Showing posts with label ഷാജു. Show all posts
Showing posts with label ഷാജു. Show all posts

ലീവ്

സാധാരണ ലീവിൽ വീട്ടിലേക്ക് പോകുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് എല്ലാവർക്കും. അപ്പൊ പിന്നെ എനിക്കും അങ്ങിനെ തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ. പക്ഷെ ഇപ്രകാശം അസമയത്ത് തന്നെ ലീവ് തന്ന് നാട്ടിലേക്ക് പത്ത് ദിവസത്തേക്ക് പറഞ്ഞയച്ചപ്പോഴും വളരെയധികം ദു:ഖമുണ്ടായിരുന്നു. കാരണം ഇത് ഒരു അസാധാരണ യാത്രയാണ്.
എന്റെ ഒപ്പം തന്നെ നാട്ടിൽ നിന്നും ഗൾഫിൽ വന്ന ആളാണ് മോഹനയേട്ടൻ.പ്രായം ഒരു 38 കാണും. നാട്ടിൽ ചെറുകിട കച്ചവടമായിരുന്നു ജോലി. ആരൊക്കെയോ ചതിച്ച് മോഹന ചേട്ടന്റെ ബിസിനസ്സ് പൊളിഞ്ഞു. വല്ലാത്ത കടബാധ്യതയുമായി.
ഒരു തവണ ഞാൻ നാട്ടിൽ ലീവിൽ ചെന്നപ്പോൾ വീട് വിറ്റിട്ടും തീരാത്ത കടം വന്ന് ആത്മഹത്യയുടെ വക്കിലായിരുന്ന മോഹനൻ ചേട്ടൻ കാര്യങ്ങൾ എന്നോട് പറഞ്ഞു. എങ്ങിനെയെങ്കിലും ചെറിയൊരു ജോലി ഗൾഫിൽ തരപ്പെടുത്തി തരാമോ എന്ന് എന്നോട് ചോദിച്ചു. ആളുടെ അവസ്ഥ മനസ്സിലാക്കി ഞാൻ എന്റെ ബോസിനോട് പറഞ്ഞ് ഞങ്ങളുടെ സ്ഥാപനത്തിൽ പ്യൂണിന്റെ ജോലി തരപെടുത്തി കൊടുത്തു.
ഇപ്പോൾ ഗൾഫിൽ എത്തി 2 വർഷം കൊണ്ട് കുടുംബത്തിലെ കാര്യങ്ങൾ കഴിഞ്ഞ് കാര്യമായ കടബാധ്യതയൊന്നും തീർക്കാൻ മോഹനൽ ചേട്ടന് കഴിഞ്ഞിട്ടില്ലായിരുന്നു.എന്നാലും ഗൾഫിൽ ജോലിയുണ്ട് എന്ന പേരിൽ കടക്കാരുടെ കയ്യിൽ നിന്നും സാവകാശം വാങ്ങാൻ മോഹനൻ ചേട്ടന് കഴിഞ്ഞു.
വല്ലപ്പോഴും ഒഴിവു സമയത്ത് മോഹനൻ ചേട്ടൻ റൂമിൽ വന്ന് എന്നോട് എല്ലാം തുറന്നു പറയുമ്പോൾ എന്റെ കണ്ണ് പലപ്പോഴും നിറയാറുണ്ട്. പത്തും എട്ടും വയസ്സ് ഉള്ള രണ്ടു പെൺകുട്ടികളാണ് മോഹനൻ ചേട്ടന്. അവരെ എങ്ങിനെയെങ്കിലും പഠിപ്പിക്കണം, ചെറിയൊരു വീട് വെക്കണം, കടങ്ങൾ തീർക്കണം എന്നിങ്ങനെയുള്ള മനുഷ്യന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ദുർബലമായ മനസ്സിൽ നിന്നും ആലോചിച്ച് മോഹനൻ ചേട്ടൻ പറയുമ്പോൾ കണ്ണുകൾ ആകാശത്തേക്ക് അങ്ങു ദൂരേക്ക് നോക്കിയിരിപ്പുണ്ടാം. ഈ കൊച്ചു ജോലി കൊണ്ട് തീർക്കാനാകാത്ത ബാധ്യതയും കൊച്ചു മോഹങ്ങളും ഒരിക്കലും മോഹനൻ ചേട്ടന് മനസ്സിന് സന്തോഷം നൽകിയിരുന്നില്ല എന്നെനിക്കു തോന്നിയിരുന്നു. ഒപ്പം എപ്പൊഴും വീട്ടിലെ ചിന്തകളും....
പക്ഷെ ആദ്യ ലീവിന്റെ അടുത്തെത്തിയപ്പോൾ മുതൽ പറയാൻ കഴിയാത്ത സന്തോഷമായിരുന്നു മോഹനൻ ചേട്ടന്..കയ്യിലുള്ള പണം കൂടാതെ തന്നെ കൂട്ടുകാരോട് കുറച്ച് കടം വാങ്ങിച്ചു കൊണ്ടും മക്കൾക്കും ഭാര്യക്കും അത്യാവശ്യം ബന്ധുക്കൾക്കും സമ്മാനങ്ങൾ വാങ്ങി.പക്ഷെ ലീവിനു ഏഴു ദിവസം മുമ്പാണ് രാത്രിയിൽ പെട്ടെന്ന് മോഹനൻ ചേട്ടൻ തലചുറ്റി റൂമിൽ വീണത്.ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ ആൾ രക്ഷപെട്ടു എന്നു മാത്രം. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ഒരു വശം പൂർണ്ണമായും തളർന്നു. കാഴചയും ഏറെകുറെ ആ വശത്തെ നഷ്ടപ്പെട്ടു. വീട്ടിലെ സാഹചര്യങ്ങൾ എനിക്കറിയാവുന്നതുകൊണ്ട് പെട്ടെന്ന് പൂർണ്ണ വിവരങ്ങൾ ഞാൻ അറിയിച്ചില്ല. ഭാഗ്യമുണ്ടെങ്കിൽ ക്രമേണ ശരിയായി കിട്ടും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.ഈ അവസ്ഥയിൽ ഒരു ജോലി ഇനി മോഹനേട്ടന് ഇവിടെ ശരിയാകുമെന്നും തോന്നുന്നില്ല.
അതു കൊണ്ട് കമ്പനി മോഹനൻ ചേട്ടനെ തിരിച്ചയക്കുകയാണ്. ഞാൻ തന്നെ ആവശ്യപെട്ട് ആളെ വീട്ടിൽ എത്തിക്കുവാൻ കമ്പനി എനിക്ക് 10 ദിവസത്തെ ലീവ് അനുവദിച്ചു.
വീൽചെയറിലുള്ള മോഹനൻ ചേട്ടനെയും കൊണ്ട് എയർപോർട്ടിൽ എത്തുമ്പോൾ എന്റെ മനസ്സ്, സാധാരണ നാട്ടിലെത്തുമ്പോൾ ഉണ്ടാകാറുള്ളതിൽ നിന്നുമുള്ള മാറ്റങ്ങൾക്ക് എങ്ങനെയൊരുങ്ങാം എന്ന തന്ത്രപാടിൽ ആയിരുന്നു....
ചിറക് വച്ച മോഹങ്ങളുടെ ചിറകരിഞ്ഞ ഈശ്വരന്റെ പദ്ധതിയുടെ നിഗൂഢതയും ,പൊട്ടിതെറിക്കാവുന്ന വികാരഷോഭങ്ങളുടെ രംഗങ്ങളും എന്നെ വല്ലാത് വീർപ്പ് മുട്ടിക്കുമ്പോൾ വിമാനം മെല്ലെ ഉയർന്നു...........
(ഈ കഥയിലെ ഞാൻ എന്നത് തികച്ചും സാങ്കൽപ്പികമാണ്.)

Shaju

നഷ്ടപ്പെട്ടത് ആർക്ക്?

Tv യിലെ പ്രദേശിക ചാനലിൽ പ്രോഗ്രം കണ്ടിരിക്കുമ്പോൾ "പുഴയിൽ യുവതിയുടെ അഴുകി തുടങ്ങിയ മൃതദേഹം കണ്ടു"എന്ന വാർത്ത നിമ്മിയുടെ മനസ്സിൽ വല്ലാത്തൊരു ഞെട്ടലുണ്ടാക്കി.
അത് തന്റെ കൂട്ടുകാരി ആരതി ആവരുതെ എന്ന് ഭയത്തോടെ പ്രാർത്ഥിച്ചു.....
രണ്ടു ദിവസമായി ആരതിയെ കാണാതായിട്ട്.പലരും പലതും പറഞ്ഞുണ്ടാക്കുന്നു. ഡിഗ്രിക്ക് പ്രവേശനം കിട്ടിയതായിരുന്നു ആരതിക്ക് .പലർക്കും ആത്മഹത്യ സാധ്യതയില്ലാത്ത കുട്ടി.എന്തോ ഒരു പ്രേമത്തിൽ അവൾ പെട്ടിട്ടുണ്ട് എന്ന് പറയുന്നവർ ഉണ്ടെങ്കിലും നാട്ടിൽ അത്ര പാട്ടായിട്ടില്ലായിരുന്നു.
നിമ്മിയും ആരതിയും സ്ക്കൂൾ തലം മുതൽ കൂട്ടുക്കാരായിരുന്നു.
രണ്ടു പേരും നന്നായി പഠിച്ചിരുന്നു.
പത്താം ക്ലാസ്സിനു ശേഷം പെട്ടെന്ന് പ്ലസ്സ്ട്ടുവിന് ഗ്രാമം വിട്ട് പട്ടണത്തിലെ സ്ക്കൂളിലേക്ക് മാറിയപ്പോൾ ആരതി ആൾ ആകെ മാറി.
അൽപ്പം സൗന്ദര്യവും അൽപ്പം വീട്ടിലെ സാമ്പത്തികവും ആരതിയുടെ ചിന്തകളെ മാറ്റിമറിച്ചു. സൗന്ദര്യബോധവും മുമ്പത്തേക്കാളും കുറച്ച് കൂടി.
സ്ക്കൂളിലെ വായ് നോട്ടക്കാരുടെ ശ്രദ്ധ ആരതിയിൽ ഉടക്കിയപ്പോൾ ആരതിയുടെ ചിന്തയെ പ്രായം സ്വപന ലോകത്തേയ്ക്ക് എത്തിച്ചു.
വളരെ പെട്ടന്ന് തന്നെ പഠനത്തിൽ ഉള്ള ശ്രദ്ധ ഇല്ലാതായി.
കൂട്ടുകെട്ടുകൾ മാറി.
നിമ്മി അയൽക്കാരായിരുന്നതിനാൽ നാട്ടിൽ നിന്നും പോകുമ്പോൾ ഒരുമിച്ചായിരിക്കും എങ്കിലും സ്ക്കൂളിൽ എത്തിയാൽ കൂട്ടുകെട്ട് വേറെയായിരുന്നു. അച്ചടക്കമുള്ള നിമ്മിയുടെ തിരുത്തുവാനുള്ള ശ്രമങ്ങൾക്ക് ആരതി ചെവി കൊടുത്തില്ല.
സ്ക്കൂളിൽ എത്തുമ്പോൾ ഒരു പയ്യൻ ബൈക്കുമായി കാത്ത് നിൽപ്പ് ആയിടെ നിമ്മി കണ്ടു.
ആരതിയാണ് അവന്റെ ലക്ഷ്യമെന്ന് തിരിച്ചറിയാൻ വലിയ അന്വേഷണം വേണ്ടി വന്നില്ല. ചെത്ത് ബൈക്കിലുള്ള ചെത്ത് രൂപം ആരതിയെ വല്ലാതെയങ്ങ് ആകർഷിച്ചു.
പിന്നെ പിന്നെ സംസാരമായി.
ക്രമേണ ക്ലാസ്സ് കട്ട് ചെയ്ത് ഒരിക്കൽ കറങ്ങിയതും നിമ്മി അറിഞ്ഞു. ആരതിയെ വീണ്ടും തിരുത്തുവാൻ നിമ്മി ശ്രമിച്ചു. ആരതി പറഞ്ഞതുകൊണ്ടാകാം ആ പയ്യൻ ഒരു ദിവസം നിമ്മിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി.
"നീ നിന്റെ കാര്യം അന്വേഷിച്ചാൽ മതി." പിന്നെ അല്പം വൃത്തികെട്ട ഭാഷയും നിമ്മിയെ പേടിപ്പിച്ചു.
രഹസ്യമായ ഫോൺ വിളികളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും കോളേജിൽ പാട്ടായി തുടങ്ങിയിരുന്നു.
സ്ക്കൂൾമായി ബന്ധപെട്ട മയക്കുമരുന്നു ലോബിയിലെ അംഗമായിരുന്നു പയ്യൻ. കാര്യം സാധിച്ചതുകൊണ്ടാണോ എന്നറിയില്ല ഈ പയ്യൻ സാവകാശം ആരതിയെ ഒഴിവാക്കി തുടങ്ങി. വേറൊരുത്തിയുമായുള്ള ചങ്ങാത്തത്തിനു തുടക്കം കുറിച്ചു.ഇതറിഞ്ഞ ആരതി ഒരു ദിവസം അവനുമായി വഴക്കു പിടിക്കുന്നതും നിമ്മി കണ്ടിരുന്നു. അതിനു ശേഷമാണ് ഈ വാർത്തകൾ എല്ലാം കേൾക്കുന്നത്. പലരും നിമ്മിയോട് കാര്യങ്ങൾ തിരക്കിയിരുന്നു.
പേടിച്ച് എനിക്കൊന്നുമറിയില്ല എന്നാണ് നിമ്മി ഇതുവരെ പറഞ്ഞിരുന്നത്. പോലീസ് ചോദ്യം ചെയ്യലും എല്ലാം ഇനിയുണ്ടാകും എന്ന് നിമ്മി ഭയപ്പെട്ടു.
അപ്പോഴെക്കും നിമ്മിയുടെ അമ്മയോട് ആരോ പറയുന്നത് കേട്ടു അത് ആരതിയുടെ മൃതദേഹമാണെന്ന്. പൊട്ടി കരഞ്ഞുപോയി നിമ്മി.ഒത്തിരി ഭയത്തോടെ നിമ്മി അമ്മയോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. പോലീസ് വന്നാൽ എന്തു പറയണം എന്നറിയാതെ പകച്ച നിമ്മിക്ക് അമ്മ ആത്മധൈര്യം കൊടുത്തു.
മോൾ മോൾക്ക് അറിയുന്ന കാര്യങ്ങൾ മാത്രം പറയുക. ഊഹം വച്ച് ഒന്നും പറയരുത്. പ്രതിയെ പിടിക്കേണ്ടത് പോലീസ് ആണ്. അമ്മ പറഞ്ഞു കൊടുത്തു.
ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാൻ പറ്റാത്ത വിധമായിരുന്നു ബോഡി. പോസ്റ്റ്മോർട്ടത്തിനായി ബോഡി പോലിസ് കൊണ്ടുപോയി. പ്രതീക്ഷിച്ചതു പോലെ പോലിസ് നിമ്മിയുടെ വീട്ടിൽ എത്തി. വീട്ടിൽ വച്ചു തന്നെ പോലീസ് ചോദ്യം ചെയ്തു. അറിയാവുന്ന കാര്യങ്ങൾ പേടിച്ച് നിമ്മി പോലീസിനോട് പറഞ്ഞു.
പോലിസ് അവനെ പിടിച്ചു ചോദ്യം ചെയ്തു. എന്തായാലും അത് ഒരു കൊലപാതകത്തിൽ എത്തിചേർന്നില്ല. വെറും ഒരു ആത്മഹത്യ മാത്രമായി അവസാനിച്ചു. ചിലപ്പോൾ ശരി തന്നെയാവും. പക്ഷെ നഷ്ടപ്പെട്ടത് ആർക്ക്? നോക്കി വളർത്തിയ ആരതിയുടെ പാവം ബന്ധുക്കൾക്ക് ഒപ്പം ആരതിക്കും മാത്രം. ബാക്കിയെല്ലാവർക്കും ഒരു കഥ പോലെ വായിച്ചു തീർന്ന ഒന്നായി അവളുടെ ജന്മം....

Shaju

വിഷ്ണു


നീററ് പരീക്ഷയുടെ റിസൾട്ട് അറിയുവാൻ ഇന്റർനെറ്റ് കഫേയുടെ ഇടുങ്ങിയ അറയിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ആകാംഷയായിരുന്നു വിഷ്ണുവിന്.
എല്ലാവരും ഒരേ സമയം ശ്രമിക്കുന്നതു കൊണ്ട് സൈറ്റിൽ പ്രവേശിക്കുവാൻ പറ്റുന്നില്ല.
മനസ്സ് വളരെ പ്രക്ഷുപ്തമായിരുന്നു. പഠിക്കാൻ ഒന്നാം ക്ലാസിൽ ചേർന്നതു മുതലുള്ള ചിന്തകൾ കൊള്ളിമീൻ പോലെ മനസ്സിലോടി.
സർക്കാർ സ്ക്കൂളിലെ ഇളകിയാടുന്ന ബഞ്ചിൽ അന്ന് ഊഞ്ഞാൽ ആടിയിരുന്നതു പോലെ തന്നെയായിരുന്നു വിഷ്ണുവിന്റെ മനസ്സ് ഇപ്പോൾ.
അടുത്ത വീട്ടിലെ കുട്ടികൾ കാലിൽ ഷൂവും കഴുത്തിൽ ടൈയ്യും കെട്ടി പോകുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.
അമ്മ ബുദ്ധിമുട്ടി, കീറിയ ഭാഗങ്ങൾ തുന്നിയ ട്രൗസറുമായി ക്ലാസിൽ പോയിരുന്നപ്പോഴും മനസ്സിൽ ഒരു ചമ്മലും തോന്നിയിരുന്നില്ല.
കാരണം വീട്ടിലെ സാഹചര്യത്തിൽ പഠിക്കാൻ പറഞ്ഞയക്കുന്നതു തന്നെ മഹാഭാഗ്യമായി കരുതിയിരുന്നു.
കാൻസർ ബാധിച്ച് ചികിൽസ നൽകാൻ കഴിയാതെ അമ്മ, വിഷ്ണു മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മരിച്ചിരുന്നു. ഒരു പക്ഷെ നല്ല ചികിൽസ ലഭിച്ചിരുന്നെങ്കിൽ അന്ന് അമ്മ മരിക്കുകയില്ലായിരുന്നു.
അന്ന് മനസ്സിൽ കുറിച്ചിട്ട ഒരാഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക. മറ്റുള്ളവർ അറിഞ്ഞാൽ പോലും കളിയാകാവുന്ന ആഗ്രഹമായിരുന്നതിനാൽ അത് മനസ്സിൽ കൊണ്ടു നടന്നു.
പത്തിൽ മുഴുവൻ A+ നേടിയപ്പോഴും ഡോക്ടർ ആകണമെന്ന ആഗ്രഹം ആരോടും പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല.
കൂട്ടുകാർ കോച്ചിങ്ങിനു പോകുമ്പോഴും അതിന്റെ അധികഭാരം അച്ഛനു താങ്ങാൻ കഴിയില്ല എന്നു ഉറപ്പുള്ളതിനാൽ അതും ആവശ്യപെട്ടില്ല. എത്രയോ പേർ ഇതൊന്നുമില്ലാതെ വിജയിക്കുന്നു എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു കരുത്ത്. ചിന്തയിൽ നിന്നും മനസ്സ് സ്വതന്ത്രമായപ്പോൾ സമയം പോയതറിഞ്ഞില്ല. കൂട്ടുക്കാരന്റെ വിളിയാണ് വിഷ്ണുവിനെ ഉണർത്തിയത്. സൈറ്റിൽ കയറാനായ കൂട്ടുക്കാരൻ അല്പം വിഷമത്തോടെ വിഷ്ണുവിനോട് പറഞ്ഞു.
"എന്റെ റാങ്ക് വളരെ താഴെയാണ് വിഷ്ണു .റിപ്പീറ്റ് ചെയ്യാം.ഒരു പ്രാവശ്യം കൂടി നോക്കണം എന്നിട്ടേ ഡിഗ്രിക്കു പോകുന്നുള്ളൂ. നീ നോക്കൂ വിഷ്ണു .നീ പിന്നെ വെറുതെ എഴുതിയതല്ലെ? കോച്ചിങ്ങിനൊന്നും പോയിരുന്നില്ലല്ലോ.
വിഷ്ണു തലയാട്ടി.
പഷെ മനസ്സിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു.എനിക്കു വേണ്ടി എന്റെ മരിച്ചു പോയ അമ്മ കോച്ചിങ്ങ് തന്നിട്ടുണ്ട്. മനസ്സ് മന്ത്രിച്ചു.
വിഷ്ണു പ്രതീക്ഷയോടെ തന്നെ റോൾ നംബർ നൽക്കി, വിശ്വാസിക്കാൻ പറ്റിയില്ല. റാങ്ക് 1084. നിറഞ്ഞ കണ്ണുകൾ തുടച്ച് വീണ്ടും മോണിറ്ററിലേക്ക് നോക്കി. സത്യം തന്നെ.8 വയസ്സിൽ കുറിച്ചിട്ട ആ വലിയ ആഗ്രഹത്തിന്റെ ഏറ്റവും അടുത്തെത്തിയ അതിരറ്റ സന്തോഷമായിരുന്നു വിഷ്ണുവിന് അപ്പോൾ..............

Shaju

ഒരു രക്ഷകനെ പോലെ


മനുഷ്യൻ ഇതുവരെ സൃഷ്ടിച്ച സകല ദൈവങ്ങളേയും മനസ്സിൽ വിചാരിച്ച് ഞാൻ ആശുപത്രി വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഇയാൾക്കൊന്നും സംഭവിക്കരുതേ!
ഒരു പാവം മനുഷ്യൻ! മനസ്സിൽ പ്രാർത്ഥിച്ചു.
ബൈക്കിൽ ഞാൻ വീട്ടിലേക്ക് വരുമ്പോൾ ആണ് റോഡരികിൽ ഒരു ബൈക്ക് തെന്നി കിടക്കുന്നത് കാണുന്നത് .
സൂഷ്മമായി നോക്കിയപ്പോൾ ഒരു മനുഷ്യൻ രക്തത്തിൽ കുളിച്ച് കിടക്കുന്നു. ബോധം നഷ്ടപെട്ട അവസ്ഥയായിരുന്നു.
ഒരു സഞ്ചിയിലെ പച്ചക്കറികളും കുറച്ച് അരിയും ചിന്നി ചിതറി കിടക്കുന്നു.
ഒരു പാൽ കുപ്പിയും എന്റെ കണ്ണിൽ പെട്ടു .ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങളുമായി പോകും വഴിയുണ്ടായ അപകടമാണ്, വ്യക്തം.
രക്ഷിക്കാൻ ആരും മെനകെടാത്തതു കൊണ്ട് കുറച്ച് നേരമായിട്ടുണ്ടാകും ഇവിടെ കിടക്കുന്നത്.
ഇനിയും വൈകിയാൽ പാവം ചിലപ്പോൾ മരിച്ചു പോകും.
വേറെയൊന്നും ആലോചിക്കാതെ പുറകെ വന്ന ഓട്ടോക്ക് കൈക്കാട്ടി.
കാര്യം പറഞ്ഞപ്പോൾ ഒരു നിമിഷം ഒരു പരങ്ങൽ അയാളിൽ കണ്ടു.
ഞാൻ പറഞ്ഞു. " ചേട്ടൻ റിസ്ക് ഇടുക്കേണ്ട ഒന്നു ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ചാൽ മതി".
അതു കേട്ടപ്പോൾ അയാൾ തയ്യാറായി.
ഒന്നു കയറ്റാൻ സഹായികുമോ? ഞാൻ ചോദിച്ചു.
ഡ്രൈവറും ഞാനും കൂടി വാരിയെടുതു
അയാളെ ഓട്ടോയിൽ കയറ്റി.
വളരെ വേഗതയിൽ തന്നെ അയാൾ ഓട്ടോ ഓടിച്ചു.ഇതിനിടയിൽ ഡ്രൈവർ ചോദിച്ചു .
അറിയുന്ന ആൾ ആണോ?
അല്ല.
വെറുതെ വേണ്ടാത്തതിനു പോകേണ്ടാട്ടാ. ഞങ്ങൾ ഇത് ഇടയ്ക്കിടെ കാണാറുള്ളതാണ്. സ്റ്റേഷനും നൂലാമാലകളും. വീട്ടുകാർ വരുന്നത് വരെ താൻ ഹോസ്പിറ്റലിൽ നിൽക്കേണ്ടി വരും ട്ടോ.
എന്തെങ്കിലും ആകട്ടെ, ചേട്ടൻ ഒന്നു ഹോസ്പിറ്റലിൽ എത്തിച്ചു താ..
സർക്കാർ ആശുപത്രിയിലേക്ക് ദൂരം കുറെയുണ്ട്. നമുക്ക് അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ ആദ്യം കയറാം അയാൾ പറഞ്ഞു.
പെട്ടന്നു തന്നെ ക്വാഷാലിറ്റിൽ എത്തി. ഓട്ടോകാരൻ അൽപ്പം മനുഷ്യത്വം ഉള്ളതുകൊണ്ട് ഓട്ടോ ചാർജ് വാങ്ങാതെ തന്നെ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.
ബന്ധുവോണോ? നഴ്സ് ചോദിച്ചു
അല്ല.
ചേട്ടന്റെ വണ്ടിയാണോ തട്ടിയത്?
അല്ല.
എന്തായാലും ചേട്ടൻ ഇവിടെ നിൽക്കണം. ഇല്ലെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കോ:
വേണ്ട നിങ്ങൾ പെട്ടെന്ന് ചെയ്യാവുന്നവ ചെയ്യൂ. ഞാൻ ഇയാളുടെ ഫോണിൽ നിന്നും വല്ല വിവരവും കിട്ടോന്ന് നോക്കട്ടെ.
അയാളുടെ ഫോൺ തപ്പുന്നതിനിടയിൽ നഴ്‌സ് ഒരു ബില്ല് തന്നു. "ഉടനെ അടക്കണം"
സംസാരിച്ച് നൽകുന്നതു കൊണ്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് ബിൽ അടക്കുന്നേടത്തുപോയി ഡെബിറ്റ്കാർഡ് എടുത്തു കൊടുത്തു പിൻ നൽകി.
ഫോണിൽ പരതിയപ്പോൾ WIFE എന്നെഴുതിയ നംബർ കിട്ടി. വേറെയാരെയും വിളിച്ച് ഈ നംബർ അറിയുമോ എന്നറിയുന്നതിനേക്കാൾ ഭാര്യയെ വിളിക്കുന്നതാണ് ഭേദം എന്നു കരുതി.ചെറുതാക്കി പറയാം എന്നു മനസ്സിൽ കരുതി വിളിച്ചു. വളരെ ആകാംഷയോടെയുള്ള മറുപടിയാണ് ഫോൺ റിങ്ങ് ചെയ്ത ഉടനെ കേട്ടത്. ചെറിയൊരു അപകടം പറ്റി ആൾ ഹോസ്പിറ്റലിൽ ആണെന്നു പറയുമ്പോഴെക്കും അങ്ങേ തലക്കിലെ കരച്ചൽ എന്നെ സംഘർത്തിലാക്കി.
കൂടുതൽ പറയിക്കാതെ തന്നെ ആ പാവം ഉടനെ എത്താം എന്നു പറഞ്ഞു.
മനസ്സിന് ആകെ സമാധാനമായി.
ഇനി ഇയാൾ ഒന്നു രക്ഷപെട്ടാൽ മതിയായിരുന്നു. അക്ഷമനായി നിൽകുമ്പോൾ കയ്യിലെ സ്വന്തം ഫോൺ ശബ്ദിച്ചു. അപ്പോഴാണ് വീട്ടിലെ കാര്യമോർത്തത്. ട്യൂഷന് പോകുന്ന മകളെ കൊണ്ടവരുന്ന ഡ്യൂട്ടിയുണ്ടായിരുന്നു. സമയമായിട്ടും കാണാതിരുന്നപ്പോൾ പേടിച്ചാണ് ഭാര്യ വിളിച്ചത്.
കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് വീണ്ടും സംശയം ചേട്ടനല്ലല്ലോ പറ്റിയത്?എത്ര തീർത്ത് പറഞ്ഞിട്ടും അവൾക്ക് പിന്നെയും സംശയം ബാക്കി.
"ഒരു ഓട്ടോ വിളിച്ച് നീ മകളെ കൊണ്ടുവരാൻ നോക്ക്.
എത്രയും പെട്ടെന്ന് ഞാൻ എത്താം."
റൂമിനു മുമ്പിൽ വന്ന നെഴ്സിനോട് ഞാൻ കാര്യം തിരക്കി. ബോധം വന്നു എന്നു കേട്ടപ്പഴെ എന്തെന്നില്ലാത്ത ഒരു ആശ്വാസം .
പെട്ടന്നാണ് ഒരു പിടി ആളുകൾ അവിടെ ഓടിയെത്തുന്നത്. കൈ കുഞ്ഞുമായ് ഒരു സ്ത്രീ ഓളിയിട്ട് കരഞ്ഞു വരുന്നു.ഒപ്പം ആറേഴ് പേര് ഉണ്ട്.ശുദ്ധ പാവങ്ങൾ.അവർ ഓടി ക്വാഷ്യലിറ്റിയിലേക്ക് പോയി.
എനിക്ക് സംശയമായി.ഇത് അയാളുടെ ഭാര്യയും വീട്ടുകാരുമായിരിക്കും. ദൈവമെ എന്നെ തെറ്റിദ്ധരിക്കരുതേ, എന്റെ വണ്ടിയാണ് തട്ടിയത് എന്ന് അവർ ഇനി പറയുമോ എന്തോ? മനസ്സിൽ ഒരു പിടി അശുഭ ചിന്തകളായി.
ഭയം ചുണ്ടിൽ വിറയലുണ്ടാക്കി.
ക്വാഷാലിറ്റിയിൽ നിന്നും പുറത്ത് വന്ന അയാളുടെ ഭാര്യ ഈശ്വരനെ തൊഴുന്ന രീതിയിൽ കൈകൂപ്പി നിന്നപ്പോൾ ഒരു നിമിഷം ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ബന്ധുക്കളും ചുറ്റും കൂടി.
അവരുടെ സംസാരത്തിൽ നിന്നും പിടികിട്ടി ആൾ ഒരു ഷുഗർ രോഗിയായിരുന്നു. ഷുഗർ കുറയുമ്പോൾ തല ചുറ്റി വീഴാറുണ്ട്.അങ്ങിനെ സംഭവിച്ചത് ഓർമ്മ വന്നപ്പോൾ അയാൾ പറഞ്ഞു. വീണ് തലയിൽ ചെറിയ ഒരു മുറിവേ ഉള്ളൂ. പക്ഷെ അങ്ങിനെ കിടന്നിരുന്നെങ്കിൽ മരണം സംഭവിച്ചേനെയെന്നു ഡോക്ടർ പറഞ്ഞു എന്നും പറഞ്ഞു.
ഒരു നിമിഷം ഒരു മനുഷ്യനെ
ഉയിർപ്പിച്ച അവതാര പുരുഷന്റെ റോൾ ആയി എന്റേത്. എന്തെന്നില്ലാത്ത സന്തോഷം. അവരുടെ നന്ദിവാക്കിനിടയിൽ ഞാൻ അയാളെ ഒന്നു കാണാൻ അനുമതി ചോദിച്ചു.
വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിച്ച് കൈകൂപ്പിയ അയാളെ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു ,സംസാരിക്കാൻ എന്റെ ചുണ്ടകളും അനുവദിച്ചില്ല. അവ വിറയ്ക്കുകയായിരുന്നു...........
ഒരു രക്ഷകനെ പോലെ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും ഭാവവും ആയിരുന്നു മനസ്സിൽ...................

ഏതോ കഴുകന്റെ കുഞ്ഞ്‌...കഥ....( A Story by Shaju Vijayan)

Image may contain: 1 person, selfie and closeup

റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ആ പുതുതായി പണി കഴിച്ച ഐ .ആർ .സി ടി. സി ഉടമസ്ഥതയിലുള്ള വലിയ ഹോട്ടലിന്റെ മുൻപിൽ എത്തിയപ്പോൾ ഡ്രൈവർ കാർ ചവിട്ടി നിർത്തി. ഹോട്ടലിന്റെ മുൻപിൽ വലിയൊരാൾക്കൂട്ടം. ഒരു പോലീസ് ജീപ്പും ചില പോലീസ് കാരും പിന്നെ ഫോട്ടോ ഗ്രാഫർമാരും. ആ സ്ഥലത്തു സ്ഥിരം ചെറുതും വലുതുമായ വാഹനാപകടങ്ങൾ നാടക്കാറുണ്ട്. ഡ്രൈവർ വെളിയിലേക്കിറങ്ങി. ഞാൻ കൈയ്യിലുരുന്ന പത്രം വായിച്ചുകൊണ്ടിരുന്ന. ഏതാനും മിനിറ്റുകൾ കഴിഞ്ഞ്‌ ഡ്രൈവർ തിരിച്ചു വന്നു. എവിടെ ആൾ കൂടി നിന്നാലും വണ്ടി നിർത്തി പോയിനോക്കുന്നത് അവന്റെ ഒരു ശീലമാണ്. ഞാൻ പലപ്പോഴും വഴക്കുപറയുമായിരുന്നു എങ്കിലും അവനു യാതൊരു കൂസലും ഇല്ലായിരുന്നു. പിന്നീട് വഴക്കുപറച്ചിൽ ഞാനും നിർത്തി. അവൻ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആത്മഹത്യ , തൂങ്ങി മരണം എന്ന് പറയുന്നുണ്ടായിരുന്നു. അതുകേട്ട ഞാൻ എന്താണെന്ന് ചോദിച്ചു. ആ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഒരു സ്ത്രീ തൂങ്ങി മരിച്ചെന്നും ഇപ്പോഴും ശവം ഇറക്കിയിട്ടില്ലെന്നും അവൻ പറഞ്ഞു.
എന്നെ സ്റ്റേഷനിൽ ഇറക്കി ഡ്രൈവർ പോയി. ഞാൻ ടിക്കറ്റ് കൗണ്ടറിന്റെ അടുത്തുള്ള വിവരങ്ങൾ അറിയാനുള്ള മുറിയിൽ വച്ചിരുന്ന ഡിജിറ്റൽ ഡിസ്പ്ലേ നോക്കി. എനിക്കു പോകാനുള്ള ട്രെയിൻ രണ്ടര മണിക്കൂർ വൈകിയേ വരികയുള്ളൂ. ട്രെയിനിന്റെ സ്ഥിതി ഇന്റർനെറ്റിൽ നോക്കിയിട്ടിറങ്ങാൻ ഭാര്യ പറയുമെങ്കിലും ഞാനതു ചെയ്യുന്ന ശീലമില്ല. അടുത്തുതന്നെയുള്ള കോഫി ഹൗസിൽ പോയി ഒരു കാപ്പി കുടിച്ച്‌ കുറെ സമയം കളയാം എന്ന് വിചാരിച്ചു. അതിനായി വെളിയിലേക്കു നടന്ന ഞാൻ ആ ഹോട്ടലിനു മുൻപിൽ എത്തിയപ്പോൾ ഭാര്യ മുൻപ് പഠിപ്പിച്ചുകൊണ്ടിരുന്ന സ്കൂളിലെ ഒരു അദ്ധ്യാപകൻ എന്നെ കണ്ട്‌ അടുത്തേക്ക് വന്ന്‌ നമസ്കാരം പറഞ്ഞു. തിരിച്ച്‌ നമസ്കാരം പറഞ്ഞ എന്നോട് ഞാൻ ചോദിക്കാതെ തന്നെ ആ മരണത്തെകുറിച്ചു പറയാൻ തുടങ്ങി. ആ മരിച്ച സ്ത്രി ആ സ്കൂളിലെ അക്കൗണ്ടന്റ് ആയിരുന്നു വെന്നും തലേ ദിവസം അതായതു ശനിയാഴ്ച ബോംബെയിൽ പോകാനായി ഒരാഴ്ചത്തെ അവധി അപേക്ഷ കൊടുത്തു പോയതാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ പഴയ സഹപ്രവർത്തകൻ എന്നതിലുപരി അദ്ദേഹം എന്റെ പഴയ ഒരു സുഹൃത്തുകൂടിയായതിനാൽ ഞാൻ അദ്ദേഹത്തെയും കാപ്പികുടിക്കാൻ വിളിച്ചു. ഞങ്ങൾ ഒരുമിച്ചു കാപ്പികുടിച്ചുകൊണ്ടിരിക്കെ ഒരു ഫോൺ വരികയും ആംബുലൻസ് വന്നതായി അദ്ദേഹം എന്നോട് പറയുകയും ചെയ്തു. ട്രെയിൻ വരാൻ സമയമുള്ളതുകൊണ്ടു ഞാനും അദ്ദേഹത്തോടൊപ്പം കൂടി. അപ്പോൾ കൂടുതൽ പോലീസ് വണ്ടികൾ എത്തിയിരുന്നു. ചില ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥൻ മാരും. ജനങ്ങളെ അകത്തേക്ക് കയറ്റി വിടുന്നില്ല. അവിടത്തെ ഒരു ചെറിയ രാഷ്ട്രീയ നേതാവിനെപോലെ തോന്നുന്ന ജൂബയും പൈജാമയും ഇട്ട ഒരു പ്രമാണി പോലീസ് വലയം ഭേദിച്ച് അകത്തേക്കും പുറത്തേക്കും പോയിയും വന്നും നിൽക്കുന്നു. തന്റെ മേൽക്കോയ്മ കാട്ടാൻ അദ്ദേഹം ഇടക്കിടക്കു പോലീസ് ഉദ്യോഗസ്ഥന്മാരോട് എന്തോ സംസാരിക്കുന്നുണ്ട്. അങ്ങനെ പുറത്തുവരുന്ന അദ്ദേഹം ചില വിവരങ്ങൾ കൂടിനിൽക്കുന്ന ജനങ്ങൾക്ക് കൊടുക്കുന്നുമുണ്ട്. ശവ ശരീരം അഴിച്ചിറക്കി കൊണ്ടിരിക്കുകയാണെന്നും ഒരു ആത്മഹത്യാക്കുറിപ്പ്‌ കിട്ടിയതായും അദ്ദേഹം അറിയിച്ചു. കൂടെ ആ സ്ത്രീ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണെന്നും ഇപ്പോൾ മഹാരാഷ്ട്രയിലുള്ള ഭർത്താവിനോടും കുട്ടിയോടും അകന്നു ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നും. ഇതിനിടയിൽ ജനക്കുട്ടത്തിനിടയിൽ ഒരനക്കം. എല്ലാവരും പുറത്തു നിന്ന് കാണാവുന്ന ലിഫ്ടിന്റെ വാതിലിലേക്കു തുറിച്ചു നോക്കുന്നു. വാതിൽ തുറന്നു. ഒരു ബെഡ് ഷീറ്റിൽ തൂക്കി കൊണ്ടുവന്ന മൃതദേഹം ഒരു സ്ട്രറ്റ്ച്ചറിലേക്കു മാറ്റി. പുറത്തേക്കു കൊണ്ടുവന്ന മൃതദേഹത്തിന്റെ മുട്ടിനു താഴെവരെ ഒരു വെളുത്ത ബെഡ് ഷീറ്റുകൊണ്ട്‌ പൊതിഞ്ഞിരുന്നെങ്കിലും വെളുത്തു വിറങ്ങിലിച്ച കാൽപാദങ്ങൾ ആരോ നീട്ടി വലിച്ചതുമാതിരി. ശ്വാസം കിട്ടാതെ വന്ന വെപ്രാളത്തിൽ നീണ്ടുവലിഞ്ഞ പാദങ്ങൾ. ആ മൃതദേഹം കയറ്റിയ ആംബുലൻസ് പ്രതേകിച്ചൊന്നും സംഭവിച്ചില്ല , എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ ഇരമ്പലോടെ പാഞ്ഞു പോയി.
അടുത്ത ദിവസം വൈകിട്ട് ഞാൻ വീട്ടിൽ തിരികെ എത്തി. ആ മൃതദേഹത്തിന്റെ വലിഞ്ഞു നിന്ന കാല്പാദങ്ങൾ എന്റെ മനസ്സിൽ മായാതെ നിന്നു. വീട്ടിൽ വന്ന ഭാര്യയോട് ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞു. പത്രത്തിൽ വന്ന കൂടുതൽ വിവരങ്ങൾ അവൾ പറഞ്ഞു. ആ സ്ത്രീ വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷമായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. അവരുടെ ആത്‍മഹത്യാ കുറിപ്പിൽ താമസിച്ച വീട്ടിലെ ഉടമയുടെ ഭാര്യയും, അയാളുടെ സഹോദരിയും തന്നെ സ്വവർഗരതിക്കു പ്രേരിപ്പിച്ചുവെന്നും അതുകാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും എഴുതിയിരുന്നു. അതിനു പുറമെ ആ സ്ത്രീ മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടും. സ്വവർഗ്ഗരതിയിലൂടെ എങ്ങനെ ഗർഭം ധരിച്ചു എന്ന് എനിക്ക് മനസ്സിലായില്ല.
ആ സംഭവം ഞാൻ മറന്നു. ഒരുദിവസം ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ രണ്ടാമത്തെ നിലയുടെ ബാൽക്കണിയിൽ അവനോട് സംസാരിച്ചിരിക്കുകയായിരുന്നു. ശൈത്യകാലമായതിനാൽ രാവിലത്തെ സൂര്യന്റെ കിരണങ്ങൾ എറ്റിരിക്കാൻ നല്ല സുഖം തോന്നി. ഇടക്ക് അകത്തു ഫോൺ ബെൽ അടിച്ചു. സുഹൃത്ത്‌ ഫോൺ എടുക്കാൻ അകത്തെക്കുപോയി. അടുത്ത വീടിന്റെ ബാൽക്കണിയിൽ ഒരു സ്ത്രീ കൈയിൽ തൂക്കിയ പ്ലാസ്റ്റിക് തൊടിയിൽ ചില വസ്ത്രങ്ങളുമായി വന്ന്‌ ബാൽകണിയിലുള്ള അയക്കയറിൽ വിരിക്കാൻ തുടങ്ങി. കാണാൻ നല്ല ഒരു സ്ത്രീ. അവരുടെ വടിവൊത്ത മേനിയുടെ നിമ്നോന്നതങ്ങൾ സുതാര്യമായ സാരിയിലൂടെ ആരെയോ ഒളിഞ്ഞു നോക്കുന്നു. ചിലപ്പോൾ ഒളിഞ്ഞു നോക്കുന്നവരെ ആക്കാം. അപ്പോൾ എന്റെ സുഹൃത്ത്‌ പുറത്തേക്കു വന്നു. അങ്ങോട്ട് അധികം നോക്കണ്ട എന്ന് അവൻ എന്നോട് പറഞ്ഞു. കൂടെ നാലുമാസം മുൻപ് ഇവിടെ താമസിച്ചിരുന്ന ഒരു സ്‌ത്രീ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ചെന്നും. എന്റെ ആകാംഷ കൂടി. അവൻ തുടർന്നു. അവരൊക്കെ ഒരു സെക്സ് റാക്കറ്റ് ആണെന്നും , സ്വവർഗ രതിയിലൂടെ വശത്താക്കിയ ആ സ്ത്രീയെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പലരുമായും ലൈംഗിയ വേഴ്ചക്ക്‌ പ്രലോഭനപ്പെടുത്തിയെന്നും. എന്നിട്ടു അവരെ പിടിച്ചില്ലേ എന്ന എന്റെ ചോദ്യത്തിന് ആ പോലീസ് കാരൊക്കെ ഇവിടുത്തെ പതിവുകാരാണെന്നായിരുന്നു അവന്റെ മറുപടി. അവളിലെ മാംസ പുഷ്പങ്ങളിൽ നിന്ന് തേൻകുടിച്ച ഏതോ വണ്ടിന്റെയോ , അല്ലങ്കിൽ അവളെ മാംസ പിണ്ഡമായി കണ്ട്‌ കൊത്തിപ്പറിച്ച ഏതോ കഴുകന്റെയോ ബീജത്താൽ രൂപമെടുത്ത ഒരു കുഞ്ഞാണല്ലോ അവളോടൊപ്പം ഈ കഴുകന്മാരുടെ ലോകം കാണാതെ പോയത് എന്നോർത്തിരുന്ന എന്റെ കണ്ണുകൾ ആ വീടിന്റെ മുന്നിൽ വന്നുനിന്ന ഒരു വിലകൂടിയ വാഹനത്തിൽ പതിഞ്ഞു. അതിൽ നിന്ന് ജൂബയും പൈജാമായും ധരിച്ച ആ രാഷ്ട്രീയക്കാരൻ ഇറങ്ങി. ബാൽക്കണിയിൽ കണ്ട ആ സ്ത്രീ ഗേറ്റ് തുറന്നിറങ്ങി അയാളെ അകത്തേക്ക് സ്വീകരിച്ചാനയിക്കുന്നു.
...................................ഷാജു.

ഞാൻ ആദ്യം കണ്ട ദിവ്യൻ

Image may contain: 1 person, selfie and closeup

ആദ്യത്തെ ദിവ്യനെ ഞാൻ കാണുന്നത് വളരെ ചെറുപ്പത്തിലാണ്. അതായതു മുന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്നുവിചാരിച്ച്‌ അതിൽ കൂടുതൽ പ്രായം എനിക്കുണ്ടായിരുന്നു. രണ്ടാം ക്ലാസ്സിൽ ആദ്യ വർഷത്തിന് പഠിക്കുമ്പോൾ ആനമുട്ട വാങ്ങിയത് കാരണം രണ്ടാം ക്ലാസ്സിൽ രണ്ടാം വർഷവും പഠിച്ചു. എനിക്ക് പള്ളിക്കൂടത്തിൽ പോകുന്നത് ഇഷ്ടമല്ലായിരുന്നു. എനിക്ക് ചെറുപ്പത്തിൽ വലിവിന്റെ അസുഖം ഉണ്ടായിരുന്നത് കാരണം പള്ളിക്കൂടത്തിൽ വലിഞ്ഞു കേറി ചെല്ലുന്നതും ഇഷ്ടമല്ലായിരുന്നു. അതിനുപുറമേ എനിക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതൊന്നും ചെയ്യെരുതെന്ന്‌ ഡോക്ടറുടെ നിർദ്ദേശവും. ഞാൻ ഉദ്ദേശിച്ചതും വൈദ്യൻ നിർദ്ദേശിച്ചതും എനിക്കിഷ്ടമുണ്ടെങ്കിൽ പള്ളിക്കൂടത്തിൽ പോയാൽ മതി എന്നായിരുന്നു. അങ്ങനെ ഞാൻ വീട്ടിൽ ഇരുന്നു പഠനം തുടർന്നു. പഠിക്കുന്നതോ അമ്മൂമ്മക്കൊപ്പം വയലിലും പറമ്പിലും ഒക്കെ പോയി ആൾക്കാർ പണിയെടുക്കുന്നോ എന്നൊക്കെ നോക്കുക, കൊഴിഞ്ഞു വീണ നാളികേരം പെറുക്കുക, ചക്ക തുന്നിച്ചു നോക്കുക , ചക്കപ്പഴം തിന്നുക, കോഴിമുട്ട പെറുക്കുക , പെറുക്കിയ മുട്ട ചൂടോടെ പുഴുങ്ങി കഴിക്കുക, പച്ച പറങ്കിയണ്ടി പൂളി കഴിക്കുക, ഉണക്ക പറങ്കിയണ്ടി ചുട്ടു കഴിക്കുക , വലിവിന് മരുന്ന് എന്ന പേരിൽ വേലക്കാർ വയലിൽ നിന്ന് കൊണ്ടുവരുന്ന പച്ച തവളയെ പൊരിച്ചു കഴിക്കുക ഇങ്ങനെയുള്ള സുഖകാരമായ കാര്യങ്ങൾ.. പിന്നെ ആനമുട്ട കിട്ടിയതിൽ കുറ്റം പറയാൻ പറ്റുമോ. അമ്പതിൽ അമ്പതു കിട്ടിയവരൊക്കെ ഈ സുഖം അനുഭവിച്ചു കാണുമോ? വീണ്ടും ആനമുട്ട വാങ്ങി അദ്ധ്യാപിക കൂടിയായ അമ്മയ്ക്ക് നാണക്കെടുണ്ടാക്കാതിരിക്കാൻ നാലാം ക്ലാസ്സുമുതൽ എന്നെ സ്കൂളിൽ വിട്ടു .പിന്നീട് ഞാൻ ആനമുട്ടയുടെ മുന്നിൽ അഞ്ചിട്ടു എല്ലാവരെയും ഞെട്ടിച്ചു. എന്നാലും അമ്മൂമ്മയുടെ കൂടെയുള്ള ആ സുവർണകാലം എന്റെ സ്വഭാവ രൂപീകരണത്തിൽ ഒരുപാട്‌ സ്വാധീനം ചെലുത്തി.
ഇടക്കിടക്കു അമ്മൂമ്മയുടെ അനുജത്തി അതായത് കൊച്ചമ്മൂമ്മ വീട്ടിൽ വരും. അവർ രണ്ടും കൂടി അവരവരുടെ മക്കളെ പുകഴ്ത്തിയും മരുമക്കളെ ഇകഴ്ത്തിയും പലതും പറയുന്നത് കേൾകാം. അതിൽ മരുമക്കളിൽ ചിലർ അവരുടെ തന്നെ ആങ്ങളമാരുടെ മക്കളും. അവരുടെ സംഭാഷണങ്ങളിൽ നിന്നും ആദ്യ പാഠം ഞാൻ പഠിച്ചു. സ്വന്തം ആൾക്കാരുടെ ഇടയിലുള്ള വിവാഹങ്ങൾ ആൾക്കാരെ അടുപ്പിക്കുക അല്ല അകറ്റുക ആണെന്ന്. പിന്നെ അടുത്തു വരുന്ന ബന്ധുവീട്ടിലെ വിവാഹത്തെക്കുറിച്ചും, സ്വർണ മോതിരം പണിയാൻ കൊടുത്തതും ഒക്കെ അവർ ചർച്ച ചെയ്യുക ആയിരുന്നു. അതിനിടയിൽ കൊച്ചമ്മൂമ്മ അമ്മൂമ്മയോട് പറയുന്നത് കേട്ടു
" ഇച്ചേയി , ആഞ്ഞിലിത്താനത്തു കല്യാണത്തിന് പോകുമ്പോൾ ആ കൃഷ്ണൻ ജോത്സ്യനെ കൂടി ഒന്ന് കാണണം"
അമ്മൂമ്മ " അതേടി, ഞാനും വിചാരിച്ചതാ. നമ്മൾക്ക് മാത്രം എങ്ങനാ ഇങ്ങനത്തെ ഒക്കെ മരുമക്കളെ കിട്ടിയതെന്ന്. അതിനും പോരാഞ്ഞ്‌ ഈ കുഞ്ഞിന്റെ അസുഖവും. ആരാണ്ട്‌ ഏതാണ്ട് ചെയ്തതാടീ, ഉറപ്പ്‌"
കൊച്ചമ്മൂമ്മ " അതെ ഇച്ചേയി ആരായാലും ആ കൃഷ്ണൻ ജോത്സ്യൻ മണി മണിയായി പറയും".
അമ്മൂമ്മ " എടീ കല്യാണി, അസുയയാന്നടീ ആൾക്കാർക്ക്!! നീ പത്രം വായിച്ചില്ലേ ? ഇന്ദിരാ ഗാന്ധിയുടെ വീട്ടിലും ആ മരിച്ച സഞ്ജയന്റെ പെണ്ണ്‌, ആ മേനകയോ , മനേകയോ എന്താ ഒരു പുകില് ,ആ പാവം ഇന്ദിരയോട്. അടുത്ത പ്രധാന മന്ത്രി പദം പിടിക്കാനായി ആ ചരൻസിംഗോ, ബഹുഗുണയോ ഒക്കെ ഏതാണ്ട് ചെയ്തതാ."
പത്രം വായിക്കാത്ത കൊച്ചമ്മൂമ്മക്ക് ഇത്തിരികൂടി വിവരം ഉണ്ടായിരുന്നു.
അവർ " ഇച്ചേയി എന്തിനാ ഈ പ്രധാനമന്ത്രിയെം നമ്മളേം കൂടി താരതമ്യം ചെയ്യുന്നത്? എന്നാലും ആഞ്ഞിലിത്താനത്ത്‌ പോകുമ്പം ജോത്സ്യനെ കാണണം."
അങ്ങനെ ആ കല്യാണത്തിന് ഞാനും പോയി. കല്യാണസദ്യ ആദ്യ പന്തിയിൽ തന്നെയിരുന്നുണ്ട് ആരും അധികം കാണാതെ എന്നെയും കൊണ്ട് ജോത്സ്യരുടെ വീട്ടിലേക്ക് പോയി. അന്നത്തെ കാലത്തേ വലിയൊരു ഇരുനില കെട്ടിടം. ഗേറ്റിൽ ഒരു ബോർഡിൽ
' ശ്രീ കൃഷ്ണൻ വൈദ്യൻ ( ആയൂർവേദ വൈദ്യൻ & ജ്യോത്സ്യൻ)' എന്നെഴുതി വെച്ചിരിക്കുന്നു.
നല്ല പൂവൻ പഴം പോലെ തടിച്ചു കൊഴുത്ത്‌ , ഇപ്പോൾ പായസം കുടിച്ചു തീർന്നതെയുള്ളൂ എന്നു തോന്നുന്ന മുഖശ്രീയുമായി, സ്വർണപ്പല്ലുകൾ കാട്ടി ചിരിച്ച്‌, നരച്ച മുടിയും, നന്നായി ക്ഷൗരം ചെയ്ത മുഖവും, നെഞ്ചിലും പുറത്തും നരച്ച രോമങ്ങളുമായി , കസവുമുണ്ടുടുത്ത്‌ , കസവു നേര്യതും ഇട്ട്‌ ഇരിക്കുന്ന കൃഷ്ണൻ ജ്യോത്സ്യൻ. വൈദ്യൻ കൂടി ആയതിനാൽ ചില്ലിട്ട പല തടിയലമാരകളിൽ വച്ചിരിക്കുന്ന അരിഷ്ടങ്ങളും അതിന്റെ മൂക്കിലേക്കു തുളച്ചു കയറുന്ന ഗന്ധവും ആരെയും സമ്മോഹനത്തിന്റെ ആദ്യ പടിയിൽ കാൽ വെയ്പ്പിക്കുമായിരുന്നു. അമ്മൂമ്മയെയും കൊച്ചമ്മൂമ്മയെയും നോക്കി ജ്യോത്സ്യൻ കുശലങ്ങൾ ചോദിച്ചു. എന്നെ പിടിച്ചരികിൽ നിർത്തി തലോടി, പിന്നെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു പറഞ്ഞു
" ഇവൻ സൂര്യനാണ്. സൂര്യനെപ്പോലെ പ്രകാശം ഏകും."
അപ്പോൾ സൂര്യഗ്രഹണം വരുമ്പോൾ എക്സ് റേ ഫിലിം ഉപയോഗിച്ച് ആൾക്കാർ എന്നെ നോക്കുന്നത് ഞാൻ മനസ്സിൽ കണ്ടു. അമ്മൂമ്മ എന്റെ അസുഖ വിവരം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും ചെയ്തതാണോ എന്നുള്ള ആശങ്കയും അറിയിച്ചു. അല്ല ഒരുപ്രായം കഴിയുമോൾ ശനി മാറുമ്പോൾ എല്ലാം ശരിയാകും എന്നദ്ദേഹം. അതുവരെ കൊടുക്കാൻ ചില മരുന്നുകളും അദ്ദേഹം നിർദേശിച്ചു. എന്നാലും ആരെങ്കികും എന്തെങ്കിലും ചെയ്തതാണോ എന്ന സംശയം അമ്മൂമ്മയിൽ ബാക്കി നിന്നു.
അപ്പോൾ തന്റെ വിഷമ കാര്യങ്ങളും കാരണങ്ങളും ചോദിയ്ക്കാൻ തുനിഞ്ഞ കൊച്ചമ്മൂമ്മയോട് വേണ്ട എന്ന് അദ്ദേഹം കൈ കാട്ടികൊണ്ട് ശബ്ദം തെല്ലൊന്നുയർത്തി , നിശബ്ദതയെ
ഭേദിച്ചുകൊണ്ട്‌ , അശരീരി പോലെ,
"നിങ്ങൾ ഉദ്ദേശിച്ചയാൾ ഗോവിന്ദനല്ലേ?"
കൊച്ചമ്മൂമ്മ " അതെ വൈദ്യരെ, ഗോവിന്ദന്റെ മകൻ, ഗോപി, ഗോപി എന്ന് വിളിക്കുന്ന ഗോപിനാഥൻ."
പിന്നെ എന്തോ പറയാൻ തുനിഞ്ഞ കൊച്ചമ്മൂമ്മയോട് വേണ്ടാ എന്ന് ആംഗ്യം കാട്ടി ആലോചനയിൽ മുഴുകി. ആലോചനയിൽ നിന്ന് പുറത്തുവന്ന അദ്ദേഹം ശബ്ദമുയർത്തി
" അയാൾ വിട്ടത് കുറെ കൂടിയ ഇനത്തെയാണ്. പരിഹാര ക്രിയകൾ കൊണ്ട് മാറ്റാം."
കൊച്ചമ്മൂമ്മ , " എപ്പോൾ ചെയ്യണം ? "
ജ്യോത്സ്യൻ " ഇനിവരുന്ന അമാവാസി ദിനത്തിൽ. ആത്മാക്കൾ ചന്ദ്രനെ വിട്ട്‌ അലയുന്ന സമയം. നേരിടാൻ സാക്ഷാൽ ഹനുമാനെ തന്നെ വിളിക്കേണ്ടി വരും. ദക്ഷിണയും കൂടും."
കൊച്ചമ്മൂമ്മ " എന്നാലും എത്ര?"
ജ്യോത്സ്യൻ " ഈ കുറിപ്പിൽ പറയുന്ന സാധനങ്ങളും പിന്നെ ഹനുമാന്റെ ദക്ഷിണക്കായി എഴുനൂരു രൂപയും കരുതുക."
അങ്ങനെ അടുത്ത അമാവാസി ദിവസം എത്താമെന്നേറ്റ കൊച്ചമ്മൂമ്മ പറയുന്നത് കേട്ടു,
" കയ്യിലിരുന്ന അറുനൂറു രൂപക്കാണ് കല്യാണ പെണ്ണിനിട്ട ഒരുപവന്റെ മോതിരം വാങ്ങിയത്. ഇനി എന്തായാലും വടക്കേ പറമ്പിലെ ആ ആഞ്ഞിലി വിക്കാം. ബാധ ഒഴിപ്പിക്കുകയല്ലേ ഇപ്പോൾ അത്യാവശ്യം. എന്നാലും ഇത്ര ചെയ്ത ആ ഗോപി എന്ത് ചെയ്യാനാ മടിക്കാത്തത്?"
എല്ലാ ഹിന്ദു വീടുകളിലും ഏതോ ഒരു ഗോവിന്ദണോ , കേശവനോ, നാരായനാണോ ബന്ധുക്കളുടെയോ അയൽക്കാരുടെയോ ഇടയിൽ കാണുമെന്ന സാമാന്യ ബുദ്ധി മാത്രമേ ആ ദിവ്യൻ ഉപയോഗിച്ചുള്ളു എന്ന് എനിക്ക് പിൽക്കാലത്ത്‌ മനസ്സിലായി. പിന്നെ
ചെപ്പടി വിദ്യ കൂടി അറിയാവുന്ന ദിവ്യൻമാർ ലോക പ്രസിദ്ധരാകുന്നു. നല്ല ശില്പി ശില്പമുണ്ടാക്കുന്നതുപോലെ, ക്ഷുരകൻ തലമുട്ടി വെട്ടുന്നതുപോലെ, ഗായകർ പാട്ടുപാടുന്നതുപോലെ, അഭിനേതാവ് അഭിനയിക്കുന്നതുപോലെ, ദിവ്യന്മാർ അവർക്കറിയാവുന്ന ജോലി അതായത് മനുഷ്യ മനസുകളെ അറിഞ്ഞ്‌ , ആ മനസ്സുകളുടെ വേദനയും ദൗർബല്യങ്ങളും അറിഞ്ഞ്‌ , അതിന് പരിഹാരം ഉണ്ടാക്കാമെന്ന വാഗ്ദാനത്താൽ പൈസ ഉണ്ടാക്കുന്നു. അതിലുപരി ആരെ കെണിയിൽ വീഴ്ത്താം എന്ന് അവർക്കു ആളുകളുടെ മുഖഭാവത്തിൽ നിന്ന് വളരെ എളുപ്പം മനസിലാകും . പ്രശ്നമുള്ള അമ്മൂമ്മയെക്കാളും നല്ല ഇര വലിയ പ്രശ്നങ്ങൾ ഇല്ലാത്ത കൊച്ചമ്മൂമ്മ ആണെന്നും അസുഖം ഭേദമാക്കാൻ മരുന്നുതന്നെ വേണമെന്നും അദ്ദേഹത്തിന് വളരെ വ്യക്തമായി അറിയാമായിരുന്നു. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെ തന്റെ മാത്രം പ്രശ്നമായി കരുതുന്ന മനസ്സുകൾ അതിന്റെ ദൗർബല്യത്താലും , മറവി എന്ന ഗുണം കൊണ്ടും ദിവ്യൻമാരുടെ വാഗ്ദാനങ്ങൾ മറക്കുന്നു. ദിവ്യന്മാർ ദിവ്യന്മാരായി തുടരുന്നു.
................ഷാജു.

കുട്ടോൻസിന്റെ ഷർട്ടും മീശയും

Image may contain: 1 person, selfie and closeup

നാലോ അഞ്ചോ ഷർട്ടുകൾ വാങ്ങി അത്രയും തന്നെ വർഷങ്ങളൾ ആ ഷർട്ടുകൾ കൊണ്ടോടിക്കുന്ന ഭർത്താവിനെ, ഒരിക്കൽ ഇട്ട വസ്ത്രങ്ങൾ ആ നാട്ടിൽ പിന്നെ ഇടെരുതെന്ന വാശിയുള്ള ഭാര്യ , പഴഞ്ചൻ എന്നല്ലാതെ എന്തു വിളിക്കാൻ. എന്നാൽ ദേഹിയുടെ വസ്ത്രമാണ് ദേഹം എന്നും ഒക്കെ പറഞ്ഞ്‌ സ്വയം തത്വചിന്തകനായി അഭിനയിച്ചു നടക്കുന്ന ഭർത്താവിന് ആ വിളി കേൾക്കുമ്പോൾ നാണമില്ലാത്തവന്റെ എങ്ങാണ്ട് ഒരു ആലല്ല പൂർണ വളർച്ച എത്തിയ ഒരു മുള്ളൻ കൈത തന്നെ കിളിച്ചാലും ഭൂഷണം എന്ന മാതിരി. എന്നാലും ഭാര്യ ഒരു തീരുമാനം എടുത്തു. എങ്ങനെയെങ്കിലും ഭർത്താവിനെ ഒന്ന് പരിഷ്കാരിയാക്കുക. മുടി ഒക്കെ ഏതാണ്ട് കഴുത്തിൽ പൂട ഇല്ലാത്ത കോഴിയുടെ മാതിരി വെട്ടിപ്പിച്ചു. കുറ്റം പറയരുതല്ലോ, ഒരു മിലിറ്ററി കട്ട്. നീണ്ട മീശയിൽ കൈവെക്കാൻ ഭർത്താവ് അനുവദിച്ചില്ല. സൈലന്റ് വാലിയിലെ സിംഹവാലൻ കുരങ്ങുകളെ രക്ഷിക്കാൻ പ്രകൃതി സ്നേഹികൾ നടത്തിയ എതിർപ്പുപോലെ അവൻ തന്റെ മുഖത്തെ വന നശീകരണത്തെ എതിർത്തു വിജയിച്ചു. ഭർത്താവിന്റെ വസ്ത്ര ധാരണത്തിൽ കാര്യമായ പരിവർത്തനം നടത്തുന്നതിന്റെ ആദ്യ പടിയായി ഷോപ്പിംഗ് മാളിൽ പോയി. അവിടെയുള്ള കുട്ടോൻസിന്റെ ഷോ റൂമിൽ കയറി. തനിക്ക്‌ വള്ളിപുള്ളിയും , ചതുരങ്ങളും ഒന്നുമില്ലാത്ത ഇളം നിറമുള്ള ഉടുപ്പുകൾ മാത്രം മതിയെന്ന് വാശി പിടിച്ച ഭർത്താവിന് അങ്ങനെയുള്ള മൂന്നുടുപ്പുകളും അല്ലാതെയുള്ള ഒരു ഉടുപ്പും പിന്നെ രണ്ട് ജീൻസും വാങ്ങി. ജീൻസ് അവന്‌ നന്നായി പിടിച്ചു. കഴുകാതെ എത്ര ദിവസവും ഇട്ടോണ്ട് നടക്കാം എന്നത് ബുദ്ധി ജീവികളുടെ ആദ്യ ലക്ഷണത്തിൽ പെടുമല്ലോ!!! പിന്നെ ആ നാലാമത്തെ ഒടുപ്പിനെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ആ ഉടുപ്പും ഭാര്യയും പിണങ്ങിയാലോ? അത് ചുവപ്പുകലർന്ന ചാരനിറവും, തോളിൽ പോലീസുകാരുടെ ഷർട്ടിന്റെ തോളിലേമാതിരി നക്ഷത്രങ്ങൾ വല്ലതും കിട്ടിയാൽ വെക്കാനുള്ള ഒരു ഭാഗവും, നെഞ്ചിൽ പോക്കറ്റിന്റെ മുകളിൽ ഇടതു വശത്തായി വൃത്താകൃതിയിൽ ഉള്ള പ്രിന്റിങ് കണ്ടാൽ ഏതോ മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ഗമയിൽ ഒരു പണിയും ഇല്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സന്നദ്ധ സേവകരുടെ വട്ടത്തിലുള്ള തൂക്കിയിട്ടിരിക്കുന്ന ബാഡ്ജ് മാതിരി തോന്നും.
ഭർത്താവ് പഴയ ഷർട്ടുകൾളെ ജോലിയിൽനിന്ന് വിരമിപ്പിച്ചു കൊണ്ട് ഇളം നിറത്തിലുള്ള പുതിയ കുട്ടോൻസ്‌ ഷർട്ടുകളെ നിയമിച്ചു. എന്നാലും ആ ഇളം ചുവപ്പുകലർന്ന ചാരനിരമുള്ള ആ നാലാമനെ തിരിഞ്ഞു പോലും നോക്കിയില്ല. അങ്ങനെയിരിക്കെ അയാൾക്കു അത്യാവശ്യമായി താമസിക്കുന്ന ഗ്വാളിയറിൽ നിന്ന് ഡൽഹി വരെ ഒരു അഭിമുഖത്തിനുവേണ്ടി പോകണം. വൈകിട്ടുള്ള ശതാബ്ദി എക്സ്പ്രസ്സ് ട്രെയിനിൽ എക്സിക്യൂട്ടീവ് ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തു. വെയ്റ്റിംഗ് ലിസ്റ്റിൽ മൂന്നാം നമ്പർ. എന്തായാലും ഉറപ്പാകും. പെട്ടി നിറക്കുക ഭാര്യയുടെ ജോലിയും അവകാശവും ആയതിനാൽ അവൾ അതുചെയ്തു. ഇളം നിറത്തിലുള്ള ഷർട്ടുകളും പാന്റ്സും പെട്ടിയിൽ വെച്ചു. ഇട്ടോണ്ട് പോകാനുള്ള ജീൻസും ആ നാലാമൻ ഷർട്ടും വെളിയിൽ വെച്ചു. മനസ്സില്ലാ മനസ്സോടെ അതണിഞ്ഞു. ഔദ്യോഗിക പരിപാടികൾക്ക് പോകുമ്പോൾ അണിയുന്ന സേഫ്റ്റി ഷൂസും അണിഞ്ഞു. സേഫ്റ്റി ഷൂസിന്റെ മുൻവശത്തുള്ള തുകലിൽ പൊതിഞ്ഞ ലോഹത്തിന്റെ കവചം കാരണം ഷൂസിന്റെ മുൻ ഭാഗം വീർത്തിരുന്നു. അതുകണ്ടാൽ ഗർഭവതിയായ ഒരു കറുത്ത മുയൽ തിരിഞ്ഞിരിക്കുകയാണെന്നു തോന്നുമായിരുന്നു.
ടിക്കറ്റ് പി എൻ ആർ ചെക്ക് ചെയ്തു. ചാർട്ട് തയ്യാറായി പക്ഷെ വെയ്റ്റിംഗ് ലിസ്റ്റ് ഒന്ന്. ടിക്കറ്റ് ക്യാൻസൽ ചെയ്യുകയല്ലാതെ വേറെ വഴി ഒന്നുമില്ല. വേറെ ഒരു വണ്ടിയിലും സീറ്റ് ഒഴിവില്ല. സാധാരണ ടിക്കറ്റ് എടുത്തു. ഏതെങ്കിലും വണ്ടിയിൽ ടിക്കറ്റ് പരിശോധിക്കുന്ന ആളെ കണ്ട്‌ എ സി കംപാർട്മെന്റിലോയിലോ അല്ലെങ്കിൽ സ്ലീപ്പറിലോ സീറ്റ് തരമാക്കാം എന്ന് കരുതി. വരുന്ന വണ്ടിയുടെ ഒക്കെ പുറകെ കറുത്ത കോട്ടു ധാരികളെ തേടി ഓടിക്കൊണ്ടിരുന്നു. എല്ലാവരും കൈ മലർത്തി. ദീപാവലി അടുത്ത സമയം. എല്ലാ ട്രെയിനുകളും നിറഞ്ഞിരുന്നു. ഒരു വണ്ടിയിലും കാല് കുത്താൻ സ്ഥലമില്ല. ഇങ്ങനെ പോയാൽ കാര്യം കുഴപ്പമാകും. അഭിമുഖം രാവിലെ 10 മണിക്കാണ്. സമയം പൊയ്‌ക്കൊണ്ടിരുന്നു. ഏതാണ്ട് രാത്രി പതിനൊന്നു മണിക്ക് വന്ന ഒരു ട്രെയിനിൽ സ്ലീപ്പർ ക്ലാസ്സിൽ ഇടിച്ചും ഇരച്ചും കയറി . ആ ട്രെയിൻ റെയിൽവേ ലൈനിൽ ഉള്ള ഒട്ടുമിക്കവാറും ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും , മാത്രമല്ല സ്റ്റേഷൻ ഇല്ലാത്തിടത്തും നിർത്തും. എന്തു ചെയ്യാൻ? പോകുകയല്ലാതെ വേറെ വഴി ഇല്ല. കയറിയിടത്ത് ശുചി മുറിയുടെ അരികിലായി കൈയിലിരുന്ന പെട്ടി താഴെ വച്ച് അതിൻ മുകളിൽ ഇരിപ്പുറപ്പിച്ചു. ഏതെങ്കിലും റെയിൽവേ ഉദ്യോഗസ്ഥൻ വന്നാൽ ബാക്കി തുകയും പിഴയും കൊടുക്കാൻ തയ്യാറായി ഇരുന്നു. പൊലീസുകാർ വന്നാൽ അവർക്ക് കൈമടക്ക്‌ കൊടുക്കേണ്ടി വരും. വടക്കേ ഇന്ത്യയിലെ പതിവനുസരിച്ച്‌ ട്രെയിനിൽ ഡ്യൂട്ടി ഉള്ള പൊലീസുകാരും ,ഡ്യൂട്ടി ഇല്ലാതെ വല്ലയിടത്തും ട്രെയിനിൽ പോകാൻ വന്ന യൂണിഫോറം ഇട്ട പോലീസുകാരും യാത്രക്കാരുടെ പുറത്ത്‌ കുതിര കയറി കൈമടക്കു വാങ്ങും. ദീപാവലി കാലത്ത്‌ പിന്നെ പറയുകയും വേണ്ട. ഇത്തരം പോലീസുകാരും റെയിൽവേ ഉദ്യോഗസ്ഥന്മാരും തമ്മിൽ പൈസ പങ്കിടുന്ന കാര്യത്തിൽ ചില ചുറ്റിക്കളികളും ഉണ്ട്‌. ചിലപ്പോഴൊക്കെ കൊടുക്കുന്ന പൈസയുടെ അനുസരിച്ച്‌ സീറ്റുപോലും ഇവർ തരപ്പെടുത്തി തരും. അങ്ങനെ ഇരിക്കുമ്പോൾ ഒരു പോലീസുകാരൻ കയറി. അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ സല്യൂട്ട് ചെയ്തു. അദ്ദേഹത്തെ മുൻപ് എവിടെ കണ്ടു എന്ന് ഓർമ്മയില്ല. അടുത്തായി അച്ഛനും അമ്മയും ഒരു കൈക്കുഞ്ഞുമുള്ള ഒരു ഫാമിലിയും, യൂണിഫോം ഇട്ടു നിൽക്കുന്ന ഒരു പട്ടാളക്കാരനും, പിന്നെ എന്റെ പോലെതന്നെ സാധാരണ ടിക്കറ്റ് മാത്രമുള്ള കുറെ യാത്രക്കാരും ആ ശുചിമുറിക്കരികെ.ഇതിനിടെ പോയ പോലീസുകാരൻ മറ്റു രണ്ടു പോലീസ് കാരുമായി വന്നു ടിക്കറ്റ് പരിശോധിച്ച് കൈമടക്കു വാങ്ങി. പോലീസുകാരൻ എന്റെ നേരെ നോക്കി ഭവ്യതയോടെ
" സാർ, ഇവരിൽ ആരെങ്കിലും അങ്ങയുടെ കൂടെ ഉള്ളവർ ആണോ?"
ഇതിനിടയിൽ അവിടെ ഇരുന്ന ഫാമിലിയുടെ തലവൻ എന്നെ ദയനീയമായി നോക്കി ആംഗ്യം കാട്ടി. അവർ എന്റെ ആൾക്കാർ ആണെന്ന് ഞാൻ പറഞ്ഞതും പൊലീസുകാർ അടുത്ത കംപാർട്മെന്റു ലക്ഷ്യമാക്കി പോയി. എന്നാലും ആ പൊലീസുകാർ എന്നെ എങ്ങനെ അറിയും എന്ന് മനസ്സിലായില്ല. അതുകഴിഞ്ഞ്‌ ട്രയിനിലെ ടിക്കറ്റ് പരിശോധിക്കുന്ന ആൾ വന്നു. അദ്ദേഹവും എന്നോട് ചിരിച്ചു. അപ്പോൾ അടുത്തു നിന്ന പട്ടാളക്കാരൻ എന്നോടായി
" സാർ , ഞാനും അങ്ങയുടെ ഒപ്പമാണെന്നു പറയാമോ?"
അങ്ങനെ ആ ഫാമിലിയും , ആ പട്ടാളക്കാരനും എന്റെ കൂടെയാണെന്നു ഞാൻ പറഞ്ഞു. അതുകേട്ട ഉദ്യോഗസ്ഥൻ ചിരിച്ചുകൊണ്ട് അവരെ പരിശോധിക്കാതെ പോയി. അവർ എന്നോട്‌ നന്ദി പറഞ്ഞു. എന്നാലും എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. എന്നെ ഇത്രയും ആൾക്കാർ അറിയുമോ? അല്ലെങ്കിൽ സത്യ സായി ബാബയെ പോലെയോ , അല്ലെങ്കിൽ മാതാ അമൃതാനന്ദമയിയെ പോലെയോ ഉള്ള ഏതെങ്കിലും സിദ്ധി എനിക്ക് കിട്ടിയോ? അല്ലെങ്കിൽ സ്വപ്നം കാണുകയാണോ? ഇതിനിടയിൽ വേറെയും പൊലീസുകാർ വന്നു. എന്നെ സല്യൂട്ട് അടിച്ചു പോകുന്നു. അങ്ങനെ ട്രെയിൻ ന്യൂ ഡൽഹിയിൽ എത്തി. ഹോട്ടലിൽ മുറി എടുത്തു. എന്റെ പെട്ടിയും പിടിച്ചു അഞ്ചാം നിലയിലുള്ള മുറിയിലേക്ക് ലിഫ്റ്റിൽ പോകും വഴി ഹോട്ടലിലെ റൂം ബോയ് എന്നോടായി
" സാർ മിലിറ്ററി ഓഫീസർ ആണോ?"
അല്ല എന്നുപറഞ്ഞു മുറിയിൽ എത്തിയ ഞാൻ അടി മുതൽ മുടി വരെ കാണാവുന്ന കണ്ണാടിയിൽ നോക്കി. ബുദ്ധിജീവികൾ മുടിയും താടിയും വെട്ടാത്തതുപോലെ, തുണി ഇസ്തിരി ഇടാത്തതുപോലെ, മുടി ചീകാത്തതുപോലെ, പല്ല് എല്ലാ ദിവസവും തേക്കാത്തതുപോലെ, സാധാരണ നിലയിൽ കണ്ണാടിയിലും നോക്കാറില്ല. എന്നാലും ഒന്ന് നോക്കി. അതാ ആ കണ്ണാടിയിൽ ഒരു പട്ടാള ഓഫീസർ. കഴുത്തിൽ പൂടയില്ലാത്ത കോഴിയെ പോലെ മുടിയും വെട്ടി, പോക്കറ്റിനു മുകളിൽ നക്ഷത്രം പോലെ എന്തോ വെച്ച്, കാക്കി കുട്ടോൻസും അണിഞ്ഞ്‌, ഗർഭവതിയായ കറുത്ത മുയൽ തിരിഞ്ഞിരിക്കുന്ന മാതിരിയുള്ള ഷൂസും ഇട്ട്‌, വളമിട്ടു നീട്ടി വളർത്തിയ മീശയുമായി അതാ നിൽക്കുന്നു കണ്ണാടിയിൽ. ഒരു കുറവുമാത്രം. ഉയരം കുറവാണെന്ന കുറവ്. ഉള്ള സ്ഥലം പോകണ്ട എന്ന് വിചാരിച്ചു പെട്ടിയുടെ മുകളിൽ ഇരുന്നതിനാൽ ആ കുറവ് ആ പൊലീസുകാർക്കോ റെയിൽവേ ഉദ്യോഗസ്ഥനോ മനസ്സിലായില്ല. പോരാത്തതിന് അകമ്പടി സേവിച്ച്‌ ഒരു പട്ടാളക്കാരനും.
................................ഷാജു.

രക്തസാക്ഷി ദിനത്തിലെ പ്രാവുകൾ....കഥ

Image may contain: 1 person, smiling, sunglasses

അഞ്ചാം ക്ലാസ് വരെയുള്ള ചെറിയ പള്ളിക്കൂടം വിട്ട് വലിയ പള്ളിക്കൂടത്തിൽ ആറാം ക്ലാസ്സിൽ ചേർന്നു. ചെറിയ പള്ളിക്കൂടത്തിലെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട്‌ വലിയ പള്ളിക്കൂടത്തിൽ ജൂനിയേഴ്സായി നടക്കുന്ന കാലം. എന്നാൽ വലിയ പള്ളിക്കൂടത്തിൽ പോകുന്ന ഗമയും കുറവല്ല. ക്ലാസ് ടീച്ചർ ഒരു നല്ല ടീച്ചർ. വലുതായി വഴക്കു പറയുകയോ അടിക്കുകയോ ചെയ്യില്ല. ടീച്ചർ ആണ് ഹിന്ദിയും പഠിപ്പിക്കുന്നത്. ഹിന്ദിയിലെ അ , ആ , ഇ.... യും, ഏക്, ദോ, തീൻ,.... ബീസുവരെ കാണാ പാഠം. ഏക് , ദോ, തീൻ ....എന്ന ഹിന്ദിപ്പാട്ട് അന്ന് വന്നിട്ടില്ല എന്നോർക്കുക. പിന്നെ മേരാ നാം ഷാജു ഹൂം , തുമാരാ നാം ക്യാ ഹൈ ...ഒക്കെ മനഃപ്പാഠം. അങ്ങനെ ഇരിക്കെ ഒരു ദുഃഖവാർത്ത വന്നു. ആ ടീച്ചർ സ്ഥലം മാറി പോകുന്നു.
പകരം മറ്റൊരു ടീച്ചർ വന്നു. അതും ഹിന്ദി ടീച്ചർ. ചെറുപ്പത്തിൽ വടക്കേ ഇന്ത്യയിൽ എവിടെയോ പഠിച്ച ടീച്ചർക്ക് ഹിന്ദിയുടെ തിയറി മാത്രമല്ല പ്രാക്ടിക്കലും വശമായിരുന്നു. ടീച്ചർ ഹിന്ദിയിൽ തന്നെ പരിചയപ്പെടുത്തി. ഹിന്ദിയിൽ നന്നായി ഹൂം , ഹൈ ഒക്കെ പറയുന്ന ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. ടീച്ചർക്ക് ഹിന്ദി അറിയില്ല എന്ന് വിചാരിച്ച ഞങ്ങളോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. ടീച്ചർ എന്നോടായി,
"തുമാരാ നാം ക്യാ ഹെ?"
അയ്യേ ഈ ടീച്ചർ ഹിന്ദി മിഴുങ്ങുന്നുവോ എന്ന് മനസ്സിൽ വിചാരിച്ച്‌ ഞാൻ ബലം പിടിച്ച്‌ , ടീച്ചർ നല്ല ഹിന്ദി കേട്ട് വെരുണ്ടുപോകുമെന്നു കരുതി " മേരാ നാം ഷാജു ഹൂം...മ്‌ " എന്ന് പറഞ്ഞു. 'മ്‌ ' മൂക്കിൽ ചെന്നു തൊടാതിരിക്കാൻ ഞാൻ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ടീച്ചർ ചിരിച്ചുകൊണ്ട് പശുവിനെ ഓടിക്കുകയാണോ എന്ന് ചോദിച്ചു. എന്നെ അഭിനന്ദിച്ചതാണ് എന്ന് കരുതി ഉള്ള ഉയരം രണ്ടിഞ്ചുകൂടി പെരുപ്പിച്ച്‌ ഞാൻ ഇരുന്നു. അപ്പോൾ അടുത്തിരുന്ന ജോയ് കെ. എമ്മി നോട് , എന്നോട് പേര്‌ ചോദിയ്ക്കാൻ ടീച്ചർ പറഞ്ഞു. ജോയ് കെ എം, മസിലു പിടിച്ചുകൊണ്ട്‌ എന്റെ നേരെ തിരിഞ്ഞ്‌, വെട്ടാൻ വരുന്ന പൊത്തു മാതിരി..............."തുമാരാ നാം ക്യാ ഹൈ........ഈ?" 'ഈ' ചെന്ന് തറയിൽ മുട്ടാതിരിക്കാൻ അവനും ശ്രദ്ധിച്ചു.
ടീച്ചർ............ " ഒരുത്തൻ പശുവിനെ ഓടിക്കുന്നു, മറ്റവൻ കാളയെ ഓടിക്കുന്നു."
മുഖ ഭാവത്തിൽ നിന്ന് ടീച്ചർ അത്ര സംതൃപ്ത അല്ല എന്നു മനസ്സിലായി. അത് ടീച്ചറിന് ഹിന്ദി ശരിക്ക്‌ അറിയാത്തതു കൊണ്ടെന്നു സമാധാനിച്ചു. അപ്പോൾ എതിർ ബഞ്ചിലിരുന്ന രാജേന്ദ്രൻ പിള്ളയോട് ടീച്ചർ ഇരുപതു വരെ എണ്ണാൻ പറഞ്ഞു.
രാജേന്ദ്രൻ പിള്ള തുടങ്ങി " ഏക്, ദോ, ........" ദസ് വരെ ടീച്ചറുടെ മുഖത്തു വിരിഞ്ഞ സന്തോഷം ഗ്യാരഹ് മുതൽ കെട്ടണഞ്ഞു. രാജേന്ദ്രൻ പിള്ള തുടർന്നു.... " ഗ്യാരഹ്, ബാരഹ്, തേരഹ്, ചൗദഹ്"
പന്ത്രഹിന് മുൻപേ കൈയിലിരുന്ന ചൂരൽ കൊണ്ട് രാജേന്ദ്രൻ നായരേ ടീച്ചർ അടിക്കുകയും, പന്ത്രഹ് , സോലഹിന് പകരം അവൻ അയ്യോ, അയ്യോ എന്ന് കുരക്കുവാനും തുടങ്ങി.
എന്ത് സംഭവിക്കുന്നു എന്ന ആശയ കുഴപ്പത്തിൽ ഇരുന്ന ഞങ്ങളോടായി ടീച്ചർ,
" ഹിന്ദി നല്ല മധുരം തോന്നിക്കുന്ന ഭാഷയാണ്. നിങ്ങളത് പറയുമ്പോൾ കാളയേയോ , പൊത്തിനെയോ ഓടിക്കുക ആണെന്ന് തോന്നും. ഹൂം...മ്‌ , ഹൈ....ഈ , ഗ്യാരഹ്....ഏ, എന്നല്ല പറയേണ്ടത്. വളരെ മയമായി ഹും, ഹെ, ഗ്യാര, ബാരാ, തേരാ,......ഇങ്ങനെ പറയണം"
ഇപ്പോൾ കുറച്ചു മനസ്സിലായെങ്കിലും താൻ ഏതു പോത്തിനെ ഓടിച്ചതിനാണ് അടികൊണ്ടത് എന്ന് മനസ്സിലാകാതെ രാജേന്ദ്രൻ പിള്ള ചൂരൽ പാടിൽ നോക്കി കരഞ്ഞു കൊണ്ടിരുന്നു.
ടീച്ചറും ഞങ്ങളുമായുള്ള തരംഗ ദൈർഘ്യ (wave length) വ്യത്യാസം കുറഞ്ഞ്‌, ഒന്ന് ഇണങ്ങി വരാൻ രണ്ടുമൂന്നു ആഴ്ച എടുത്തു. അപ്പോൾ വരുന്നു ദേശീയ രക്തസാക്ഷി ദിനമായ ജനുവരി മുപ്പത്‌ - രാഷ്ട്ര പിതാവ്‌ രക്ത സാക്ഷിത്വം വരിച്ച ദിനതിന്റെ ഓർമ്മ. വലിയ പള്ളിക്കൂട്ടത്തിലെ ഞങ്ങളുടെ ആദ്യ രക്ത സാക്ഷി ദിനം. ടീച്ചർ ക്ലാസ്സിൽ വന്നു. മണിയടിക്കുമ്പോൾ എഴുനേറ്റ്‌ രണ്ടു മിനിറ്റ് മൗനമായി നിന്ന് അടുത്ത മണിക്ക് ഇരിക്കുവാൻ നിർദ്ദേശം.
മണിയടിക്കുവേണ്ടി കാതോർത്തു ഞങ്ങൾ ഇരുന്നു. മണി അടിച്ചു. ഞങ്ങൾ എഴുനേറ്റു മൗനമായി നിന്നു. ക്ലാസ്‌ഡിന് മുകളിൽ ഉത്തരത്തിൽ ഇരുന്ന ഒരു പ്രാവ് ഇതൊന്നുമറിയാതെ , അകാലത്തിലുള്ള മണിയടി കേട്ട് "ഘറും, ഘറും...." എന്ന് ശബ്ദമുണ്ടാക്കി. ആ പ്രാവ് ഏതു പോത്തിനെയാണ് ഓടിക്കാൻ പോകുന്നതെന്ന് ഓർത്ത്‌ ഞങ്ങൾക്ക് ചിരിവന്നു. എല്ലാവരും ചിരി അടക്കി , എപ്പോൾ വേണമെങ്കിലും പൊട്ടും എന്ന സ്ഥിതിയിൽ. അപ്പോൾ അടുത്ത ഭിത്തിയുടെ ഉത്തരത്തിൽ ഇരുന്ന വേറൊരു പ്രാവ് ആദ്യത്തെ പ്രാവിന് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് "ഘറും, ഘറും...." എന്ന് പോത്തിനെ ഓടിക്കാൻ തുടങ്ങി. എന്റെ അമർത്തി വെച്ചിരുന്ന ചിരി ചെറുതായി "ഹ" എന്ന് പൊട്ടിയതും " ഹ, ഹ, ഹ......." ആയി ഓളങ്ങളും തിരകളുമായി ക്ലാസ്സിലും , അരഭിത്തിയാൽ വേർതിരിച്ചിരുന്ന മറ്റു ക്ലാസ്സുകളിലേക്കും പരന്നു. രണ്ടാമത്തെ മണി കൂടെ അടിച്ചതും ചിരി ആകെ പൊട്ടി ഓരോരുത്തർ വയറിൽ പിടിച്ചും, താഴെ ഇരുന്നും, കണ്ണുനീർ തുടച്ചും ചിരിക്കുന്നു. ചിരി അടക്കി പിടിച്ചു വഴക്കു പറയുന്ന ഹിന്ദി ടീച്ചർ. ഒന്നും അറിയാതെ പിന്നെയും പോത്തിനെ ഓടിക്കുന്ന പ്രാവുകൾ. ചിരിക്കാതെ കരിഞ്ഞ ചൂരൽ പാടിൽ നോക്കി നിർവ്വികാരനായി രാജേന്ദ്രൻ പിള്ളയും.
..................................ഷാജു.

3001, ജനുവരി 1 - ഭാഗം രണ്ട്

Image may contain: 1 person, smiling, sunglasses

റോബോട്ട് ഭാര്യ ലിസ ചാർജിങ്ങിൽ ആണ്. ഞാൻ ഭിത്തിയിലുള്ള ഡിജിറ്റൽ ന്യൂസ് പേപ്പർ കാണൽ തുടർന്നു. പുതിയ വർഷ ത്തിനേയും, നൂറ്റാണ്ടിനേയും , സഹസ്രാബ്ദത്തിനേയും വരവേറ്റുകൊണ്ടും,അറിവിന്റെ പഴയ ഓർമ്മകൾ അയവിറക്കാനുള്ള തരം ലേഖനങ്ങൾ ഉൾപ്പെടുത്തിയതുമായ ന്യൂസ് പേപ്പറിന്റെ പേജുകൾ ടൈപ്പിംഗ് അവയവത്തിൽ വിരലുകൾ അമർത്തി മാറ്റിയും മറിച്ചും ഇരുന്നു. സുവർണ്ണവും, സ്വർഗ്ഗസമവും ആയിരുന്ന ആ പഴയ കാലത്തിന്റെ അറിവുകൾ എന്നെ അവാച്യമായ ഏതോ ചിന്താ തലത്തിലേക്ക് കൊണ്ടുപോയി. കാലത്തിന്റെ കുത്തൊഴുക്കിൽ കടപുഴകി വീഴാതെ നിന്ന ചിലവയിൽ ഭാഷകളും, ഈ മനോഹര മലയാള ഭാഷയും. ഞാനിപ്പോൾ ഉപയോഗിക്കുന്ന പല വാക്കുകളും ആ പഴയ കാലത്തുനിന്ന് കടം എടുത്തതാണ്. ഒരു ഉദാഹരണത്തിന് 'വീണ്ടും ഓർക്കുക' എന്നെത്തിനു വേണ്ടി 'അയവിറക്കുക' എന്ന പദം നമ്മൾ ഉപയോഗിക്കുന്നു. ഈ പദം എവിടുന്നു വന്നു എന്നല്ലേ? പണ്ട് കാലത്തു പട്ടിയെപ്പോലെ മറ്റനവധി മൃഗങ്ങൾ ഉണ്ടായിരുന്നു. പശു എന്നതരം ഒരു മൃഗം ഉണ്ടായിരുന്നു. ഇതുപോലെ പലതരം മൃഗങ്ങൾ ഉണ്ടായിരുന്നു. അവയിൽ മിക്കവയും വംശനാശം വന്ന്‌ ഈ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതായി. മനുഷ്യനൊപ്പം ഉണ്ടായിരുന്ന പട്ടികളിൽ പലതും അവക്ക് സ്വന്തം മക്കളേക്കാൾ കൂടുതൽ പരിഗണന നൽകിയ ചില പട്ടി സ്നേഹികൾ കാരണം വംശ നാശം വരാതെ രക്ഷപെട്ടു. പറഞ്ഞു വന്നത് അയവിറക്കിനെകുറിച്ചാണ്. അന്നൊക്കെ ധാരാളം ലഭ്യമായിരുന്ന പുല്ലുകൾ അത്തരം മൃഗങ്ങൾ ശരിക്കു ചവയ്ക്കാതെ തിന്നുകയും പിന്നീട് വലിയ വൃക്ഷങ്ങളുടെ തണലിൽ കിടന്നു വീണ്ടും ചവച്ചരക്കുന്നതിനെയാണ് അക്കാലത്തു അയവിറക്കുക എന്ന്‌ പറഞ്ഞിരുന്നത്. ഈ വൃക്ഷങ്ങൾ പുല്ലുകൾ പോലെ തോന്നുമെങ്കിലും വളരെ വലിയ സസ്യങ്ങൾ ആയിരുന്നു. അവയ്ക്ക് ഭൂമിക്ക്‌ മുകളിലെ പോലെ താഴോട്ട് പോയ വലിയ വേരുകളും ഉണ്ടായിരുന്നു. ഇത്തരം മരങ്ങൾ കാറ്റിലോ വലിയ മഴയിലോ പെട്ട് വേരോട് കൂടി വീഴുന്നതിനെ കടപുഴകി വീഴുക എന്ന് പറഞ്ഞിരുന്നു. ഭാഷയിലെ ഓരോ വാക്കും അതാതു കാലങ്ങളിൽ മനുഷ്യൻ കണ്ട യാഥാർത്‌ഥ്യങ്ങളുമായി ഒരുപാട്‌ ബന്ധം ഉണ്ട് എന്ന് ചരിത്രം വായിക്കുമ്പോൾ അല്ലെങ്കിൽ പഠിക്കുമ്പോൾ മനസ്സിലാകും.
ഭൂമിയിലും ജീവജാലങ്ങളിലും വന്ന പ്രധാന മാറ്റങ്ങളും അവയുടെ കാരണങ്ങളും അടങ്ങിയ ലേഖനം ഏറെ അഭികാമ്യമായി തോന്നി. ഈ മാറ്റങ്ങളുടെ ഒക്കെ പ്രധാന കാരണം ഇരുപത്തി ഒന്ന് , ഇരുപത്തിരണ്ടു നൂറ്റാണ്ടുകളിൽ നടന്ന രണ്ടു പ്രതിഭാസങ്ങൾ.
ആഗോളതാപനവും (global warming) ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിന്റെ ഓസോൺ അവരണത്തിൽ ക്രമാതീതമായി വന്ന കുറവും. പതിനെട്ടാം നൂറ്റാണ്ടുമുതൽ വ്യാവസായിക രംഗത്തുവന്ന പുരോഗതിയോടെ ഒരു പതിറ്റാണ്ടിൽ 4% എന്ന തോതിൽ തുടർന്ന ഈ കുറവ് ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ക്രമാതീതമായി കുറയുവാൻ തുടങ്ങി.
അതിനുപരി വാഹനങ്ങളുടെയും, ശീതീകരണ യന്തങ്ങളുടെയും , കീടനാശിനികളുടെയും അമിതമായ ഉപയോഗവും വരാനുള്ള തലമുറകളെ ഓർക്കാതെ നടത്തിയ വ്യവസായ വൽക്കരണവും , അന്തരീക്ഷത്തിലെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ (green house gases) അളവ് കൂട്ടി. ഭൂമിയുടെ പ്രതലത്തിൽ വികിരണത്തിലൂടെ (radiation) വരുന്ന സൂര്യതാപം സംവഹനത്തിലൂടെ ( convection) പുറത്തേക്കു പോകുന്നത് ഈ വാതകങ്ങൾ തടഞ്ഞു. മേൽപറഞ്ഞ രണ്ടു കാര്യങ്ങളാൽ അന്തരീക്ഷ താപം ഉയർന്നു. സൂര്യനിൽനിന്നു വരുന്ന ജീവ ജാലങ്ങളുടെ നിലനില്പിന് അത്യന്തം ഹാനികരമായ കിരണങ്ങൾ ഒരു മറയുമില്ലാതെ ഭൂമിയിലേക്ക് വന്നു. സസ്യ ജാലങ്ങളും ജീവജാലങ്ങളും കരിഞ്ഞും ചത്തും ഓടുങ്ങി. മനുഷ്യരിലെ ധനവാന്മാർ ചൂടിൽ നിന്നും സൂര്യ കിരണങ്ങളിൽ നിന്നും രക്ഷ നേടാൻ ശീതീകരണ യന്ത്രവും , മുഖാവരണവും ഘടിപ്പിച്ച കവചം അണിഞ്ഞ്‌ നിലനിൽപ്പ് ഉറപ്പാക്കി. പാവപ്പെട്ടവന് നിലനിൽപ്പിനു വേണ്ടി സർക്കാരുകൾ അനുവദിച്ച രക്ഷാ കവചങ്ങൾ മിക്കവയും ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥൻമാരും കൈക്കലാക്കി അവരുടെ പട്ടികൾക്കും മറ്റും നൽകി. പാവപ്പെട്ടവർ ചത്തു മണ്ണടിഞ്ഞു. സമ്പന്നന്റെ ചില പട്ടികളും അവന്റെ പൂന്തോട്ടത്തിലെ ചില പുല്ലുകളും കവചങ്ങളുടെയും , ശീതികരണ യന്തങ്ങളുടെയും സഹായത്താൽ വംശം നിലനിർത്തി.
ഇതിനിടെ ഇരുപത്തിരണ്ടാം നൂട്ടാണ്ടിൽ വന്ന മനുഷ്യന്റെ രണ്ടു പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ ലോകത്തെ മാറ്റി മറിച്ചു. ഈ കണ്ടുപിടുത്തങ്ങൾ അടുത്ത അദ്ധ്യായങ്ങളിൽ ടൈപ്പ് ചെയ്യാം.
..............................ഷാജു.

001, ജനുവരി 1 - Part 1

Image may contain: 1 person, smiling, sunglasses

3001, ജനുവരി ഒന്ന്. ഇന്നലത്തെ അതായത് ഡിസംബർ ഇരുപത്തെട്ടാം തിയതി നടത്തിയ പുതുവത്സരത്തിന്റെയും, പുതു നൂറ്റാണ്ടിന്റെയും , പുതു സഹസ്രാബ്ദത്തിന്റെയും ആഘോഷത്തിന്റെ ഉറക്കച്ചടവും ക്ഷീണവും കാരണം എഴുന്നേൽക്കാൻ തോന്നുന്നില്ല. ഭാര്യയായ റോബോട്ടും പൂർണമായി ചാർജ് ആയിട്ടില്ല. മക്കൾ വേണ്ട എന്ന തീരുമാനത്തിൽ റോബോട്ടായ ലിസയെ വിവാഹം ചെയ്യുമ്പോൾ വികാരി അച്ചൻ ഇങ്ങനെ ടൈപ്പ് ചെയ്തു.
" ജോർജ് മോനേ , നീ ബുദ്ധിമാൻ ആന്നടാ. ലിസ, റോബോട്ട് ആയതിനാൽ നിന്നോട് വഴക്കൊന്നും ഉണ്ടാക്കത്തില്ല. പിന്നെ അവളെ നന്നായി നോക്കണം. സമായാ സമയങ്ങളിലിൽ തന്നെ അവളുടെ സർവീസും , ചാർജ്ജിങ്ങും ഒക്കെ ചെയ്തോണേ. അവൾക്കു കുറവൊന്നും വരുത്തരുത്."
ഊവ് എന്ന് ഞാനും ടൈപ്പ് ചെയ്‌തു.
അപ്പോൾ വികാരി അച്ചൻ അവധിയെടുക്കുമ്പോൾ കുർബാന ടൈപ്പ് ചെയ്യുന്ന റോബോട്ടച്ചൻ സന്തോഷ ചിഹ്നമായ മഞ്ഞ വിളക്ക് തെളിയിച്ചുകൊണ്ട്‌ ഇപ്രകാരം ടൈപ്പ് ചെയ്തു.
" അച്ചനും വേറെ കുറെ അച്ചന്മാരും കൂടെ പോപ്പ് പിതാവിന്റെ അടുത്തു പോയത് നന്നായി. വിവാഹം അച്ചൻമാർക്കും അനുവദിക്കണമെന്ന് അച്ചനും കൂട്ടരും പിതാവിനോട് ടൈപ്പ് ചെയ്തില്ലേ? അനുവാദം തന്നില്ലങ്കിൽ പണിമുടക്കും എന്നും ടൈപ്പ് ചെയ്തില്ലേ? പോപ്പ് പിതാവും മോശക്കാരൻ അല്ല. അദ്ദേഹം ഉടൻതന്നെ ഞാൻ ഉൾപ്പെടെ ആയിരം റോബോട്ടച്ചൻമാർക്കുള്ള ഓർഡർ അല്ലിയോ, കൊടുത്തത്. കർദിനാൾമാരുമായി ടൈപ്പ് പോലും ചെയ്തില്ല. ഇപ്പോൾ ഈ കുഞ്ഞാട് ഉൾപ്പെടെ നാലുപേരല്ലിയോ എന്നേയുണ്ടാക്കിയ കമ്പനിയിൽ നിന്നും റോബോട്ട് പെണ്ണുങ്ങളെ വാങ്ങി കെട്ടിയത്. വേറെ പത്തു റോബോട്ട് പെണ്ണുങ്ങളുടെ ഓർഡർ ഈ ഇടവകയിൽ നിന്ന് കിട്ടിയെന്നു ആ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് എന്നോട് ഫോണിൽ ടൈപ്പ് ച്ചെയ്തിരുന്നു. ഇങ്ങനെ പോയാൽ എല്ലാ ദിവസവും ഞാൻ കുർബാന ടൈപ്പ് ചെയ്യണമെന്ന് റോബോട്ട് പെണ്ണുങ്ങളുടെ ഭർത്താക്കന്മാർ ടൈപ്പ് ചെയ്യും. അച്ചൻ എന്തായാലും സൂക്ഷിച്ചോ. ചില മണവാളൻ റോബോട്ടുകൾക്കുള്ള ഓർഡറും പോയിട്ടുണ്ട് എന്റച്ചോ."
അങ്ങനെ ആ ചടങ്ങിൽ വെച്ച് വികാരി അച്ചനും റോബോട്ട് അച്ചനും കൂടി ലിസയുടെ ഇരുമ്പു കൈ എന്റെ കയ്യിൽ ഏല്പിച്ചതാണ്. ഒരു കുറവും അവൾക്കു വരുത്തിയിട്ടില്ല. ഫ്രീ സർവീസും , പെയ്ഡ് സർവീസും, ചാർജ്ജിങ്ങും, ബാറ്ററി മാറ്റവും ഒക്കെ സമയാ സമയങ്ങളിൽ തന്നെ നടത്തുന്നു. കഴിഞ്ഞ വിവാഹ വാർഷികത്തിന് അവൾക്കു കൊടുത്ത ബാറ്ററി വേറെ ഉള്ളത് അമേരിക്കയുടെ രാഷ്ട്രപതിയുടെ ഭാര്യ റോബോട്ടിനു മാത്രമാണ്. എന്നാലും ഒരു കുറവ് എന്നും തോന്നുന്നു. മനുഷ്യ ഭാര്യമാരുള്ള കൂട്ടുകാരുടെ ഭാര്യമാരെ പോലെ ലിസ വഴക്കുണ്ടാക്കുന്നില്ല. അവളുടെ അമ്മ വീടായ കമ്പനിയിൽ പരാതി ടൈപ്പ് ചെയ്തപ്പം അവർ ടൈപ്പ് ചെയ്യുന്നു
" അവളിൽ നല്ല കാര്യങ്ങൾ മാത്രമേ ഇട്ടിട്ടുള്ളൂ. വഴക്കിടാനുള്ള പ്രോഗ്രാം ഇടണമെങ്കിൽ അവളെ ഫോർമാറ്റ് ചെയ്യണം."
വികാരി അച്ചൻ പ്രത്യേകം ടൈപ്പ് ചെയ്തതാണ് അവളെ ഫോർമാറ്റ് ചെയ്യുന്നത് സഭയുടെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന്. അതും ഇങ്ങനെയുള്ള ഒരു വഴക്കു പ്രോഗ്രാം ഇടാൻ വേണ്ടി. ആ ആഗ്രഹം ഉപേക്ഷിച്ചു. ഏതായാലും അവൾ കുറച്ചുകൂടി ചാർജ്ജ് ചെയ്തോട്ടെ എന്ന് കരുതി സ്വീകരണ മുറിയിൽ വന്നു.
മുറിയുടെ ഭിത്തിയിൽ വച്ചിരുന്ന വേൾഡ് ടൈമ്‌സ് ന്യൂസ് പേപ്പറിന്റെ ഡിജിറ്റൽ ഡിസ്പ്ലേ കാണാൻ തുടങ്ങി. ഇതിനെ ന്യൂസ് പേപ്പർ എന്ന് ടൈപ്പ് ചെയ്യുന്നതിന്റെ കാരണം വായിച്ചിരുന്നു. പണ്ടോക്കെ ഈ പുല്ലുകളുടെ കൂട്ട് വലിയ , വലുതെന്ന് വെച്ചാൽ വളരെ വലിയ പുല്ലുകൾ ഉണ്ടായിരുന്നു. അതിനെ മരങ്ങൾ എന്ന് ടൈപ്പ് ചെയ്തിരുന്നു. അന്നൊക്കെ ഈ മരങ്ങളെ വെട്ടി അരച്ച് കടലാസ് അല്ലെങ്കിൽ പേപ്പർ എന്ന് പേരുള്ള പാളിയാക്കി ഉണക്കി അതിൽ മഷി എന്ന് പേരുള്ള ദ്രാവകം കൊണ്ട് ടൈപ്പ് ചെയ്തിരുന്നു. ലോകത്തെ വാർത്തകളൊക്കെ ഇങ്ങനെ ടൈപ്പ് ചെയ്ത പേപ്പറിലൂടെ മനുഷ്യർ അറിഞ്ഞിരുന്നത്രെ.!! ഇപ്പോഴത്തെ ഈ ടൈപ്പ് ചെയ്യൽ രണ്ടുതരം ഉണ്ടായിരുന്നു. ഒന്നാമത് ഇപ്പോഴത്തെ പോലെ കൈകൊണ്ട്‌ മുകളിൽ ടൈപ്പ് ചെയ്തമാതിരി കടലാസിൽ ബട്ടൺ ഒന്നും ഉപയോഗിക്കാതെ മഷി കൊണ്ട് ടൈപ്പ് ചെയ്യുക. ഇതിനെ അന്നുള്ളവർ എഴുതുക എന്ന് ടൈപ്പ് ചെയ്തിരുന്നു. രണ്ടാമത്തെ ടൈപ്പ് ചെയ്യലിനെ 'പറയുക' , 'സംസാരിക്കുക' എന്നൊക്കെ ടൈപ്പ് ചെയ്തിരുന്നു. വായിച്ചപ്പോൾ ശരിക്കും അങ്ങോട്ട് മനസ്സിലായില്ല. അതിൽ ടൈപ്പ് ചെയ്‌തിരുന്നത്‌ ഇപ്രകരം ആയിരുന്നു.
" അന്നത്തെ മനുഷ്യർക്ക്‌ സംസാര ശേഷി എന്ന് ഒന്നുണ്ടായിരുന്നു.അതുപോലെ തന്നെ കേൾക്കുക എന്ന ശേഷിയും മനുഷ്യന് ഉണ്ടായിരുന്നു. ഇപ്പോൾ ദ്രാവക ഭക്ഷണം കഴിക്കാനുള്ള ദ്വാരത്തിന്റെ ഭാഗത്ത്‌ 'വായ്' എന്ന പേരിലുള്ള ഒരു അവയവവും, അതിൽ 'നാക്ക്' എന്ന വേറൊരു അവയവവും ഉണ്ടായിരുന്നു. ആ 'നാക്ക്' കൊണ്ട് ചില ശബ്ദങ്ങൾ ഉണ്ടാക്കാൻ പറ്റിയിരുന്നു. ഇപ്പോൾ നമ്മൾ ഇടി മുഴക്കം കേൾക്കുന്ന മുഖത്തിന്റെ രണ്ടു വശങ്ങളിലുള്ള ദ്വാരങ്ങൾ വളരെ വലുതും അവയെ 'ചെവികൾ' എന്നും ടൈപ്പ് ചെയ്തിരുന്നു. വളരെ ചെറിയ ശബ്ദങ്ങൾ പോലും കേൾക്കാനുള്ള ശേഷി ഈ ' ചെവികൾ'ക്ക്‌ ഉണ്ടായിരുന്നു. അവർ ആശയ വിനിമയം ചെയ്തിരുന്നത് 'വായും' 'നാക്കും' ഉപയോഗിച്ച് ടൈപ്പ് ചെയ്തും 'ചെവികൾ' കൊണ്ട് കേട്ടും ആയിരുന്നു. അങ്ങിനെ ഇരിക്കെ ഇന്നേക്ക് ഏതാണ്ട് ആയിരം വർഷം മുൻപ് നമ്മുടെ ദേഹത്തെ ടൈപ്പിംഗ് അവയവം പോലെ അവർ "മൊബൈൽ ഫോൺ" എന്ന് ടൈപ് ചെയ്യുന്ന ഒരു യന്ത്രവും "ലാപ് ടോപ്" എന്ന് ടൈപ്പ് ചെയ്യുന്ന ഒരു യന്ത്രവും ഉപയോഗിച്ചിരുന്നു. 'നാക്കുകൊണ്ടും' വായ' കൊണ്ടും ടൈപ്പ് ചെയ്തിരുന്ന അവർ ഈ യന്ത്രങ്ങളുടെ അമിതമായ ഉപയോഗം കാരണം ആ വിധത്തിൽ ടൈപ്പ് ചെയ്യാനും 'ചെവി' കൊണ്ട് കേൾക്കാനും മറന്നു.അങ്ങനെ ഇന്നുകാണുന്ന രീതിയിലുള്ള മനുഷ്യനായി പരിണമിച്ചു. 'വായും' 'നാക്കും' ശോഷിച്ചു ഒരു ദ്വാരമായി, 'ചെവികൾ' ശോഷിച്ച്‌ ഇടിമുഴക്കം പോലുള്ള ശബ്ദങ്ങൾ മാത്രം കേൾക്കാനുള്ള ദ്വാരങ്ങളായി. കണ്ണുകളും വിരലുകളും വളർന്നു. വയറ്‌ ചെറുതായി. വയറിന്റെ ഭാഗത്തു വിമാനത്തിലെ തുറക്കാവുന്ന ചെറിയ മേശപോലുള്ള ടൈപ്പിങ്ങിനും കാണാനുള്ള ഡിജിറ്റൽ ഡിസ്പ്ലേയുമുള്ള ഈ അവയവം വികസിച്ചു."
ഡിസംബർ എങ്ങനെ 28 ദിവസമായി എന്നും, മനുഷ്യൻ ഖര രൂപത്തിലുള്ള ആഹാരം എങ്ങനെ നിർത്തിയെന്നും അടുത്ത അധ്യായങ്ങളിൽ ടൈപ്പ് ചെയ്യുന്നു.
...................................ഷാജു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo