Showing posts with label ChandanamPettaPennu. Show all posts
Showing posts with label ChandanamPettaPennu. Show all posts

ചന്ദനംപെറ്റ പെണ്ണ് - Final Part 16



"ഇവരൊക്കെ ആരാണ് നാണ്വേ...?"
കുമാരേട്ടന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ചന്ദ്രകുമാറായിരുന്നു.
" ഇത് നമ്മടെ പൊന്നൂട്ടീടെ പെറ്റമ്മ രാജമ്മ അത് അവളുടെ അമ്മായി ഗോമതി.... ബാക്കി കാര്യങ്ങളെല്ലാം നമ്മക്ക് പിന്നെ സംസാരിക്കാം ഇപ്പോ അതിനൊള്ള സമയമല്ല... ഡീ.. പൊന്നൂട്ട്യേ നീയിപ്പോ ഇവർക്ക് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിക്കേ.. "
പന്തലിൽ സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത നാണുവേട്ടൻ ശ്രീജയുടെയും ലക്ഷ്മിയേടത്തിയുടേം കൈയ്യിൽ പിടിച്ചുകൊണ്ട് രാജമ്മയുടെ മുന്നിൽ നിറുത്തി. എന്നിട്ട് ശ്രീജയോടു പറഞ്ഞു.
"മോളേ പൊന്നൂട്ടീ... ഇതാണ് നിന്റെ പെറ്റമ്മ ഇവളെ നിനക്ക് അമ്മയെന്നു വിളിക്കാം. വേറാരുമല്ല നിന്റെ അച്ഛനാ പറയുന്നേ നീ ഇവളെ ഇപ്പോൾ അമ്മേന്നു വിളിച്ച് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങണം എല്ലാരുടേം അനുഗ്രഹത്തോടേം ആശീർവാദത്തോടേം സന്തോഷായിട്ടു വേണം അച്ഛന്റെ പൊന്നുട്ടി ഈ വീടിന്റെ പടിയെറങ്ങിപ്പോകാൻ നീ സുമംഗലിയാവുന്നത് കാണാൻ നിന്റെ പെറ്റമ്മയില്ലല്ലോ എന്നോർത്തെന്റെ മോടെ കരളു പിടയരുത്.. ഒന്നല്ല നാലമ്മമാരൊണ്ടെന്നോർത്തു വേണം എന്റെ മോള് ജീവിതത്തില് സന്തോഷിക്കാൻ.."
താൻ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാത്തൊരു അവസ്ഥയിൽ ആയിരുന്നു ശ്രീജ ഒരു ആശ്രയത്തിനായി അവൾ ലക്ഷ്മിയേടത്തിയെ നോക്കി ആ നെഞ്ചിലേയ്ക്കു ചാഞ്ഞു. അവർ അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു.
" നീ വിളിച്ചോ മോളേ.. ഇതു നിന്റെ പെറ്റമ്മയാണ് മടിക്കണ്ട ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിക്കോ മോടെയീ ലക്ഷ്മ്യേടത്തി സന്തോഷത്തോടെയല്ലേ പറയുന്നത് നിന്റെ അച്ഛനും ഏട്ടന്മാരും എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് ഞങ്ങൾക്കെല്ലാം അറിയാം അവർ ആരാണെന്നും എന്താണെന്നും "
ശ്രീജ തിരിഞ്ഞ് ആൾക്കാർക്കിടയിൽ നില്ക്കുന്ന പ്യൂൺ ലക്ഷ്മിയമ്മയെ നോക്കിയപ്പോൾ ഒരു കള്ളച്ചിരിയോടെ അവർ അടുത്തുവന്നു പറഞ്ഞു.
" എന്നാലൊരു കാര്യം ചെയ്യ് രണ്ട് അമ്മമാരും അമ്മായീം ചേർന്ന് ദക്ഷിണ വാങ്ങി പൊന്നു മോളേ അനുഗ്രഹിച്ചോ "
"അതു ശരിയാ നമ്മടെ ലക്ഷ്മിയമ്മ പറഞ്ഞതിലും കാര്യമുണ്ട് എന്നാൽ അങ്ങനെ തന്നെയാവട്ടേ.... അല്ലേ നാണ്വേ..?"
കുമാരേട്ടന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ശശീന്ദ്രനായിരുന്നു.
" മൂന്നു പേരോ... നടക്കില്ല നാലു പേരു വേണം"
"നാലുപേരോ.. അതാരാ നാലാമത്തെ?"
കുമാരേട്ടന് ഒരു സംശയം ശശീന്ദ്രൻ അതും തീർത്തു കൊടുത്തു.
"നമ്മുടെ പ്യൂൺ ലക്ഷ്മിയമ്മയല്ലാതെ വേറെ ആർക്കാ അതിനുള്ള യോഗ്യതേം അവകാശോം അല്ലേ അച്ഛേ ..?"
ഇപ്രാവശ്യം മറുപടി പറഞ്ഞത് നാണുവേട്ടൻ തന്നെയാണ്.
" ഇപ്പോളാടാ.... നായിന്റെ മോനേ നീയെന്റെ മോനായത് ഈ ബാർബർ നാണൂന്റെ മോനായത്."
അവിടെയാകെ കൂട്ടച്ചിരി മുഴങ്ങിയപ്പോൾ ശശീന്ദ്രൻ ചമ്മിപ്പോയി.
“ഏയ്.. അതു പറ്റില്യാ…. അതെങ്ങ്നെ ശര്യാവും മൂപ്പെമളയന്സരിച്ച് തന്നെ ദക്ഷിണ വയ്ക്കട്ടെ വേണോച്ചാൽ അതു കഴിഞ്ഞിട്ട് നാലുപേർക്കും ഒരുമിച്ചനുഗ്രഹിക്കാലോ.. എന്താനാണ്വേ... അതല്ലേ അതിന്റെ ശരി..?”
കുമാരേട്ടന്റെ ഇടപെടൽ വന്നപ്പോൾ നാണുവേട്ടൻ അതും സമ്മതിച്ചിട്ടു പറഞ്ഞു.
“ഇപ്പോളാടാ.. കുമാരാ.. നീ ശെരിക്കും ബാർബർ നാണൂന്റെ അളിയനായേ.. “
എല്ലാവരും അതു കേട്ടു പൊട്ടിച്ചിരിച്ചു.
മുറപ്രകാരം ശ്രീജ ഗോമതിക്ക് ആദ്യം ദക്ഷിണ നല്കി അനുഗ്രഹം വാങ്ങി. അടുത്ത ഊഴം രാജമ്മയുടേതായിരുന്നു
ശ്രീജ തന്റെ പെറ്റമ്മയ്ക്ക് ദക്ഷിണ കൊടുക്കാൻ വന്നപ്പോൾ രാജമ്മ വേറെ ഏതോ ലോകത്തുള്ളവളെപ്പോലേ ആയിരുന്നു. അവിടെ നടക്കുന്നതൊന്നും തിരിച്ചറിയാൻ കഴിയാത്ത, ഓർമ്മകൾ നഷ്ടപ്പെട്ട് മനോനില തകർന്നവളായിരുന്നു അപ്പോൾ രാജമ്മ.
“രാജേ... നോക്ക് ദേ നിന്റെ മോള് നിനക്ക് ദക്ഷിണ തരാൻ വന്നേക്കണ കണ്ടില്ലേ.. വാങ്ങിക്കെടി…. അതുവാങ്ങിച്ച് അവളെ അനുഗ്രഹിക്കെടി.. “
രാജമ്മയുടെ തോളിൽ കുലുക്കിക്കൊണ്ട് ഗോമതി അങ്ങനെ പറയുമ്പോൾ അവരുടെ ശബ്ദമിടറിപ്പോയിരുന്നു.
പക്ഷേ ഒന്നും തിരിച്ചറിയാൻ കഴിയാതെ നിർവ്വികാരതയോടെ നില്ക്കുന്ന രാജമ്മയുടെ കൈയ്കൾ ചേർത്തു പിടിച്ച് ഗോമതി ശ്രീജയിൽ നിന്നും ദക്ഷിണ സ്വീകരിപ്പിച്ചു.അനന്തരം പെറ്റമ്മയുടെ കാലുകളിൽ കുനിഞ്ഞു തൊട്ടുതൊഴുത ശ്രീജയുടെ ശിരസ്സിലും കൈയ്കൾ വയ്പ്പിച്ചു.ഒരു യന്ത്രത്തേപ്പോലെ രാജമ്മ ചെയ്യുന്നതുകണ്ടപ്പോൾ കുമാരേട്ടൻ നാണു വേട്ടനോട് ചോദിച്ചു.
“അല്ല നാണ്വേ.. പെറ്റതള്ള്യാന്നു പറഞ്ഞിട്ടും അതിന്റെ മൊകത്തങ്ങനൊരു ഭാവോം വികാരോം കാണണില്ലല്ലോ.. ഓള് ശെരിക്കും മന്ദബുദ്ധ്യാ..?”
ഇപ്രാവശ്യം നാണുവേട്ടന്റെ മറുപടി പ്രതീക്ഷിക്കാത്തതായിരുന്നു
“എന്തേ... കുമാരാ താടീം മുടീം..നര്ച്ചിട്ടും നിന്റെ ബുദ്ധി മാത്രം വളരാത്തേ.അതും കബനിപ്പൊഴേല് കളഞ്ഞോ...നീ.?”
അത്രയും നേരം വീരശൂരപരാക്രമിയായ കുമാരേട്ടൻ കാറ്റുപോയ ബലൂൺ പോലേയായി.
ഇത്രയും കാലം താൻ ആരേയും അറിയിക്കാതെ ഉള്ളിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു തന്റെ പെറ്റമ്മയെ എന്നെങ്കിലും ഒരു നോക്കു കാണണമെന്ന്. ചെറുപ്രായത്തിൽ അവരെ നേരിട്ടു കാണാൻ പറ്റിയാൽ അവരോടു ചോദിക്കാൻ കുറേ ചോദ്യങ്ങൾ മനസ്സിൽ കരുതിവച്ചിരുന്നു അവരോടുള്ള വെറുപ്പ് അത്രയ്ക്കും ഉണ്ടായിരുന്നു. പക്ഷേ താൻ വളർന്നു വന്നപ്പോൾ സ്വയം ചിന്തിക്കാൻ പ്രായമായപ്പോൾ തന്റെ ചിന്തകൾ മാറിയത് അവൾ സ്വയമറിഞ്ഞു മനസ്സാക്ഷിയുടെ തട്ടിൽ അവൾ രണ്ടു തരത്തിൽ അമ്മയെ സങ്കല്പിച്ചിരുന്നു .ചിലപ്പോൾ തന്റെ അമ്മയായ സ്ത്രീ ഒരു വഴിപിഴച്ചവളാകാം അതുകൊണ്ടാവാം പെറ്റു വീണപ്പോൾത്തന്നെ അവരെന്നെ വലിച്ചെറിഞ്ഞത്.അങ്ങനെ അല്ലാതെ ഒരുപക്ഷേ അവർ നല്ല സ്ത്രീ ആയിരുന്നിരിക്കാം ഗതികേടുകൊണ്ട് ചെയ്തതായിരിക്കാം എങ്കിലും ഒരു ചിന്തയിലും ഉറച്ചു നില്ക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്ന് തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിലെത്തിയിട്ടും അവൾക്ക് നിരാശയായിരുന്നു തന്റെ പെറ്റമ്മയെ ജീവിതത്തിൽ ആദ്യമായി കണ്ടപ്പോൾ അവർക്കു തന്നെ തിരിച്ചറിയാനാവാതെ അവസ്ഥ എങ്കിലും അവളുടെ ഉള്ളം സന്തോഷിച്ചു താൻ ആദ്യം ചിന്തിച്ചപ്പോലേ തന്റെ പെറ്റമ്മ വഴി പിഴച്ചവളല്ല അങ്ങനെ ആയിരുന്നെങ്കിൽ അച്ഛനും ഏട്ടന്മാരും അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വരൂലല്ലോ
നാല് അമ്മമാരും ചേർന്ന് ശിരസ്സിൽ കൈയ്യ് വച്ച് അനുഗ്രഹിക്കണമെന്ന അവളുടെ ആഗ്രഹം അറിഞ്ഞപ്പോൾ ഗോമതി വീണ്ടും രാജമ്മയുടെ കൈയ്യ്കൾക്കൊപ്പം തന്റെ കൈയ്യുകളും അവളുടെ ശിരസ്സിൽ ചേർത്തുവച്ചു. അപ്പോൾ ലക്ഷ്മിയേടത്തിയും പ്യൂൺ ലക്ഷ്മിയമ്മയും അവരുടെ കൈയ്കളും ശ്രീജയുടെ തലയിൽ വച്ച് അനുഗ്രഹിച്ചു. അവസാനമായി ശ്രീജയെ ആശ്ലഷിച്ചപ്പോൾ ഗോമതി മുകളിൽ ആകാശത്തിലേക്കു നോക്കി മനസ്സിൽ പറഞ്ഞു.
" രാവേട്ടന്റെ ആഗ്രഹം ഞാൻ നടത്തി രാവേട്ട നമ്മുടെ രാജേന്റെ മോള് അവളുടെ അമ്മയെ അമ്മേന്നു വിളിച്ചത് രാവേട്ടൻ കേട്ടില്ലേ...? അവൾ രാജേന്റെ അനുഗ്രഹത്തോടെ സുമംഗലിയാകൻ പോണത് കാണുന്നില്ലേ.. രാവേട്ടന്റെ ഗോമൂന് ഇതിലും വലുതായൊന്നൂല ഈ ജീവിതത്തിൽ അവൾ ലക്ഷ്മിയേടത്തിയുടെ മോളായി ദീർഘ സുമംഗലിയായി ജീവിക്കട്ടേ..."
ശ്രീജ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഒരു ശബ്ദം
"ഹലോ... എല്ലാരേം കിട്ട്യപ്പോ ഈ കൊച്ചേട്ടനെ മറന്നല്ലേ?എന്റെ അനുഗ്രഹത്തിന് ഇവിടെ ഒര് വെലയുമില്ലേ എങ്കിൽ പോകുവാ ഇനിയിവിടെ ഞാൻ നിക്കുന്നില്ല?
അനിൽകുമാർ ഗൗരവത്തിലായി
"കെച്ചേട്ടാ..."
അനിൽകുമാർ തന്റെ മാറിലേക്കു വീണ അവളെ തന്നോട് ചേർത്തു നിറുത്തി നിറുകയിൽ ചുംബിച്ചു
അവൾ വെറ്റിലയും പാക്കും അവനു നല്കി കുനിഞ്ഞ് അവന്റെ പാദം തൊട്ടു തൊഴുതപ്പോൾ അവളുടെ തലയിൽ കൈയ് വച്ച് അനുഗ്രഹിച്ചു..
" ദീർഘസുമംഗലീ ഭവ: "
അവർ വിളിച്ചു വരുത്തിയ വണ്ടികളിൽ കയറി എല്ലാവരും തിരുനെല്ലിക്കു പോയി. സുധീഷ് ശ്രീജയുടെ കഴുത്തിൽ താലികെട്ടുന്ന മുഹൂർത്തത്തിൽ വായ്ക്കുരവയിട്ടു കൊണ്ട് എല്ലാവരേയും പോലെ ഗോമതിയും തന്റെ കൈയിൽ കരുതിയ അരിയും പൂവും അവരുടെ നേരെയെറിഞ്ഞ് അനുഗ്രഹിച്ചു.
“ദീർഘസുമംഗലി ഭവഃ “
രാജമ്മയോക്കൊണ്ടും ചെയ്യിപ്പിച്ചു. പിന്നീട് ഒന്നിനും കാത്തു നില്ക്കാതെ രാജമ്മയേയും കൂട്ടി അമ്പലത്തിനു പുറത്തു വന്നു താഴെ പാപനാശത്തിൽ ഇറങ്ങി സ്നാനം ചെയ്തു ശേഷം രാജമ്മയെയും സ്നാനാനം ചെയ്യിപ്പിച്ചു തിരിച്ച് അമ്പലത്തിൽ വന്നപ്പോഴേക്കും കെട്ടുകഴിഞ്ഞ് വിരുന്നുകാർ മാനന്തവാടിക്കു പോയിരുന്നു. അമ്പലത്തിനു മൂന്നു ചുറ്റ് ഗോമതി രാജമ്മയ്ക്കൊപ്പം വലം വെച്ചു തൊഴുത് പ്രാർത്ഥിച്ചു. അപ്പോൾ ഗോമതി തന്റെ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അവിടുന്ന് ഒരു ഓട്ടോ റിക്ഷാ പിടിച്ച് കാട്ടിക്കുളത്തെത്തി ബസ്റ്റാൻഡിൽ രാജമ്മയെ ഇരുത്തിയിട്ട് അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ചെന്ന് വാഴകൾക്കടിക്കുന്ന കീടനാശിനി ഫ്യൂരഡാൻ ഒരു ബോട്ടിൽ ചോദിച്ചു വാങ്ങി. കുറേ നേരം കഴിഞ്ഞപ്പോൾ മാനന്തവാടിയിൽ നിന്നും മൈസൂർക്കു പോകുന്ന ബസ്സിൽ കയറി രണ്ടു പേരും ബൈരക്കുപ്പയിൽ തിരിച്ചെത്തി. അപ്പോൾ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണി ആയിരുന്നു.തോണിക്കടവിലെത്തി ഒരു തോണിയിൽക്കയറി കബനിപ്പുഴയ്ക്ക് ഒന്നു വലം വച്ചു. തോണിക്കടവു മുതൽ മുകളിൽ തേന്മാവിൻ കടവു വരെ അവിടുന്നു താഴെ പെരിക്കല്ലൂർ കടവുവരെ.. എങ്ങനേയും സമയം കളയുകയെന്നതായിരുന്നു ഗോമതിയുടെ ലക്ഷ്യം.
വൈകുന്നേരമായപ്പോൾ ബൈരക്കുപ്പ ബൈരേശ്വര ക്ഷേത്രത്തിലെ ചന്ദനച്ചുവട്ടിലേക്ക് ഗോമതി രാജമ്മയെകൊണ്ടുവന്നു.
അവിടെയപ്പോൾ നാഗത്താൻ തറയിൽ വിളക്കുതെളിക്കാൻ വന്നവർ അതും കഴിഞ്ഞ് പോയിരുന്നു. രാജമ്മയെ ചന്ദനമരത്തിൽ ചേർത്തിരുത്തി തന്റെ ബാഗിന്റെ ഉള്ളിൽ നിന്നും രക്തം പുരണ്ട പഴയ ആ തുണിക്കഷണവും ഒരു സാരിയും ഫ്യൂറഡാനും ഗോമതി പുറത്തെടുത്തു. സാരികൊണ്ട് രാജമ്മയെ അനങ്ങാനാകാത്ത വിധം ചന്ദനമരത്തിൽ ചേർത്തു കെട്ടിയിട്ടു. തന്റെ ബാഗിനുള്ളിൽ നിന്നും ചെറിയൊരു വെള്ളക്കുപ്പി പുറത്തെടുത്ത് തുറന്നു അവളുടെ വായിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുത്തു. തന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചു കൊണ്ട് താനൊഴിച്ചു കൊടുത്ത വെള്ളം നുണഞ്ഞിറക്കുന്ന രാജമ്മയെ കണ്ട് അവൾ പൊട്ടിക്കരഞ്ഞുപോയി. അവളെ തന്റെ മാറോട് ചേർത്ത് ആ നിറുകയിൽ ഉമ്മവച്ചു പിന്നെ
രക്തം ഉണങ്ങിപ്പിടിച്ച ആ പഴയ തുണിക്കഷണം രാജമ്മയുടെ കഴുത്തിൽ ചുറ്റി രണ്ടു കൈകൾ ക്കൊണ്ടും വരിഞ്ഞുമുറുക്കി. ഒന്നും പ്രതികരിക്കാനാവാതെ അവളുടെ ദേഹം പിടയുന്നത് കണ്ടിട്ട് നിറഞ്ഞു വന്ന തന്റെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പൂർവ്വാധികം ശക്തിയിൽ മുറുക്കിപ്പിടിച്ചു.പതിയെ പതിയെ രാജമ്മയുടെ പിടച്ചിൽ നിന്നു തുറിച്ചുന്തിയ അവളുടെ കണ്ണുകൾ അവൾ തിരുമ്മിയടച്ചു
നിറമിഴികളോടേ അവളുടെ നിറുകയിൽ തുരുതുരെ ഉമ്മവച്ചു കൊണ്ടു പറഞ്ഞു.
“എന്നോട് ക്ഷമിക്കു രാജേ.എനിക്കിതല്ലാതെ വേറൊരു മാർഗ്ഗമില്ല മോളേ നാളെ എന്റെ കണ്ണടഞ്ഞാൽ നീയൊറ്റക്കാകും മോളേ.. അതെന്റെ രാവേട്ടന് സഹിക്കാൻ കഴിയില്ല... അവളെ കൂട്ടാതെ അവടെയൊറ്റക്കാക്കി നീ മാത്രമെന്തിനാ ഗോമൂ ഇങ്ങോട്ടു വന്നേ..?അവളേം കൊണ്ടരത്തില്ലാരുന്നോന്ന് എന്നോട് ചോതിച്ചാൽ ഞാനെന്താ രാവേട്ടനോട് മറുപടി പറയ്‌കാ.. അതോണ്ട് എനിക്കിതു ചെയ്തേ തീരൂ.. സുബോധം നഷ്ടപ്പെട്ട നിന്നെ നോക്കാൻ ഞാനല്ലാതെ വേറാരുമില്ല... യൗവനം നശിക്കാത്ത ബോധമില്ലാത്ത നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഞാനെങ്ങനെ അറിയും അതുകൊണ്ട് ഒരുനമുക്കൊരുമിച്ചീ ലോകത്തൂന്നു പോകാം എല്ലാ ഈശ്വരന്മാരും എന്നോടു ക്ഷമിക്കട്ടേ…രാവേട്ടാ അങ്ങനുഭവിച്ച വേദന മുഴുവൻ കണ്ടവളാണു ഞാൻ മരിക്കും വരെ ഈ നെഞ്ചിൽ ചേർത്തു നിറുത്തി ആ വേദനപങ്കിട്ടവൾ പക്ഷേ ഇപ്പോൾ ഞാനൊറ്റയ്ക്കായില്ലേ രാവേട്ട.... ?സാരമില്ലെടി ഗോമ്വേ... നിനക്കു ഞാനില്ലേന്നു പറഞ്ഞെന്റെ വേദന പങ്കിടാനെന്റെ കൂടെ രാവേട്ടനുമില്ല വേറാരുമില്ല... ഞാൻ വരുവാണ് രാവേട്ടന്റടുത്തേക്ക് നമ്മടെ രാജേനേങ്കൊണ്ട്..
രാജമ്മയെ കെട്ടിയിരുന്ന സാരിയഴിച്ച് തന്റെ ദേഹവും അവളുടെ മൃതദേഹവും ചേർത്തു കെട്ടി പിന്നെ ഫ്യൂറഡാൻ ബോട്ടിലിന്റെ അടപ്പു തുറന്നു മനം മടുപ്പിക്കുന്ന അതിന്റെ ഗന്ധം വകവയ്ക്കാതെ ഗോമതി നാലഞ്ച് പിടി വാരി തന്റെ വായിലിട്ടു കുപ്പിയിൽ ബാക്കിയായ വെള്ളവും കുടിച്ചു.തന്റെ ദേഹം പിടയുന്നതും വായിൽ നിന്നും നുര വരുന്നതും ഓർമ്മ നശിക്കുന്നതിനു മുമ്പ് അവളറിയുന്നുണ്ടായിരുന്നു. തന്റെ ദേഹത്തോടു ചേർത്തു കെട്ടി രാജമ്മയെ അവൾ മുറുകേ പുണർന്നിരുന്നു.പതിയെപ്പതിയെ അവളുടെ ചലനവും നിലച്ചു.എല്ലാത്തിനും സാക്ഷിയായി ചന്ദനമരവും നാഗത്താനും ബൈരേശ്വര ക്ഷേത്രവും അവർ കൊണ്ടുവന്ന ബാഗുംമാത്രം ബാക്കിയായി അപ്പോഴും ബാഗിന്റെയുള്ളിൽ ഗോമതിയുടെ പേരിൽ നീലഗിരി ജില്ല ആസ്പത്രിയിൽ നിന്നും കിട്ടിയ ബീറ്റ എച്ച് സി ജി ടെസ്റ്റിന്റെ പോസിറ്റീവ് റിപ്പോർട്ടും ശ്രീജയുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്ത രാജമ്മയുടെ വിരലടയാളം പതിച്ച ഒരേക്കർ ഭൂമിയുടെ പ്രമാണവും തന്റെ അവകാശിയെക്കാത്ത് കിടപ്പുണ്ടായിരുന്നു.
(അവസാനിച്ചു.)
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup
പ്രിയ സൗഹൃദങ്ങളെ, തുടർക്കഥകൾക്ക് സ്വീകാര്യത ലഭിക്കാത്ത ഓൺലൈൻ സാഹിത്യ രംഗത്ത് ചന്ദനം പെറ്റ പെണ്ണ് എന്ന നോവലിന് വായനക്കാരായ നിങ്ങൾ നല്കിയ സ്വീകാര്യതയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയിൽ തുടർന്നും നിങ്ങളുടെ പിന്തുണയും പ്രോത്സാഹനങ്ങളും തേടുന്നു.ഇതിന് എന്നെ പ്രാപ്തനാക്കിയ രണ്ട് വ്യക്തികളുണ്ട് ശ്രീ രാജേഷ് ദാമോദരൻ Rajesh Damodaranശ്രീ ബാബു പോൾ തുരുത്തി സാറിനും Babu Paul Thuruthyനന്ദി പറയാനും ഈ അവസരം ഉപയോഗിക്കുന്നു. 
ഇന്ന് വയനാട്ടിലെവിടെയൊ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ചന്ദനം പെറ്റ പെണ്ണിന് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് അവളെ ഏറ്റവും കൂടുതൽ തവണ "ചന്ദനം പെറ്റ പെണ്ണേ.. " എന്നു കളിയാക്കി വിളിച്ചതിന് മനസ്സിൽ ക്ഷമ പറഞ്ഞു കൊണ്ടും യശ:ശരീരയായ ലക്ഷ്മിയേടത്തിക്കും എന്റെ കുട്ടിക്കാലം മുതൽ ഞങ്ങളുടെ നാട്ടിലെ ഹീറോ ആയിരുന്ന നാണുവേട്ടനും സ്നേഹാദരങ്ങൾ അർപ്പിച്ചുകൊണ്ട് നിറുത്തുന്നു. നിങ്ങളുടെ സ്വന്തം
ബെന്നി ടി ജെ ( +971 54 552 6936) 

ചന്ദനംപെറ്റ പെണ്ണ് - Part 15

"ഈ ജന്മത്തിത്തന്നെ ഒരേഴു ജന്മത്തിന്റെ കഷ്ടപ്പാടും ദു:ഖവുമൊരുപാടനുഭവിച്ച രാഘവന് മുമ്പനുഭവിച്ചതൊന്നും പോരാന്നായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നാണ് എനിക്കു തോന്നുന്നത് അതോണ്ടല്ലേ അവനീയൊരു സൂക്കേടു കൂടി അങ്ങേേര് കൊടുത്തത് . അല്ലെങ്കിലും ദൈവം ഇങ്ങനാണ് കഷ്ടപ്പാട് നിറഞ്ഞവർക്ക് അത് വാരിവാരിക്കൊടുക്കും സന്തോഷം കൊടുക്കുന്നവർക്ക് അതും സമ്പത്തൊള്ളോന് ആവശ്യത്തിനധികവും വാരിക്കൊടുക്കും എന്തിനാന്നറിയോ അവർക്കത് സൂക്ഷിക്കാനും പൊലിപ്പിക്കാനുമറിയാം എന്നാല് പാവപ്പെട്ടവനോ എമ്പാടും കഷ്ടപ്പാട് തന്നെ അവർക്ക് ഒള്ളത് സൂക്ഷിക്കാനറിയില്ല നശിപ്പിക്കാനേ അറ്യൂ അതോണ്ട് അവർക്കൊള്ളതുങ്കൂടി ദൈവം എടുത്ത് മൊത ലൊള്ളവർക്കു കൊടുക്കും എന്തിനാ ചുമ്മാ നശിപ്പിക്കുന്നത് കൈയ്യിലൊണ്ടങ്കിലല്ലേ അവര് നശിപ്പിക്കൂ അല്ല ഞാൻ ചുമ്മാ കാടു കയറിപ്പോയല്ലേ നാണുവേട്ടാ... പറഞ്ഞു വന്നപ്പോൾ അങ്ങു പറഞ്ഞന്നേയൊള്ളൂട്ടോ. അവന് ബ്ലഡ് ക്യാൻസറായിരുന്നു. കഴിഞ്ഞ ആറു വർഷമായികൊണ്ടുനടക്കുകയായിരുന്നു ആ പാവം. അവസാന സ്റ്റേജിലാന്നാ എന്നെക്കാണാൻ വന്നപ്പോൾ പറഞ്ഞത് ഡോക്ടറുമാര് അവരോട് പറഞ്ഞിരിക്കുന്നത് ഏറിയാൽ ഇനി ഒന്നോ രണ്ടോ മാസത്തിൽ കൂടുതൽ അവൻ ജീവിച്ചിരിക്കില്ലെന്നാനായിരുന്നു അതിനു മുമ്പ് ഒരിക്കലെങ്കിലും അവന്റെ പെങ്ങടെ മോളെക്കൊണ്ട് അവളെ അമ്മേന്നു വിളിക്കുന്നത് കേക്കണമെന്നുമാണ് അവന്റെ അവസാനത്തെ ആഗ്രഹം... നിങ്ങക്കറ്യോ കഴിഞ്ഞ തവണ പുല്പള്ളിയമ്പലത്തിലുവെച്ച് രാഘവനും ഗോമതിയും എന്നെ കണ്ടിരുന്നു അന്നാണ് ശ്രീജ ആരെന്ന് ആദ്യമായി അവനെന്നോട് പറഞ്ഞത് അന്ന് അയാൾക്ക് വട്ടാണെന്നാണ് ഞാൻ കരുതിയത് അപ്പോത്തന്നെ ഞാൻ അവിടെന്നു പോയി പിന്നീട് ഒന്നൊന്നര മാസത്തോളം അയാളേക്കുറിച്ച് യാതൊരു വിവരവുമില്ലാരുന്നു. പിന്നീടാണ് ഞങ്ങൾ തമ്മിൽ കാണുന്നതും എല്ലാം വിശദമായി എന്നോടു പറയുന്നതും പുല്പള്ളീന്നു തമ്മിൽ കണ്ടതിനുശേഷം ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് വീണ്ടും അസുഖം കൂടിയത്രേ പിന്നെ ഒരു മാസത്തോളം
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിൽ അഡ്മിറ്റായിരുന്നു
ഇനിയങ്ങോട്ടു കൊണ്ടുചെല്ലണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അവനെ നോക്കി നോക്കി അവരും മടുത്തു കാണും അവസാനം കണ്ടപ്പോൾ അവൻ പറഞ്ഞത്
“ സാറ് എനിക്കു വേണ്ടി ചെയ്യേണ്ടത് എങ്ങനെയെങ്കിലും എന്റെ അനന്തരവളേക്കൊണ്ട് ഒരു വട്ടമെങ്കിലും എന്റെനിയത്തിയെ അമ്മേ എന്ന് വിളിപ്പിക്കണം എന്റെ കണ്ണടയുംമുമ്പ് അതേലും എനിക്കു കേക്കണം. ജനിച്ചപ്പോൾ വേർപിരിയിച്ചവൻെ മനസമാധാനത്തിനു വേണ്ടിയാണ് അതിനു മുമ്പുഞാൻ മരിച്ചാൽ അവൾക്ക് സ്വന്തം മകളെ ഒരു നോക്കു കാണാൻ കഴിഞ്ഞെന്നു വരില്ല വേറാരും ഇതിനു മുന്നോട്ടിറങ്ങില്ല. എന്റെ രാജമ്മയെപ്പോലത്തെ ഭാഗ്യംകെട്ട ഒരമ്മ ഈ ലോകത്തിൽ വേറെയില്ല. അതല്ലേ സ്വന്തം മകളെയൊന്നു കാണാനും അവളുടെ അമ്മാന്നുള്ള വിളി കേൾക്കാനും കൊതിച്ച് ജനിച്ചപ്പോൾ അവളുടെ ദേഹത്തെ ചോര തൊടച്ചു വൃത്തിയാക്കിയ കീറത്തുണി അലക്കിയാൽ അവളുടെ മണം നഷ്ടപ്പെടുമെന്നു പേടിച്ച് വർഷങ്ങളായി അതു കണ്ണിലെ കൃഷ്ണമണിപോലേ കാത്തുസൂക്ഷിച്ച് കാത്തിരിക്കുന്നത് എന്നെങ്കിലും അവൾ മകളെ നേരിൽ കാണുമ്പോൾ അവളുടെ അന്നത്തെ നിസഹായതയും നിരപരാധിത്തവും പറഞ്ഞ് ഒന്നു കെട്ടിപ്പിടിച്ച് മാപ്പിരക്കാൻ മറ്റൊരാളുടെ സഹായം തേടുന്ന ആദ്യത്തെ അമ്മ എന്റെ രാജമ്മയായിരിക്കും അല്ലേ സാറേന്നു പറഞ്ഞ്
വല്ലാത്ത ഹൃദയവേദനയോടെ നെഞ്ചു തടവി നിലത്തു വീണ രാഘവനെ ഞാനാണ് ഗോമതീ ടെ തോളിലേക്ക് ചായ്ച്ചിരുത്തിയത് പാവം ഗോമതി ഭർത്താവിന്റെയും നാത്തൂന്റേം ഇടയിൽക്കെടന്ന് എരിഞ്ഞുതീരുവാണ്. ശ്വാസംമുട്ടൽ കാരണം പിന്നീട് എന്നോട് പറഞ്ഞത് അവളാണ്.
"ഏകദേശം മൂന്നു വർഷമായത്രേ രാജമ്മ ആരോടെങ്കിലും സംസാരിച്ചിട്ട് എന്നും അടച്ചിട്ട മുറിയിൽ ഇരിക്കാനാണ് അവൾക്കിഷ്ടം തന്റെ കുഞ്ഞിന്റെ ചോരക്കറ പുരണ്ട ആ പഴയ തുണിക്കഷണത്തോട് സംസാരിക്കും ചിലപ്പോൾ മുലകൊടുക്കും, തോളിൽ കിടത്തി പാട്ടുപാടും ആരേങ്കിലും കണ്ടാലോ അതു ചുരുട്ടി നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ടോടി ഏതെങ്കിലുമൊരു മൂലയിൽപ്പോയി ഒളിച്ചിരിക്കും. രാവേട്ടനെ കാണുമ്പോൾ അവൾ പറയുമത്രേ
“ദുഷ്ടനാ നിങ്ങൾ ദുഷ്ടൻ അമ്മയോടും നിങ്ങളോടും ഞാനന്നു കെഞ്ചിപ്പറഞ്ഞതല്ലേ എന്നെ മാനന്തവാടീല് കൊണ്ടുവിട്ടാ മതിയെന്ന് ഞാനെവിടെയങ്കിലും പോയെന്റെ മോളേം നോക്കി ജീവിച്ചേനേ നിങ്ങളമ്മയും മോനും ചേർന്നെന്റെ കുഞ്ഞിനെ എന്നിൽ നിന്ന് പറിച്ചെറിഞ്ഞില്ലേ..ഞാമ്മരിക്കുന്ന മുമ്പെങ്കിലും ഒന്നു കാണിച്ചുതരുമോ... എനിക്കെന്റ മോളേ?"
പക്ഷേ രാവേട്ടന് ബ്ലഡ് ക്യാൻസറാണെന്ന് അവളറിഞ്ഞിട്ട് മൂന്നു വർഷമേ ആയുള്ളൂ ആ നിമിഷം മുതലാണ് അവളരോടും മിണ്ടാതെയായത്. അന്ന് രാവേട്ടനവൾക്ക് വാക്കു കൊടുത്തതാ
”എന്നെ കുഴീലേക്കു വയ്ക്കുന്ന മുന്നേ നിന്റെ മകളെക്കൊണ്ടുവന്ന് നിന്റെ മുമ്പിൽ നിറുത്തുമെന്ന് അവളെക്കൊണ്ട് നിന്നെ അമ്മേന്നു വിളിപ്പിക്കൂന്ന് “
അന്നു തൊട്ടലയുവാണെന്റെ രാവേട്ടൻ ഇടയ്ക്കിടയ്ക്ക് ചെക്കപ്പിന് കോഴിക്കോട് പോകുന്നതുകൊണ്ടാണ് നീണ്ടുപോയത്.” ഇനി അധികം ആയൂസില്ലെന്ന സത്യം അറിഞ്ഞിട്ടും പണ്ട് ചെയ്തൊരു തെറ്റിന് പ്രായശ്ചിത്തം ചെയ്തിട്ടു കണ്ണടയ്ക്കണമെന്ന ആഗ്രഹത്താലാണ് കാലു വെന്ത പട്ടീനെപ്പോലേ എന്റെ കെട്ട്യോനിങ്ങനെ ഓടിനടക്കുന്നതെന്ന് "
ഗോമതിയെന്നാേടു പറഞ്ഞപ്പോൾ എന്താണ് അവരോട് മറുപടി പറയേണ്ടതെന്ന് സത്യത്തിലെനിക്കറിയത്തില്ലാരുന്നു നാണുവേട്ട...”
രാഘവനേക്കുറിച്ചും രാജമ്മയേക്കുറിച്ചും താൻ കേട്ടറിഞ്ഞതൊക്കയും ലക്ഷ്മിയമ്മ അവരോട് പറഞ്ഞു. ഇത്രയും നാൾ ശ്രീജയുടെ അമ്മയേക്കുറിച്ച് തങ്ങളുടെ മനസ്സിലുണ്ടായിരുന്ന വെറുക്കപ്പെട്ടവളുടെ ഒരു ഭീമാകാര പ്രതിമ നിലംപതിച്ച് പൊട്ടിച്ചിതറുന്നത് അവരറിഞ്ഞു. അവർക്കും അവളെ തെറ്റുകാരിയെന്നു വിധിക്കാൻ കഴിഞ്ഞില്ല. അവരുടെ മനസ്സിൽ മനോനില തകർന്ന് ഭ്രാന്താശുപത്രിയുടെ സെല്ലിലെ കമ്പികളിൽ തലയിട്ടടിച്ച് അലറിക്കരയുന്ന ഒരു സഹോദരിയും അതു കണ്ട് ഹൃദയം തകർന്നു വിലപിക്കുന്ന നിസ്സഹായനായ ഒരു സഹോദരന്റെയും ചിത്രമായിരുന്നു.
"നിങ്ങൾക്കറിയാമോ അന്ന് ബൈരക്കുപ്പയിൽ നിന്നും അവർ തിരിച്ചു വരുമ്പോൾ യാദൃശ്ചികമായാണ് ഞാനവരെ കണ്ടത്. ഓഫീസിൽ നിന്നും പഞ്ചായത്തുകളിലേക്ക് അയക്കേണ്ട ചില കത്തുകൾ ചിലപ്പോൾ ഞാനാണ് പോസ്റ്റു ചെയ്യാൻ പോകാറ് അന്ന് പോസ്റ്റോഫീസൽ പോയി തിരിച്ചു വരുമ്പോൾ അവർ ശ്രീജയുമായി സംസാരിക്കുകയായിരുന്നു. ഒന്ന് ഗൂഡല്ലൂരുവരെ വരണമെന്നും രാജമ്മയെ കാണണമെന്നും അമ്മേയെന്ന് വിളിക്കണമെന്നും അവൾക്കു മാപ്പു കൊടുക്കണമെന്നും പറഞ്ഞു കരയുമ്പോഴാണ് ഞാനെത്തുന്നത്. ഞാനും കൊറെ പറഞ്ഞു നോക്കി പക്ഷേ അവൾ സമ്മതിച്ചില്ല."
“അവളെന്താണ് അവരോടന്നു പറഞ്ഞത് ലക്ഷ്മിയമ്മേ..?”
ചന്ദ്രകുമാറിന്റെ ചോദ്യം കേട്ടപ്പോൾ കാറിന്റെ കുലുക്കത്തിൽ
ഒരു ദീർഘശ്വാസമെടുത്തു കൊണ്ട് ലക്ഷ്മിയമ്മ പുറത്തേക്കു നോക്കിയിരുന്നു. രണ്ടു മൂന്ന് നിമിഷത്തെ മൗനത്തിനു ശേഷം തുടർന്നു.
" അവൾ അവരോടു പറഞ്ഞതിങ്ങനെയാണ്
എനിക്കു നിങ്ങളാരാന്നറിയില്ല എന്റെ അച്ഛനും അമ്മയും എന്നെ വളർത്തി വലുതാക്കിയവരാണ് അവരെ മറന്ന് ഈ നിമിഷം വരെ ഞാൻ ജീവിച്ചിട്ടില്ല ജീവിക്കുകയുമില്ല അച്ഛനെന്നു ഓരാളെയെ വിളിക്കൂ അതെന്റെ ദൈവമായ ബാർബർ നാണുവിനെ മാത്രം അമ്മയെന്ന് ഞാനൊരാളെ മാത്രമേ വിളിക്കൂ അതെന്റെ എല്ലാമെല്ലാമായ ലക്ഷ്മിയേടത്തിയെ മാത്രം മറ്റൊരു സ്ത്രീയെ അമ്മയെന്നു വിളിക്കണമെങ്കിൽ എന്റെ ആ അമ്മ പറയണം എന്നോട് ഞാനല്ലെടി നിന്റെയമ്മ .. ദേ ഈ നിക്കുന്നവളാണ് നിന്റെ അമ്മയെന്ന്?
എന്നയല്ല ഇവളെയാണു നീ അമ്മേന്നു വിളിക്കണ്ടതെന്ന്.. നിങ്ങൾക്കറ്യോ എനിക്ക് ഒരച്ഛന്റെ സ്നേഹമല്ല നാലച്ഛൻമാരുടെ സ്നേഹമാണ് കിട്ടിയത് എന്റെ പൊന്നേട്ടന്മാർ തങ്ങളുടെ രക്തമല്ല ഞാനെന്നറിഞ്ഞിട്ടും രക്തബന്ധത്തിലുള്ള സഹോദരിയേക്കാൾ സ്നേഹിച്ചാണ് എന്നെ നോക്കി വളർത്തിയത്
അതേപോലേ എന്റെ ലക്ഷ്മ്യേടത്ത്യേക്കാളും കൂടുതൽ ഒരമ്മയുടെ സ്നേഹത്തോടെ എന്നെ ചൊമന്നു നടന്നതെന്റെ ശ്രീദേവിയേച്ച്യാ അവരെയൊക്കെ മറന്ന് നിങ്ങടെ പെങ്ങളെ അമ്മേന്നു വിളിക്കാനീ ജന്മം എനിക്കാവില്ല ഈ ജന്മത്തിമാത്രല്ല വരുന്നേഴുജന്മത്തിലും അവരെ മാത്രേ എനിക്കു സ്നേഹിക്കാൻ കഴ്യൂ ജനിച്ചപ്പോ എന്നെ വലിച്ചെറ്ഞ്ഞ നിങ്ങക്ക് എന്റെ വിളി കേക്കാൻ മാത്രമല്ല കാണാമ്പോലും യോഗ്യതയില്ല എങ്കിലും നിങ്ങളോടോക്കെ വല്യ നന്ദീണ്ട് എന്തിനാണെന്നറ്യണോ നിങ്ങക്ക്? അന്നെന്നെ വലിച്ചെറിഞ്ഞോണ്ടന്റെ നാണുവച്ഛന്റേം ലക്ഷ്മ്യേടത്തീടേം ഏട്ടന്മാര്ടേം ഏച്ചീടേം പൊന്നൂട്ട്യായ് ഈ ലോകത്തു ജീവിക്കാൻ എനിക്കു സാധിച്ചത് അതിനാണ് നന്ദി പറയുന്നത്. ഇനിയൊരിക്കലും ബന്ധോം സൊന്തോം പറഞ്ഞ് നിങ്ങളെന്നെ കാണാൻ വരര്ത്.
അന്ന് രാഘവനും ഗോമതിയും തിരിച്ചു പോയപ്പോൾ മുതൽ ആ പാവം കാന്റീനിൽ ചെന്നിരുന്നു കരച്ചെലാരുന്നു."
"രാഘവൻ മരിച്ചത് അവൾക്കറ്യോ ലക്ഷ്മിയമ്മേ? "
നാണുവേട്ടൻ ചോദിച്ചു.
"അറ്യാം.. അവക്കറ്യാം രാഘവന്റെ ബോഡി കാണാൻ ഞാനവളെ കൊറേ വിളിച്ചതാ നിന്റെ പെറ്റമ്മേനെ കാട്ടിത്തരാന്നും പറഞ്ഞതാ പക്ഷേ "
പറഞ്ഞത് പൂർത്തിയാക്കാതെ ലക്ഷ്മിയമ്മ നിറുത്തി.
"എന്താണ്... എന്താണവൾ പറഞ്ഞത്?"
കാർ റോഡിന്റെ ഓരം ചേർത്ത് നിറുത്തിയിട്ട് ലക്ഷ്മിയമ്മയുടെ മുഖത്തേക്കു നോക്കി ചന്ദ്രകുമാർ ആകാംഷയോടെ ചോദിച്ചു.
" കാണണമെന്നാഗ്രഹമൊണ്ട് ലക്ഷ്മിയമ്മേ പക്ഷേ ഞാൻ വരില്ല വരാൻ പാടില്ല എന്റെ അച്ഛനും അമ്മയും ഏട്ടന്മാരുമറിയാതെ ഇതുവരെ യാതൊന്നും എന്റെ ജീവിതത്തിലില്ല അവരോട് ചോദിക്കാതെ എന്റിഷ്ടപ്രകാരം ഈ നിമിഷം വരെ ഞാനൊന്നും ചെയ്തിട്ടില്ല എന്റെ തന്നിഷ്ടപ്രകാരം ഞാനിങ്ങനെ ചെയ്തെന്ന് അവരറിഞ്ഞാൽ ആ നല്ല മനസ്സെത്ര മാത്രം വേദനിക്കും? അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല അവര്ടെ മനസ്സു നോവിച്ചിട്ടു കിട്ടുന്നതൊന്നും എത്ര വല്യ സന്തോഷായാലും എനിക്കു വേണ്ട.അതിപ്പോ ഒറപ്പിച്ച എന്റെ കല്യാണായാലും നമ്മക്കു വേണ്ട പൊന്നൂട്ട്യേന്നാെര് വാക്ക് അവരിൽ ഒരാളെങ്ക്ലും പറഞ്ഞാ മതി സന്തോഷായിട്ട് ഞാനത് വേണ്ടാന്നു വെക്കും ലക്ഷ്മിയമ്മേ കാരണം അവരേക്കാ വെല്തല്ല ന്റെ കല്യാണവും ജീവിതോം. ഞാനെത്ര ദുഃഖിച്ചാലും അത് ഞാന്മാത്രമറിഞ്ഞാ മതീലോ പക്ഷേ അവരെന്നും സന്തോഷിക്കണ കാണാനാ എനിക്കിഷ്ടം.. അവളിത് പറഞ്ഞിട്ട് കരഞ്ഞില്ല നാണുവേട്ടാ പക്ഷേ ഞാനായിരുന്നു കരഞ്ഞത് അന്നെനിക്ക് മനസ്സിലായി നിങ്ങളെയെല്ലാം അവളെന്തോരം സ്നേഹിക്കുന്നുവെന്ന് എന്തോരും മക്കള് സ്വന്തം മാതാപിതാക്കളുടെ വാക്കുകൾ തള്ളിക്കളയുന്നു എന്തിനേറേ ലാളിച്ചു വളർത്തിയ ഞാമ്പെറ്റ എന്റെ മക്കളുപോലും ചിലപ്പോൾ എന്നോട് തർക്കിക്കാറൊണ്ട് വഴക്കൊണ്ടാക്കാറാെണ്ട് മാസങ്ങളോളം പെണങ്ങി നടക്കാറൊണ്ട് അതെക്കെ വെച്ചു നോക്കുമ്പോൾ എത്ര ഉയരത്തിലാ അവള് നിക്കണതെന്നറ്യോ? അവള് ചെലപ്പോഴെക്കെ പറയാറാെണ്ട് അവക്കെങ്ങാനും മക്കളൊണ്ടൊക്വാണെങ്കിൽ നിങ്ങടൊപ്പം നിറുത്തി വളർത്തൂന്ന് എങ്കിലേ അവർക്ക് സ്നേഹം എന്താണെന്നറ്യൂന്ന് അന്ന് ഞാനവളെ ഇങ്ങനെ പറഞ്ഞ് കളിയാക്കിയിട്ടൊണ്ട് "ഓ..പിന്നെ ഈ ലോകത്തിൽ നിന്റെ അച്ഛനും അമ്മയ്ക്കും മാത്രമാണോ സ്നേഹിക്കാനും മക്കളെ വളർത്താനും അറ്യൂ? നിന്നെ എങ്ങനെയാണ് നിന്റെ അച്ഛനും അമ്മയും നോക്കി വളർത്തീത് അതുപോലേ തന്ന്യ ഞങ്ങളേം വളർത്തീത്. പക്ഷേ ഈ അടുത്ത സമയത്താണ് അവളേ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം ഞാനറിഞ്ഞത് അപ്പോഴാണ് ഇത്രയും നാൾ അവൾ പറഞ്ഞതെല്ലാം തമാശയല്ല അത് ആ ഹൃദയത്തിൽ തട്ടിയാണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കിയത് സത്യത്തിൽ നിങ്ങളോടെക്കെ എനിക്ക് ഭയങ്കര ബഹുമാനമാണ് നാണുവേട്ടാ മനുഷ്യത്തം നശിച്ചോണ്ടിരിക്ക്ണ ഈ ലോകം നെല നിക്കണത് നിങ്ങളേപ്പോലൊള്ളോര് ജീവിച്ചിരിക്കണോണ്ട പിന്നെ നമ്മളിതെക്കെ സംസാരിച്ചെന്നും ഗൂഡല്ലൂര് പോയെന്നും അവളറിയണ്ട അത് നിങ്ങളെനിക്ക് ഒറപ്പു തരണം."
ലക്ഷ്മിയമ്മയ്ക്ക് അവർ ഉറപ്പു നല്കി.
ചരക്കെടുക്കാൻ പോയപ്പോൾ അന്ന് അവളുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല എന്തോ വിഷാദഭാവമായിരുന്നു. ചോദിച്ചപ്പോൾ തലവേദനയാണെന്നാണല്ലോ അവൾ പറഞ്ഞത് സിന്ധുവിനോട് അത് സൂചിപ്പിച്ചപ്പോൾ അവൾക്കു ചിരിയാണ് വന്നത്.വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞത്.
" അതേ... കൊച്ചേട്ടോ ആണുങ്ങക്കില്ലാത്ത പല വേദനേം തലവേദനേം പെണ്ണുങ്ങക്കു വരും അതൊന്നും ചെകയാൻ നിക്കാതെ നിങ്ങളുവേറെ പണി നോക്കൂ "
പിന്നെ താനതിനേക്കുറിച്ച് ഒന്നും ചോദിച്ചില്ല പക്ഷേ എല്ലാം കൂട്ടി വായിച്ചപ്പോൾ.. ഇപ്പോൾ ഉത്തരം കിട്ടിയെന്നു ചന്ദ്രകുമാറിനുതോന്നി.
ലക്ഷ്മിയമ്മ പറഞ്ഞതെല്ലാം കേട്ടപ്പോൾ അവർക്ക് സങ്കടമായി മൂവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.നാണുവേട്ടൻ നിശബ്ദനായി കരഞ്ഞു തന്റെ കണ്ണീർ മക്കൾ കാണാതിരിക്കാൻ സൈഡ് ഡോറിന്റെ ഗ്ലാസുതാഴ്ത്തി പുറത്തേക്കു നോക്കിയിരുന്നു. താൻ പൊട്ടിക്കരഞ്ഞു പോകുമെന്ന് തോന്നിയ അനിൽകുമാർ തൂവാല എടുത്ത് മുഖം മറച്ചു. ചന്ദ്രകുമാറിന്റെ കണ്ണുകൾ നിറഞ്ഞാെഴുകി മുന്നിലെ കാഴ്ച്ചകൾ മറച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ ശേഷമാണ് അയാൾ നിറുത്തിയിട്ട കാർ സ്റ്റാർട്ടാക്കിയത് ഇരുളം എത്തുന്നവരെ പിന്നെയൊന്നും ആരും സംസാരിച്ചില്ല ലക്ഷ്മിയമ്മയെ ഇരുളത്ത് ഇറക്കിയിട്ട് അവർ പുല്പള്ളിക്കു പോയി.
ഇന്ന് ശ്രീജയുടെ കല്യാണമാണ് പത്തിനും പതിനൊന്നിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ തിരുനെല്ലി അമ്പലത്തിൽ വച്ചാണ് താലികെട്ട് മാനന്തവാടിയിലെ ഹോട്ടൽ വൈറ്റ് ഫോർട്ടിലെ ബൻക്വിറ്റ് ഹാളിൽ വച്ചാണ് റിസപ്ഷൻ തീരുമാനിച്ചിരിക്കുന്നത്. ശ്രീജയുടേയും സുധീഷിന്റെയും സഹപ്രവർത്തകർക്കും നാണുവേട്ടന്റെയും കേശവേട്ടന്റെയും ബന്ധുക്കൾക്കെല്ലാം എളുപ്പം എത്തിച്ചേരാൻ കഴിയുന്നതിനാലാണ് പരിപാടി മാനന്തവാടിയിലാക്കാൻ തീരുമാനിച്ചത്.രാവിലെ വീട്ടിൽ നിന്നും കല്യാണപ്പെണ്ണിന് ഇറങ്ങാൻ സമയമാകാറായപ്പോൾ നാണുവേട്ടന്റെ അളിയൻ കുമാരൻ പറഞ്ഞു.
"മണവാട്ടി പെണ്ണിറങ്ങുന്നതിന് മുമ്പ് കുടുംബത്തിലെ കാരണവന്മാർക്കും മൂത്തവർക്കും ദെക്ഷിണ വച്ച് അനുഗ്രഹം വാങ്ങണം എന്ന ചടങ്ങുണ്ട് അപ്പോൾ പെണ്ണ് ദെക്ഷിണ നല്കുമ്പോള് അതു സ്വീകരിച്ച് അവളെ അനുഗ്രഹിച്ച് മധുരം നല്കണം പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ചുള്ളവർ വരി വരിയായി വന്നോളൂ. വേഗം വേണം രാഹുകാലത്തിനു മുമ്പു തീർത്താലേ മുഹൂർത്തത്തിനു മുമ്പ് അമ്പലത്തിലെത്താമ്പറ്റൂ ."
ആദ്യമെത്തിയത് കുമാരേട്ടന്റെ അമ്മ ദാക്ഷായണിയായിരുന്നു. മൂപ്പെളമയനുസരിച്ച് ഓരോരുത്തർക്കും അവൾ ദക്ഷിണ നല്കി പാദത്തിൽ നമസ്കരിച്ചു. അവർ അവളെ ശിരസ്സിൽ കൈയ് വച്ച് അനുഗ്രഹിച്ച് മധുരം നല്കി.
" ഇനിയാർക്കെങ്കിലും ദക്ഷിണ നല്കാനുണ്ടോ?"
കുമാരേട്ടൻ വിളിച്ചു ചോദിച്ചു.
"കൊച്ചേട്ടനു ദക്ഷിണ കൊടുത്തില്ല. അമ്മേ കൊച്ചേട്ടനെന്ത്യേ?"
"ഇവടെയൊണ്ടായിരുന്നല്ലോ അവൻ? എ വിടെപ്പോയെടി സിന്ധ്വേ.. നിന്റെ കെട്ട്യോൻ ..?
ലക്ഷ്മിയേടത്തി മരുമകളോട് ചോദിച്ചു.
"ആരോ രണ്ടു പേര് ബൈരക്കുപ്പേലെത്തും കൂട്ടികൊണ്ട് വേഗം വരാന്നു പറഞ്ഞ് പോയതാ കാണണില്ലല്ലോ? എവടെ പോയോ ആവോ?"
"രാഹുകാലം കഴിയാറായി അവനെവടെപ്പോയി ഒരു കാര്യം ചെയ്യാം നമ്മക്കിറങ്ങാം "
കുമാരേട്ടൻ ഒച്ചവയ്ക്കാൻ തുടങ്ങി
" വേണ്ട എന്റെ കൊച്ചട്ടനു ദക്ഷിണ കൊട്ത്ത് അനുഗ്രഹം വാങ്ങതെ ഞാനീ പടിയെർങ്ങില്ല "
ശ്രീജ കരയാൻ തുടങ്ങി.
അപ്പോൾ പുറത്ത് റോഡിൽ ഒരു ഓട്ടോ വന്നു നിന്നു.ഒപ്പം ഒരു ബൈക്കും ബൈക്കിൽ നിന്നും ഇറങ്ങിയ അനിൽകുമാർ തിരിച്ചുവന്നു.നാണുവേട്ടന്റെയും ചന്ദ്രകുമാറിന്റെയും ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.
അവർ മൂന്നു പേരും ഓട്ടോയുടെ അരികിലേക്കു പോയി അപ്പോൾ ഓട്ടോയിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങിയിട്ട് മറ്റൊരു സ്ത്രീയെ പിടിച്ചിറക്കി അത് ഗോമതിയും രാജമ്മയും ആയിരുന്നു. അവർ വന്ന സ്ത്രീകളെ കൂട്ടിക്കൊണ്ട് മുറ്റത്ത പന്തലിലേക്കു കയറിവന്നു .
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

ചന്ദനംപെറ്റ പെണ്ണ് - Part 14

“എങ്ങനെയാണ് നാണുവേട്ടാ നിങ്ങൾക്കവളെ കിട്ടിയത്..? ആരാണ് തന്നത്? പറയുന്നതിൽ എന്തെങ്കിലും കൊഴപ്പമുണ്ടോ അല്ല.. കഴിഞ്ഞു പോയ കാര്യങ്ങൾ പറയുന്നത് ചെലർക്കിഷ്ടമല്ല അതുകൊണ്ടാ ചോദിക്കുന്നത്..?”
ലക്ഷ്മിയമ്മയുടെ ചോദ്യത്തിനു മറുപടിയായി നാണുവേട്ടൻ അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു പറയുവാൻ തുടങ്ങി.
“ അന്ന് ഞാനും ലക്ഷ്മീം മാനന്തവാടീല് ഒരു കല്യാണത്തിനു പോയി തിരിച്ചു പുതിയ റോട്ടില് ബസ്സിറങ്ങി നടന്നു വരുമ്പോഴാണ് അവടെ നമ്മടെ ബൈരേശ്വര അമ്പലത്തിന്റെടുത്ത് കൊറേയാൾക്കാര് കൂടി നിക്കുന്നത് കണ്ടത് കാര്യമെന്താണെന്നു നോക്കീട്ടിപ്പോ വരാന്നു ലക്ഷ്മ്യോടു പറഞ്ഞിട്ട് ഞാനങ്ങോട്ടു ചെല്ലുമ്പോ അവടെ ആ ചന്ദനമരത്തിന്റെ ചോട്ടിലെ നാഗത്താന്റടുത്ത് ഇത്തിരിയില്ലാത്ത ഒരു കുഞ്ഞ് കെടന്നു നൊരോളിക്കുന്നു അപ്പോ അവടെയൊണ്ടായിരുന്നവരിൽ ആരോടോ ഒരാളോട് ഏതാണീക്കൊച്ചെന്നു ചോദിച്ചപ്പോൾ കടത്തുകാരൻ കുപ്പായക്കോട്ട് പാപ്പച്ചൻ ചേട്ടനെന്നോട് പറഞ്ഞു.
"കൊച്ചാരുടെയാണെന്നറിയില്ല നാണൂ ചോരമണം മാറാത്ത പെങ്കൊച്ചാടാ പ്രസവിച്ചെടനെ അതിന്റെ തള്ളയതിനെ ഉപേക്ഷിച്ചു പോയെന്നാ തോന്നുന്നേ അതിവടെക്കെടന്നു കരയാന്തൊടങ്ങീട്ട് കൊറേ നേരമായെന്നാ പറഞ്ഞെ നമ്മടെ അച്ചെപ്പി ഗൗഡേന്റെ പെണ്ണുമ്പിള്ളയില്ലേ സുശീല ഗൗഡത്തി…. അവളാ ഇതിനെയാദ്യം കണ്ടത് അവളിവിവടെ അമ്പലത്തില് വെളക്കുവെക്കാൻ വന്നതാ അപ്പോളാ കണ്ടത് പുള്ളിക്കാരിത്തി ഒടനെ തന്നെ അവടെ മോനില്ലേ ചുള്ളപ്പ ഗൗഡ.. നമ്മടെ ചുള്ളി ആ ചെറുക്കനെ തോണിക്കടവിലേക്കു പറഞ്ഞുവിട്ടു അവനാ തോണിക്കടവില് വന്ന് ഞങ്ങളോട് പറഞ്ഞത് അമ്പലത്തിന്റരികിലൊള്ള ചന്ദനച്ചോട്ടിൽ
ഒരു കൊച്ചിന്റെ ശവം കെടപ്പുണ്ടെന്ന് കേട്ടപാതി കേക്കാത്ത പാതി ഞങ്ങളെല്ലാരും ഓടിപ്പെടച്ച് ഇവടെ വന്നപ്പോ ദേ തുണീപ്പൊതിഞ്ഞ് ഇച്ചിരിയില്ലാത്ത ഒരു കൊച്ച്. സുശീല ആദ്യം കാണുമ്പോ ആ കൊച്ച് നല്ല ഒറക്കമാരുന്നു അതോണ്ടാ ആ പെണ്ണുമ്പിള്ള ഇതിനെ ശവമാന്നു കരുതീത്. ഇവടെ വട്ടം കൂടിയോര് ഒച്ചയെടുത്തോണ്ടാന്നു തോന്നു അതിന്റെ ഒറക്കം പോയി അപ്പോ മൊതല് തൊടങ്ങീത കണ്ണും തൊറന്നു എലിക്കുഞ്ഞിനേപ്പോലേ കീ... കീ..ന്ന് കരയാൻ ആരെടെയാണെന്നോ എവിടെത്തെയാണെന്നോ ആർക്കുമറിയത്തില്ല കാര്യമെന്താന്നറിയാതെ ആരും അതിനെ തൊടുന്നില്ല. അമ്പലംകാട്ടിലായതോണ്ട് കൊറച്ചു പേര് വിവരം പറയാൻ റെയ്ഞ്ചറാപ്പീസിലേക്ക് പോയിട്ടൊണ്ട് അവര് എച്ച് ഡി കോട്ട പോലീസില് വിളിച്ചു പറഞ്ഞോളും ഗുലുമാലാകുന്ന കേസല്ലേ അതാ കൊഴപ്പം ഇനി പോലീസും ഫോറസ്റ്റുകാരും ഇങ്ങാേേട്ട് വരുന്നവരെ ഈ കൊച്ചിയെന്നാ ചെയ്യും...? ആരുനോക്കും..?"
പക്ഷേ എനിക്കാ കുഞ്ഞിന്റെ കരച്ചിൽ കേട്ടു നില്ക്കാനായില്ല പോരാത്തതിന് അല്പം പൂസും...മാനന്തവാടീന്നു വരുന്ന വഴിക്ക് ബാവേലിയിൽ ബസ്സുനിറുത്തിയപ്പോ അടുത്തുള്ള ചാരായക്കടേക്കേറി ഞാനൊരു നൂറ്ററമ്പത് മില്ലി മോന്തീട്ടാ വന്നത് അതിന്റെ കൊറച്ച് പൂസുണ്ടായിരുന്നു എന്നത് സത്യാ അതിന്റെ വെലത്തില് രണ്ടും കല്പിച്ച് ഞാനാക്കൊച്ചിനെ വാരിയെടുത്തിട്ട് അവിടെ കൂടിനിക്കുന്നവർ കേൾക്കാൻ പറഞ്ഞു.
"ദൈവം സഹായിച്ച് എനിക്കു മക്കള് നാലാ .. അതിന്റെകൂടെ ഒന്നിനേങ്കോടെ പോറ്റാനുള്ള തന്റേടൊണ്ട് ഈ ബാർബർ നാണൂന്.. അതോണ്ട് ഇതിനെ ഞാനെടുക്ക്വാ... ഈ ചന്ദനം പെറ്റ പെണ്ണിനെ... റോഡില് നിന്ന ഇവൻമാരുടെ അമ്മേനെ ഞാൻ കൈയ് കാട്ടി വിളിച്ചു എന്തോ എന്റെ കൈയ്യിലുണ്ടെന്നു കണ്ട അവൾ വേകമോടി വന്നു കൊച്ചിനെ അവടെ അടുത്തു കൊടുത്തിട്ടു പറഞ്ഞു ഡീ... ലക്ഷ്മ്യേ... ഇത് ആ നിക്കുന്ന ചന്ദനമരം പെറ്റ പെണ്ണാ ഞാനിതിനെയങ്ങെടുത്തു. ബൈരേശ്വരൻ നമ്മക്കു തന്നതാണെന്നു കരുത്യാ മതീടീ... ഇന്നാ നീയിതിനെ പിടിച്ചോ ഇന്നു മൊതല് ഈ നിമിഷം മൊതല് ഇവളു നമ്മടെ സ്വന്തം മോളാ.. നിനക്കെന്തെങ്കിലും പറ്യാനൊണ്ടെങ്കി ദാ... ഇപ്പം ഇവടെ വെച്ച് പറഞ്ഞോണം പിന്നെ കണാകുണാന്ന് പറയല്ല്..."പൂസുമ്പൊറത്താണ് ഞാൻ കൊച്ചിനെ എടുത്തെങ്കിലും
ലക്ഷ്മി കമാന്നൊരക്ഷരം പറയാതെ രണ്ടു കൈയ്യും നീട്ടി കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു..
“ഇപ്പഴാഡീ.. നായിന്റ മോളേ... നീ ബാർബർ നാണൂന്റെ പെമ്പറനോത്തിയായേ"എന്നു പറയാനാണെനിക്കു അപ്പോൾ തോന്നീത് അതു തന്നെയങ്ങു പറഞ്ഞു അല്ല പിന്നെ
ഏറ്റേം സ്നേഹങ്കൂടുന്ന സമയത്തേ ഞാന്തെറി വിളിക്കൂന്നവക്കറ്യാം അതോണ്ട് അവളൊന്നും പറഞ്ഞില്ല പക്ഷേ അവടെ കൂടി നിന്നോരോട് ഞാൻ രണ്ടെണ്ണമ്പറഞ്ഞു..“
" നിങ്ങളിനിയെന്നാ കാണാനാടാ പട്ടികളെയിവിടെ വായിന്നോക്കി നിക്കുന്നേ.. ഈ കൊച്ചിന്റെ കാര്യോർത്താണെങ്കി ഒരു മറ്റവൻമാരും നിക്കണ്ട. ഇച്ചിരിയില്ലാത്തൊരു ചോരക്കുഞ്ഞിവിടെക്കെടന്നു കരയുന്ന കണ്ടിട്ടും അതിനോട് ഇച്ചിരിയെങ്കിലും മനുഷ്യത്തോം മനസാക്ഷീം കാണിക്കാത്തോർക്ക് പോലീസല്ല പോറസ്റ്റല്ല രാജീവ് ഗാന്ധീന്റെ പട്ടാളം വന്നാലും ഇനിയതിനേക്കുറിച്ച് മിണ്ടാനൊള്ള അവകാശോല്ലെടാ... നായിന്റെ മക്കളേ.. "
അവസാനം പറഞ്ഞത് മുഴുതെറിയായിരുന്നു അതിപ്പോ ഇവിടെ പറയുന്നില്ല..” പറഞ്ഞു തീർന്നപ്പോൾ അയാളുടെ വായിൽ ഉമിനീർ കെട്ടി
നാണുവേട്ടൻ അത് പുറത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞു. അനിൽകുമാറും ചന്ദ്രകുമാറും തങ്ങളുടെ അച്ഛനെ ആരാധനയോടെ നോക്കി ലക്ഷ്മിയമ്മയും
“അല്ല ലക്ഷ്മിയമ്മേ പിന്നെയെന്താണ് രാജമ്മയ്ക്ക് സംഭവിച്ചത്..?”
ചന്ദ്രകുമാർ ചോദിച്ചു.
“പിന്നെ... സമ്പവിച്ചതൊന്നും പറയാണ്ടിര്ക്ക്യാ നല്ലത്.. രാഘവൻ പറഞ്ഞതു കേട്ടേപ്പിന്നെ എന്റെ ഒറക്കോംപോയി ഒള്ള മനസമാധാനോം പോയി “
വീണ്ടും ലക്ഷ്മിയമ്മ കഥ തുടർന്നു
"വെശന്നപ്പോൾ അവളുണർന്നു കരഞ്ഞിട്ടൊണ്ടാകും, രക്തമണമൊള്ളതുകൊണ്ട് ഉറുമ്പരിച്ചിട്ടൊണ്ടാകും കട്ടുറുമ്പെങ്ങാനും കൊച്ചിനെ കടിച്ചിട്ടൊണ്ടാകുമോ.? വല്ല കൊടിച്ചിപ്പട്ടികളെങ്ങാനും കടിച്ചു വലിച്ചിട്ടൊണ്ടാകുമോ അമ്മേ..?ദൈവമേ എന്റെ കുഞ്ഞിനൊരാപത്തുമൊണ്ടാകാതെ കാത്തോളണേ ഏതേലും നല്ല മനുഷ്യപ്പറ്റൊള്ളോർക്കവളെ കിട്ടണേ, അവരവളെ പൊന്നുപോലേ സ്വന്തം കുഞ്ഞിനേപ്പോലേ കാക്കണമേ.. എന്റീശ്വരന്മാരേ..”
പുല്പള്ളിയിൽ നിന്നും ബത്തേരിക്കും അവിടെ നിന്നും ഗൂഢല്ലൂരിലേക്കും പോകുമ്പോൾ രാജമ്മയുടെ ഉറക്കെയുള്ള പ്രാർത്ഥനകൾ ഇങ്ങനെയായിരുന്നെന്നത്രേ. വീട്ടിലെത്തിയശേഷം കുറേ ദിവസങ്ങൾ കഴിഞ്ഞാണ് അമ്മ രാഘവനോടു ഇതെക്കെ പറയുന്നത്. അതു കേട്ടപ്പോൾ ഹൃദയം പൊട്ടി മരിക്കാനാണ് അവനാഗ്രഹിച്ചത്.
ആ കുടുംബത്തിലെ എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു പിന്നീട്.ഓരേ പ്രാവശ്യവും രാജമ്മയറിയാതെ അവളുടെ മുല ചുരത്തും ഇട്ടിരിക്കുന്ന വസ്ത്രം നനയുമ്പോൾ ആരും കാണാതെ മുലപ്പാൽ തിങ്ങിനിറഞ്ഞ മറിടങ്ങൾ പിഴിഞ്ഞുകളയുമ്പോൾ എന്റെ കുഞ്ഞിനു വിശന്നിട്ട് മുലപ്പാലിനു വേണ്ടി കരയുകയാണല്ലോ എന്ന വിഷമം ആർക്കാണ് ഏതമ്മയ്ക്കാണ് താങ്ങാൻ കഴിയുക. രാവിലെയെണീക്കുമ്പോൾ പാലുതിങ്ങിവീർത്തു വിങ്ങുന്ന മുലകൾ പിഴിഞ്ഞുകളയുമ്പോളുണ്ടാകുന്ന മരണവേദന രാജമ്മയൊരുപാടു സഹിച്ചു അല്ലാതെ അവളെന്തു ചെയ്യും..? ഉറക്കത്തിലെന്നും ചന്ദനച്ചോട്ടില് കൈയ്കാലുകളിട്ടടിച്ചു ജീവനു വേണ്ടി പിടയുന്ന മോളേ സ്വപ്നങ്കണ്ട് ഞെട്ടിയെണീറ്റ് ആ പിഞ്ചു ദേഹം അവസാനമായി തൊടച്ച അവളുടെ രക്തമൊണങ്ങിപ്പിടിച്ച ആ തുണിക്കഷണം നെഞ്ചത്തടക്കിപ്പിടിച്ച് ഒറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടി എന്റെ പെങ്ങൾ കരഞ്ഞിട്ടുള്ള രാത്രികൾ എത്രയാണെന്ന് എനിക്കറിയത്തില്ലെന്നും പറഞ്ഞ് എന്റെ മുന്നിൽ തലയിട്ടടിച്ചു കരഞ്ഞ ആ മനുഷ്യനെ എനിക്കും ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം.
പതിയെപ്പതിയെ ആരോഗ്യം നഷ്ടപ്പെട്ട് രാജമ്മ ഭ്രാന്തിന്റെ വക്കിലെത്തിയത്രേ മൂന്നു വർഷത്തിനിടയിൽ നിരവധി തവണ ജീവനൊടുക്കാനുള്ള അവളുടെ ശ്രമം അമ്മയും സഹോദരങ്ങളുങ്കൂടി നശിപ്പിച്ചു.പിന്നെപ്പിന്നെ ഓരോരുത്തരും അവൾക്കു കാവലിരിക്കാൻ തൊടങ്ങി ആരെടെയെങ്കിലും കണ്ണു തെറ്റിയാമതി അവളെറങ്ങിയോടും മോളെത്തെരഞ്ഞ്. ഏതെങ്കിലും കുഞ്ഞുകുട്ടികളെ കണ്ടാൽ അവളുടെ കുഞ്ഞാണെന്നും പറഞ്ഞു ഒച്ചപ്പാടും ബെഹളവുമൊണ്ടാക്കാൻ തൊടങ്ങിയപ്പോൾ അവളെ ഒരു ഇരുട്ടുമുറിയില് അവര് പൂട്ടിയിട്ടു. അഞ്ചെട്ടു മാസം കഴിഞ്ഞപ്പോൾ ആരുമറിയാതെ തമിഴ്നാട്ടിലെ സുളൂരുള്ള ഒരു ഭ്രാന്താസ്പത്രീല് അഡ്മിറ്റാക്കി രണ്ടു മൂന്നു വർഷത്തോളം നീണ്ട ചികിത്സ നടത്തിയട്ടാണ് അവൾ വീണ്ടും ജീവിതത്തിലേക്കു മടങ്ങിവന്നതത്രേ.. ഇതിനിടേല് അവന്റെ എളയപെങ്ങളുടെ കല്യാണം കഴിഞ്ഞു. തിരിപ്പൂരിലേക്കാണ് കെട്ടിച്ചയച്ചത് .രാഘവനും ഗോമതിയെ കെട്ടി. അനുജന്മാരിൽ ഒരാൾ കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്നും മാറി താമസിച്ചു. അവർക്ക് അവരുടെ കാര്യങ്ങൾ നോക്കണല്ലോ? അവനും ഗോമതിയും അച്ഛനും അമ്മയും രാജമ്മയും ഏറ്റവും ചെറ്യ അനിയനും മാത്രമായി അവരുടെ തറവാട്ടിൽ. ഇതിനിടയിൽ രാജമ്മയുടെ നിരന്തരമായ ശല്യം സഹിക്കാൻ കഴിയാതെ അവൻ എളയ അനിയനേയും കൂട്ടി കാര്യങ്ങളറിയാൻ വീണ്ടും ബൈരക്കുപ്പേൽപ്പോയി. രഹസ്യത്തിൽ കാര്യങ്ങളെല്ലാം അന്വേഷിച്ചു അതു വേറെ ആരോടുമല്ല കുപ്പായക്കോട്ട് പാപ്പച്ചൻ ചേട്ടനോടു തന്ന്യാ അവര് ചോദിച്ചത്. അവര് പെരിക്കല്ലൂർ തോണിക്കടവിൽ നിന്നും തോണിയിൽക്കേറി അക്കരയ്ക്കു പോകുമ്പോൾ ഒന്നുമറിയാത്തപോലേ ആ തോണിക്കാരനോട് ചോദിച്ചു. " ചേട്ടോ..ഇന്നാളൊരു പെങ്കൊച്ചിനെ...ഇന്നാളെന്നുവെച്ച നാലഞ്ച് വർഷായിക്കാണും ഏതോ അമ്പലത്തിനടുത്തൂന്ന് ഇവിടെയെങ്ങാണ്ടൊള്ള ആർക്കോ കിട്ടീന്നു പറയുന്ന കേട്ടല്ലോ അത് ശരിയാണോ ചേട്ടാ? ആരാ ആ നല്ല മനുഷ്യൻ അയാളെ നിങ്ങക്കറ്യാവോ ? ഇന്നത്തെ കാലത്തും ഇങ്ങനെയൊള്ള നല്ല മനുഷ്യന്മാമാരുമൊണ്ടല്ലേ നിങ്ങടെ നാട്ടീൽ "
ഒന്നുമറിയാത്ത പോലേയുള്ള അവരുടെ ചോദ്യത്തിനുത്തരമായാണ് നാണുവേട്ടൻ കൊച്ചിനെയെടുത്തോണ്ടുപോയ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അങ്ങേര് അവരോട് പറഞ്ഞത്.തങ്ങൾ അന്വേഷിച്ചറിഞ്ഞു വന്ന വിവരങ്ങൾ അവർ അവളോടു പറഞ്ഞു.
"അവരെന്റ മോളെ പൊന്നുപോലേ നോക്കി വളർത്തുന്നുണ്ടല്ലേ രാഘവേട്ടാ?എനിക്കതുമതി. എവിടയാണെങ്കിലും അവളു സങ്കടപ്പെടാതിരുന്നാ മതിയെന്നു മാത്രമേ അപ്പോൾ രാജമ്മ പറഞ്ഞുള്ളൂ മോളുടെ വളർച്ചേടെ ഓരോ ഘട്ടവും അവരറിയുന്നുണ്ടായിരുന്നു. വന്നു കാണുന്നൊണ്ടായിരുന്നു. പക്ഷേ ഒരിക്കൽപ്പോലും പെങ്ങളെക്കൊണ്ടുപോയി കാണിച്ചെട്ടില്ല പേടിയായിരുന്നു അവർക്ക്. ചെയ്തു പോയ പാപത്തിന് എങ്ങനാ പരിഹാരം ചെയ്യേണ്ടതെന്നറിയാതെ മരണം വരെ ഉമിത്തീയിൽ വെന്തു നീറി പോരാത്തതിന് നിങ്ങടെ തല്ലുംങ്കൊണ്ടു“
“ശരിയാണു ലക്ഷമിയമ്മേ.. എന്റെ രക്തത്തിൽ പെറന്ന മറ്റു മക്കളേക്കാളും ദേ ഇവരേക്കാലും എനിക്കും എന്റെ ഭാര്യക്കും അവളെയാണു കാര്യം ഇവരെപ്പോലും അത്രയ്ക്കും സ്നേഹിച്ചു വളർത്തിയിട്ടില്ല.. ദേ ഈയിരിക്കുന്നവരോടു ചോദിച്ചാൽ അവരും പറയും അവളെ സ്നേഹിച്ചു ലാളിച്ചു വളർത്തിയ പോലെ സ്വന്തം മക്കളെ ഞങ്ങൾ സ്നേഹിച്ചിട്ടില്ലെന്ന് അതാണ് അവൾ പൊന്നൂട്ടി ഞങ്ങടെ ഭാഗ്യദേവത…”
നാണുവേട്ടൻ തന്റെ കൂടെയുള്ള മക്കളെ ചൂണ്ടിപ്പറഞ്ഞു.
“എനിക്കും അതറിയാം നാണുവേട്ടാ..
അവളെയും കൊണ്ട് നാണുവേട്ടൻ ബൈരക്കുപ്പയിൽ വരുമ്പോൾ മിക്കവരും അടക്കം പറയുന്നത്
"ദേ പോണു ചന്ദനം പെറ്റ പെണ്ണെന്നല്ലേ.?”
“അതേ….ലക്ഷിമിയമ്മേ അച്ഛേന്റെ നാക്കിനെ പേടിച്ച് ആരും അങ്ങനെ വിളിക്കാതെയായി പിന്നെപ്പിന്നെ അക്കാര്യം എല്ലാവരും മറന്നു. ഇത്രയും വർഷം കഴിഞ്ഞില്ലേ….”
ലക്ഷ്മിയമ്മയുടെ ചോദ്യത്തിന് അനിൽകുമാറാണ് മറുപടി പറഞ്ഞത്.
“മോളെ കിട്ടിയ ശേഷം നാണുവേട്ടന് സാമ്പത്തികമായി നല്ല അഭിവൃദ്ധിയുണ്ടായല്ലേ.ഒരിക്കൽ കേരള സംസ്ഥാന ഭാഗ്യക്കുറിയായ കൈരളിയുടെ ഒന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നാണുവേട്ടനാണ് അടിച്ചതല്ലേ? അതുകൊണ്ടല്ലേ മൂത്ത മകൾ ശ്രീദേവിയെ വിവാഹം കഴിപ്പിച്ചയച്ചതും ആൺമക്കൾക്ക് മുപ്പത്തിമൂന്നിലും പുല്പള്ളിയിലും കാട്ടിക്കുളത്തും ഷോപ്പുകൾ തുടങ്ങിയതും. അപ്പോൾ ഭാഗ്യ ദേവതയെന്നാണ് നിങ്ങൾ അവളെ വിളിക്കുന്നത് വെറുതെയല്ല... അല്ലേ..?”
“ഹ ഹ ഹ ശരിയാണ് ഒരു പിഞ്ചു കുഞ്ഞിന് കളങ്കമില്ലാതെ സ്നേഹം കൊടുത്തതിന് ബൈരേശ്വരൻ തന്ന പ്രത്യുപകാരമായേ ഞങ്ങളതിനെ കാണുന്നുള്ളു... ലക്ഷ്മിയമ്മേ.. “
നാണുവേട്ടൻ ചിരിച്ചുകൊണ്ടാണ് അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറഞ്ഞത്.
“സ്വന്തം മക്കളേക്കാൾ നാണുവേട്ടനും ലക്ഷ്മിയേടത്തിക്കും അവളെയാണു കാര്യം നിങ്ങടെ മറ്റു മക്കൾക്ക് അവൾ സ്വന്തം കൂടപ്പിറപ്പാണ്. അവളെ കിട്ടിയ ശേഷമല്ലേ നിങ്ങൾ മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചത്..? അവൾക്കായി ഒരു കരുതൽ എന്ന നിലയ്ക്കല്ലേ പെരിക്കല്ലൂരിലെ കാനറ ബാങ്കിൽ നിങ്ങൾക്കു ലോട്ടറിയടിച്ചു കിട്ടിയ തുകയിൽ നിന്നും കുറച്ച് പണം അവളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റു ചെയ്തത് ഇതുപോലും അവർ പിന്നീട് അന്വേഷിച്ചറിഞ്ഞു.. “
“അല്ല... പിന്നീടെന്താണ് അവർക്കെന്താണ് സംഭവിച്ചതെന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ?”
അനിൽകുമാറിന് അതറിയാനുള്ള ആകാംക്ഷയായി..
“അഞ്ച് വർഷം കഴിഞ്ഞപ്പോൾ രാജമ്മേടെ ജീവിതത്തിൽ കൊറച്ച് സന്തോഷമാെണ്ടായി.അവടെ എല്ലാക്കാര്യവും അറിഞ്ഞ് ഒരാൾ അവളെ കല്യാണം കഴിക്കാൻ സമ്മതമാണെന്നറിയിച്ചു രാഘവന്റെയൊരു കൂട്ടുകാരന്റെ അളിയൻ ദാമോദരൻ.
അവക്കുമൊരു നല്ല ജീവിതം വേണ്ടേ? അവൾ കുറെ എതിർത്തെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. അവസാനം അറ്റകൈ പ്രയോഗമായി അടിയും തൊഴിയുമേറ്റ് മടുത്തപ്പോൾ അവൾ കല്യാണത്തിനു സമ്മതിച്ചു.ആദ്യമൊക്കെ നല്ലതായിരുന്നു അവടെ ജീവിതം പതിയെ പതിയെ എല്ലാം മറക്കാൻ അവൾ ശീലിച്ചു. മൂന്നു വർഷത്തെ ജീവിതത്തിനിടയിൽ അവൾ പിന്നെ ഗർഭിണിയായില്ല. അത് ദാമോദരന് വലിയ വിഷമം ഉണ്ടാക്കി. ഒരു ദിവസം വയറുവേദന വന്ന അവളെ നീലഗിരിയിലെ ഗെവെർമെന്റാശൂത്രീല് അഡ്മിറ്റാക്കി കൂടുതൽ പരിശോദിച്ചപ്പാഴാണ് അറിഞ്ഞത് അവടെ ഗർഭപാത്രത്തിനുള്ളിൽ വലിയ രണ്ടു മുഴകൾ ഉണ്ടത്രേ ഗർഭപാത്രം നീക്കം ചെയ്തില്ലെങ്കിൽ മരണം സംഭവിക്കാം മാത്രമല്ല ഈ മുഴകൾ ഉള്ളതുകൊണ്ട് ഗർഭം ധരിക്കാൻ കഴിയില്ലത്രേ അങ്ങനെ അവടെ ഗർഭപാത്രം എടുത്തുകളഞ്ഞു.പത്തു മാസം ചൊമന്നു പെറ്റ കുഞ്ഞിനെ നിഷ്ക്കരുണം തള്ളിക്കളഞ്ഞു വലിച്ചെറിഞ്ഞവൾക്ക് ഇനി മക്കൾ വേണ്ടെന്ന് ഈശ്വരന്മാരും തീരുമാനിച്ചിട്ടുണ്ടാകാം അല്ലേ..?
വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാൻ അവക്കീ ജന്മത്ത് കഴിയില്ലെന്നറിഞ്ഞപ്പോൾ ദാമോദരൻ രാഘവനെക്കാണാൻ വന്നു പെറാൻ കഴ്യാത്ത പെണ്ണിന്റൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാത്രേ വീട്ടുകാര് സമ്മതിക്കില്ലാത്രേ അങ്ങനെ അയാളും അവളെ ഉപേക്ഷിച്ചു.അതിലവൾക്കു ദു:ഖമില്ല സങ്കടമൊട്ടും ഇല്ല. അയാൾക്കും ആശയൊണ്ടാവില്ലേ ഒരു കുഞ്ഞിക്കാല് കാണണമെന്ന്? തന്നെ അച്ഛാന്നു വിളിക്കാനും ചാകുമ്പോൾ വായ്ക്കരിയിടാനും ഒരവകാശി വേണമെന്ന്? അതോണ്ട് എല്ലാം അവൾ സഹിച്ചു. പാവം സങ്കടപ്പെട്ടാണെങ്കിലും രാഘവനും പെങ്ങടെ തീരുമാനത്തെ തൊണച്ചു അവൾ അയാൾക്ക് വഴിമാറിക്കൊടുത്തു. എങ്കിലും തമ്മിൽ പിരിഞ്ഞപ്പോൾ ജീവിതാവസാനം വരെ അവൾക്ക് ആരേയും ആശ്രയിച്ച് കഴിയേണ്ടി വരില്ലെന്നും പറഞ്ഞ് ഒരേക്കറ് സ്ഥലോം പെരേം രാജമ്മേന്റേ പേരിൽ എഴുതി കൊടുത്തു ദാമോദരൻ. രാഘവന്റെ ഏറ്റവും ഇളയ അനിയന്റെ കല്യാണകൂടി കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ച പെങ്ങൾ കുടുംബത്ത് നിക്കുന്നത് കെട്ടിക്കേറിവന്ന പുതുപ്പെണ്ണിന് ഇഷ്ടക്കേടുണ്ടാകുമെന്നോർത്ത് അവനും ഗോമതിയും രാജമ്മയ്ക്കൊപ്പം അങ്ങോട്ട് താമസം മാറ്റി. ഇതിനെടയിൽ അവരുടെ അച്ഛനും അമ്മയും മരിച്ചു.കല്യാണം കഴിഞ്ഞ് ഒരുപാടു വർഷങ്ങൾ കാത്തിരുന്നിട്ടും രാഘവനും മക്കളുണ്ടായില്ല.
“പണ്ട് ദൈവം പിന്നെപ്പിന്നെ ഇപ്പോ ദൈവം കൂടെക്കൂടെ എന്നല്ലേ പറയുന്നത്. ഈ ലോകത്തിലേക്ക് പെറന്നുവീണ ചോരക്കുഞ്ഞിനെ മുറിച്ച പൊക്കിൾക്കൊടിയുടെ ചൂടാറും മുമ്പേ വലിച്ചെറിഞ്ഞ ദുഷ്ടന് ഒരു കുഞ്ഞു വേണ്ടെന്ന് ഒടേതമ്പ്രാരാനും തീരുമാനിച്ചു കാണുമെന്നാണ് അതേക്കുറിച്ച് രാഘവനെന്നോട് പറഞ്ഞത്. എല്ലാംവിധിയെന്നു കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് അവരുടെ ജീവിതത്തിൽ മറ്റൊരു വെള്ളിടി വെട്ടിയത്."
ലക്ഷ്മിയമ്മ അത്രയും പറഞ്ഞു അർദ്ധോഗതിയിൽ നിറുത്തി.
“അവർക്ക്.. അല്ല രാഘവന് എന്താണ് പറ്റിയത് ലക്ഷ്മിയമ്മേ.?”
ചന്ദ്രകുമാറിന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം കേട്ടപ്പാേൾ അവർ ഒന്നു മന്ദഹസിച്ചു.പിന്നീടു അതിന്റെ തുടർച്ചയായി പറഞ്ഞു തുടങ്ങി.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

ചന്ദനംപെറ്റ പെണ്ണ് - Part 13


"നീയെങ്ങനെയീ കൊച്ചിനെ വളർത്തും? ഇതിന്റെ തന്തയാരെന്നു ചോതിച്ചാൽ നീയെന്തുത്തരം പറയും ആരെ ചൂണ്ടിക്കാണിക്കും ആരെടെ പേരുപറയും? ഒരുത്തി തന്തയില്ലാത്ത കൊച്ചിനെ പെറ്റാൽപ്പിന്നെ അവളെ നാട്ടുകാര് വിളിക്കുന്നതെന്താന്നറ്യോ നിനക്ക്? ഈ കൊച്ച് വളർന്നു വരുമ്പോ എന്റെ അച്ഛനാരാമ്മേന്നു ചോദിച്ചാൽ അതിനൊടെന്തു സമതാനം പറയും? പെഴച്ചൊണ്ടായവളെന്ന വിളികേക്കുമ്പോ അവളു ചോദിക്കില്ലേ നിന്നോട് ജനിച്ചപ്പോത്തന്നെ എന്നെയങ്ങ് കൊന്നൂടായിരുന്നോന്ന്? തീയും തിന്നു ബൂമിക്കും നിനക്കും ഭാരമായി അതിനെ നീ വളർത്തുന്നേക്കാപ്പേതമല്ലേ ഇതിനെ ഇവിടെ തന്നെ കളയുന്നതെന്ന അമ്മേടെ ചോദ്യങ്ങൾക്കൊന്നും രാജമ്മയ്ക്ക് ഉത്തരമില്ലാരുന്നു. പക്ഷേ അവസാനം അതിനെ ഉപേക്ഷിക്കാൻ ഹൃദയം തകർന്നാണെങ്കിലും അവൾക്ക് സമ്മതിക്കേണ്ടിവന്നു. സ്വന്തംവയറ്റിൽ വളർന്നപ്പോൾ ഏറ്റവും വെറുത്തതിനെ നശിപ്പിക്കണമെന്നാഗ്രഹിച്ചതിനെ ഉപേക്ഷിക്കാൻതന്നെ അവർ തീരുമാനിച്ചു.അല്ല അവളെ അവർ നിർബന്ധപൂർവ്വം സമ്മതിപ്പിച്ചെന്നു പറയുന്നതാവാം ശരി.
"നമ്മടമ്മ പറയുന്നതും ശര്യല്ലേടി... രാജേ നീയൊന്നാലോജിച്ചു നോക്ക്യേ സ്വന്തമച്ഛനാരാണെന്ന് അറിയാതെ പരിഹാസങ്ങളേറ്റ് നിന്റെ കൈയ്യിലീക്കൊച്ച് വളരുന്നതിനേക്കാൾ നല്ലത് എവിടെയെങ്കിലും ഉപേക്ഷിക്കുന്നതാണ് ആരുടെയെങ്കിലും മകളായി അവൾ ഈ ലോകത്തിൽ ജീവിക്കുമല്ലോ.? ആരുമറിയാതെ അവളെ നമ്മക്കു കാണാലോ "
എന്നാണ് രാഘവനും അപ്പോൾ പെങ്ങളോടു പറഞ്ഞത്. പക്ഷേ അവിടെ ആരാരും വരാത്ത ആ ആമ്പൽക്കുളത്തിനടുത്ത് മകളെ ഉപേക്ഷിക്കുവാൻ രാജമ്മ സമ്മതിച്ചില്ലത്രേ അതിനായി അവൾ അമ്മയോട് പിന്നേം വഴക്കിട്ടു.
"ഇവടെക്കളയണ്ടമ്മേ ആൾക്കാർക്കെളുപ്പം നോട്ടം കിട്ടുന്ന ഏതേലും സ്ഥലത്താണെങ്കില് ആരേലും എടുത്തോണ്ടു പൊയ്ക്കോളും അല്ലെങ്കില് ഏതേലും അനാഥാശ്രമത്തി കൊടുത്തോളും അങ്ങനെയെങ്കിലും എന്റെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നെങ്കിലും എനിക്കു വിശ്വസിക്കാലോ? നിങ്ങളിവടെയെന്റെ കൊച്ചിനെ കളഞ്ഞാൽ വല്ല ചെന്നായോ കുറുക്കനോ അതിനെ കടിച്ചുകീറിക്കൊന്നാലോ? ആനയെങ്ങാനും ചവിട്ടി കൊന്നാലോ... കാട്ടാനകള് കൂട്ടത്തോടെ വെള്ളങ്കുടിക്കാൻ വരുന്ന ചെറയല്ലേമ്മേ അതോണ്ടിവടെ വേണ്ടമ്മേ ഇവിടെയെങ്ങാൻ കുഞ്ഞിനെ കളഞ്ഞിട്ടു പോയാ ഇനിയിതിലേ വരുന്ന ആദ്യത്തെ വണ്ടിക്കു മുമ്പിച്ചാടിച്ചാകുമെന്ന രാജമ്മയുടെ ഭീക്ഷണിക്കു മുന്നിൽ രാഘവനും അമ്മയും സമ്മതിച്ചു.
മൂന്നു മണിക്കൊള്ള ബാങ്കുകൊടുക്കുമ്പോഴാണ് രാജമ്മ അവസാനമായി ആ കുഞ്ഞിന് മൊലകൊടുത്തതെന്നാണ് അവന്റെയോർമ്മ.രാജമ്മ ഒന്നൂടി കുഞ്ഞിനെ തൊടച്ചു വൃത്തിയാക്കി രക്തം പുരണ്ട ആ തുണി കളയാതെ ഭദ്രമായി അവളുടെ ബാഗിൽ വെച്ചത്രേ. വേറൊരു വെള്ളമുണ്ടുകീറിയെടുത്ത് ആ തുണിയിൽ കുഞ്ഞിനെ പൊതിഞ്ഞ് കുറേ ഉമ്മകൾ കൊടുത്ത ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണത്രേ അമ്മയുടെ കൈയ്യിൽ കൊടുത്തത് അതു കണ്ടപ്പോൾ ഒരു മുഴം കയറിൽ തൂങ്ങാനായിരുന്നു രാഘവന് അവന്റെ മനസ്സിൽ അപ്പോൾ തോന്നിയതെന്ന് എന്നോടു പറഞ്ഞപ്പോൾ സത്യത്തിൽ നാണുവേട്ടാ ഒരു സഹോദരന് അല്ല ശത്രുക്കൾക്കുപോലും ഈ അവസ്ഥ വരല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന.
അവർ രാജമ്മയേയും മോളേയുംകൊണ്ട് ആമ്പൽക്കൊളത്തിനടുത്തു നിന്നും ബൈരക്കുപ്പ തോണിക്കടവിലേക്കു നടന്നു. നടക്കാൻ കഴിയാത്തതുകൊണ്ട് രാഘവൻ അവളെ താങ്ങിപ്പിടിക്കുകയായിരുന്നത്രേ ആ സമയത്ത് അവിടെ അഴിച്ചുവിട്ട കന്നുകാലികളല്ലാതെ വേറെ മനുഷ്യജീവികൾ ആരുമില്ലായിരുന്നത്രേ. ബൈരക്കുപ്പയിലെ ഇപ്പോഴെത്തെ പഞ്ചായത്താഫീസിന്റെ മുന്നിലെ കാടില്ലേ അതിലേയൊരു പഴയ നടവഴിയുണ്ടത്രേ?”
“അറിയാം ലക്ഷ്മിയമ്മേ അതിലൂടെ പോയാൽ പണ്ട് ആനകൾക്ക് തീറ്റ കൊടുത്തിരുന്ന ഒരു സ്ഥലമൊണ്ട്. അതിനോട് ചേർന്നുള്ള ഫോറസ്റ്റോഫീസിലേക്കല്ലേ ആനയ്ക്കു തിന്നാൻ കൊടുക്കാനുള്ള കരിമ്പും പനയോലേം ഇല്ലിച്ചപ്പും കൊണ്ടുവന്നോണ്ടിരുന്നത്.. ഞങ്ങള് എളുപ്പത്തിൽ തോണിക്കടവിലേക്കു വരുന്നതും അന്നാ വഴിക്കാണ്…”
തനിക്കറിയുന്ന പ്രദേശത്തേക്കുറിച്ചു പറഞ്ഞപ്പോൾ നാണുവേട്ടൻ വാചാലനായി.
“അതേ ആ നടവഴിയിലാണ് നമ്മടെ ബൈരേശ്വരക്ഷേത്രത്തിന്റെ പുറകിലെ വലിയ ചന്ദനമരം നില്ക്കുന്നത്. ആ മരം കണ്ടപ്പോൾ രാഘവന്റെ അമ്മ ആ പിഞ്ചു പൈതലിനെ രാജമ്മയുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങിച്ച് അതുവഴി ആരും വരില്ലെന്നുറപ്പു വരുത്തിയിട്ട് പറഞ്ഞു.
" രാകൂ... നീയാക്കാണുന്ന ചന്ദനമരത്തിന്റെ ചോട്ടിക്കാണുന്ന ആ നാഗമൂർത്തിയില്ലേ അതിനടുത്തീ തുണി വിരിച്ച് കൊച്ചിനെ കെടത്തിയേര് സന്ധ്യയ്ക്കവിടെ ആരോ വെളക്കു കത്തിക്കാൻ വരാറുണ്ടെന്നു തോന്നുന്നാെണ്ട് ദേ..കണ്ടില്ലേ അവടെ ചെരാതുകൾ നെരത്തി വച്ചിരിക്കുന്നത് ചെലപ്പോൾ മക്കളില്ലാത്ത ആരെങ്കിലും എടുത്തോണ്ടു പൊക്കോളും ഇതിനെ. യെന്റെ കൊട്ട്യൂരപ്പാ.. നാഗത്താന്മാരേ വള്ള്യൂർക്കാവിലമ്മേ.. പുല്പള്ള്യമ്മേ പേരറിയാത്തീയമ്പലത്തിലെ ദേവതമാരേ ദേവന്മാരേ ഞങ്ങടെ കുഞ്ഞിനെ കാത്തോള്ണേ വേറൊരു മാർഗ്ഗോമില്ലാത്തോണ്ടാ ഇതിന്റെച്ഛനാരാന്നറ്ഞ്ഞിര്ന്നേ ഞങ്ങളിനെ ഞങ്ങടെ കുടുമത്ത് വളറ്ത്ത്യേനെ.. കളയുന്നത് മഹാപരാധമാണെന്നറ്യാം എന്നാലും ന്റെ മോക്കൊരു ജീവിതൊണ്ടാകാൻ വേണ്ട്യിത് ചെയ്തേപറ്റൂ .” ഇതുമ്പറഞ്ഞ് കുഞ്ഞിന്റെ നെറ്റീലഞ്ചാറുമ്മേം കൊടുത്തിട്ടാണ് രാഘവന്റമ്മ അവന്റെ കൈയ്യിൽ കുഞ്ഞിനെ കളയാൻ കൊടുത്തതെന്നും. കുഞ്ഞിനേയും കൈയ്യിപ്പിടിച്ചു അതിന്റെ കുരുന്നു മുഖത്തേക്കു നോക്കിയപ്പോൾ ഉപേക്ഷിക്കാൻ അവനും മനസ്സു വന്നില്ലത്രേ അതിനെ ഉപേക്ഷിക്കണോ വേണ്ടയൊ എന്തു ചെയ്യണമെന്നറിയാതെ അവിടെ സ്തംഭിച്ചു നില്ക്കുമ്പോൾ രാജമ്മയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്റെമ്മ ബൈരക്കുപ്പയ്ക്കു നടന്നിരുന്നത്രേ.കുട്ടിയെ അവിടെ തുണിവിരിച്ചു കിടത്തിയിട്ട് അമ്മയുടെയും പെങ്ങളുടെയും അടുത്തേക്കോടിച്ചെന്നപ്പോൾ അവിടെ അവർ തമ്മിൽ വീണ്ടും വഴക്കിടുന്നതാണ് അവൻ കണ്ടത്
“ഒരുമ്മ മതിയമ്മേ ഒരേയൊരുമ്മ ഒരു പ്രാവശ്യംമാത്രം മതിയമ്മേ അവസാനമായിട്ടൊന്നൂടെന്റെ മോടെ മൊകമൊന്നു കാണട്ടേ.. അമ്മേംങ്കൊറെ മക്കളെപ്പെറ്റതല്ലേ... നൊന്ത വയറിന്റെ നൊമ്പരമമ്മയ്ക്കും അറിയാലോ... ഒരു പ്രാവശ്യം മാത്രം മതി പിന്നൊരിക്കലും ഞാൻ ചോദിക്കില്ലമ്മേ പെട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ കാലിൽ പിടിച്ചു കരയുന്ന പെങ്ങളെ കണ്ടപ്പോൾ അവനും നിയന്ത്രണം വിട്ടുപോയിരുന്നത്രേ.
അവനെ കണ്ടപ്പോൾ ആശ്വാസത്തിനായി
ആങ്ങളയുടെ കാലില് കെട്ടിപ്പിടിച്ചു അവൾ കരഞ്ഞുപറഞ്ഞതെന്നോട് അവൻ പറഞ്ഞതു കേട്ടപ്പോൾ സത്യത്തിൽ അവളുടെ അന്നേരത്തെ ആ അവസ്ഥയോർത്തിട്ട് ഞാനും കരഞ്ഞു പോയി നാണുവേട്ട..."
“രാവേട്ട.. രാവേട്ടനെനിക്കു വേണ്ടി കൊറെ കഷ്ടപ്പെട്ടതല്ലേ..രാവേട്ടൻ മനസ്സിലാക്ക്യപോലെന്നെ വേറെയാരും മനസ്സിലാക്കീട്ടില്ല നമ്മടമ്മപോലും. ഞാനേട്ടന് പെങ്ങളല്ല..മോളല്ലേ.. എനിക്കിത് സഹിക്കാമ്പറ്റണില്ലാ..ന്നാ.. ഈ തോർത്തുമുണ്ടെന്റെ കഴുത്തില് മുറുക്കി എന്നെ.. എന്നെയൊന്നു കൊന്നുതര്വോന്നു” ചോദിച്ച അവളോടു അവൻ പറഞ്ഞു
"പോ .. പോയി ഉമ്മ കൊടുത്തിട്ടുവാ.. പക്ഷേ മോളേയുങ്കൊണ്ടാണ് നീ തിരിച്ചു വരുന്നതെങ്കിൽ അതിനെ കാലേപ്പിടിച്ചീ നെലത്തടിച്ചു കൊന്നിട്ടാ... ചന്ദനമരത്തേ തൂങ്ങിച്ചാവും ഞാൻ അമ്മയ്ക്കും പെങ്ങക്കുമെടേക്കെടന്ന് നീറി നീറിയുരുകാൻ തൊടങ്ങീട്ട് പത്തു മാസ്സായി..മടുത്തു. ഇനിയെനിക്കു വയ്യാ ഇനിയീ ഭാരം ചൊമക്കാൻ... ഞാനൊന്നൊറങ്ങീട്ട് മനസമാതാനത്തോടിരുന്ന് ഒരു നേരത്തെ കഞ്ഞികുടിച്ചിട്ട് എത്ര നാളായെന്നറ്യോ നിങ്ങക്ക്? ഇങ്ങനെ തീ തിന്നു ജീവിക്കാനെനിക്കു വയ്യ മടുത്തു ഞാനെന്തു തെറ്റാ നിങ്ങളോടെക്കെ ചെയ്തേ..? മെറ്റലടിച്ചും കല്ലു ചൊമന്നും മുണ്ടു മുറുക്കിയുടുത്തും കൂടപ്പെറപ്പുകളുടെ അഭിമാനം കാക്കാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നതാണോ ഞാൻ ചെയ്ത തെറ്റ് ...? ഞാന്മാത്രമാണോ നിങ്ങൾക്കാങ്ങളയായിട്ടൊള്ളത് രണ്ടെണ്ണങ്ങളൊള്ളത് അവരടെ കാര്യം നോക്കിപ്പോയി ഞാനെന്തെങ്കിലും സങ്കടമോ പരാതിയോ പറഞ്ഞോ? നിങ്ങളെയൊക്കെ സ്നേഹിച്ചു പോയെന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ എനിക്കിനി ജീവിക്കണ്ട എന്റെ നെഞ്ചത്ത് നിങ്ങള് കയറ്റി വെച്ചകല്ല് ഞാന്തന്നെ മറിച്ചിട്ടോളാം.. എന്ന ആങ്ങളയുടെ ഭീക്ഷിണിക്കു മുന്നിൽ രാജമ്മ പകച്ചുപോയി അവന്റെ മുഖഭാവം കണ്ട് അമ്മയും ഭയന്നുപോയിരുന്നു.
" നീയോ നശിച്ചു ഇനിയെന്റെ മോനെക്കൂടി കൊലയ്ക്കു കൊടുക്കാതെടീയെന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രണ്ടും കല്പിച്ച്
കുഞ്ഞിനെ കിടത്തിയിരിക്കുന്ന സ്ഥലത്തേക്ക് അതിനെ അവസാനമായി ഒരു നോക്കു കാണാൻ അവശതയിലും അതു കാര്യമാക്കാതെ അവളോടി.പുറകെ രാഘവനും ഉറങ്ങിക്കിടക്കുന്ന ആ കുഞ്ഞിന്റെ പിഞ്ചു നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം തിരിഞ്ഞുപോലും നോക്കാതെ അവിടുന്ന് തിരിച്ചോടിപ്പോന്നവൾ. അവിടുന്ന് പോരുമ്പോൾ ബൈരക്കുപ്പ സ്ക്കൂളിനടുത്തെത്താറായപ്പോൾ ഒരു ടീച്ചർ തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു കന്നഡ പദ്യം ഈണത്തിൽ ചൊല്ലിക്കൊടുക്കുന്നത് കേൾക്കാമായിരുന്നത്രേ
ആ പദ്യം ചൊല്ലൽ കൂടി കേട്ടപ്പോളാണ് രാഘവന്റെ ഹൃദയം തകർന്നു പോയതെന്നാണ് നാണുവേട്ട അവൻ എന്നോട് പറഞ്ഞത് അങ്ങനെയൊള്ള ഒന്നായിരുന്നു അത് അതിന്റെ വരികളും ഈണവും അതിന്നും അവന്റെ മനസ്സിലൊണ്ടന്നാണ് പറഞ്ഞത് ഒരിക്കലും ആ പദ്യവും ഈണവും അവൻമറക്കില്ലത്രേ ഒരു പക്ഷേ മരിക്കാൻ നേരവും അവനത് ഓർത്തിരിക്കാം.. മരക്കടവിലെ കല്ക്വാറിയിൽ മെറ്റലടിക്കാൻ വന്നിരുന്ന കൂലിക്കാരിൽ അധികവും കന്നഡക്കാരായിരുന്നല്ലോ. അവരുടെ കൂടെയുള്ള സഹവാസംമൂലം അവൻ കൊറച്ചെക്കെ കന്നഡ സംസാരിക്കാൻ പഠിച്ചിരുന്നെതുകൊണ്ടാണ് അതിന്റെ അർത്ഥം മനസ്സിലായതെന്നാണ് രാഘവൻ പറഞ്ഞത്
" അതേതു പാട്ടാണ് ലക്ഷ്മിയമ്മേ.. അങ്ങനൊരു പാട്ട് ഞങ്ങള് കേട്ടിട്ടില്ലല്ലോ..? അത് ആ പാട്ട് ലക്ഷ്മിയമ്മയ്ക്ക് ഓർമ്മയൊണ്ടോ.? എങ്ങനാന്നൊന്നു പറയാമോ? പണ്ട് സ്ക്കൂളിൽ നിന്നും ഒറക്കെയൊരു പാട്ടു പാടിയാൽ ഞങ്ങക്കു കേക്കാമായിരുന്നു. അച്ഛന്റെ പഴേ കട സ്ക്കൂളിനടുത്തൊള്ള പന്തുകളിക്കോർട്ടിനടുത്താരുന്നു.."
അനിൽകുമാർ ആ പാട്ട് ഏതെന്നറിയാനുള്ള ആഗ്രഹത്തോടെ ലക്ഷ്മിയമ്മയോടു ചോദിച്ചു.
" ആകേ നാലോ അഞ്ചോ വരികളു മാത്രമേ രാഘവൻ പറഞ്ഞുള്ളൂ.. ഞാനുമത് മറക്കില്ല അത്രയ്ക്കും ഹൃദയസ്പർശിയായിരുന്നു ആ വരികൾ "
തുടർന്നു ലക്ഷ്മിയമ്മ ആ വരികൾ അവർക്ക് പറഞ്ഞു കൊടുത്തു.
"ആര മൊലയനു കുടിയലമ്മ?
ആര ബളിയലി മലഗലമ്മ?
ആര സേരി ബദുക്കലമ്മ?
ആരു നനഗെ ഹിതവരൂ? "
" ഇതോ.. ഇതറിയാം പുണ്യകോടി.. എന്നാണ് ഇതിന്റെ പേര് ഈ പാട്ട് അറിയാൻ മേലാത്തോരായി കന്നഡികരായി ജനിച്ചവരാരും കർണ്ണാടകത്തിലുണ്ടാവില്ല... പുണ്യകോടി എന്ന പശൂന്റെ കഥയാണ് ക്ടാവിനെ ഉപേക്ഷിച്ചു കടുവയ്ക്ക് ആഹാരമാകാൻ പോകുന്ന അമ്മപ്പശൂനോട് ക്ടാവ് ചോദിക്കുന്ന ചോദ്യങ്ങളാണ്... ഈ കഥ ഞങ്ങളും ഇതൊത്തിരികേട്ടിട്ടുണ്ട് അറിയുകയും ചെയ്യാം.. "
ചന്ദ്രകുമാറിന്റെ ആ മറുപടിയിൽ ലക്ഷ്മിയമ്മ തൃപ്തയായി.
" പിന്നീട് എന്താണ് സംഭവിച്ചത് ലക്ഷ്മിയമ്മേ…?"
നാണുവേട്ടൻ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനു മറുപടിയായി ലക്ഷ്മിയമ്മ കഥ തുടർന്നു.
" പെരിക്കല്ലൂർ തോണിക്കടവ് കടന്നപ്പോഴും ബസ്സിലിരിക്കുമ്പോഴും രാഘവന്റെ മനസ്സുനെറയെ ഒറങ്ങിക്കെടക്കുന്ന ആ ചോര പുരണ്ട പിഞ്ചു മൊകവും ആ പാട്ടുമായിരുന്നു. അവിടുന്നു പട്ടാണിക്കുപ്പെത്തിയപ്പോൾ അവനു പിടിച്ചു നിക്കാൻ കഴിഞ്ഞില്ല ഇനിയെന്തെക്കെ സംഭവിച്ചാലും ആരെന്തെക്കെ പറഞ്ഞാലും സ്വന്തം മകളായി അവളെ വളർത്തും കുടുബത്തിന്റെ മാനം പോകുന്നെങ്കിൽ പോകട്ടെ കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന ചിന്തയിൽ അവനവിടെയെറങ്ങി അമ്മയോടും പെങ്ങളോടും വീട്ടിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു. പുല്പള്ളിയിൽ നിന്നും പെരിക്കല്ലൂർക്കു വന്ന ടാക്സി ജീപ്പിൽ കയറി കടവിലെത്തി. ബൈരക്കുപ്പത്തോണിക്കടവു കടന്ന് . കുഞ്ഞിനെ കിടത്തിയ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും അവൻ താമസിച്ചു പോയിരുന്നു. ആരോ അവളെഎടുത്തോണ്ടുപോയിരുന്നു.അത് നിങ്ങളായിരുന്നു നാണുവേട്ടാ.”
ലക്ഷ്മിയമ്മ പറഞ്ഞു നിറുത്തിയപ്പോൾ നാണുവേട്ടൻ തന്റെ മക്കളുടെ മുഖത്തേക്കു നോക്കി അവരും എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു. അന്നത്തെ ആ സംഭവങ്ങൾ നാണുവേട്ടന്റെ മനസ്സിലേക്കോടിയെത്തി.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

ചന്ദനംപെറ്റ പെണ്ണ് - Part 12


ബത്തേരിയിലേക്കു തിരിച്ചു പോകുമ്പോൾ ലക്ഷ്മിയമ്മയോട് നാണുവേട്ടൻ ചോദിച്ചു.
“അല്ല ലക്ഷ്മിയമ്മേ.. നിങ്ങൾക്കിതെക്കെ എങ്ങനെയറിയാം..? ഇവരേക്കുറിച്ച് വേറെന്തെങ്കിലും അറിയാമോ? ഈ രാഘവനെന്തിനാണ് അവന്റെ പെങ്ങടെ കൊച്ചിനെ ഉപേക്ഷിച്ചത്..? അതറിഞ്ഞാക്കൊള്ളാമെന്ന് ഞങ്ങൾക്ക് താൽപ്പര്യമൊണ്ട്..?”
“അതിനെന്താ ഞാൻ പറയാം നാണുവേട്ടാ.. അത് നിങ്ങളറിയണം ഇനി അത് അറിയാതിരുന്നിട്ടും കാര്യമില്ലല്ലോ..?”
ലക്ഷ്മിയമ്മ രാഘവൻ തങ്ങളെ കാണാൻ വന്നതും പിന്നീട് അവർ പറഞ്ഞ് താനറിഞ്ഞ ശ്രീജയുടെ ജനന കഥ അവരോടു പറയാൻ തുടങ്ങി.
" രാഘവന്റെ കുടുംബക്കാര് കോട്ടയത്തെ അതിരമ്പൊഴയിൽ നിന്നാണ് വയനാട്ടിലെത്തീത് മാനന്തവാടിക്കടുത്ത തവിഞ്ഞാലിൽ അവരാദ്യം കൊറച്ച് സ്ഥലം വാങ്ങി അവിടെ തേയിലത്തോട്ടത്തിന്റെയും കാടിന്റെയും ഇടയ്ക്കായിരുന്നു ആ സ്ഥലം ആ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും ചെയ്യുമ്പോലേ അവരും സ്വന്തം സ്ഥലത്തോടു ചേർന്നുകെടന്ന ഒരുപാടേക്കർ കാട് വളച്ചെടുത്ത് വെട്ടിത്തെളിച്ചു കൃഷിയെറക്കി അവരെന്നു പറഞ്ഞാൽ രാഘവന്റെച്ഛൻ ഗോപാലനും അമ്മ പാറുക്കുട്ടിയും.അവർക്ക് ഏഴു മക്കളായിരുന്നു. ആണുങ്ങളിൽ മൂത്തവൻ രാഘവൻ മൂത്ത രണ്ടുപെങ്ങന്മാർ ലീലയും കൗസല്യയും അതിനു താഴേ അവനും രണ്ടനിയന്മാരും വിശ്വനാഥനും മാധവനും അവർക്കു താഴേ എളയ രണ്ടുപെങ്ങന്മാരും രാജമ്മയും ഉഷയും. ഇതിൽ മൂത്തവൾമാരെ കൊറേ വർഷം കഴിഞ്ഞപ്പോൾ പടിഞ്ഞാറത്തയിലേക്കും കൊട്ടിയൂരിലേക്കും കെട്ടിച്ചു വിട്ടിരുന്നു.അങ്ങനെ ഒരു കൊഴപ്പവുമില്ലാതെ ജീവിക്കുമ്പോഴാണ് അവടെ കുടിയൊഴിപ്പിക്കാൻ ഗവർമെന്റ് നടപടി തൊടങ്ങിയത്. രണ്ടു മൂന്നു വർഷം അവരെല്ലാം കോടതിയിൽ കേസു നടത്തിയെങ്കിലും അനുകൂലമായി വിധി വന്നില്ല.
അന്നൊരു രാത്രീല് മാനന്തവാടി ഡെപ്യൂട്ടി കളക്ടർ ഫോറസ്റ്റുകാരുടൊപ്പം പോലീസുകാരേം കൂട്ടി വന്ന് അവരെയൊക്കെ അടിച്ചോടിച്ചു. പെരെയും മറ്റും തല്ലിപ്പൊളിച്ചു തീയിട്ടു. പോലീസും പട്ടാളോം കോടതീം കാശാെള്ളോരുടെ കൂടയല്ലേ പണ്ടും ഇപ്പളും നിക്ക്വോളൂ ആരോടു ചോദിക്കാനാ എന്നാ പറയാനാ ഏതോ ആൾക്കാര് കാട്ടിൽ വെഷം വെച്ചതോണ്ട് രണ്ടു മൂന്നു പുലികൾ ചത്തുപോയത്രേ. അന്നൊക്കെ രാത്രീല് കാട്ടീന്ന് പുലീം കടുവേമൊക്കെയെറങ്ങി ആ പ്രദേശത്തൊള്ളോരെടെ ആടിനേം പശൂനെയൊക്കെ പിടിച്ചോണ്ടു പോകാറൊണ്ടായിരുന്നത്രേ. അപ്പോൾ വെഷം വെച്ചത് കാടരുകിൽ താമസിക്കുന്നവരാണെന്നു പോലീസും ഫോറസ്റ്റുകാരും വിശ്വസിച്ചു. അതാണ് കൊഴപ്പമായത് പക്ഷേ അതിന്റെ പിന്നില് തേയിലത്തോട്ടത്തിന്റെ മാനേജ്മെന്റ്റായിരുന്നൂന്ന എല്ലാരും പറയുന്നേ. അവർ കാടിനടുത്തുള്ള വീടുകളിലെ എല്ലാ പൊടിമീശ മൊളച്ച ആമ്പിള്ളേരേം ആണുങ്ങളേം പിടിച്ചോണ്ടുപോയി ചോദ്യം ചെയ്യുന്നുണ്ടെന്നും നല്ല അടിയും കൊടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ രാഘവന്റെയമ്മ കൈയ്യിൽ കിട്ടിയത് പെറുക്കിക്കൊടുത്ത് ഭർത്താവിനോടും ആൺമക്കളോടും എങ്ങോട്ടേലും ഓടിപ്പൊയ്ക്കോളാൻ പറഞ്ഞു ആ രാത്രി അവർ രക്ഷപ്പെട്ട് എങ്ങോട്ടോ എറങ്ങിയോടി തേയിലത്തോട്ടത്തിലൊ മറ്റോ പോയൊളിച്ചു.
ആ രാത്രിയിൽ അവർ പോലീസുകാരും ഫോറസ്റ്റുകാരും എസ്റ്റേറ്റിലെ ശിങ്കിടിമാരേയും കൂട്ടിവന്ന് പല കുടുംബങ്ങളിലേയും സ്ത്രീകളെയും പെൺകുട്ടികളെയും അറസ്റ്റു ചെയ്ത് വണ്ടിയേക്കയറ്റിക്കൊണ്ടോയി രാഘവന്റെമ്മേം അനിയത്തിമാരും അതിൽ പെട്ടുപോയി അന്നു അവന്റനിയത്തിമാർക്ക് പതിനെട്ടും പതിനഞ്ചുമാണ് പ്രായം അതിൽ മൂത്തവൾക്ക് കല്യാണം പറഞ്ഞു വെച്ചിരിരുന്നതായിരുന്നത്രേ. അന്നു രാത്രിയിൽ തേയിലത്തോട്ടത്തിലെ ലയത്തിലിട്ട് അവർ കൈയ്യിൽ കിട്ടിയവരെയെല്ലാം കൊല്ലാക്കൊല ചെയ്തു. ഒരാളേയും ഒഴുവാക്കിയില്ല പിടിച്ചോണ്ടു പോയ സ്ത്രീകളേയും പെങ്കുട്ടികളെയും വെറുതെ വിട്ടില്ല മാനങ്കെടുത്തി. ആരെക്കെയെന്നോ എത്ര പേരെന്നോ അവർക്കറിയില്ല ആരുടേയും മുഖവും അവർ ഓർക്കുന്നില്ല രാത്രിയല്ലേ അവർക്കു ബോധം വരുമ്പോൾ എസ്റ്റേറ്റിൽ പൊളിഞ്ഞു വീഴാറായ ഏതോ ലയത്തിലുണ്ടത്രേ അങ്ങനെ ആ രാത്രി അവന്റെ അനിയത്തിമാർക്കും അമ്മയ്ക്കും ഒരു പെണ്ണ് കാത്തു സൂക്ഷിക്കേണ്ടതെല്ലാം നഷ്ടപ്പെട്ടിരുന്നു.ഇക്കാര്യം പുറത്തറിഞ്ഞാൽ കുടുംബത്തിന്റെ മാനം പോകുമെന്നും അങ്ങനെ സംഭവിച്ചാൽ കൂട്ട ആത്മഹത്യയല്ലാതെ വേറൊരു മാർഗ്ഗമില്ലെന്നും പറഞ്ഞു കരയുകയല്ലാതെ വേറൊരു മാർഗ്ഗവും ഇല്ലായിരുന്നു. ആ അമ്മയ്ക്കും പെൺമക്കൾക്കും
മൂന്നു ദിവസം കഴിഞ്ഞാണ് രാഘവനും സഹോദരങ്ങളും അച്ഛനും വീട്ടിൽ തിരിച്ചെത്തിയത് വിവരങ്ങൾ അറിഞ്ഞപ്പോൾ ആ പാവങ്ങൾ തകർന്നുപോയി. ആരാണെന്നോ ഏതവനാണെന്നോ ഒന്നുമറിയില്ല ആരുടെ പേരിലാണ് കേസു കൊടുക്കേണ്ടത് ഇക്കാര്യങ്ങളൊക്കെ പുറത്തറിഞ്ഞാൽ കെട്ടിച്ചു വിട്ട മൂത്ത പെണ്മക്കൾക്ക് അവരുടെ ഭർത്താക്കന്മാരുടെ വീടുകളിൽ തലയുയർത്തി ജീവിക്കാൻ പറ്റ്വോ..? ഇനി കെട്ടാനുള്ള ആങ്ങളമാർക്ക് വീട്ടിൽ പെഴച്ചുപോയ പെങ്ങന്മാരുണ്ടന്നറിഞ്ഞാൽ കൊള്ളാവുന്ന കുടുംബങ്ങളിൽ നിന്നും ഒരു പെണ്ണുകിട്ട്വോ... ഒരു നല്ല ജീവിതം ഒണ്ടാക്വോ? വന്നതുവന്നു ഇനി അതിനേക്കുറിച്ചോർക്കണ്ടെന്നു പറയാനല്ലാതെ അതുങ്ങൾക്കെന്തു ചെയ്യാൻ കഴിയും മാസം മൂന്നു കഴിഞ്ഞപ്പോഴാണ് അന്നത്തെ രാത്രിയിൽ ആരോ ഒരാളിട്ട വിത്ത് രാജമ്മയുടെ വയറ്റിൽ മുളച്ച കാര്യം അമ്മ പറഞ്ഞ് രാഘവനറിഞ്ഞത് അവന്റെ ചെറിയ അനിയത്തി രക്ഷപെട്ടു ഭാഗ്യത്തിന് അവൾ ഗർഭിണിയായില്ല. എന്തു ചെയ്യാം അതിലും ദൈവം രാജമ്മയോട് മാത്രം കരുണ കാണിച്ചില്ല ദിവസങ്ങൾ കഴിയുന്തോറും പാവാട എത്ര വലിച്ചു മുറുക്കി കെട്ടിയിട്ടും അവളുടെ അടിവയർ വീർക്കാൻ തുടങ്ങി.നാണക്കേടോർത്ത് അവർ വാങ്ങിയ കുറച്ചു പട്ടയ സ്ഥലം കിട്ടിയ വിലയ്ക്കു വിറ്റു തവിഞ്ഞാലിൽ നിന്ന് ഗൂഡല്ലൂർക്ക് വന്നു.അവിടെ വച്ച് ഗർഭം നശിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെട്ടു. അതിന്റെ സമയവും കഴിഞ്ഞുപോയി പ്രസവിക്കുവാനല്ലാതെ ആ ഗർഭം നശിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.
രാജമ്മ ഗർഭിണിയായി അഞ്ചുമാസം കഴിഞ്ഞപ്പോൾ രാഘവന്റെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ രാജമ്മയെ കന്യാസ്ത്രീ മഠത്തിൽ ജോലിക്കയക്കുന്നെന്ന വ്യാജേന അവനേയും പെങ്ങളേയും ദൂരെ കബനിഗിരിയിലേക്ക് പറഞ്ഞു വിട്ടു. അവർ രണ്ടു പേരും ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി അവിടെയുള്ള അയലോക്കാർക്ക് സംശയം തോന്നാതിരിക്കാൻ അവർ ഒരു പുതിയ കഥ മെനഞ്ഞുണ്ടാക്കി തങ്ങൾ പാലക്കാടുകാരാണെന്നും തമ്മിൽ സ്നേഹത്തിലായിരുന്നെന്നും തങ്ങളുടെ കല്യാണത്തിന് രണ്ടു കുടുംബങ്ങൾക്കും എതിർപ്പായപ്പോൾ വീട്ടുകാരറിയാതെ ഒളിച്ചോടിപ്പോയി രജിസ്റ്റർ മാര്യേജ് കഴിച്ചെന്നും പറഞ്ഞു. കബനിഗിരിക്കടുത്ത മരക്കടവിൽ നരിവേലി ജോർജെന്നാെരാളുടെ കരിങ്കൽ ക്വാറിയിൽ മെറ്റലടിക്കുന്ന പണിയായിരുന്നു രാഘവന് അവടെ പണിക്കു വരുന്ന കന്നഡക്കാരുടെ ഇടയിൽ ഒരാളായി അവനുങ്കൂടി. പെങ്ങക്ക് ഒമ്പതു മാസം തികഞ്ഞപ്പോ അവമ്പോയി അമ്മയെ കൂട്ടിക്കൊണ്ടുവന്നു. ബാക്കിയെല്ലാം അവരുടെ അമ്മയാണ് പ്ലാൻ ചെയ്തത്.
പ്രസവസമയം അടുത്തപ്പോൾ മാനന്തവാടി ആസ്പത്രിയിൽ പോകുവാണെന്നും പ്രസവശേഷം കൊച്ചിനേയും കൊണ്ട് പാലക്കാട്ടേക്കു പോകുമെന്നും പറഞ്ഞ് അവർ വാടക വീട് ഒഴിഞ്ഞു. കബനിപ്പുഴയുടെ അക്കരെയുള്ള മച്ചൂരിലെത്തി മൈസൂറിൽ നിന്നും മാനന്തവാടിക്കു വരുന്ന വീ ആർ ടി ബസ്സിൽ കയറി. ബൈരക്കുപ്പയിൽ എത്തിയപ്പോഴേക്കും അവൾക്കു വേദന തുടങ്ങിയിരുന്നു. അവിടെ ഇറങ്ങാതെ മറ്റു മാർഗ്ഗമുണ്ടായിരുന്നില്ല. ബസ്സിൽ നിന്നും ഇറങ്ങിയ എല്ലാവരും അവിടുന്ന് പോയിക്കഴിഞ്ഞപ്പോൾ അവർ ബസ്റ്റോപ്പിന് കുറച്ചകലത്തുള്ള ഒരു ആമ്പൽക്കുളത്തിന്റെ അടുത്തേക്കുപോയി അവിടെ എത്തിയപ്പോഴേക്കും രാജമ്മ ആകെ തളർന്നിരുന്നു. മുന്നോട്ടു നടക്കാൻ കഴിഞ്ഞില്ല അവനും അമ്മയുങ്കൂടെ താങ്ങിപ്പിടിച്ച് അവളെ അവിടെയൊരു തേക്കുമരത്തിന്റെ ചോട്ടിൽ ഇരുത്തിയിട്ട് രണ്ടുപേരുങ്കൂടിപ്പോയി കുറേ കമ്യൂണിസ്റ്റുപച്ചേം തേക്കെലയും ഒടിച്ചു കൊണ്ടുവന്നു നെരത്തിയിട്ടു അതിന്റെ മേലേ അവരുടെ കൈയ്യിലൊണ്ടായിരുന്ന പഴയ കീറത്തുണികളും മുണ്ടുകളും വിരിച്ച് അവളെ കിടത്തി വേദന സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞപ്പോൾ ഒച്ച പൊറത്തു കേക്കാതിരിക്കാൻ രാഘവന്റമ്മ ഒരു വലിയ തുണിക്കഷണം രാജമ്മേടെ വായിൽ തിരുകിയെന്നും ഇത് കാണാനാവാതെ അവൻ റോഡിലേക്കു കയറിപ്പോയെന്നുമാണ് പറഞ്ഞത്. വേദന തുടങ്ങി കുറേ നേരമായിട്ടും കുട്ടിയുടെ തല പകുതിക്കുവെച്ച് നിന്നു പോയെന്നും പുറത്തേക്കു വരുന്നില്ലെന്നും വേഗം ബൈരക്കുപ്പയിൽ പോയി ഒരു ബ്ലേഡും ഒരു കൂട് കാപ്പിപ്പൊടീം തിന്നാൻ കൊറച്ച് അവലോ പലഹാരമോ വാങ്ങിക്കൊണ്ട് വേഗംവരാൻ അമ്മ അവനോടു വിളിച്ചുപറഞ്ഞു തിരിച്ചിങ്ങോട്ടു വരുമ്പോ ആരേങ്കിലും കണ്ടാൽ അവർ പോയിക്കഴിഞ്ഞു വന്നാ മതിയെന്നും. വേദനകൊണ്ടു അലറിക്കരഞ്ഞ് പുളയുന്ന പെങ്ങളുടെ വായപൊത്തിപ്പിടിച്ച് കരഞ്ഞുകൊണ്ടാണത്രേ അമ്മ അവന്നോടങ്ങനെ പറഞ്ഞതെന്നും അവളെ ശുശ്രൂഷിച്ചതെന്നും ഇത് കേട്ടപാതി ജീവൻ വിട്ടാണ് അവൻ ബൈരക്കുപ്പ തോണിക്കടവിലേക്ക് ഓടിയതെന്നും അമ്മ പറഞ്ഞതെല്ലാം വാങ്ങിച്ച് അവൻ തിരിച്ചെത്തി പിന്നേം കൊറേക്കഴിഞ്ഞാണത്രേ അവൾ പ്രസവിച്ചതത്രേ അപ്പോൾ ബൈരക്കുപ്പ പള്ളീന്ന് ഉച്ചക്കെത്തെ ബാങ്ക് വിളിക്കുന്നുണ്ടായിരുന്നുവെന്നും എന്നോടു പറഞ്ഞപ്പോൾ അവൻ അന്നനുഭവിച്ച അതേ വേദനയും ദു:ഖോം അവന്റെ മുഖത്തപ്പോൾ ഞാൻ കണ്ടു നാണുവേട്ട.."
ലക്ഷ്മിയമ്മ അത്രയും പറഞ്ഞു നിറുത്തിയപ്പോൾ ആ രംഗങ്ങൾ കണ്മുമുന്നിൽ കാണുന്നതുപോലെ തോന്നി നാണുവേട്ടനും മക്കൾക്കും അവർ ആരുടെമേൽ കുറ്റം വിധിക്കണം എന്ന വിഷമഘട്ടത്തിലായി എങ്കിലും ബാക്കി അറിയുവാനുള്ള ആകാംക്ഷയിൽ അവർ ലക്ഷ്മിയമ്മയുടെ മുഖത്തേക്കുറ്റുനോക്കി അവരുടെ മനോനില ഊഹിച്ചെടുക്കാൻ അവർക്കാകുമായിരുന്നു ലക്ഷ്മിയമ്മ വീണ്ടും കഥയിലേക്കു പോയി
"പെങ്കുഞ്ഞാണ് രാജമ്മയ്ക്കു പെറന്നത്. ജനിപ്പിച്ചവനാരാണെന്ന് നൊന്തു പെറ്റ അമ്മയ്ക്കുപോലും പറയാൻ കഴിയാത്ത തന്തയില്ലാത്ത കുഞ്ഞ്. പ്രസവത്തിനുശേഷം രാജമ്മ ബോധംകെട്ടുപോയിരുന്നത്രേ. അവൾ കണ്ണു തുറക്കുന്നതുവരെ കുഞ്ഞിനെ പഴന്തുണിയിൽ പൊതിഞ്ഞ് അവന്റെടുത്താണത്രേ അമ്മ കൊടുത്തത് ഇതിനിടയിൽ കുഞ്ഞ് കരഞ്ഞപ്പോൾ അമ്മ പാലു കുടിപ്പിച്ചെന്നും രാജമ്മയ്ക്കു ബോധം തെളിഞ്ഞപ്പോൾ അവളാക്കുഞ്ഞിനെ കണ്ണുനെറയെ കണ്ടുവെന്നും എടുത്തുമ്മ കൊടുത്തെന്നും മുലക്കൊടുത്തെന്നും. അമ്മ പറഞ്ഞതുകൊണ്ട് രാജമ്മ ആമ്പൽക്കുളത്തിലിറങ്ങി കുളിച്ചു ദേഹത്തെ രക്തക്കറ കഴുകിക്കളഞ്ഞത്രേ. കുളിച്ചു കഴിഞ്ഞപ്പോൾ രാജമ്മയ്ക്ക് നിറുത്താതെ ബ്ലീഡിങ്ങായി അപ്പോൾ മുറുവിൽ കരുതിവച്ച കാപ്പിപ്പൊടിയിട്ട് മൂടി പഴയൊരു സാരി കീറി രാഘവന്റമ്മ അവളുടെ കാലുകൾക്കിടയിലൂടെ അടിവയറ് ചുറ്റും മുറുക്കിക്കെട്ടി അതിനു മുകളിൽക്കൂടി വസ്ത്രം ധരിക്കുമ്പോഴും രക്തസ്രാവം നിന്നിരുന്നില്ലത്രേ കുഞ്ഞു പുറത്തുവരാനായി ബ്ലേഡുകൊണ്ട് കീറിയത് അല്പം കൂടിപ്പോയിരുന്നത്രേ അവൾ വേദന കടിച്ചു പിടിച്ചിരുന്നതു കണ്ടപ്പോൾ ഹൃദയം തകർന്ന് റോഡരുകിലെ കലുങ്കിൽ തലയും കുമ്പിട്ട് പാവം അവനിരുന്നത്രേ. അവർ യാത്ര ചെയ്ത ബസ്സ് മാനന്തവാടിയിൽ നിന്നും തിരിച്ചു പോകുന്നതുവരെ അവർ ആ കാട്ടിൽ കാത്തിരുന്നു.
അവിടെത്തന്നെ ആ കൊച്ചിനെ ഉപേക്ഷിക്കാനായിരുന്നു അവന്റെമ്മയുടെ തീരുമാനം പക്ഷേ ആ പിഞ്ചു മുഖം കണ്ടപ്പോൾ അവന്റനിയത്തിക്ക് ആ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാൻ മനസ്സുവന്നില്ല അവളിലെ അമ്മയ്ക്ക് അതിനു കഴിയുമായിരുന്നില്ലത്രേ.മാതൃത്വത്തിന്റെ ശക്തിയാവാം അത് ..ആ വേദനയിലും അവൾ കുഞ്ഞിനെ കളയെണ്ടെന്നു പറഞ്ഞ് അമ്മയോട് വഴക്കു കൂടി. അമ്മ സമ്മതിക്കാത്തതുകൊണ്ട് അവൾ അലറിപ്പറഞ്ഞത് രാഘവൻ എന്നോട് പറയുമ്പോൾ ഞാനും തകർന്നു പോയി "
"എന്താണ് ലക്ഷ്മിയമ്മേ അവൾ പറഞ്ഞത്..?"
ആകാംക്ഷ അടക്കി നിറുത്താൻ കഴിയാതെ അനിൽകുമാർ ലക്ഷ്മിയമ്മയോടു ചോദിച്ചു.
"അമ്മേ ന്റെ കുഞ്ഞിനെ കളയണ്ടമ്മേ ഞാനെങ്ങനെങ്കിലും വളർത്തിക്കോളാം ദൂരെയെവിടെയങ്കിലും പോയി ആരുമറിയാതെ ജീവിച്ചോളാം നിങ്ങക്കും ആങ്ങളമാർക്കും ഒരുബുദ്ധിമുട്ടാകാത്ത ഏതേലുമൊരിടത്ത് വല്ല ഹോട്ടലിലെ പാത്രം കഴുകീട്ടോ ഏതെങ്കിലും വീട്ടില് അടുക്കളപ്പണി ചെയ്തിട്ടാണെങ്കിലും എന്റെ കൊച്ചിനെ ഞാമ്പാേറ്റിക്കോളാം എന്നെ മാനന്തവാടിക്കൊള്ള ബസ്സു കയറ്റിവിട്ടാ മതീ."
ഇതു കേട്ടപ്പോൾ സങ്കടം വന്നെങ്കിലും കുടുംബത്തിന്റെ അഭിമാനവും ഇനി കെട്ടിച്ചു വിടാനുള്ള അനിയത്തിയുടെയും രാജമ്മയുടെയും ഭാവി ജീവിതത്തെക്കുറിച്ചോർത്തപ്പോൾ രാഘവന്റെ മുന്നിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല നാണുവേട്ട..."
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

ചന്ദനംപെറ്റ പെണ്ണ് - Part 11

" ഛേ... തല്ലണ്ടാരുന്നു മക്കളെ നിങ്ങളേക്കാളും പ്രായമൊള്ള ആളല്ലേ മോശമായിപ്പോയി ഇതിപ്പോ നാട്ടുകാരെല്ലാം കണ്ടില്ലേ.. ഒരു കണക്കിന് നന്നായി. കടേല് ആരുമില്ലാതിരുന്നത് കാര്യമെന്തെന്നാർക്കുമറിയില്ലല്ലോ.."
"പിന്നെയെന്താ ചെയ്യേണ്ടത് കടേക്കേറിവന്ന് നിങ്ങടെ വളർത്തുമോള് ശ്രീജ എന്റെ പെങ്ങടെ മോളാണ് അവടെ അമ്മയിപ്പളും ജീവിച്ചിരിക്കുന്നൊണ്ട് അവളെക്കാെണ്ടെ കാണിക്കാൻ നിങ്ങളൊന്നനുവദിക്കണം പ്യൂൺ ലക്ഷ്മിയമ്മ പറഞ്ഞു നിങ്ങളെല്ലാം നല്ലവരാണെന്ന് ഒരു പ്രാവിശത്തേക്ക് എന്റെ വീട്ടിലേക്ക് അവളെ പറഞ്ഞുവിടുമോയെന്ന് ഒരു ഉളുപ്പുമില്ലാതെ നമ്മടെ മൊകത്തു നോക്കി ചോദിക്കുമ്പോ ദേഷ്യം വരില്ലേ..? പെറ്റ ചൂടാറാതെ ഇത്തിരിയില്ലാത്ത ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞിട്ടു പോയിട്ട് പത്തിരൂപത്താറ് കൊല്ലം കഴിഞ്ഞ് അവളെ കെട്ടിക്കാറായപ്പോ അന്വേഷിച്ചു വന്നേക്കുന്നു അതോർത്തപ്പോ ദേഷ്യം വന്നച്ഛാ അതാ അങ്ങനെ ചെയ്തേ... കല്യാണമൊറപ്പിച്ച പെങ്കുട്ട്യാ ആരേലും എന്തേലുമൊക്കെ അവന്റെ വീട്ടുകാരടെ ചെവീലെത്തിച്ചാൽ പിന്നതു മതി കല്യാണം മൊടങ്ങാൻ അതോർത്തപ്പോ പറ്റിപ്പോയതാ പക്ഷേ അതിലെനിക്കൊരു വെഷമോമില്ല..."
"സാരമില്ലെടാ അനിക്കുട്ടാ.. കഴിഞ്ഞതു കഴിഞ്ഞു ഇനിയതിനേക്കുറിച്ചു പറഞ്ഞെട്ടെന്താ കാര്യം ഏതായാലും നാളെ ചെന്ന് നിങ്ങളയാളോട് ക്ഷമ പറഞ്ഞേര് വേറൊന്നുങ്കാെണ്ടല്ല ആയുസില്ലാത്തോര് ശപിച്ചാ അത് ഫലിക്കൂന്നാ പറയുന്നേ എന്റെ മക്കൾക്ക് അങ്ങനെയാെരു ശാപം വേണ്ട. പിന്നെ
ആ ലക്ഷ്മിയമ്മ പറഞ്ഞതു കൊണ്ടാണ് അയാളിങ്ങോട്ട് വന്നതെന്നല്ലേ പറഞ്ഞേ.? അപ്പോളവരോട് തന്നെ ചോദിച്ച് അയാടെ അഡ്രസ്സു വാങ്ങിക്കോ വിരുന്നിനു പോകാനൊള്ളോരെ വിളിക്കുമ്പോ ആദ്യത്തെ വിളി അയാളെത്തന്നെയാവട്ടേ ... എന്താ നിങ്ങടെ അവിപ്രായം..? ശശീനോട് അവന്റെ അവിപ്രായം ഞാമ്പിന്നെ ചോദിച്ചോളാം.."
നാണുവേട്ടൻ മക്കളോട് ചോദിച്ചു.
" അതു വേണോച്ഛാ.. ക്ഷമ പറയാൻ ഞങ്ങള് പോണോ? വിരുന്നിനു പോകാൻ അങ്ങേരെ വിളിക്കണോ?ഇതാരാന്ന് ആരേലും ചോദിച്ചാലെന്തു നമ്മളെന്തു പറയും..? "
"അതു സാരാക്കണ്ട അനിക്കുട്ടാ ഒരു കല്യാണത്തിന് എന്തോരും വിരുന്നുകാര് വരുന്നതാ.. എവിടെന്നെക്കെയാ വിരുന്നുകാര് വരുന്നെന്ന് ആ തെരക്കിനെടയ്ക്ക് ആരോർക്കാനാ അതെക്കെ ആരു ചോദിക്കാനാ ?ഏതായാലും പശൂം ചത്തുമോരിലെ പുക്കുമ്പോയി ഇനിയതേക്കുറിച്ചു ചിന്തിച്ചട്ടൊരു കാര്യമില്ല.. നമ്മളിത്രയല്ലേ ചെയ്താെള്ളു വേറെയാരെങ്കിലുമായിരുന്നേൽ പട്ടിയേപ്പോലേ തല്ലിക്കൊന്നേനെ അത്രയ്ക്കും വലിയ വീരകൃത്യമല്ലേ അവര് പണ്ട് ചെയ്തത് "
ചന്ദ്രകുമാർ അനുജനെ സാന്ത്വനിപ്പിക്കാൻ പറഞ്ഞു.
" പിന്നെയൊരു കാര്യം പറയാൻ മറന്നു പോയി പെന്നൂട്ടിക്ക് ചരക്കെടുക്കാൻ പോകുന്ന അന്നുതന്നെ എടുത്താപ്പോരേ അച്ഛേ സ്വർണ്ണം. ഇനി പെണ്ണിട്ട പൊന്നിന് തൂക്കം കൊറഞ്ഞെന്ന് അവർക്കൊരു സംശയം വേണ്ടല്ലോ.. "
"അതു ശര്യാ കൊച്ചേട്ടാ... ആളെ അടുത്തറിയണം പൊന്നുരച്ചു നോക്കണമെന്നല്ലേ... അതു കൊണ്ട് അക്കാര്യത്തിൽ അവർക്കൊരു സംശയം വേണ്ടല്ലോ.. ഇക്കാര്യം നിങ്ങളോട് ചോദിക്കാൻ വന്നപ്പോഴല്ലേ അയാള് ആ രാഘവനിങ്ങോട്ട് കേറി വന്നത് "
" മക്കളെ ഏതായാലും ഇക്കാര്യം നിങ്ങളാരും അമ്മയോട് പറയണ്ട അവക്കു വെഷമമാകും ഞാമ്പിന്നെ ഒരു തഞ്ചത്തില് അവളോട് പറഞ്ഞോളാം... ഇപ്പോത്തന്നെ പൊന്നൂട്ടി വീട്ടീന്നു പോക്വാണെന്നും പറഞ്ഞ് അവൾക്ക് ഒറക്കമില്ല.. കല്യാണം കഴിഞ്ഞ് പെണ്ണിനെ ചെറുക്കന്റെ വീട്ടില് നിറുത്തീട്ട് നിന്റെയമ്മ പോരൂന്ന് എനിക്കു തോന്നുന്നില്ല അപ്പോപ്പിന്നെ പൊന്നൂട്ടീനന്ന്വേഷിച്ച് ആരോ വന്നെന്നറിഞ്ഞാലതുമതി..പുകില്...ഒരു കാര്യങ്കോടെ പറയാനൊണ്ട് കോഴിക്കോടോ കണ്ണൂരോ പോയി ചരക്കെടുക്കാന്നാ നിങ്ങടെ വല്യേട്ടൻ മിനിഞ്ഞാന്നു പറഞ്ഞത്
അപ്പോത്തന്നെ ഞാൻ കേശവേട്ടനെ വിളിച്ചാരുന്നു അയാളു പറഞ്ഞത് ചരക്കു നമ്മക്ക് മാനന്തവാടിന്നെടുത്താ മതീന്നാ ഇങ്ങനെയൊള്ള ചടങ്ങുകൾക്ക് ദൂരയാത്ര പാടില്ലാന്നാ പണ്ടത്തെ കാർന്നോമ്മാര് പറയണത് അപകടങ്ങളൊണ്ടൊകുമത്രേ അവരടെ വിശ്വാസം അങ്ങനാണെങ്കിൽ അതു മതീന്ന് ഞാനും പറഞ്ഞു. "
" ശശിയേട്ടൻ രാവിലെ രമേടത്തീടെ അമ്മാവനെ കാണാൻ കൊട്ട്യൂർക്ക് പോയി. ഏടത്തീം പിള്ളേരും രണ്ടു ദിവസം മുന്നേ പോയാരുന്നല്ലോ. മൂപ്പർ സുഖല്ലാതെ കെടപ്പായിട്ട് അഞ്ചാറുമാസമായില്ലേ പോക്കാന്നാ തോന്നുന്നേ, നേരത്തെ ഞാൻ ഏട്ടനെ വിളിച്ചാരുന്നു മറ്റന്നാളു രാവിലെ അവരെല്ലാരും മാനന്തവാടിയിലെത്താന്നാ പറഞ്ഞേ "
ചന്ദ്രകുമാർ അവരെ ഓർമ്മിപ്പിച്ചു.
" എന്നാ ചരക്കെടുത്തു കഴിഞ്ഞിട്ട് ആ രാഘവനെ കാണാൻ പോയാപ്പോരേ അച്ഛേ ?"
"ഉം... "
അനിൽകുമാറിന്റെ ചോദ്യത്തിന് നീട്ടിയൊരു മൂളലായിരുന്നു നാണുവേട്ടന്റെ മറുപടി.
"എന്നാ ഞാൻ പോകുവാ അച്ഛേ ഇന്നു വൈകിട്ട് അസോസിയേഷന്റെ മീറ്റിങ്ങുണ്ട് കാട്ടിക്കൊളത്ത്.."
തന്റെ ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ അനിൽകുമാർ പറഞ്ഞു.
"നിക്കടാ... പോകല്ലേ... ഒരു കാര്യങ്കൂടി ചോദിക്കാനൊണ്ട് നീയും സിന്ധൂങ്കൂടി കൊണ്ടുവന്ന ബന്ധമാണല്ലോ സുധീഷിന്റെ അതുകൊണ്ടാണ് കൂടുതലൊന്നും ചോദിക്കാത്തതും പറയാത്തതും പക്ഷേ നിങ്ങക്കറിിയാലോ അറിഞ്ഞുകൊണ്ടിന്നുവരെ നിങ്ങടപ്പൻ ആരേയും പറ്റിച്ചിട്ടുമില്ല ചതിച്ച്ചട്ടുമില്ല ആർക്കും ഒരു ദ്രോഹവും ചെയ്തതായി എന്റെ ഓർമ്മയിലുമില്ല എന്റെ മക്കളായ നിങ്ങളെ എല്ലാവരേയും സത്യസന്ധതയിലേ വളർത്തീട്ടുള്ളൂ പക്ഷേ ഇപ്പോ നീ കൊറച്ചു മുമ്പേ പറഞ്ഞത് കേട്ടപ്പോള് മനസ്സിലൊരു വെഷമം അതങ്ങനെ വെച്ചോണ്ടിരിക്കുന്നത് ശരിയുമല്ല.."
"എന്താണച്ഛേ.. ഇപ്പോയിങ്ങനെ തോന്നാൻ ഞങ്ങളെന്തെങ്കിലും തെറ്റു ചെയ്തോ..?"
സ്റ്റാർട്ടാക്കിയ ബൈക്ക് ഓഫാക്കിക്കൊണ്ട് അനിൽകുമാർ തിരിച്ചിറങ്ങി അവരുടെ അടുത്തേക്കു ചെന്നു
"അല്ല മോനേ നമ്മുടെ പൊന്നൂട്ടീനെക്കുറിച്ച് സുധീഷിനോടും അവന്റെ വീട്ടുകാരോടും സംസാരിച്ചോ.? എല്ലാക്കാര്യങ്ങളും പറഞ്ഞോ..? അല്ലെങ്കിൽ നമ്മള് കാര്യങ്ങളെല്ലാം അവരോട് പറയാതെ ഒളിച്ചു വെച്ചെന്ന് നാളെ അവന്റെ വീട്ടുകാരും നാട്ടുകാരും നമ്മളെ കുറ്റമ്പറയല്ല് അത് അവളുടെ ജീവിതത്തെ ബാധിക്കും നമ്മള് കണ്ണിലെ കൃഷ്ണമണിപോലേ നോക്കി വളർത്തീട്ട് നാളെ അവടെ ജീവിതം കണ്ണീരും കൈയ്യുമായാൽ നമ്മക്ക് സമാധാനമൊണ്ടാക്വോ...? എന്നോടെന്തിനിങ്ങനെ ചെയ്തെന്ന് അവളൊരിക്കലും നമ്മളോട് ചോദിക്കില്ല .. പക്ഷേ അത് അവടെ മനസ്സിലുണ്ടാകും ആ ദുഃഖം നമ്മള് കാണേണ്ടിവരും അതെന്നേക്കൊണ്ട് താങ്ങാനാവില്ല എന്റെ കാര്യം പോട്ടേ നിങ്ങടമ്മയതു സഹിക്ക്വോ..? അവളും ചോദിക്കില്ലേ നമ്മളോട് എന്തിനിത് ചെയ്തെന്ന് അതുകൊണ്ട് അവളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അവനെയൊ അവന്റെ മാതാപിതാക്കളെയോ അറിയിക്കണം എന്നിട്ടുമതി കല്യാണം ഏതായാലും നിശ്ചയം കഴിഞ്ഞതല്ലേയൊള്ള് കെട്ടുനടന്നിട്ടില്ലല്ലോ വേണമെങ്കിൽ ഒഴിവാക്കാം പിന്നീടൊരു പ്രശ്നമൊണ്ടാകരുത്.."
"ഓഅതാണോ ... പൊന്നൂട്ടീനെ കല്യാണം കഴിക്കണമെന്ന് സിന്ധൂനോട് അവനാഗ്രഹം പറഞ്ഞപ്പോൾ ഞങ്ങള് ആദ്യം അവനോട് പറഞ്ഞത് ഇക്കാര്യാ.. അതാണ് അന്ന് ഞാൻ നിങ്ങളോട് അവന്റെ കാര്യം പറഞ്ഞിട്ട് കൊറച്ചു ദെവസം കഴിയുന്നവരെ വിളിക്കാതിരുന്നത് സുധീഷ് അവന്റെ വീട്ടുകാരോട് പറഞ്ഞു സമ്മതം വാങ്ങി അവർക്കും ഒരു കൊഴപ്പോമില്ല നമ്മള് ആദ്യം പറഞ്ഞതുകൊണ്ട് അവർക്കു സന്തോഷമായി മാത്രല്ല കാര്യങ്ങളറിഞ്ഞപ്പോൾ അവര് അൽഭുതപ്പെട്ടു നിങ്ങള് നിങ്ങടെ മകളായിട്ട് അവളെ ഞങ്ങക്കു തന്നാമതീന്നാ അവന്റെ അമ്മ പറഞ്ഞേ പിന്നെ ഇത് നമ്മള് രണ്ട് കുടുംബക്കാര് മാത്രമറിഞ്ഞാൽ മതീന്നും പറഞ്ഞു. അക്കാര്യമോർത്ത് അച്ഛെയൊന്നും പേടിക്കണ്ട ഒരു കൊഴപ്പോമൊണ്ടാകില്ല.."
അനിൽകുമാറിന്റെ വാക്കുകൾ വല്ലാത്തൊരു മനസ്സമാധാനമാണ് നാണുവേട്ടന് നല്കിയത്.
"എങ്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലേ നടക്കട്ടേ.. നീ പൊയ്ക്കോ... പിന്നെ പറഞ്ഞതെല്ലാം ഓർമ്മ വേണം... "
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവനും സന്തോഷമായി അവൻ അവിടുന്നു കാട്ടിക്കുളത്തിനുപോയി. ശ്രീജയുടെ കല്യാണത്തിന്റെ ചരക്കെടുപ്പു കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാണുവേട്ടൻ അനിൽകുമാറിനെ ഫോണിൽവിളിച്ചു.
"അനിക്കുട്ടാ... നാളെ ആ രാഘവനെ കാണാൻ പോണം അതുകൊണ്ട് വൈകിട്ട് നീയിങ്ങോട്ടു വരണം ചന്ദ്രനെ പുല്പള്ളീന്നു കൂട്ടാം ഞാനും വരുന്നൊണ്ട് നിങ്ങടൊപ്പം. എനിക്കും അവരെയൊന്നു കാണണം വിരുന്നിനു വിളിക്കണം ആ ലക്ഷ്മിയമ്മയെ വിളിച്ച് അയാടെ അഡ്രസ്സൊന്ന് വാങ്ങിയേരേ"
വൈകുന്നേരമായപ്പോൾ അനിൽ കുമാർ ബൈരക്കുപ്പയിൽ എത്തി.
" അച്ഛേ... ഞാനാ ലക്ഷ്മിയമ്മേനെ വിളിച്ചു.അവർ അഡ്രസ്സു തന്നില്ല നമ്മളോട് ബത്തേരി ഡിപ്പോയിലെത്താനാ പറഞ്ഞേ അവരും വരുന്നൊണ്ടത്രേ"
"എന്നാ ചന്ദ്രനോട് കാറു കൊണ്ടരാൻ പറയാം അതാവുമ്പോ കൊറച്ചു താമസിച്ചാലും സാരമില്ല സമാതാനത്തില് പോയ്വരാലോ?"
പിറ്റേന്ന് രാവിലെ നാണുവേട്ടനും അനിൽ കുമാറും പുല്പള്ളിയിൽ ബസ്സിറങ്ങുമ്പോൾ കാറുമായി ചന്ദ്രകുമാർ നില്പുണ്ടായിരുന്നു.അവർ ബത്തേരിയിൽ എത്തുമ്പോൾ നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച് ലക്ഷ്മിയമ്മ ചുങ്കത്തറയിൽ കാത്തു നില്പുണ്ടായിരുന്നു.അവർ ലക്ഷ്മിയമ്മയോട് രാഘവനേക്കുറിച്ചും വീട്ടുകാരേപ്പറ്റിയും അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു.
"നമ്മൾ അങ്ങോട്ടക്കേല്ലേ പോണേ നേരിൽക്കാണുമ്പോൾ നിങ്ങക്കെല്ലാം ചോദിക്കാലോ?"
അവരുടെ ആ മറുപടിയിൽ വല്ലാതായെങ്കിലും അവർ തിരിച്ചൊന്നും പറഞ്ഞില്ല വഴി പറഞ്ഞു കൊടുത്തു ശേഷം ലക്ഷ്മിയമ്മ നിശബ്ദയായി.കാടും,വയലുകളും കുരുമുളകു തോട്ടങ്ങളും കപ്പിത്തോട്ടങ്ങളും നിറഞ്ഞ വയനാടൻ മലനിരകളും കടന്ന് തേയില തോട്ടങ്ങളും
യൂക്കാലിപ്റ്റസ് മരങ്ങളും നിറഞ്ഞ നീലഗിരി മലയുടെ ഭംഗിയാസ്വദിച്ചുകൊണ്ട് അവർ ഗൂഡല്ലൂരിൽ രാഘവന്റെ വീട്ടിലെത്തി.
റോഡരുകിൽ കാറൊതുക്കിയിട്ട് അവർ ലക്ഷ്മിയമ്മയുടെ ഒപ്പം രാഘവന്റെ വീട്ടിലേക്കു നടന്നു. ആ വീടിന്റെ മുറ്റത്ത് നാലഞ്ചാൾക്കാർ പണിയെടുക്കുന്നതു കാണാം ഒരു പന്തൽ കെട്ടുന്നതാണോ അതോ പൊളിക്കുന്നതാണോ എന്നറിയില്ല. എന്താണ് അവിടെ വിശേഷം എന്ന് ലക്ഷ്മിയമ്മയോട് ചോദിക്കാൻ തുനിഞ്ഞെങ്കിലും അവരുടെ മുഖത്തെ പിരിമുറുക്കം കണ്ടപ്പോൾ അവൻ ചോദിച്ചില്ല
"ഏതായാലും അങ്ങോട്ടേയ്ക്കല്ലേ ചെല്ലുന്നത് നേരിട്ടു ചോദിക്കാമല്ലോ "
എന്നായിരിക്കും അവരുടെ മറുപടിയെന്ന് അവൻ ഊഹിച്ചതായിരുന്നു സത്യം.
വീടിന്റെ അകത്തു നിന്നും ഒരു പാത്രത്തിൽ പണിക്കാർക്ക് കുടിക്കാനുള്ള വെള്ളവുമായി പുറത്തേക്കിറങ്ങിയ ഗോമതി തന്റെ വീട്ടിലേക്കു വരുന്നവരെ കണ്ട് വെള്ളപ്പാത്രം താഴെ വച്ച് തന്റെ സാരിയിൽ കൈകൾ തുടച്ചു. മുന്നിൽ വരുന്നത് ലക്ഷ്മിയമ്മയാണെന്നു കണ്ടപ്പോൾ മുറ്റേത്തേക്കിറങ്ങി. കൂടെയുള്ളവരെ കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി.പെട്ടന്ന് അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ഒന്നു പറയാതെ അവർ നിശബ്ദയായി.
"ഗോമതീ.. ഇവര് രാഘവനെ കാണാൻ വന്നതാ ഇവർക്കെന്തോ പറയാനുണ്ടത്രേ"
ലക്ഷ്മിയമ്മയുടെ വാക്കുകളിൽ ഒരുപരിഹാസം ഒളിച്ചിരിപ്പുണ്ടെന്ന് ചന്ദ്രകുമാറിന് തോന്നി.
" വരൂ... ഇങ്ങോട്ടിരിക്കാം.. "
തിണ്ണയിൽ കിടക്കുന്ന കസാരകളിലേക്ക് ഗോമതി അവരെ ക്ഷണിച്ചു.ഇരുന്ന ശേഷം അവർ പരിസരം ആകമാനമെന്നുനു വീക്ഷിച്ചു.ചന്ദ്രകുമാർ അച്ഛനെ നോക്കി ആംഗ്യം കാണിച്ചു. അതറിഞ്ഞ നാണുവേട്ടൻ സംസാരത്തിന് തുടക്കമിട്ടു.
" അതേയ് അന്നങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്കു ദുഃഖമൊണ്ട്.. അതുകൊണ്ട് ഇവരേക്കൊണ്ട് രാഘവനോട് മാപ്പു ചോദിക്കാനാ ഞങ്ങളു വന്നത് അന്നത്തെ സാഹചര്യത്തിൽ ഒന്നിനും സമയങ്കിട്ടിയില്ല എല്ലാം നിങ്ങള് മറക്കണം അതാണ് ഇവരെ തനിച്ചിങ്ങോട്ട് വിടാതെ ഞാനും പോന്നത്....വേഗം രാഘവനെ വിളിക്ക് മക്കൾക്കു വേണ്ടി ഞാൻ പറയാം ക്ഷമ ഇവരെടെ അപ്പനായിപ്പോയില്ലേ ഞാൻ "
ഗോമതി അർത്ഥഗർഭയായി ലക്ഷ്മിയമ്മയോടു ചോദിച്ചു.
" അപ്പോ സാറിവരോടൊന്നും പറഞ്ഞില്ലേ..?”
ഗോമതി ലക്ഷ്മിയമ്മയോട് ചോദിച്ചു.
അവർ മറുപടി പറയാതെ നിർവ്വികാരയായ് ദൂരേക്കു നോട്ടം തിരിച്ചു.നാണുവേട്ടനും മക്കളും മുഖത്തോടു മുഖംനോക്കി.
“എന്താ പറ്റീത് രാഘവന്.. ഇവിടില്ലേ…?”
നാണുവേട്ടൻ ഗോമതിയുടെ മുഖത്തേക്കു നോക്കി ചോദിച്ചു.
"പോയി.... രാവേട്ടൻ പോയി അന്നു ഞങ്ങള് ബൈരക്കുപ്പേല് വന്നില്ലേ അന്നു രാത്രീല്... ഇന്നേക്കഞ്ചു ദെവസ്സായി വേദനകൾ മാത്രം നല്കിയ ഈ ലോകത്തീന്ന് വേദന ഇല്ലാത്ത ലോകത്തേക്കന്റെ രാവേട്ടൻ പോയി. മരിക്കാൻ നേരം എന്റെ കൈയ്യിപ്പിടിച്ച് ഒരേയൊരു കാര്യമേ പറഞ്ഞുള്ളു
"രാവേട്ടനെ തല്ലിയെെങ്കിലും നിങ്ങളോടൊരിക്കലും ദേഷ്യമില്ലെന്നും ദൈവത്തെപ്പോലാണ് നാണുവേട്ടനെയും ലക്ഷ്മിയേടത്തിയേയും കാണുന്നേന്നും. ഞങ്ങള് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാതെ അവക്കച്ഛനും അമ്മയുമായി സൊന്തം മക്കളേക്കാൾ സ്നേഹിച്ചു വളർത്തിയ നിങ്ങളുടെ കാലുകഴുകി വെള്ളങ്കുടിക്കാത്തതിൽ സങ്കടമൊണ്ടെന്ന് എന്നെങ്കിലും നിങ്ങളെ നേരിൽ കാണുമ്പോൾ പറയെണം ഗോമൂന്നെന്നോട് പറഞ്ഞു. "
"ഓഹ്... "
മൂന്നു പേരും ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു. തങ്ങളുടെ തല ഇരുമ്പു കൂടംകൊണ്ട് ആരോ അടിച്ചുതകർത്തപോലെ തോന്നി. എന്തു പറയണമെന്ന് അറിയാതെ പതറിപ്പോയി.നാണുവേട്ടൻ മക്കളെ നോക്കി അവരുടെ മുഖം വിളറിവെളുത്തിരുന്നു.
"രാജേ... ഇങ്ങോട്ടു വാ ഇതാരാ വന്നിരിക്കുന്നതെന്നു നോക്ക്യേ "
വീടിനകത്തേക്കു നോക്കി ഗോമതി ഉറക്കെ വിളിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും കാല്പെരുമാറ്റം കേട്ടു. വാതിലിന്റെ മറവിൽ നിന്ന് രാജമ്മ മുഖം കാണിച്ചു.
" രാജമ്മയാ നിങ്ങടെ പൊന്നുട്ടീനെ പ്രസവിച്ചവൾ. കൊറേ നാളായിട്ട് കൊഴപ്പങ്ങളല്ലായിരുന്നു. പക്ഷേ രവേട്ടൻ മരിച്ചതറിഞ്ഞപ്പോൾ വീണ്ടും മനസ്സിന്റെ താളം തെറ്റി ഇങ്ങോട് വിളിച്ചാൽ ഇങ്ങോട്ടു വരും അങ്ങോട്ടു പോകാമ്പറഞ്ഞാൽ അങ്ങോട്ടു പോകും എന്താ പറയേണ്ടെതെന്നോ പ്രവർത്തിക്കണ്ടതെന്നോ.. ഒന്നുമറിയില്ല നടക്കാനും ഇരിക്കാനുമറിയുന്ന ജീവനൊള്ളൊരു ശവശരീരം... ഇന്നല ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് കൊറച്ചു ദെവസം കഴിഞ്ഞാൽ ചെലപ്പോൾ നേരെയാകൂന്നാ.പക്ഷേ... ഒറപ്പില്ല "
" രാഘവനെ അടക്കം ചെയ്തോ അതോ?" "ചെതയ്ക്കു വച്ചില്ല കത്തിക്കണ്ടന്നാ മരിക്കുന്നേനു മുമ്പുപറഞ്ഞേ ചെയ്ത പാപത്തിന് പരിഹാരായി എന്റെ ശവം പുഴുക്കള് തിന്നട്ടേന്നാ പറഞ്ഞേ "
നാണുവേട്ടന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു കൊണ്ട് ഗോമതി മുറ്റത്തേക്കിറങ്ങി രാഘവനെ അടക്കിയ സ്ഥലം ചൂണ്ടിക്കാണിച്ചു.
"ദേ ഈ വീടിന്റെ പൊറകുവശത്തെ ആ നെല്ലീന്റെ ചോട്ടിലാണ് അടക്കീത് "
നാണുവേട്ടനും മക്കളും അങ്ങോട്ടു ചെന്നു. കുഴിമാടത്തിനു മുകളിലെ പച്ചമണ്ണ് ഉണങ്ങിയിട്ടല്ല. മുകളിൽ കിടക്കുന്നപൂമാലകളിൽ ചിലത് കരിഞ്ഞിട്ടുണ്ട് തല ഭാഗത്ത് ഒരു ചെരാത് വച്ചിട്ടുണ്ട്
കുറച്ചു സമയം അവിടെ നിന്ന് പരേതന്റെ ആത്മാശാന്തിക്കായി പ്രാർത്ഥിച്ചിട്ട് അവർ തിരിച്ചു വന്നു.
"ജീവിതത്തിൽ ഇന്നേവരേ വേറെ ആർക്കുമൊരു ദ്രോഹം ചെയ്തിട്ടില്ല എന്നിട്ടും കഠിന ശിക്ഷയനുഭവിക്കാനായിരുന്നു.എന്റെ രാവേട്ടന്റെ വിധി"
"ബന്ധുക്കാരൊക്കെ വന്നില്ലേ?"
" വന്നായിര്ന്നു വന്നവരെല്ലാം തിരിച്ചുപോയി ആറുവർഷായിട്ടൊള്ള കാത്തിരിപ്പല്ലായിരുന്നോ അതുതീർന്നു.പിന്നെ അതികനേരം വെച്ചോണ്ടിരിക്കാനും പറ്റില്ലാരുന്നു.മൂക്കിന്ന് രക്തം വന്നോണ്ടിരിക്കുന്നതു കൊണ്ട് വേഗം അടക്കി. അന്നുതന്നെ പലരും തിരിച്ചുപോയി "
"ലക്ഷ്മിയമ്മയെന്ത്യെ.. അവരെ വിളിക്ക് ഞങ്ങക്ക് പോകാൻ സമയമായി "
"സാറ് രാജേന്റടുത്താെണ്ട്.. വിളിക്കാം"
"രാജേനേം ഒന്നു വിളിക്കാമോ നേരത്തെ കണ്ടപ്പോൾ ഒന്നും പറയാനോ ചോദിക്കാനോ പറ്റീലാ അതാ "
"അതിനെന്താ... വിളിക്കാലോ നിങ്ങള് കേറിയിരിക്ക് ചായവെച്ചെട്ടൊണ്ട് "
ഗോമതി അകത്തേയ്ക്കു പോയി.രണ്ടു മിനിറ്റു കഴിഞ്ഞു കാണും ലക്ഷ്മിയമ്മ രാജമ്മയ്ക്കൊപ്പം പുറത്തേക്കു വന്നു. നിർവ്വികാരയായി മാനത്തേക്കു നോക്കി നില്ക്കുന്ന രാജമ്മയെക്കണ്ട് എന്തോ ചോദിക്കാൻ തുടങ്ങിയ നാണുവേട്ടനോട് ലക്ഷ്മിയമ്മ പറഞ്ഞു
“കാര്യങ്ങളെല്ലാം പോകുന്ന വഴിക്ക് പറയാം ചിലത് നിങ്ങളോട് പറയാനൊണ്ട് അതാ നിങ്ങടെ കൂടെ ഞാനും വന്നത് "
നാണുവേട്ടൻ തല കുലുക്കി സമ്മതിച്ചു.
"രാജമ്മേ .. ഈ വരുന്ന ചിങ്ങം പത്തിന് ഞങ്ങടെ എളയ മോടേ കല്യാണമാണ് നീയും ഗോമതിയും വരണം ഞങ്ങടെ മോളേ അനുഗ്രഹിക്കണം"
രാജമ്മ മറുപടിയൊന്നും പറഞ്ഞില്ല പക്ഷേ അവളുടെ കണ്ണുകൾ നീർച്ചാലുകൾ തീർക്കുന്നത് അവർ കണ്ടു. ഇതിനിടയിൽ പണിക്കാർ പന്തലു മുഴുവൻ പൊളിച്ചു കഴിഞ്ഞിരുന്നു. ഗോമതി നല്കിയ ചായ കുടിച്ചതിനു ശേഷം അവരോട് യാത്ര പറഞ്ഞ് അവരവിടുന്നിറങ്ങി കാറിനടുത്തേക്കു നടന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 
വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo