Showing posts with label ManuParakkal. Show all posts
Showing posts with label ManuParakkal. Show all posts

അയാളും - ഞാനും (കഥയെഴുത്ത് - മത്സരം) - Entry 26


ശരീരം തളർന്നുതുടങ്ങിയെങ്കിലും കാലുകൾ നിലത്തുകുത്തിയെഴുന്നേല്ക്കാൻ ശ്രമിച്ചു. ആ ശ്രമം പാതിയിലുപേക്ഷിച്ച് കിടന്നപ്പോൾ, കൺപോളകൾക്കു ഭാരമനുഭവപ്പെട്ടു. പാതിയടഞ്ഞ മിഴികളുമായി കൂടാരത്തിലേക്കു കണ്ണുംനട്ട് ഞാൻ കിടന്നു. ഉറങ്ങുന്നതിനുമുമ്പ് അയാളെ ഒന്നു കാണാൻ, ആ സ്നേഹസ്പർശത്തിന്‍റെ സാന്ത്വനം അനുഭവിക്കുവാൻ മനസ്സ്  വല്ലാതെ കൊതിച്ചു. 

ഉറക്കെവിളിച്ചാൽപ്പോലും  കേൾക്കാനാകാത്ത ഉറക്കത്തിന്‍റെ പര്യവസാനത്തിലായിരിക്കണം അയാൾ. അതുകൊണ്ടാവാം ഇക്കണ്ട കോലാഹലങ്ങളൊക്കെ നടന്നിട്ടും അറിയാതെപോയത്. നിദ്രയുടെ ദയകൊണ്ടു വേദനയും യാതനകളും മറന്ന് തത്ക്കാലത്തേക്കാണെങ്കിലും സമാധാനമായി കണ്ണടക്കാൻ കഴിയുന്നത് ഒരനുഗ്രഹമാണ്. അതോർത്തപ്പോൾ, അയാളെ ഉറക്കത്തിൽനിന്നുണർത്താൻ മടിച്ചു. എന്നാല്‍, അയാളെക്കുറിച്ച് ഓർക്കാതിരിക്കാൻ എനിക്കെന്തോ കഴിഞ്ഞില്ല.

ഈ മരുഭൂമിയിൽ, ആളുകൾ ഉപേക്ഷിച്ചുപോയ കീറിയ കൂടാരത്തിനുള്ളിൽ രണ്ടു കുഞ്ഞുങ്ങൾക്കു ഞാൻ ജന്മംനലകിയത് കുറച്ചു ദിവസങ്ങൾക്കുമുമ്പാണ്. അവർ വളർന്നുവലുതാകുമ്പോൾ അച്ഛനാരാണെന്നുള്ള ചോദ്യമുണ്ടാകില്ലെന്ന് ഉറപ്പുളളതുകൊണ്ട്, എന്‍റെ ഇഷ്ടംപറ്റിയവരുടെ പേരോ, ഇരുട്ടിന്‍റെ മറവിൽ എന്നെ കീഴ്പ്പെടുത്തിയവരുടെ  വർണ്ണമോ, ഞാനോർത്തുവച്ചില്ല. 

പ്രണയത്തിന്‍റെ മൂടുപടമണിഞ്ഞ്  എന്നിലേക്കു നടന്നടുത്തവർ, രതിയുടെ അവസാനതുള്ളിയും വീണുരുകിയപ്പോൾ ഒന്നു തിരിഞ്ഞുനോക്കാൻപോലും കൂട്ടാക്കാതെ, ഇരുട്ടിൽ ഇടവഴിയിലേക്കിറങ്ങിനടന്നു. എന്‍റെ ഓർമ്മകളിൽ സൂക്ഷിക്കാൻമാത്രം  അവരുടെ മുഖങ്ങളിലൊന്നും  സ്നേഹമോ, കരുണയോ ഞാൻ കണ്ടില്ല. മനസ്സിനൊരു ബാദ്ധ്യതയായി പിന്നെന്തിന് ആ മുഖങ്ങൾ ഓർമ്മയില്‍ സൂക്ഷിച്ചുവെക്കണം?

തെരുവോരങ്ങളിൽ ഗര്‍ഭിണികള്‍ പേറ്റുനോവുമായി തുടിക്കുമ്പോൾ വയറ്റിലുണ്ടാക്കിയവർ സുഖലോലുപരായി പുതിയ സുന്ദരികളുമായി രമിക്കുന്നതും ചിലപ്പോൾ കാണേണ്ടിവരും. പെണ്ണായ്പ്പിറന്നവരുടെ നിഷ്കാമകർമ്മമാണെന്നു കരുതി അതൊക്കെ സഹിക്കാം, പൊറുക്കാം. പക്ഷേ, ജന്മംനല്കിയ പിതാവിന്‍റെയും ചിലപ്പോൾ നൊന്തുപെറ്റ പുത്രന്‍റെയും ബീജം ഉദരത്തിൽ ചുമക്കേണ്ടിവരുന്നത് ഏതു സമ്പ്രദായത്തിന്‍റെ ഭാഗമാണ്? ചിലരൊക്കെ പ്രതികരിച്ചു; നവോത്ഥാനമുണ്ടാക്കാൻ പാഴ്വേലനടത്തി കുറ്റിയറ്റു.കൈകൾക്കു കരുത്തുള്ളവരായിരുന്നു അവിടെ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നത്. പിന്നെയെങ്ങനെയാണ്  പെണ്ണിനു നീതി ലഭിക്കുക? വീണ്ടും പ്രതിഷേധസ്വരവുമായി ആരും തെരുവിലേക്കിറങ്ങാതിരിക്കാൻ നാട്ടുകൂട്ടത്തിന്‍റെ തലവൻ ഒരു വിജ്ഞാപനവുമിറക്കി.

"സമ്പ്രദായങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. അതു ദൈവനിയമമാണ്. അത് അംഗീക്കരിക്കാൻ ബുദ്ധിമുട്ടുള്ള  അഭിസാരികകൾക്ക് ഈ നാട്ടിൽനിന്നു മറ്റെവിടേക്കെങ്കിലും പോകാം."

ആ വിളംബരം കേട്ട്, അവസാനം ഉപയോഗിച്ച വാക്കു കേട്ട്, ഞാൻ ചിരിച്ചു. ഒരു നേരത്തെ അന്നത്തിനുവേണ്ടി ശരീരം വില്ക്കാൻനടക്കുന്ന മറ്റൊരു കുലസ്ത്രീയെ വിളിക്കുന്ന പേരാണ് അഭിസാരിക. ആ പേരെങ്ങനെയാണ് എന്‍റെ വർഗ്ഗത്തിലെ പെണ്ണുങ്ങൾക്കു ചേരുക? അർത്ഥമറിയാത്ത ആ പ്രയോഗത്തിനും ഞങ്ങളുടെ കൂട്ടത്തിലെ ഭൂരിഭാഗവും കൈയടിച്ചു. 

മകന്‍റെ ബീജം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അമ്മ! അച്ഛനാല്‍ വയറ്റിലുണ്ടായ മകള്‍! രതിവൈകല്യങ്ങൾ ആസ്വദിച്ച് ഈ പരിഷ്കൃതസമൂഹം ഇവിടെ കഴിയട്ടെ.

ദുരാചാരങ്ങൾക്ക് അടിമപ്പെട്ട് ഒതുങ്ങിക്കൂടാൻ ഞാനൊരുക്കമായിരുന്നില്ല. കൂട്ടംവിട്ട് പെരുവഴിയിലേക്കിറങ്ങിനടന്നു. 

ലക്ഷ്യബോധമില്ലാത്ത യാത്രയ്ക്കിടയിലും നാട്ടിലെ ഓരോ ആചാരത്തെയും കുറിച്ചോർത്ത് തലപുണ്ണാക്കി. മറവിയുടെ തിരശ്ശീലക്കു പിന്നിൽനിന്നു  യുക്തിയുടെ വെളിച്ചം മറനീക്കി പുറത്തുവന്നു. സംശയങ്ങൾ പെറ്റുപെരുകിയപ്പോൾ ചോദ്യങ്ങളോടു കലഹിക്കാൻതുടങ്ങി.

വിശ്വാസിയെയും അവിശ്വാസിയെയും ഒന്നുപോലേ കാണുന്ന ദൈവം; പെണ്ണിനോടുമാത്രം വിവേചനം കാണിക്കുമോ

"ഇല്ല!" ബോധമണ്ഡലത്തിലിരുന്ന് ആരോ പറഞ്ഞു.  

പോയകാലത്തെ ആചാരങ്ങളെല്ലാം  ഇന്നു ദുരാചാരങ്ങളായി മാറിയിരിക്കുന്നു. ഇന്നത്തെ വിശ്വാസങ്ങൾ, നാളെ  അന്ധവിശ്വാസങ്ങളായി കത്തിയടങ്ങിയേക്കാം. പ്രചരിപ്പിച്ചതും അനുസരിക്കാൻ കല്പിച്ചതും ഒഴിവാക്കാൻ നിർബ്ബന്ധംപിടിച്ചതും  അധികാരമോഹികളാണെന്നു ബോദ്ധ്യമായപ്പോൾ, ഞാൻ ഈശ്വരനെ വാഴ്ത്തി; "ദൈവം വലിയവനാണ്."

***************************

ചെറുതോടുകളും വലിയപുഴകളുമുള്ള ഗ്രാമങ്ങൾ കണ്ടു. കെട്ടിടസമുച്ചയങ്ങളുള്ള മഹാനഗരങ്ങൾ കണ്ടു. എല്ലായിടത്തും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷണം യഥേഷ്ടം കിട്ടുന്നതുകൊണ്ട് കുറച്ചുദിവസങ്ങൾ നഗരത്തിൽത്തന്നെ തങ്ങാൻ ഞാൻ തീരുമാനിച്ചു. 

വെയിലും മഴയും കാലംതെറ്റിവരുന്ന കന്നിമാസത്തിലെ ഒരു രാത്രിയായിരുന്നു. കടത്തിണ്ണയിൽ ഓരോന്നാലോചിച്ച് ഉറക്കംവരാതെ കിടന്നു. പരിചിതമല്ലാത്ത ആരുടെയോ ചുമകേട്ടപ്പാൾ ചിന്തകൾവിട്ടെഴുന്നേറ്റു. ശബ്ദം കേട്ടഭാഗത്തേക്കു ഭയപ്പാടോടെ നോക്കി.

ഇരുട്ടിൽ തൂണുകളുടെ മറപറ്റി രണ്ടു കണ്ണുകൾ എന്‍റെ ശരീരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വഴിവിളിക്കിന്‍റെ നേർത്ത വെളിച്ചം വീണുകിടക്കുന്ന വെട്ടുവഴിയിലേക്ക് വെപ്രാളപ്പെട്ട് ഞാൻ ചാടിയിറങ്ങി.

ചെമ്പിച്ച രോമങ്ങളും പച്ചകണ്ണുകളുമുള്ള ആ ചെറുപ്പക്കാരൻ വളരെ സുന്ദരനായിരുന്നു. അവന്‍റെ കണ്ണുകൾക്ക് ആരെയും വശീക്കരിച്ച് സ്വന്തം ചൊല്പടിക്കു നിറുത്താനുള്ള കരുത്തുണ്ടായിരുന്നു. ശൃംഗാരചേഷ്ടകളുമായി  അവനടുത്തുകൂടിയപ്പോൾ, അചഞ്ചലമായ മനസ്സൊന്നിളകി. കാലങ്ങളായി കൂച്ചുവിലങ്ങിട്ടുനിറുത്തിയ ജന്മവാസന ചങ്ങലപ്പൊട്ടിച്ചു പുറത്തുചാടി.

അവന്‍റെ നിശ്വാസം മുഖത്തു വന്നുപതിച്ചപ്പോളും നാവ് എന്‍റെ ചുണ്ടുകളെ കീഴ്പ്പെടുത്തിയപ്പോളും വേണ്ടെന്നു വിലക്കുന്നതിനു പകരം ആ തിളങ്ങുന്ന കണ്ണുകൾക്ക് 

വശംവദയായി വഴിയോരത്തിലെ കാട്ടുപൊന്തക്കുള്ളിലേക്ക് അവനോടെപ്പം നടന്നു. കാലങ്ങളായി കാത്തുവച്ച എന്‍റെ ശരീരത്തിലെ രസച്ചരടുകൾ ഓരോന്നായി പൊട്ടിവീണു.

ദൃഷ്ടിക്കപ്പുറത്തേക്കുള്ള കാഴ്ച്ചകളെ മറച്ചുനിന്നിരുന്ന കുന്നിൻമുകളിലേക്ക് ആ ചെറുപ്പക്കാരൻ കാര്യംകഴിഞ്ഞതോടെ നടന്നകന്നു. തെറ്റ് എന്‍റെ ഭാഗത്തും ഉണ്ടായിരുന്നല്ലോ? ആ വീണ്ടുവിചാരം അവനെ പഴിപറയാൻ ഒരുമ്പെട്ടുനില്ക്കുന്ന മനസ്സിനെ അടക്കിനിറുത്തി. അന്നുതുടങ്ങി ഒരുപാടുപേർക്ക് എന്‍റെ യൗവനം നല്കി. മറ്റുചിലരാകട്ടെ കായികബലംകൊണ്ട് എന്നെ കീഴ്പ്പെടുത്തി, ആണിന്‍റെ കരുത്തുകാട്ടി. 

പെണ്ണിനെമാത്രം ചാരിത്ര്യവതികളാക്കി കൂട്ടിലിട്ടുവളർത്തി വിലയിട്ടുവില്ക്കുന്ന ഉന്നതകുലത്തിലാണ് ഞാൻ പിറവികൊണ്ടിരുന്നതെങ്കിലോ?. വെറുതേ ആലോചിച്ചുനോക്കി.

എന്നെ കീഴ്പ്പെടുത്തിയവർക്ക് പേശിബലമുള്ള ആണെന്നപട്ടം സമൂഹം ചാർത്തികൊടുക്കുമ്പോൾ ചാരിത്രശുദ്ധിയില്ലാത്തതിന്‍റെ പേരിൽ വേശ്യയെന്ന് മുദ്രകുത്തി പടിയടച്ച് പിണ്ഡംവെയ്ക്കുമായിരുന്നു സംസ്കാരസമ്പന്നരെന്ന്‍  അഹങ്കരിച്ചിരുന്ന ആ ഉന്നതകുലജാതർ.

ദേശങ്ങളും ഭാഷകളും താണ്ടി ആരൊക്കെയോ കെട്ടിയ അതിരുകൾ ലംഘിച്ച് ഞാൻ നടന്നു. ലക്കുംലഗാനുമില്ലാത്ത യാത്രയ്ക്കിടയിൽ ഒരുനാൾ എനിക്കെന്തോ വല്ലായ്മതോന്നി. മനംപിരട്ടലും ഓക്കാനവും വന്നു. വയറ്റിൽ മുളപൊട്ടിത്തുടങ്ങിയ  വിത്തുകളെക്കുറിച്ച്  ബോധവതിയായി. ആരു പാകിയ വിത്താണ് മുളച്ചുപൊങ്ങുന്നത്? ഓർമ്മകളിൽ പരതിയെങ്കിലും ആ മുഖംമാത്രം നിനവിന്‍റെ വെട്ടത്തിൽനിന്നു കണ്ടെടുക്കാൻ കഴിഞ്ഞില്ല. നടക്കാനുള്ള കരുത്തും നഷടമായതോടെ, നടന്നെത്തിയ മരുഭൂമിയിൽ, കാറ്റത്തു കീറിപ്പൊളിഞ്ഞ കൂടാരത്തിനുള്ളിൽ വിശ്രമിച്ചു. അവിടെവെച്ചായിരുന്നു ഞാൻ പ്രസവിച്ചത്. ചൂടുകൊണ്ട് പഴുത്തുകിടക്കുന്ന മണലിൽക്കിടന്ന് കുഞ്ഞുങ്ങൾ വാവിട്ടുകരഞ്ഞു. 

ദിവസങ്ങൾ കഴിയുന്തോറും വിശപ്പും ദാഹവുംകൊണ്ടു ശരീരം അവശതയിലേക്കു കൂപ്പുകുത്തി. ത്രാണിയില്ലാത്ത ശരീരത്തിലെ അവസാനത്തുള്ളി രക്തവും മക്കളൂറ്റിക്കുടിക്കുന്നതു വേദനയോടെ ഞാനറിഞ്ഞു. ആരെങ്കിലും വരുമെന്നും ഞങ്ങളെ  കാണുമെന്നുള്ള പ്രതീക്ഷക്കുമേൽ അസ്തമനത്തിന്‍റെ നിറംവീണു തുടുക്കാൻ തുടങ്ങി. രക്ഷപ്പെടാമെന്നുള്ള ആശ നശിച്ച് മരണത്തെ കാത്തിരിക്കുമ്പോളും മക്കളെക്കുറിച്ചോർത്തുള്ള വ്യഥ, കണ്ണുകളെ ഈറനണിയിച്ചു. 

താടിയും മുടിയും നീട്ടിവളർത്തിയ അപരിചിതനായ ഒരു മനുഷ്യൻ കൂടാരത്തിനുള്ളിലേക്കു അവിചാരിതമായി കയറിവന്നു. കുനിഞ്ഞിരുന്ന് ഞങ്ങളെ ശ്രദ്ധിച്ചു. ആക്രമിക്കാനുള്ള ഉദ്ദേശ്യമാണെങ്കിൽ വയ്യെങ്കിലും പ്രതിരോധിക്കാൻ ഞാൻ തയ്യാറെടുത്തു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു അമ്മ നടത്തുന്ന പോരാട്ടം. ശക്തനുമുമ്പില്‍  ദുർബല തോറ്റുപോകുമെന്നറിഞ്ഞിട്ടും എഴുന്നേറ്റുനിന്നു. ശരീരം തളരുന്നു; കാഴ്ച്ച മങ്ങുന്നപ്പോലൊരു തോന്നൽ. പിന്നെന്താണ് നടന്നതെന്ന് ഓർമ്മയിൽ തെളിഞ്ഞുവരുന്നില്ല. 

നിനവ് തിരിയേ വന്നപ്പോൾ ഞാനേതോ വൃത്തിയുള്ള കൂടാരത്തിനുള്ളിൽ നനഞ്ഞ മണ്ണിൽ തണുത്തുകിടക്കുകയായിരുന്നു. ധൃതിയിലെഴുന്നേറ്റു. മക്കളെ തിരഞ്ഞു. മതിമറന്നുറങ്ങുന്ന കുട്ടികളെ കണ്ടപ്പോൾ, അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞപ്പോൾ ഞാനാശ്വസിച്ചു. പേടിയില്ലാതെ അന്തിയുറങ്ങാൻ ഒരു ഇടത്താവളം കിട്ടിയിരിക്കുന്നു. വിശപ്പും ദാഹവും തത്ക്കാലത്തേക്കു മറന്നു. സുരക്ഷിതത്വം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഉറക്കത്തിന്‍റെ ആലസ്യം വീണ്ടും മിഴികളിൽ സ്പർശിച്ചു.

തിളങ്ങുന്ന പിഞ്ഞാണത്തിൽ നിറയെ  ആഹാരസാധനങ്ങളുമായി അയാൾ ഞങ്ങൾ വിശ്രമിക്കുന്നിടത്തേക്കു വന്നു. പാത്രം നിലത്തുവെച്ച്  എന്‍റെ ശിരസ്സിൽ അയാൾ പതിയെ തലോടി. മുഖം മണ്ണിലൊളിപ്പിച്ച് ഞാൻ കിടന്നു. അതുപോലൊരു സ്പർശനസുഖം ജീവിതത്തിൽ ആദ്യമായിട്ട് അനുഭവിക്കുകയായിരുന്നു. നല്ല ജനുസ്സിന്‍റെ കരുത്തിൽപ്പിറക്കുന്ന ചില ആൺകുട്ടികളെ മനുഷ്യർ എടുത്തുകൊണ്ടുപോയി  വളർത്തുമെങ്കിലും ഊരുചുറ്റുന്ന പെൺവർഗ്ഗത്തിനു പുലയാട്ടുകേൾക്കുക പതിവായിരുന്നു. അവരിൽനിന്നു വ്യത്യസ്തനായ ഒരാളെ കണ്ടപ്പോൾ, അയാളുടെ കരലാളനമനുഭവിച്ചപ്പോൾ, എന്‍റെ കണ്ണുകൾ നിറഞ്ഞു. മുഖമുയർത്തി  ഞാൻ അയാളുടെ കണ്ണുകളിലേക്കു  നോക്കി. തിളങ്ങുന്ന ആ കണ്ണുകളിൽ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഉപ്പുവെള്ളം നിറഞ്ഞുവരുന്നത് ഞാൻ കണ്ടു. കവിൾത്തടംകൊണ്ട് അയാളുടെ കൈകളിലുരസി കൃതജ്ഞത വെളിപ്പെടുത്തി. ഒരിക്കൽക്കൂടെ എന്‍റെ ശിരസ്സിൽ തലോടി, അയാളെഴുന്നേറ്റുപോയി. 

"ഹേ നന്മയുള്ള മനുഷ്യാ! നിങ്ങൾ ചെയ്തുതന്ന ഈ ഉപകാരത്തിനു എന്നെങ്കിലുമൊരിക്കൽ എന്‍റെ ജീവൻ കൊടുത്തും ഞാൻ പ്രത്യുപകാരംചെയ്യും."

മനസ്സിൽ നന്മ സൂക്ഷിക്കുന്നവരാരും ഉപകാരത്തിന്‍റെ പ്രതിഫലംപറ്റാൻ നില്ക്കുകയില്ല. ഞാൻ പറഞ്ഞതൊന്നും അയാൾ  കേൾക്കുന്നുണ്ടായിരുന്നില്ല. കേട്ടെങ്കിൽതന്നെ എന്‍റെ ഭാഷ അയാൾക്കു മനസ്സിലാകുമായിരുന്നില്ല.

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ എന്‍റെ ശരീരം പുഷ്ടിച്ചു. മക്കളൊക്കെ വളർന്നു. ഓടാനും ചാടാനും തുടങ്ങി. ആ കൂടാരത്തിലെവിടെയും കറങ്ങിനടക്കാനുള്ള സ്വതന്ത്ര്യം അയാള്‍ എനിക്കനുവദിച്ചുതന്നു. ഭാഷയറിയില്ലെങ്കിലും ആംഗ്യഭാഷയിൽക്കൂടെ പരസ്പരം ആശയവിനിമയങ്ങൾ നടത്തി. പതിവുപോലേ അന്നും ഞങ്ങൾക്കു കിടക്കാൻ സൗകര്യമൊരുക്കിത്തന്ന്കൂടാരത്തിന്‍റെ മറ്റൊരു മൂലയില്‍  അയാൾ ഉറങ്ങാൻകിടന്നു. 

ചുമരിനോടു ചേർന്നുക്കിടക്കാൻ മക്കൾ തമ്മിൽ കടിപിടികൂട്ടിയപ്പോൾ ഞാൻ ശാസിച്ചു. കിട്ടിയിടത്തു കിടന്ന് അവർ ഉറങ്ങാനാരംഭിച്ചു. എനിക്കെന്തോ കിടന്നിട്ടുറക്കം വന്നില്ല. ആപത്തെന്തോ വരാൻപോകുന്നതുപോലൊരു തോന്നൽ. ചെവികൂർപ്പിച്ചു ശ്രദ്ധിച്ചു. കാറ്റിന്‍റെയോ പേമാരിയുടെയോ ലക്ഷണളൊന്നുമില്ല. എങ്കിലും മനസ്സിന്‍റെ തോന്നലുകളെ നിസാരവൽക്കരിക്കാൻ തോന്നിയില്ല. ഭുമികുലുക്കമോ മറ്റോ വരുന്നുണ്ടോ?  കാത് മണ്ണിനോടു ചേർത്തുവച്ചു നോക്കി. ഒരുപാട് അടി താഴ്ച്ചയിൽ ഒരു നീരുറവയൊഴുകിപ്പോകുന്ന ശബ്ദംമാത്രം കേട്ടു.

പെട്ടെന്നെന്തോ ഓർത്തപ്പോൾ കിടക്കുന്നിടത്തുനിന്നെഴുന്നേറ്റ് അയാളുടെ  സമീപത്തേക്കു നടന്നു. അയാൾ ഉറങ്ങുന്നതും നോക്കി  കട്ടിലിനു താഴേ ഞാൻ കിടന്നു. കിടന്നകിടപ്പിൽ എത്രനേരം ഉറങ്ങിപ്പോയെന്ന് എനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല.

എന്തോ ശബ്ദംകേട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു. കട്ടപിടിച്ച ഇരുട്ടിൽ, നിഴലുകളുടെ അനക്കം കണ്ട ഭാഗത്തേക്കു ദൃഷ്ടിയൂന്നി.  

ഗാഢമായ നിദ്രയിലും കാലാട്ടികൊണ്ടിരിക്കുന്നത് കാലങ്ങളായി അയാളുടെ ശീലമായിരുന്നു. ആ ശീലക്കേട് പിടിക്കാതിരുന്ന ഒരുപാമ്പ് ഇരയാണെന്നു കരുതി അയാളുടെ കാലിൽ കൊത്താൻ തയ്യാറെടുത്തുനില്പുണ്ടായിരുന്നു. കുറെക്കാലം അന്നം തന്ന് എന്നെ വളർത്തിയ യജമാനന്‍റെ ജീവനുവേണ്ടി പാമ്പിനോട് പടവെട്ടാൻ ഞാൻ തീരുമാനിച്ചു.

അയാളുടെ കാലിന്‍റെയും പാമ്പിന്‍റെയും മദ്ധ്യത്തിലേക്കായി ഞാൻ ചാടിയതും വർദ്ധിച്ചരോഷത്തോടെ  പാമ്പ് ഫണമുയർത്തി കൊത്തിയതും ഒരുമിച്ചായിരുന്നു. ആ വിഷജന്തുവിന്‍റെ തല ഞാൻ വായ്പിടിയിലൊതുക്കി കൂടാരത്തിന്‍റെ പുറത്തേക്കുചാടി. ആ ഉരഗജീവിയുടെ ജീവൻ എന്‍റെ പല്ലുകൾക്കടിയിലമർന്നുനിലച്ചു. 

പാമ്പിന്‍റെ ജഡം കൂടാരത്തിന്‍റെ വെളിയിൽകൊണ്ടിട്ടു തിരിഞ്ഞുനടക്കുമ്പോഴായിരിന്നു എന്‍റെ ശരീരത്തിനു തളർച്ച അനുഭവപ്പെട്ടത്. കാലുകൾ കുഴഞ്ഞു. പെരുവഴിയിൽ പതുക്കെ ഇരുന്നു. ഇരുന്നിടത്തു കിടന്നപ്പോൾ കൺപോളകൾക്കു കനംവെച്ചുതുടങ്ങി. എന്നെയും മക്കളെയും പരിപാലിച്ച യജമാനനുവേണ്ടി അത്രയെങ്കിലും ചെയ്യാൻകഴിഞ്ഞെന്നുള്ള ചാരുതാർത്ഥ്യത്തോടെ പാതിയടഞ്ഞ മിഴികളുമായി കൂടാരത്തിലേക്കു കണ്ണുംനട്ട് ഞാൻ കിടന്നു. അയാളെ അവസാനമായി ഒന്നു കാണാൻ, ആ സ്നേഹസ്പർശത്തിന്‍റെ സാന്ത്വനം അനുഭവിക്കുവാൻ മനസ്സ് വല്ലാതെ കൊതിച്ചു. സർവ്വശക്തിയുമെടുത്ത് ഒരിക്കൽക്കൂടെ മിഴികൾ വലിച്ചുതുറക്കാൻ ശ്രമിച്ചു.

മങ്ങിയവെട്ടത്തിലേക്കു തുറന്ന  എന്‍റെ മിഴികൾക്കു മുമ്പില്‍ പെട്ടെന്നു ഇരുട്ടുപരക്കുകയും ആ അന്ധകാരം  എന്‍റെ അവസാനകാഴ്ച്ചയെ മറയ്ക്കുകയുംചെയ്തു. 

***************************

 Written by  മനു എണ്ണപ്പാടം

ഒരു ദീർഘയാത്രയുടെ അന്ത്യം.

Image may contain: 1 person, sunglasses
കിഴക്ക് വെള്ളകീറിത്തുടങ്ങിയിയിരുന്നു. വലിയ വളവ് തിരിഞ്ഞ് ബസ്സ് കുത്തനേയുള്ള കയറ്റം കയറാൻ തുടങ്ങി. 
രാത്രിയിൽ പെയ്ത മഞ്ഞിന്റെ ശേഷിപ്പുകൾ, പച്ചിലകളിൽ ഉരുണ്ടുകൂടി കിടന്നിരുന്നു.
ഈ കരിമ്പടം ഇല്ലായിരുന്നുവെങ്കിൽ,തണുത്ത് വിറച്ച ഈ യാത്ര അതിന്റെ അന്ത്യത്തിലെത്തും മുൻപ് തന്നെ അവസാനിപ്പിക്കേണ്ടി വന്നേനേ.  
അസഹ്യമായ തണുപ്പിൽപ്പെട്ട് വിറച്ചപ്പോൾ എനിക്ക് കമ്പളിപുതപ്പ് സമ്മാനിച്ച് വഴിയിലിറങ്ങിപ്പോയ ആ സഹയാത്രികനെ നന്ദിയോടെ ഞാൻ സ്മരിച്ചു.
സൂര്യരശ്മികൾക്ക് കടുപ്പമേറി വന്നു. 
നേർത്ത പുകമഞ്ഞ് പടർന്നുനിന്ന കുന്നിൻചെരുവിൽ ആടുകളും,മാടുകളും മേയുന്നുണ്ട് . 
കന്നുകൾക്ക് പിന്നാലെ പായുന്ന കുട്ടികൾ!!
അവർ ബസ്സിനരികിലേക്ക് ഓടിയെത്തുമ്പോൾ  കീറിയ കൂപ്പായത്തിനുള്ളിൽ വാരിയെല്ലുകൾ താളമിടുന്നു.
എനിക്കെന്തോ വല്ലായ്മ തോന്നി. 
നാണയത്തുട്ടുകൾക്ക് വേണ്ടി നാടോടികൾ ദൂരദേശത്തു നിന്നും കട്ടു കൊണ്ട് വന്ന്, നാട്ടിലെ മാഫിയകൾക്ക് വിറ്റതായിരിക്കാം. അതുമല്ലെങ്കിൽ.ഉദരത്തിലെ പിറപ്പിന്റെ പടച്ചോൻ കൈ മലർത്തിയപ്പോൾ അഭിമാനം കാക്കാൻ തെരുവിലുപേക്ഷിച്ചവരുടെ മക്കളായിരിക്കാം.
ഇവരൊക്കെ വളരുമ്പോൾ എന്തായിത്തീരും? 
ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾ,മനസ്സിൽ വീണുരുകി. 
കാഞ്ഞിരക്കോലുമായി കന്നിനെ മേയ്ക്കാൻ നടക്കുന്ന കുട്ടികൾ കാഴ്ച്ചക്കപ്പുറം മറഞ്ഞു. 
തണുപ്പുള്ള കാറ്റ് മുഖത്തേക്ക് വന്നടിക്കാൻ തുടങ്ങി. നല്ല സുഖം. ഞാൻ സീറ്റിലേയ്ക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.
തൂവെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ആ പെൺകുട്ടി കാവൽ മാലാഖയുടെ പിന്നിൽ നിന്നും എന്റെ കൺ മുൻപിലേയ്ക്ക് കടന്നു വന്നു.
ചോദ്യങ്ങൾ ചോദിക്കാൻ അവൾ വളർന്നിരിക്കുന്നു. ചോരക്കുഞ്ഞായിരിക്കുമ്പോൾ അഗതിമന്ദിരത്തിലേൽപിച്ച അവൾ വളരേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. കാലം എന്റെ മനസ്സിൽ അവശേഷിപ്പിച്ചു പോയ മുറിപ്പാടുകളിൽ അവളുടെ ചോദ്യങ്ങൾ  ആഞ്ഞുതറച്ചു .
ബസ്സ് ഏതോ കുഴിയിൽ വീണ് കയറിയപ്പോൾ ഞാൻ മിഴികൾ തുറന്നടച്ചു. 
വല്ലാത്ത സ്വപ്നംതന്നെ .
================================
"മോളുട്ടിയുടെ സ്ക്കൂൾ ഫീസ് കൊടുക്കേണ്ട സമയമായിട്ടോ?'' ഭാര്യയുടെ പതിവ് പല്ലവി കേട്ട് ഞാൻ ഇരുത്തിയൊന്ന് മൂളി.
അയൽവീട്ടിലെ ശാരദച്ചേച്ചിയുടെ മക്കളെ സ്വകാര്യ സ്ക്കൂളിൽ വിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മുതൽ,  മകൾ പഠിച്ചുകൊണ്ടിരുന്ന സർക്കാർസ്കൂളിന്റെ കുറ്റവും കുറവും ഭാര്യ പറയാൻ തുടങ്ങിയിരുന്നു.
"ഗൾഫ് കാരന്റെ ഭാര്യ ആഗ്രഹിക്കുന്നപ്പോലെ,നാട്ടിലെ ടാക്സിഡ്രൈവറുടെ ഭാര്യ ആഗ്രഹിക്കാൻ പാടുണ്ടോ.? " ഞാൻ പറഞ്ഞു നോക്കി.
ഒരാഴച്ചത്തേയ്ക്ക് മൂക്ക് ചീറ്റലുംപിഴച്ചലുമായി ഭാര്യ ആക്രമണം തുടർന്നു.
"അമ്പതു കൊല്ലത്തെ രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ, സർക്കാർ സ്കൂളിൽ പഠിച്ചവരാണ് ഭാരതത്തിന്റെ പരമോന്നത പദവികൾ അലങ്കരിച്ചിരിക്കുന്നത്. എന്നിട്ടും ആളുകളെന്തിനാണ് സ്വകാര്യസ്‌കൂളിന്റെ പിന്നാലെ പരക്കം പായുന്നത്? " എവിടെയോ വായിച്ചറിഞ്ഞ കാര്യം, ഞാൻ ഓർത്തെടുത്ത് ഭാര്യയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. 
 ഭാര്യയുടെ കടുംപിടുത്തത്തിനു മുൻപിൽ,എന്റെ അറിവ് നിഷ്പ്രഭമായി. അവസാനം ഞാൻ കീഴടങ്ങി. 
 ശാരദച്ചേച്ചിയുടെ മക്കളോടൊ പ്പം സ്വകാര്യസ്‌കൂളിലേക്ക് മകളെ യാത്രയാക്കിത്തുടങ്ങിയതോടെ ഒരാഴ്ച്ചയായി കത്രികപ്പൂട്ടിട്ടു വെച്ചിരുന്ന എന്റെ ദാമ്പത്യം വീണ്ടും യാത്രയാരംഭിച്ചു.
കടം പിന്നെയും പെറ്റുപെരുകി. പലിശക്കാരൻ ശശിയേട്ടൻ എന്റെ തൊടിയിൽ നോട്ടമിട്ട്  നോട്ടുകെട്ടുകൾ തന്നുകൊണ്ടേയിരുന്നു.
  ജീവിതം ഇങ്ങനെയാണ് . 
തുരുമ്പെടുത്തുതുടങ്ങിയ ജീപ്പിന്റെ ഡ്രൈവർ സീറ്റിലിരുന്ന്, ഞാൻ വണ്ടിയെ അട്ടിപ്പായിച്ചുകൊണ്ടേയിരുന്നു . കുടുബത്തിന്റെ ഭാരം വലിക്കാൻ വിധിക്കപ്പെട്ട് കാടുംമേടും കയറിയിറങ്ങിയ ആ പ്രായം ചെന്ന വണ്ടി വഴിയരുകിൽ പല തവണ നിന്നു കിതച്ചു.
മകളുടെ സ്കൂൾ ഫീസിൻ്റെ  കാര്യമാലോചിച്ച് വണ്ടിയിലിരിക്കുമ്പോഴായിരുന്നു ഫോൺ ശബ്ദിച്ചത്. 
മറുതലക്കൽ ചന്ദ്രേട്ടനായിരുന്നു. 
അയാളുടെ മുതലാളിയുടെ ഭാര്യയ്ക്ക് സുഖമില്ല പോലും; ജീപ്പുമായി ഒന്നവിടം വരെ ചെല്ലാൻ ചന്ദ്രേട്ടൻ പറഞ്ഞു.
രണ്ടോ,മൂന്നോ കാറുകളുള്ള വീട്ടിൽ എന്തിനാണ് പുറത്തു നിന്നും വാടകക്ക് ഒരു വണ്ടി? 
വെറുതേ തോന്നിയ  സംശയം ഞാൻ ഇടയ്‌ക്കെപ്പോളോ തല്ലിക്കെടുത്തി.

"രണ്ടു ദിവസമായി തുടങ്ങിയ വയറുവേദനയാണ്, ഇതുവരെയും മാറിയിട്ടില്ല. " 
കാഴ്ചയിൽ യൗവ്വനം  വിട്ടു മാറാത്ത ആ സ്ത്രീ, ജീപ്പിൽ കയറിയപ്പോൾ മുതൽ നിലവിളിക്കാൻ തുടങ്ങി. 
അവരുടെ വയറിന് അല്‌പം വലിപ്പമുള്ളത് പോലേ തോന്നി.
ഒരു സാന്ത്വനവാക്ക് പറയുവാനോ,അവരെ ഒന്ന് ആശ്വസിപ്പിക്കാനോ, കൂടെയുണ്ടായിരുന്ന അവരുടെ ഭർത്താവ് മിനക്കെട്ടില്ല.
അയാൾക്ക് മാത്രം അറിയാവുന്ന ഏതോ ഒരു വികാരത്തിനടിമപ്പെട്ട് പുറത്തേയ്ക്ക് നോക്കി അയാൾ മൂകനായിരുന്നു.
ചന്ദ്രേട്ടൻ ആ സ്ത്രീയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു.
മുരണ്ടു കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് നിന്നു. റോഡിനെ പഴിച്ചു കൊണ്ട് ധൃതിയിൽ താക്കോലിൽ പിടിച്ചു തിരിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു ഒരു കുഞ്ഞിന്റെ കരച്ചിൽ ഞരക്കത്തിലേയ്ക്ക് വഴിമാറുന്നതു ഞാൻ കേട്ടത്. 
ഞെട്ടി, പിൻസീറ്റിലേക്ക് നോക്കിയ ഞാൻ,അവിടെത്ത് കാഴ്ച്ച കണ്ട് ഞാൻ ഉറക്കെ വിളിച്ചു.
"ചന്ദ്രേട്ടാ"
എന്റെ ഒച്ച കേട്ടതും, ആ ചോരക്കുഞ്ഞിന്റെ കഴുത്തിൽ നിന്നും വെപ്രാളപ്പെട്ട് ആ സ്ത്രീ പിടിവിട്ടു.
ശ്വാസം കിട്ടാതെ പിടഞ്ഞ ആ കുഞ്ഞ്, കഴുത്ത് സ്വതന്ത്രമായപ്പോൾ  ദീർഘശ്വാസം വലിച്ച് പുറത്തേയ്ക്ക് വിട്ടു,
ഒരു സ്വപ്നത്തിലെന്ന പോലെ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ എന്നിൽ ഒരു സംശയം മാത്രം ബാക്കിയായി. 
എന്തിനുവേണ്ടി ആ സ്ത്രീ താൻപെറ്റ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു?
തളർന്നവശയായ ആ സ്ത്രീയും അവരുടെ ഭർത്താവും ചേർന്ന് എൻ്റെ  മുന്നിൽ തൊഴുകൈകളുമായി നിന്നു. അല്പദൂരത്ത് ചന്ദ്രേട്ടനും!!

അവർ എന്റെ മുന്നിലേയ്ക്ക് മോഹനവാഗ്ദാനങ്ങൾ വച്ചു നീട്ടി. സ്ഥിരം ജോലി; അതു വേണ്ടെങ്കിൽ ചോദിക്കുന്ന കാശ് തരും. പ്രത്യുപകാരമായി ഒരു ചെറിയ കാര്യം മാത്രം. വണ്ടിയിൽ പെറ്റതും, ആ ചോരക്കുഞ്ഞിനെ ആരും കാണാതെ വഴിയിലുപേക്ഷിക്കുന്നതും പുറംലോകം അറിയാതെ സൂക്ഷിക്കണം.
അവർക്ക് നിസാരമെന്ന് തോന്നിയ കാര്യങ്ങൾ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല.
എന്റെ മോൾക്കൊരു ചെറിയപനി വന്നാൽപ്പോലും ഇടനെഞ്ച് പിടക്കുന്ന ഞാൻ വേറൊരു കുഞ്ഞിനെ  ഉപേക്ഷിക്കാൻ കൂട്ട് നില്ക്കാനോ?
കാശിനല്പം ബുദ്ധിമുട്ടുണ്ടെങ്കിലും ഇക്കണ്ട കാലമത്രയും വ്യക്തിത്വം പണയപ്പെടുത്താതെ ജീവിച്ചു. 
തുടർന്നും ഒരു മനുഷ്യനായി ജീവിക്കുമെന്ന് മനസ്സിലുറപ്പിച്ച് വണ്ടി തൊട്ടടുത്ത പോലിസ്സ്റ്റേഷന്റെ മുമ്പിൽ  നിർത്തി.  
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട്  കാര്യംപറഞ്ഞു.
ജീപ്പിനകത്തേയ്ക്ക് നോക്കിയ അയാൾ തളം കെട്ടിക്കിടക്കുന്ന രക്തം കണ്ട് അന്ധാളിച്ചു നിന്നു. സ്ഥലകാലബോധം വീണ്ടെടുത്തപ്പോൾ, നേരിൽ ബോദ്ധ്യപ്പെട്ട കാര്യം മേലുദ്യോഗസ്ഥനെ ധരിപ്പിക്കാൻ വെപ്രാളപ്പെട്ട് അയാൾ അകത്തേയ്ക്ക് പോയി .
ആ സ്ത്രീ ഉടുത്തിരുന്ന വെള്ളസാരി ചുവന്ന കടും നിറത്തിൽ മുങ്ങിയിരുന്നു. ആർത്തവ രക്തത്തിൽ പോലും വിശുദ്ധി കാണുന്ന ഞാൻ, അന്ന് ആദ്യമായി ഒരു സ്ത്രീയുടെ രക്തത്തിൽ അശുദ്ധിയെ കണ്ടു ഭയപ്പെട്ടു. 
ഭ്രഷ്ട് കല്പിക്കേണ്ട കോടാനുകോടി അണുക്കൾ, സാരിത്തുമ്പിൽ കൂടി നിലത്തേയ്ക്ക് ഊർന്നിറങ്ങി എന്നെ നോക്കിച്ചിരിച്ചു.
ആ പോലീസ്സ്റ്റേഷന്റെ ചുമരുകൾക്കകത്ത് വാദപ്രതിവാദങ്ങൾ നടന്നു. 
അവസാനം എന്നെ അമ്പരിപ്പിച്ചു കൊണ്ട് ആ കുഞ്ഞിന്റെ പിതൃത്വം ചന്ദ്രേട്ടൻ ഏറ്റെടുത്തു.  ആ സ്ത്രീയുടെ വിചിത്രസ്വാഭാവിയായ ഭർത്താവ് അപ്പോഴും ജനലഴികളിലൂടെ വിദൂരതയിലേയ്ക്ക് നോക്കി നിശബ്ദനായി നിന്നു.
സമൂഹത്തിനു മുൻപിൽ മാന്യനെന്ന് വിലസിയിരുന്ന ചന്ദ്രേട്ടൻ!
 അയാളുടെ ഭാര്യയും, മക്കളും ഇതറിഞ്ഞാൽ?!
 അകാരണമായൊരു ഭയം എന്നിൽ വന്നു നിറഞ്ഞു. 
പിതൃത്വം  സ്വീകരിച്ച ചന്ദ്രേട്ടനോ, മുലകൊടുക്കാൻ മടിച്ചു നിന്ന ആ സ്ത്രീയോ കുഞ്ഞിനെ വളർത്താൻ ഒരുക്കമായിരുന്നില്ല.
അവരെ നിർബന്ധിച്ച് ഏൽപ്പിക്കാൻ, മനുഷ്യസ്നേഹിയായ ആ പോലീസുകാരനും ഭയപ്പെട്ടു. പെറ്റുവീണപ്പോൾ  കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടവർ,ആ ശ്രമം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
സമൂഹത്തിന് മുമ്പിൽ മാന്യരെന്ന്, പെയ്മുഖം കെട്ടിയാടിയവരുടെ പണത്തിൻെറയും, സ്വാധീനത്തിന്റെയും മുമ്പിൽ കേവലം ഒരു പോലീസുക്കാരന് എന്തുചെയ്യാൻ കഴിയും; അഗതിമന്ദിരത്തിൽ ആ കുഞ്ഞിനെ ഏൽപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കുകയല്ലാതെ!!!
തണുപ്പ് തീരെ ഇല്ലാത്ത ഒരു പകലിൽ ആ പോലീസുകാരനോടൊപ്പം കുഞ്ഞിനെയുമെടുത്ത് അന്നാദ്യമായി ആ കുന്ന് ഞാൻ കയറി.
 കൈകാലിട്ടടിച്ച് അവൾ രസിച്ചു, കുഞ്ഞിക്കണ്ണുകൾ തുറന്നു പിടിച്ച് കൗതുകത്തോടെ എന്നെ നോക്കി; കൈകൾ കൊണ്ട് എന്തൊക്കയോ ചേഷ്ടകൾ കാണിച്ചു.
അഗതിമന്ദിരത്തിലെ മാലാഖയുടെ കൈകളിൽ അവളെ ഏൽപ്പിക്കുമ്പോൾ;  നെഞ്ച് പൊട്ടുന്ന വേദനയുമായി അവിടം വിടാൻ തീരുമാനിച്ചപ്പോൾ, വീണ്ടും അവിടെക്ക് പോകുമെന്നോ,അവളെ ഒരു നോക്ക് കാണുമെന്നോ ഒരിക്കൽപ്പോലും  ഞാൻ നിനച്ചിരുന്നില്ല.
കാലം എന്നെ തടവുകാരനാക്കി, ഇടയ്ക്കിടെ അവൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു.
 എപ്പോളോ ഒരിക്കൽ ചില  ചോദ്യങ്ങൾ കേട്ട് ഞാൻ പകച്ചു.
"അങ്കിളെന്റെ ആരാണ്? എന്റെ അച്ഛനും, അമ്മയും എവിടെ ? അവരെന്തിനാണ് എന്നെ ഉപേക്ഷിച്ചു പോയത്?"
പിന്നീട് പലയാവർത്തി  ആ ചോദ്യങ്ങൾ ഞാൻ കേട്ടു.
തൃപ്തികരമായ ഒരു മറുപടി പറയാനറിയാതെ അവളുടെ മുമ്പിൽ നിസ്സഹായതയോടെ ഞാൻ  നിന്നു.
============================================
തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ബസ്സ് വന്നു നിന്നു.
കഴിഞ്ഞു പോയ ദിനങ്ങളുടെ ഓർമ്മകളെയും ചുമന്ന് ഞാൻ നടത്തിയ ദീർഘയാത്ര അവിടെ അവസാനിപ്പിച്ചിറങ്ങി.
വഴിവിജനമായിരുന്നു!!
പേരറിയാത്ത പക്ഷികളുടെ പാട്ടുകളാൽ മാത്രം മുറിക്കപ്പെടുന്ന നിശബ്ദത!!!
വളരെ ചെറുതും, അന്തേവാസികൾ കുറവുള്ളതുമായ ആ അഗതിമന്ദിരത്തിന്റെ പടിവാതിൽ കടന്നപ്പോളേ  ഞാൻ കണ്ടു; ഇത്തിൾക്കണ്ണികൾ നിറഞ്ഞ മരത്തിന്റെ ചോട്ടിൽ, ആരുടെയോ ആഗമനം പ്രതീക്ഷിച്ച് അവൾ ഇരിക്കുന്നു.
എന്നെ കണ്ടതും ആ കണ്ണുകൾ  പ്രതീക്ഷയോടെ തിളങ്ങി. 
എന്റെ കൈയിൽ മുറുകെപ്പിടിച്ച് അവൾ എന്നോടൊപ്പം കുറെസമയം നടന്നു.
ഭയപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും അവൾ ചോദിക്കാതിരുന്നപ്പോൾ, അഗതിമന്ദിരത്തിലെ മാലാഖയോട്  ഞാൻ ചോദിച്ചു.
" എന്തെങ്കിലും പറ്റിയോ ന്റെ കുട്ടിക്ക്?"
കാത്തിരിപ്പ് വിഫലമാണെന്നും, അവളെ തിരക്കിയൊരിക്കലും അവളുടെ അച്ഛനോ,അമ്മയോ വരില്ലെന്നുള്ള സത്യം അന്തേവാസികളിൽ ആരോ ഒരാൾ പറഞ്ഞ് അവൾ അറിഞ്ഞിരിക്കുന്നു .
 കേട്ടു കഴിഞ്ഞപ്പോൾ ആദ്യം നീരസം തോന്നിയെങ്കിലും, ഓർത്തപ്പോൾ അവർ ചെയ്തതാണ് ശരിയെന്ന് തോന്നി. 
എന്തിനു വേണ്ടിയാണ് ആ കാത്തിരിപ്പ്? 
ഒരിക്കലും വരില്ലെന്ന് ഉറപ്പുണ്ടായിട്ടും വരാത്തവർക്ക് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിന് അറുതി വരുമല്ലോ. 
സമാധാനം.
അവളോടെപ്പം ചുറ്റി നടന്നും, കഥകൾ പറഞ്ഞും സമയം സന്ധ്യയോടടുത്തപ്പോൾ  അവളെന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് ചോദിച്ചു.
" അങ്കിളിന്റെ വീട്ടിലേയ്ക്ക് എന്നെയും കൂടെ കൊണ്ടു പോകുമോ?"
 ചോദ്യം കേട്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
അവളെ മാറോട് ചേർത്ത് പിടിച്ച് ഞാൻ വിതുമ്പി. 
ഞാൻ അറിഞ്ഞ ആ വേദനകളൊന്നും അറിയാതെ സുഖലോലുപരായി കഴിയുന്ന അവളുടെ അച്ഛനേയും അമ്മയേയും കുറിച്ചോർത്തപ്പോൾ എന്നിൽ അമർഷം പുകഞ്ഞു.
 ബീജം വയറ്റിൽ മുളച്ചു തുടങ്ങുന്നതറിഞ്ഞപ്പോൾ തന്നെ അവർക്കത്  അറുത്തുമാറ്റമായിരുന്നു.
സ്നേഹമെന്ന വികാരത്തിന്റെ സ്പർശന സുഖം നിഷേധിച്ച് തെരുവിലോ, അഗതിമന്ദിരത്തിലോ ഉപക്ഷിക്കുന്നതിനെക്കാളും നല്ലത് ഭ്രൂണഹത്യയാണെന്ന് അന്നെനിക്ക് തോന്നി. 
വീണ്ടും അവൾ ചോദ്യമാവർത്തിക്കുന്നതു കേട്ടപ്പോൾ മറുപടി നല്കാൻ അശക്തനായ ഞാൻ വിദൂരതയിലേയ്ക്ക് നോക്കി മിണ്ടാതെ നിന്നു. 
അപ്പോൾ മൈലുകൾക്കപ്പുറത്തു നിന്നും സംശയദൃഷ്ടിയോടെ എനിക്ക് നേരെ വിരൽ ചൂണ്ടുന്ന ഒരു സമൂഹത്തെ ഞാൻ കണ്ടു. അവർക്കിടയിലൂടെ തല കുമ്പിട്ട് നടക്കുന്ന എന്റെ ഭാര്യയേയും മകളേയും കണ്ടപ്പോൾ അവളെ ചേർത്തു പിടിച്ചിരുന്ന കൈകൾ സാവധാനം ഞാൻ അയച്ചു. ആ സുരക്ഷാകവചം നഷ്ടപ്പെട്ടു പോകുന്നതറിഞ്ഞ് അവൾ എന്നിലേയ്ക്ക് കൂടുതൽ ചേർന്ന് നിന്നു.
അവളുടെ കൈകൾ ബലം പ്രയോഗിച്ച് വിടുവിച്ച്, അവിടെ നിന്നും ഇറങ്ങി നടന്നു.
അന്ധത നടിച്ച് എനിക്കു മുമ്പേ നടന്നുപോയ വഴിപോക്കരുടെ കാല്പാടുകൾ പിൻതുടർന്ന് വഴിതെറ്റാതെ ഞാനും ചുരമിറങ്ങിത്തുടങ്ങി.
********************************
മനു എണ്ണപ്പാടം

ഒരു വെട്ടിയാന്റെ കഥ.

Image may contain: 1 person, closeup

ഒരു വെട്ടിയാന്റെ കഥ.
ഒരു കഥ പറയാൻ മനസ്സ് സജ്ജമായി കഴിഞ്ഞിരിക്കുന്നു. സവർണ്ണ ജാതിയിൽ പിറന്ന പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ കുലം വിട്ടുപോയ ഒരു വെട്ടിയാന്റെ കഥ. ഈ കഥക്ക് നേരിന്റെ നനവുണ്ട്, ചോരയുടെ കാൽപാടുകൾ പതിഞ്ഞ ഗ്രാമത്തിന്റെ ഇടവഴികളിൽ, മരണത്തിന്റെ ഗന്ധവും പേറി അലഞ്ഞു നടക്കുന്ന കാറ്റിന്റെ ചൂളം വിളിയുണ്ട്. ജീവിച്ചിരിക്കുന്ന ദൃക്സാക്ഷികൾ, മരിച്ചു മണ്ണടിഞ്ഞു പോയ രക്തസാക്ഷികൾ അങ്ങനെ ഒരുപാടു പേരുണ്ടെങ്കിലും ആരൊക്കെ ഈ കഥയിൽ കൂടി വെട്ടത്തിലേയ്ക്ക് വരുമെന്ന് ഒരുറപ്പുമില്ല.....
ആണ്ടുകൾക്ക് മുമ്പ് പാണ്ഡ്യനാട്ടിൽ നിന്നും കേരളനാട്ടിലേയ്ക്ക് മുറിച്ചു മാറ്റപ്പെട്ട ഒരു ഗ്രാമം. ആ ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തു കൂടി മലഞ്ചരക്കു വ്യാപാരത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോകാൻ വെട്ടിയുണ്ടാക്കിയ ചെമ്മൺ പാത, ആ പാതയുടെ ഇരുവശങ്ങളിലുമായി നിറഞ്ഞു, നിൽക്കുന്ന കരിമ്പന കൂട്ടങ്ങൾ അവകളിൽ കാണാം,മഴ പെയ്യാൻ മറന്നു പോകുന്നൊരു നാടിന്റെ വേദന. പെൺ പനകളിൽ ചോരയും നീരും വറ്റി,മരിച്ചുപോയിട്ടും മുല കാമ്പിൽ നിന്നും പിടിവിടാതെ നിൽക്കുന്ന, കുറെ നൊങ്ങിണ്ടികൾ.യൗവനത്തിൽ തന്നെ വാർദ്ധക്യത്തിന്റെ നരകളേറ്റു വാങ്ങാൻ വിധിക്കപ്പെട്ട കീറിയ പനമ്പട്ടകൾ,കാറ്റിന്റെ ആജ്ഞ കേട്ട് നിലം പൊത്താൻ തയ്യാറെടുത്തു.
സൂര്യന്റെ താപം കൊണ്ട് അഭ്ര പാളികളിൽ വിള്ളലേറ്റു.ആ സുഷിരത്തിൽ കൂടി രോഗം പടർത്തുന്ന കിരണങ്ങൾ,ആ പ്രദേശങ്ങളിലാകമാനം കെടുതികൾ വിതച്ചു.കന്നു കാലികൾ ചത്തൊടുങ്ങി.പാടത്ത് പണിയെടുക്കുന്നവരുടെ മുതുകിൽ,വെയിൽ വിളയാടി രസിച്ചു.സൂര്യന് പേടിച്ച് ആളുകൾ നട്ടുച്ചനേരത്ത്,പുറം പണിക്കു പോകാതെ വീട്ടിലടയിരുന്നു.ആ കൊടും ചൂടിന് വകവെക്കാതെ ചെമ്മൺ പാതയോരത്തു കൂടി, കൈവണ്ടി വലിച്ചു കൊണ്ട് വരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിക്കു.അവനാണ് ശങ്കർ.ഈ കഥയുടെ മുന്നോടുള്ള യാത്രയിൽ,
നമ്മളോടൊപ്പം അവനുമുണ്ടാകും.വെട്ടിയാൻ കുലത്തിലെ അവസാനത്തെ ആൺതരി. പാരമ്പര്യമായി കിട്ടിയ തൊഴിലിൽ ഉപജീവനം കണ്ടെത്തി,കുടുബത്തിന്റെ മാനംമര്യാദ കാക്കുന്നവൻ.പ്രേതം ദഹിപ്പിച്ചാൽ കിട്ടുന്ന മുന്നൂറ് രൂപക്ക് വേണ്ടി കഷ്ടപ്പാടിന്റെ വണ്ടി ചക്രം വലിക്കുന്നു......
ശങ്കർ വണ്ടി വലിക്കുകയായിരുന്നു വളരെ ശക്തിയോടെ....
ഭാരം വലിക്കാൻ വിധിക്കപ്പെട്ട മൂരികൾ,ചുമടുകൾ വലിച്ചു നടന്നേ മതിയാകു.ലാടത്തിനു തേയ്മാനം സംഭവിച്ചാലും,കാലുകൾ തളർന്നാലും, നിയോഗത്തിൽ നിന്നും ഒളിച്ചോടാൻ ആർക്കുമാവില്ല.മക്കളും,മരുമക്കളും, പേരക്കുട്ടികളുമുണ്ടായിട്ടും നോക്കാനാളില്ലാതെ അഗതിമന്ദിരത്തിൽ ഉപേക്ഷിച്ചൊരു,വൃദ്ധന്റെ പിണമാണ് വണ്ടിയിൽ.
മുന്നൂറ് രൂപക്ക് കരാറുപ്പിക്കുമ്പോൾ മനസ്സ് വേദനയോടെ വിലപിച്ചു.
'സാവിൽ വാഴ്വ്വ് ! .
സത്യമാണത്.ഒന്നു നശിച്ചാലേ മറ്റൊന്നിന് വളമാകുകയുള്ളു.നാശം പ്രകൃതി നിയമാണ്.ആ നിയമത്തിന് അനുസൃതമായി ഒഴുകുകയല്ലാതെ, മനുഷ്യനു മുന്നിൽ മറ്റെന്താണ് മാർഗ്ഗം.
ഒരു മരണത്തിൽ നിന്നും അസംഖ്യം ആളുകൾ ഉയീർവാഴുന്നു.പൂക്കച്ചവടക്കാരനിൽ തുടങ്ങി, കുഴിവെട്ടുകാരൻ വരെ.അവരുടെയൊക്കെ കുടുബങ്ങൾ,മരണം കേൾക്കാൻ കാതോർത്തിരിക്കുന്നു.
ഓരോന്നു ആലോചിച്ചു കൊണ്ട് ശ്മശാന വാതിക്കൽ,ശങ്കർ വണ്ടിയും വലിച്ചെത്തി.
പ്രേതം ചുമന്ന് ചിതയിലേയ്ക്കെടുത്തു വച്ചു.ചാണകവരളി കൊണ്ട് ശവശരീരം മുഴുവൻ മൂടി മറച്ച്,ചിതക്ക് തീകൊടുത്തു.ആഗ്നിനാളങ്ങൾ ആർത്തിയോടെ ശരീരഭാഗങ്ങളെ തിന്നു കൊണ്ടിരുന്നു.മാംസം കത്തി കരിഞ്ഞ മണം വായുവിൽ പടർന്നു. ഏതോ ഒരു ദിക്കിൽ നിന്നും പാഞ്ഞു വന്ന പാണ്ടി കാറ്റ് ആ ഗന്ധവും വഹിച്ച് ശ്മശാനത്തിന്റെ വെളിയിലേയ്ക്ക് പോയി.
കുറച്ച് തിരുനൂറ് മാത്രം ബാക്കിയാക്കി ആ വൃദ്ധനും മണ്ണിൽ നിന്നും വിടവാങ്ങി.
ഊര് കുളത്തിൽ മുങ്ങി നിവർന്ന് ശങ്കർ വീട്ടിലേയ്ക്ക് നടന്നു.തമ്പ്രന്റെ കള പുരയുടെ മുന്നിലെത്തിയപ്പോൾ കാലുകൾ ആരോ പിടിച്ച് കെട്ടിയതുപ്പോലെ നിന്നു.തല വെട്ടിച്ചു ഞാറ്റുപ്പുരയ്ക്കകത്തേയ്ക്കു നോക്കി.കാണാൻ കൊതിച്ചിരുന്ന മുഖം കളപ്പുരയ്ക്കകത്ത് തൂണുകളുടെ മറപറ്റി നില്പുണ്ടോ?നാനാ ദിക്കുകളിലേയ്ക്കും കണ്ണുകൾ പായിച്ചു.കണ്ടു കിട്ടാതെ വന്നപ്പോൾ കനം തൂങ്ങുന്ന മനസ്സുമായി രണ്ടു ചുവട് മുമ്പോട്ട് വച്ചു.പെട്ടെന്നായിരുന്നു പിന്നിൽ നിന്നൊരു വള കിലുക്കം കേട്ടത്.
ശങ്കറിന്റെ വെള്ളാരം കണ്ണുകൾ തിളങ്ങി,മനസ്സ് മന്ത്രിച്ചു താമര!....
ഒറ്റക്കല്ലിൽ ചെതുക്കിയ ശില്പം വരെ നാണിച്ചു തലതാഴ്ത്തും,ആ സൗന്ദര്യത്തിനു മുന്നിൽ.ചുവന്ന കല്ലു പതിപ്പിച്ച മൂക്കുത്തിയിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. മുടിയിൽ ചൂടിയ കനകാമ്പരത്തിന്റെ മണം, നാസിക പിടിച്ചെടുത്തപ്പോൾ,മനസ്സ് ശരീരമറിയാതെ അവളിലേയ്ക്ക് കൂടുതൽ ആകർഷിക്കുകയായിരുന്നു.
: നിങ്ങളെന്താന്ന് ആദ്യായി കാണുമ്പോലെ ഇങ്ങനെ നോക്കണ്....
ശങ്കറിന്റെ ചുഴ്ന്നു നോട്ടം ശ്രദ്ധയിൽ പെട്ടതുകൊണ്ടാവണം അവൾ അങ്ങനെ ചോദിച്ചത്.
ഭാഷ പരിഷ്ക്കാരം ഗ്രാമങ്ങളിൽ വന്നു നിറഞ്ഞിട്ടും അവളുടെ നാവിനു മാത്രം
വഴങ്ങാത്തതെന്താണ്?എങ്കിലും നീട്ടിയും കുറുക്കിയുമുള്ള അവളുടെ സംസാരം കേൾക്കാൻ നല്ല ചേലാണ്.
: നിന്റെ അഴക് കണ്ട് നോക്കിയതാണ് പുള്ളേ....
അതു കേട്ട് താമരയുടെ കവിളിൽ തുണക്കുഴികൾ തെളിഞ്ഞു,പെരുവിൽ കൊണ്ടവൾ നിലത്ത് കളം വരച്ചു.
: അപ്പൻ എനക്ക് ചെക്കനേ
നോക്കണ്ട്ട്ടോളിൻ...
ആഹ്ലാദത്തിന്റെ താരകമുദിച്ചു നിന്ന ശങ്കറിന്റെ മുഖത്ത്,വേദനയുടെ കാർമേഘം വന്നു നിറഞ്ഞു. വെട്ടിയാൻ എങ്ങനെയാണ് മേലാളന്റെ പടിപ്പുര താണ്ടി ചെന്ന് പെണ്ണ് ചോദിക്കുക?താഴ്ന്ന ജാതിയിൽ ജനിച്ചതോർത്ത് അന്ന് ആദ്യമായി അവന്റെ മനസ്സ് പിടഞ്ഞു.ജാതിയുടെ പേരിൽ മനുഷ്യനെ പിരിച്ചപ്പോൾ വെട്ടിയാന്റെ വേഷം കെട്ടി കാശുള്ളവരുടെ മുന്നിൽ ഓച്ഛാനിച്ചു നിന്ന കുലം കുത്തികളായ പൂർവ്വികരോടുള്ള പുച്ഛം ശങ്കറിന്റെ മുഖത്ത് പ്രകടമായി.
: അപ്പന്റെ ആഗ്രഹമാണോ നിനക്കും?..
അതു കേട്ട് അവളുടെ മിഴികൾ നിറഞ്ഞു.
കാലമൊരുപ്പാടായി താമരയെ കാണുന്നു,അങ്ങനെയൊരു ആഗ്രഹം അവൾക്കുണ്ടെങ്കിൽ,താൻ പലതവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ,അവൾ കൂടുതൽ ശക്തിയോടെ തന്നിലേയ്ക്ക് അടുക്കില്ലായിരുന്നു.പിന്നീട് ആലോചിച്ചപ്പോൾ തോന്നി അവളെ കരയിക്കേണ്ടിയിരുന്നില്ലെന്ന്.
: ഒരു തമാശ പറഞ്ഞതാണ് പുള്ളേ......
ശങ്കർ അവളുടെ കൈതണ്ടയിൽ കടന്നു പിടിച്ചു.......
സങ്കടം മുറ്റി നിന്ന അവളുടെ മിഴികളിൽ പ്രണയത്തിന്റെ മാസ്മരികഭാവം വിസ്മയം വിരിയിച്ചു തുടങ്ങി........
ആ കളപ്പുരക്കകത്ത് തങ്ങി നിന്ന വായുവിൽ കാമത്തിന്റെ ഗന്ധം പടർന്നു.ഉണങ്ങിയ
തുവരച്ചെടികളുടെ മുകളിൽ കിടന്ന്, രണ്ടു നഗ്നശരീരങ്ങൾ കാട്ടിയ കൂട്ടിയ കോപ്രായങ്ങളിൽ തുവരകായകൾ പൊട്ടിത്തെറിച്ചു.താമരയുടെ ശരീരത്തിൽ നിന്നും വിയർപ്പുതുള്ളികൾ പൊടിഞ്ഞു.ആ നേർത്ത ജലകണങ്ങൾക്ക് ചന്ദനത്തിന്റെ സുഗന്ധം!! പരിമളം പടർത്തുന്ന ശരീരത്തിൽ തളർന്ന് കിടക്കുമ്പോൾ ശങ്കറിന് തോന്നി. പുരുഷൻ ഒരിക്കലും സ്ത്രീയെ ജയിക്കാൻ പ്രാപ്തനായിട്ടില്ലെന്ന്. സ്ത്രീ ബുദ്ധിയോടു കൂടി കാമവികാരത്തെ സമീപിക്കുമ്പോൾ,പുരുഷൻ കരുത്തിലൂടെ കീഴടക്കാൻ നോക്കും, ബുദ്ധിയും ശക്തിയും മാറ്റുരക്കുന്ന മത്സരത്തിൽ അന്തിമ ജയം സ്ത്രീക്ക് അനുകൂലമായിരിക്കും...
കളപ്പുരയിൽ പിറന്നപടി കിടക്കുമ്പോൾ,ആരെങ്കിലും കടന്നു വരുമെന്നുള്ള ചിന്തകളൊന്നും ലവലേശം അവരിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിന്റെ അനിർവചീനയമായ അനുഭൂതിയിലേയ്ക്ക് അവരുടെ മനസ്സ് പൂർണ്ണമായും അടിമപ്പെട്ട് കഴിഞ്ഞിരുന്നു.ആ മായി കാവലയത്തിൽ അകപ്പെട്ട് കിടക്കുമ്പോൾ താമര ചോദിച്ചു.
: എന്നെ എന്നു തിരുമണം ശെയ്യും.....
പ്രതീക്ഷയോട് തന്റെ മുഖത്തേക്ക് നോക്കുന്ന,താമരയുടെ കണ്ണുകളിലേയ്ക്കു നോക്കി പറഞ്ഞു.
: നാളെ ഒരു സൂര്യോദയമുണ്ടെങ്കിൽ നിന്റെ കഴുത്തിൽ മിന്നു കെട്ടും.....
ആ ഉറച്ച വാക്ക് അവളിൽ സന്ദേഹത്തിനിടം നല്കിയില്ല,കാരണം ശങ്കറിന്റെ വാക്ക് അവന്റെ ജീവൻ തന്നെയാണ്.
പേക്കൂത്തിനിടയ്ക്ക് അരയിൽ
നിന്നും തെറിച്ചുപ്പോയ അരഞ്ഞാണമെടുത്ത് അവൾ ശങ്കറിനു നേരെ നീട്ടി.
: ഇതുരുക്കി താലി പണിയിക്ക് ......
ആ അരഞ്ഞാണം വാങ്ങിച്ച് ശങ്കർ താമരയുടെ അരയിൽ ചുറ്റിക്കൊരുത്തു.
: നിന്റെ അരക്കെട്ടിൽ കിടക്കുമ്പോഴാണ് പുള്ളേ ഈ പൊന്ന് അരഞ്ഞാണത്തിന് ഭംഗി.....
താമര ശരീരത്തിൽ നിന്നും ശങ്കറിനെ തള്ളിമാറ്റി. നിലത്തു കിടന്നിരുന്ന വസ്ത്രങ്ങളെടുത്തു ധൃതിയിൽ ധരിച്ചു.
വീട്ടിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ശങ്കർ ഓർമ്മിപ്പിച്ചു.
: രാവിലെ ആറു മണിക്ക് മാങ്കരയമ്മൻ കോവിലേയ്ക്ക് വരണം....
താമര വരമെന്നേറ്റു യാത്ര പറഞ്ഞു.
ആണ്ടുകളായി കൊണ്ടു നടക്കുന്ന പ്രണയമെന്ന വികാരത്തിന്റെ അന്ത്യമാണിന്ന്.നാളെ കാമുകനിൽ നിന്നും ഭർത്താവിലേയ്ക്കുള്ള പരകായപ്രവേശമാണ് കടമകളും കടപ്പാടുകളും കൂടുകയാണ്, വരുംവരായ്കകളെ കുറിച്ചോർത്ത് ഉറച്ച കാൽവെപ്പുകളോട് ശങ്കർ നടന്നു.തട്ടാന്റെ പട്ടര നോക്കി.......
മധുര സ്വപ്നങ്ങൾ കണ്ടുറങ്ങിയ ആ സുന്ദര രാത്രി,പുലരി സൂര്യന്റെ മുമ്പിൽ വഴിമാറി കൊടുത്തു.ശങ്കർ എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറി.തട്ടാൻ പണികഴിപ്പിച്ചു നല്കിയ താലിയെടുത്ത് അരയിൽ തുരുകി കോവിലിലേയ്ക്ക് നടന്നു.
ആയിരം കണ്ണുള്ള ദേവിയെ
മുൻനിർത്തി താമരയുടെ കഴുത്തിൽ ശങ്കർ വരണമാല്യം ചാർത്തി.
അവിടെ കൂടിനിന്നരുന്ന ആളുകളടക്കം പറഞ്ഞു.
: വണ്ണിയർ പെണ്ണിനെ വെട്ടിയാൻ ചെക്കൻ തിരുമണം ശെയ്തു....
ആ വാർത്ത കാട്ടുതീപ്പോലെ പടർന്നു. ആ വാർത്തയും കൊണ്ട് ആരോ ഒരാൾ താമരയുടെ വീട് ലക്ഷ്യമാക്കി ഓടി...
വാർത്തികൻ പറഞ്ഞതു കേട്ട് താമരയുടെ അച്ഛൻ ഉറഞ്ഞു തുള്ളി.ഇറയത്ത് തിരുകി വെച്ചിരുന്ന കൊടുവാളെടുത്ത് മൂത്ത മകനേ ഉറക്കെ വിളിച്ചു
: ശെൽവം ആ കൂത്തിച്ചി മകൾ ചതിച്ചെടാ......
അച്ഛന്റെ കലി തുള്ളി നില്ക്കുന്ന ഭാവം കണ്ട് ശെൽവൻ അമ്പരപ്പോടെ തിരക്കി.
: എന്തു പറ്റി അപ്പാ?.......
: നിന്റെ തങ്കച്ചി താമര ആ വെട്ടിയാൻ ചെക്കനെ കല്യണം കഴിച്ചു,ആ രണ്ടിനെയും ......
ശെൽവത്തിന്റെ സിരകളിൽ ജാതി വെറി പടർന്നു പിടിച്ചു.കണ്ണുകളിൽ തീക്ഷ്ണതയോടെ പക ജ്വലിച്ചു,മുണ്ട് മടക്കികുത്തി അച്ഛനോടെപ്പം ചാടിയിറങ്ങി.
കോവിലിൽ തൊഴുതിറങ്ങിയ ശങ്കറിന്റെ,ശിരസിലേയ്ക്കായിരുന്നു താമരയുടെ അച്ഛന്റെ കൈയിലിരുന്ന കൊടുവാൾ ആദ്യം പതിച്ചത്. അതു കണ്ട് താമര വലിയ വായിൽ നിലവിളിച്ചു.ആ നിലവിളി കേൾക്കാൻ നേരമില്ലാതെ,കൊടുവാൾ പിടിച്ച കരം ശങ്കറിന്റെ ശരീരത്തിനു നേരെ പല തവണ ഉയർന്നു പൊങ്ങി.ശങ്കറിന്റെ ശ്വാസം നിലച്ചെന്ന് ഉറപ്പു വരുത്തി ശേഷം ശെൽവത്തിനു നേരേ കൊടുവാൾ നീട്ടി.
: കുലം മുടിക്കാൻ ജനിച്ചവൾ ഇനി ഈ ഭൂമുഖത്ത് വേണ്ട......
ബന്ധങ്ങളെ തിരിച്ചറിയാത്ത വിധം ജാതിയെന്ന പെരുമരം,ആ മനുഷ്യരുടെ മുന്നിൽ പിന്നെയും വളർന്നു വലുതായി.
മാരകമായൊരു ആയുധം തലയിൽ വന്നു പതിക്കുന്നതോ,തലയോട്ടി പിളർന്ന് ചോര ഒഴുകുന്നതോ താമര അറിയുന്നുണ്ടായിരുന്നില്ല. അസാധാരണമായ ഏതോ ഒരു വികാരത്തിനടിമപ്പെട്ട്,പാതി അടഞ്ഞ ശങ്കറിന്റെ മിഴികളിൽ നോക്കി ആ ചെമ്മൺ പാതയുടെ നടുവിൽ താമര കിടന്നു.
മരണത്തിന്റെ ഗന്ധവും പേറി ഗ്രാമത്തിന്റെ തെരുവോരങ്ങളിൽ,ആ കാറ്റ് ചൂളം വിളിച്ച് അലറി കരഞ്ഞു.....
***********
ആ കൊലപാതകം നിസ്സഹായതയോടെ നോക്കി നില്ക്കേണ്ടിവന്ന, ദൃക്സാക്ഷിയെന്ന നിലക്ക് നേരിട്ടു കണ്ട കാര്യം ഞാൻ കോടതയിൽ ധരിപ്പിച്ചു.കോടതി മുറിയിൽ വാദിഭാഗത്തിന്റെയും, പ്രതിഭാഗത്തിന്റെയും വാക്പോരാട്ടങ്ങൾ തകൃതിയായി നടന്നു. കൊലപാതക രംഗങ്ങൾ കണ്ടു നിന്ന ഞാനുൾപ്പെടെയുള്ള ദൃക്സാക്ഷികൾ,കൃത്യം ചെയ്ത കുറ്റവാളികൾ അവരുടെയൊക്കെ മുഖങ്ങൾ,നിയമത്തിന്റെ കൂട്ടിൽ പല തവണ മിന്നി മറഞ്ഞു. ഒടുവിൽ ഇരുട്ടിന്റെ മറപറ്റി നിന്ന സത്യം വെളിച്ചത്തേയ്ക്കു വന്നു.പരമോന്നത നീതിപീഠം ആ പാപികൾക്ക് ശിക്ഷ വിധിച്ചു.
'മരണം വരെ തൂക്കിലേറ്റുക!
ആ വിധി കേട്ട് സംതൃപ്തിയോടെ കോടതി വളപ്പിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി, ചെമൺ പാതയോരത്തു കൂടെ നടന്നു. പുറകിൽ നിന്നൊരു വളകിലുക്കം കേട്ട് തിരിഞ്ഞു നോക്കി.
ആകാംഷയോടെ വായനക്കാർ തിരക്കിയേക്കും
: ആ കുപ്പി വളകിലുക്കം ആരുടേതായിരുന്നു?......
: മനസ്സ് എന്ന മായാപ്രപഞ്ചത്തിന്റെ ഉള്ളറകളിൽ നിന്നും തോന്നിയ, വെറുമൊരു മിഥ്യ മാത്രമായിരുന്നത്.
വെറുമൊരു മിഥ്യ മാത്രം........

************************************
മനു എണ്ണപ്പാടം

SSLC

Image may contain: 1 person, sunglasses

ഈ തട്ടിക്കൂട്ട് കഥ ഗ്രൂപ്പിൽ പോസ്റ്റ് ചെയണ്ട എന്നു കരുതിയതാണ് പിന്നെ ഏല്ലാവരും പറഞ്ഞു ഒരേ പാതയിൽ സഞ്ചരിച്ചാൽ ചിലപ്പോൾ വായിക്കുന്നവർക്ക് മുഷിപ്പ് ഉണ്ടാകുമെന്ന് ,മരണം, ആത്മഹത്യ, ശമ്ശാനം വേദന എത്രയെഴുതും. മനസ്സില്ല മനസ്സോടെ ഞാൻ പോസ്റ്റ് ചെയ്യുന്നു.....
S .....S......L........C

നവംമ്പർ മാസത്തിലെ ചെറിയ തണുപ്പുള്ള പ്രഭാതം.
മഞ്ഞിൽ കുതിർന്നു കിടന്ന
ആ സ്ക്കൂൾ മൈതാനത്തിന്റെ ചുറ്റു മതിലിൽ ഞങ്ങൾ ഇരിക്കുകയായിരുന്നു.
ക്ലാസിലേയ്ക്ക് കയറേണ്ട അവസാനത്തെ കൂട്ടമണി മുഴങ്ങിയിട്ടും ചുറ്റുമതിലിന്റെ പുറത്തിരിക്കുന്നത് കാണുമ്പോൾ തന്നെ ഞങ്ങളെ കുറിച്ചുള്ള ഒരേകദേശരൂപം കാണുന്നവർക്ക് മനസ്സിലാകും. വിദ്യാഭ്യാസത്തിനോടുള്ള
താത്പര്യമില്ലെങ്കിലും വലിയ,വലിയ സ്വപ്നങ്ങൾ കാണാൻ ഞങ്ങൾ മിടുക്ക് കാട്ടിയിരുന്നു.
സ്ക്കൂൾ മതിലിനോട് ചേർന്ന് കിടക്കുന്ന കുറ്റിക്കാട്ടിൽ മലർന്ന് കിടന്ന് ബീഡി വലിച്ചുകൊണ്ട്, നിറമുള്ള കിനാക്കൾ കണ്ടു. ക്രിക്കറ്റ് ഗ്രൗണ്ടിൽ സച്ചിനോടെത്ത് ബാറ്റ് ചെയ്യുക., മോഹൻലാലിനെ വെച്ച് സിനിമ സവിധാനം ചെയ്യുക, കേന്ദ്രസർക്കാർ ജോലിയുള്ള പെണ്ണിനെ വിവാഹം കഴിക്കുക, വലിയ വീട്, ആഡംബരകാറ് അങ്ങനെ പലതും.മറ്റുള്ളവർ കാണാൻ മടിക്കുന്ന സ്വപ്നങ്ങൾ ഞങ്ങൾ ലാഘവത്തോടെ പലതവണ കണ്ടു.
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്ക്കൂൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞായിരുന്നു സജീവനു തോന്നിയ സംശയം ഞങ്ങളോട് ചോദിച്ചത്.
" അളിയൻമാരെ! SSLC യുടെ ഫുൾഫോം എന്താണ്?".....
മുഖത്തോടു മുഖം ഞങ്ങൾ
നോക്കിയിരുന്നു, അല്ലെങ്കിലും പഠിത്തവുമായി ബന്ധപ്പെട്ട കാര്യകാരണങ്ങളെ കുറിച്ച് ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് കടന്നുവരാറില്ല. പ്രത്യേകിച്ചും സജീവനും, വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം വളരെ കൂടുതലായിരുന്നു.......
കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്, സജീവനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത്.
ഞങ്ങളുടെ ഗ്രൂപ്പിലെ ഏല്ലാ മെമ്പർമാരും, ഓരോ പെണ്ണുങ്ങളെയെങ്കിലും പ്രേമിക്കണമെന്ന ആശയം മുന്നോട്ടു വച്ച കാലം. സജീവൻ സുന്ദരിയായ പ്രശാന്തിയുടെ പിറകേ കൂടി ഞങ്ങളെല്ലാവരും ചേർന്ന് അവനെ വിലക്കി...
" ഇത്രയ്ക്കും സുന്ദരിയായ പെണ്ണ് വേണ്ട, മച്ചാനെ അവൾ നിനക്ക് വളയില്ല.........."
അവനതൊന്നും കേട്ട ഭാവം നടിച്ചില്ല. അവൾക്കു വേണ്ടി നെയ്തുകൂട്ടിയ എണ്ണമറ്റ സ്വപ്നങ്ങളിൽ മതിമറന്നുറങ്ങാൻ അവന്റെ മനസ്സ് ആശ കൊള്ളുകയായിരുന്നു...
ഒരു വൈകുന്നേര സമയം. സ്കൂൾ കഴിഞ്ഞു വന്ന് എന്നും ഇരിക്കാറുള്ള അമ്പലത്തറയിലെ ആൽ മരച്ചോട്ടിലേയ്ക്ക് ഓടിക്കിതച്ച് അവൻ വന്നു. വന്നപാടെ ഞങ്ങൾക്കുനേരെ ഒരു കടലാസു കഷണം നീട്ടി.
" ഇതുവരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന പ്രശാന്തി, ഈ പ്രണയലേഖനം കൊടുത്തതിൽ പിന്നെ എന്നോട്ട് മിണ്ടാട്ടമില്ല! മിണ്ടാതിരിക്കാൻ മാത്രം എന്തു മോശമായ കാര്യമാണ് ഈ കത്തിലുള്ളത് ഒന്ന് നോക്കി പറയടാ........"
പൊതുവെ അക്ഷര തെറ്റ് മാത്രമെഴുതുന്ന ഞാൻ തന്നെ അതു വായിക്കണമെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്പോൾ ഞാനെന്ന സാഹിത്യകാരന് ആദ്യമായി കിട്ടിയ അംഗീകാരമായി കരുതി ആ പ്രണയലേഖനം വായിക്കാൻ ഒരുമ്പെട്ടു........
' പ്രിയപ്പെട്ട പ്രശാന്തി നമ്മൾ തമ്മിൽ ആദ്യം കണ്ട നിമിഷം ഓരോ നക്കിലും ആയിരം അർത്ഥം തോന്നിയ നിമിഷം ,ഞാൻ ഇന്നും വസന്തത്തിൻ
പൊൻ പൂക്കളായി തന്നെ മനസ്സിൽ സൂക്ഷിക്കുന്നു. ആദ്യം നീ നക്കി, പിന്നെ ഞാൻ നക്കി, പിന്നെ നമ്മൾ പരസ്പരം നക്കി...
കുറച്ചു മാത്രമേ എനിക്കു വായിക്കാൻ കഴിഞ്ഞുള്ളു. കൂട്ടുകാരുടെ കളിയാക്കലും കൂട്ട ചിരിയും കേട്ടപ്പോൾ ഞാൻ വായിച്ചതു തെറ്റിപ്പോയതാണെന്ന സംശയം എന്നിൽ ബലപ്പെട്ടു ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി. അല്ല അവൻ എഴുതിയത് അങ്ങനെ തന്നെയായിരുന്നു അടക്കിപിടിച്ച ചിരിയുമായി ഞാൻ അവനോട് തന്നെ തിരക്കി..
" കവി ഉദ്ദേശിച്ചത് എന്താണാവോ? "........
നോക്കിയെന്നു എഴുതിവന്നപ്പോൾ നക്കി എന്നായിപ്പോയിപ്പോലും...
മലയാള ഭാഷയെ അതിരുകവിഞ്ഞ് സ്നേഹിച്ച ആ പെൺകുട്ടിക്ക് ഇതുപോലൊരു പ്രണയ ലേഖനം എഴുതി കൊടുത്താൽ പിന്നെ എങ്ങനെ സജീവനെ പ്രശാന്തി പ്രണയിക്കും. ആ പ്രണയത്തിന്റെ ദാരുണാന്ത്യം ആ പ്രണയലേഖനത്തോട്
സംഭവിച്ചു......
ആ സജീവനാണ് ഇന്ന് SSLC യുടെ പൂർണ്ണരൂപം ചോദിക്കുന്നത്. ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു. ഇനി സജീവൻ നന്നാവാൻ തീരുമാനിച്ചോ? ആ സംശയത്തിന്റെ അളവ് ഗണ്യമായ തോതിൽ വർദ്ധിച്ചുകൊണ്ടിരുന്നു കൂട്ടത്തിൽ ഉത്തരമറിയാത്തതിന്റെ വിഷമവും ഞങ്ങളുടെ മുഖത്ത് പ്രകടമായി.
കൂട്ടത്തിൽ നിന്നും അകലം മാറി നിന്ന ഗണേശൻ! ആ ചോദ്യം കേട്ട മാത്രയിൽ ഞങ്ങളോടായി പറഞ്ഞു.
" ഇതൊന്നും തെരിയാതെയാണോ പത്താം ക്ലാസ് വരെ വന്തത്?".............
ഗണേശൻ,അങ്ങനെയാണ്.തമിഴും, മലയാളവും കൂട്ടി കുഴച്ച് മാത്രമേ അവന് സംസാരിക്കാനറിയുള്ളു.
തമിഴ്നാട്ടിലാണ് അവന്റെ അച്ഛനും,അമ്മയ്ക്കും ജോലി. കുറച്ചു കാലം വളർന്നതും പഠിച്ചതും.
ഈറോഡായിരുന്നു അതിന്റെ കുറവ് സംസാരത്തിൽ നിന്നും വ്യക്തമാകും.
ഋത്വിക്റോഷന്റെ പോലെത്ത് ശരീരവും,ചെറിയ കണ്ണുകളും ഞങ്ങളുടെ കൂട്ടത്തിൽ അവനെ സുന്ദരനാക്കി,സുന്ദരനാണെന്നുള്ള അഹങ്കാരം ഞങ്ങളെ കളിയാക്കാനും പെണ്ണുങ്ങളുടെ മുന്നിലാളാവാനും അവൻ ഉപയോഗിച്ചു. ആ പെരുമാറ്റം ഞങ്ങളിൽ പലരിലും അവനോടുള്ള ദേഷ്യം പരോക്ഷമായും അല്ലാതെയും പ്രകടിപ്പിച്ചു. ഇഷ്ടിക കഷണം കൊണ്ടും നാറുന്ന പനമ്പഴം (പനയുടെ കരിക്ക് പഴുത്തത്, നൊങ്ക് ,ഇളന്ദൻ എന്നൊക്കെ പറയും) കൊണ്ടും അവന്റെ മുഖത്തുരച്ച് വിക്രതമാക്കി ഞങ്ങൾ ആത്മസംതൃപ്തിയടഞ്ഞു എന്നുള്ള പരമാർത്ഥം വെളിപെടുത്താതിരിക്കാനാവില്ല.
ഒരുപാട് അധികം വേദനയും, അവഗണനയും നേരിട്ടെങ്കിലും ഞങ്ങളുടെ കൂട്ട് വിട്ട് പുറത്തു പോകാനുള്ള ആർജ്ജവം അവൻ കാണിച്ചില്ലെന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം...
അന്നൊരു യുവജനോത്സവ ദിവസമായിരുന്നു ഞാനും ഗണേശനും സ്ക്കൂൾ മൈതാനത്തു കൂടി ചുറ്റികറങ്ങുമ്പോൾ എനിക്കു പരിചയമില്ലാത്ത ഒരു ചേട്ടൻ ഞങ്ങളുടെ അടുത്തു വന്നു...
" ഗണേശാ ഇവിടെന്നു വേണോ? അതോ! "
മൂത്രപുരയ്ക്കു നേരെ വിരൽ ചൂണ്ടി കൊണ്ട് ആ ചേട്ടൻ വീണ്ടും ചോദിക്കുന്നതു കേട്ടു.
"അവിടെന്നു വേണോ?"
ഗണേശൻ മുഖം തടവികൊണ്ടു പറഞ്ഞു.
"ഇവിടെ മുഴുവൻ ആളല്ലെ സേട്ടാ ഉള്ളേ വച്ചു മതി"
അതും പറഞ്ഞ് മൂത്ര പുരയുടെ അകത്തേയ്ക്ക് അവൻ വേഗം നടന്നു. എന്തു കൊടുക്കാനാണ് ആകാംക്ഷയും അതിലേറേ ഭീതിയും എന്നിൽ തളം കെട്ടി നിന്നു വരുന്നതു വരട്ടെയെന്നു കരുതി മൂത്രപുരയുടെ ചുറ്റുമതിൽ വലിഞ്ഞു കയറി അകത്തേയ്ക്കു നോക്കി.
ഗണേശന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ച് ചുമരിൽ ചേർത്തു നിർത്തി ആ ചേട്ടൻ എന്തൊക്കയോ ചോദിക്കുന്നു എനിക്കൊന്നും വ്യക്തമായികേൾക്കുന്നുണ്ടായിരുന്നില്ല പക്ഷേ, അവന്റെ ശബ്ദം ഉച്ചത്തിലായിരുന്നതു കൊണ്ട് അവൻ പറഞ്ഞതു മാത്രം ശ്രദ്ധിച്ചു കേട്ടു.
" മുഖത്തടിക്കരുത് സേട്ടാ ഗ്ലാമർ പോകും"
അതു പറഞ്ഞു കഴിഞ്ഞതും അടിപൊട്ടുന്ന ശബ്ദം കേട്ട മാത്രയിൽ ഞാൻ തറയിൽ കുനിഞ്ഞിരുന്നു. അല്ലെങ്കിലും കൂട്ടത്തിലാർക്കെങ്കിലും തല്ല് കിട്ടുമ്പോൾ ഞാൻ ഓടിയൊളിക്കുക പതിവായിരുന്നു. പേടിത്തൊണ്ടൻ എന്ന പേര് കൂട്ടുകാർക്കിടയിൽ നിന്ന് വീണു കിട്ടിയത് എനിക്ക് മാത്രമായിരുന്നു. പേടി കൊണ്ടല്ല ഞാൻ അടി തുടങ്ങുമ്പോഴെക്കും ഓടുന്നത്... തലകൾ കൊയ്യാനും മെതിക്കാനും ഇഷ്ടമുള്ള എനിക്ക് ഈ ചെറുവഴക്കിനോട് താത്പര്യമില്ലാത്തതു കൊണ്ട് മാത്രമാണ്...
മുടി മാടിയൊതുക്കി പാട്ടും പാടി മൂത്രപുരക്ക് അകത്തു നിന്നു വരുന്ന ഗണേശനെ കണ്ടപ്പോൾ പഴയയൊരു ചൊല്ല് അവനു മാത്രം ചേരുന്നതായി പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
'പോത്തിന്റെ പുറത്ത് മഴ പെയ്തിട്ട് കാര്യമില്ല '
ഏതെങ്കിലുമൊരു പെണ്ണിനോട് ഇഷ്ടമാണെന്നു പറയും ശല്യം സഹിക്കാതാവുമ്പോൾ പെൺകുട്ടികൾ തന്നെ വീട്ടുകാരോടു പറയും വീട്ടിൽ നിന്ന് ആരെങ്കിലുമൊക്കെ വന്ന് ഇതുപോലെ കൊടുത്തിട്ടു പോകും. അടികൊള്ളുന്ന ഗണേശനോ, അവനെ കാണുന്ന ഞങ്ങൾക്കോ ഇതൊന്നും പുത്തരിയല്ല....
"നിനക്ക് അറിയാമെങ്കിൽ പറ SSLC യുടെ ഫുൾഫോം എന്താ? "
ഞങ്ങളിലാരോ ഒരാൾ വീണ്ടും ചോദിച്ചപ്പോൾ ഗണേശൻ പറഞ്ഞു.
"സുന്ദരിമാരെ സൈറ്റ് അടിക്കാൻ ലാസ്റ്റ് ചാൻസ് "
ഗണേശൻ പൂർണ്ണരൂപം പറഞ്ഞു നിർത്തിയതും അവന്റെ ചെവി കല്ലിന് താഴെ ശക്തിയുള്ള ഒരു കരം വന്നു പതിഞ്ഞതും ഒരുമിച്ചായിരുന്നു.
വേലായുധൻ മാഷ് നിന്ന് വിറക്കുകയായിരുന്നു
" അവന്റെയൊക്കെ ഒരു SSLC യുടെ ഫുൾഫോം "
മാഷ് പറയുന്നതൊന്നും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല നാനാഭാഗത്തേയ്ക്കും ചിതറിയോടുന്നതിനിടയ്ക്ക് കേട്ടത് അതു മാത്രമായിരുന്നു .....
കുറച്ചു മാസങ്ങൾ കഴിഞ്ഞ് ചുവന്ന മഷിയിൽ Faild എന്നെഴുതിയ SSLC ബുക്ക് കൈയിൽ കിട്ടിയപ്പോൾ മാത്രാമായിരുന്നു ഗണേശൻ
പറഞ്ഞ SSLC യുടെ പൂർണ്ണരൂപം ഞങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായത്.
പത്താംതരം ജയിക്കുന്നവനെ അവസരങ്ങൾ പിന്നെയും കിട്ടുമെങ്കിലും ഞങ്ങളെ അപേക്ഷിച്ച് ആ പത്താംതരം സത്യത്തിൽ ലാസ്റ്റ് ചാൻസ് തന്നെയായിരുന്നു.
'സുന്ദരിമാരെ സൈറ്റ് അടിക്കാൻ കിട്ടിയ ഒടുക്കത്തെ ചാൻസ്' ..............
**************
മനു എണ്ണപ്പാടം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo