറി പല സ്ഥലങ്ങളിലും കുത്തി.
മുല്ല പൂ കൃഷി, മാഞ്ചിയം, പച്ചകറി കൃഷി ഇത്യാതിയുള്ള ബിസിനസ്സ് അവസാനം ചെന്നെത്തിയത് ബ്രോയിലർ കോഴി വ്യവസായത്തിലേക്ക് ആയിരുന്നു.
അതിൽ കാല് എടുത്ത് കുത്തിയതോടെ അപ്പനും അമ്മയും കാലു കുത്താൻ നേരമില്ലാതെ കോഴികളുടെ പിറകെ തെക്കോട്ടും വടക്കോട്ടും പാഞ്ഞു ഓടുകയും.....ഞങ്ങൾ മക്കൾ എല്ലാവരും തന്നെ കോഴികളെ കാണുമ്പോൾ മൂക്ക് പൊത്തി പിന്തിരിഞ്ഞ്‌ ഓടുകയും ചെയ്തു കൊണ്ടിരുന്നു.ഈ ഓട്ടം ശെരി അല്ലെന്നു കണ്ട മാതാശ്രീയും പിതാശ്രീയും ഓട്ടം നിർത്തുവാനായി " നല്ല മനസ്സുള്ളവർക്ക്‌ ബിസിനസ്സ് ചേരില്ല"എന്ന ആ വചനത്തെയോർത്ത് ആ വ്യവസായം തന്നെ അങ്ങട് നിർത്തികളഞ്ഞു.
പക്ഷെ ചരിത്രം ആ പേര് സുവർണ്ണ ലിപികളിൽ എന്റെ പേരിന്റെയൊപ്പം എഴുതി ചേർത്തു !!.
ഇനി പാവകുട്ടിയുടെ ചരിത്രം പരിശോധിക്കാം.
നിങ്ങൾ ഒരു പാവക്കുട്ടിയെ വാങ്ങാൻ കടയിൽ ചെന്നു എന്നു വിചാരിക്കുക.ഒരു തടിയുള്ള ഏതെങ്കിലും പാവ കുട്ടിയെ നിങ്ങൾ കണ്ടിട്ടുണ്ടോ!! മെലിഞ്ഞു പൊക്കത്തിൽ മുടിയൊക്കെ വെട്ടിയിട്ട് കീ കൊടുത്താൽ മനോഹരമായി ചിരിച്ചു കൊണ്ട് നടന്നു പോകുന്ന പാവകുട്ടികളെയല്ലേ നിങ്ങളും കണ്ടിട്ടുള്ളു!!
അത്രേയുള്ളൂ ഇതും.എന്റെ പൊക്കവും വണ്ണവും നടത്തവും എന്തിന് കൈയക്ഷരം പോലും അപ്പന്റെയാണെന്നാണ് എന്റെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുള്ളത്. അപ്പോൾ ഈ രൂപത്തിനും ഭാവത്തിനും എന്നെ മാത്രം കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ സുഹൃത്തുക്കളെ...!!ഇതൊക്കെ ഓരോരോ പാരമ്പര്യ മഹിമകൾ അല്ലെ!!
അപ്പോൾ പറഞ്ഞു വന്നത് ഈ മൂന്നു പേരുകളി ലായിട്ടാണ് ഞാൻ കുട്ടികളുടെ ഹൃദയത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.
പക്ഷെ ഇങ്ങോട്ടു മാത്രം വാങ്ങി കൂട്ടാതെ തിരിച്ച് അങ്ങോട്ടും എന്തെങ്കിലും ഒക്കെ സംഭാവനകൾ കൊടുക്കാൻ ഞാൻ പണ്ടേ ശീലിച്ചിരുന്നു....
ഒരിക്കൽ സിംഗിൾ ഡാൻസ് കോമ്പറ്റീഷൻ നടക്കുന്ന സമയം. എന്റെ ഡാൻസ് കഴിഞ്ഞ് തിരികെ ഞാൻ ഡ്രസിങ് റൂമിലെത്തി. അവിടെ ഊരിയിട്ടിരുന്ന എന്റെ മിഡിയും ടോപ്പുമെടുത്ത് ഇട്ടു.അതിന് ഒരു ഓവർ കോട്ടു കൂടിയുണ്ടായിരുന്നു.
എത്ര തപ്പിയിട്ടും അതു കാണുന്നില്ല.
ശ്ശെടാ !..ഒരു ജനലയുടെ അഴികളിലാണ് ഞാൻ അത് തൂക്കിയിട്ടിരുന്നത് എന്നെനിക്ക്‌ നല്ല ഓർമ്മയുമുണ്ട്. പക്ഷെ നോക്കിയിട്ട് കാണുന്നില്ല...
ആ മുറിയിൽ പിച്ചക്കാരുടെ ഭാണ്ഡം പോലെ വളച്ചു കൂട്ടി വെച്ചിരിക്കുന്ന എല്ലാ കവറുകളും ഞാൻ കയ്യിട്ട് പരതി. എവിടെ ! കയ്യിൽ കുറെ സിംഗേറ്റും ലിപ്സ്റ്റിക്കും ആയതു മിച്ചം!!
ജനലയുടെ പിറകിൽ പോയി നോക്കി.. അവിടെയുമില്ല.!അവസാനം ഞാൻ
കോലൊടിച്ചിട്ടു.
ഇടാനായി എന്തെങ്കിലും കിട്ടിയല്ലോ എന്ന് സാധാനിച്ച്‌ ഞാൻ ഓഡിറ്റോറിയത്തിലേക്ക്‌ നടക്കുകയാണ്.
അപ്പോഴാണ് ആ 'തോം തോം തോം' കേൾക്കുന്നത്.
"ഒരു മുറയ് വന്തു പാർത്തായാ..."
കൂകൂകൂയ് യ് യ്.....(ഓഡിയൻസിൽ നിന്നും അസ്സല് പ്രോത്സാഹനം!!)
ഇതാരെയാണാവോ ഇത്ര നന്നായി കൂവി തോൽപ്പിക്കുന്നത്... എന്നോർത്ത് ആനന്ദനൃത്ത മാടുന്ന കുട്ടികളുടെ ഇടയിലൂടെ സ്റ്റേജിലേക്ക് ഞാൻ ഒന്ന് എത്തി നോക്കി.
ഹഹഹ..ഞങ്ങളുടെ സീനിയർ പ്രകാശൻ സ്റ്റേജിൽ നാഗവല്ലിയായി കിടന്നിഴയുകയാണ്.
"തോം തോം തോം"
അവൻ എഴുന്നേറ്റ് മൂന്നു ചാട്ടം.!! ആ ചാട്ടത്തിൽ ഞാൻ കണ്ടു...എന്റെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്ന ആ കാഴ്ച !! പലനിറത്തിലുള്ള എന്റെ പൂക്കൾ കോട്ട് !! ഒരു ബ്ലാക്ക്‌ ടീ ഷർട്ടും ബ്ലാക്ക്‌ ജീൻസും ഇട്ട്‌ അതിന്റെ മീതെ എന്റെ പൂക്കൾ കോട്ടുമിട്ട് അവൻ നാഗ വല്ലിയായി രൂപാന്തരം പ്രാപിക്കുന്നു...
രാമനാഥനെ സ്റ്റേജിലേക്ക് മാടി മാടി ക്ഷണിക്കുന്നു.!
അമ്പടാ കള്ളാ !!
സ്റ്റേജിൽ കേറി ചെന്ന് എന്റെ ഓവർ കോട്ട് പിടിച്ചു വലിച്ചു ഊരിയെടുത്താലോ എന്നു ഞാൻ ആദ്യം വിചാരിച്ചു. പിന്നെയത് പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ ഒരു കടുത്ത വേർഷൻ ആകുമല്ലോ എന്നോർത്തു ഞാൻ അങ്ങു അടങ്ങി.
അവന്റെ നടനം കഴിഞ്ഞതും ഞാൻ വേഗം ഓടി സ്റ്റേജിന്റെ പുറകിൽ ചെന്നു നിന്നു..അല്ലെങ്കിൽ കോട്ട് അങ്‌ മാപ്രാണം പ്രാവിൻ കൂട് കള്ളു ഷാപ്പിൽ കിടക്കുമെന്നെനിക്കറിയാം.അവൻ
സ്റ്റേജിൽ നിന്നിറങ്ങിയതും നാഗവല്ലിയേക്കാൾ മനോഹരമായി ഞാൻ അവനെയൊന്നു ചെരിഞ്ഞു നോക്കി!.
"ഇത് നിന്റെയാ...ല്ലെ!' എന്നും ചോദിച്ച്‌ ചരഞ്ഞ്‌ അവന്റെ വിരിഞ്ഞ ഷോള്ഡറിൽ നിന്നും അത് ഊരലും ഞാൻ നോക്കുമ്പോൾ എന്റെ ഓവർ കോട്ട് മൂന്നു പാർട്‌സ്ആയി അവന്റെ കയ്യിൽ കിടന്നു തുള്ളുന്നു!!
അതു കണ്ട് അവനിൽ ഉണ്ടായിരുന്ന നാഗവല്ലി ചോർന്നു പോയെങ്കിലും എന്റെ ഉള്ളിൽ നിന്നും ആ നാഗവല്ലി ഇരച്ചു കയറി...
ഞാൻ അവനെ ഉറക്കെ വിളിച്ചു...
"ഡാ... പ്രകാശവല്ലി !!...."
സ്റ്റേജിന്റെ പുറകിൽ മൈമ്മിനു ഡ്രെസ്സിട്ടു നിൽക്കുന്നവർ മാത്രേ അതന്നു കേട്ടോള്ളു...
പക്ഷെ പിറ്റേ ദിവസം മുതൽ അവനെ മറ്റുള്ളവർ ഒരേ ശബ്ദത്തിൽ ഒരേ താളത്തിൽ ഒരുമിച്ച് വിളിക്കുന്നത് ഞാൻ എന്റെ കാതുകൾ കൊണ്ടു അതി മനോഹരമായി കേട്ടു....
"പ്രകാശ വല്ലി...ന്ന്".....!!

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot