Slider

ഞാൻ ആദ്യം കണ്ട ദിവ്യൻ

0
Image may contain: 1 person, selfie and closeup

ആദ്യത്തെ ദിവ്യനെ ഞാൻ കാണുന്നത് വളരെ ചെറുപ്പത്തിലാണ്. അതായതു മുന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്നുവിചാരിച്ച്‌ അതിൽ കൂടുതൽ പ്രായം എനിക്കുണ്ടായിരുന്നു. രണ്ടാം ക്ലാസ്സിൽ ആദ്യ വർഷത്തിന് പഠിക്കുമ്പോൾ ആനമുട്ട വാങ്ങിയത് കാരണം രണ്ടാം ക്ലാസ്സിൽ രണ്ടാം വർഷവും പഠിച്ചു. എനിക്ക് പള്ളിക്കൂടത്തിൽ പോകുന്നത് ഇഷ്ടമല്ലായിരുന്നു. എനിക്ക് ചെറുപ്പത്തിൽ വലിവിന്റെ അസുഖം ഉണ്ടായിരുന്നത് കാരണം പള്ളിക്കൂടത്തിൽ വലിഞ്ഞു കേറി ചെല്ലുന്നതും ഇഷ്ടമല്ലായിരുന്നു. അതിനുപുറമേ എനിക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതൊന്നും ചെയ്യെരുതെന്ന്‌ ഡോക്ടറുടെ നിർദ്ദേശവും. ഞാൻ ഉദ്ദേശിച്ചതും വൈദ്യൻ നിർദ്ദേശിച്ചതും എനിക്കിഷ്ടമുണ്ടെങ്കിൽ പള്ളിക്കൂടത്തിൽ പോയാൽ മതി എന്നായിരുന്നു. അങ്ങനെ ഞാൻ വീട്ടിൽ ഇരുന്നു പഠനം തുടർന്നു. പഠിക്കുന്നതോ അമ്മൂമ്മക്കൊപ്പം വയലിലും പറമ്പിലും ഒക്കെ പോയി ആൾക്കാർ പണിയെടുക്കുന്നോ എന്നൊക്കെ നോക്കുക, കൊഴിഞ്ഞു വീണ നാളികേരം പെറുക്കുക, ചക്ക തുന്നിച്ചു നോക്കുക , ചക്കപ്പഴം തിന്നുക, കോഴിമുട്ട പെറുക്കുക , പെറുക്കിയ മുട്ട ചൂടോടെ പുഴുങ്ങി കഴിക്കുക, പച്ച പറങ്കിയണ്ടി പൂളി കഴിക്കുക, ഉണക്ക പറങ്കിയണ്ടി ചുട്ടു കഴിക്കുക , വലിവിന് മരുന്ന് എന്ന പേരിൽ വേലക്കാർ വയലിൽ നിന്ന് കൊണ്ടുവരുന്ന പച്ച തവളയെ പൊരിച്ചു കഴിക്കുക ഇങ്ങനെയുള്ള സുഖകാരമായ കാര്യങ്ങൾ.. പിന്നെ ആനമുട്ട കിട്ടിയതിൽ കുറ്റം പറയാൻ പറ്റുമോ. അമ്പതിൽ അമ്പതു കിട്ടിയവരൊക്കെ ഈ സുഖം അനുഭവിച്ചു കാണുമോ? വീണ്ടും ആനമുട്ട വാങ്ങി അദ്ധ്യാപിക കൂടിയായ അമ്മയ്ക്ക് നാണക്കെടുണ്ടാക്കാതിരിക്കാൻ നാലാം ക്ലാസ്സുമുതൽ എന്നെ സ്കൂളിൽ വിട്ടു .പിന്നീട് ഞാൻ ആനമുട്ടയുടെ മുന്നിൽ അഞ്ചിട്ടു എല്ലാവരെയും ഞെട്ടിച്ചു. എന്നാലും അമ്മൂമ്മയുടെ കൂടെയുള്ള ആ സുവർണകാലം എന്റെ സ്വഭാവ രൂപീകരണത്തിൽ ഒരുപാട്‌ സ്വാധീനം ചെലുത്തി.
ഇടക്കിടക്കു അമ്മൂമ്മയുടെ അനുജത്തി അതായത് കൊച്ചമ്മൂമ്മ വീട്ടിൽ വരും. അവർ രണ്ടും കൂടി അവരവരുടെ മക്കളെ പുകഴ്ത്തിയും മരുമക്കളെ ഇകഴ്ത്തിയും പലതും പറയുന്നത് കേൾകാം. അതിൽ മരുമക്കളിൽ ചിലർ അവരുടെ തന്നെ ആങ്ങളമാരുടെ മക്കളും. അവരുടെ സംഭാഷണങ്ങളിൽ നിന്നും ആദ്യ പാഠം ഞാൻ പഠിച്ചു. സ്വന്തം ആൾക്കാരുടെ ഇടയിലുള്ള വിവാഹങ്ങൾ ആൾക്കാരെ അടുപ്പിക്കുക അല്ല അകറ്റുക ആണെന്ന്. പിന്നെ അടുത്തു വരുന്ന ബന്ധുവീട്ടിലെ വിവാഹത്തെക്കുറിച്ചും, സ്വർണ മോതിരം പണിയാൻ കൊടുത്തതും ഒക്കെ അവർ ചർച്ച ചെയ്യുക ആയിരുന്നു. അതിനിടയിൽ കൊച്ചമ്മൂമ്മ അമ്മൂമ്മയോട് പറയുന്നത് കേട്ടു
" ഇച്ചേയി , ആഞ്ഞിലിത്താനത്തു കല്യാണത്തിന് പോകുമ്പോൾ ആ കൃഷ്ണൻ ജോത്സ്യനെ കൂടി ഒന്ന് കാണണം"
അമ്മൂമ്മ " അതേടി, ഞാനും വിചാരിച്ചതാ. നമ്മൾക്ക് മാത്രം എങ്ങനാ ഇങ്ങനത്തെ ഒക്കെ മരുമക്കളെ കിട്ടിയതെന്ന്. അതിനും പോരാഞ്ഞ്‌ ഈ കുഞ്ഞിന്റെ അസുഖവും. ആരാണ്ട്‌ ഏതാണ്ട് ചെയ്തതാടീ, ഉറപ്പ്‌"
കൊച്ചമ്മൂമ്മ " അതെ ഇച്ചേയി ആരായാലും ആ കൃഷ്ണൻ ജോത്സ്യൻ മണി മണിയായി പറയും".
അമ്മൂമ്മ " എടീ കല്യാണി, അസുയയാന്നടീ ആൾക്കാർക്ക്!! നീ പത്രം വായിച്ചില്ലേ ? ഇന്ദിരാ ഗാന്ധിയുടെ വീട്ടിലും ആ മരിച്ച സഞ്ജയന്റെ പെണ്ണ്‌, ആ മേനകയോ , മനേകയോ എന്താ ഒരു പുകില് ,ആ പാവം ഇന്ദിരയോട്. അടുത്ത പ്രധാന മന്ത്രി പദം പിടിക്കാനായി ആ ചരൻസിംഗോ, ബഹുഗുണയോ ഒക്കെ ഏതാണ്ട് ചെയ്തതാ."
പത്രം വായിക്കാത്ത കൊച്ചമ്മൂമ്മക്ക് ഇത്തിരികൂടി വിവരം ഉണ്ടായിരുന്നു.
അവർ " ഇച്ചേയി എന്തിനാ ഈ പ്രധാനമന്ത്രിയെം നമ്മളേം കൂടി താരതമ്യം ചെയ്യുന്നത്? എന്നാലും ആഞ്ഞിലിത്താനത്ത്‌ പോകുമ്പം ജോത്സ്യനെ കാണണം."
അങ്ങനെ ആ കല്യാണത്തിന് ഞാനും പോയി. കല്യാണസദ്യ ആദ്യ പന്തിയിൽ തന്നെയിരുന്നുണ്ട് ആരും അധികം കാണാതെ എന്നെയും കൊണ്ട് ജോത്സ്യരുടെ വീട്ടിലേക്ക് പോയി. അന്നത്തെ കാലത്തേ വലിയൊരു ഇരുനില കെട്ടിടം. ഗേറ്റിൽ ഒരു ബോർഡിൽ
' ശ്രീ കൃഷ്ണൻ വൈദ്യൻ ( ആയൂർവേദ വൈദ്യൻ & ജ്യോത്സ്യൻ)' എന്നെഴുതി വെച്ചിരിക്കുന്നു.
നല്ല പൂവൻ പഴം പോലെ തടിച്ചു കൊഴുത്ത്‌ , ഇപ്പോൾ പായസം കുടിച്ചു തീർന്നതെയുള്ളൂ എന്നു തോന്നുന്ന മുഖശ്രീയുമായി, സ്വർണപ്പല്ലുകൾ കാട്ടി ചിരിച്ച്‌, നരച്ച മുടിയും, നന്നായി ക്ഷൗരം ചെയ്ത മുഖവും, നെഞ്ചിലും പുറത്തും നരച്ച രോമങ്ങളുമായി , കസവുമുണ്ടുടുത്ത്‌ , കസവു നേര്യതും ഇട്ട്‌ ഇരിക്കുന്ന കൃഷ്ണൻ ജ്യോത്സ്യൻ. വൈദ്യൻ കൂടി ആയതിനാൽ ചില്ലിട്ട പല തടിയലമാരകളിൽ വച്ചിരിക്കുന്ന അരിഷ്ടങ്ങളും അതിന്റെ മൂക്കിലേക്കു തുളച്ചു കയറുന്ന ഗന്ധവും ആരെയും സമ്മോഹനത്തിന്റെ ആദ്യ പടിയിൽ കാൽ വെയ്പ്പിക്കുമായിരുന്നു. അമ്മൂമ്മയെയും കൊച്ചമ്മൂമ്മയെയും നോക്കി ജ്യോത്സ്യൻ കുശലങ്ങൾ ചോദിച്ചു. എന്നെ പിടിച്ചരികിൽ നിർത്തി തലോടി, പിന്നെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു പറഞ്ഞു
" ഇവൻ സൂര്യനാണ്. സൂര്യനെപ്പോലെ പ്രകാശം ഏകും."
അപ്പോൾ സൂര്യഗ്രഹണം വരുമ്പോൾ എക്സ് റേ ഫിലിം ഉപയോഗിച്ച് ആൾക്കാർ എന്നെ നോക്കുന്നത് ഞാൻ മനസ്സിൽ കണ്ടു. അമ്മൂമ്മ എന്റെ അസുഖ വിവരം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും ചെയ്തതാണോ എന്നുള്ള ആശങ്കയും അറിയിച്ചു. അല്ല ഒരുപ്രായം കഴിയുമോൾ ശനി മാറുമ്പോൾ എല്ലാം ശരിയാകും എന്നദ്ദേഹം. അതുവരെ കൊടുക്കാൻ ചില മരുന്നുകളും അദ്ദേഹം നിർദേശിച്ചു. എന്നാലും ആരെങ്കികും എന്തെങ്കിലും ചെയ്തതാണോ എന്ന സംശയം അമ്മൂമ്മയിൽ ബാക്കി നിന്നു.
അപ്പോൾ തന്റെ വിഷമ കാര്യങ്ങളും കാരണങ്ങളും ചോദിയ്ക്കാൻ തുനിഞ്ഞ കൊച്ചമ്മൂമ്മയോട് വേണ്ട എന്ന് അദ്ദേഹം കൈ കാട്ടികൊണ്ട് ശബ്ദം തെല്ലൊന്നുയർത്തി , നിശബ്ദതയെ
ഭേദിച്ചുകൊണ്ട്‌ , അശരീരി പോലെ,
"നിങ്ങൾ ഉദ്ദേശിച്ചയാൾ ഗോവിന്ദനല്ലേ?"
കൊച്ചമ്മൂമ്മ " അതെ വൈദ്യരെ, ഗോവിന്ദന്റെ മകൻ, ഗോപി, ഗോപി എന്ന് വിളിക്കുന്ന ഗോപിനാഥൻ."
പിന്നെ എന്തോ പറയാൻ തുനിഞ്ഞ കൊച്ചമ്മൂമ്മയോട് വേണ്ടാ എന്ന് ആംഗ്യം കാട്ടി ആലോചനയിൽ മുഴുകി. ആലോചനയിൽ നിന്ന് പുറത്തുവന്ന അദ്ദേഹം ശബ്ദമുയർത്തി
" അയാൾ വിട്ടത് കുറെ കൂടിയ ഇനത്തെയാണ്. പരിഹാര ക്രിയകൾ കൊണ്ട് മാറ്റാം."
കൊച്ചമ്മൂമ്മ , " എപ്പോൾ ചെയ്യണം ? "
ജ്യോത്സ്യൻ " ഇനിവരുന്ന അമാവാസി ദിനത്തിൽ. ആത്മാക്കൾ ചന്ദ്രനെ വിട്ട്‌ അലയുന്ന സമയം. നേരിടാൻ സാക്ഷാൽ ഹനുമാനെ തന്നെ വിളിക്കേണ്ടി വരും. ദക്ഷിണയും കൂടും."
കൊച്ചമ്മൂമ്മ " എന്നാലും എത്ര?"
ജ്യോത്സ്യൻ " ഈ കുറിപ്പിൽ പറയുന്ന സാധനങ്ങളും പിന്നെ ഹനുമാന്റെ ദക്ഷിണക്കായി എഴുനൂരു രൂപയും കരുതുക."
അങ്ങനെ അടുത്ത അമാവാസി ദിവസം എത്താമെന്നേറ്റ കൊച്ചമ്മൂമ്മ പറയുന്നത് കേട്ടു,
" കയ്യിലിരുന്ന അറുനൂറു രൂപക്കാണ് കല്യാണ പെണ്ണിനിട്ട ഒരുപവന്റെ മോതിരം വാങ്ങിയത്. ഇനി എന്തായാലും വടക്കേ പറമ്പിലെ ആ ആഞ്ഞിലി വിക്കാം. ബാധ ഒഴിപ്പിക്കുകയല്ലേ ഇപ്പോൾ അത്യാവശ്യം. എന്നാലും ഇത്ര ചെയ്ത ആ ഗോപി എന്ത് ചെയ്യാനാ മടിക്കാത്തത്?"
എല്ലാ ഹിന്ദു വീടുകളിലും ഏതോ ഒരു ഗോവിന്ദണോ , കേശവനോ, നാരായനാണോ ബന്ധുക്കളുടെയോ അയൽക്കാരുടെയോ ഇടയിൽ കാണുമെന്ന സാമാന്യ ബുദ്ധി മാത്രമേ ആ ദിവ്യൻ ഉപയോഗിച്ചുള്ളു എന്ന് എനിക്ക് പിൽക്കാലത്ത്‌ മനസ്സിലായി. പിന്നെ
ചെപ്പടി വിദ്യ കൂടി അറിയാവുന്ന ദിവ്യൻമാർ ലോക പ്രസിദ്ധരാകുന്നു. നല്ല ശില്പി ശില്പമുണ്ടാക്കുന്നതുപോലെ, ക്ഷുരകൻ തലമുട്ടി വെട്ടുന്നതുപോലെ, ഗായകർ പാട്ടുപാടുന്നതുപോലെ, അഭിനേതാവ് അഭിനയിക്കുന്നതുപോലെ, ദിവ്യന്മാർ അവർക്കറിയാവുന്ന ജോലി അതായത് മനുഷ്യ മനസുകളെ അറിഞ്ഞ്‌ , ആ മനസ്സുകളുടെ വേദനയും ദൗർബല്യങ്ങളും അറിഞ്ഞ്‌ , അതിന് പരിഹാരം ഉണ്ടാക്കാമെന്ന വാഗ്ദാനത്താൽ പൈസ ഉണ്ടാക്കുന്നു. അതിലുപരി ആരെ കെണിയിൽ വീഴ്ത്താം എന്ന് അവർക്കു ആളുകളുടെ മുഖഭാവത്തിൽ നിന്ന് വളരെ എളുപ്പം മനസിലാകും . പ്രശ്നമുള്ള അമ്മൂമ്മയെക്കാളും നല്ല ഇര വലിയ പ്രശ്നങ്ങൾ ഇല്ലാത്ത കൊച്ചമ്മൂമ്മ ആണെന്നും അസുഖം ഭേദമാക്കാൻ മരുന്നുതന്നെ വേണമെന്നും അദ്ദേഹത്തിന് വളരെ വ്യക്തമായി അറിയാമായിരുന്നു. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെ തന്റെ മാത്രം പ്രശ്നമായി കരുതുന്ന മനസ്സുകൾ അതിന്റെ ദൗർബല്യത്താലും , മറവി എന്ന ഗുണം കൊണ്ടും ദിവ്യൻമാരുടെ വാഗ്ദാനങ്ങൾ മറക്കുന്നു. ദിവ്യന്മാർ ദിവ്യന്മാരായി തുടരുന്നു.
................ഷാജു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo