നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ മരണക്കുറിപ്പ്

Image may contain: 1 person, closeup

ഒരുപാട് ആലോചിച്ചശേഷം ഒടുവിൽ ഞാൻ തീരുമാനിച്ചു, മരിക്കാം. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്. ശരിയാ, മരിക്കാം. എങ്ങനെ മരിക്കണം? പുഴയിൽ ചാടിയാലോ..? വേണ്ട, വെള്ളം കുടിച്ചു മരിക്കണം. അതും പോരാതെ മീനൊക്കെ കൊത്തിപറിച്ചു എന്റെ ശരീരം വൃത്തികേടാക്കും. എന്നാൽപിന്നെ കൈ മുറിച്ചാലോ.. അതാകുമ്പോ രൂപത്തിനു വലിയ മാറ്റം ഉണ്ടാവില്ല. പക്ഷേ അവിടെയും ഒരു പ്രശ്‍നമുണ്ട്‌. കൈ മുറിച്ചാൽ പെട്ടെന്നു മരിക്കില്ല. ആ നേരത്തിനുള്ളിൽ ഒരു വീണ്ടുവിചാരം ഉണ്ടായാൽ തീർന്നു! അത്‌ മാത്രമല്ല, ചോര കണ്ടു തലകറങ്ങിയാലോ.. നാണക്കേടാണ്, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. കുറെപേർ മാതൃക കാണിച്ചിട്ടുള്ള ഏരിയ ആയതുകൊണ്ട്‌ കാര്യം കുറച്ചു എളുപ്പമായി, തൂങ്ങിമരിക്കാം!! തൂങ്ങിമരണത്തിൽ ഒരു ഗുണമുണ്ട്. വേണ്ടായിരുന്നു എന്ന് തോന്നുമ്പോഴേക്കും കാര്യം കഴിഞ്ഞിട്ടുണ്ടാകും! എന്നാൽപിന്നെ ഇനി ഒന്നും ആലോചിക്കാനില്ല, അത്‌ തന്നെ. പക്ഷേ എവിടെ തൂങ്ങും? മുറിയിൽ വേണ്ട, വീട്ടുകാർക്ക്‌ ഇനിയും ഈ വീട്ടിൽ ജീവിക്കണമല്ലോ. എങ്കിൽപിന്നെ മുറ്റത്തെ മാവിൽ തൂങ്ങിയാലോ..? വേണ്ട, അതിൽ ഒരുപാട് ഊഞ്ഞാലാടിയിട്ടുള്ളതാ.. പ്ലാൻ എ-യും പ്ലാൻ ബി-യും നടക്കാത്ത സ്ഥിതിക്ക്‌ കുറച്ചു ദൂരെ എവിടേക്കെങ്കിലും പോകാം.
രാത്രി മൂന്ന് മണി കഴിഞ്ഞിട്ടുണ്ടാകണം. എല്ലാവരും നല്ല ഉറക്കമാണ്. ശബ്ദം ഉണ്ടാക്കാതെ പതുക്കെ വാതിൽ തുറന്ന് പുറത്തു കടന്നു. അച്ഛ്ന്റേയും അമ്മയുടെയും അനുഗ്രഹം വേണമായിരുന്നോ..? ഏയ് എന്തിന്! അനുഗ്രഹമൊക്കെ വാങ്ങി സുഖമായി ജീവിക്കാൻ ഒന്നുമല്ലലോ പോകുന്നത്‌..! അങ്ങനെ ഞാൻ പതുക്കെ നടന്നു തുടങ്ങി. കുന്നിൻപുറത്ത് ആരും നടാതെ തന്നെ മുളച്ച ആ മൂവാണ്ടന്മാവിന്റെ തുഞ്ചത്തെ ചില്ല തന്നെയാണ് ഉദ്ദേശം. എനിക്കിഷ്ടമാണ് അവിടെ ഒറ്റയ്ക്കിരിക്കാൻ. അവിടേക്കുള്ള തണൽ നിറഞ്ഞ വഴിയും. പക്ഷേ സൂര്യനസ്തമിച്ചാൽ ആ വഴി ഇത്ര ഭയാനകമാണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌.
ഇരുട്ട്‌ എനിക്ക് പേടിയാണ്. ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക്കായപോലെയും ആരെങ്കിലും എന്നെ ഉപദ്രവിക്കാൻ വരുന്ന പൊലെയും ഒക്കെ തോന്നും. ചെറിയ കാറ്റ്. വാഴയിലയൊക്കെ അനങ്ങുന്നുണ്ട്. മനസ്സിൽ ചെറിയൊരു ഭയം തോന്നുന്നുണ്ടോ? ഏയ്.. മരിക്കാൻ പോകുന്ന ആൾക്കാണോ പേടി! ച്ചെ.. എനിക്ക് പേടിയൊന്നും തോന്നുന്നില്ല.
നിലാവുണ്ട്, ഒരു തണുത്ത കാറ്റും. പ്രകൃതിയുടെ ഈ 'കോമ്പിനേഷൻ' ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ല. അതെങ്ങനെയാ.. ഈ നേരത്തൊക്കെ പെൺപിള്ളേർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റ്വൊ.. അതൊക്കെ ആൺകുട്ട്യോൾടെ ഭാഗ്യാണ്. എന്തായാലും മരിക്കാൻ പോവണല്ലോ.. അടുത്ത ജന്മത്തിലെങ്കിലും ആൺകുട്ടിയായി ജനിച്ചാമതിയായിരുന്നു.
നിലാവെട്ടത്തിൽ നോക്കി നടന്നപ്പോൾ പള്ളിയും സെമിത്തേരിയും 'ഭാർഗ്ഗവിനിലയവും' പിന്നെ ചെക്കന്മാരുടെ സ്ഥിരം കഞ്ചാവ്‌ കേന്ദ്രവും ഒക്കെ കഴിഞ്ഞത്‌ അറിഞ്ഞില്ല. മാവിൻചോട്ടിലെത്തി. നിലാവെട്ടത്തിൽ സുന്ദരിയായിട്ടുണ്ട്‌ അവൾ. ഒരുപാട് അഹങ്കരിക്കണ്ട, വൈകാതെ വല്ല പാറമടക്കാർ തീരുമാനം ആക്കിക്കോളും. ഇനിയിപ്പോ ഇതിന്റെ മുകളിൽ കയറുന്നത് എങ്ങനെയാ!! ഞാൻ വളരെ സത്ഗുണസമ്പന്നയായിരുന്നതിനാലും സ്ത്രീമൂർത്തീഭാവം ആവാഹിച്ചിരുന്നതിനാലും ചെറുപ്പത്തിൽ പോലും ഒരു മാവിൻകൊമ്പിൽ കയറിയിട്ടില്ല. ഹാ.. ഇനിയിപ്പോ എന്തു നോക്കാനാ.. ആരു കാണാനാ.. എന്തായാലും മരിക്കാൻ തീരുമാനിച്ചല്ലോ. കുന്നിൻമുകളിൽ ആയതുകൊണ്ട് വീണാലും നേരെ താഴെ പൊയ്ക്കോളും.
അങ്ങനെ കഷ്ടപ്പെട്ട്‌ എങ്ങനെയൊക്കെയോ മാവിന്റെ കൊമ്പിൽ വലിഞ്ഞു കയറി. തുഞ്ചത്തെത്തി താഴേക്ക് നോക്കി. ചെറുതായി തല കറങ്ങുന്നുണ്ടോ.. ഏയ്, അങ്ങനെയൊന്നും പറയരുത്‌, ചാടാനുള്ളതാണ്! സൂര്യനുദിച്ചുതുടങ്ങി. ഇപ്പോൾ എത്ര ഉയരത്തിലാണ് ഞാൻ! കുന്നിന്റെ മുകളിൽ മരത്തിന്റെ തുഞ്ചത്ത്‌!! ഇവിടെനിന്നു നോക്കിയാൽ എല്ലാം കാണാം എനിക്ക്. ആ കാണുന്ന കൊച്ചുവെട്ടങ്ങളിൽ ഒന്ന് എന്റെ വീടായിരിക്കും! എല്ലാവരും ഉറക്കമാകും.
ഞാൻ വന്ന വഴിയല്ലേ അത്‌..? സെമിത്തേരി കടന്നല്ലേ ഞാൻ വന്നത്‌.. ഇത്തവണ അവിടെ എത്തിയപ്പോൾ ഞാൻ അറിഞ്ഞില്ലാലോ. പേടിയും തോന്നിയില്ല. അല്ലെങ്കിൽ പകൽ പൊലും അതിലേ ഒറ്റയ്ക്ക് പോകാൻ പേടിയാണ്. സന്ധ്യ കഴിഞ്ഞാൽ മുറ്റത്തിറങ്ങാൻ പേടിയുള്ള ഞാനാണ്. വല്ല ഇഴജന്തുക്കൾ കടിച്ചാലോ.. പക്ഷേ ഇപ്പോഴെന്തേ ഞാൻ അതൊന്നും ഓർത്തില്ല..? ഒട്ടും പേടിയും തോന്നിയില്ല..! അപ്പോൾ പ്രേതം ഒന്നും ഉണ്ടാകില്ലേ? എല്ലാം പറ്റിക്കൽ ആയിരിക്കോ? അതോ മരിക്കാൻ തീരുമാനിച്ചാൽ ഇത്ര ധൈര്യം കിട്ടുമോ..?
ശരിയാ കിട്ടും.. ഇനി ഒന്നിനെയും കുറിച്ച്‌ ആലോചിക്കണ്ടാലോ. ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നു നോക്കണ്ടാലോ! ഞാൻ ഒന്നും അറിയില്ലലോ.. അപ്പോൾ എന്തായിരുന്നു ശരിക്കും എന്റെ പ്രശ്‍നം? ഇരുട്ടിനെ പേടിയുള്ള ഞാൻ, ഉയരത്തിനെ പേടിയുള്ള ഞാൻ.. എന്തിനു പറയുന്നു, എല്ലാത്തിനെയും എല്ലാവരേയും പേടിയുള്ള ഞാൻ.. ഇപ്പോൾ ഒറ്റയ്ക്കാണ്! ഇരുട്ടിലാണ്! ഉയരത്തിലാണ്! ഇത്രയും ധൈര്യം എനിക്കുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക്‌ ജീവിച്ചുകൂടാ..?
നാം എപ്പോഴും ഒറ്റയ്ക്കാണ്, ഇരുട്ടിലാണ്! ഇരുട്ടിനെ വെളിച്ചമാക്കാൻ കഴിയുന്നതും എകാന്തതയെ സ്നേഹിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്. ഞാൻ എന്നെ സ്നേഹിക്കുന്നു. ഈ കുന്നിനെയും പുഴയെയും കാറ്റിനെയും പൂക്കളെയും സ്നേഹിക്കുന്നു. ഇനിയെന്തിനു ഞാൻ മരിക്കണം..? എനിക്കുവേണ്ടി നിലാവ്‌ നൽകിയ രാത്രിയും കുളിരായ്‌ പുണർന്ന കാറ്റും മരിക്കാനൊരിടം നൽകിയ ആർക്കും വേണ്ടാത്ത മാവിൻചില്ലയും എന്നെ സ്നേഹിക്കുന്നു.. ഞാൻ അവരെയും..! എനിക്ക് ജീവിക്കണം... ഇവയെയൊക്കെ കണ്ടും സ്നേഹിച്ചും ജീവിക്കണം!
പുലരുവോളം ഞാനീ ചില്ലയിലിരിക്കട്ടെ.. പുലർക്കാലസൂര്യൻ നീട്ടുന്ന രശ്മീവിരലുകളാൽ എന്നെ പുണരട്ടെ.. കുയിലിണകൾ എനിക്കൊപ്പം പാടട്ടെ.. വരും പുലരിക്കൊപ്പം ഞാനും പുനർജ്ജനിക്കട്ടെ, പെണ്ണായിത്തന്നെ..!!

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot