കടലാസ് പൂക്കൾ !(കഥ )

കടലാസ് പൂക്കൾ !(കഥ )
“എന്നിട്ടെന്താ അച്ഛമ്മേ ഇവിടത്തെ വിശേഷം?” അച്ഛമ്മ മുന്നിൽ വെച്ച ഇലയട കൊതിയോടെയെടുത്തു ഞാൻ ചോദിച്ചു.
“ഓ ..എന്ത് വിശേഷം കിച്ചു ?.” കഴിഞ്ഞ തവണ കണ്ടതിലും അച്ഛമ്മക്ക് ക്ഷീണം .. ശബ്ദത്തിലും മാറ്റമുണ്ട്.
“ആ പിന്നെ.. നമ്മുടെ മാധവിയുടെ മോളില്ലേ? ദേവു .. അവൾടെ പൊടമുറി കഴിഞ്ഞു “ എനിക്കുള്ള ചായയുമായി വന്നു പെട്ടെന്നോർത്തെടുത്ത പോലെ അച്ഛമ്മ പറഞ്ഞു
“ങേ ...”കൈയിലെടുത്ത അട താഴേക്ക് വീണതേ അച്ഛമ്മ കണ്ടുള്ളു ..കൂടെ അച്ഛമ്മ കാണാതെയെന്റെ ഹൃദയവും.
“എന്തെ കുട്ട്യേ ? അടക്ക് ചൂടാ ? “-മറ്റൊന്ന് എന്റെ നേരെ നീട്ടി അച്ഛമ്മ ചോദിച്ചു. “ഇല്ല്യാലോ ..അതെങ്ങിനെ? നെന്റെ മനസ് ശരിയല്ല. അതന്നെ. അച്ഛൻ പറഞ്ഞതനുസരിച്ചു നിനക്ക് എഞ്ചിനീറിങ്ങിനു പോയി കൂടായിരുന്നോ ?”
“അതെങ്ങിനെ ശരിയാവും അച്ഛമ്മേ?. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നത് ഇഷ്ടമില്ലാത്ത കല്യാണം പോലെ.. “മറുപടി കൊടുത്തു ഞാനെഴുന്നേറ്റു
“നീ കഴിച്ചില്ലലോ ?”കൈ കഴുകുന്ന എന്നെ നോക്കി അച്ഛമ്മ അല്പം നിരാശയോടെ ചോദിച്ചു .പാവം, എനിക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാവും
“യാത്ര കഴിഞ്ഞിട്ടാവും..വിശപ്പില്ല ..പിന്നെ കഴിക്കാം” ഞാൻ മെല്ലെ തിണ്ണയിലേക്കിറങ്ങി.
മുറ്റം നിറയെ കടലാസ് പൂക്കൾ വാടി കൊഴിഞ്ഞു നിരന്നു കിടക്കുന്നു...എന്റെ മനസ് പോലെ..
ഇളം വൈലറ്റ് നിറത്തിലുള്ളത് മാത്രം നിറയെ പൂവിട്ടു നിൽക്കുന്നു.. അതിൽ മുന്നൂറ്റി യറുപത്തഞ്ചു ദിവസവും പൂവുണ്ടാവുമെന്നു അച്ഛമ്മ പറയാറുണ്ട്
കഴിഞ്ഞതിനു മുമ്പത്തെ തവണ വന്നപ്പോൾ മുറ്റത്തു അത് വെച്ച് പിടിപ്പിക്കുന്ന ദേവുവിനെ കണ്ടതാണ്.ഇളം പച്ച നിറത്തിലെ പാവാടയും മഞ്ഞ ബൗസുമണിഞ്ഞു അച്ഛമ്മയുടെ അടുത്ത് ദേവു . മേലേക്ക് വലിച്ചു കുത്തിയ പാവാട തുമ്പു എന്നെ കണ്ടപ്പോൾ താഴേക്കഴിച്ചിട്ടു .നെറ്റിയിലെ വിയർപ്പു കണങ്ങൾ ദേവുവിന്റെ അഴകു കൂട്ടി. അരക്കൊപ്പമുള്ള ഇടതൂർന്ന മുടി കെട്ടഴിഞ്ഞു മുന്നോട്ടു കിടക്കുന്നു.
എന്തൊരു ഭംഗി !
**
“എന്തോരു ഭംഗിയാ അച്ഛമ്മേ ഇവിടെയൊക്കെ കാണാൻ? “ -കൗതുകത്തോടെ ചുറ്റും നോക്കി, പത്തു വയസുകാരൻ അച്ഛമ്മയുടെ കൈ പിടിച്ചു അമ്പലത്തിലേക്ക് നടക്കവേ പറഞ്ഞു.
അതെന്റെ ആദ്യ വേനലവധിക്കാലത്തെ അച്ഛന്റെ നാട്ടിലേക്കുള്ള ഒറ്റക്കുള്ള വരവായിരുന്നു. വീട്ടിൽ അമ്മക്ക് ഒരു കുഞ്ഞുവാവയെ കിട്ടിയതിന്റെ
ദേഷ്യം ആ വരവിനു പിന്നിലുണ്ടായിരുന്നു
അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ അച്ഛമ്മ പറഞ്ഞു..”അച്ഛമ്മേടെ കൂട്ടുകാരി മാധവീടെ വീട് ഇവിടാ ..പാവങ്ങളാ .അവളുടെ കുട്ടിക്ക് നല്ല സുഖോല്ല നമുക്ക് കാണാം കിച്ചു “
അച്ഛമ്മേടെ വീടിനടുത്തു തന്നെ മാധവിയമ്മയുടെ വീടും. ഒരു വേലികൊണ്ടു അതിരു തിരിച്ചിരിക്കുന്നു .അവരുടെ വീട്ടിൽ നിന്ന് നോക്കിയാൽ അച്ഛമ്മയുടെ വീട്ടിൽ നിന്നാൽ കാണാൻ പറ്റാത്ത, അമ്പല മുറ്റം കാണാം.
കൂര പോലെയുള്ള വീട്ടിലേക്കു കയറിയപ്പോൾ നിലത്തു പായയിൽ മുഷിഞ്ഞ വെള്ള പെറ്റിക്കോട്ടിട്ട ഒരു പെൺകുട്ടി കൂനി കൂടി കിടക്കുന്നു. ചുവന്ന റിബ്ബൺ കൊണ്ട് നീണ്ട മുടി മുറുക്കി കെട്ടിയിട്ടുണ്ട്.. അവൾ തളർന്ന മിഴികൾ തുറന്നു അതിഥികളെ നോക്കി. ആദ്യമായി കണ്ട എന്റെമേൽ മിഴികളുടക്കി നിന്നു
“മരുന്നു വാങ്ങിയോ മാധവീ?” അച്ഛമ്മ കൂട്ടുകാരിയോട് ചോദിച്ചു അവർ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അച്ഛമ്മ നേര്യതിന്റെ തുമ്പിൽ കെട്ടിയിട്ടിരുന്ന കാശ് എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു –“വേഗം വൈദ്യരെ കാണിക്കു. നെന്റെ കള്ളുകുടിയൻ കെട്ടിയവൻ വരണെന് മുന്നേ”
അച്ഛമ്മ എന്റെ കൈ പിടിച്ചു അവിടെനിന്നുമിറങ്ങി.
പടിയിറങ്ങുമ്പോൾ ഞാൻ ചോദിച്ചു –“എന്താ ആ കുട്ടീടെ പേര് അച്ഛമ്മേ?”
“ദേവു ..പാവം! കഷ്ടാ അവളുടെം അമ്മേടേം കാര്യം”- അച്ഛമ്മ ദൈന്യതയോടെ പറഞ്ഞു
ദേവു! എനിക്കിഷ്ടമായി.. ദേവു എന്ന പേരും പിന്നെ വെളുത്തു മെലിഞ്ഞ നീണ്ട മുടിയുള്ള പെറ്റിക്കോട്ടിട്ട പെൺകുട്ടിയെയും.
തുടർന്നുള്ള അവധിക്കാലങ്ങളിൽ ഞാൻ അച്ഛമ്മയുടെ അടുത്തെത്തും. അമ്പല പറമ്പിൽ ഞങ്ങൾ ആൺകുട്ടികൾ കളിക്കുന്നത് നോക്കി വെള്ള പെറ്റികോട്ടണിഞ്ഞ സുന്ദരി കുട്ടി ദൂരെ മാറി നിൽപ്പുണ്ടാവും. അങ്ങോട്ടോ ഇങ്ങോട്ടോ പോവുമ്പോൾ സൗകര്യപൂർവ്വം ഞാൻ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും അവൾക്കായി അച്ഛമ്മ കാണാതെ കരുതി വെച്ചിരിക്കുന്ന മിട്ടായികളും പലഹാരങ്ങളും നൽകും. പകരം അവള് നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിക്കും..
അടുത്ത അവധിക്കാലം വരെ എനിക്കോർത്തിരിക്കാൻ അത് ധാരാളം..
പത്താം ക്ലാസ്സിലെ അവധി ക്കാലത്താണ് അമ്മയുടെ തോട്ടത്തിലെ കടലാസ് പൂവുകളുടെ കൊമ്പുകൾ ഞാൻ അച്ഛമ്മക്കായി കൊണ്ട് പോയത്. കുങ്കുമ നിറത്തിലും പിന്നെ വെള്ളയും ...
അച്ഛമ്മയുടെയും ദേവുവിന്റെയും വീടിനു ഇടയിലുള്ള വേലിക്കരികെ ഞാനവ നട്ടു ... അത് നോക്കി ദേവു മുറ്റത്തു നിൽപ്പുണ്ടായിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു. പെട്ടെന്ന് അവൾ അകത്തേക്ക് കടന്നു പോയി. ചിരിച്ചില്ലായിരുന്നെങ്കിൽ അവളിപ്പോഴും അവിടെ തന്നെ നിന്നേനെ എന്ന കുണ്ഠിതത്തിൽ ഞാൻ ബാക്കിയുള്ള കമ്പുകൾ നട്ടു . അശ്രദ്ധയോടെ ചെയ്തതിനാലാവാം ഒരു മുള്ളെന്റെ കൈയിൽ തറച്ചു കയറി ..
“നോക്കിചെയ്യെന്റെ കുട്ട്യേ”- കൈയിൽ ചോര പൊടിയുന്നത് കണ്ടപ്പോൾ അച്ഛമ്മയുടെ വേവലാതി.
ചിരിക്കാതെ അകത്തേക്ക് പോയ ദേവു ആയിരുന്നു എനിക്ക് കൂടുതൽ വേദന തന്നത്. അവൾ വലുതായി എന്ന ബോധം എനിക്കുണ്ടായി. ഇനി എനിക്കായി അവൾ ചിരിക്കില്ലേ?
പിറ്റേ കൊല്ലം ഞാൻ ചെല്ലുമ്പോൾവേലിപടർപ്പു നിറയെ പല വർണത്തിൽ കടലാസ് പൂക്കൾ .. അവയെല്ലാം പൂത്തു നിൽക്കുന്നു. വെള്ള, ഓറഞ്ച്, വയലറ്റ്, മഞ്ഞ.. എനിക്ക് പ്രിയമായതു വയലറ്റ് നിറത്തിലുള്ളതാണ് . ഇലകൾക്കും പൂക്കൾക്കുമിടയിലൂടെ കാണാം ദേവൂന്റെ വീട്. എനിക്ക് സമാധാനമായി
ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി നില്ക്കുന്നത് കണ്ടു അച്ഛമ്മ പടിയിറങ്ങി വന്നു പറഞ്ഞു –“ദേവൂന്റെ പണിയാ . കടലാസ് പൂക്കൾ നിനക്കിഷ്ടമാണെന്നു അവൾക്കറിയാം “
ഞാൻ അപ്പുറത്തേക്ക് നോക്കി...അവിടെ വയലെറ്റ് നിറത്തിൽ ദാവണി ചുറ്റിയ ദേവു ..ഇത്തവണ പേടിച്ചിട്ടു ഞാൻ ചിരിച്ചില്ല ... പക്ഷെ എന്റെ മനസ്സിൽ അച്ഛമ്മയുടെ വാക്കുകൾ കേട്ട് പലവർണങ്ങളിൽ കടലാസ് പൂക്കൾ വിരിഞ്ഞിരുന്നു ..
അവധിക്കാലം പകൽ മുഴുവൻ ഞാൻ തിണ്ണയിൽ ചിലവഴിച്ചു.. അവിടെയിരുന്നായി എന്റെ പുസ്തക വായന .
തിണ്ണയിലെ അരഭിത്തിയിൽ ഇരിക്കുമ്പോൾ കാണാം വെള്ളം കോരുന്ന ദേവുവിനെ, മുറ്റമടിക്കുന്ന ദേവുവിനെ, അല്ലെങ്കിൽ അയയിൽ തുണി വിരിക്കുന്ന ദേവു .... കണ്ണുകളിടയുമ്പോൾ ദേവുവിന്റെ മുഖം പൂത്തിരി കത്തിച്ചപോലെ ..ആ തിളക്കത്തിൽ ഞാൻ കണ്ടെത്തി അവൾക്കെന്നോടുള്ള ഇഷ്ടം.
ദേവു ....എന്റെ കടിഞ്ഞൂൽ പ്രണയം! അതെ, പരസ്പരം ഒരു വാക്കുമുരിയാടാതെ ഞങ്ങൾ പ്രണയിക്കുകയായിരുന്നു..
**
അതിരാവിലെ എഴുനേറ്റു ഞാൻ മുറ്റത്തേക്കിറങ്ങി. വർഷത്തിലൊരിക്കൽ വരുമ്പോൾ എനിക്ക് കടലാസ് പൂക്കൾ വെട്ടി നിരപ്പാക്കുന്ന ജോലി ഉള്ളതാണ്. രാവിലെ മുറ്റത്തേക്കിറങ്ങുമ്പോൾ അച്ഛമ്മ ചോദിച്ചു “കീച്ചു എന്തേയിത്ര രാവിലെ “?
അച്ഛമ്മക്ക് മുഖം കൊടുക്കാതെ ഒന്നൊഴിയാതെ കടലാസ് പൂക്കൾ ഞാൻ വെട്ടിനിരത്തി.
പെട്ടെന്നപ്പുറത്തെ വീട്ടിൽ നിന്നും ദേവുവിന്റെ അച്ഛനും പിന്നെ കറുത്ത് തടിച്ച ചട്ടമ്പിയെ പോലെ ഒരു കൊമ്പൻ മീശക്കാരനും ഇറങ്ങി വരുന്നത് കണ്ടു.. പിന്നാലെ ഇളം റോസ് നിറത്തിലെ സാരിയണിഞ്ഞു ദേവു .
ദേവു എന്നെ നോക്കി... തളർന്നു പായയിൽ കിടന്ന പത്തു വയസുകാരിയുടെ അതേ നോട്ടം.
“ദേവൂന്റെ കെട്ടിയോനാ .അവളുടെ കള്ളു കുടിയൻ അച്ഛനിവനെകിട്ടിയുള്ളൂ ..അവളെക്കാൾ പതിനഞ്ചു വയസെങ്കിലും മൂപ്പു കാണും. കൊശവൻ “-
അച്ഛമ്മയുടെ വാക്കുകൾ മുഴുവനും ഞാൻ കേട്ടോ ?
ഒറ്റയടി പാതയിലൂടെ മൂന്ന് പേരും നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു. വളവിനടുത്തെത്തിയപ്പോൾ ദേവു എന്നെ തിരിഞ്ഞു നോക്കി....എന്റെ ചങ്ക് പിടഞ്ഞു ...
ഒരു യന്ത്രം പോലെ അവിടെ വൃത്തിയാക്കി ഞാൻ കിണറ്റു കരയിലേക്ക് നടന്നു...
തണുത്ത വെള്ളത്തിനോടൊപ്പം എന്റെ ചൂട് കണ്ണീരും ഒഴുകിയൊലിച്ചു
രാസ്നാദി പൊടിയുമായി അച്ഛമ്മ മുറിക്കകത്തു വന്നപ്പോൾ ഞാൻ ബാഗിനുള്ളിൽ തുണികൾ എടുത്തു വെക്കുകയായിരുന്നു
“എന്തെ കിച്ചു ?”
“എം എ ക്കു ഇന്നാണ് അപേക്ഷ കൊടുക്കേണ്ട അവസാന തീയതി. ഞാൻ മറന്നു “
“എല്ലാം എടുത്തു കൊണ്ട് പോവുന്നത് എന്തിനാ?രണ്ടു ദിവസം കഴിഞ്ഞു വരാല്ലോ?” അച്ഛമ്മയുടെ കൈ പിടിച്ചു യാത്ര ചോദിച്ചപ്പോൾ വാത്സല്യത്തോടെ ചോദ്യം.
മുറ്റത്തേക്കിറങ്ങുമ്പോൾ ഒരു കുല വയലറ്റ് കടലാസ്സ് പൂക്കൾ എന്റെ മുന്നിലേക്ക് വന്നു വീണു...എല്ലാം ഞാൻ വെട്ടി കളഞ്ഞതാണല്ലോ? ഞാൻ മുകളിലേക്ക് നോക്കി. എല്ലായിടവും എന്റെ മനസ് പോലെ ശൂന്യം!
ബസ് സ്റ്റോപ്പിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ അടുത്തുള്ള ചായക്കടയിലെ റേഡിയോയിൽ നിന്നുമൊരു ഗാനം അലയടിച്ചു വന്നു..
“എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി ..
നിന്നെയും തേടി …………………”Sanee John

സ്നേഹത്തിൻ ആഴവും പ്രണയത്തിൽ സുഖവും വിരഹത്തിൻ വേദനയും


ഒരുപാട് വർക്ഷങ്ങൾക്കും ശേഷം അയാൾ അവളെ കാണാൻ പോകുകയാണ് .മനസ്സിൽ ഒരു വല്ലാത്ത പിരിമുറുക്കം .... നാളെ രാവിലത്തെ ട്രെയിനിലാണ് പോകേണ്ടത് പാന്റും ഷർട്ടു മെല്ലാം തേയ്ക്കുന്ന തിരക്കിലാണ് അയാൾ.... അയാൾക്ക് ഈ രാത്രി ഉറങ്ങാൻ കഴിയില്ല ........ അപ്രതീക്ഷിതമായ് ആണ് ഈ കൂടി കാണൽ ..... അന്ന് അവസാനമായി പിരിയുമ്പോൾ അവൾ ആ സന്ധ്യാനേരം നിറകണ്ണുകളോടെ കെട്ടിപ്പിച്ച് നൽകിയ ചുമ്പനങ്ങൾ ഇന്നും ഒരു വേദന ഉള്ള ഓർമ്മയാണ് .... ആ ചുമ്പനങ്ങൾ ആണ് പിന്നിടുള്ള നാളുകളിൽ അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചതെങ്കിലും അവൾ പിന്നീട് ഒരു കാരണവും ഇല്ലാതെ പിണങ്ങുകയും അകലുകയും ചെയ്തു ....... പിന്നീട് ഒരുപാട് നാൾ ഒരു വിളിക്കായ് അയാൾ കാത്തിരുന്നെങ്കിലും ഭലമുണ്ടായില്ല അങ്ങിനെ കാലങ്ങൾ കടന്നു പോയി ഇനി ഒരു തിരിച്ച് വരവു ഉണ്ടാകില്ലന്ന് കരുതി ഇരിക്കുമ്പോൾ ആണ് .....
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫോണിൽ ഒരു Mടg ,,,ആദ്യം അത് കാര്യമാക്കിയില്ല പിന്നിട് ദിവസവും Mടg വരാൻ തുടങ്ങി "എന്നെ അറിയുമോ സുഖമാണോ എന്താ മറുപടി പറയാത്തത് " അങ്ങനെ .... ആരാണന്ന് അറിയാൻ അയാൾ തിരിച്ച് വിളിച്ചു ആദ്യമൊക്കെ Busy ആക്കിയെങ്കിലും പിന്നിട് call attend ചെയ്തു പക്ഷെ ഒന്നും മിണ്ടാറില്ല ചോതിക്കുന്നതിന് മറുപടി Msg ആയി വരും ... പിന്നെ പ്രണയാഭ്യർത്ഥനയായി ..ആരാണന് പറയാതെ ഇനി വിളിക്കരുതെന്നും അയാൾക്ക് ഒരാളെ ഇഷ്ടമാണന്നും ഇനി എന്നെ ശല്യം ചെയ്യരുന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു ....... പിന്നീട് രണ്ട് ദിവസത്തോളം അവൾ വിളിച്ചു അയാൾ ഫോൺ എടുത്തില്ല ..... അങ്ങനെ ആ Mടg വന്നു -..... ഞാനാണ് എനിക്ക് കാണണം ഇത്രയും കളിപ്പിച്ചതിന് സോറി ........ ഇതായിരുന്നു Mടg...... അരാണ് ഈ ഞാൻ ..?..?????...
അയാൾ ഉടനെ തിരികെ വിളിച്ചു ..... അവൾ ഹലോ പറഞ്ഞതും .. ആ ശബ്ദം കേട്ടിട്ട് എത്രയോ നാളുകളായി ആയാൾ ആകെ അമ്പരന്നു പിന്നീടുള്ള..... സംസാരത്തിൽ രണ്ടു പേരുടേയും ശബ്ദം ഇടറി ...... അവൾ പറഞ്ഞു ഞാൻ ആരാണന്നും പറയാനും മിണ്ടണം എന്നും കരുതിയതല്ല ആ ശബ്ദം കേട്ടപ്പോൾ പറയാതിരിക്കാൻ കഴിഞ്ഞില്ല എനിക്ക്.. അതാ വീണ്ടും വീണ്ടും വിളിച്ചത് ..... എനിക്ക് കാണണം എത്രയും പെട്ടന്ന് വരുമോ എന്റെടുത്തേക്ക്..... അയാൾ പറഞ്ഞു ഈ ഒരു വിളിക്കായ് എത്രയോ നാളായ് കാത്തിരിക്കയായിരുന്നു ഞാൻ ഇപ്പോഴെങ്കിലും ഒന്ന് വിളിച്ചല്ലോ അത് മതി എനിക്ക്.....വരും തീർച്ചയായും ഞാൻ വരും ....
അങ്ങനെ ആ ദിവസം വന്നു അന്ന് രാത്രി കിടന്നിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അയാൾ (അയാൾ അല്ല ഞാൻ ) ... ഞാൻ കിടന്നു നോട്ടം എപ്പോഴും ക്ലോക്കിലേക്ക് മാത്രമായി സമയം പോകുന്നതേ ഇല്ല .... നേരം വെളുക്കാറായി ........ ഒരു പാട് നാളുകൾക്ക് ശേഷം ഒരു പാട് സന്തോഷമുള്ള ഒരു പ്രഭാതം ...... ഞാൻ വളരെ സന്തോഷ വാനാണന്ന് എനിക്ക് തന്നെ തോന്നി ............ ടിക്കറ്റുമെടുത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നെപ്പോൾ മനസ്സുനിറയെ ആ മുഖം മാത്രം .. അവളുടെ നിറഞ്ഞ പുഞ്ചിരി മാത്രം മനസ്സിൽ എത്രയും വേഗം അവളുടെ അടുത്തെത്താൻ വല്ലാതെ കൊതിച്ചു....
കാത്തിരിപ്പിനൊടുവിൽ ദേ വരുന്നു ട്രെയിൻ .... ഇതിനു മുൻപ് എല്ലാം അരോചക മായി തോന്നിയ ട്രെയിനിന്റെ ശബ്ദം മധുരമായി മാറിയ പോലെ തോന്നിയ നിമിഷം ...... അങ്ങനെ ഞാൻ യാത്രയായി അവിടേക്ക്...
അവിടെ എത്തിയ ഞാൻ കോവിലിനു മുന്നിൽ ഒരു പത്രവും വാങ്ങി കാത്തു നിൽക്കേ നിൽക്കേ ... പെട്ടന്ന് എന്റെ കൈ പിടിച്ച് വലിച്ച് കൊണ്ട് മുന്നോട്ട് ഒരോട്ടം അവൾ ...... എനിക്ക് മുഖം തരാതെ എന്റെ കൈകളിൽ ചേർത്ത് പിടിച്ച് എന്നോട് ചേർന്ന് മുന്നോട്ട് നടന്നു .....
അതു വഴി വന്ന ഒരു ഓട്ടോയിൽ കയറി ഞങ്ങൾ ...... അപ്പോഴും അവൾ എനിക്ക് മുഖം തന്നില്ല ഒന്ന് എന്നെ നോക്കിയില്ല .അവൾ എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു എന്റെ കൈയ്കൾ വിറക്കുന്നു എന്റെ നെഞ്ചിടിക്കുന്നു ..... എന്നിട്ടെന്റെ കൈകളിൽ മുറുകിപ്പിടിച്ച് എന്റെ തോളിലേക്ക് ചാരികിടന്നു . കാറ്റിൽ അവളുടെ മുടി ഇഴകൾ എന്റെ കവിളിൽ തട്ടി പറക്കുന്നുണ്ടായിരുന്നു . ഓട്ടോയുടെ സൈഡ് ഗ്ലാസിലൂടെ ഞാൻ അവളുടെ മുഖം കണ്ണെടുക്കാതെ നോക്കിക്കൊണ്ടേ ഇരുന്നു .. ഒരു പാട് നാളുകക്ക് സേഷം കണ്ടതുകൊണ്ട് ആയിരിക്കാം അവൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു .എങ്കിലും വളരെ പെട്ടെന്നു തന്നെ ആ പഴയ കുറുമ്പു കാണിക്കുന്ന കുസൃതി കുട്ടിയായ് മാറി . . കുറെ വർക്ഷങ്ങളായി അവൾ ഉള്ളിൽ ഒതുക്കിയ സ്നേഹം മുഴുവൻ ഒരൊറ്റ നിമിഷം കൊണ്ട് എനിക്ക് നൽകിയ പോലെ തോന്നി ... ആ ദിവസം അവസാനിക്കരുതേ എന്ന് തോന്നി എങ്കിലും സമയം പെട്ടന്ന് കടന്ന് പോയി .... പറഞ്ഞ് തീർക്കാൻ കഴിയാത്ത ഒരു പാട് ഓർമ്മകളും സങ്കടങ്ങും സ്നേഹവും ബാക്കിയാക്കി അവളെ ഞാൻ തിരികെ യാത്രയാക്കി ... എന്നെ കണ്ട ആ നിമിഷം എന്റെ കൈകളിൽ മുറുകെ പിടിച്ചതാണ് പിന്നെ ഇപ്പോഴാണ് അവൾ എന്റെ കൈകളെ സ്വതന്ത്രമാക്കുന്നത് .. ആ കയ്കൾ എന്നിൽ നിന്ന് അകന്ന് അവളുമായ് ആ ബസ്സ് അകന്ന് നീങ്ങുമ്പോൾ എന്റെ നെഞ്ച് പിടയുന്നത് എനിക്ക് അറിയാമായിരുന്നു ... തിരികെ വിളിക്കാൻ മനസ്സ് ഒരു പാട് കൊതിച്ചെങ്കിലും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊളളൂ..... നൽകാൻ ഒരു പാട് സ്നേഹം ബാക്കിയാക്കി അവൾ യാത്രയാകുമ്പോൾ ..... അവളുടെ കണ്ണിൽ നിന്നും ഞാൻ മറയുന്ന വരെ നിറകണ്ണുകളോടെ അവൾ എന്നെ തന്നെ നോക്കി കൊണ്ടേ ഇരുന്നു ബസ്സിനുള്ളിൽ നിന്നും... എന്റെ കൺകളിൽ നിന്നും അവൾ മറഞ്ഞതും ആത്മാവ് നഷ്ടപ്പെട്ട വെറും ഒരു ശരീരം മാത്രമായി ഞാൻ എന്ന് എനിക്ക് തോന്നി........
സ്നേഹത്തിൻ ആഴവും പ്രണയത്തിൽ സുഖവും വിരഹത്തിൻ വേദനയും ......... ഒരു മിച്ച് അനുഭവിച്ച നിമിഷം ......
എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ വീണ്ടും തിരികെ യാത്രയായി................
സ്റ്റേഹപൂർവ്വം.............
',,,, പ്രമോദ്

യാദൃശ്ചികം

യാദൃശ്ചികം
===========
''പ്രശസ്ത സാഹിത്യകാരന്‍ സേതുനാഥ്
കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ .ഭാര്യയെയും മക്കളെയും കാണാനില്ല''വാര്‍ത്ത വായിച്ചവരൊക്കെ ഞെട്ടിത്തരിച്ചു.ഈ വര്‍ഷത്തെ സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ !മികച്ച തിരക്കഥക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ആള്‍..പത്രത്തിലെ ഫീച്ചര്‍ അങ്ങനെ പോകുന്നു
,,,പോലീസ് അന്വേഷണ മാരംഭിച്ചു.കിടപ്പുമുറിയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്.മറ്റു സാധന സാമഗ്രി കളൊക്കെ യഥാസ്ഥാനത്തു തന്നെയുണ്ട്...!മറ്റെവിടെയും രക്തപ്പാടുകളില്ല,പിടിവലി നടന്ന ലക്ഷണങ്ങളുമില്ല,ഭാര്യയും ഏഴു വയസുള്ള ഇരട്ടക്കുട്ടികളും എവിടെ അപ്രത്യക്ഷരായി...?? മാധ്യമങ്ങളും അധികാരികളും പോലീസിന് സ്വസ്ഥത നല്‍കിയില്ല,ഒരു പ്രശസ്ത വ്യക്തിയാണ് കൊല്ലപ്പെട്ടത്,അതും ഒരു ക്ലീന്‍ ഇമേജുള്ള സാഹിത്യകാരന്‍ !...സേതുനാഥിനെ കൊന്നതാര് ??..നാടെങ്ങും പ്രതിഷേധയോഗങ്ങള്‍...കൊലപാതകിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന എഴുത്തുകാരന്‍ പുനലൂര്‍ സുധാകരന്‍ നിരാഹാരമാരംഭിച്ചു ''
"അക്ബാർ മേ ക്യാ ലിഖാ ഹേ ബേട്ടീ.... തും പരേഷാൻ മത് ഹോ, ഹം ഹേ ന സാത്... യഹാ കോയി നഹീം ആയേങ്കെ.... അബ് തോ യഹ്‌ ചായ് പീയോ... ബച്ചിയാം സോ രഹീ ഹേ"
സീത ജീജ ഭായുടെ കൈയിൽ നിന്നും ചായ വാങ്ങി, പത്രം മേശമേൽ വെച്ചു. പറഞ്ഞതെല്ലാം മനസ്സിലായെങ്കിലും തിരിച്ചു മറുപടി പറയാനറിയാതെ സീത അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജിതയായി. സീതയുടെ മനസ്സറിഞ്ഞത് പോലെ അവർ അടുക്കളയിലേക്ക് തിരിച്ചുപോകുമ്പോൾ ബോലാ റാം പുറത്തു നിന്നും കയറി വന്നു.
 അയാളെ കണ്ടതും ചായ താഴെ വെച്ച് സീത എഴുന്നേറ്റു.
"മോള് അവിടെ ഇരുന്നു ചായ കുടിക്കു, ഒന്നുമുണ്ടാകില്ല... പേടിക്കേണ്ട . ഇനി ഇവിടെയാണ് ജീവിക്കേണ്ടത്. എനിക്കെന്റെ മരിച്ചു പോയ മോളാണ് നീ, അക്ബാറിൽ എന്തെങ്കിലും ഉണ്ടോ...? പട്ടണത്തിൽ പോയി വരുന്ന രാഘവ് ആണ് മലയാളം പത്രം കൊണ്ടുതന്നത്.."
സീത ബോലാ റാമിന്റെ കൈകൾ കൂട്ടിപ്പിടിച്ചു നെറ്റിയിൽ ചേർത്തു പിടിച്ചു കരഞ്ഞു. തന്നോടൊരിക്കലും ഇത്ര സ്നേഹം ആരും കാണിച്ചില്ല എന്ന ചിന്ത ആ കണ്ണുകളെ കൂടുതൽ ഈറണനിയിച്ചു. ബോലാ റാം സീതയെ ആശ്വസിപ്പിച്ചു മുറിയിൽ പോയി കിടക്കാൻ പറഞ്ഞ ശേഷം ഭാര്യയുടെ അടുത്തേക്ക് പോയി.
സീത ആലോചിക്കുകയായിരുന്നു, ബോലാ റാം നന്നായി മലയാളം സംസാരിക്കുന്നു. ഒരു വർഷം കൊണ്ട് അയാൾ ഭാഷ പഠിച്ചെങ്കിൽ ഈ പ്രായത്തിലും അയാൾ എത്ര കഴിവുള്ളവനാണ്, തന്റെ അച്ഛന്റെ പ്രായമായിരിക്കണം, പക്ഷേ ഇപ്പോഴും നല്ല ആരോഗ്യവാനാണ്.
ബോലാ റാമിനെ ആദ്യമായി കാണുന്നത് ഒരു സന്ധ്യയ്ക്കാണ്, സേതുവിന്റെ തന്റെ മേലുള്ള പരാക്രമം കഴിഞ്ഞു അയാൾ ഉറങ്ങുകയായിരുന്നു. പഴയ വസ്ത്രങ്ങൾ ചോദിച്ചാണ് അയാൾ വന്നത്, അന്നാ മുഖത്തെ ദൈന്യതയും സ്നേഹം നിറഞ്ഞ ബേട്ടീ.... എന്നുള്ള വിളിയും അയാളോട് എന്തോ അനുകമ്പ തോന്നിപ്പിച്ചു. കൈയിൽ അധികം സാരി ഉണ്ടായിട്ടല്ല, താൻ വീട്ടിലുടുക്കുന്ന കീറിയ സാരികളിലൊന്നു അയാൾക്കെടുത്തു കൊടുത്തു. കൊടുക്കുമ്പോൾ ഒരു കിടപ്പു മുറിയും ഹാളും അടുക്കളയും മാത്രമുള്ള ആ വാടക വീടിന്റെ അകത്തേയ്‌ക്കയാൾ എത്തിനോക്കുന്നുണ്ടായിരുന്നു. അന്ന് എന്താ നോക്കുന്നതെന്നു ചോദിച്ചപ്പോൾ കുട്ടികളുടെ ചെരുപ്പ് കണ്ടു അവരെ നോക്കിയതാണെന്നും, തനിക്കൊരു കൊച്ചുമോൾ ഉണ്ടെന്നും പറഞ്ഞു അയാൾ പോയി.
പിന്നീടയാളെ കണ്ടത് അന്നാണ്, സേതു കൊല്ലപ്പെട്ട രാത്രി.
 സേതുവിനെ പ്രേമിച്ചു കെട്ടുമ്പോൾ വീട്ടുകാരെ എതിർക്കേണ്ടി വന്നു, അവർ അന്ന് പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു. പിന്നീടാരും ഇല്ലായിരുന്നു സഹായത്തിന്, സേതുവിന്റെ വീട്ടുകാർ എന്നു പറയാൻ ആരുമില്ലായിരുന്നു. അമ്മ മരിച്ചു അച്ഛൻ ഏതോ സ്ത്രീയുടെ കൂടെ.... സേതുവിന്റെ പ്രണയത്തിൽ മുങ്ങി കുളിച്ചപ്പോൾ അതൊന്നും ഒരു പ്രേശ്നമല്ലായിരുന്നു. സേതുവിന്റെ എഴുത്തുകളിൽ അത്രയേറെ ആകൃഷ്ടയായിരുന്നു താൻ. എന്നാൽ ജീവിതം ആരംഭിച്ചപ്പോൾ സേതുവിന്റെ മറ്റൊരു മുഖമാണ് കാണാനായത്. എന്നും കുടിച്ചു വന്നു തന്റെ കാമാസക്തി പൂർത്തീകരിക്കാനും ഭക്ഷണം പാകം ചെയ്യാനും ഒരാൾ അത്രയ്ക്കും സ്ഥാനമേ അയാൾ നൽകിയുള്ളു. എഴുതും മുൻപ് അയാൾക്ക് ലൈംഗിക സുഖം ലഭിക്കണം, അതും അതി ക്രൂരമായി, അതിന് വേണ്ടിയാണ് അയാൾ വിവാഹം ചെയ്തതെന്നു തോന്നി. താൻ തിരഞ്ഞെടുത്ത വഴി ആയതിനാലും പരാതി പറയാൻ ആരും ഇല്ലാതിരുന്നതിനാലും ഒന്നും മിണ്ടാതെ എല്ലാം അനുഭവിച്ചു. അതിനിടയിൽ ഗർഭിണിയായി, ഈശ്വരൻ ശിക്ഷയെന്നോണം രണ്ട് പെണ്കുട്ടികളെയും നൽകി. വളരെ കഷ്ടപ്പെടേണ്ടി വന്നു കുട്ടികളെ വലുതാക്കിയെടുക്കാൻ, അയാൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. കുട്ടികളുടെ മുൻപിൽ വെച്ചും അയാൾ തന്നെ അതി ക്രൂരമായി മർദിച്ചു, തടയാൻ വന്നാൽ കുട്ടികളെയും, അവർ അച്ഛനെ ഭയന്നു.
സേതു എഴുത്തിന്റെ ലോകത്ത് അപ്പോഴേയ്ക്കും പേരെടുത്തിരുന്നു. നിരവധി അവാർഡുകൾ അയാളെ തേടിയെത്തി. പലപ്പോഴും യാത്രകളിലായിരിക്കും അയാൾ, കൈയിൽ തന്നു പോകുന്ന തുച്ഛമായ പണം, ജീവിതം മടുത്തെങ്കിലും കുട്ടികളെ കാണുമ്പോൾ മരണത്തെ മറന്നു.
അയാൾ പോയാൽ അയാളുടെ എഴുത്തിൽ ആരാധന മൂത്ത് ആരാധകർ അയക്കുന്ന കത്തുകൾ ഒന്നും പൊട്ടിക്കാതെ എടുത്തു വെക്കണം, കൂടുതലും സ്ത്രീകൾ ആണ് എഴുതുന്നത്. അയാളറിയാതെ ചില കത്തുകൾ വായിച്ചതിൽ നിന്നും പല സ്ത്രീകളും ആയയാൾക്ക് ബന്ധം ഉണ്ടെന്നു മനസ്സിലായി. എങ്കിലും ഒന്നും ചോദിച്ചില്ല, സഹിച്ചു.
എന്നാൽ അന്നത്തെ ദിവസം, കുട്ടികളെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ടു വന്നപ്പോൾ കണ്ട കാഴ്ച്ച, അത് തന്റെ ഹൃദയം മുറിഞ്ഞു പൊട്ടിച്ചിതറിയ അവസ്ഥയായിരുന്നു. വാതിൽ അടച്ചിട്ടത് കണ്ട് അടുക്കള വാതിൽ തുറന്നാണ് കയറിയത്, അതായാൾ അടയ്ക്കാൻ മറന്നിരുന്നു, അല്ലങ്കിലും ആ ഭാഗത്തേക്ക് കയറാറില്ലാലോ. ഞാൻ കുട്ടികളെ ഹാളിൽ ഇരുത്തി ബെഡ് റൂം തുറന്നു, അവിടെ ബെഡിൽ അയാളോടൊപ്പം ഒരു പെണ്കുട്ടി. അപ്രതീക്ഷിതമായി കതക് തുറന്നത് കൊണ്ട് അവൾ പേടിച്ചു ചാടിയെഴുന്നേറ്റു വസ്ത്രം തിരഞ്ഞു. എന്നാൽ സേതുവിന് ഒരു കൂസലും ഇല്ലായിരുന്നു. ആ കുട്ടി വേഗം വസ്ത്രം ധരിച്ചു ബാഗുമായി തല താഴ്ത്തിപ്പിടിച്ചുകൊണ്ടു ഇറങ്ങിപ്പോയി.
കോളേജിൽ പഠിക്കുന്ന അധിക പ്രായമില്ലാത്ത കുട്ടിയാണെന്നു കാഴ്ചയിൽ തോന്നിച്ചു.
സേതു, എന്താണിത്... ? എനിക്കിത് അംഗീകരിക്കാൻ സാധിക്കില്ല എന്നു പറഞ്ഞതെ ഓർമ്മയുള്ളൂ, അയാൾ മുഖത്താഞ്ഞടിച്ചു, കട്ടിലിൽ പിടിച്ചെങ്കിലും താഴെ വീണു.
"ഇതൊക്കെ സാഹിക്കാമെങ്കിൽ നിൽക്ക്, അല്ലെങ്കിൽ ഇറങ്ങി പോ" എന്നും പറഞ്ഞു സേതു പോയി.
അന്ന് മക്കളെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു, മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. കുട്ടികളെ ഉറക്കി കിടത്തി സേതുവിനായ് കാത്തിരുന്നു.
സേതു വരുമ്പോൾ വൈകിയിരുന്നു, കുട്ടികളെ നേരത്തെ കിടത്തിയുറക്കി, അവർ ഹാളിൽ ആണ് കിടത്തം. സേതു വിളിച്ചാൽ അയാളോടൊപ്പം കിടപ്പറയിൽ അല്ലങ്കിൽ ഹാളിൽ അതാണ് തന്റെ സ്ഥിതി. അയാൾ ഒന്നും കഴിക്കാതെ നേരെ പോയി കിടന്നു, മൂക്കറ്റം കുടിച്ച് ആടിയാടിയാണ് വന്നത്. സേതു ഗാഢനിദ്രയിൽ ആകാനായിരുന്നു താനും കാത്തിരുന്നത്.
സേതു ഉറക്കമായെന്നു ഉറപ്പായപ്പോൾ ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ചു വെച്ച കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു. തലയിണയെടുത്തു മുഖത്തമർത്തി വെയ്ക്കലും നെഞ്ചിൽ തുടിക്കുന്ന ആ വൃത്തികെട്ട ഹൃദയം നോക്കി ആഞ്ഞു കുത്തി, ചോര ചുമരിലേക്ക് ചീറ്റി, ഭയക്കാതെ വീണ്ടും നാല് തവണ കത്തി ആ ഹൃദയത്തിൽ കയറിയിറങ്ങി. മദ്യലഹരിയിൽ ഉറങ്ങിയതിനാൽ സേതുവിന് അനങ്ങാനായില്ല. ആ നാഡിയിടിപ്പ് നിശ്ചലമായെന്നു ഉറപ്പായപ്പോൾ തലയിണ യഥാസ്ഥാനത്തു വെച്ച് ഹാളിലേക്ക് നടന്നു. കണ്ണു ഇറുക്കി പിടിച്ചു കൈ ഉയർത്തി മകളുടെ കഴുത്തിലേക്ക് കത്തി ചലിച്ചതും കൈ ആരോ പിടിച്ചു വെച്ചതുപോലെ നിന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ തന്റെ കൈ ഒരാൾ മുറുകെ പിടിച്ചിരിക്കുന്നു, അലറിക്കരയാൻ വാ തുറന്നതും അയാൾ വാ പൊത്തി മിണ്ടരുതെന്നു പറഞ്ഞു. അന്നേരമാണ് ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത്, അന്ന് പഴയ വസ്ത്രം ചോദിച്ചു വന്ന വൃദ്ധൻ. തന്റെ മുഖത്തെ ആശ്ചര്യത്തെ കണക്കിലെടുക്കാതെ അയാൾ കൈയിലുള്ള തോർത്ത് തന്ന് കൈ എല്ലാം തുടച്ചു കത്തി അതിൽ വെക്കാൻ നിർദ്ദേശിച്ചു, ഒന്നും മിണ്ടാതെ അനുസരിച്ചു. ശേഷം കിടന്നുറങ്ങുന്ന ഒരു മോളെ അയാൾ തോളിലെടുത്തിട്ടു അടുത്ത ആളെ എടുക്കാൻ അയാൾ ആംഗ്യം കാട്ടി. പിന്നീട് അയാളുടെ പുറകേ നടന്നു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച തനിക്ക് അയാൾ പറയുന്നത് അനുസരിക്കാനേ തോന്നിയുള്ളൂ.
ഇരുട്ടിൽ അന്യനായ ഒരാളോടൊപ്പം നടക്കുമ്പോൾ ഭയം തോന്നിയില്ല. ഇരുട്ടിന്റെ മറ പിടിച്ച് അവർ വേഗം നടന്നു.
******
ട്രെയിനിൽ ബോലാ റാമിനൊത്ത് യാത്ര ചെയ്യുമ്പോൾ ഇത്രനാളും അനുഭവിക്കാത്ത സുരക്ഷിതാവസ്ഥ തനിക്കനുഭവപ്പെട്ടു. ബോലാ റാം ശേഖരിച്ച വസ്ത്രങ്ങളിൽ നിന്നും ഒരു സാരി തനിക്കുടുക്കാൻ നൽകി. കുട്ടികളിൽ ഒരാളെ ആണ്കുട്ടിയെപ്പോലെ വേഷം ധരിപ്പിച്ചു. തന്റെ സാരി കത്തിച്ചു കളയാനും ട്രെയിൻ യാത്രക്കിടയിൽ കത്തി പുഴയുടെ ആഴത്തിലേക്കെറിയാനും അയാൾ മറന്നില്ല.
 അച്ഛനെന്ന ഭയത്തിൽ നിന്നും ഓടിയൊളിക്കുമ്പോൾ എന്തെല്ലാം കളവുകൾ പറയണമോ അതെല്ലാം കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ബോലാ റാം ആയി കുട്ടികൾ പെട്ടെന്നിണങ്ങി, ഇതുവരെ കിട്ടാത്ത മുത്തശ്ശന്റെ സ്നേഹം അവർക്ക് അയാളിൽ കാണാനായി.
താൻ കൊന്നില്ലെങ്കിൽ ബോലാ റാമിന്റെ കൈകളിൽ തീർന്നേനെ സേതുവിന്റെ ജീവിതം, സേതുവിനെ കുത്തുമ്പോൾ എല്ലാം കണ്ടുകൊണ്ടു ബോലാ റാം വാതിലിനു പുറകിൽ ഉണ്ടായിരുന്നു എന്നത് അയാൾ പറഞ്ഞപ്പോഴാണ് അറിയുന്നത്. താൻ കുട്ടികളെ കൊല്ലും എന്നു തോന്നിയത് കൊണ്ടു മാത്രം അയാൾ പുറത്തേക്ക് വന്നു, അതുകൊണ്ട് മൂന്ന് ജീവൻ രക്ഷപ്പെട്ടു.
ബോലാ റാം സേതുവിനെ കൊല്ലാനായി ഒരു വർഷമായി ബോംബെയിൽ നിന്നും വന്ന്‌ കാത്തിരിക്കുന്നു എന്നറിവ് എല്ലാമറിയുന്നതിന് മുൻപ് അതിശയമാണ് തോന്നിച്ചത്. ബോലാ റാമിനും ഭാര്യ ജീജാ ഭായ്ക്കും
 ആകെ ഉണ്ടായിരുന്ന ഒരു മകളും ഭർത്താവും ആക്സിഡന്റിൽ മരിച്ചപ്പോൾ ശേഷിച്ചത് കൊച്ചുമകൾ സാധിക മാത്രമായിരുന്നു. പട്ടണത്തിൽ നിന്നും കൊച്ചുമകളെയും കൂട്ടി അവർ ഗ്രാമത്തിലേക്ക് വന്നു, പിന്നീടാ കുഞ്ഞായിരുന്നു അവരുടെ ലോകം. നല്ല മാർക്കോടെ വിജയിച്ച അവൾ ഉന്നത വിദ്യാഭ്യാസത്തിനായി പട്ടണത്തിൽ ചേർന്നു ഹോസ്റ്റലിൽ താമസമാക്കി. ഇടയ്ക്കവധി കിട്ടുമ്പോൾ വീട്ടിൽ വരും. ആയിടെ സേതു കഥ എഴുതാൻ അവരുടെ വീടിന്റെ അടുത്ത് താമസമാക്കി. ഒരവധിയ്ക്ക് നാട്ടിൽ വന്ന സാധിക അടുത്ത ദിവസം സേതു താമസിച്ച വീട്ടിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്, പിച്ചിച്ചീന്തിയ ശരീരം ഉപേക്ഷിച്ചു സേതു രക്ഷപ്പെട്ടു. പോലീസ്കാർ കഷ്ടപ്പെടാൻ മടിച്ച് കേസ് അന്വേഷിച്ചില്ല. പോലീസ് സ്റ്റേഷൻ ഉണ്ടെന്നല്ലാതെ ഗ്രാമവാസികൾക്ക് ഒരുപകാരവും ഉണ്ടായിരുന്നില്ല.
 ബോലാ റാമിന് പക്ഷേ സേതുവിനെ വെറുതെ വിടാനായില്ല. ഒരു വർഷം അയാൾ കേരളത്തിൽ അലഞ്ഞെങ്കിലും അവസാനം വീട് കണ്ടുപിടിച്ചു. വീടും ചുറ്റുപാടും നോക്കാനായിരുന്നു അന്ന് പഴയ വസ്ത്രം അന്വേഷിച്ചു അയാൾ വീട്ടിൽ വന്നത്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തെറ്റ് ചെയ്തെന്നുള്ള കുറ്റബോധം മായ്ഞ്ഞുപോയതായി സീതയ്ക്ക് തോന്നി.
******
"ബേട്ടീ ആവോ... ഖാനാ ഖാവോ... ബച്ചിയാം കിതനെ ദേർ സെ ദേക് രഹീ ഹേ..."
ചിന്തയിൽ നിന്നുണർന്ന സീത എഴുന്നേറ്റു.
"മോളെ വാ, ഒന്നും ഓർത്ത് പേടി വേണ്ട, മോൾക്ക് ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ജോലി നോക്കാം. കുട്ടികളെ സ്‌കൂളിൽ ആക്കാം. ഇവിടെ ആരും അന്വേഷിച്ചു വരില്ല....വന്നാലും ഞങ്ങളുണ്ട്"
ബോലാ റാമിനെ നോക്കി സീത പറഞ്ഞു,
"ഹാം ബാപ്പു..."
ഇനിയെന്ത് സംഭവിച്ചാലും തന്റെ കുട്ടികൾ അനാഥരാകില്ലെന്ന ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.
ബോലാ റാം സീതയെ ചേർത്തുപിടിച്ച് വാത്സല്യത്തോടെ തലയിൽ ചുംബിച്ചു, തന്റെ മകളെ തിരിച്ചു ലഭിച്ച സന്തോഷം ആ കണ്ണുകളിലൂടെ ഒഴുകി.
അപ്പോഴും കേരള പൊലീസ് സേതുനാഥ്ന്റെ കൊലപാതകിയ്ക്കെതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു.
***രേഷ്മ***

നവരസങ്ങൾ

എന്തൊക്കെ പറഞ്ഞാലും ഇൻബോക്സേന്ന മായിക ലോകമാണ് പലരെയും ഇവിടെ പിടിച്ചു നിർത്തുന്നത്..
ഏറ്റവുമധികം ഭാവങ്ങളും വികാരങ്ങളും സമന്വയിക്കപ്പെടുന്നതും അവിടെയാണ്...
ഇപ്പോ മാനസികാരോഗ്യത്തിന് യോഗ നിർബന്ധമാക്കിയത് പോലേ ചാറ്റിൽ നവരസങ്ങളും പഠിച്ചു വെക്കുന്നത് പിന്നീട് ഉപകരിക്കും...
അപ്പൊ നമുക്കു ഓരോ രസങ്ങളും അവയുടെ ഉപയോഗങ്ങളും എങ്ങിനാണെന്നു പഠിക്കാം..
#ശാന്തം..
ആദ്യമായി ഒരു പെൺകുട്ടിയുടെ ഇന്ബോക്സിലേക്കു മെസ്സേജ് അയക്കുവാന്നിരിക്കട്ടെ..
വളരേ സമചിത്തതയോടെയും ശാന്തതയോടെയും ആവണം കാര്യങ്ങൾ മുന്നോട്ടേക്കു
നീക്കേണ്ടത്..
"ഹായ്..
ഒന്നു പരിചയപ്പെടാനാ.."
അങ്ങിനെ തുടങ്ങി പതിയെ "ചായ കുടിച്ചോ മുടി ചീകിയൊ"ന്നൊക്കെ ചോദിച്ചു തുടങ്ങാം..
#ഹാസ്യം
ചാറ്റിനിടയിൽ അവൾക്കു ബോറടിക്കാതിരിക്കാൻ ഇടക്കിടെ അവൾ പറയുന്ന തമാശകൾ കേട്ട് ഹഹ ന്ന് ചിരിക്കുക..
കൂടുതൽ ഹഹ വരാതെ നോക്കണം..
ഹാസ്യം മാറി ഭീബത്സത്തിലേക്കു പോവാൻ ചാൻസുണ്ട്...
ഇടക്കിടെ വല്ല ഫലിത ബിന്ദുക്കളും എറിഞ്ഞു കൊടുക്കുക..
ചിരിക്കുന്നില്ലാന്നു കണ്ടാൽ പിന്നെ ആ പണിക്കു നിക്കരുത്..
#കരുണം
ഇടക്ക് അവൾ വല്ല ക്ഷീണമോ തലവേദനയോ ആണെന്നു പറഞ്ഞാൽ മാക്സിമം കരുണയോടെ കരുതലോടെ ഒക്കെ സംസാരിക്കുക..
ക്ഷമാപൂർവ്വംആശ്വസിപ്പിക്കുക..
#ശ്രിംഗാരം
അപ്പോഴവൾക്കു നിങ്ങളോടു അല്പം മതിപ്പൊക്കെ തോന്നിത്തുടങ്ങും...
ആ സമയത്തു ഇങ്ങനുള്ള ഭാവങ്ങൾ പ്രകടിപ്പിച്ചു നോക്കുക..
ഇടക്കു ഫോട്ടോ ചോദിക്കാം..
#അത്ഭുതം
ഫോട്ടോ കിട്ടിക്കഴിഞ്ഞാൽ ആദ്യം കാണിക്കേണ്ട ഭാവം..
'വോവ്' എന്നുടെ കാണിച്ചാൽ കൊറച്ചു കൂടി നന്നാവും...
കൂടുതൽ ഓവർ ആക്കിയാൽ കൊളമാവും എന്നുള്ളത് കൂടി ഓർക്കുക...
#വീരം
നേരത്തെ പറഞ്ഞ രസങ്ങളായ ശാന്തവും കരുണവും കൊണ്ടു കൂടുതൽ നേരം പിടിച്ചു നിക്കാനാവില്ല..
പോരാത്തതിന് പെൺകുട്ടികൾ കൂടുതൽ വിനയം കാണിക്കുന്നവരെയാണ് ആങ്ങളമാരായി കാണാൻ ഇഷ്ടപ്പെടുന്നതെന്നു ചില പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്..
അവിടെയാണു വീര ഭാവം പൂണ്ടു ചുണക്കുട്ടി ആവേണ്ടത്..
അതൊടെ നിങ്ങളോടു ചെറുതായി ആരാധന തോന്നിത്തുടങ്ങാനും ചാൻസുണ്ട്...
ആ സമയം നോക്കി വാട്സാപ്പ് ഇമോ തുടങ്ങിയ ആപ്പുകൾ ഉണ്ടോയെന്നു അന്വേഷിക്കാം...
തരില്ലാന്നു കാണുമ്പോ 'എന്നെ വിശ്വാസമില്ലേ..'എന്നൊക്കെയുള്ള മട്ടിൽ സംസാരം നീട്ടിക്കൊണ്ടു പോവുക..
#രൗദ്രം
എന്നിട്ടും കാര്യം നടക്കുന്നില്ലേൽ പിന്നെ ഇതേ രക്ഷയുള്ളൂ..
നെരത്തെ തന്ന ഫൊട്ടോ വെച്ചുള്ള ഭീഷണി...
"നിന്നെ എനിക്കു നന്നായറിയാമെഡീ ഒരു ശീലാവതി വന്നേക്കുന്നു" എന്നൊക്കെയുള്ള മട്ടിൽ വെച്ചു കാച്ചിയെക്കണം...
അതു ഉച്ചസ്ഥായിയിൽ എത്തുമ്പോ ബീഭത്സ രൂപം പൂണ്ടോളും..
#ഭയാനകം
ഇനിയാണ് കളി...
എല്ലാം കേട്ട് കഴിഞ്ഞവൾ നിങ്ങളോടു പറയും..
"എടാ ഞാനൊരു ഫെയ്ക്ക് ആണു..
നിന്റെ സ്വഭാവം ഞാൻ സ്ക്രീൻഷോട്ട് എടുത്തു എല്ലാരേം കാണിക്കാൻ പോവാണെന്നു..
അപ്പൊ ഈ രസം താനേ വന്നോളും..
ചാറ്റിനോടുള്ള രസം
പോയിക്കിട്ടേം ചെയ്യും.

Rayan

ചെറുത്തുനിൽപ്പ്

ചെറുത്തുനിൽപ്പ്
*****************
"ഇല്ല "....ഇതിൽ മതിയായ രേഖകൾ ഇല്ലാ, മുന്നാധാരോം,അതിലെ അവകാശി മരിച്ചോണ്ട് മരണസർട്ടിഫിക്കറ്റ് കൂടി അറ്റാച്ച് ചെയ്താലേ... എന്തേലും ചെയ്യാൻ പറ്റൂ... ദാ.. എന്നും പറഞ്ഞു മടക്കിയ അപേക്ഷ എനിക്കുതന്നെ തിരിച്ചുതന്ന സഹകരണ ബാങ്കിലെ സാറിന്റെ മുഖം.... ബസ്സിലെ മുൻസീറ്റിലെ കമ്പിയിൽ തല വെച്ചു, കണ്ണടച്ചു കിടക്കുമ്പോഴും കണ്ണിൽ നിന്നും മായുന്നില്ല.... ഈശ്വരാ.... എത്ര അലഞ്ഞിട്ടാണ് ഇത്രയെങ്കിലും ശരിയാക്കിയത്... ഇനിയും... ? മകളുടെ കല്യാണയൊണ്ടാണ് അല്ലേൽ ഉള്ളതോണ്ട് ജീവിച്ചേനേം...
"ഒന്നു നീങ്ങിയിരിക്യോ..... ഞാൻ പെട്ടെന്ന് ഞെട്ടി "
കൈയിൽ നിറയെ കവറുകളുമായി മുന്നിൽ വിമല... ഞാൻ അല്പം നീങ്ങിയിരുന്നു...
ഇവർക്കൊക്കെ എന്തിന്റെ കുറവാ... ഗൾഫുകാരന്റെ ഭാര്യ.. പൂത്ത കാശ്... മാനം മുട്ടണ പോലത്തെ വീട്... ഷോപ്പിംഗ്... ഇടയ്ക്കിടെ കാണാം കുറേ കവറും താങ്ങി ഓട്ടോയിൽ കുത്തിക്കേറ്റി പോണത്.... ഈ ദൈവമെന്താ ഇങ്ങനെ ? ചിലർക്ക് അല്പം ചിലർക്ക് വാരിക്കോരി... സുഖോം സൗഭാഗ്യോം.... ഞാനോർത്തു....
"കാവുമ്പാട്ടെ തങ്കേച്ചിയല്ലേ "?
അവളെന്നോട് ചോദിച്ചു...
"അതെ "... ഞാൻ മെല്ലെ തലയാട്ടി...
എന്റെയുള്ളുരുകി.... ഇനീപ്പോ തൊടങ്ങും ഓരോന്ന് ചോയ്ക്കാൻ....
"കല്യാണയോ "?
പണ്ടടുത്തോ... ?
അങ്ങനെ.... അതൊഴിവാക്കാൻ ഞാൻചോയ്ച്ചു.... "വിമല എവിടുന്നാ "?
"ഞാൻ തുണിയൊളെടുക്കാൻ ടൗണിപ്പോയതാ ചേച്ചീ.... "
എന്താ വിശേഷം.... ഞാനതിൽ പിടിച്ചു കയറി...
"വിശേഷോ "? ഒന്നൂല്ലേച്ചി... ഞാനെല്ലാ ആഴ്ച്ചേലും എടുക്കണുണ്ടല്ലോ....
"എന്റമ്മോ "? ഞാനറിയാതെ എന്റെയൊച്ച ഉയർന്നു...
ഒരു ചിരിയോടെ വിമല പറഞ്ഞു... യെന്റെ ചേച്ചീ ചേച്ചിക്കപ്പോ ഒന്നുമറിയില്ലേ....
ഞങ്ങളിപ്പോ തെക്കേ തൊടിയിലാ താമസം... ഭാഗം കഴിഞ്ഞു. ന്റെ രവിയേട്ടൻ അന്യനാട്ടിക്കെടന്ന് കഷ്ടപ്പെട്ട് അയച്ചോണ്ടിരുന്ന കാശൊക്കെ എടുത്ത് അച്ചൻപണിത മൂന്ന് നിലവീടാ.... പറഞ്ഞിട്ടെന്താകാര്യം.... ഭാഗം വെച്ചപ്പോ അതിളയ മോനുള്ളതാണെന്നു അമ്മ കട്ടായം പറഞ്ഞു... ഞങ്ങൾക്ക് പതിനഞ്ച് സെന്റ് സ്ഥലം തന്നു... അതീന്എഴെടുത്തു വിറ്റു. പെട്ടെന്നു വീറ്റോണ്ട് കാര്യയൊന്നും കിട്ടില്യാ...
അതോണ്ടൊരു വീട് വെച്ചു... തേപ്പ് വരെ കഴിഞ്ഞപ്പോ കാശു തീർന്നു..... അപ്പളേക്കും രവിയേട്ടൻ ലീവ് തീർന്നു പോയി
ബ്രോക്കറെ കണ്ട് ചേട്ടൻ, വാടക വീട് നോക്കാൻ ഏൽപ്പിച്ചു... മുപ്പതിനായിരം പകിടിയും പത്തായിരം വാടകേം.... ഞാൻ ഞെട്ടി ചേച്ചീ...
ബ്രോക്കർടെ ന്ന് ഞാൻ ആ നാല്പത്തിങ്ങട്ട് വാങ്ങി... അടുക്കളേം, ഒരു മുറിയും, ബാത്റൂമും ചാന്തു തേച്ചു അത്യാവശ്യം പെരുമാറാനുള്ളതൊക്കെ ആക്കി ഞങ്ങളങ്ങോട്ടു മാറി...
പുരയിടത്തിലൊരു ഷെഡ് വെച്ചുകെട്ടി ഞാൻ രണ്ടു മൂന്നു സെക്കൻഡ് ഹാൻഡ് തയ്യൽ മെഷീനും, ഒരു പഴേ ടു വീലറും അങ്ങു വാങ്ങി...ടൗണിന്ന് നെറ്റി തുണി എടുത്ത് തയ്ച്ചു കടകളിൽ കൊണ്ടു കൊടുക്കും... തിരക്ക് കൂടിപ്പോ രണ്ടാളേം വെച്ചു... കുട്ടികളെ കൊണ്ടാക്കാൻ വാൻ വരണ്ടാ ന്ന് പറഞ്ഞു... ഞാൻ കൊണ്ടാക്കും... വീട്ടിലേക്ക് വേണ്ട പച്ചക്കറിയൊക്കെ ഞാനും പിള്ളേരും കൂടി വീട്ടില് നട്ടുണ്ടാക്കും...
വാടകയും, വീട്ടുചെലവിനുമായി ചേട്ടൻ 25, 000 അയക്കും.. ഞാനതെടുക്കില്ല... അതെന്റെ പെട്ടിലിട്ടു വെക്കും... രവിയേട്ടനെത്ര കഷ്ടപ്പെട്ടുണ്ടാക്കണതാ... നാലു മാസം കൂടുമ്പോ പണിക്കാരെ വിളിച്ചു വീടിന്റെ പണി അല്പാല്പം ചെയ്യിക്കും...
ഞാൻ തയ്ച്ചും പിശുക്കിപ്പിടിച്ചും ഉണ്ടാക്കണെന്ന് കുറച്ചെടുത്തു ഒരു വല്യ കൂടും കുറേ കോഴികളേം വാങ്ങി.... ഇറച്ചിക്കും മുട്ടക്കും നല്ല ചിലവാ... അതുങ്ങളുടെ കാര്യം പിള്ളേരു നോക്കും... അതിനവർക്ക് ഞാനൊരുതുക മാസം കൊടുക്കും.. അവരത് പൊൻ നാണയം പോലാ ചേച്ചീ സൂക്ഷിക്കുന്നെ...
ഒരുദിവസം അമ്മ ഞങ്ങളെ കാണാൻ വന്നു... കട്ടേം, പൊടിയും സിമന്റും നിറഞ്ഞ അന്തരീക്ഷത്തിൽ പണികഴിയാത്ത വീട്ടിൽ കഴിയണ ഞങ്ങളെ കണ്ടപ്പോ അമ്മ കുറേ കരഞ്ഞു...
" മുത്തശ്ശി കരയണ്ട... ഞങ്ങൾക്കൊരു വിഷമോല്ല്യാ... മക്കള് പറഞ്ഞു...
കാർട്ടൂണും കണ്ട് ടീവി ക്ക് മുന്നിലിരിക്കണേലും എന്ത് സുഖാ പച്ചക്കറി നട്ടും, കോഴിക്ക് തീറ്റികൊടുത്തും പറമ്പിലോടിനടക്കുമ്പോ ഞങ്ങൾക്ക് കിട്ടണേ...
പിന്നെ അമ്മ വന്നപ്പോ കയ്യിലൊരു പൊതിയും ഉണ്ടായിരുന്നു.. നാല് ലക്ഷം രൂപ... ഞാനതു വാങ്ങാൻ കൂട്ടാക്കിയില്ല... " മോളിതു വാങ്ങണം... ഞാൻ കാരണല്ലേ നിങ്ങൾക്കവിടുന്നെറങ്ങേണ്ടി വന്നേ... ഇത് പിടിക്കു... ഇതെന്റെ ഔദാര്യമൊന്നുമല്ല... പണ്ട് രവിതന്നെ എന്റെ പേരില് ബാങ്കിലിട്ടതാ.... അതും പറഞ്ഞമ്മ കാശു മേശപ്പുറത്തുവെച്ചു കരഞ്ഞോണ്ടിറങ്ങിപ്പോയി....
അതും കൂടിയായപ്പോ വീടിന്റെ എല്ലാ പണിയും പൂർത്തിയായി.... എന്റെ സമ്പാദ്യത്തിൽ നിന്നും വീട്ടിലേക്കായ് അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി...
ഇനീപ്പോ അടുത്താഴ്ച രവിയേട്ടൻ വരും.... എല്ലാം തകർന്നെന്ന് കരുതി വാടക വീട്ടിലേക്ക് കയറാനിരിക്കുന്ന രവിയേട്ടൻ വീട് കണ്ടു ശരിക്കും ഞെട്ടും..... വിമല ചിരിയോടെ പറഞ്ഞു നിർത്തി...
"എന്റെ സ്റ്റോപ്പ് എത്താറായി..."എന്നും പറഞ്ഞു കവറുകളെല്ലാം കെട്ടിപ്പെറുക്കി വിമല എന്റെ മുന്നിലൂടെ ഇറങ്ങിപ്പോയി...
ഒന്നുകൂടെ ഞാൻ പുറത്തേക്കു നോക്കിയപ്പോഴേക്കും അവൾ കയറിയ ഓട്ടോ പൊടി പറത്തി... അല്ലാ വിജയക്കൊടി പറത്തി.... കടന്നുപോകുന്നത് മാത്രം കണ്ടു...
# ബിനി ഭരതൻ.

നെല്ലിക്ക - 2


നെല്ലിക്ക - 2
ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരു അമാവാസി
കുളിച്ച് ഉപാസന മൂര്‍ത്തിയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് അതിന് മുന്നിലിരിക്കുന്ന ചെപ്പ് തുറന്ന് അയാള്‍ ചെവിക്കരുകില്‍ പതിയെ എന്തോ പുരട്ടി ഇരുട്ടിലേക്ക് നടന്നു തന്‍റെ അടുത്ത ഇരയെ തിരഞ്ഞ് .കൈയില്‍ കരുതിയിരുന്ന മയില്‍പ്പീലി അയാള്‍ പുറത്തേയ്ക്ക് എടുത്തു
“എല്ലാം നിനക്ക് വേണ്ടി ലക്ഷ്മി ….നിനക്ക് വേണ്ടി ..ഒരുത്തന്‍ കൂടി ബാക്കിയുണ്ട് …. അവനെയും നിന്‍റെ അടുത്തേയ്ക്ക് ഇന്ന് ഞാന്‍ പറഞ്ഞയക്കും “ മയില്‍പ്പീലിയില്‍ പതിയെ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു .അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുവക്കുന്നുണ്ടായിരുന്നു .അയാളുടെ നടത്തത്തിന്‍റെ വേഗത യാന്ത്രികമായി തന്നെ കൂടി.
---------------------------------------------------------
അതെ ദിവസം ഹോസ്റ്റല്‍
കൊലയാളിയെ പിടിയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു ജീവന്‍
“മിസ്റ്റര്‍ ജീവന്‍ ...താങ്കള്‍ക്ക് ഉറപ്പുണ്ടോ ? ഈ പ്ലാന്‍ വര്‍ക്ക്‌ ആവുമോ ?...എവിടെയെങ്കിലും ഒന്ന് നമ്മള്‍ പാളിയാല്‍ ഒരു ജീവനാണ് നഷ്ടപ്പെടാന്‍ പോകുന്നത് “ പ്രിന്‍സിപ്പല്‍ ഒരു താക്കിത് പോലെ ജീവനോട്‌ പറഞ്ഞു
“ഇതല്ലാതെ വേറെ വഴികള്‍ ഇല്ല ...എനിയ്ക്കറിയാം കുറച്ച് അപകടം പിടിച്ചതാണിതെന്ന് …..അജയെയും റോയിയെയും കൊലപ്പെടുത്തിയ സ്ഥിതിക്ക് അടുത്തത് അവരുടെ തന്നെ കൂട്ടുക്കാരനായ വിവേക് തന്നെ ആയിരിക്കും നെക്സ്റ്റ് ടാര്‍ഗറ്റ് എന്നാണ് എന്‍റെ നിഗമനം ”
“അതെങ്ങനെ ഇത്രയ്ക്കും ഉറപ്പിച്ച് പറയാനാകും വിവേകായിരിക്കും അടുത്ത ടാര്‍ഗറ്റെന്ന് ?“ വിവേകിനെ നോക്കി പ്രിന്‍സിപ്പല്‍ ചോദിച്ചു
“പ്ലസ്‌ടു മുതല്‍ ഇപ്പോ ഈ എഞ്ചിനീയറിംഗ് വരെ അജയും റോയിയും വിവേകും ഒരിമിച്ചാണ് പഠിച്ചത് ...അല്ലേ വിവേക് “ വിവേക് അതെയെന്ന് തലയാട്ടി
“ഒരു ദിവസത്തിലെ കൂടുതല്‍ സമയവും ഇവര്‍ ഒരുമിച്ചുതന്നെയായിരുന്നു …...നല്ലതിനാണെങ്കിലും ചീത്തതിനാണെങ്കിലും ഒരുമിച്ച് തന്നെ ...പക്ഷേ ഇവരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ലതൊന്നും ആരും പറഞ്ഞതായി കേട്ടില്ല….പലതും കേട്ടപ്പോള്‍ ലോക്കപ്പില്‍ കയറ്റി രണ്ടെണ്ണം കൊടുക്കാനാ തോന്നിയത് ..അത്രക്കും ഉണ്ട് ഇവര് ചെയ്ത് കൂട്ടിയത് ...ഇവര്‍ ആരോടോ എന്തോ ചെയ്യ്തതിന്‍റെ ഫലമാണ്‌ ഇപ്പോ ഇവരെ തേടി വന്നിരിക്കുന്നത്…തേടി വന്നതിന് വേണ്ടത് ഇവരുടെ ജീവനും …. ഇവരെയും ആ കൊലയാളിയേയും അല്ലെങ്കില്‍ ആ പോത്തുമായി ബന്ധിപ്പിക്കുന്ന എന്തോ ഒരു സംഭവം നടന്നിട്ടുണ്ട് ….പറയു വിവേക് ആരാണ് അയാള്‍ “
“അറിയില്ല സാര്‍ ….സത്യമായും എനിയ്ക്കറിയില്ല “
“ഹ്മം ….എങ്ങനെ അറിയാനാ അല്ലേ …..ഒന്നല്ലല്ലോ ചെയ്ത് കൂട്ടിയിരിക്കുന്ന കാര്യങ്ങള്‍ ...പിന്നെ എങ്ങനെ ഓര്‍മയുണ്ടാവാനാ “ വിവേക് തല താഴ്ത്തി അത് കേട്ടപ്പോള്‍
“ഹ്മം പേടിക്കണ്ട ഇന്ന് ഞങ്ങള്‍ക്ക് വിവേകിനെ സഹായിച്ചേ പറ്റു ….അയാളെ എന്ത് വിലകൊടുത്തും ഞങ്ങള്‍ പിടിച്ചിരിക്കും എന്‍റെ നിഗമനം ശരിയെങ്കില്‍ കൊലയാളി പോത്ത് ഇന്ന് വിവേകിനെ തേടി ഇവിടെ വന്നിരിക്കും…..ടെന്‍ഷനുണ്ടോ വിവേക് ? “ ജീവന്‍ വിവേകിനോട് ചോദിച്ചു.വിവേക് പതറിയ ശബ്ദത്തില്‍ ഇല്ലെന്ന് പറഞ്ഞു
“വിവേക് നമ്മുക്ക് ഇന്ന് നേരിടേണ്ടത് മനുഷ്യന്‍റെ ബുദ്ധിയുള്ള ഒരു പോത്തിനെയാണ് …..അജയെ കൊന്ന ...റോയിയെ കൊന്ന ….ആ പോത്തിനെയാണ് നേരിടേണ്ടത് .. ….ചൂണ്ടയില്‍ മണ്ണിരയെ കൊളുത്തി നമ്മള്‍ മീന്‍ പിടിയ്ക്കില്ലേ …ഇന്ന് നമ്മള്‍ ചെയ്യുന്നതും അതാണ് …...ഇവിടെ വിവേകാണ് ചൂണ്ടയിലെ മണ്ണിര … കൊബൌണ്ടിന്‍റെ മധ്യത്തില്‍ തന്നെ വിവേക് നില്‍ക്കണം...പുറമേ ഭയം തോന്നാതെ തികച്ചും സാധാരണമായി തന്നെ നില്‍ക്കണം ….പോലിസ് ഇവിടെയുണ്ടെന്ന് കൊലയാളിക്ക് ഒരു കാരണവശാലും സംശയം തോന്നരുത് ... ….ഞങ്ങള്‍ മാറി അപ്പുറത്ത് നില്‍ക്കുന്നുണ്ടാവും …..പോത്ത് കവാടം കടന്നയുടന്‍ തന്നെ വിവേക് അലര്‍ട്ട് ആവണം എന്നാലോ ഭയം പുറത്ത് കാണിക്കരുത് ...പോത്ത് വിവേകിന്‍റെ ഒരടി മുന്നില്‍ എത്തുന്ന ആ സെക്കന്റില്‍ ഞങ്ങള്‍ പോത്തിന് നേരെ വല വീശും …വല എറിയുന്ന സമയത്ത് പോത്തിന്‍റെ അടുത്ത് നിന്ന് വിവേക് അകലം പാലിക്കണം ...വലയ്ക്കുള്ളില്‍ കുരുങ്ങുവാന്‍ ഇടയാവരുത് ...പിന്നെ വിവേക് അവിടെ നില്‍ക്കരുത് ...ഓടി രക്ഷപ്പെടണം .....ക്ലിയര്‍ വിവേക് ?” ജീവന്‍ വിവേകിനോട് ചോദിച്ചു .വിവേക് മനസ്സിലായെന്ന രീതിയില്‍ തലയാട്ടി
 “അല്ല സാര്‍ ….ഈ വല പോത്തിനെയൊക്കെ പിടിയ്ക്കാന്‍ പറ്റാവുന്ന സ്ട്രോങ്ങാണോ ?” വിവേക് ഒരു സംശയത്തോടെ ജീവനോട്‌ ചോദിച്ചു
“പേടിക്കണ്ട ...കാട്ടാന വന്നാലും തകര്‍ക്കാന്‍ പറ്റാത്ത വലയാണ് …...ഗയ്സ് ഗെറ്റ് റെഡി ...പൊസിഷന്‍സ് “ ജീവന്‍ പോലീസുക്കാര്‍ക്ക് അവരവരുടെ സ്ഥാനങ്ങളില്‍ പോയി നില്‍ക്കുവാന്‍ നിര്‍ദേശം നല്‍കി.ഉള്ളില്‍ അല്പം ഭയം ഉണ്ടെങ്കില്‍കൂടിയും അത് പുറത്ത് കാണിക്കാതെ വിവേകും കാത്തിരിക്കുകയാണ്‌ തന്‍റെ കൊലയാളി ആരെന്നറിയാന്‍ .ജീവന്‍ കൈയ്യിലെ വയര്‍ലെസ് ചുണ്ടോട് അടുപ്പിച്ച്‌ ഹോസ്റ്റല്‍ കവാടത്തിലേയ്ക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്.സമയം പന്ത്രണ്ടാവാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി .അകലെ കൂമന്‍റെയും നായക്കളുടെയും ഓരിയിടല്‍ ഒരു ഓളം പോലെ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ധ്വനിച്ചു നിന്നു.ജീവന്‍ വാച്ചിലേയ്ക്ക് നോക്കി വയര്‍ലെസ്സിലൂടെ പതിയെ ജീവന്‍ മറ്റ് പോലീസുകാരോടായി നിര്‍ദേശം നല്‍കി
“ഗയ്സ് .….സബ്ജെക്റ്റ് റീച്ച് ആവാന്‍ ഏതാനും മിനിട്ടുകള്‍ മാത്രം “
വിവേകിന്‍റെ ഹൃദയമിടിപ്പ്‌ കൂടാന്‍ തുടങ്ങി .പെട്ടന്നൊരു ഇടിവെട്ടി അതിനുപിന്നാലെ അകലെ നിന്ന് ഒരു മണിയൊച്ച അവര്‍ക്ക് കേള്‍ക്കാന്‍ തുടങ്ങി .ജീവന്‍ കണ്ണുകള്‍ കൊണ്ട് വിവേകിന് മുന്നറിയിപ്പ് നല്‍കി .ആ മണിയൊച്ച അവരുടെ അരികിലേയ്ക്ക് അടുത്തടുത്ത് വന്നു .വിവേക് നിന്ന നില്‍പ്പില്‍ വിയര്‍ക്കാന്‍ തുടങ്ങി .ജീവനും മറ്റ് പോലീസുക്കാരും ഗേറ്റില്‍ തന്നെ നോക്കി നില്‍ക്കുകയാണ് .ഗേറ്റ് വരെ വന്ന ആ മണി ശബ്ദം പെട്ടന്ന്‍ നിലച്ചു .വിവേകും പോലീസുക്കാരും ജീവന്‍റെ മുഖത്തേക്ക് നോക്കി .ജീവന്‍ വെയിറ്റ് ചെയ്യാന്‍ എന്ന് തോന്നിപ്പിക്കും രീതിയില്‍ അവരോട് ആംഗ്യം കട്ടി . രണ്ടു നിമിഷം നിശബ്ദത .മണി ശബ്ദം ഇങ്ങോട്ട് പോയതെന്ന് അറിയാതെ അവര്‍ പരസ്പരം മുഖത്തേക്ക് നോക്കി .പെട്ടന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പോത്ത് ഹോസ്റ്റല്‍ ഗേറ്റ് ഇടിച്ച് തള്ളികൊണ്ട് അകത്തേക്ക്‌ കയറി.കഴുത്തിലൊരു മണിയും ഒറ്റക്കണ്ണ്‍ മാത്രമുള്ള ഒരു പോത്ത്.
“ഗയ്സ് സബ്ജെക്റ്റ് ഗേറ്റ് കടന്നു “ ജീവന്‍ പോലീസുക്കാര്‍ക്ക് വയര്‍ലെസിലൂടെ ഒരുങ്ങി നില്‍ക്കാന്‍ നിര്‍ദേശം നല്‍കി വീണ്ടും .ഗേറ്റ് കടന്ന പോത്ത് ഹോസ്റ്റല്‍ കൊബൌണ്ടിന്‍റെ മധ്യത്തില്‍ നില്‍ക്കുന്ന വിവേകിന് നേരെ പായുകയാണ്
“ത്രീ ….ടു ...വണ്‍ …...ഗയ്സ് നെറ്റ്സ്സ് “ പോത്ത് വിവേകിന്‍റെ അടുത്തെത്താറായപ്പോള്‍ ജീവന്‍ അലറികൊണ്ട് പറഞ്ഞു .ഇരുട്ടില്‍ മറഞ്ഞു നിന്നിരുന്ന പോലീസ്സുകാര്‍ ആ പോത്തിന് നേരെ വല വീശി .വിവേക് വലയില്‍ കുരുങ്ങാതെ പെട്ടന്ന് തന്നെ ഒഴിഞ്ഞുമാറി .വല കൃത്യം പോത്തിന്‍റെ മേലെ തന്നെ വന്നുവീണു .അതിന് അനങ്ങാനൊരു അവസരം കിട്ടുന്നതിന് മുന്‍പുതന്നെ വേറെയൊരു പോലീസുക്കാരന്‍ അതിന്‍റെ കഴുത്തിലെയ്ക്കൊരു കയറിട്ട് മുറുക്കി .പോത്ത് അപ്പോഴും വിവേകിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു .പോലീസുക്കാരന്‍ പോത്തിന്‍റെ കഴുത്തിലെ കയര്‍ വലിക്കാന്‍ നോക്കി .അത് വലിയൊരു ശബ്ദം ഉണ്ടാക്കികൊണ്ട് സര്‍വശക്തിയുമെടുത്ത് അതിന്‍റെ തലയൊന്ന് കുലുക്കി .കഴുത്തിലെ കയറില്‍ പിടിച്ചു നിന്നിരുന്ന പോലീസുക്കാരന്‍ തെറിച്ചു വീണു .പിറകിലേയ്ക്ക് രണ്ടു ചുവടുകള്‍ വെച്ചതിനുശേഷം അത് വീണ്ടുമൊന്ന് അലറി .പിറകില്‍ നില്‍ക്കുന്ന രണ്ട് പോലീസുക്കാരെ തൊഴിച്ചതിനുശേഷം സര്‍വശക്തിയുമെടുത്ത് അത് വിവേകിന് നേരെ പാഞ്ഞു .കാട്ടാന വന്നാലും ഒന്നും സംഭവിക്കില്ലെന്ന് ജീവന്‍ പറഞ്ഞ വല ആ ശക്തിയ്ക്ക് മുന്നില്‍ എത്ര ക്ഷണങ്ങള്‍ ആയെന്ന്‍ നിശ്ചയമില്ല .തന്‍റെ നേരെ പാഞ്ഞു വരുന്ന പോത്തിനെ കണ്ട് വിവേകും ഓടി. കൊബൌണ്ടും കടന്നും ഓടി അതിനുപിന്നാലെ പോത്തും പോത്തിന്‍റെ പിന്നാലെ ജീവനും മറ്റ് പോലീസുക്കാരും .ഇരുട്ട് നിറഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലേയ്ക്കായിരുന്നു വിവേക് ഓടിക്കയറിയത് .ആ സമയം നല്ല മിന്നലും ഇടിവെട്ടും ഉണ്ടായിരുന്നു .ദിക്കറിയാതെ ഓടിയ വിവേക് എവിടെയോ തട്ടി നിലത്തുവീണു .എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും തൊട്ടുപിന്നില്‍ തന്നെ ഉണ്ടായിരുന്ന പോത്ത് വിവേകിനെ ഇടിച്ച് തെറിപ്പിച്ചു .ആ സമയം ജീവനും മറ്റ് പോലീസുക്കാരും വളരെയകലെയായിരുന്നു .വിവേക് വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ വീണ്ടും ശ്രമം നടത്തിയെങ്കിലും പോത്തിന്‍റെ നില്‍പ്പ് കണ്ട് ഭയന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു .മിന്നലിന്‍റെ വെളിച്ചത്തില്‍ ഭീതി നിറഞ്ഞ മുഖത്തോടെ വിവേക് തന്‍റെ ജീവനുവേണ്ടി പോത്തിനോട് യാചിച്ചു .പോത്ത് തലക്കുലുക്കി കൊണ്ട് വിവേകിനെ വലയം വെക്കാന്‍ തുടങ്ങി .ഓടാന്‍ പറ്റാതെ ,എന്ത് ചെയ്യണം എന്നറിയാതെ അകലെ നിന്ന് ഓടിവരുന്ന ജീവനെയും പോലീസുക്കാരെയും നോക്കി വിവേക് .വിവേകിനെ വലം വെയ്ക്കുന്നതിനിടയില്‍ തല കുലുക്കികൊണ്ട് അലറുന്നുണ്ടായിരുന്നു പോത്ത് .ജീവനും പോലീസുക്കാരും അടുത്തെത്താറായപ്പോള്‍ പോത്ത് വലയം വെക്കുന്നത് നിറുത്തി പതിയെ വിവേകിന്‍റെ അടുത്തേയ്ക്ക് ചുവടുവെച്ചു .അതിന്‍റെ തല വിവേകിന്‍റെ മുഖത്തോട് ചേര്‍ത്ത് നിറുത്തി .വിവേക് പേടിച്ച് ഒരടി പിറകിലേക്ക് നീങ്ങി .മിന്നലിന്‍റെ വെളിച്ചത്തില്‍ ഒരു മയില്‍പ്പീലി പോത്തിന്‍റെ തലയ്ക്ക് മുകളില്‍ വായുവിലൂടെ വന്നുനിന്നത് വിവേക് കണ്ടു .അപ്പോഴേക്കും ജീവനും പോലീസുക്കാരും വിവേകിന്‍റെ അടുത്തേക്ക് എത്തിയിരുന്നു.നിലത്തേയ്ക്ക് വീഴാതെ വായുവില്‍ നില്‍ക്കുന്ന മയില്‍പ്പീലി കണ്ട് അവരും അമ്പരന്നു .പെട്ടന്ന്‍ വീണ്ടും ഇടിവെട്ടി ശക്തമായി മഴ പെയ്യാന്‍ തുടങ്ങി
(തുടരും)

Lijin

അതേ അവൾ പൂർണിമ....

അതേ അവൾ പൂർണിമ....
അങ്ങിനെയാണ് അവൾ മുഖപുസ്തകത്തിൽ അറിയപ്പെട്ടിരുന്നത് .... അവളെന്നു മുതലാണ് ഒരു മുയൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ കഥാകാരന്റെ കടുത്ത ആരാധികയായത്???
ജീവിതത്തിലെ കൈപ്പുനീരുകളൊക്കെയും കുടിച്ചു....തീകനലിൽ ചവിട്ടി .....മുള്ളുകൾക്കിടയിലൂടെ .....തളരാതെ പ്രതിബന്ധങ്ങളുടെ എല്ലാ കോട്ടവാതിലുകളും കടന്ന്, വിജയ സിംഹാസനത്തിലെത്തിയപ്പോൾ കൂടെ നടന്നവരാരും കൂടെയില്ലെങ്കിലും സിംഹമായും പുലിയായും തീയായും തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന രാക്ഷസജന്മങ്ങൾക്കു എത്തിപ്പിടിക്കാവുന്നതിലും മുകളിലാണവളുടെ സിംഹാസനം എന്നത് മാത്രമായിരുന്നു അവളുടെ ആശ്വാസം .......
ഒറ്റയ്ക്കുള്ള ജീവിതവും തിരക്കുപിടിച്ച ബിസ്സിനെസ്സ് യാത്രകളും ഒക്കെയായി ജീവിതം ഏതാണ്ടൊക്കെ വിരസമായി തീർന്നപ്പോഴാണ് എങ്ങിനെയോ അവൾ ആ ഓൺലൈൻ എഴുത്തുപുരയിൽ ചെന്നുകയറിയത് .....
വിരിയാൻ വെമ്പിനിൽക്കുന്ന ഒരു പനിനീർമൊട്ടിന്റെ ചിത്രത്തിൽ പൂർണിമ എന്ന പേരിൽ എഴുതിത്തുടങ്ങുബോൾ ഏകാശ്വാസം മനസ്സിൽ അടച്ചുപൂട്ടിയിട്ടിരുന്ന വികാരങ്ങൾക്കും ചിന്തകൾക്കും പുറത്തേക്കൊഴുകുവാൻ ഒരു കിളിവാതിൽ തുറന്നു കൊടുക്കാമല്ലോ എന്നുള്ളത് മാത്രമായിരുന്നു ....
ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജീവിതഗന്ധിയായ കഥകളിലൂടെ ആയിരകണക്കിന് ആരാധകരെ സ്വന്തമാക്കാനും അവർക്കു സാധിച്ചു .വായനക്കാർ ചോദിച്ചു, ഇത്രയും തീവ്രമായെഴുതുവാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു ? ഇരുതല വാളിനേക്കാൾ മൂർച്ചയേറിയ വാക്കുകൾ ... കുറിയ്ക്കു കൊള്ളുന്ന ചോദ്യങ്ങൾ .... വായനക്കാരുടെ ചിന്താമണ്ഡലങ്ങളിൽ പ്രവേശിച്ച അവ പെറ്റുപെരുകുകയും, ചിതറി തെറിപ്പിക്കുകയും ഒരു തേനീച്ച കൂട്ടം എന്ന പോലെ മൂളി പറന്നു, കുത്തി വേദനിപ്പിച്ചു ........
അപ്പോഴും അവൾ മൗനം ഭജിച്ചു ...വെറിപൂണ്ട ആരാധകർ മറനീക്കി പുറത്തുവരാൻ അവളെ വെല്ലുവിളിച്ചു. അവൾ അവയെല്ലാം പെറുക്കിക്കൂട്ടി ആ പനിനീർമൊട്ടിന്റെ ചുവട്ടിൽ വളമാക്കി അതിനെ കരുത്തുറ്റതാക്കി.
ഇനി അയാൾ ......തികച്ചും വ്യതസ്ഥൻ. ചിന്തകളിൽ ...കാഴ്ചപ്പാടുകളിൽ ....എഴുത്തിലൂടെ വായനക്കാരെ മാസ്മരീകതയുടെ മറ്റൊരു ലോകത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ വശീകരിച്ചു കടത്തിക്കൊണ്ടു പോകുന്നവൻ .... അയാളുടെ അനേകമായിരം ആരാധകരിൽ ഒരാൾ മാത്രമായിരുന്നു പൂർണിമ . അയാളുടെ ഓരോ കഥകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന പൂർണിമ .....
ചിലപ്പോഴെല്ലാം ആ കാത്തിരിപ്പായിരുന്നു അവളെ മുന്നോട്ടു നയിച്ചിരുന്ന ഏക സാധ്യതയും .....
ഒരുനാൾ അവൾ അയാൾക്കെഴുതി നിനക്കൊട്ടും ചേരാത്ത മുഖചിത്രമാണ് നിന്റേത് ഇത്രയേറെ സൗമ്യതയുള്ള ഒരു മൃഗത്തിന്റെ ചിത്രം നിന്റെ ആഴമേറിയ വാക്കുകൾക്കും തീവ്രമായ ഭാവങ്ങൾക്കും ഒട്ടുംതന്നെ യോജിക്കുകയില്ല .....
പകരം അയാൾ കുറിച്ചു... വിടരാൻ വെമ്പുന്ന പനിനീർ പുഷ്പ്പമേ എന്തിനു നീ താമസിക്കുന്നു?.... നീ വിരിയൂ സൗരഭ്യം പറത്തൂ....വിരിഞ്ഞാൽ കൊഴിയുമോ എന്ന് ഞാൻ ഭയക്കുന്നു എന്നവൾ മറുപടിയോതി....
ഒരിക്കൽ അയാളുടെ കഥയ്ക്ക് അവൾ തന്റെ അഭിപ്രായം തുറന്നു രേഖപ്പെടുത്തി ...വര്ഷങ്ങള്ക്കുമുന്പായിരുന്നെങ്കിൽ ഒരു വേള നിന്നെ ഞാൻ പ്രണയിച്ചു പോയനേ...... കാലങ്ങളായി ആർക്കോവേണ്ടി കാത്തുവെച്ച ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും ഉതിർന്നുവീണപ്പോൾ തച്ചോറിലെവിടെയൊരു ഉരുണ്ടുകൂടിയ ഒരു ചുമന്ന പൊട്ട് അവളുടെ സിന്ദൂര രേഖയിൽ വന്നു സ്ഥാനമുറപ്പിച്ചു .....
അയാളുടെയും അവളുടെയും ആരാധകർ അതേറ്റെടുത്തു.....
അപ്പോഴും വിദൂരതയിൽ , ലോകത്തിന്റെ ഏതോ കോണുകളിരുന്ന് തീ കാറ്റായി ആഞ്ഞടിക്കുകയും, ഇടിമിന്നലായി വിറപ്പിക്കുകയും കാർമേഘമായി പെയ്തിറങ്ങുകയും ചെയ്യുകയായിരുന്നു അവർ ......

Lini

ലീവ്

സാധാരണ ലീവിൽ വീട്ടിലേക്ക് പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് എല്ലാവർക്കും. അപ്പൊ പിന്നെ എനിക്കും അങ്ങിനെ തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ ഇപ്രകാശം അസമയത്ത് തന്നെ ലീവ് തന്ന് നാട്ടിലേക്ക് പത്ത് ദിവസത്തേക്ക് പറഞ്ഞയച്ചപ്പോഴും വളരെയധികം ദു:ഖമുണ്ടായിരുന്നു. കാരണം ഇത് ഒരു അസാധാരണ യാത്രയാണ്.
എന്റെ ഒപ്പം തന്നെ നാട്ടിൽ നിന്നും ഗൾഫിൽ വന്ന ആളാണ് മോഹനയേട്ടൻ.പ്രായം ഒരു 38 കാണും. നാട്ടിൽ ചെറുകിട കച്ചവടമായിരുന്നു ജോലി. ആരൊക്കെയോ ചതിച്ച് മോഹന ചേട്ടന്റെ ബിസിനസ്സ് പൊളിഞ്ഞു. വല്ലാത്ത കടബാധ്യതയുമായി.
ഒരു തവണ ഞാൻ നാട്ടിൽ ലീവിൽ ചെന്നപ്പോൾ വീട് വിറ്റിട്ടും തീരാത്ത കടം വന്ന് ആത്മഹത്യയുടെ വക്കിലായിരുന്ന മോഹനൻ ചേട്ടൻ കാര്യങ്ങൾ എന്നോട് പറഞ്ഞു. എങ്ങിനെയെങ്കിലും ചെറിയൊരു ജോലി ഗൾഫിൽ തരപ്പെടുത്തി തരാമോ എന്ന് എന്നോട് ചോദിച്ചു. ആളുടെ അവസ്ഥ മനസ്സിലാക്കി ഞാൻ എന്റെ ബോസിനോട് പറഞ്ഞ് ഞങ്ങളുടെ സ്ഥാപനത്തിൽ പ്യൂണിന്റെ ജോലി തരപെടുത്തി കൊടുത്തു.
ഇപ്പോൾ ഗൾഫിൽ എത്തി 2 വർഷം കൊണ്ട് കുടുംബത്തിലെ കാര്യങ്ങൾ കഴിഞ്ഞ് കാര്യമായ കടബാധ്യതയൊന്നും തീർക്കാൻ മോഹനൽ ചേട്ടന് കഴിഞ്ഞിട്ടില്ലായിരുന്നു.എന്നാലും ഗൾഫിൽ ജോലിയുണ്ട് എന്ന പേരിൽ കടക്കാരുടെ കയ്യിൽ നിന്നും സാവകാശം വാങ്ങാൻ മോഹനൻ ചേട്ടന് കഴിഞ്ഞു.
വല്ലപ്പോഴും ഒഴിവു സമയത്ത് മോഹനൻ ചേട്ടൻ റൂമിൽ വന്ന് എന്നോട് എല്ലാം തുറന്നു പറയുമ്പോൾ എന്റെ കണ്ണ് പലപ്പോഴും നിറയാറുണ്ട്. പത്തും എട്ടും വയസ്സ് ഉള്ള രണ്ടു പെൺകുട്ടികളാണ് മോഹനൻ ചേട്ടന്. അവരെ എങ്ങിനെയെങ്കിലും പഠിപ്പിക്കണം, ചെറിയൊരു വീട് വെക്കണം, കടങ്ങൾ തീർക്കണം എന്നിങ്ങനെയുള്ള മനുഷ്യന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ദുർബലമായ മനസ്സിൽ നിന്നും ആലോചിച്ച് മോഹനൻ ചേട്ടൻ പറയുമ്പോൾ കണ്ണുകൾ ആകാശത്തേക്ക് അങ്ങു ദൂരേക്ക് നോക്കിയിരിപ്പുണ്ടാം. ഈ കൊച്ചു ജോലി കൊണ്ട് തീർക്കാനാകാത്ത ബാധ്യതയും കൊച്ചു മോഹങ്ങളും ഒരിക്കലും മോഹനൻ ചേട്ടന് മനസ്സിന് സന്തോഷം നൽകിയിരുന്നില്ല എന്നെനിക്കു തോന്നിയിരുന്നു. ഒപ്പം എപ്പൊഴും വീട്ടിലെ ചിന്തകളും....
പക്ഷെ ആദ്യ ലീവിന്റെ അടുത്തെത്തിയപ്പോൾ മുതൽ പറയാൻ കഴിയാത്ത സന്തോഷമായിരുന്നു മോഹനൻ ചേട്ടന്..കയ്യിലുള്ള പണം കൂടാതെ തന്നെ കൂട്ടുകാരോട് കുറച്ച് കടം വാങ്ങിച്ചു കൊണ്ടും മക്കൾക്കും ഭാര്യക്കും അത്യാവശ്യം ബന്ധുക്കൾക്കും സമ്മാനങ്ങൾ വാങ്ങി.പക്ഷെ ലീവിനു ഏഴു ദിവസം മുമ്പാണ് രാത്രിയിൽ പെട്ടെന്ന് മോഹനൻ ചേട്ടൻ തലചുറ്റി റൂമിൽ വീണത്.ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ ആൾ രക്ഷപെട്ടു എന്നു മാത്രം. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ഒരു വശം പൂർണ്ണമായും തളർന്നു. കാഴചയും ഏറെകുറെ ആ വശത്തെ നഷ്ടപ്പെട്ടു. വീട്ടിലെ സാഹചര്യങ്ങൾ എനിക്കറിയാവുന്നതുകൊണ്ട് പെട്ടെന്ന് പൂർണ്ണ വിവരങ്ങൾ ഞാൻ അറിയിച്ചില്ല. ഭാഗ്യമുണ്ടെങ്കിൽ ക്രമേണ ശരിയായി കിട്ടും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.ഈ അവസ്ഥയിൽ ഒരു ജോലി ഇനി മോഹനേട്ടന് ഇവിടെ ശരിയാകുമെന്നും തോന്നുന്നില്ല.
അതു കൊണ്ട് കമ്പനി മോഹനൻ ചേട്ടനെ തിരിച്ചയക്കുകയാണ്. ഞാൻ തന്നെ ആവശ്യപെട്ട് ആളെ വീട്ടിൽ എത്തിക്കുവാൻ കമ്പനി എനിക്ക് 10 ദിവസത്തെ ലീവ് അനുവദിച്ചു.
വീൽചെയറിലുള്ള മോഹനൻ ചേട്ടനെയും കൊണ്ട് എയർപോർട്ടിൽ എത്തുമ്പോൾ എന്റെ മനസ്സ്, സാധാരണ നാട്ടിലെത്തുമ്പോൾ ഉണ്ടാകാറുള്ളതിൽ നിന്നുമുള്ള മാറ്റങ്ങൾക്ക് എങ്ങനെയൊരുങ്ങാം എന്ന തന്ത്രപാടിൽ ആയിരുന്നു....
ചിറക് വച്ച മോഹങ്ങളുടെ ചിറകരിഞ്ഞ ഈശ്വരന്റെ പദ്ധതിയുടെ നിഗൂഢതയും ,പൊട്ടിതെറിക്കാവുന്ന വികാരഷോഭങ്ങളുടെ രംഗങ്ങളും എന്നെ വല്ലാത് വീർപ്പ് മുട്ടിക്കുമ്പോൾ വിമാനം മെല്ലെ ഉയർന്നു...........
(ഈ കഥയിലെ ഞാൻ എന്നത് തികച്ചും സാങ്കൽപ്പികമാണ്.)

Shaju

യാത്ര ചോദിക്കാതെ. (തുടർ കഥ ) ********* ഭാഗം 5. *********

യാത്ര ചോദിക്കാതെ. (തുടർ കഥ )
********* ഭാഗം 5. *********
യാത്തിയുടെ ബാപ്പ കിതക്കുകയായിരുന്നു
എൻെറ യാത്തിക്കെന്തു പറ്റിയെന്നറിയാതെ ഞാൻ നിലവിളിക്കുമെന്ന അവസ്ഥയിലായി. എൻെറ കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകാൻ തുടങ്ങി. ഞാൻ സിഗരറ്റ് ഒരോന്നോരോന്നായ് വലിച്ചു കൊണ്ടിരുന്നു.
യാത്തിയുടെ ബാപ്പയുടെ മുന്നിലാണെങ്കിലും എനിക്ക് നിയന്ത്രണം വിട്ടിരുന്നു.
ഞാനോർത്തു നാട്ടിലുള്ള എൻെറ ഭാര്യയെ പോലും ഞാനിത്രക്ക് സ്നേഹിക്കുന്നില്ലല്ലോ എന്ന് !
ടിഷ്യൂ പേപ്പറുകൊണ്ട് മൂക്കു പിഴിഞ്ഞും,കണ്ണു നീർ തുടച്ചും എൻെറ കണ്ണും,മൂക്കും ചുവന്നിരുന്നു.!
യാത്തിയുടെ ബാപ്പയുടെ അവസ്ഥയും മറിച്ചല്ലാന്ന് തോന്നി. ഞാൻ അദ്ധേഹത്തിന് എൻെറ കൈയ്യിലുള്ള കാർട്ടിയർ സിഗരറ്റ് നീട്ടി. വല്ലാത്തൊരാവേശത്തിലത് അയാൾ വാങ്ങി ഒരു സിഗരറ്റ് കത്തിച്ച് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.
പുറത്ത് ,ആകാശത്ത് നേവിയുടെ എയർ ആംബുലൻസ് പറന്നു വന്ന് ദൂരെക്ക് മറഞ്ഞു.
''ഞാനെത്തിയപ്പോൾ വീടിരുന്ന സ്ഥലം അവിടെ ഇല്ലായിരുന്നു !''
യാത്തിയുടെ ബാപ്പ വിദൂരതയിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.
''ഞാൻ അവളെയും ഉമ്മയെയും തിരഞ്ഞു നടന്നു . ശക്തിയായി പെയ്യുന്ന മഴയിൽ എല്ലാം നഷ്ടപ്പെട്ടവരുടെയും എൻെറയും നിലവിളികൾ മഴയുടെ ശബ്ദത്തേക്കാൾ ഉയർന്നിട്ടും ഞങ്ങളുടെ വിളി ആരും കേട്ടില്ല.
രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ പുതഞ്ഞ എൻെറ യാത്തിയുടെ വിറങ്ങലിച്ച ശരീരം ഞാനീ കൈയ്യിലേറ്റു വാങ്ങി.!''
എനിക്കൻെറ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരുന്നു ഒരു കൊച്ചു കുഞ്ഞിനേക്കാൾ ഉച്ചത്തിൽ ''യാത്തീ...യാത്തീ...''എന്നുറക്കെ വിളിച്ചു ആർത്തു കരഞ്ഞു ഞാൻ.!
എത്രനേരം...എനിക്കറിയില്ല.
എനിക്കെൻെറ യാത്തിയുടെ ഖബറിനടുത്ത് പോകണമെന്നു ഞാൻ അവളുടെ ബാപ്പയെ അറിയിച്ചു. അദ്ധേഹം ഡ്രൈവറോട് വഴി പറഞ്ഞു കൊടുത്തു.
പുല്ലുകൾ പോലും മുളക്കാത്ത എൻെറ യാത്തിയുടെ ഖബറിനടുത്ത് അവളുെ തല ഭാഗത്ത് ഞാൻ ഇരുന്നൂ...''യാത്തീ...ഞാൻ..ഞാൻ വന്നു...പക്ഷേ...നീ നമ്മുടെ മകനേയും കൊണ്ട് എന്നേക്കാൾ മുന്നേ കടന്നു പോയല്ലോ പെണ്ണേ...നിന്നെപോലൊരു പെണ്ണ് നീ മാത്രമേയുള്ളൂ... ഇൻശാ അള്ളാ...നാളെ പരലോകത്ത്,സ്വർഗ്ഗത്തിൽ നമുക്കൊത്തു ചേരാൻ പടച്ചവൻ വിധിയാക്കട്ടെ..!!
ഡ്രൈവർ വന്ന് തോളിൽ കൈവെച്ചു. അയാളുടെ കണ്ണും നിറഞ്ഞിരുന്നു.
''സാർ... പുലർച്ചയല്ലേ ഫ്ളൈറ്റ്.? പോയാലോ സാർ.? ''
അയാൾ തോളിൽ കൈവെച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.
എൻെറ കൈയ്യിലുണ്ടായിരുന്ന 5 ലക്ഷം റുപ്പിയ ഞാൻ യാത്തിയുടെ ബാപ്പയുടെ കൈയ്യിൽ കൊടുത്തു
പിന്നെ നിശ്ശബ്ദനായി ഞങ്ങൾ ഖബറിടത്തിൽ നിന്നും പുറത്തു കടന്നു. 
ചെക് പോസ്റ്റിനടുത്ത് അദ്ദേഹത്തെ ഇറക്കി ഞാൻ കാറിലെ പിൻ സീറ്റിൽ ചാരിക്കിടന്നു. ഡ്രൈവർ വണ്ടി വേഗത്തിൽ ഓടിച്ചുകൊണ്ടിരുന്നു.
ഹോട്ടലിലെത്തിയപ്പോൾ രാത്രി ഒരുമണി കഴിഞ്ഞു.
ഒന്ന് കുളിച്ചു ഫ്രഷായി.
റൂം വെക്കേറ്റ് ചെയ്ത് എയർപോർട്ടിലെത്തിയപ്പോൾ ടാക്സിക്കാരന്ന് കാശ് നീട്ടി.
''സാർ എനിക്കു വേണ്ട സാർ...താങ്കൾ പോയി വരു ഓർമ്മയിൽ ഞാനുണ്ടായാൽ മതി.''
'' സഹോദരാ... നിൻെറ വാടക നീ ഉപേക്ഷിക്കുന്നത് എന്തിന്.''
''വണ്ടിയിൽ കയറുന്നതു വരെ സാറ് എനിക്കൊരു വാടകക്കാരൻ മാത്രമായിരുന്നു.
ഒരു പെണ്ണിനെ തേടി ഇന്തോനേഷ്യ വരെ വന്ന സാറിൻെറ ആ മനസ്സുണ്ടല്ലോ..അതിനെ ഞാൻ നമിക്കുന്നു. സാറിനിയും ഇവിടെ വരണമെന്ന് ഞാൻ ആശിക്കുന്നു.''
ഞാൻ പത്ത് ലക്ഷം റുപ്പിയ അയാളുടെ കൈയ്യിൽ അമർത്തിവെച്ചു അയാളെ പുണർന്നു.
''ഇതെൻെറ ഓർമക്കായ് ഇരിക്കട്ടെ. ..വരട്ടെ...!''
അയാളോട് യാത്ര ചോദിച്ച് ഞാൻ എയർപോർട്ടിനുള്ളിലേക്ക് കടന്നു
ഫോർമാലിറ്റികൾ കഴിഞ്ഞ് ഫ്ളൈറ്റിനുള്ളിലെത്തി ഞാനെൻെറ സീറ്റിൽ ചാരിയിരുന്നു...എന്നെയും കെണ്ട് ആ വിമാനം ദുബൈ നഗരത്തിലേക്ക് പറന്നുയരുംബോൾ ..എൻെറ യാത്തിയുടെ ആത്മാവും എന്നോടൊപ്പം പറന്നുകൊണ്ടേയിരുന്നു.!!
********ശുഭം.********
അസീസ് അറക്കൽ.
************

മൂട്‌പനി..


മൂട്‌പനി..
സുനു
പാതിരാത്രി പന്ത്രണ്ട് മണിയോടടുക്കുന്ന സമയത്ത് ഗാഡമായ നിദ്രയിലാണ്ട് കിടക്കുമ്പോഴായിരുന്നു അയാളുടെ മരണം സംഭവിച്ചത്. മരണം കൊണ്ടും ഭംഗം വരാത്തൊരു ദീര്‍ഘമായ സ്വപ്നത്തിലാണ്ടു പോയിരുന്നു അയാളപ്പോള്‍. സ്വപ്നം പൊലിഞ്ഞതും അയാള്‍ക്ക് ഭൂമിയുമായുണ്ടായിരുന്ന നേര്‍ത്ത ബന്ധവും നഷ്ടമായി. ചുക്കി ചുളിഞ്ഞ അയാളുടെ ദേഹം മഞ്ഞേറ്റ് മരത്തടിപോലെ മരവിച്ച് കിടന്നു. ചെവികളിലൂടെ വാര്‍ന്നൊഴുകിയ അയാളുടെ വൃദ്ധരക്തം കട്ടപിടിച്ച് ഉറുമ്പരിച്ച് തുടങ്ങിയിരുന്നു. ഏതാനും നിമിഷങ്ങള്‍ മുന്‍പ് മാത്രം വേര്‍പെട്ടുപോയ സ്വപ്നത്തിന്‍റെയോ ഭൂതകാലത്തിന്‍റെയോ ഊഷ്മാവ് അയാളുടെ ശുഷ്കിച്ച ശരീരത്തിലെങ്ങും ശേഷിച്ചില്ല.
അന്നുച്ചയ്ക്ക് ടൗണിലെ തിരക്കേറിയ ഭാഗത്തുകൂടി റോഡ് മുറിച്ചു കടക്കുമ്പോഴയാള്‍ക്ക് പതിവില്ലാത്തൊരു ഭീതിയും പെട്ടെന്ന് തന്നെ അടിവയറ്റിലൊരു കോച്ചിപ്പിടുത്തവുമുണ്ടായി. റോഡിന്‍റെ ഒത്തനടുവിലായയാള്‍ കൂനിക്കൂടിയിരുന്നതും പാഞ്ഞുവന്നൊരു സ്കൂട്ടര്‍ തട്ടി അയാളൊരു പന്തുപോലെ തെറിച്ചു വീണു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് പയ്യന്‍മാരും റോഡിലേക്ക് തന്നെ വീണു. സ്കൂട്ടറിനു പിന്നിലിരുന്ന പയ്യന്‍റെ തല റോഡില്‍ ചെന്നിടിച്ച് സാരമായി പരുക്കു പറ്റി. ഓടിക്കൂടിയ ആളുകള്‍ 'പാണ്ടിക്കിളവന് കണ്ണ് കണ്ടുകൂടെ' എന്ന് പറഞ്ഞയാളെ ശകാരിച്ചെങ്കിലും അവരില്‍ ചിലര്‍ ചേര്‍ന്നയാളെ റോഡില്‍ നിന്നും പിടിച്ചെഴുന്നേല്‍പ്പിച്ച് ഫുട്പാത്തില്‍ കൊണ്ടുവന്നിരുത്തി. മറ്റുചിലര്‍ ചേര്‍ന്ന് പരിക്കേറ്റ പയ്യന്‍മാരെ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയി.
അയാള്‍ക്കാകട്ടെ പുറമേക്കങ്ങനെ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഫുട് പാത്തില്‍ കുത്തിയിരുന്നയാള്‍ ഒരു തേനീച്ച മൂളുന്നതുപോലെ തേങ്ങികൊണ്ടിരുന്നു. വേദനയെക്കാളേറെ ഭയംകൊണ്ടായിരുന്നു അത്. അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചവിടെ കൊണ്ടെ ഇരുത്തിയവര്‍ 'എന്നാച്ച്, വലിയുണ്ടോ? കായമുണ്ടോ ?' എന്നുമൊക്കെ ഒരു കാത് പൊട്ടനോടെന്നപോലെ ഉച്ചത്തില്‍ ചോദിച്ചുകൊണ്ടിരുന്നു. അയാളതിനൊന്നും മറുപടി പറയാതെ തന്‍റെ കരച്ചില്‍ തുടര്‍ന്നപ്പോഴവര്‍, പരസ്പരമെന്തൊക്കയോ പറഞ്ഞ് ചിരിച്ചു.
അയാളങ്ങനെയായിരുന്നു, ഭിക്ഷാടനത്തിനിടയില്‍ കൂനിക്കൂടി കൈനീട്ടി നില്‍ക്കുമ്പോള്‍, അഞ്ചോ പത്തോ കൊടുക്കുന്നതിന് മുന്‍പ് വെറുതെ ഒരു കൗതുകത്തിനു ചിലര്‍ : ഉങ്കപേരെന്ന താത്താ ? ഉങ്ക ഊര് ? എന്നും മറ്റും ചോദിക്കും, അപ്പോഴൊക്കെയും തന്‍റെ ഊരും പേരും മറവിയിലാണ്ട് പോയ കുറ്റബോധം കൊണ്ടെന്നപോലയാള്‍ എണ്‍പതാണ്ടുകളുടെ ജരാനരകള്‍ ബാധിച്ച് കറുത്ത് ശോഷിച്ച തന്‍റെ ശിരസ് കുനിച്ച് പിടിക്കും. ഊരും പേരും പറയാത്ത കാരണത്താല്‍ അവരാരും വെച്ച് നീട്ടിയത് അയാള്‍ക്ക് കൊടുക്കാതെ പോകാറില്ല. ഉത്തരം പറഞ്ഞ് മാത്രം സമ്മാനം കൈപ്പറ്റുന്ന ഒരു സ്കൂള്‍ കുട്ടിയുടെ അഭിമാനം അയാളും കാട്ടാറില്ല.
'അയ്യാ' എന്നൊരു ദൈന്യത കലര്‍ന്ന വിളിക്കപ്പുറം തന്‍റെ ആവശ്യങ്ങളെന്തെന്നൊരിക്കലും അയാള്‍ ആരോടും ചോദിച്ചില്ല. ആ വിളിയിലുണ്ടായിരുന്നു എല്ലാം. അല്ലെങ്കിലാ രൂപത്തില്‍.
ടൗണിലെ ചെറിയ ചായക്കടകളിലും ഹോട്ടലുകളിലും നിന്ന് 'അയ്യാ' എന്ന ആകെ വാക്കിലൂടയാള്‍ പഴകി പുളിച്ചതെങ്കിലും തന്‍റെ വിശപ്പിനുള്ള വക കണ്ടെത്തും, പിന്നെ തെരുവിലും ഫുട്പാത്തുകളിലും ചേരികളിലുമലഞ്ഞ് ഒരുരൂപ, രണ്ടുരൂപ നാണയത്തുട്ടുകളും അഞ്ചിന്‍റെയും പത്തിന്‍റെയും പഴകിയ ചില നോട്ടുകളും സമ്പാദിക്കും. അധിക നേരവും ഏതെങ്കിലും ആളൊഴിഞ്ഞ കടത്തിണ്ണകളിലോ, അമ്പലമുറ്റത്തെ ആല്‍തറയിലോ പോയി കൂനിക്കൂടിയിരിക്കും. ആരോടുമയാള്‍ മിണ്ടുകയോ ചിരിക്കുകയോ ചെയ്തില്ല. നഗരത്തിലോ ഈ ഭൂമിയിലെവിടെയെങ്കിലുമോ അയാള്‍ക്കാരെങ്കിലും ബന്ധമോ, സ്വന്തമോ ഉണ്ടായിരുന്നില്ല.
നഗരത്തിലിന്നു കാണുന്ന പ്രതിമകളെക്കാളും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വാഗമരങ്ങളെക്കാളും മുന്‍പേ അയാളാ നഗരത്തില്‍ കാണപ്പെട്ടിരുന്നു. ഓര്‍മ്മകളുടെ ഭാണ്ഡം ഉള്ളില്‍ പേറി നടക്കാത്തതുപോലെ, അയാളുടെ തോളിലോ കൈകളിലോ അതുപോലൊരെണ്ണം ഉണ്ടായിരുന്നില്ല. അരയില്‍ ചുറ്റിയിരുന്ന ചെമ്മണ്‍നിറമുള്ളൊരൊറ്റമുണ്ടും. അതുപോലെ തന്നെയൊരെണ്ണം പുതച്ചിരുന്നതുമൊഴിച്ചാല്‍ അയാള്‍ കൂടെ കൊണ്ട് നടന്നിരുന്നത് നാണയതുട്ടുകളിടാനൊരു തുണി സഞ്ചിയും ശാപ്പാടിനുള്ള ചളുങ്ങിയൊരു പ്ലേറ്റുമായിരുന്നു.
അപകടമുണ്ടായശേഷം ഉച്ചവെയിലിലുമയാള്‍ കുളിരുകൊണ്ട് കിടുങ്ങി വിറച്ചു. ദുര്‍ബലമായ കാലടികളോടെ വേച്ചുവേച്ചയാളെഴുന്നേറ്റ് ടൗണിന്‍റെ തിരക്ക് കുറഞ്ഞ ഭാഗത്തേയ്ക്ക് പോയി. അയാള്‍ സ്ഥിരമായി കിടക്കുന്നൊരിടമുണ്ടായിരുന്നു, അവിടെത്തും മുന്‍പേ അയാള്‍ വേച്ചുവീണു. ഉച്ചവെയിലേറ്റ് പൊള്ളിയിട്ടും അയാള്‍ അവിടെത്തന്നെ കിടന്നു. നഗരം വാഹനങ്ങളുടെ ഇരമ്പലും മനുഷ്യരുടെ മര്‍മ്മരവുമായി അയാള്‍ക്കടുത്തുകൂടി മെല്ലെ ഒഴുകി നീങ്ങി.
സന്ധ്യ മയങ്ങിത്തുടങ്ങിയതുമയാള്‍ പാതിജീവനോടെ എഴുന്നേറ്റ് തന്‍റെ 'സ്ഥിരമിടം' എന്ന് അവ്യക്തമായൊരു ബോധം മാത്രമുള്ള ഒടിരത്തേയ്ക്ക് ചെന്ന് വീണ്ടും വേച്ച് വീണു. അതാകട്ടെ അയാള്‍ അതുവരെ കിടന്നിടത്തുനിന്നും കഷ്ടിച്ച് നാലോ, അഞ്ചോ ചുവടുകള്‍ മാത്രമകലെ അതേവഴിയില്‍ തന്നെയായിരുന്നു.
അയാള്‍പോലുമറിയാതെ അയാളില്‍ നിന്നും ഉച്ചത്തിലുള്ള ഞരക്കങ്ങളും മൂളലുകളും ഉയര്‍ന്ന് കേട്ടു. താന്‍ സ്ഥിരമായി പുതച്ചിരുന്ന ഒറ്റമുണ്ട് എവിടെയോ നഷ്ടമായതായി അയാള്‍ക്ക് തോന്നി, പക്ഷെ അതില്‍ അള്ളിപ്പിടിച്ചു കിടന്നാണയാള്‍ തണുത്ത് വിറച്ചത്.
ഏറെനേരം കഴിയും മുന്നേ നഗരത്തിന്‍റെ ശബ്ദങ്ങളോരോന്നായി അയാളില്‍ നിന്നുമകന്നുപോയി. ഒരു മാട്ട് വണ്ടിയുടെയോ കൊലുസിന്‍റെയോ മണികിലുക്കം അയാളുടെ മൂളയിലേക്കൊഴുകിവന്നു. ഏറെ നാളായി അയാള്‍ കേട്ട് പരിചയിച്ച ആ നഗരത്തിന്‍റെ ശബ്ദമായിരുന്നില്ല അത്. കൊലുസുമണികളുടെ കിലുക്കം പോലെ ഒരു പെണ്‍കുട്ടിയുടെ വിദൂരമായൊരു ചിരിശബ്ദവും അയാളുടെ കാതുകളിലേക്ക് വന്നെത്തി, അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തന്‍റെ ഗ്രാമം മിഴിവോടെ അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞ് വന്നു.. സൂര്യകാന്തിയുടെയും ജമന്തിയുടെയും പാടങ്ങളും, പച്ചക്കമ്പളം വിരിച്ചപോലുള്ള നെല്‍ വയലുകളും, ആടുമാടുകള്‍ മേയുന്ന തെങ്ങും തോപ്പുകളും, നിലമുഴുകയും ഞാറുനടുകയും ചെയ്യുന്ന കറുത്ത മനുഷ്യരൂപങ്ങളും ഒന്നൊന്നായി അയാള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. അവരൊക്കെ അവ്യക്തമായ ഭാഷയില്‍ ഉച്ചത്തിലെന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു.
അവിടെ വാഴത്തോപ്പുകളുടെയും നെല്‍വയലുകളുടെയും മദ്ധ്യത്തിലായിരുന്നു അയാളുടെ വീട്. അതിന്‍റെ പിന്‍ഭാഗത്ത് വലിയൊരു മാട്ട്പ്പണ്ണയാണ്. വീടിന് മുന്‍ഭാഗം മുഴുവന്‍ ആട്മാട് ,കോഴികളും ,വലിയ വൈക്കോല്‍ കൂനകളുമാണ്. അവക്കിടയിലെവിടെയോ നിന്നാണ് കൊലുസുമണികള്‍ കിലുങ്ങുന്ന മാതിരി ചിരിച്ചുകൊണ്ട് 'വാന്‍മതി' ഓടിവന്നത്. തന്‍റെ പച്ചപ്പട്ടുപാവാടയവള്‍ വിരല്‍ തുമ്പുകള്‍ കൊണ്ട് മുകളിലേക്കല്‍പ്പം ഉയര്‍ത്തി പിടിച്ചിരുന്നു.
'ഏയ് സെല്‍വാ ഓടി പിടിച്ച് വെളയാടലാം, എന്നെ പുടി' വാന്‍മതിയുടെ ശബ്ദവും ചെവിയില്‍ മുഴങ്ങി കേള്‍ക്കവെ അയാളില്‍ നിന്നും ജീവന്‍ വേര്‍പെടുകയായിരുന്നു.
സെല്‍വനും വേല്‍മുരുഗനുമപ്പോള്‍ വീടിന്‍റെ നടുമുറ്റത്തിരുന്ന് ഗോലിവിളയാടുകയായിരുന്നു. വാന്‍മതി ഓടി വന്ന് സെല്‍വന്‍റെ പുറത്തൊന്ന് ആഞ്ഞടിച്ചിട്ട് ചിരിച്ചുകൊണ്ടോടിപ്പോയി, കൊലുസുമണി കിലുക്കി ചിരിച്ചോടുന്ന അവളെ പിടിക്കാന്‍ സെല്‍വനും പിന്നാലെ ഓടി, പരുക്കന്‍ തുണികൊണ്ടുള്ള ഒരു കാക്കി ട്രൗസര്‍ മാത്രമായിരുന്നു അവന്‍റെ വേഷം. അവരാദ്യം വീടിന് ചുറ്റും ഓടി. മാടുകള്‍ക്ക് തീനി തയ്യാറാക്കുകയായിരുന്ന സെല്‍വന്‍റെ മാമയപ്പോള്‍ മകളായ വാന്‍മതിയെ സ്നേഹത്തോടെ ശകാരിച്ചു. അയാളുടെ കണ്ണുകളിലപ്പോള്‍ അവരോട് രണ്ട് പേരോടുമുള്ള വാല്‍സല്യമുണ്ടായിരുന്നു. വീടിന്‍റെ അടുക്കള ഭാഗത്ത് നിന്ന് അരിപേറ്റുകയായിരുന്ന അത്തയപ്പോള്‍ കൂടുതലുച്ചത്തില്‍ വാന്‍ മതിയെ ശകാരിക്കുകയാണ്. അവളത് കേള്‍ക്കാത്ത മട്ടില്‍ ചിരിച്ചോടി.
അത്തയും മാമാവും സെല്‍വനെ വഴക്ക് പറയുകയോ ശകാരിക്കുകയോ ചെയ്തിരുന്നില്ല. അവന്‍റെ അപ്പാ മരിച്ചശേഷം അമ്മാവേറെ കല്യാണം ചെയ്ത് പോയപ്പോള്‍ അവനെ ഒപ്പം കൊണ്ട്പോയില്ല. അമ്മാ കല്യാണമേളത്തോടെ കണ്ണീരണിഞ്ഞ കണ്ണുകളോടെ ഒരു മാട്ടുവണ്ടിയില്‍ അകന്ന് പോകുന്നതവന്‍ നോക്കി നിന്നു. അന്നു മുതല്‍ അവന്‍റെ അമ്മാവും അപ്പാവും, മാമാവും, അത്തയുമായിരുന്നു. അവന്‍റെ പ്രിയപ്പെട്ട പാട്ടിയും വാന്‍മതിയും, വേല്‍മുരുഗനേക്കാളേറെ അവനെ സ്നേഹിച്ചു.
വാന്‍മതി മഞ്ഞയും, ചുകപ്പും, നീലയും, ചായമടിച്ച മാട്ട് വണ്ടികള്‍ക്ക് ചുറ്റിയോടി. പിടിക്കപ്പെടുമെന്ന് തോന്നി ചിരിച്ച് നിലവിളിച്ചുകൊണ്ടവള്‍ വീടിന്‍റെ അടുക്കളയിലേയ്ക്ക് പാഞ്ഞുകയറി. പച്ചക്കറികള്‍ നുറുക്കകയായിരുന്ന പാട്ടിക്ക് മറഞ്ഞുകൊണ്ടവള്‍ ജീവന്‍ രക്ഷിക്കാനെന്നപോലെ നിലവിളിച്ചു. പാട്ടിക്ക് മുന്നിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ടുകൊണ്ടാണവള്‍ പാഞ്ഞു കയറിയത്. പാട്ടി അവരെ രണ്ട് പേരെയും ഉച്ചത്തില്‍ ചീത്തവിളിക്കുകയും മുമ്പിലിരുന്ന വാഴക്കാകള്‍ എടുത്തവരെ തലങ്ങും വിലങ്ങും എറിയുകയും ചെയ്തു. മുരിങ്ങക്കയെടുത്ത് സെല്‍വനു നേരെ ഒരു വാളുപോലെ വീശിയ പാട്ടിക്ക് നേരെ അവന്‍ അടുക്കളയിലെ മരത്തൊട്ടിയില്‍ നിന്നും ഒരു കൈക്കുമ്പിള്‍ വെള്ളം തെപ്പിയൊഴിച്ചിട്ട് പുറത്തേയ്ക്ക് പാഞ്ഞു. പിന്നാലെ വാന്‍മതിയും അവര്‍ക്ക് പിന്നാലെ രണ്ട് പിത്തള സൊമ്പുകള്‍ കലമ്പി വന്ന് വീണു..
സെല്‍വനും വാന്‍മതിയും മാട്ട്പണ്ണക്ക് അടുത്തുകൂടി ഓടിയപ്പോള്‍ തൊഴുത്തില്‍ നിന്നും മാട്ടുകുട്ടികള്‍ നീട്ടിക്കരഞ്ഞു, ചേവലുകളും പിടകളും, പൊടിക്കുഞ്ഞുങ്ങളും കൊക്കി ചിനച്ചുകൊണ്ട് അവര്‍ക്ക് വിലങ്ങിയോടി.
തെരുവുകളിലൂടെ ചിരിച്ചോടിയ സെല്‍വനോടും വാന്‍മതിയോടും വീട്ട് വാസലില്‍ കായ്കറി നുറുക്കുകയോ പേന്‍കൊല്ലുകയോ ചെയ്തുകൊണ്ടിരുന്ന അക്കാ, പാട്ടി, പൊമ്പളയാള്ങ്കെ എന്തോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അവരതിനെന്തോ മറുപടി വിളിച്ച് പറഞ്ഞിട്ട് ഓടിയോടി വയലോരത്തുള്ള ആലാമരത്തിന്‍റെ ചുവട്ടിലെത്തി, അതിന്‍റെ തറയിലിരുന്ന് കളിച്ചിരുന്നവര്‍ അവരോടെന്തോ ചോദിച്ചെങ്കിലും അവരത് കേള്‍ക്കാതെ വയലിലേക്കോടി, വാന്‍മതിയപ്പോ വരമ്പില്‍ നിന്നും വഴുക്കി വയലിലേയ്ക്ക് വീണു. അതോടെ അവളുടെ ചിരി ചിണുങ്ങി കരച്ചിലായി. സെല്‍വന്‍ ഓടിവന്നൊരു ഉപ്പുമൂട്ട മാതിരി അവള്‍ക്ക് മേലേക്ക് വീണപ്പോഴവള്‍ക്ക് ശരിക്കും വേദനിച്ചു. അവളുച്ചത്തില്‍ കരഞ്ഞു. അവനതും കളിമട്ടിലെടുത്ത് അവള്‍ക്ക് മീതേ കിടന്നുരുണ്ടു. അതോടെ കൂടുതല്‍ ഉച്ചത്തില്‍ പുലമ്പിക്കരഞ്ഞുകൊണ്ടവള്‍ അവനെ അടിക്കുകയും പിച്ചുകയും ചെയ്തു. അവള്‍ക്ക് വേദനിച്ചെന്നും അവള്‍ പിണങ്ങിയെന്നും മനസ്സിലായപ്പോഴവന്‍ അവളെ ആശ്വസിപ്പിക്കാനും ചിരിപ്പിക്കാനും ശ്രമിച്ചു. അവളുടെ കണ്ണീര് തുടച്ചവന്‍ കവിളിലൊരുമ്മ കൊടുത്തു. അപ്പോഴവള്‍ ആദ്യമായൊരു പൊമ്പളയുടെ നാണത്തോടെ അവനെ തള്ളിമാറ്റി, അവനാകട്ടെ അവളെ വീണ്ടും വീണ്ടും ഉമ്മ വെക്കണമെന്നൊരു മോഹം ഉള്ളിലുണ്ടായി. വയലില്‍ നിന്നും ഒരു കൈ ചെളിവാരി അവന്‍റെ മുഖത്തും നെഞ്ചത്തുമായി എറിഞ്ഞിട്ടവള്‍ കൊലുസുമണി കിലുക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞോടി, പിന്നാലെ ഓടി മുറ്റത്തെ വൈക്കോല്‍ കൂനയിലേക്ക് അവളെ ഉന്തി മറിച്ചിട്ട് തന്‍റെ മുഖത്തെയും നെഞ്ചത്തെയും ചെളിയവന്‍ അവളുടെ മുഖത്തും നെഞ്ചത്തും പുരട്ടി. അവന്‍ അന്നുവരെ ചെയ്യാത്ത മാതിരി അവളുടെ കഴുത്തിലും കവിളിലും ചുണ്ടത്തും അമര്‍ത്തി ചുമ്പിച്ചു. അവള്‍ക്കവനെ തള്ളിയകറ്റാനും അണച്ചു പിടിക്കാനും ഒരേ സമയം തോന്നി. അവനവളുടെ പന്ത്രണ്ട് വയസ്സ് വളര്‍ച്ചയുള്ള കുരുവിക്കൂട് മാതിരിയുള്ള മാറിടത്തില്‍ തന്‍റെ വിറക്കുന്ന കൈ അമര്‍ത്തി. അവളപ്പോള്‍ അവനെ തള്ളിമാറ്റി വൈക്കോല്‍ കൂനയില്‍ നിന്നും പിടഞ്ഞെണീറ്റു. അവര്‍ക്ക് രണ്ടാള്‍ക്കും പരസ്പരം കണ്ണുകളില്‍ നോക്കാന്‍ എന്തോ ഒരുമാതിരി തോന്നി രണ്ടാളും മുഖം കുനിച്ചിരുന്ന് പതുക്കെ കിതച്ചു. ഒടുവിലവന്‍ മുഖമുയര്‍ത്തി നോക്കിയപ്പോഴവള്‍ പോയി കഴിഞ്ഞിരുന്നു.
രാത്രി മുഴുവന്‍ മഴപെയ്തു. എവിടെ, ഏതുകാലത്തിലെന്നറിയാതെ. അതിന്‍റെ നനവോ തുള്ളികളോ ഇല്ലാതിരുന്ന സ്ട്രീറ്റ് ലൈറ്റിന്‍റെ വെള്ളി വെളിച്ചത്തിനു ചുറ്റും ഈയാം പാറ്റകള്‍ പാറി നടന്നു. അതിനു താഴെയാണയാള്‍ ജീവന്‍ വേര്‍പെട്ട് കിടന്നത്. അജ്ഞാതമായ ഏതോ തമിഴ്നാടന്‍ ഗ്രാമത്തില്‍ ഏതോ കാലത്ത് പെയ്ത മഴത്തുള്ളികള്‍ വേപ്പിലതുമ്പുകളില്‍ നിന്നും ഓലമേഞ്ഞ മണ്‍കുടിലുകളുടെ ഇറയത്തു നിന്നും ഇറ്റുവീണു. ആലാമരത്തിന്‍റെ ഇരുണ്ട ഇലച്ചാര്‍ത്തുകളിലും തെങ്ങും തോപ്പുകളിലും, വയലേലകളിലും നിന്ന് മഴയുടെ മര്‍മരം അകലങ്ങളിലതിരിടുന്ന മലകളിലേക്ക് നീണ്ട് പോയി.
മഴതോര്‍ന്നപ്പോള്‍ സെല്‍വ്വം തന്‍റെ വീടിന് ചുറ്റും വിളിച്ച് നടന്നു. രാത്രി മഴതോര്‍ന്നതിന്‍റെ നേര്‍ത്ത വെളിച്ചത്തില്‍ വീട്ട് വാസല്‍ അടഞ്ഞു കിടക്കുന്നതവന്‍ കണ്ടു, വീട്ട് പക്കത്തിലെവിടെയും ഊരില്‍ എങ്കയും ഒരൊച്ചയും അനക്കവും ഉണ്ടായിരുന്നില്ല. മഴതുള്ളികളുടെ മര്‍മ്മരം മാത്രം. അവന്‍ അത്തയെയും മാമയെയും കതകൈ തട്ടി വിളിച്ചു. അവര്‍ വിളി കേള്‍ക്കുകയോ കതക് തുറക്കുകയോ ചെയ്യാതിരുന്നപ്പോള്‍, അവനൊരു കരച്ചിലിന്‍റെ ശബ്ദത്തില്‍ പാട്ടിയെയും വാന്‍മതിയെയും വിളിച്ചു. കതകില്‍ ആഞ്ഞാഞ്ഞു തട്ടിയിട്ടും ശബ്ദമില്ലാത്തതുപോലെ, അവന്‍ അവസാന പ്രതീക്ഷയോടെ വാന്‍മതിയെത്തന്നെ സങ്കടത്തോടെ വിളിച്ചു. 'വാന്‍മതീ കതകെ തൊറഡീ...' പക്ഷെ അവന്‍ എത്ര വിളിച്ചിട്ടുമവള്‍ വിളി കേട്ടില്ല, അവന്‍റെയാ വിളിയൊച്ച മാത്രം ഊരിലാകെ പ്രതിധ്വനിച്ചു. മറ്റൊരിലയനക്കമോ, വെളിച്ചമോ എവിടെയുമില്ലായിരുന്നു.
പാട്ടിക്കും, മാമാവുക്കും, വാന്‍മതിക്കുമൊപ്പം ഊരിന്‍റെ ശബ്ദചലനങ്ങളും മണ്‍ കുടുസകളില്‍ എരിഞ്ഞു കത്തിയിരുന്ന വിളക്കുകളും അറുപതാണ്ടുകള്‍ക്ക് പിന്നിലാണെന്നറിയാതെ സെല്‍വനാ വീടിന്‍റെ ഇറയത്ത് കുത്തിയിരുന്നു. വാന്‍മതിയുടെ ഉറക്കത്തിനിടയിലെ ഞരങ്ങലുകള്‍ക്കും മൂളലുകള്‍ക്കും കാതോര്‍ത്ത്, ഇടക്കിടെയവന്‍ മഴപെയ്ത് നനഞ്ഞ ഊരിന്‍റെ വാസത്തിനായി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് കയറ്റി. നനക്കാത്ത മഴത്തുള്ളികളും പുലരാത്ത ഇരുട്ടും നോക്കി അവനിരുന്നു.
സമയം പുലര്‍ച്ചെ നാലര കവിഞ്ഞിരുന്നു. ജയകാന്തനെന്ന ലോറി ഡ്രൈവര്‍ തന്‍റെ കമ്പനി വക വാടകമുറിയില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. മുറി നിറയെ ഇരുട്ടായിരുന്നു. പക്ഷെ അയാള്‍ കണ്ടത് തൂവെള്ള നിറത്തിലുള്ള നേര്‍ത്ത മൂടല്‍ മഞ്ഞാണ്. ഉഴുത് മറിച്ചിട്ട വയലുകള്‍ക്കപ്പുറം മഞ്ഞിന്‍റെ അവ്യക്തതയില്‍ കരിനീല നിറമാര്‍ന്ന മലനിരകളയാള്‍ കണ്ടു, ഉഴുതു മറിച്ചിട്ട നിലത്ത് പുതുമഴ വീണ് കുതിര്‍ന്ന ഗന്ധത്തോടൊപ്പം സെല്‍വന്‍റെ വീടും പാട്ടിയും വാന്‍മതിയും മാമാവുമെല്ലാം അയാളില്‍ ഗൃഹാതുരമായൊരു നഷ്ടബോധമുണ്ടാക്കി. താന്‍ സെല്‍വനല്ലെന്ന് തിരിച്ചറിവുണ്ടാകാന്‍ അയാള്‍ക്ക് ഇരുട്ട് മുറിയിലെ സ്വിച്ച് ബോര്‍ഡില്‍ എരിഞ്ഞു കാണുന്ന ഇന്‍ഡിക്കേറ്ററിലേക്ക് ഏറെ നേരം നോക്കി കിടക്കേണ്ടി വന്നു. അതില്‍ നിന്നും പ്രസരിച്ച ചുവന്ന വെളിച്ചം സെല്‍വനെയും വാന്‍മതിയെയും പാട്ടിയെയും അവരുടെ മണ്‍വീടിനെയുമെല്ലാം അറുപതാണ്ടുകള്‍ക്ക് പിന്നിലുള്ള ഏതോ തമിഴ് നാടന്‍ ഗ്രാമത്തിലേയ്ക്ക് തിരികെ കൊണ്ടുപോയി, വാന്‍മതിയുടെ കൊലുസുമണിയുടെ കിലുക്കവും, മാട്ടുവണ്ടികളുടെ ശബ്ദവുമെല്ലാം അയാളില്‍ നിന്നും മെല്ലെ അകന്നുപോയി.
ജയകാന്തനെഴുന്നേറ്റ് മുറിയുടെ ഇരട്ട പാളികളുള്ള പഴയ മരക്കതക് തുറന്ന് പുറത്തിറങ്ങി. പഴയൊരു ഇരുനിലകെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. ദീര്‍ഘനേരമായി പുറത്ത് കനത്ത മഴ പെയ്യുകയായിരുന്നു എന്ന് കരുതിയിരുന്ന ജയകാന്തന് പുറത്ത് മഴ പെയ്തതിന്‍റെ യാതൊരടയാളവും കാണാനായില്ല. സ്ട്രീറ്റ് ലൈറ്റിന്‍റെ ചുവട്ടില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന പിച്ചക്കിളവനെ അവന്‍ ഞെട്ടലോടെ കണ്ടു. തലേന്ന് നേരത്തെ ഓട്ടം തീര്‍ത്ത് സന്ധ്യക്ക് തന്നെ വണ്ടി ഒതുക്കി റൂമിലേക്ക്ക് വരുമ്പോളവന്‍ അയാളെ അവിടെത്തന്നെ കണ്ടിരുന്നു. എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ്. രണ്ട് രാത്രികളുടെ ഉറക്കക്ഷീണം കൊണ്ടവന്‍ കിടന്നതേ ബോധം കെട്ടുറങ്ങിപോയി.
ജയകാന്തന് അയാളുടെ അടുത്തേക്ക് പോകണമെന്നുണ്ടായിരുന്നെങ്കിലും ആരെങ്കിലും കണ്ടാലോ എന്ന ഭയം കൊണ്ടവന്‍ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചിട്ട് അവിടെത്തന്നെ നിന്നു. കോര്‍പ്പറേഷന്‍ ജീവനക്കാരി നീണ്ട ചൂലുമായി എത്തുന്നതുവരെ അവന്‍ ചെറിയൊരു അരഭിത്തിക്ക് പിന്നില്‍ മറഞ്ഞിരുന്ന് മലര്‍ന്ന് കിടക്കുന്ന അയാളുടെ വയറിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍ സങ്കല്‍പിച്ചുണ്ടാക്കുകയായിരുന്നു. അയാളുടെ കിടപ്പ് കണ്ടെന്തോ സംശയം തോന്നിയിട്ടാകാം കറുത്തുരുണ്ട കോര്‍പ്പറേഷന്‍ ജീവനക്കാരി അയാളുടെ തൊട്ടടുത്ത് ചെന്ന് സംശയത്തോടെ ഒന്നെത്തി നോക്കി. പെട്ടന്നവള്‍ കാര്യം മനസ്സിലായ ഞെട്ടലോടെ ചുറ്റുപൊടുമൊന്ന് നോക്കിയശേഷം വേഗത്തിലവിടെനിന്നും പോയി, കുറച്ചകലെ മാറിനിന്ന് ചപ്പു ചവറുകള്‍ തൂത്ത് കൂട്ടാന്‍ തുടങ്ങി. എങ്കിലും അവരുടെ കണ്ണുകള്‍ അയാള്ടെയാ കിടപ്പിലേയ്ക്ക് പാറി വന്നുകൊണ്ടിരുന്നു. ജയകാന്തന്‍ ഇരുന്ന ഇരുപ്പില്‍ നിന്നുമുയരാതെ നാലുകാലില്‍ വലിഞ്ഞ് തന്‍റെ മുറിക്കുള്ളിലേക്ക് കയറി. തന്‍റെ കിടക്കയിലേയ്ക്ക് കയറി കിടന്നയാള്‍ സെല്‍വനെയും വാന്‍മതിയെയും അവരുടെ ഗ്രാമത്തെയും ഒന്നുകൂടി സ്വപ്നം കാണാന്‍ ശ്രമിച്ചു.


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo