നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗിഫ്റ്റ്

ഗിഫ്റ്റ്
..............
രണ്ടായിരുത്തി നാല് ജാനുവരിയിൽ ഒരാഴ്ച മാത്രം പ്രായമുള്ള നവവധുവായിരുന്ന ഞാനും, എന്റെ നവവരനും കൂടെ അദ്ദേഹത്തെ പഠിപ്പിച്ച,അടുത്ത ജില്ലയിലുള്ള ഒരു അദ്ധ്യാപികയുടെ വീട്ടിൽ വിരുന്ന് പോയി.
അവർക്ക് കൊടുക്കാനായി വലിയ ഒരു കേക്കും, രണ്ട് ബോക്സ് ചോക്കലേറ്റും വാങ്ങിയിരുന്നു.
നവവധുവിന്റെ അങ്കലാപ്പ് കൊണ്ടാണോ, അതോ ഭാര്യയുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മ കൊണ്ടാണോന്നറിയില്ല, ബേക്കറിയിലിരുന്ന, നെസ് ലേയുടെ മിൽക്കി ബാറിനോടുള്ള കൊതി അടക്കിപ്പിടിച്ച്, കേക്കും ചോക്ക് ലേറ്റും അടങ്ങിയ ബേക്കറിയുടെ പരസ്യം ഉള്ള കവറും തൂക്കിപ്പിടിച്ച് ആ ഗ്രാവൽ റോഡിലൂടെ ടീച്ചറുടെ വീട്ടിലേക്ക് ഞങ്ങൾ നടന്നു.
വീടിന്റെ ഗേറ്റിൽ നിന്നും ഏകദേശം നൂറ് മീറ്റർ അകത്തേക്ക് മാറിയാണ് വീട്.
ഗേറ്റിൽ നിന്നും വീട് വരെ പാകിയ കരിങ്കൽ പാതക്ക് ഇരു വശത്തും പേര, സപ്പോർട്ട,ചാമ്പ,വെണ്ണപ്പഴം, പാഷൻ ഫ്രൂട്ട്,ജാതിക്ക,നെല്ലിപ്പുളി, കൊക്കോ തുടങ്ങിയവ വിളഞ്ഞു കിടന്നിരുന്നു.
വീടിനു പിറകിൽ നിന്നും വരിക്ക പ്ലാവും, ആഞ്ഞിലിയും, വാളൻപുളിയും, മുരിങ്ങയുമൊക്കെ എത്തിനോക്കുന്നുണ്ടായിരുന്നു.
വീടിനു മുന്നിലെ തുളസിത്തറയ്ക്ക് ഇരു വശങ്ങളിലായി വെണ്ട, തക്കാളി, വഴുതന, കാന്താരി, ചീര ,പാവൽ തുടങ്ങിയവയുമൊക്കെ നിൽപ്പുണ്ട്.
റ്റീച്ചർ വീട്ടിൽ ഉണ്ടായിരുന്നില്ല. റ്റീച്ചറുടെ ഭർത്താവ് ഞങ്ങളെ സ്വീകരിച്ച് അകത്തിരുത്തി. അന്ന് ഇന്റർനെറ്റ് യുഗം ആയിട്ടില്ലാത്തതു കൊണ്ടാവാം, റ്റീച്ചറുടെ എട്ടിലും, പത്തിലും പഠിച്ചിരുന്ന മക്കൾ റ്റി.വിയിൽ നിന്ന് കണ്ണെടുത്ത് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങളിരുന്ന സെറ്റിയുടെ ഒരരികിലായ് അവർക്ക് വേണ്ടി വാങ്ങിയ കേക്കും ചോക്ക് ലേറ്റും അടങ്ങിയ കവർ ഞാൻ വച്ചു.
സാറിന്റെ അമ്മ ഞങ്ങൾക്ക് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച പാകത്തിനു മധുരമുള്ള പാഷൻ ഫ്രൂട്ട് ജ്യൂസും, പഴുത്ത സപ്പോർട്ടയും, പേരക്കയും മുറിച്ചതും, ചക്കവരട്ടിയതും തന്നു.
ആക്രാന്തത്തിന്റെ കുപ്പായം അഴിച്ചു വച്ച്, മാനേഴ്സിന്റെ ജഴ്സിയണിഞ്ഞ് ജ്യൂസ് മുഴുവനും കുടിച്ച് തീർക്കാതെ ഗ്ലാസ്സിൽ അല്പം മിച്ചം വച്ചും, കഴിക്കാൻ തന്നതിൽ അല്പഠ മാത്രം കഴിച്ചും ഞാനിരുന്നു.
അല്പസമയത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങൾ പോകാനിറങ്ങിയപ്പോൾ സാറും, അമ്മയും യാത്രയാക്കാനായ് കൂടെ വന്നു .കുട്ടികൾ അപ്പോഴും റ്റി.വിയിൽ നിന്ന് കണ്ണ് പറിച്ച് ഒരു പുഞ്ചിരി സമ്മാനിച്ചു.
ഗേറ്റ് തുറക്കവെ ആ കുട്ടികൾ, അവർക്കായ് ഞാൻ സെറ്റിയിൽ വച്ചിട്ട് പോന്ന കവറും എടുത്ത് കൊണ്ടോടി വന്നു പറഞ്ഞു
" ചേച്ചി ഇതെടുക്കാൻ മറന്നു ......"
" അത് നിങ്ങൾക്കുള്ളതാ" എന്നു പറഞ്ഞ് ഗേറ്റിനു വെളിയിലേക്കിറങ്ങിയപ്പോൾ എന്റെ 'ഉത്തരവാദിത്തമില്ലായ്മക്ക് 'ബോധവത്ക്കരണ ക്ലാസ്സ് എടുത്ത് തുടങ്ങിയിരുന്നു നവവരൻ.
വർഷങ്ങൾ പെയ്ത് മാറി, ഞാൻ നവവധുവിൽ നിന്നും അഞ്ച് വയസ്സ് കാരന്റെ അമ്മയിലേക്ക് ചുവട് മാറ്റം നടത്തി.അപ്പോഴേയ്ക്കും സമ്മാനപ്പൊതികൾ ഉത്തരവാദിത്തത്തോടെ ആതിഥേയരെ ഏൽപ്പിക്കാൻ ഞാൻ ശീലിച്ചു കഴിഞ്ഞിരുന്നു.
ഒരു വൈകുന്നേരം ഞാനും, മകനും, അവന്റെ അച്ഛനും ചേർന്ന് അദ്ദേഹത്തിന്റ സുഹ്രുത്തിന് രണ്ടാമത് ജനിച്ച കുഞ്ഞിനെ കാണാൻ പോയി.
ബേബി കിറ്റ് വാങ്ങിയതിനൊപ്പം കുറച്ച് ഫ്രൂട്ട്സും വാങ്ങി.ബേബി കിറ്റ് സുഹ്രുത്തിന്റെ ഭാര്യയെ ഏൽപ്പിക്കുമ്പോൾ ഫ്രൂട്ട്സ് നന്നായ് കഴിക്കണമെന്നുപദേശിച്ച് ഫ്രൂട്ട്സ്
കവർ ഡൈനിംഗ് ടേബിളിലും വച്ചു.
വാവയെ എടുത്ത് സുഹ്രുത്തിന്റെ ഭാര്യയോട് സംസാരിച്ചിരുന്നപ്പോൾ എന്റെ മകൻ അവരുടെ മൂത്ത കുട്ടിയുമായ് അവിടൊക്കെ ഓടിക്കളിച്ചു നടക്കുകയായിരുന്നു.
അവിടുത്തെ അമ്മ ഉണ്ടാക്കി തന്ന പഴംപൊരിയും, ചായയും കുടിച്ച് അല്പനേരത്തിനകം ഞങ്ങൾ ഇറങ്ങിയപ്പോൾ ആ കുടുംബവും പുറത്തേക്ക് വന്നു.
ഞങ്ങൾ വണ്ടിയിലേക്ക് കയറാൻ തുടങ്ങവെ ,'ഉത്തരവാദിത്തം 'കുറച്ച് കൂടിയ മകൻ എന്നോട് പറഞ്ഞു
"അമ്മേ നമ്മളുടെ ഫ്രൂട്ട്സ് ഈ വീട്ടിന്ന് എടുത്തില്ല " .
എനിക്ക് എന്തേലും പറയാൻ കഴിയുന്നതിനു മുന്നേ അവൻ സുഹ്രുത്തിനെ നോക്കി വിളിച്ചു പറഞ്ഞു
"അങ്കിൾ......... ഞങ്ങളുടെ ഫ്രൂട്ട്സ് അങ്കിളിന്റെ ടേബിളിൽ നിന്നെടുക്കാൻ മറന്നു പോയ്.ഒന്നു എടുത്തോണ്ട് വരാമോ ........?"

Anjali

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot